Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

വിശ്വാസിയുടെ ജീവിതം കറങ്ങേണ്ടത് പള്ളി കേന്ദ്രമാക്കി

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പള്ളി നില്‍ക്കുന്ന മണ്ണാണ് ഭൂമിയിലെ ഏറ്റവും ഉത്തമമായ സ്ഥലം. അല്ലാഹുവെ സ്‌നേഹിക്കുന്നവരുടെ അടയാളം, അവന്റെ പള്ളിയെയും സ്‌നേഹിക്കുന്നവരായിരിക്കും അവര്‍ എന്നതാണ്. യാതൊരു തണലും ലഭ്യമാകാത്ത അന്ത്യദിനത്തിന്റെ ഭയാനകതയില്‍ സ്വഹൃദയം പള്ളിയുമായി ബന്ധപ്പെടുത്തി ജീവിച്ച വിശ്വാസിക്ക് അല്ലാഹു തന്റെ സിംഹാസനത്തിന്റെ തണലേകുമെന്ന് പ്രവാചകവചനം (ബുഖാരി). പള്ളിക്കു സേവനം ചെയ്യുന്നതും അതിനെ സജീവമാക്കി നിലനിര്‍ത്തുന്നതും ഈമാന്റെ പ്രകടരൂപമാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവരാണ് തീര്‍ച്ചയായും അല്ലാഹുവിന്റെ പള്ളികള്‍ നിര്‍മിക്കുന്നവര്‍'' (അത്തൗബ: 18).
ഫര്‍ദ് നമസ്‌കാരം എപ്പോഴും പള്ളിയില്‍ വെച്ച് നി ര്‍വഹിക്കുക. എല്ലാ പള്ളികളിലും ജമാഅത്ത് നമസ്‌കാരത്തിനും ബാങ്കിനും വ്യവസ്ഥാപിത സംവിധാനം ഉണ്ടായിരിക്കണം. അങ്ങനെ പള്ളിയുടെ വ്യവസ്ഥാപിതത്വത്തില്‍നിന്ന് സ്വജീവിതത്തിനും വ്യവസ്ഥാപിതത്വം ഉണ്ടാക്കിയെടുക്കാന്‍ കഴിയും. വിശ്വാസിയുടെ മുഴുജീവിതവും പള്ളിയുമായി ബന്ധപ്പെട്ട് കറങ്ങുംവിധം കേന്ദ്രമായി മാറണം നമുക്കു പള്ളികള്‍. നബി(സ) അരുള്‍ ചെയ്തു:
''വിശ്വാസികളിലെ ചിലര്‍ എപ്പോഴും പള്ളിയില്‍ സംഗമിക്കുന്നവരും അവിടെനിന്ന് അകന്നുപോകാത്തവരുമാണ്. അവരെ കാണാതായാല്‍ മലക്കുകള്‍ അവരെ അന്വേഷിക്കും. അവര്‍ രോഗികളായാല്‍ മലക്കുകള്‍ അവര്‍ക്ക് സാന്ത്വന വചനമോതും. അവര്‍ക്കു സഹായവും നല്‍കും. പള്ളിയില്‍ കഴിയുന്നവര്‍ ദിവ്യകാരുണ്യം പ്രതീക്ഷിക്കുന്നവരായിരിക്കും'' (മുസ്‌നദ് അഹ്മദ്).
പള്ളിയില്‍ നമസ്‌കാരത്തിന് ഉത്സാഹത്തോടെയും താല്‍പര്യത്തോടെയും പങ്കെടുക്കണം. നബി(സ) പറഞ്ഞു: 'പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയില്‍ പോകുന്നത് ജിഹാദില്‍ പങ്കെടുക്കുന്നതുപോലെയാണ്.' പുലര്‍ച്ചയിലെ ഇരുട്ടില്‍ പള്ളിയിലേക്കു പോകുന്നവര്‍ക്കൊപ്പം അന്ത്യദിനത്തില്‍ പൂര്‍ണ വെളിച്ചമുണ്ടാകും എന്നും പ്രവാചകന്‍ തുടര്‍ന്നു. പള്ളിയിലേക്കു വെക്കുന്ന ഒരു കാലടി നന്മ രേഖപ്പെടുത്തുകയും മറ്റേ കാലടി തിന്മ മായ്ച്ചു കളയുന്നതുമാണ് (ഇബ്‌നുഹിബ്ബാന്‍).
പള്ളികള്‍ വൃത്തിയുള്ളതായിരിക്കണം. കൃമികളെയും കീടങ്ങളെയും തൂത്തുമാറ്റി എപ്പോഴും വൃത്തിയാക്കിക്കൊണ്ടിരിക്കണം. വെള്ളിയാഴ്ച ദിവസം പള്ളി സുഗന്ധപൂരിതമായിരിക്കണം. പള്ളി അടിച്ചു വൃത്തിയാക്കി ശുദ്ധീകരിക്കുകയും സുഗന്ധം പൂശുകയും ചെയ്യുന്നത് സ്വര്‍ഗപ്രാപ്തിക്ക് കാരണമാകുന്ന പ്രവൃത്തിയാണ് (ഇബ്‌നുമാജ).
ഭയത്തോടും വിനയത്തോടും കൂടിയാവണം പള്ളിയിലേക്കുള്ള യാത്ര. സലാം പറഞ്ഞ് അതിനകത്ത് പ്രവേശിച്ചാല്‍ ദിവ്യമഹത്വവും ഗാംഭീര്യവും മനസ്സില്‍ നിറയുംവിധം ദിക്‌റുകളില്‍ മുഴുകണം. അശ്രദ്ധയോടെ പള്ളിക്കകത്ത് ചിരികളികളില്‍ മുഴുകുന്നത് അനുസരണയുള്ളവരുടെ നിലപാടല്ല. ദൈവ ഭയമില്ലാത്തതായിരിക്കും ഇത്തരക്കാരുടെ മനസ്സ്. ചിലര്‍ ഇമാമിനോടൊപ്പം റക്അത്ത് ലഭിക്കാന്‍ പള്ളിയിലേക്ക് ഓടിക്കയറാറുണ്ട്. അത് പള്ളിയോടുള്ള അനാദരവാണ്. റക്അത്ത് ലഭിച്ചാലും ഇല്ലെങ്കിലും വിനയത്തോടെയും ഭവ്യതയോടെയും നടന്നുവേണം പള്ളിയില്‍ വരാന്‍; ഓടിക്കയറരുത്.
ശാന്തമായി പള്ളിയില്‍ ഇരിക്കുക; അവിടെ ഭൗതിക കാര്യങ്ങളല്ല ചര്‍ച്ചയാവേത്. ബഹളം വെക്കുക, വെടിപറയുക, മാര്‍ക്കറ്റ് റേറ്റുകള്‍ ചോദിക്കുക- പറയുക, കച്ചവടസംബന്ധമായ ചര്‍ച്ച ഇതൊന്നും പള്ളിയുടെ പവിത്രതക്കു ചേരുന്നതല്ല. പള്ളി അല്ലാഹുവിന്റെ ഭവനമാണ്. അവന് ഇബാദത്ത് നിര്‍വഹിക്കാനുള്ള സ്ഥലമാണ്. പള്ളിയുടെ പവിത്രതയെ സംബന്ധിച്ച് വകതിരിവെത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ പള്ളിയില്‍ കൊണ്ടുവരാതിരിക്കുന്നതാണ് ഉത്തമം. അവര്‍ പള്ളിയെ മലിനമാക്കാന്‍ ഇടയുണ്ട്.
വലത്തേ കാല്‍ വെച്ച് പള്ളിയില്‍ പ്രവേശിക്കണം. പിന്നീട് നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലി 'അല്ലാഹുമ്മ ഇഫ്തഹ്‌ലീ അബ്‌വാബ റഹ്മത്തിക' (അല്ലാഹുവേ, നിന്റെ അനുഗ്രഹത്തിന്റെ കവാടം എനിക്കു തുറന്നുതരിക) എന്ന് പ്രാര്‍ഥിക്കണം. പ്രവേശിച്ച ഉടന്‍ രണ്ട് റക്അത്ത് സുന്നത്ത് (തഹിയ്യത്തുല്‍ മസ്ജിദ്) നമസ്‌കരിക്കണം. യാത്രയില്‍നിന്ന് തിരിച്ചെത്തിയാലും പള്ളിയില്‍ വന്ന് ആദ്യം രണ്ട് റക്അത്ത് നമസ്‌കരിക്കാം; ശേഷം വീട്ടിലേക്ക് യാത്രയാവുക. നബി(സ) യാത്ര കഴിഞ്ഞെത്തിയാല്‍ പള്ളിയില്‍ വന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷമാണ് വീട്ടിലേക്കു പോയിരുന്നത്.
ഇടതുകാല്‍ വെച്ച് പള്ളിയില്‍നിന്ന് പുറത്തിറങ്ങുക. അപ്പോള്‍ അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക് (മുസ്‌ലിം - അല്ലാഹുവേ, നിന്റെ അനുഗ്രഹം ഞാന്‍ തേടുന്നു) എന്ന് പ്രാര്‍ഥിക്കുക.
ബാങ്ക്, ജമാഅത്ത് നമസ്‌കാരം എന്നിവക്കു ചുമതല ഏല്‍പ്പിക്കുന്ന ഇമാം, മുഅദ്ദിന്‍ എന്നിവര്‍ സമൂഹത്തില്‍ ഏറ്റവും ഉന്നത സ്വഭാവത്തിനുടമകളായിരിക്കണം. തങ്ങളുടെ ഭൗതിക നേട്ടത്തേക്കാള്‍ പരലോക പ്രതിഫലം കാംക്ഷിക്കുന്നവരെയാണ് പരമാവധി ഈ ഉത്തരവാദിത്വനിര്‍വഹണത്തിന് തെരഞ്ഞെടുക്കേണ്ടത്.
ബാങ്കിനു ശേഷം ഇങ്ങനെ പ്രാര്‍ഥിക്കുക:
അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅ്‌വത്തിത്താമ്മതി വസ്സ്വലാതില്‍ ഖാഇമത്തി ആതി മുഹമ്മദനില്‍ വസ്വീലത്ത വല്‍ഫദീലത വബ്അസ്ഹു മഖാമന്‍ മഹ്മൂദനില്ലദീ വഅത്തഹു (ബുഖാരി - ഈ പൂര്‍ണ പ്രാര്‍ഥനയുടെയും നിര്‍വഹിക്കാന്‍ പോകുന്ന ഈ നമസ്‌കാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവേ, മുഹമ്മദി(സ)നു നീ നിന്റെ സാമീപ്യവും മഹത്വവും നല്‍കേണമേ. നീ അവിടുത്തേക്ക് വാഗ്ദാനം ചെയ്ത സ്തുത്യര്‍ഹമായ പദവിയും നല്‍കേണമേ).
 ബാങ്ക് കേള്‍ക്കുമ്പോള്‍ അതേ വാചകങ്ങള്‍ നാമും ഉരുവിടണം. ഹയ്യഅലസ്സ്വലാത്, ഹയ്യ അലല്‍ ഫലാഹ് എന്നിവക്കു മറുപടിയായി ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാ എന്ന് പറയുക. സ്വുബ്ഹ് ബാങ്കില്‍, അസ്സ്വലാതു ഖൈറുന്‍ മിനന്നൗമ് എന്നു കേള്‍ക്കുമ്പോള്‍ സ്വദഖ്ത വ ബരിര്‍ത എന്നും  പറയണം. ഇഖാമത്തില്‍ ഖദ് ഖാമതിസ്സ്വലാത് എന്നു കേള്‍ക്കുമ്പോള്‍ അഖാമഹുല്ലാഹു വ അദാമഹാ എന്നാണ് പ്രാര്‍ഥിക്കേണ്ടത്.
സ്ത്രീകള്‍ക്കു പള്ളിയില്‍ പോകാം. എങ്കിലും വീടിന്റെ ഉള്ളറയാണവര്‍ക്ക് ഉത്തമം. പ്രായപൂര്‍ത്തിയായ മക്കളെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാതാക്കള്‍ അവരെ പള്ളിയില്‍ 
പോകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. പള്ളിയില്‍ വെച്ച് അവരോട് സ്‌നേഹം, കാരുണ്യം, അലിവ് തുടങ്ങിയ വികാരങ്ങളോടെയാണ് ഇടപഴകേണ്ടത്. അവിടെ വെച്ചവര്‍ വികൃതി കാണിച്ചാല്‍ ദയാദാക്ഷിണ്യത്തോടും കാരുണ്യത്തോടും കൂടി ഇടപെട്ട് കാര്യങ്ങള്‍ അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയും നന്മയിലേക്ക് അവരെ പ്രചോദിപ്പിക്കുകയുമാണ് ആവശ്യം.

നമസ്‌കാരം
വൃത്തിയും പൂര്‍ണപരിശുദ്ധിയും നമസ്‌കാരത്തിന് അത്യാവശ്യമാണ്. വുദൂവോടൊപ്പം പല്ലുതേപ്പിനും ശ്രദ്ധിക്കണം. സംസ്‌കാരത്തിന് അനുയോജ്യവും വൃത്തിയുള്ളതുമായ വസ്ത്രം ധരിച്ചാണ് നമസ്‌കരിക്കേണ്ടത്. അല്ലാഹു പറയുന്നു: ''ആദം സന്തതികളേ, എല്ലാ നമസ്‌കാരവേളയിലും നിങ്ങള്‍ സൗന്ദര്യമുള്ളവരാകുവിന്‍'' (അല്‍ അഅ്‌റാഫ്: 31). നമസ്‌കാരത്തിന്റെ സമയനിഷ്ഠ പാലിക്കണം. ഖുര്‍ആന്‍ പറയുന്നു: ''തീര്‍ച്ചയായും നമസ്‌കാരം വിശ്വാസികള്‍ക്ക് സമയ ബന്ധിതമായി നിശ്ചയിക്കപ്പെട്ടതാകുന്നു'' (അന്നിസാഅ് 103). അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) ഒരിക്കല്‍ നബിയോട് അന്വേഷിച്ചു: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനം ഏതാണ്?' അവിടുന്ന് പറഞ്ഞു: 'കൃത്യസമയത്ത് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം.' അവിടുന്ന് തുടര്‍ന്നു. 'അല്ലാഹു അഞ്ചു നേരത്തെ നമസ്‌കാരം നിങ്ങള്‍ക്ക് ഫര്‍ദാക്കിയിരിക്കുന്നു. ഏതൊരാള്‍ വുദൂ ചെയ്ത് കൃത്യനേരത്ത് ഭയഭക്തിയോടും വിനയത്തോടും അത് നിര്‍വഹിക്കുന്നുവോ അയാള്‍ക്ക് അനുഗ്രഹം ചൊരിയുക എന്നത് അല്ലാഹു തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അതില്‍ അലംഭാവം കാണിക്കുന്നവര്‍ക്ക് പാപമോചനമോ വിജയമോ നല്‍കാന്‍ അല്ലാഹുവിന് ബാധ്യതയുമില്ല. അവന്‍ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് ശിക്ഷ ലഭിക്കും, അവന്‍ ഉദ്ദേശിച്ചാല്‍ അവനെ രക്ഷപ്പെടുത്തും.'
സംഘടിതമായാണ് എപ്പോഴും നമസ്‌കാരം നിര്‍വഹിക്കേണ്ടത്. സംഘടിത നമസ്‌കാരം പലപ്പോഴും ലഭിക്കാതെ വന്നാലും പ്രസ്തുത നമസ്‌കാരം പള്ളിയില്‍നിന്നു തന്നെയാവാന്‍ ശ്രമിക്കണം. സുന്നത്ത് നമസ്‌കാരങ്ങള്‍ വീട്ടില്‍നിന്ന് അനുഷ്ഠിക്കുന്നതാണ് ഉത്തമം. പ്രവാചകന്‍ അരുളി: 'ഏതൊരാള്‍ 40 ദിവസം, തക്ബീറതുല്‍ ഊലായോടൊപ്പം തന്നെ സംഘടിതമായി എല്ലാ നമസ്‌കാരവും നിര്‍വഹിച്ചാല്‍ അയാള്‍ കാപട്യം (നിഫാഖ്), നരകം എന്നിവയില്‍നിന്ന് സുരക്ഷിതനായിരിക്കും' (തിര്‍മിദി). മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: 'ജനം സംഘടിത നമസ്‌കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍ ആയിരം പ്രതിബന്ധങ്ങളെയും തട്ടിമാറ്റി അവര്‍ ആ നമസ്‌കാരത്തിലേക്കു ഓടിയെത്തുമായിരുന്നു.' സംഘടിത നമസ്‌കാരത്തിന്റെ ഒന്നാം അണി(സ്വഫ്) മലക്കുകളുടെ അണിപോലെയാണ്. ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ രണ്ടു പേര്‍ ഒന്നിച്ചുള്ള ജമാഅത്ത് നമസ്‌കാരമാണ് ഉത്തമം. പിന്നീട് അതില്‍ എത്ര ആളുകള്‍ കൂടിവരുന്നുവോ അത്രകണ്ട് അല്ലാഹുവിന് ഇഷ്ടപ്പെട്ട കര്‍മമാകും (അബൂദാവൂദ്).
ശാന്തമായി വേണം നമസ്‌കരിക്കാന്‍; എല്ലാ കര്‍മവും അടക്കത്തോടും സാവധാനത്തിലും ചെയ്യുക. റുകൂഇല്‍നിന്നെഴുന്നേറ്റാല്‍ അല്‍പ നേരം (ഇഅ്തിദാലില്‍) നില്‍ക്കുക തന്നെ വേണം. പിന്നീടേ സുജൂദ് ചെയ്യാവൂ. രണ്ടു സുജൂദുകള്‍ക്കിടയില്‍ അടക്കം ആവശ്യമാണ്.
നബി (സ) പറഞ്ഞു: 'നമസ്‌കാരം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നവര്‍ക്കു വേണ്ടി അത് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിക്കും: നീ എന്നെ സംരക്ഷിച്ചപോലെ അല്ലാഹു താങ്കളെയും സംരക്ഷിക്കട്ടെ.' അവിടുന്ന് വീണ്ടും പറഞ്ഞു: 'ഏറ്റവും മോശമായ കളവ് നമസ്‌കാരമാണ്.' അനുചരര്‍ ചോദിച്ചു: 'നമസ്‌കാരത്തില്‍ ആര്‍ക്കാണ് കളവ് നടത്താനാവുക?' നബി: 'റുകൂഉം സുജൂദും ധൃതിപിടിച്ച് നിര്‍വഹിക്കലാണ് നമസ്‌കാരത്തിലെ മോഷണം.'
ബാങ്ക് കേട്ട ഉടന്‍ നമസ്‌കാരത്തിന് തയാറെടുത്ത് അംഗശുദ്ധിയോടെ പള്ളിയില്‍ ആദ്യമെത്തുക. പിന്നെ ഒന്നാം സ്വഫ്ഫിലെത്തി മൗനമായി നമസ്‌കാരം കാത്തിരിക്കണം. ബാങ്ക് കേട്ടതിനു ശേഷം അലസതയോടെയും വൈകിയും നമസ്‌കാരത്തിനെത്തുന്നത് കാപട്യത്തിന്റെ ലക്ഷണമാണ്.
ശ്രുതിമധുരമായാണ് ബാങ്ക് കൊടുക്കേണ്ടത്. ഒരാള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് പറഞ്ഞു: 'സ്വര്‍ഗസ്ഥനാക്കുന്ന ഒരു കാര്യം എനിക്കു പറഞ്ഞുതന്നാലും.' നബി (സ) പറഞ്ഞു: 'നമസ്‌കാരത്തിനു വേണ്ടി ബാങ്ക് വിളിക്കലാണത്.' അവിടുന്ന് തുടര്‍ന്നു: 'ബാങ്ക് കൊടുക്കുന്നയാളുടെ ശബ്ദം എവിടെ വരെ മുഴങ്ങി ആരെല്ലാം അത് കേള്‍ക്കുന്നുവോ അവരൊക്കെയും പരലോകത്ത് അയാള്‍ക്കു വേണ്ടി സാക്ഷ്യം വഹിക്കുന്നതായിരിക്കും. കാട്ടില്‍ ആടിനെ മേയ്ച്ചുകൊണ്ടിരിക്കുന്ന ആള്‍ ഉയരത്തില്‍നിന്ന് ബാങ്ക് കൊടുത്താല്‍ ആ ശബ്ദം മുഴങ്ങിയേടത്തുള്ള എല്ലാ വസ്തുക്കളും ഖിയാമത്ത് നാളില്‍ അയാള്‍ക്കു വേണ്ടി സാക്ഷ്യം പറയുന്നതാണ്.' നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവര്‍ അതിന്റെ പൂര്‍ണ മര്യാദകളും ഉപാധികളും പാലിച്ചിരിക്കണം. തന്നെ പിന്തുടര്‍ന്ന് നമസ്‌കരിക്കുന്നവരുടെ എളുപ്പമാണ് ഇമാം പരിഗണിക്കേണ്ടത്. 

വിവ. റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍