കേസില്‍ പെടുത്തി കെണിയൊരുക്കുന്ന കേരള പോലീസ്
രാജ്യത്തെമ്പാടും അലയടിച്ചുകൊണ്ടിരിക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളെ പല രീതിയില്‍ അടിച്ചമര്‍ത്താനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. കര്‍ണാടകയും യു.പിയും രക്തമൊഴുക്കിയാണ് പ്രക്ഷോഭങ്ങളെ നേരിടുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ വെടിവെച്ചു കൊല്ലുക, യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങള്‍ ചാര്‍ത്തുക, പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടുക, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുക, മതപണ്ഡിതരെ പൊതു നിരത്തില്‍ അവഹേളിക്കുക തുടങ്ങി അത്യന്തം നികൃഷ്ടമായ രീതികളാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സ്വീകരിക്കുന്നത്.
ബി.ജെ.പി ഇതര സര്‍ക്കാരുകളും പൗരത്വ സമരങ്ങളെ അടിച്ചമര്‍ത്തല്‍ ശൈലിയില്‍ തന്നെയാണ് നേരിടുന്നത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പൗരത്വ ഭേദഗതിയെയും എന്‍.ആര്‍.സിയെയും എതിര്‍ക്കുന്നു എന്നു പറയുന്ന സംസ്ഥാനങ്ങളാണ് ഇവയില്‍ മിക്കതും. കേരളത്തിലാകട്ടെ ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും പൗരത്വ പ്രക്ഷോഭങ്ങള്‍ നേരിട്ട് തന്നെ സംഘടിപ്പിക്കുന്നവരാണ്. പൗരത്വ നിയമ ഭേദഗതിയെ ആര്‍ട്ടിക്ക്ള്‍ 131 പ്രകാരം കോടതിയില്‍ കേരള സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫും, പ്രതിപക്ഷത്തെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടുന്ന യു.ഡി.എഫുമെല്ലാം വലിയ പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ ഈ സാഹചര്യത്തിലും പൗരത്വ പ്രക്ഷോഭങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ കേരളത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ആസൂത്രിത ശ്രമങ്ങളുണ്ട്.
തൃശൂര്‍ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27-ന് നടന്ന സംഗീത നിശയില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്മദിനെതിരെയും ഹരിനാരായണനെതിരെയും അതിന്റെ സംഘാടകര്‍ക്കും അതിഥികള്‍ക്കുമെതിരെയും കേസെടുത്തത് പൗരത്വ പ്രക്ഷോഭത്തിനനുകൂലമായ ഗാനങ്ങള്‍ ആലപിച്ചു എന്ന പേരിലാണ്. ഈ സംഗീത നിശ പോലീസ് അനുമതി വാങ്ങി തന്നെയായിരുന്നു നടത്തിയത്.
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് തൃശൂര്‍ ജില്ലയിലാണ്. ജനുവരി 15 വരെ മുപ്പതിലധികം കേസുകളാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന വകുപ്പടക്കം ചുമത്തിയാണ് പോലീസ് കേസെടുക്കുന്നത്. ദല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കെതിരായ പൊലീസ് നടപടിക്കും, പൗരത്വ നിയമത്തിനുമെതിരെ എ.ഐ.വൈ.എഫ് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചതിന് കേസെടുത്തത് ഈസ്റ്റ് പോലീസ് സ്റ്റേഷനാണ്. പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്ത എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്കെതിരെയും ഇവിടെ പോലീസ് കേസ് എടുത്തു. അന്യായമായി കൂട്ടം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പോലീസിന്റെ നിര്‍ദേശം പാലിക്കാതിരിക്കല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പത്തു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്ന ഡി.ജിപിയുടെ നിര്‍ദേശം വയര്‍ലസ് മെസ്സേജായി പോലീസിന് ലഭിച്ചതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് ഇത് നിഷേധിച്ച് രംഗത്തു വന്നു. ഈ റിപ്പോര്‍ട്ട് വലിയ വിവാദമായി. പക്ഷേ അത് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യം നടന്ന വലിയ പ്രക്ഷോഭം ഡിസംബര്‍ 17-ന് സംയുക്ത സമിതി നടത്തിയ ഹര്‍ത്താലായിരുന്നു. ഹര്‍ത്താല്‍ തടയുമെന്ന് പറഞ്ഞ് കേരള ഡി.ജി.പി തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചു. മിക്കവാറും എല്ലായിടത്തും ഹര്‍ത്താലിനെ പിന്തുണച്ച സംഘടനകളുടെ പ്രാദേശിക നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക പ്രമുഖരെ പോലീസ് നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തി. ചിലരുടെ വീടുകളില്‍ നോട്ടീസ് പതിച്ചു. ഹര്‍ത്താല്‍ ദിവസം നിരവധി പേരെ അറസ്റ്റ് ചെയ്തു. പൊന്നാനിയിലും പാലക്കാട്ടും കോഴിക്കോടുമെല്ലാം പ്രത്യേകിച്ച് സംഘര്‍ഷമൊന്നുമില്ലാതിരിക്കെ, ഹര്‍ത്താലനുകൂലികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. പലേടങ്ങളിലും സ്വമേധയാ അടച്ച കടകള്‍ പോലീസ് നിര്‍ബന്ധിച്ച് തുറപ്പിച്ച സംഭവങ്ങളുമുണ്ടായി.
പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച പരിപാടിയുടെ പേരില്‍ ഡി.സി.സി പ്രസിഡന്റായ ടി. സിദ്ദീഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് അരങ്ങേറിയതെങ്കില്‍, ജനുവരി 22-ലെ പൗരത്വ കേസുകളിലെ സുപ്രീം കോടതി ഹിയറിംഗിനു ശേഷം കേരളത്തില്‍ സമരങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്കു കടന്നു. ഈ സന്ദര്‍ഭത്തില്‍ പോലീസ് കൂടുതല്‍ അപകടകരമായ രീതിയില്‍ പൗരത്വ പ്രക്ഷോഭങ്ങളെ നേരിടുന്നതാണ് കത്. പോലീസിന്റെ സംഘ്പരിവാര്‍ പ്രീണനവും വ്യക്തമാവുന്നുായിരുന്നു.
പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി കേരളത്തില്‍ വ്യാപകമായ ജനജാഗരണ പരിപാടികള്‍ സംഘടിപ്പിക്കാനാരംഭിച്ച സമയം കൂടിയാണിത്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയില്‍ ബി.ജെ.പി നേതാവ് എം.ടി രമേശ് മുഖ്യ പ്രഭാഷണം നടത്തിയ ജനജാഗ്രതാ സദസ്സ് നടക്കുന്ന സന്ദര്‍ഭത്തില്‍ വ്യാപാരികളും ടാക്‌സി-ഓട്ടോ തൊഴിലാളികളും കടയടച്ചും പണിമുടക്കിയും കവലയില്‍നിന്ന് ഒഴിഞ്ഞു പോയി. വളഞ്ഞവഴിയെ മാതൃകയാക്കി കേരളത്തില്‍ പലേടത്തും പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമാന സമരരീതി ജനങ്ങള്‍ ആരംഭിച്ചു. സ്വാഭാവികമായും ബി.ജെ.പിക്ക് ഇത് അസ്വസ്ഥതയുണ്ടാക്കും. പക്ഷേ ബി.ജെ.പിക്കല്ല പോലീസിനാണ് അസ്വസ്ഥത എന്നതാണ് പിന്നീട് കാണുന്നത്.
കുറ്റിയാടിയില്‍ ബി.ജെ.പി ജനജാഗ്രതാ സദസ്സ് നടക്കുന്ന ദിവസം ഒഴിഞ്ഞ തെരുവില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി കലാപാഹ്വാനം നടത്തുന്ന ബി.ജെ.പി ജാഥയുടെ ദൃശ്യങ്ങള്‍ കേരളമെമ്പാടും പ്രചരിച്ചിരുന്നു. ഇത്ര പരസ്യമായി നടത്തിയ കലാപാഹ്വാനത്തിനതിരെ പോലീസ് കേസെടുക്കാന്‍ ആദ്യം തയാറായില്ല. ഒടുവില്‍ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് കേസെടുത്തത്. എന്നാല്‍ അതോടൊപ്പം കടയടച്ച വ്യാപാരികള്‍ക്കെതിരെ 153 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് സ്വമേധയാ കേസെടുക്കുകയുണ്ടായി.
തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലും ജനുവരി 24-ന് നടന്ന ബി.ജെ.പി പരിപാടിയുടെ സമയത്ത് കടയടച്ച വ്യാപാരികള്‍ക്കെതിരെ കലാപാഹ്വാനത്തിന് സ്വമേധയാ എഫ്.ഐ.ആറിട്ട് കേസെടുത്തു. ഇടുക്കി ജില്ലയിലെ കരിമണ്ണൂരില്‍ ഒരു പടികൂടി മുന്നില്‍ കടന്ന്, ബി.ജെ.പി പരിപാടി നടക്കുന്ന സമയത്ത് കടയടച്ചാല്‍ കലാപാഹ്വാനത്തിന് കേസെടുക്കും എന്ന പേരില്‍ നോട്ടീസ് വ്യാപാരികള്‍ക്ക് നല്‍കി. സംഭവം വിവാദമായതോടെ ഇത് പിന്‍വലിച്ചു.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ബാനറെഴുതി സ്ഥാപിച്ച രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മതസ്പര്‍ധയും കലാപാഹ്വാനവും നടത്തിയെന്ന് കേസ് ചാര്‍ജ് ചെയ്ത് റിമാന്‍ഡിലാക്കി. ആലുവയില്‍ ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടി നടക്കുന്നതിനിടെ മറ്റൊരിടത്ത് പ്രതിഷേധം നടത്തിയവര്‍ക്കെതിരെയും മതസ്പര്‍ധയും വര്‍ഗീയ കലാപ ശ്രമവും പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്.
കേരള നിയമസഭയില്‍ അങ്കമാലി എം.എല്‍.എ ഉന്നയിച്ച പ്രശ്‌നമാണ് അങ്കമാലിയിലെ സംയുക്ത മഹല്ലുകളുടെ റാലിയില്‍ പങ്കെടുത്ത 200 പേര്‍ക്കെതിരെ ചുമത്തിയ കേസ്. തികച്ചും സമാധാനപരമായും സംഘടിതമായും നടന്ന ആ റാലി പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ-മത സംഘടനകളുടെ ബാനറിലല്ല. ഈ പ്രശ്‌നത്തെ ഗൗരവമായി കാണുന്നതിന് പകരം മുഖ്യമന്ത്രി മഹല്ലുകളുടെ പരിപാടിയില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറുന്നു എന്ന് പറഞ്ഞ് വഴിതിരിച്ചു വിടാനാണ് നോക്കിയത്.
എന്നാല്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തുന്ന അക്രമങ്ങളെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും മദ്യലഹരി, മാനസിക രോഗം തുടങ്ങിയ കാരണങ്ങള്‍ സൃഷ്ടിച്ചെടുത്ത് രക്ഷപ്പെടുത്തുന്ന രീതിയും വ്യാപകമായുണ്ട്. കാസര്‍കോട് ബംബ്രാണയില്‍ ദാറുല്‍ ഉലൂം മദ്‌റസാ വിദ്യാര്‍ഥികളെ സി.എ.എ, എന്‍.ആര്‍.സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന് ആക്രോശിച്ച് ആക്രമിച്ചവരെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. അതും പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച ശേഷം!
തൃശൂര്‍ ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മുല്ലക്കരയില്‍ രാവിലെ നടക്കാനിറങ്ങിയ 65-കാരിയെ അയല്‍വാസിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തടഞ്ഞു നിര്‍ത്തി 'നിനക്കിവിടെ വീടില്ല, നാടും വീടും വിട്ട് പൊയ്‌ക്കോ' എന്ന് ആക്രോശിച്ച് അതിക്രൂരമായി മര്‍ദിച്ചത് ജനുവരി 30-നാണ്. ഓടിയെത്തിയ നാട്ടുകാരാണ് അവരുടെ ജീവന്‍ രക്ഷിച്ചത്. സ്റ്റേഷനില്‍ അറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസെത്തിയത്. ഗുരുതര പരിക്കുകളുള്ള സ്ത്രീയെ ആശുപത്രിയിലാക്കിയത് ബന്ധുക്കളാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് സ്റ്റേഷനില്‍ വെച്ച് അയാള്‍ മനോരോഗിയാണെന്ന് വിധിച്ച് വിട്ടയക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. ഈ സംഭവം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഈ ലേഖകനെതിരെയും 153 ചുമത്തി കേസെടുത്തു. സമ്മര്‍ദം ശക്തിയായപ്പോള്‍ ആര്‍.എസ്.എസുകാരനായ പ്രതിക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ മനോരോഗ സെല്ലിലുമാക്കി. 153 എ-യും വധശ്രമവും അടക്കം ചുമത്താവുന്ന കാര്യങ്ങള്‍ പരിക്കേറ്റ സ്ത്രീയുടെ മൊഴിയിലുണ്ടായിരിക്കെ, അതൊന്നും ചുമത്താന്‍ പോലീസ് തയാറായില്ല. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് ആക്രമണത്തിന് വിധേയയായ സ്ത്രീ.
അതുകൊണ്ടും തീര്‍ന്നില്ല. അതേ പോലീസ് സ്റ്റേഷനില്‍ ജനുവരി 31-ന് 153 എ 1 (എ) എന്ന ഗൗരവതരമായ വകുപ്പ് ചുമത്തി തിരിച്ചറിയാവുന്ന ഒരാള്‍ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വിഷയം വീഡിയോയില്‍ പ്രചരിപ്പിച്ച വ്യക്തി എന്ന് മാത്രമാണ് എഫ്.ഐ.ആറില്‍ കാണുന്നത്. ആരെ വേണമെങ്കിലും പ്രതി ചേര്‍ക്കാവുന്ന ഒരു കേസ് ഫ്രൈം ചെയ്തു വെച്ചിരിക്കുകയാണ് പോലീസ് ഇവിടെ.
ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ സമരങ്ങളിലെ ഭീകര സാന്നിധ്യത്തെപ്പറ്റി കേരള മുഖ്യമന്ത്രി അസംബ്ലിയില്‍ പറഞ്ഞത് ഉദ്ധരിച്ച് പൗരത്വ സമരങ്ങളെ അടിച്ചമര്‍ത്തേണ്ടതിന്റെ ആവശ്യകത നരേന്ദ്ര മോദി രാജ്യസഭയില്‍ പറയുന്നത്. രാജ്യത്തെ പൗരത്വ സമരങ്ങളെ ഗുരുതരമായി ബാധിക്കുന്ന കാര്യങ്ങളാണ് കേരളത്തില്‍ പോലീസിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രമാണ് പ്രതിപക്ഷവും ഭരണപക്ഷവും ഏതാണ്ടെല്ലാ മത-സാംസ്‌കാരിക സംഘടനകളും ഒരുപോലെ പൗരത്വ വിഷയത്തില്‍ സജീവമായി അണിനിരക്കുന്നത്. മറ്റിടങ്ങളിലൊക്കെ ജനം സമരത്തിനിറങ്ങുന്നത് സംഘടനാടിസ്ഥാനത്തിലല്ല, സംഘടനകളൊക്കെ സമരങ്ങളെ പിന്തുണക്കുക മാത്രമാണ്. ആ നിലക്ക് കേരളത്തിലെ സര്‍ക്കാരിന്റെയും പോലീസിന്റെയും സമീപനം രാജ്യമാകെയുള്ള സമരങ്ങളെ സ്വാധീനിക്കും.
കേരളാ പോലീസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലാതായിരിക്കുന്നു എന്ന വസ്തുത മറച്ചു പിടിച്ചിട്ട് കാര്യമില്ല. സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ഡീപ് സ്റ്റേറ്റാണ് കേരളത്തിലെ പോലീസിനെയും നിയന്ത്രിക്കുന്നത്. പന്തീരാങ്കാവിലെ സി.പി.എം പ്രവര്‍ത്തകരായ യുവാക്കള്‍ക്കെതിരെ ചുമത്തിയ യു.എ.പി.എ കേസും പിന്നീട് അത് എന്‍.ഐ.എ ഏറ്റെടുത്ത സംഭവവും മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളുമെല്ലാം ഇതിന്റെ വ്യക്തമായ സൂചനകളാണ്. ആരോ വലിക്കുന്ന ചരടിലെ ഒരറ്റത്തെ പാവ മാത്രമാണ് മുഖ്യമന്ത്രിയും. സി.പി.എം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ കേരളത്തില്‍ സര്‍ക്കാര്‍ മാത്രമേ പിണറായി വിജയന്റേതായുള്ളൂ, ഭരണകൂടം വേറെയാണ് എന്നു പറഞ്ഞത് ട്രോളി തമാശയാക്കേണ്ട കാര്യം മാത്രമല്ല.
കേരളത്തിലെ പോലീസ് ആഴത്തില്‍ സംഘ്പരിവാറാല്‍ സ്വാധീനിക്കപ്പെട്ടുകഴിഞ്ഞു. അത് തിരിച്ചറിയുകയും ജനാധിപത്യപരമായി പ്രതിരോധിക്കുകയുമാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ അത് തിരിച്ചറിഞ്ഞ ലക്ഷണമില്ല. അറിഞ്ഞോ അറിയാതെയോ സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുക തന്നെയാണ് അവര്‍. പൗരത്വ പ്രക്ഷോഭങ്ങളെ കേസില്‍ പെടുത്തി കെണിയൊരുക്കുന്ന പോലീസ് രാജാണ് കേരളത്തിലുള്ളത്.
Comments