Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

'ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടം മുദ്രാവാക്യം മാത്രമല്ല, സൂക്ഷ്മ സമരങ്ങള്‍ കൂടിയാണ്'

ആര്‍.എസ് വസീം / ബാസില്‍ ഇസ്‌ലാം

[മാറിയ കാമ്പസ്, പുതുക്കുന്ന  വിജ്ഞാനം, വേറിട്ട രാഷ്ട്രീയം-2]

നവ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാമ്പസുകളെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ചരിത്രപരമായ വളര്‍ച്ച എങ്ങനെയാണ്?

മുസ്ലിംകളും മറ്റു പാര്‍ശ്വവല്‍കൃത സാമൂഹിക വിഭാഗങ്ങളും കൂടിച്ചേര്‍ന്നുകൊണ്ടുള്ള ഒരു മുന്നേറ്റത്തെ കുറിച്ച ചര്‍ച്ച അക്കാലത്ത് നടക്കുകയും അത് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു. കാമ്പസുകളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെട്ട്, സാമൂഹിക നീതിക്കായി പ്രവര്‍ത്തിക്കുന്ന ഒരു വിശാല വേദിയുടെ ആവശ്യകതയാണ് എസ്.ഐ.ഒ പ്രവര്‍ത്തകരെയടക്കം ഫ്രറ്റേണിറ്റിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. 
സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പ്ലാറ്റ്‌ഫോമിലേക്ക് ഒരു പുതിയ സംഘടനയുടെ കടന്നുവരവായിരുന്നു ജെ.എന്‍.യുവില്‍ ഫ്രറ്റേണിറ്റിയുടെ രൂപീകരണം. കേവലം മുസ്ലിം വിദ്യാര്‍ഥികള്‍ മാത്രമല്ല, ദലിത്, ക്രിസ്ത്യന്‍, ഫെമിനിസ്റ്റ് ധാരകളിലുള്ള നിരവധി വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യവേദിയായാണ് ഫ്രറ്റേണിറ്റി കാമ്പസില്‍ വളരുന്നത്. ആ മുന്നേറ്റത്തിന് വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. 

ഈ വര്‍ഷത്തെ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത ബപ്‌സ - ഫ്രറ്റേണിറ്റി സഖ്യമാണ്. ഇതെങ്ങനെയാണ് സാധ്യമായത്? സഖ്യത്തെ കുറിച്ച പ്രതികരണങ്ങള്‍ എന്തെല്ലാമായിരുന്നു?

ദലിത്-ബഹുജന്‍ ഇടങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വന്തം സാമുദായിക അസ്തിത്വത്തെ ആവിഷ്‌കരിക്കാനുള്ള ഇടമായാണ് ബപ്‌സ വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. 2015 മുതല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ജെ.എന്‍.യു യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായി ബപ്‌സ മത്സരിക്കുന്നുണ്ട്. 2017-ല്‍ രോഹിത് മൂവ്‌മെന്റോടെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബപ്‌സ ഒറ്റക്ക് മത്സരിച്ചു ജയിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് അതിന് തടയിടാനാണ് അതുവരെ പ്രത്യയശാസ്ത്ര ഭിന്നതകളില്‍ തര്‍ക്കിച്ച് പരസ്പരം മത്സരിച്ചിരുന്ന ഇടതുപക്ഷ സംഘടനകളും വ്യക്തികളും ഐക്യപ്പെടുന്നതും ലെഫ്റ്റ് യൂനിറ്റി ഉണ്ടാക്കുന്നതും. പ്രത്യക്ഷത്തില്‍ എ.ബി.വി.പിയുടേതടക്കമുള്ള സംഘ്പരിവാര്‍ ഫാഷിസത്തെ പ്രതിരോധിക്കാനാണെന്ന് അവര്‍ വാദിക്കുമ്പോഴും വാസ്തവത്തില്‍ ഈ ഐക്യം സാധ്യമാക്കിയത് ദലിത് - ബഹുജന്‍ വിരുദ്ധതയായിരുന്നു. ഇതോടെ ബപ്സയും രാഷ്ട്രീയ സഖ്യത്തെ കുറിച്ച് ആലോചിച്ചു തുടങ്ങി. 
മാത്രമല്ല, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം എന്ന തലത്തിലേക്കുള്ള ബഹുജന്‍ സങ്കല്‍പത്തിന്റെ വികാസം മതന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും കശ്മീര്‍, അസം, തമിഴ്‌നാട് പോലുള്ള പ്രാദേശീയ പ്രശ്‌നങ്ങളെയും മറ്റും അഭിമുഖീകരിക്കാന്‍ ബപ്‌സയെ പ്രാപ്തമാക്കിയിരുന്നു. അങ്ങനെയാണ് ഇവിടെയുള്ള ആദിവാസികളും മുസ്ലിംകളും ഫെമിനിസ്റ്റുകളുമായ വലിയൊരു സമൂഹത്തോട് രാഷ്ട്രീയപരമായ ഇടപാടുകള്‍ സാധ്യമാക്കണമെന്ന് ബപ്‌സ അതിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിച്ചതും സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിച്ചിരുന്നതും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടതു, വലത് ബ്ലോക്കുകള്‍ക്ക് അതീതമായി സാമൂഹിക നീതി ലക്ഷ്യം വെക്കുന്ന ഒരു സഖ്യം രൂപപ്പെടണം എന്നായിരുന്നു. അങ്ങനെ ബപ്‌സയും ഫ്രറ്റേണിറ്റിയും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായാണ് സഖ്യം രൂപപ്പെടുന്നത്.
ഈ സഖ്യം യാഥാര്‍ഥ്യമായത് ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷത്തിന് വലിയ ഞെട്ടലായിരുന്നു. ഒന്നാമതായി മുസ്ലിം പങ്കാളിത്തം ധാരാളമായുള്ള ഒരു സംഘടന രാഷ്ട്രീയ രംഗത്തേക്ക് വരുന്നു എന്നത് ഇവിടത്തെ ഇസ്ലാമോഫോബിക്കായ ലെഫ്റ്റിനെ സംബന്ധിച്ചേടത്തോളം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. രണ്ടാമതായി, മുസ്ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ അവരുടെ സമുദായത്തിനുള്ളിലെ ജാതീയതയുടെ പ്രതിഫലനങ്ങളായി മാത്രം അവതരിപ്പിച്ചിരുന്ന ഒരു രീതിശാസ്ത്രമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ബപ്‌സ പോലുള്ള പ്രസ്ഥാനങ്ങള്‍ ഇത്തരം ആരോപണങ്ങളെ മറികടന്ന് തങ്ങളുടെ കീഴാള ചേരിയുടെ ഭാഗമാണ് ഫ്രറ്റേണിറ്റി പോലുള്ള പ്രസ്ഥാനങ്ങളെന്ന് പ്രഖ്യാപിച്ചത് അവരെ വല്ലാതെ അസ്വസ്ഥരാക്കി. 
അതുകൊണ്ടുതന്നെ ഈ ഐക്യത്തെ ആരോപണങ്ങളിലൂടെ പരിക്കേല്‍പിക്കാനാണ് ഇടതു, വലത് കക്ഷികള്‍ തുടക്കം മുതലേ ശ്രമിച്ചത്. ഫ്രറ്റേണിറ്റി 'താഴ്ന്ന ജാതി' മുസ്ലിംകളുടെ സംഘടനയല്ലെന്നും അവര്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നും അവര്‍ ഇവിടത്തെ മുസ്ലിം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് എന്നുമൊക്കെയുള്ള സ്ഥിരം ആരോപണങ്ങള്‍ തന്നെ വീണ്ടും ഉന്നയിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. അതില്‍ അധ്യാപകരുടെയടക്കം പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അധ്യാപക സംഘടനകള്‍ മുന്‍കാലങ്ങളില്‍ ഇവിടത്തെ മുസ്ലിം സംഘടനകള്‍ക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ തന്നെ പൊടിതട്ടിയെടുത്ത് ഫ്രറ്റേണിറ്റിക്കെതിരെ പ്രയോഗിക്കുകയായിരുന്നു. അഫ്രീന്‍ ഫാത്വിമയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ, ഒരു പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്ത്രീപ്രതിനിധാനത്തെ ഉയര്‍ത്തിക്കാട്ടിയും അവരുടെ മതപരതയെ ചോദ്യംചെയ്തും വലിയ തോതിലുള്ള പ്രചാരണം നടത്തുകയുണ്ടായി. 'കാമ്പസിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാത്ത, കശ്മീരിനെ കുറിച്ച് സംസാരിക്കുന്ന ഒരു മുസ്‌ലിം യുവതി' എന്ന രീതിയില്‍ വളരെ ഇസ്‌ലാമോഫോബിക്കായ ചിത്രീകരണമായിരുന്നു ഇടതുപക്ഷത്തിന്റേത്.
ബപ്‌സക്കെതിരെയും മുസ്ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായ പ്രോപഗണ്ട നടത്തി ഇടതുപക്ഷം. ഒന്നാമതായി, ബപ്‌സ ഹരിജനങ്ങളുടെ സംഘമാണ് എന്നൊക്കെയുള്ള ജാതീയമായ, വ്യംഗ്യാര്‍ഥമുള്ള പ്രചാരണങ്ങള്‍. മുസ്ലിംകളോട് മോശം നിലപാടുകളെടുക്കുന്ന ബി.എസ്.പിയുടെ വിദ്യാര്‍ഥി സംഘടനയാണ് ബപ്‌സയെന്നും അവര്‍ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. ഇങ്ങനെ ബപ്‌സക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്ലിം വോട്ടുകളും, ഫ്രറ്റേണിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ലിബറല്‍, ഹിന്ദു വോട്ടുകളും പിടിച്ചെടുക്കാനാണ് അവര്‍ ശ്രമിച്ചത്. 
കാമ്പസിലെ ചര്‍ച്ചകളില്‍ മുസ്ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെ വര്‍ഗീയതയും മതമൗലികവാദവുമായി ചിത്രീകരിച്ചപ്പോള്‍ വര്‍ഗീയത, മതമൗലികവാദം തുടങ്ങിയ പരികല്‍പ്പനകള്‍ സൃഷ്ടിച്ചത് ഇന്ത്യയിലെ അധീശ ദേശീയവാദവും ആഗോളതലത്തില്‍ സാമ്രാജ്യത്വ ശക്തികളുമാണ് എന്നും, അത് സാമ്രാജ്യത്വ-ദേശീയവാദ വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും തെളിയിക്കാന്‍ ബപ്‌സ- ഫ്രറ്റേണിറ്റി സഖ്യത്തിന് സാധിച്ചു. മാത്രമല്ല, പോസ്റ്റ് സെക്യുലരിസം പോലുള്ള പുതിയ വൈജ്ഞാനിക പ്രവണതകളുടെ പശ്ചാത്തലത്തില്‍ ലോകത്തെ മുസ്ലിം സാമൂഹിക പ്രസ്ഥാനങ്ങളെയും അവരുടെ ഐക്യദാര്‍ഢ്യ രാഷ്ട്രീയത്തെയും അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടതുപക്ഷം നിര്‍ണയിച്ച ചട്ടക്കൂടുകളെ നിര്‍വീര്യമാക്കുന്ന പുതിയ സാമൂഹികശാസ്ത്ര സങ്കല്‍പനങ്ങളെ കാമ്പസിലേക്ക് അതിശക്തമായി കടത്തിവിടാനും കാമ്പസിന്റെ രാഷ്ട്രീയഭാഷ തന്നെ മാറ്റിമറിക്കാനും ഈ സഖ്യത്തിന് സാധിച്ചു. പോസ്റ്റ് സെക്യുലറും പോസ്റ്റ് ഓറിയന്റലിസ്റ്റും പോസ്റ്റ് എസന്‍ഷ്യലിസ്റ്റുമായ ഒരു ഇസ്ലാമിക സാമൂഹിക വീക്ഷണത്തെ കുറിച്ച അതിശക്തമായ സാമൂഹിക-രാഷ്ട്രീയ സംവാദം തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. ഇതിലൂടെ പുതിയ അവബോധങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചു. അങ്ങനെ പരമ്പരാഗത രാഷ്ട്രീയ പദാവലിക്കപ്പുറത്തേക്ക് നാം വികസിപ്പിച്ച ഭാഷക്ക് കിട്ടിയ സ്വീകാര്യതയുടെ പ്രതിഫലനമായിരുന്നു പല ഡിപ്പാര്‍ട്ട്മെന്റുകളിലും ലഭിച്ച ഉയര്‍ന്ന വോട്ട് ഷെയര്‍ എന്നാണ് മനസ്സിലാകുന്നത്.  

കാമ്പസിലെ വൈജ്ഞാനിക മേല്‍ക്കോയ്മയെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലൂടെയാണല്ലോ താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വൈജ്ഞാനിക രാഷ്ട്രീയം എങ്ങനെയായിരിക്കണം മുന്നോട്ടു കൊണ്ടുപോകേണ്ടത്?

കാമ്പസുകളിലെ വൈജ്ഞാനിക പ്രവര്‍ത്തനം കേവലം ഡിഗ്രികള്‍ നേടുക, കരിയര്‍ വളര്‍ത്തുക, മികച്ച സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനു പോവുക എന്നതിലൊക്കെ പരിമിതമാണെന്ന് കരുതരുത്. മൊത്തം സാമൂഹിക അന്തരീക്ഷത്തെ മാറ്റുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാമ്പസിലെ വൈജ്ഞാനിക രാഷ്ട്രീയത്തെ കാണണമെന്നാണ് ഫ്രറ്റേണിറ്റി അതിന്റെ ആക്റ്റിവിസത്തിലൂടെ പറഞ്ഞുവെക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ധാരാളം പേര്‍ ഈ രംഗത്തേക്ക് കടന്നുവരേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ അവസ്ഥകളോട് താദാത്മ്യപ്പെടാത്ത കേവലം വ്യക്തിപരമായ അക്കാദമിക മികവുകള്‍ കീഴാളരും പാര്‍ശ്വവല്‍കൃതരുമായവരുടെ സാമൂഹിക ഉന്നമനത്തിന് വലിയ സഹായമൊന്നും ചെയ്തിട്ടില്ല എന്നതാണ് കാമ്പസ് അനുഭവങ്ങള്‍ നമ്മോട് പറയുന്നത്. 
അതുകൊണ്ടുതന്നെ ഇന്ത്യയിലെ അക്കാദമിക പ്രവര്‍ത്തനത്തിന് ഒരു രാഷ്ട്രീയ ഉള്ളടക്കമുണ്ടെന്നും അത് സാധ്യമാകേണ്ടത് നിലനില്‍ക്കുന്ന സവര്‍ണ മേല്‍ക്കോയ്മയെ ചെറുത്തുകൊണ്ടാണെന്നുമുള്ള ബോധം വൈജ്ഞാനിക രംഗത്തേക്ക് പ്രവേശിക്കുന്ന മുസ്ലിം - കീഴാള വിദ്യാഥികള്‍ക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കേവല വൈജ്ഞാനിക വളര്‍ച്ചക്കപ്പുറം ഈ രാഷ്ട്രീയ സമരത്തെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇലക്ഷനുകളിലൂടെ യൂനിയന്‍ ഭരണം എന്നതിനപ്പുറം കാമ്പസിനെ നിര്‍മിച്ച വൈജ്ഞാനിക ചട്ടക്കൂടിനെ പുനര്‍നിര്‍മിക്കാനുള്ള പുതിയൊരു രാഷ്ട്രീയ ഇടപെടലാണ് കാമ്പസുകളില്‍ ഫ്രറ്റേണിറ്റി ഉണ്ടാക്കേണ്ടത്. 
ഉദാഹരണമായി, അഫ്‌സല്‍ ഗുരുവിന്റെ വധവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവില്‍ 2016 ഫെബ്രുവരി ഒമ്പതിന് നടന്ന സംഭവങ്ങളെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ ദേശീയതയുമായി ബന്ധപ്പെട്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇടതുപക്ഷ അധ്യാപകരുടെ സഹകരണത്തോടെ ഒരു ലക്ചര്‍ സീരീസ് സംഘടിപ്പിക്കപ്പെടുകയുണ്ടായി. ജെ.എന്‍.യു പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന വളരെ ശ്രദ്ധയാകര്‍ഷിച്ച പരിപാടിയായിരുന്നു അത്. ദേശീയതയുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലത്തിലുള്ള 25-ഓളം പ്രഭാഷണങ്ങളാണ് നടന്നത്. പിന്നീട് ഒരു പ്രമുഖ പ്രസിദ്ധീകരണാലയം അത് പുസ്തകമാക്കി ഇറക്കുകയും ചെയ്തിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പല വിഷയങ്ങളും കൈകാര്യം ചെയ്യപ്പെട്ട സീരീസില്‍ ഒന്നില്‍പോലും മുസ്ലിംകളുടെ ദേശീയതയുമായി ബന്ധപ്പെട്ട ഇടപാടുകളെയോ അല്ലാമാ ഇഖ്ബാല്‍, മുഹമ്മദലി ജൗഹര്‍, മൗലാനാ മൗദൂദി, അബുല്‍ കലാം ആസാദ് തുടങ്ങിയ വ്യക്തികളെയോ മറ്റു പ്രസ്ഥാനങ്ങളെയോ അടയാളപ്പെടുത്തുന്ന യാതൊരു ചര്‍ച്ചയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധമറിയിച്ചുകൊണ്ടും എന്തുകൊണ്ടാണ് ജെ.എന്‍.യുവിന്റെ വൈജ്ഞാനിക ഭാവനയിലോ വ്യവഹാരങ്ങളിലോ മുസ്ലിം പ്രതിനിധാനം ഇല്ലാത്തത് എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടും വൈ.എഫ്.ഡി.എ ഒരു ബദല്‍ ലക്ചര്‍ സീരീസ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഇതുമായി ജെ.എന്‍.യുവിലെ മുസ്ലിം ഫാക്കല്‍റ്റികള്‍ പോലും സഹകരിക്കാന്‍ ധൈര്യപ്പെട്ടില്ല. സര്‍വകലാശാലാ അധികൃതര്‍ അനുമതിയും തന്നില്ല. പുരോഗമനപരമെന്ന് പറയപ്പെടുന്ന ജെ.എന്‍.യുവിലെ സംവാദ ഇടങ്ങള്‍ പോലും മുസ്ലിം ശബ്ദങ്ങളോടും ചോദ്യങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഈ സംഭവം. ഇനിയും നാം പൊരുതി നേടേണ്ട ഇടങ്ങളെ കുറിച്ചുള്ള ആലോചനകളും ശ്രമങ്ങളുമാണ് എപ്പോഴുമുണ്ടാവേണ്ടത്.

വിദ്യാഭ്യാസരംഗത്തെ  സംഘപരിവാര്‍ ഇടപെടലിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു? ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിരംഗത്ത് ഇടതു മേല്‍ക്കോയ്മ ആണെങ്കിലും അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് സംഘ്പരിവാറിനാണ് മേല്‍ക്കൈ ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

മോദിഭരണകാലത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന വേട്ട വളരെ ശക്തമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 2019 കരടുരേഖ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ളവക്ക് ഉദാരമായി പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയും മറുഭാഗത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ലോണെടുത്ത് സംവിധാനം മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് നമുക്ക് കാണാന്‍ സാധിക്കുക. സാമ്പത്തിക സഹായം വെട്ടിക്കുറക്കുക, പല കോഴ്സുകളും ഇല്ലാതാക്കുക, പുതിയ കോഴ്സുകള്‍ ലോണെടുത്തോ വിദ്യാര്‍ഥികളില്‍നിന്ന് ഉയര്‍ന്ന ഫീസീടാക്കിയോ നടത്താന്‍ നിര്‍ദേശിക്കുക, വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുതുതായി അപേക്ഷ ക്ഷണിക്കാതിരിക്കുക, നിയമനങ്ങളിലും അഡ്മിഷനിലും സംവരണം അട്ടിമറിക്കുക, 'ഇസ്ലാമിക ടെററിസം' പോലുള്ള കോഴ്സുകള്‍ തുടങ്ങുക എന്നിങ്ങനെ വിദ്യാര്‍ഥിവിരുദ്ധമായ / അക്കാദമിക വിരുദ്ധമായ നയങ്ങളും നീക്കങ്ങളും കൈക്കൊള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. 
ജെ.എന്‍.യുവില്‍ അടക്കം സംഘ്പരിവാര്‍ ആഭിമുഖ്യമുള്ളവരെ നിയമിക്കുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിനെതിരെ അധ്യാപക യൂനിയനുകള്‍ പരസ്യമായി നിലപാടെടുത്തിട്ടു്. എന്നാല്‍ പുരോഗമനവാദികളെന്ന് പറയുന്ന ഇവരില്‍ പലരുമാണ് രണ്ടാം മണ്ഡല്‍ നിര്‍ദേശങ്ങള്‍ വന്നതിനു ശേഷം അധ്യാപകരംഗത്തെ സംവരണത്തെ ശക്തമായി എതിര്‍ക്കുന്നതും. ബിപന്‍ ചന്ദ്ര, ടി.കെ ഉമ്മന്‍, മൃദുല മുഖര്‍ജി, ആദിത്യ മുഖര്‍ജി പോലുള്ള പ്രഫസര്‍മാരായിരുന്നു ഇതില്‍ പ്രധാനികള്‍. അതുകൊണ്ടു തന്നെ അധ്യാപക തലത്തിലുള്ള ജനാധിപത്യവല്‍ക്കരണം ഇവിടെ നടപ്പായിട്ടില്ല. ഇന്നുപോലും ഒരു ഒ.ബി.സി പ്രഫസര്‍ ഇവിടെയില്ല. സംഘ്പരിവാര്‍ അധ്യാപനരംഗത്തേക്ക് കടന്നുകയറുന്നു എന്ന് ഇന്ന് നിലവിളിക്കുന്ന ഇവരില്‍ പലരും അവരുടെ തന്നെ പ്രവൃത്തികളുടെ പ്രതിഫലനമാണ് ഇതെന്ന് മനസ്സിലാക്കുന്നില്ല. ഇടതിന്റെ ഇത്തരം നയങ്ങള്‍ സംഘ്പരിവാറിനെതിരായ പോരാട്ടങ്ങളെയാണ് ദുര്‍ബലപ്പെടുത്തിയത്. പലപ്പോഴും സംവരണം അടക്കമുള്ള വിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് തന്നെയാണ് സംഘ്പരിവാറും പിന്തുടര്‍ന്നത്. 
രണ്ടാം മണ്ഡല്‍ സാധ്യമാക്കിയ പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് തടയിടുക എന്നതാണ് സംഘ്പരിവാര്‍ നീക്കത്തിന്റെ പിന്നിലുള്ള യഥാര്‍ഥ അജണ്ട. 2014-15 വാര്‍ഷിക റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ജെ.എന്‍.യുവിലെ എസ്.സി / എസ്.ടി / ഒ.ബി.സി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം അമ്പത് ശതമാനത്തിലധികം ആയിട്ടുണ്ടെന്ന് കാണാം. ഇതൊരു തരത്തിലും സംഘ്പരിവാറിന് അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതാണ് രോഹിത് വെമുലയുടെ  സ്ഥാപനവല്‍കൃത കൊലപാതകത്തിനും നജീബിന്റെ നിര്‍ബന്ധിത തിരോധാനത്തിനും കാരണമായത്. അതല്ലാതെ ഇടതുപക്ഷം പറയുമ്പോലെ സാമ്പത്തിക കാരണമല്ല, മറിച്ച് സാമുദായിക സ്ഥാനമാണ് (സംവരണം ഉദാഹരണം) ദേശീയതയുടെ പ്രശ്‌നമെന്ന നിലയില്‍ സംഘ്പരിവാറിന്റെ വളര്‍ച്ചയെ വ്യത്യസ്തമാക്കുന്നത്.  
സംഘ്പരിവാറിനെതിരെ ശബ്ദമുയര്‍ത്തുന്ന അക്കാദമിക പ്രവര്‍ത്തകരെ വേട്ടയാടുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്ന ഭീതിദമായ സാഹചര്യം ഇന്നുണ്ട്. ഇഫ്‌ലുവിലെ പ്രഫ. കെ. സത്യനാരായണ, ഡോ. ആനന്ദ് തെല്‍തുംടെ, ദല്‍ഹി സര്‍വകലാശാലയിലെ ഡോ. ജി.എന്‍ സായ്ബാബ തുടങ്ങി ഒട്ടനവധി പേര്‍ ഇതിന്റെ ഇരകളാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ദല്‍ഹി സര്‍വകലാശാലയിലെ പ്രഫ. ഹാനി ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡ്. ദല്‍ഹി സര്‍വകലാശാലയിലെ സംവരണ പോരാട്ടങ്ങളിലെ മുന്‍നിര ശബ്ദവും മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലെ അവഗണിക്കാനാകാത്ത സാന്നിധ്യവുമാണ് ഹാനി ബാബു. ദലിത് ബഹുജന്‍ പിന്നാക്ക ആഭിമുഖ്യമുള്ളവരെയാണ് സംഘ്പരിവാര്‍ കാര്യമായും ഉന്നംവെക്കുന്നത്. മാത്രമല്ല ഉയര്‍ന്ന ജാതി പശ്ചാത്തലമുള്ള റോമില ഥാപ്പര്‍ക്ക് കിട്ടുന്ന പിന്തുണ ഹാനി ബാബുവിനെ പോലുള്ളവര്‍ക്ക് കിട്ടുന്നില്ല. കാരണം ഇന്ത്യയില്‍ ആരാണ് മനുഷ്യാവകാശത്തിന് അര്‍ഹര്‍ എന്നത് മുന്‍കൂര്‍ തീരുമാനിക്കപ്പെട്ടതാണ്. ഇത് സംഘ്പരിവാര്‍ വിമര്‍ശകര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. 
കാമ്പസിലുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഒരര്‍ഥത്തിലുമുള്ള പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തരുത് എന്ന നിലപാടിലാണ് ഈ വേട്ട തുടരുന്നത്. എന്നാല്‍ പ്രതിശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നതിനനുസരിച്ച് വിദ്യാര്‍ഥി - അധ്യാപക പ്രതിപക്ഷം ശക്തിപ്പെടുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. മാത്രമല്ല ഫാഷിസത്തിനെതിരായ സമരങ്ങള്‍ വലിയ മുദ്രാവാക്യങ്ങള്‍ മാത്രമല്ല, സൂക്ഷ്മ സമരങ്ങള്‍ കൂടിയാണ്.


(ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയാണ് ബാസില്‍ ഇസ്‌ലാം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌