Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

'കറുത്ത മരണ'ത്തെ ഓര്‍മിപ്പിച്ച് കൊറോണ വൈറസ്

മുഹമ്മദ് ശഅ്ബാന്‍ അയ്യൂബ്

ഹി. 749 ദുല്‍ഖഅ്ദ് മാസം പിറന്നപ്പോള്‍ കയ്‌റോ തെരുവുകള്‍ തെക്ക് മുതല്‍ വടക്കേയറ്റം വരെ ശൂന്യമായി കാണപ്പെട്ടു. ഒരു കാല്‍നടക്കാരന് എവിടെയും ജനത്തിരക്ക് അനുഭവപ്പെടുകയില്ല. അത്രയധികം പേര്‍ മരിച്ചുവീണതുകൊണ്ട് ആളുകള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യാപൃതരാണ്. വഴിയോരങ്ങളില്‍ പുതിയ മണ്‍കൂനകള്‍. ആളുകളുടെ മുഖങ്ങള്‍ വിവര്‍ണമായിരിക്കുന്നു. എങ്ങും ഉയര്‍ന്നു കേള്‍ക്കുന്നത് നിലവിളികള്‍. നിലവിളി ഉയരാത്ത ഒരു വീടുമില്ല. ഏതു തെരുവിലേക്കു കടന്നാലും എണ്ണമറ്റ ശവശരീരങ്ങള്‍. കൂട്ടിമുട്ടി വിലങ്ങടിക്കുമാറ് മയ്യിത്ത് കട്ടിലുകളുടെ പെരുക്കം. മൃതശരീരങ്ങള്‍ കൂടിക്കലര്‍ന്നു കിടക്കുന്നു ('കറുത്ത മരണ'മെന്ന് വിശേഷിപ്പിക്കപ്പെട്ട പ്ലാഗിനെക്കുറിച്ച് ചരിത്രകാരന്‍ തഖിയ്യുദ്ദീന്‍ മഖ്‌രീസി എഴുതിയത്).

****
ഒടുവില്‍ 2020 ജനുവരി 25-ന് ചൈനീസ് ഭരണകൂടം, അതിമാരകമായ കൊറോണ വൈറസ് ചൈനയിലെ രണ്ട് പ്രധാന നഗരങ്ങളില്‍നിന്ന് മറ്റു നഗരങ്ങളിലേക്ക് പടരാതിരിക്കാന്‍ വേണ്ടി കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായി. ചൈനീസ് പ്രസിഡന്റ് ഷി ജീപിങ് വലിയൊരു ദുരന്തമാണ് തന്റെ രാജ്യം അഭിമുഖീകരിക്കുന്നതെന്നും രോഗം അതിവേഗം പടരുകയാണെന്നും സമ്മതിച്ചു. അമേരിക്ക, ഫ്രാന്‍സ്, കനഡ പോലുള്ള നിരവധി രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതേ ദിവസം തന്നെ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി സ്റ്റാര്‍ ചൈനീസ് ഭരണകൂടം രോഗബാധിതരുടെ എണ്ണം കുറച്ചുകാണിക്കുകയാണെന്നും ഒരു ലക്ഷം പേര്‍ക്കെങ്കിലും രോഗബാധയുണ്ടെന്നും ആരോപിച്ചു; ഈ ആരോപണം പത്രം പിന്നീട് പിന്‍വലിച്ചുവെങ്കിലും. മറ്റൊരു ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫ് ഉള്‍പ്പെടെ നിരവധി ലോക മാധ്യമങ്ങള്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തുകയുണ്ടായി. തൊട്ടടുത്ത ദിവസം അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണക്കുകൂട്ടി പറഞ്ഞത്, ഈ വൈറസ് വരുന്ന പതിനെട്ട് മാസത്തിനകം 65 ദശലക്ഷം പേരെ വരെ കൊന്നൊടുക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നാണ്.
കൊറോണ പോലെ സാര്‍സും മനുഷ്യന്റെ ശ്വസന സംവിധാനത്തെ കടന്നാക്രമിക്കുന്ന വൈറസായിരുന്നു. 2002-2003 കാലയളവില്‍ ചൈനയില്‍ എണ്ണായിരം പേര്‍ക്കാണ് സാര്‍സ് ബാധയുണ്ടായത്. അതില്‍ 774 പേര്‍ മരിച്ചു. ഇത്തരം രോഗബാധകളെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ മനുഷ്യര്‍ നിസ്സഹായരായിപ്പോയ നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതിലേറ്റവും മാരകമായത് 1347 മുതല്‍ 1351 വരെ മൂന്ന് ഭൂഖണ്ഡങ്ങളിലായി ദശലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ 'കറുത്ത മരണം' (Black Death)  തന്നെ. ചരിത്രകാരന്മാര്‍ ഇതിനെക്കുറിച്ച് ധാരാളമെഴുതിയിട്ടുണ്ട്.

ഇസ്‌ലാമിക ചരിത്രത്തില്‍

പ്ലാഗിന്റെ അപകടകാരിതയെ വളരെ മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട് മുസ്‌ലിം സമൂഹം. ഹിജ്‌റ പതിനെട്ടാം വര്‍ഷം ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് ശാമിലെ ഫലസ്ത്വീനില്‍ പ്ലാഗ് പടര്‍ന്നു പിടിക്കുകയുണ്ടായി. അംവാസ് പ്ലാഗ് (Plague of Emmaus) എന്നാണിത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അംവാസ് എന്ന ഫലസ്ത്വീനീ ഗ്രാമമായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം എന്നതിനാലാണ് ഈ പേര്. അബൂ ഉബൈദ ആമിറുബ്‌നുല്‍ ജര്‍റാഹ്, മുആദുബ്‌നു ജബല്‍, യസീദുബ്‌നു അബീസുഫ്‌യാന്‍ തുടങ്ങിയ നിരവധി പ്രമുഖ സ്വഹാബികള്‍ ഈ പ്ലാഗ് ബാധിച്ചാണ് മരിച്ചത്. ഈ സന്ദര്‍ഭത്തിലാണ് ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ശാം സന്ദര്‍ശനം. രോഗത്തിന്റെ ഗുരുതരാവസ്ഥ അറിഞ്ഞപ്പോള്‍ പ്രമുഖരുമായി അദ്ദേഹം കൂടിയാലോചിച്ചു. പല അഭിപ്രായങ്ങളും ഉയര്‍ന്നു. ഉമര്‍ ശാമില്‍നിന്ന് ഉടന്‍ തിരിച്ചുപോകണമെന്നാണ് മുഹാജിറുകളില്‍ പെട്ട പല പ്രധാനികളും ആവശ്യപ്പെട്ടത്. പക്ഷേ അബൂ ഉബൈദത്തുബ്‌നുല്‍ ജര്‍റാഹ് ഇതിനോട് വിയോജിച്ചുകൊണ്ട് പറഞ്ഞു: 'എന്താണിത് ഉമര്‍? അല്ലാഹുവിന്റെ വിധിയില്‍നിന്ന് ഒളിച്ചോടുകയോ?' ഉമറിന്റെ മറുപടി ഇങ്ങനെ: 'താങ്കള്‍ ഇങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു... നാം അല്ലാഹുവിന്റെ ഒരു വിധിയില്‍നിന്ന് അല്ലാഹുവിന്റെ തന്നെ മറ്റൊരു വിധിയിലേക്ക് ഓടുകയാണ് ചെയ്യുന്നത്.' ഈ സമയം അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് എന്ന മറ്റൊരു പ്രമുഖ സ്വഹാബി അവിടെ എത്തിച്ചേര്‍ന്നു. ഈ സംഭാഷണത്തിന് പ്രതികരണമായി അദ്ദേഹം പറഞ്ഞു: ''ഇതു സംബന്ധമായി എന്റെ അടുക്കല്‍ ഒരു വിവരമുണ്ട്. പ്രവാചകന്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്; ആ രോഗബാധ ഒരു നാട്ടിലുണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ട് പോകരുത്. നിങ്ങള്‍ താമസിക്കുന്ന നാട്ടിലാണ് രോഗബാധയെങ്കില്‍ നിങ്ങള്‍ അവിടെ നിന്ന് ഓടിപ്പോവുകയുമരുത്.'' ഇതു കേട്ട് ഉമര്‍ അല്ലാഹുവിനെ സ്തുതിക്കുകയും മദീനയിലേക്ക് തിരിച്ചുപോരുകയും ചെയ്തു.
രോഗബാധിതരുടെ സംസര്‍ഗം വിലക്കുന്ന ഈ പ്രതിരോധ രീതി (Quarantine)  മുസ്‌ലിംകള്‍ക്ക് വളരെ മുമ്പേ പരിചയമുണ്ടായിരുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. എന്നല്ല പ്രവാചകന്‍ തന്നെ ഈ പ്രതിരോധ രീതി ആയിരത്തിനാനൂറില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ അനുയായികളെ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഉമറുബ്‌നുല്‍ ഖത്ത്വാബ് എന്ന മഹാനായ ഭരണാധികാരി ചെയ്തതിലപ്പുറം എന്ത് പ്രതിരോധ മാര്‍ഗമാണ് ഇന്നും നമുക്ക് സ്വീകരിക്കാനാവുക?
ഇബ്‌നു ഖുതൈ്വബ (മരണം ഹി. 276) തന്റെ അല്‍മആരിഫ് എന്ന കൃതിയില്‍ ഹി. 135 വരെ ഇസ്‌ലാമിക ചരിത്രത്തിലുണ്ടായ പ്ലാഗ് ബാധകളെയും അവ കാരണം മരണപ്പെട്ട പ്രമുഖരെയും കുറിച്ച് എഴുതിയിട്ടുണ്ട്: ''ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ പ്ലാഗ് ബാധ ശാമിലെ അംവാസിലാണ്. മുആദുബ്‌നു ജബലും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും ഒരു മകനും അബൂഉബൈദയും പ്ലാഗ് ബാധയേറ്റ് മരിച്ചു. ഇതേ കാലത്തു തന്നെയാണ് ഇറാഖില്‍ 'ശീറവൈഹിബ്‌നു കിസ്‌റാ' പ്ലാഗും ഉണ്ടാകുന്നത്; രണ്ടും ഉമറുബ്‌നുല്‍ ഖത്ത്വാബ് ഭരണത്തിലിരിക്കെ. പിന്നെ ഇബ്‌നു സുബൈറിന്റെ കാലത്ത് ഹി. 69-ല്‍ 'ജാരിഫ്' പ്ലാഗ്. ബസ്വറ, വാസിത്വ്, ശാം, കൂഫ എന്നിവിടങ്ങളില്‍ ഉമവി ഖലീഫ അബ്ദുല്‍ മലികുബ്‌നു മര്‍വാന്റെ ഭരണകാലത്ത് 'ഫതയാത്ത്' എന്ന പേരിലുള്ള പ്ലാഗ്  ബാധ. യുവതികള്‍ക്കും ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കും മാത്രമായിരുന്നു രോഗം ബാധിച്ചത്. അതിനാലാണ് ഈ പേര്... ഇതില്‍പെട്ടോ അല്‍പം കഴിഞ്ഞോ ആണ് അബ്ദുല്‍ മലികുബ്‌നു മര്‍വാന്‍ മരണപ്പെടുന്നത്. പ്രമുഖര്‍ മരിച്ചതിനാല്‍ 'വരേണ്യരുടെ പ്ലാഗ്' (ത്വാഊനുല്‍ അശ്‌റാഫ്) എന്ന പേരിലും ഇത് അറിയപ്പെട്ടു. ഹി. നൂറാം വര്‍ഷം 'അദിയ്യുബ്‌നു അല്‍ത്വഅ' പ്ലാഗ്. ഹി. 117-ലാണ് 'ഗുറാബ്' പ്ലാഗ്. അല്‍ വലീദുബ്‌നു യസീദിന്റെ ഭരണകാലത്തുണ്ടായ ഈ പ്ലാഗില്‍ ആദ്യമായി മരിച്ചത് ദബാബ് ഗോത്രത്തിലെ ഗുറാബ് എന്നൊരാളായതുകൊണ്ടാണ് ഈ പേര്. ഹി. 131-ല്‍ 'സലമുബ്‌നു ഖുതൈബ' പ്ലാഗ്. അതിലാണ് അയ്യൂബ് സഖ്തിയാനി മരിച്ചത്.'' മക്കയിലോ മദീനയിലോ പ്ലാഗ് ബാധ ഉണ്ടായിട്ടില്ല.

'കറുത്ത മരണം'
പതിനാലാം നൂറ്റാണ്ടിന്റെ നാല്‍പ്പതുകളില്‍ ജനവാസമുള്ള ഏതാണ്ടെല്ലാ ഭൂപ്രദേശങ്ങളിലും വന്‍ നാശനഷ്ടങ്ങളാണ് 'കറുത്ത മരണം' (അല്‍ മൗത്തുല്‍ അസ്‌വദ്) വരുത്തിവെച്ചത്. പേര് സൂചിപ്പിക്കുന്നതുപോലെ അത്രക്ക് ബീഭത്സമായിരുന്നു അതിന്റെ അഴിഞ്ഞാട്ടം. കൊറോണ പോലെ തന്നെ അതിന്റെ തുടക്കവും ചൈനയില്‍നിന്നായിരുന്നു. പിന്നെയത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കും കിഴക്കന്‍ നാടുകളിലേക്കും കടന്ന് തെക്കു പടിഞ്ഞാറ് കരിങ്കടല്‍ വരെ എത്തി. പിന്നെ ഇസ്തംബൂളിനെയും മധ്യധരണ്യാഴിക്ക് പടിഞ്ഞാറുള്ള ഭൂപ്രദേശങ്ങളെയും ആക്രമിച്ചു. കച്ചവടക്കാര്‍, യാത്രാ സംഘങ്ങള്‍, സൈനികര്‍, ഹജ്ജിന് പോകുന്നവര്‍, വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, കപ്പല്‍ യാത്രികര്‍ ഇങ്ങനെ പലരിലൂടെയും പ്ലാഗ് ജനവാസ കേന്ദ്രങ്ങളില്‍ മുഴുവന്‍ വ്യാപിക്കുകയായിരുന്നു. സിസിലി, മര്‍സീലിയ, പിസാ, അലക്‌സാണ്ട്രിയ,  ബാള്‍ക്കന്‍, ഇംഗ്ലീഷ് ചാനല്‍ കടന്ന് കിഴക്കന്‍ യൂറോപ്പിലെ വിശാലമായ സമതല പ്രദേശങ്ങള്‍, ഡോണ്‍ നദീതീരത്തെ റഷ്യന്‍ നഗരങ്ങള്‍, ഒടുവില്‍ മോസ്‌കോ... ഈ മാരക പകര്‍ച്ചവ്യാധി ജനസമൂഹങ്ങളെയും സാമൂഹിക, സാമ്പത്തിക ഘടനകളെയും എങ്ങനെ മാറ്റിമറിച്ചുവെന്ന് നിരവധി ദൃക്‌സാക്ഷി വിവരണങ്ങളുണ്ട്. പാശ്ചാത്യ ലോകത്ത് മാത്രം മരിച്ചൊടുങ്ങിയത് മുപ്പത്തിയഞ്ച് ദശലക്ഷം പേര്‍. അക്കാലത്തെ ജനസംഖ്യയുടെ 40 മുതല്‍ 50 ശതമാനം വരെ വരുമത്രെ ഇത്. 'കറുത്ത മരണ'ത്തെയും മുന്‍കാലങ്ങളിലുണ്ടായ പ്ലാഗ് ബാധകളെയും താരതമ്യം ചെയ്ത് ഇബ്‌നുഹജരില്‍ അസ്ഖലാനി (മ. ഹി. 852) പറയുന്നത്, അവയൊക്കെയും 'സമുദ്രത്തിലെ ഒരു തുള്ളി അല്ലെങ്കില്‍ വൃത്തത്തിലെ ഒരു ബിന്ദു' മാത്രമായിരുന്നു എന്നാണ്. പ്രമുഖ ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ (മ. ഹി. 808) ആകട്ടെ, പ്രാപഞ്ചിക ദുരന്തമായാണ് 'കറുത്ത മരണ'ത്തെ കാണുന്നത്. 'ഹി. 748 അവസാനമടുത്തപ്പോഴേക്ക് മഗ്‌രിബ് ഭൂപ്രദേശമാകെ തകിടം മറിഞ്ഞു... ഈ പ്ലാഗ് കിഴക്കും പടിഞ്ഞാറുമുള്ള നാഗരികതകള്‍ക്കു മീതെ ആഞ്ഞുപതിച്ചു. നാഗരികതകളുടെ പല നേട്ടങ്ങളെയും അത് ചുരുട്ടിക്കെട്ടുകയോ മായ്ച്ചുകളയുകയോ ചെയ്തു. നഗരങ്ങള്‍ നശിച്ചു, വഴികള്‍ മാഞ്ഞുപോയി, വീടുകളും എടുപ്പുകളും ശൂന്യമായി, രാജ്യങ്ങളും ഗോത്രങ്ങളും ദുര്‍ബലമായി...'
ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ ജമാലുദ്ദീനുബ്‌നു തഗ്‌രി ബര്‍ദി (മ. ഹി. 874) തന്റെ അന്നുജൂമുദ്ദാഹിറ ഫീ മുലൂകി മിസ്വ്ര്‍ വല്‍ ഖാഹിറ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: ''ഇതുപോലൊരു പകര്‍ച്ചവ്യാധി മുന്‍കാലങ്ങളിലൊന്നുമുണ്ടായിട്ടില്ല. ഓരോ ദിവസവും ഈജിപ്തില്‍ മരിച്ചുകൊണ്ടിരുന്നത് പതിനായിരം മുതല്‍ പതിനയ്യായിരം പേരായിരുന്നു. ഓരോ കുഴിയിലും നാല്‍പതിലധികം മൃതദേഹങ്ങളാണ് മറമാടിക്കൊണ്ടിരുന്നത്. പ്ലാഗ് മരണമായിരുന്നു. ഒരാള്‍ രക്തം തുപ്പുന്നു, ഉറക്കെ നിലവിളിക്കുന്നു, മരിച്ചുവീഴുന്നു. ഇത് ഏതെങ്കിലും പ്രവിശ്യകളില്‍ മാത്രമായിരുന്നില്ല. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള ലോകത്തെ മുഴുവന്‍ പ്രവിശ്യകളെയും പ്ലാഗ് വിഴുങ്ങിക്കഴിഞ്ഞിരുന്നു. എല്ലാ വിഭാഗം മനുഷ്യരും അതിന്റെ ഇരകളായി. എന്നല്ല, കടലിലെ മത്സ്യങ്ങളിലേക്കും ആകാശത്തെ പറവകളിലേക്കും കരയിലെ വന്യജന്തുക്കളിലേക്കും അത് പടര്‍ന്നു.''
ഇബ്‌നു തഗ്‌രി ബര്‍ദി പറയുന്ന മറ്റൊരു വസ്തുതയുണ്ട്. ഈ പകര്‍ച്ചവ്യാധിയുടെ ഉത്ഭവം അല്‍ഖാന്‍ അല്ലെങ്കില്‍ അല്‍ഖാനുല്‍ അഖ്ബര്‍ എന്ന നാട്ടില്‍നിന്നായിരുന്നു. അക്കാലത്തെ മുസ്‌ലിംകള്‍ ചൈനീസ് ഭൂപ്രദേശത്തെ വിളിച്ചിരുന്നത് ആ പേരിലായിരുന്നു. ചൈനക്ക് 'അല്‍ ഇഖ്‌ലീമുല്‍ അവ്വല്‍' (ഒന്നാം പ്രവിശ്യ) എന്നും പേരുണ്ടായിരുന്നു. ഈ മഹാവ്യാധിയില്‍ പെട്ട് ഭരണാധികാരികള്‍ വരെ മരണപ്പെട്ടുവെന്നും ചൈന ഭരിക്കാന്‍ ആളില്ലാതായി എന്നുമൊക്കെ ഇബ്‌നു തഗ്‌രി എഴുതുന്നുണ്ട്.
ക്രിസ്ത്യന്‍, മുസ്‌ലിം ചരിത്രകാരന്മാര്‍ മധ്യകാലത്തെ ഈ മഹാമാരിയെക്കുറിച്ച് ധാരാളമായി എഴുതിയിട്ടുണ്ട്. നമ്മുടെ കാലത്തെ വൈറസ് ബാധയുമായി ആ വിവരണത്തിന് വളരെയേറെ സാമ്യമുണ്ട്. മണിക്കൂറുകള്‍ മതി ഒരു പ്രദേശത്തെ ആളുകള്‍ക്ക് രോഗം പിടിപെടാന്‍. ചിലര്‍ ആ ദിവസം തന്നെ മരിച്ചുവീഴും. ചിലര്‍ രണ്ടോ മൂന്നോ ദിവസം പിടിച്ചുനിന്നെന്നുവരും. പനി ബാധിക്കുന്നു, രക്തം തുപ്പുന്നു, ഒടുവില്‍ മരണം. നമ്മുടെ കാലത്തെ പകര്‍ച്ചവ്യാധികളും ഏതാണ്ടിങ്ങനെയൊക്കെ തന്നെ. വൈദ്യശാസ്ത്രരംഗത്തുണ്ടായ വലിയ മുന്നേറ്റം കാരണം രോഗത്തിന്റെ സ്വഭാവം നിര്‍ണയിക്കാനും അത് പടരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വേണ്ട മരുന്നുകള്‍ ലഭ്യമാക്കാനും നമുക്ക് എളുപ്പത്തില്‍ സാധിക്കുന്നുണ്ടെന്നു മാത്രം. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇക്കാര്യങ്ങളിലൊക്കെ ലോകം വലിയൊരു പരിധി വരെ ഇരുട്ടില്‍ തന്നെയായിരുന്നു. എന്തുകൊണ്ട് ഇത്തരം പകര്‍ച്ചവ്യാധികള്‍?

മധ്യനൂറ്റാണ്ടുകളിലെ ക്രിസ്ത്യന്‍-മുസ്‌ലിം പണ്ഡിതന്മാര്‍ക്കും ഭിഷഗ്വരന്മാര്‍ക്കും ഇക്കാര്യത്തില്‍ ഏറക്കുറെ ഒരേ ഉത്തരങ്ങളാണുണ്ടായിരുന്നത്. പ്ലാഗ് പടരുന്നത് എന്തുകൊണ്ട്, എങ്ങനെ എന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ പലരും പല വ്യാഖ്യാനങ്ങളും നല്‍കി. മറ്റു പകര്‍ച്ചവ്യാധികളുമായി ചേര്‍ത്തുകെട്ടി പ്ലാഗിന് വിശദീകരണം നല്‍കാന്‍ ശ്രമിച്ചു. 'വായു മലിനമായതുകൊണ്ടാണ്' തുടങ്ങിയ വ്യാഖ്യാനങ്ങളുണ്ടായി. മതപണ്ഡിതന്മാര്‍  ധാര്‍മിക കാരണങ്ങളാണ് നിരത്തിയത്. ദൈവിക നിര്‍ദേശങ്ങള്‍ പിന്‍പറ്റാതെ മനുഷ്യന്‍ ജീവിക്കുന്നതിന്റെ ദുരന്തഫലങ്ങളിലൊന്നായി അവരതിനെ കണ്ടു.
മധ്യനൂറ്റാണ്ടിലെ 'കറുത്ത മരണ'മാണെങ്കിലും നമ്മുടെ കാലത്തെ സാര്‍സും കൊറോണയുമാണെങ്കിലും, ചൈന എന്ന ഒരൊറ്റ ഭൂപ്രദേശത്തുനിന്നാണ് അവയുടെ ഉത്ഭവം എന്ന് കണ്ടെത്താന്‍ കഴിയും. മൂഷിക വര്‍ഗത്തില്‍പെടുന്ന കരണ്ടുതിന്നുന്ന ജീവികളില്‍ (Rodents) നിന്നാണ് സാധാരണ ഇത് പകരുന്നത് എന്നും വ്യക്തമായിട്ടുണ്ട്. ചൈനക്കാരുടെ മത, ധാര്‍മിക സംസ്‌കാരവുമായി ഇതിന് ബന്ധമുണ്ടോ? എലികളെയും അതുപോലുള്ളവയെയും മെനുവില്‍ പെടുത്തുന്ന ചൈനീസ് ഭക്ഷണ സംസ്‌കാരം വൈറസ് മനുഷ്യനിലെത്തുന്നതിന് കാരണമാകുന്നുണ്ടോ? വവ്വാല്‍ സൂപ്പുണ്ടാക്കി കഴിക്കുന്നത് കൊണ്ടാണ് കൊറോണ പകര്‍ന്നതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ടല്ലോ. ഇതല്‍പം സങ്കീര്‍ണമായ വിഷയമാണ്. ഭക്ഷണ സംസ്‌കാരത്തില്‍ മാത്രം ഒതുക്കി ചര്‍ച്ച ചെയ്യാനാവില്ല. ചൈനീസ് സംസ്‌കാരത്തിന്റെ ആധാരശിലകളെന്തൊക്കെ, ലോകത്തെയും അതിലെ വസ്തുക്കളെയും ജീവജാലങ്ങളെയും ആ സംസ്‌കാരം എങ്ങനെ കാണുന്നു, അനുവദിച്ചതും അനുവദിക്കാത്തതും എന്ന വിഭജനമില്ലാത്തതുകൊണ്ട് മറ്റു മനുഷ്യരുടെ ജീവനു കൂടി അത് ഭീഷണിയാവുന്നില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തേണ്ടിവരുന്നു. 

(ചരിത്രകാരനായ ലേഖകന്‍ midan.aljazeera.net-ല്‍ എഴുതിയത്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍