Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

കൊറോണ വൈറസും ഭക്ഷണ സംസ്‌കാരവും

1918-'19 കാലങ്ങളില്‍ ലോകത്താകമാനം പടര്‍ന്ന സ്പാനിഷ് ഫ്‌ളൂ എന്ന പകര്‍ച്ചപ്പനി കൊന്നൊടുക്കിയത് അമ്പത് ദശലക്ഷം പേരെ. പനിബാധയേറ്റവര്‍ 500 ദശലക്ഷം. അതായത് അന്നത്തെ മൊത്തം ലോക ജനസംഖ്യയില്‍ ഇരുപത്തിയേഴ് ശതമാനത്തെയും പകര്‍ച്ചപ്പനി കടന്നാക്രമിച്ചു. അതുമായി തട്ടിച്ചു നോക്കുമ്പോള്‍, ഇതുവരെയുള്ള കണക്കും പ്രവണതയുമനുസരിച്ച്, കൊറോണ വൈറസ്ബാധ ഒന്നുമല്ല. സമീപ ചരിത്രത്തിലൊന്നും സ്പാനിഷ് പകര്‍ച്ചപ്പനി പോലെ ഇത്ര മാരകമായ രോഗബാധ കണ്ടെത്താനാവുകയില്ല. അതിനെയും കവച്ചുവെക്കുന്ന ഒരു വൈറസ് ആക്രമണമുണ്ടെങ്കില്‍ അത് പതിനാലാം നൂറ്റാണ്ടിലെ 'കറുത്ത മരണ'മാണ്. ചെറുതും വലുതുമായ ഈ വൈറസ്ബാധകളുടെ ഉത്ഭവം എവിടെ നിന്ന്, എന്തു കാരണങ്ങളാല്‍ എന്നീ ചോദ്യങ്ങള്‍ക്ക് പല ഉത്തരങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഒന്നും ഖണ്ഡിതമോ അന്തിമമോ അല്ല. ഈ വൈറസുകളുടെ ഉത്ഭവം എവിടെനിന്ന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം മിക്കപ്പോഴും 'ചൈനയില്‍നിന്ന്' എന്നായിരിക്കും.
എന്താവാം അതിനു കാരണം? കൊറോണ പടരുന്നതിനിടയില്‍ ഇങ്ങനെയൊരു ചര്‍ച്ചയും സജീവമായി നടക്കുന്നുണ്ട്. ചൈനയുടെ ഭക്ഷണ സംസ്‌കാരമാണ് അതിന് കാരണമെന്ന് വാദിക്കുന്നവര്‍ നിരവധി. ചൈനക്കാര്‍ ഭക്ഷണമാക്കുന്ന മാരകവിഷമുള്ള ഒരു പാമ്പില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്ന അനുമാനവും ഇതിനിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറപ്പുളവാക്കുന്ന ജീവികളുടെയും ക്ഷുദ്രജീവികളുടെയുമൊക്കെ മാംസം പച്ചക്കോ വേണ്ടത്ര വേവിക്കാതെയോ ഭക്ഷിക്കുന്നത് അവയിലൂടെ വൈറസ് പകരാന്‍ കാരണമായിക്കൂടേ എന്ന സന്ദേഹവും പലരും പങ്കുവെക്കുന്നു. ഒരു കാര്യം ഉറപ്പാണ്. ചൈനക്കാരുടെ ഭക്ഷണ സംസ്‌കാരം മറ്റു ജനവിഭാഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമാണ്; മതപരവും സാംസ്‌കാരികവും നാഗരികവുമായ കാരണങ്ങളാല്‍. എന്തു തിന്നണം, എന്തു തിന്നരുത് എന്ന അതിര്‍വരമ്പുകളില്ല എന്നതാണ് ആ ഭക്ഷണ സംസ്‌കാരത്തിന്റെ മൗലിക പ്രശ്‌നം. മറ്റു സംസ്‌കാരങ്ങളിലും ഈ അതിര്‍വരമ്പുകള്‍ പല രീതിയില്‍ മായ്ക്കപ്പെടുന്നുണ്ട്. ഇസ്‌ലാമാകട്ടെ കൃത്യമായ ഒരു ഭക്ഷണ സംസ്‌കാരം മുന്നോട്ടു വെക്കുന്നു. വസ്തുക്കള്‍ പൊതുവെ, അത് ഭക്ഷ്യവസ്തുവായാലും മൗലികമായി അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് (അല്‍ അന്‍ആം 145). ഭക്ഷിക്കാന്‍ പാടില്ലാത്തവ ഖുര്‍ആനും ഹദീസുകളും തന്നെ പറഞ്ഞുതരുന്നുണ്ട്. ശവം, ഒലിക്കുന്ന രക്തം, പന്നിമാംസം, ജീവനുള്ളവയില്‍നിന്ന് മുറിച്ചെടുക്കപ്പെട്ടത്, തേറ്റയുള്ള ഹിംസ്ര ജന്തുക്കള്‍, രൗദ്ര നഖമുള്ള വേട്ടപ്പക്ഷികള്‍, വൃത്തികെട്ട വസ്തുക്കള്‍ തിന്നുന്നവ, അറപ്പും വെറുപ്പും ഉളവാക്കുന്ന ജീവികള്‍ ഇങ്ങനെ തുടങ്ങി മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതും അവന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതും അവന്റെ സ്വഭാവശീലങ്ങളെ കളങ്കപ്പെടുത്തുന്നതുമായ ഭക്ഷണ രീതികളൊന്നും അനുവദനീയമല്ല. നല്ല ഭക്ഷണമേ കഴിക്കാവൂ. നല്ല ഭക്ഷണത്തിന് ഖുര്‍ആന്‍ പ്രയോഗിക്കുന്ന വാക്ക് 'ത്വയ്യിബാത്ത്' എന്നാണ്. ശരീരത്തിനും മനസ്സിനും ഹിതകരവും പ്രയോജനകരവുമായത് എന്നൊരര്‍ഥം. കഴിക്കുന്ന ഭക്ഷണം ഹലാലായ/ അനുവദനീയമായ മാര്‍ഗത്തിലൂടെ നേടിയതായിരിക്കണം എന്നത് അതിന്റെ മറ്റൊരു അര്‍ഥം. ഈ പരിധിയില്‍ വരാത്ത ഭക്ഷണങ്ങളെ 'ഖബാഇസ്' എന്നും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. മനസ്സിനെയും ശരീരത്തെയും എല്ലാ അര്‍ഥത്തിലും ദോഷകരമായി ബാധിക്കുന്നവ. പലപ്പോഴും അത്തരം ഭോജ്യവസ്തുക്കള്‍ അനുവദനീയമായ വഴികളിലൂടെയായിരിക്കില്ല സമ്പാദിച്ചിട്ടുള്ളത് എന്നതിനാല്‍ മനുഷ്യന്റെ ധാര്‍മികതയെയും അത് നശിപ്പിക്കുന്നു.
ഒരാള്‍ എന്ത് ഭക്ഷിക്കുന്നുവോ അത് കൂടിയാണ് അയാളുടെ സംസ്‌കാരത്തെയും ധാര്‍മികതയെയും രൂപപ്പെടുത്തുന്നത് എന്നതിനാല്‍ ഭക്ഷണത്തിന്റെ  ഹിതാഹിതങ്ങളെക്കുറിച്ച ചര്‍ച്ച ഏറെ പ്രസക്തമാണ്. മാരകരോഗങ്ങളെ തടയാന്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് കഴിയുമോ എന്ന ചര്‍ച്ചയും നടക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍