ഈജിപ്ത് വീണ്ടും പ്രക്ഷോഭവഴിയില്‍
കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് വെള്ളിയാഴ്ച ഈജിപ്തിലെ നിരവധി ഗവര്‍ണറേറ്റുകളില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ രാജി ആവശ്യപ്പെട്ട് ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിരുന്നു. 2011 ഫെബ്രുവരിയില്‍ അറബ് വസന്തകാലത്ത് അന്നത്തെ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെതിരെ മുഴങ്ങിയ അതേ മുദ്രാവാക്യം ഈജിപ്ഷ്യന്‍ തെരുവുകളില്‍ അലയടിച്ചു. 'ഈ ഭരണം തുലയണമെന്ന് ജനം ആഗ്രഹിക്കുന്നു' എന്നായിരുന്നു ആ മുദ്രാവാക്യം. പിറ്റേന്ന് ശനിയാഴ്ചയും ചെറിയ തോതില്‍ സൂയസിലും കയ്‌റോയിലും മഹല്ലയിലും പ്രകടനങ്ങള്‍ നടന്നു.
ഇപ്പോള്‍ സ്‌പെയിനില്‍ പ്രവാസിയായി കഴിയുന്ന, നേരത്തേ ഈജിപ്ഷ്യന്‍ സൈന്യത്തില്‍ കരാര്‍ ജോലികള്‍ ചെയ്തിരുന്ന, സീസിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുഹമ്മദ് അലി എന്നൊരാളാണ് ഈ പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദു. ഈ മാസം തുടക്കത്തില്‍, ഈജിപ്ഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന, സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ ഇദ്ദേഹം പുറത്തുവിടാന്‍ തുടങ്ങിയിരുന്നു. പ്രസിഡന്റ് സീസിയുടെയും കുടുംബത്തിന്റെയും ധൂര്‍ത്തും മറ്റു അഴിമതിക്കഥകളുമായിരുന്നു ആ വീഡിയോകളുടെ ഉള്ളടക്കം. ഈ മുഹമ്മദ് അലി ഒരു പതിറ്റാണ്ടിലധികം കാലം ഈജിപ്ഷ്യന്‍ മിലിട്ടറിയില്‍ കരാര്‍ ജോലികള്‍ ചെയ്തിട്ടുള്ളതിനാല്‍, അകത്തെ കാര്യങ്ങള്‍ അറിയുന്ന ആളെന്ന നിലക്ക്, അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് ജനം വിശ്വസിക്കുന്നു.
ഈ വീഡിയോകളൊക്കെ മില്യന്‍ കണക്കിനാളുകള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഈജിപ്ഷ്യന്‍ ട്വിറ്റര്‍ മണ്ഡലത്തില്‍ നിരവധി പ്രമുഖ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് അലി ഈജിപ്തുകാരോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തത്. അങ്ങനെയാണ് തലസ്ഥാനനഗരിയായ കയ്‌റോയില്‍ ഉള്‍പ്പെടെ ജനം തെരുവിലിറങ്ങിയത്. ഇത് പല രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിക്കുകതന്നെ ചെയ്തു. മുഹമ്മദ് അലി പിന്നെയും വീഡിയോകള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. ഈജിപ്ഷ്യന്‍ പ്രതിരോധമന്ത്രി മുഹമ്മദ് സകിയോട് സീസിയെ അറസ്റ്റ് ചെയ്ത് സൈന്യത്തെ ജനവികാരത്തോടൊപ്പം നിര്‍ത്താന്‍ അതിലദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് 'മില്യന്‍ മാര്‍ച്ച്' നടത്താനും ആഹ്വാനം ചെയ്തു.
അത്ഭുതകരമെന്നു പറയട്ടെ, മുഹമ്മദ് അലി ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതിനു പകരം, അതൊക്കെ ശരിയാണെന്ന മട്ടിലായിരുന്നു സെപ്റ്റംബര്‍ 14-ന് നാഷ്‌നല്‍ യൂത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ സീസിയുടെ പ്രതികരണം. ''അതേ, ഞാന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്; ഇനിയും നിര്‍മിക്കുകയും ചെയ്യും.'' തുടര്‍ന്ന്, ഇഖ്‌വാന്‍ അനുഭാവിയാണെന്നു പറഞ്ഞ് മുഹമ്മദ് അലിയെ ആക്രമിക്കാനായി സീസിയുടെ ശ്രമം. അത് വിജയിച്ചില്ല. മുഹമ്മദ് അലിയുടെ രാഷ്ട്രീയവും ബിസിനസും പഠിക്കുന്നവര്‍ക്ക് അദ്ദേഹം ഒരു ഇസ്‌ലാമിസ്റ്റ് അല്ലെന്ന് എളുപ്പത്തില്‍ തിരിഞ്ഞുകിട്ടും.
മുഹമ്മദ് അലിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനായിരുന്നു അടുത്ത ശ്രമം. അതും പരാജയപ്പെട്ടു. പുറംനാടുകളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിസ്റ്റ് മീഡിയ പോലും മുഹമ്മദ് അലിയുടെ സ്വകാര്യജീവിതം അന്വേഷിക്കേണ്ട സമയമല്ല ഇതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഒരു ഹീറോ ആയി വാഴ്ത്തുകയായിരുന്നു. മുഹമ്മദ് അലിയുടെ സ്വകാര്യജീവിതം ഈജിപ്തുകാര്‍ പ്രശ്‌നമാക്കിയില്ലെന്ന് വെള്ളിയാഴ്ച നടന്ന പ്രക്ഷോഭങ്ങള്‍ തെളിയിക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ പ്രക്ഷോഭങ്ങളെ അപ്രധാനം എന്നു പറഞ്ഞ് നിസ്സാരവത്കരിക്കാനാണ് ഭരണാധികാരിയുടെ കുഴലൂത്തുകാരായ ഈജിപ്ഷ്യന്‍ മുഖ്യധാരാ മീഡിയ ശ്രമിച്ചത്. ഇതുതന്നെയായിരുന്നു 2011-ല്‍ ഹുസ്‌നി മുബാറകും പയറ്റിയ തന്ത്രം. പക്ഷേ തഹ്‌രീര്‍ സ്‌ക്വയറിനു ചുറ്റും, കയ്‌റോയുടെ മറ്റിടങ്ങളിലും അലക്‌സാണ്ട്രിയ, മന്‍സ്വൂറ, സൂയസ് പോലുള്ള പ്രധാന നഗരങ്ങളിലും നടന്ന പ്രതിഷേധ സംഗമങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. അത് വിദേശ മീഡിയയുടെയും ശ്രദ്ധയാകര്‍ഷിച്ചു.
2013 മുതല്‍ ഈജിപ്തില്‍ എല്ലാ പ്രതിഷേധ പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 2013 ആഗസ്റ്റ് പതിനാലിന് കയ്‌റോ നഗരത്തില്‍ രണ്ടിടങ്ങളിലായി കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ സുരക്ഷാ സേനകള്‍ നടത്തിയ അതിക്രമത്തില്‍ തൊള്ളായിരം പ്രതിഷേധകരാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി അറുപതിനായിരം പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീകരമായ പീഡനങ്ങള്‍ക്ക് അവര്‍ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിഷേധ സ്വരങ്ങളെ അതിഭീകരമായാണ് ഈ സ്വേഛാധിപത്യ ഭരണകൂടം നേരിടുന്നതെങ്കിലും, ഇപ്പോള്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളെ ചെറുതെന്നോ അപ്രധാനമെന്നോ വിലയിരുത്താനാവില്ല. മറ്റൊന്നും സംഭവിച്ചില്ലെങ്കിലും, ഈജിപ്തുകാര്‍ ഭീതിയുടെ മതില്‍ക്കെട്ട് ഭേദിച്ച് പുറത്തേക്കിറങ്ങി എന്നെങ്കിലും നമുക്ക് പറയാമല്ലോ.
എത്രയോ കാലമായി സീസി ഭരണത്തില്‍ അസംതൃപ്തരാണ് ജനം. തെരഞ്ഞെടുപ്പുകളൊന്നും സുതാര്യമായി നടക്കാത്തതുകൊണ്ട് സീസിക്ക് എത്രത്തോളം ജനകീയാംഗീകാരമുണ്ടെന്ന് നിര്‍ണയിക്കുക പ്രയാസം. എല്ലാ രംഗത്തും പരാജയമാണ് സീസി. ഹുസ്‌നി മുബാറകിന്റെ ഭരണകാലത്തുള്ള സ്വാതന്ത്ര്യം പോലും ഇപ്പോഴില്ല.
സാമ്പത്തിക മേഖലയാകട്ടെ തകര്‍ന്നു കിടക്കുന്നു. സീസിയുടെ സ്വപ്‌ന പദ്ധതികളായ വാട്ടര്‍ പാര്‍ക്കും കൂറ്റന്‍ ടവറുമുള്ള പുതിയ തലസ്ഥാന നഗരി, സൂയസ് കനാല്‍ വിപുലനം തുടങ്ങിയവ പൊതു ഫണ്ടിന്റെ ദുര്‍വിനിയോഗമല്ലാതെ മറ്റൊന്നുമല്ലെന്നും പൊതുജനത്തിന് അവ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈജിപ്തില്‍ ഇന്ന് മൂന്നിലൊരാള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. ഒന്നര ഡോളറിനേക്കാള്‍ കുറവാണ് അവരുടെ ദിവസ വരുമാനം. പണപ്പെരുപ്പവും സബ്‌സിഡി വെട്ടിക്കുറച്ചതും ജനജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലുകള്‍ ജനങ്ങളെ രോഷാകുലരാക്കിയത് സ്വാഭാവികം മാത്രം.
ഒരുപക്ഷേ പെട്ടെന്നുള്ള മാറ്റങ്ങളൊന്നും ഈജിപ്തില്‍ ഉണ്ടായില്ലെന്നു വരാം. അതേസമയം സീസി വാഴ്ചയുടെ അന്ത്യമടുത്തു എന്നതിന്റെ സൂചനയായി ഇതിനെ കാണുകയും ചെയ്യാം. അടുത്ത ദിവസങ്ങളില്‍ സമ്മര്‍ദങ്ങള്‍ ശക്തമാവുകയും പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപകമാവുകയും ചെയ്താല്‍ സൈന്യം ഇടപെട്ട് സീസിയെ നീക്കിയേക്കാം. അധികാരഘടനയില്‍ വിള്ളല്‍ വീണ സ്ഥിതിക്ക്, അവസരം കാത്ത് ആരൊക്കെയോ തിരശ്ശീലക്കു പിന്നില്‍ മറഞ്ഞിരിപ്പുണ്ടാവാം.
ഒരാളെ മാത്രം കേന്ദ്രീകരിച്ചല്ല ഈജിപ്ഷ്യന്‍ ഏകാധിപത്യ ഘടന എന്നതിനാല്‍, അതിനെ മറികടക്കുന്ന വിധത്തില്‍ ജനാധിപത്യപ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടു വന്നാലേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. അത് എപ്പോള്‍, എങ്ങനെ സംഭവിക്കും എന്നതാണ് പ്രധാന ചോദ്യം.
Comments