Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

'ബാബരി: നാമുള്ളത് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍'

ഡോ. എസ്.ക്യു.ആര്‍ ഇല്‍യാസ്

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തുടരുന്ന നിയമപോരാട്ടം ഇപ്പോള്‍ സുപ്രീം കോടതിയില്‍ അന്തിമഘട്ടത്തിലാണ്. ഒക്‌ടോബറോടെ വാദപ്രതിവാദങ്ങള്‍ കേള്‍ക്കുന്നത് അവസാനിപ്പിച്ച് നവംബര്‍ രണ്ടാം വാരം അന്തിമവിധി വരുമെന്നാണ് സൂചനകള്‍. പത്തുവര്‍ഷക്കാലം 'ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് കമ്മിറ്റി ഓണ്‍ ബാബരി മസ്ജിദി'ന്റെ കണ്‍വീനറും നിലവില്‍ കോ-കണ്‍വീനറുമായ ഡോ. സയ്യിദ് ഖാസിം റസൂല്‍ ഇല്‍യാസ് ബാബരി മസ്ജിദ് കേസിന്റെ പശ്ചാത്തലത്തില്‍ പ്രബോധനത്തോട് സംസാരിക്കുന്നു 


ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഏതെല്ലാം കേസുകളാണ് സുപ്രീം കോടതിയില്‍ നടക്കുന്നത്? എന്താണ് കേസുകളുടെ നിലവിലുള്ള അവസ്ഥ, വിശേഷിച്ച് ഭൂമിയുമായി ബന്ധപ്പെട്ട കേസ്?

സുപ്രീം കോടതിയില്‍ ഇപ്പോള്‍ ബാബരിയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകളില്‍ പ്രധാനമായ ഒന്ന് ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ടതാണ്. മുസ്ലിംകളുടെ ഭാഗത്തുനിന്ന് എട്ടു വാദികളെയും ഹിന്ദുക്കളുടെ ഭാഗത്തു നിന്ന് ഏഴു വാദികളെയുമാണ് നിലവില്‍ സുപ്രീം കോടതി കേള്‍ക്കുന്നത്.
2010-ല്‍ ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന് 2011-ന്റെ ആരംഭത്തിലാണ് ഈ കേസുകള്‍ സുപ്രീം കോടതിയില്‍ ആരംഭിക്കുന്നത്. ആദ്യത്തെ ഏഴു വര്‍ഷം ഈ കേസ് സുപ്രീം കോടതിയില്‍ വാദം കേട്ടിരുന്നില്ല (പെന്‍ഡിംഗ് ലിസ്റ്റിലായിരുന്നു). അലഹബാദ് ഹൈക്കോടതിയുടെ ബാബരി വിധി ഏകദേശം എണ്ണായിരത്തോളം പേജുകളുള്ള ഒന്നായിരുന്നു. ഒപ്പം 42000 പേജുകളുള്ള മറ്റു രേഖകളും കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. അര ലക്ഷത്തിനടുത്ത് പേജുകള്‍ വരുന്ന ഈ രേഖകള്‍ ഹിന്ദി, പേര്‍ഷ്യന്‍, ഉര്‍ദു, ഗുര്‍മുഖി ഭാഷകളിലായിട്ടാണ് എഴുതപ്പെട്ടത്. അലഹബാദ് ഹൈക്കോടതി വിധിയിലെ വാദങ്ങള്‍, പ്രതിവാദങ്ങള്‍ എന്നിവ ഹിന്ദിയിലായിരുന്നു രേഖപ്പെടുത്തിയത്. സുപ്രീം കോടതി ഇവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. തുടക്കത്തില്‍ പരിഭാഷപ്പെടുത്തുകയെന്ന ഈ ഹിമാലയന്‍ ടാസ്‌ക് സുപ്രീം കോടതി ഏറ്റെടുത്തെങ്കിലും പിന്നീട് തങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരിഭാഷപ്പെടുത്താന്‍ ഇരുകൂട്ടരെയും കോടതി ഏല്‍പിക്കുകയായിരുന്നു. അലഹബാദ് കോടതിവിധിയില്‍ വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും പരിഭാഷ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് നിര്‍വഹിച്ചു. 2011 മുതല്‍ ഏഴ് വര്‍ഷത്തോളം ഈ പരിഭാഷപ്പെടുത്തല്‍ പ്രക്രിയ നീണ്ടുനിന്നു. കഴിഞ്ഞ വര്‍ഷമാണ് കോടതിയില്‍ വാദങ്ങള്‍ കേള്‍ക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ആ സമയത്ത് പരിഭാഷകളെക്കുറിച്ച് ഇരുകൂട്ടരും പരാതികള്‍ ഉന്നയിച്ചു. പരാതികള്‍ കേള്‍ക്കുകയും പരിഹരിക്കപ്പെടുകയും ചെയ്തു.
വിശ്വാസങ്ങളുടെയോ വികാരങ്ങളുടെയോ പേരിലല്ല, കൃത്യമായ തെളിവുകളുടെയും നിയമവശങ്ങളുടെയും പിന്‍ബലത്തിലാണ് കേസ് പരിഗണിക്കുക എന്ന് വാദങ്ങള്‍ തുടങ്ങുന്നതിനു മുമ്പേ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ ബെഞ്ചിലെ ഒരു ജഡ്ജ് 'ഇത് ഏറെ ഉദ്വേഗജനകവും പ്രധാനപ്പെട്ടതുമായ കേസായതിനാല്‍ കൃത്യവും സമാധാനപരവുമായ ഒരു അവസാനം ഇതിനുണ്ടാവണമെന്നും കോടതി വ്യവഹാരങ്ങള്‍ക്ക് പുറത്തുള്ള ഒരു മധ്യസ്ഥ സംഘത്തെ വെച്ച് ഇത് പരിഹരിക്കാനുള്ള സാധ്യതകള്‍ കോടതി ഉപയോഗപ്പെടുത്തുമെന്നും' സൂചിപ്പിച്ചിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം മുമ്പ് പലതവണ നാം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയാറായിരുന്നു. എന്നാല്‍ അവ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ മധ്യസ്ഥ ചര്‍ച്ചകള്‍ പരിഹാരമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാലും നമ്മള്‍ ബാബരി മസ്ജിദ് ഭൂമിക്കേസ് കോടതിയിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കപ്പെടാം എന്ന തീരുമാനം ആദ്യമേ എടുക്കുകയും കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഒരു ശതമാനമെങ്കിലും സാധ്യത മധ്യസ്ഥ ചര്‍ച്ചകള്‍ക്കുണ്ടെങ്കില്‍ അത് നടത്തുമെന്ന് ജഡ്ജ് പറഞ്ഞിരുന്നു. പിന്നീട് മധ്യസ്ഥ ചര്‍ച്ചക്കായി കോടതി കമ്മിറ്റിയെ നിയമിച്ചു. എന്നാല്‍ കമ്മിറ്റിയില്‍ ശ്രീശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ നമ്മള്‍ എതിര്‍ത്തിരുന്നു. ബാബരി മസ്ജിദ് മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറിയില്ലെങ്കില്‍ സിറിയയിലേതു പോലെയുള്ള സാഹചര്യം ഇന്ത്യയിലുണ്ടാവുമെന്ന് പറഞ്ഞയാളാണ് രവിശങ്കര്‍. എന്നാല്‍ കോടതി അത് മുഖവിലക്കെടുത്തില്ല. മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ടു മാസത്തോളം നീണ്ടുനിന്ന ചര്‍ച്ച പരാജയമായിരുന്നു. ബാബരി ഭൂമി കൈമാറാന്‍ നമുക്ക് സാധ്യമല്ല എന്ന് നമ്മള്‍ ചര്‍ച്ചയില്‍ പറഞ്ഞു. പള്ളി  സ്വത്തല്ലെന്നും അല്ലാഹുവിന്റേതാണെന്നും നാം അതിന്റെ കൈകാര്യകര്‍ത്താക്കള്‍ മാത്രമാണെന്നും നമ്മള്‍ പറഞ്ഞു. ഒരു ക്ഷേത്രവും തകര്‍ത്തിട്ടല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്നും നമുക്കറിയാം. ഇത് രാമജന്മഭൂമിയാണെന്നും തങ്ങളുടേതാണെന്നും മറുപക്ഷവും ചര്‍ച്ചയില്‍ വാദിച്ചു.  
മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോടതി വാദപ്രതിവാദങ്ങള്‍ കേള്‍ക്കാന്‍ ആരംഭിച്ചു. ഹിന്ദു സംഘടനകളുടെയും പ്രതിനിധികളുടെയും വാദങ്ങള്‍ കേള്‍ക്കുന്നതിനുള്ള ഒരു റൗണ്ട് അവസാനിച്ചു. ബാബരി മസ്ജിദ്, ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്നതിനു തെളിവായ ഒരു രേഖയും അവര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്  കോടതി വ്യവഹാരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

ഏതൊക്കെ മുസ്‌ലിം സംഘടനകളാണ് ഇപ്പോള്‍ ബാബരി വിഷയത്തില്‍ സജീവമായി രംഗത്തുള്ളത്? മുസ്‌ലിം സംഘടനകള്‍ ഒറ്റക്കൊറ്റക്കാണോ, ഒന്നിച്ചാണോ കേസുകളില്‍ ഇടപെടുന്നത്?

നേരത്ത പറഞ്ഞതുപോലെ എട്ടു വാദികളാണ് മുസ്ലിംകളുടെ ഭാഗത്തു നിന്നുമുള്ളത്. ജംഇയ്യത്തുല്‍ ഉലമാ (ഉത്തര്‍പ്രദേശ് പ്രസിഡന്റ് ഹാഫിസ് സിദ്ദീഖി), ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ്, ഒപ്പം ഫൈസാബാദ്-അയോധ്യ പരിസരങ്ങളില്‍ താമസിക്കുന്ന ആറു പേര്‍. ജംഇയ്യത്തുല്‍ ഉലമ ഹാഫിസ് സിദ്ദീഖിയുടെ പേരില്‍ നിയമപോരാട്ടം നടത്തുന്നു. മറ്റു ഏഴു പേര്‍ക്കും നിയമ-സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡാണ്. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ഉടനെത്തന്നെ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഈ കേസുകളില്‍ സജീവമായി ഇടപെടുന്നുണ്ട്. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി, ബാബരി മസ്ജിദ് കോഡിനേഷന്‍ കമ്മിറ്റി എന്നിവ രൂപീകരിക്കപ്പെട്ടു. ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, സയ്യിദ് ശഹാബുദ്ദീന്‍ എന്നിവര്‍ അതിന്റെ പ്രധാന ഭാരവാഹികളായിരുന്നു. പിന്നീട് 2001-ല്‍ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നേരിട്ട് ഒരു കമ്മിറ്റി രൂപീകരിച്ചു; ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് കമ്മിറ്റി ഓണ്‍ ബാബരി മസ്ജിദ്. പതിമൂന്നംഗ കമ്മിറ്റിയുടെ കണ്‍വീനര്‍ ഞാനായിരുന്നു. 2010-ലെ അലഹബാദ് ഹൈക്കോടതി വിധിക്കു ശേഷം ഈ കമ്മിറ്റി പരിഷ്‌കരിച്ചു.  പതിമൂന്നംഗ കമ്മിറ്റി ആറംഗ കമ്മിറ്റിയാക്കി ചുരുക്കി. അഡ്വ. സഫരിയാബ് ജീലാനിയെ കണ്‍വീനറും എന്നെ കോ -കണ്‍വീനറുമാക്കി നിശ്ചയിച്ചു.

കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഗുണദോഷ വശങ്ങള്‍ എന്തൊക്കെയാണ്? ഒത്തു തീര്‍പ്പ് ചര്‍ച്ചകളോടുള്ള മുസ്‌ലിം സംഘടനകളുടെയും ജമാഅത്തിന്റെയും നിലപാട് എന്താണ്?

ഈ തര്‍ക്കം കോടതി വ്യവഹാരങ്ങളിലൂടെയോ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പു ചര്‍ച്ചകളിലൂടെയോ പരിഹരിക്കാവുന്നതാണ് എന്ന നിലപാട് 1956 മുതലേ നമുക്കുണ്ട്. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാവണം, കേവല വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാവരുത്. 'അവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്നും അത് തകര്‍ക്കപ്പെട്ടെന്നും എന്നിട്ട് അവിടെ പള്ളി നിര്‍മിച്ചതാണെന്നുമുള്ള തെളിവുകള്‍ കൊണ്ടുവരൂ' എന്നാണ് ഞങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകളിലും ആവശ്യപ്പെട്ടിരുന്നത്. ഒരു വിശ്വാസി സമൂഹത്തിന്റെയും ആരാധനാലയങ്ങള്‍ തകര്‍ക്കരുത് എന്നത് ഇസ്‌ലാമിന്റെ അധ്യാപനമാണ്. അതുകൊണ്ടുതന്നെ അങ്ങനെ ചെയ്തിട്ടുെന്ന് തെളിഞ്ഞാല്‍ ആ വിഷയം വിടാന്‍ ഞങ്ങള്‍ തയാറാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പ് മൂന്നിലധികം തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നതാണ്. മുന്‍പ്രധാനമന്ത്രിമാരായ വി.പി സിംഗും ചന്ദ്രശേഖറും അതില്‍ ഭാഗഭാക്കായിരുന്നു. ആ ചര്‍ച്ചകളൊക്കെയും പരാജയമായിരുന്നു.

മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചിരുന്ന് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആലോചനകള്‍ നടത്തിയോ? എന്താണ് വിശദാംശങ്ങള്‍?

പ്രധാനപ്പെട്ട മുസ്ലിം സംഘടനകളെല്ലാം ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ഭാഗമാണ്. ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്ത് അഹ്ലെ ഹദീസ്, ബറേല്‍വി, ദയൂബന്ദി, ദാറുല്‍ ഉലൂം, ജാമിഅ അശ്റഫിയ... എല്ലാവരും. ബാബരി വിഷയത്തില്‍ നിരന്തരമായി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗംങ്ങള്‍  ആലോചനകള്‍ നടത്തുകയും ഒന്നിച്ചിരിക്കുകയും ചെയ്യാറുണ്ട്. ഇത് മൊത്തം മുസ്ലിം സമുദായത്തെയും പ്രതിനിധീകരിക്കുന്ന സംഘമാണ്.

ഇന്ത്യയിലെ ചില ശീഈ കൂട്ടായ്മകള്‍ ബാബരി ഭൂമിയുമായി ബന്ധപെട്ട് ചില പ്രസ്താവനകള്‍, അവകാശവാദങ്ങള്‍ നടത്തുകയുണ്ടായി. എന്താണ് ഇതിനോടുളള നിലപാട്?

ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡില്‍ ശീഈ പണ്ഡിതരുമുണ്ട്. ബോര്‍ഡ് പ്രസിഡന്റ് മൗലാനാ സയ്യിദ് ഖല്‍ബെ സ്വാദിഖ് ഉള്‍പ്പടെയുള്ളവര്‍. ഉത്തര്‍പ്രദേശ് ശീഈ വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് വസീം റിസ്വിയാണ്, ബാബരി ശീഈ പള്ളിയായിരുന്നെന്നും അത് രാമജന്മഭൂമിക്കാര്‍ക്ക് ദാനമായി നല്‍കണമെന്നുമുള്ള പ്രസ്താവനയിറക്കിയത്. ഈ വാദത്തിന് ശീഈ സമുദായത്തില്‍നിന്നും അവരുടെ പണ്ഡിതന്മാര്‍ക്കിടയില്‍നിന്നും തന്നെ വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞു. 2010-ലെ അലഹബാദ് ഹൈക്കോടതി വിധി വരെ ഈ ശിഈ വഖ്ഫ് ബോര്‍ഡ് അങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടേയില്ല എന്നും മനസ്സിലാക്കുക. സുപ്രീം കോടതി അവരുടെ വാദം തള്ളിക്കളയുകയും ചെയ്തു. 1949 മുതല്‍ ബാബരി വിഷയത്തില്‍ സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് നിയമപോരാട്ടം നടത്തുകയാണ്.

വര്‍ഗീയത കത്തിച്ചുനിര്‍ത്താനും അധികാരം നേടാനുമുള്ള സംഘ#്പരിവാറിന്റെ പ്രധാന ആയുധമാണ് ബാബരി മസ്ജിദ് വിഷയമെന്നും, ബാബരി ഭൂമി വിട്ടുകൊടുത്ത് സംഘ്പരിവാറിനെ നിരായുധീകരിച്ച് പ്രശ്‌നം അവസാനിപ്പിച്ചു കൂടേ എന്നും അഭിപ്രായമുള്ളവരോട് പറയാനുള്ളതെന്താണ്?

ബാബരി വിഷയത്തില്‍ പരിഹാരം ഉണ്ടാവണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അത് ഏറ്റവും നീതിയുക്തമായ പരിഹാരമായിരിക്കണം. അതിനായി കോടതി വ്യവഹാരങ്ങളോടും കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകളോടും ഏറ്റവും നല്ല രീതിയില്‍ നമ്മള്‍ സഹകരിക്കുന്നുണ്ട്. അനധികൃതമായും മറ്റു ആരാധനാലയങ്ങള്‍ തകര്‍ത്തും നിര്‍മിച്ചതാണ് ബാബരി മസ്ജിദ് എന്ന് തെളിയിക്കപ്പെടാത്ത കാലത്തോളം ബാബരി മസ്ജിദ് അതായിത്തന്നെ നിലനിര്‍ത്തണം/ നിലനില്‍ക്കണം എന്നാണ് മുസ്ലിം പണ്ഡിതന്മാരുടെയും സംഘടനകളുടെയും കൃത്യമായ നിലപാട്. നാം പള്ളിയുടെ ഉടമസ്ഥരല്ല, കൈകാര്യകര്‍ത്താക്കള്‍ മാത്രമാണ്. നമുക്കത് വില്‍ക്കാനോ കൈമാറാനോ ദാനം നല്‍കാനോ അവകാശമില്ല. 
കോടതിയുടെ ഏറ്റവും അവസാനത്തെ വിധി (അത് അനുകൂലമായാലും പ്രതികൂലമായാലും) അംഗീകരിക്കും എന്നും നമ്മള്‍ ആദ്യമേ പറഞ്ഞതാണ്. എന്നാല്‍ മറുപക്ഷം അങ്ങനെയല്ല പറഞ്ഞത്. അവര്‍ക്കെതിരാണ് വിധിയെങ്കില്‍  അംഗീകരിക്കില്ല എന്നാണ്.


ബാബരി പള്ളി വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കണം എന്ന് പറയുന്നവര്‍ കരുതുന്നതെന്താണ്?

അവരുടെ പക്കല്‍ മുപ്പതിനായിരത്തോളം പള്ളികളുടെ ലിസ്റ്റ് ഉണ്ട്. മന്ദിരങ്ങള്‍ തകര്‍ത്താണ് അവ നിര്‍മിച്ചതെന്ന വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഉണ്ടാക്കിയ ലിസ്റ്റ്. കൃഷ്ണജന്മഭൂമിയെന്നവകാശപ്പെട്ട് യു.പി മഥുരയിലെ പള്ളിയടക്കം ഈ ലിസ്റ്റിലു്. ഹിന്ദുത്വവാദികളും ആര്‍.എസ്.എസും മറ്റു പല വിഷയങ്ങളില്‍നിന്നും നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. കശ്മീര്‍, പൗരത്വപട്ടിക... ഇവയിലെല്ലാം വിട്ടുവീഴ്ച ചെയ്യണമെന്നാണോ അവര്‍ പറയുന്നത്? ഇത് രാജ്യത്തെ മുസ്ലിംകളുടെ അസ്തിത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും വിഷയമാണ്. വിട്ടുവീഴ്ചകളല്ല, നീതിയാണ് പരിഹാരം.
രാജീവ് ധവാനെ പോലെയുള്ള പ്രഗത്ഭരായ അഭിഭാഷകര്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് നമുക്കു വേണ്ടി വാദിക്കുന്നത്. നവംബര്‍ പതിനഞ്ചോടെ വിധി വരും. നീതിയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

 
തയാറാക്കിയത്: അസ്ലഹ് വടകര,  കെ.പി തശ്രീഫ് മമ്പാട്‌
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌