Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

ഹലാല്‍-ഹറാമിന്റെ അതിര്‍വരമ്പുകള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

അല്ലാഹു നിഷിദ്ധമാക്കിയ ആഹാരങ്ങളും അവിഹിത മാര്‍ഗത്തില്‍ ലഭിക്കുന്ന സമ്പാദ്യങ്ങളും ഭക്ഷിക്കുന്നത് ഭവിഷ്യത്തുകളെക്കുറിച്ച ബോധമില്ലായ്മയാലാണ്. മുസ്‌ലിമിന് തന്റെ ജീവിത ദൗത്യനിര്‍വഹണത്തിന് ദീനിനെക്കുറിച്ച അവഗാഹം വേണം, ഹലാല്‍-ഹറാം അറിവ് വേണം. സാധാരണക്കാര്‍ക്കു പോലും ആവശ്യമാണ് ദൈവികാധ്യാപനങ്ങളെക്കുറിച്ച അവബോധം. അങ്ങാടിയില്‍ കറങ്ങി ഉമര്‍(റ) കച്ചവക്കാരെ ഉണര്‍ത്തും: ''ദീനിനെക്കുറിച്ച് അറിവുള്ളവര്‍ മാത്രമേ ഈ അങ്ങാടിയില്‍ കച്ചവടം നടത്താവൂ. ഇല്ലെങ്കില്‍ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ പലിശ തിന്നുപോകും.'' മദീനയിലെ പള്ളിയില്‍ നമസ്‌കരിക്കുകയും ഖുര്‍ആന്‍ ഓതുകയും ഹലാല്‍-ഹറാം പഠനത്തില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ടിരുന്ന വ്യക്തികളെ ചൂണ്ടി അബൂഹുറയ്‌റ പറയുകയുണ്ടായല്ലോ; 'അതാണ് നമ്മുടെ നബി(സ) അനുന്തര സ്വത്തായി വിട്ടേച്ചുപോയത്' (ത്വബറാനി).
സാമ്പത്തികശേഷി ഇല്ലെന്നിരുന്നാലും ആര്‍ഭാടത്തിലും ധാരാളിത്തത്തിലും ജീവിക്കണമെന്ന് മോഹമുള്ളവര്‍ തങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധമില്ലാതെ ചെലവ് ചെയ്യും. അത് ചിലപ്പോള്‍ പൊങ്ങച്ച മനോഭാവം മൂലമാവാം, ഭാര്യയുടെയും സ്വന്തക്കാരുടെയും നിര്‍ബന്ധം നിമിത്തമാവാം. അതിനാലാണ് ദുര്‍വ്യയത്തിന്റെയും ധൂര്‍ത്തിന്റെയും വാതിലുകള്‍ ഇസ്‌ലാം അടച്ചത്. ''നിങ്ങള്‍് തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക, അതിരു കവിയരുത്, അതിരു കവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍അഅ്‌റാഫ് 31). ''നീ ദുര്‍വ്യയം ചെയ്യരുത്, കാരണം ദുര്‍വ്യയം ചെയ്ത് ധൂര്‍ത്തടിക്കുന്നവര്‍ പിശാചുക്കളുടെ സഹോദരന്മാരാണ്, പിശാചാവട്ടെ തന്റെ നാഥനോട് നന്ദികെട്ടവനുമാകുന്നു'' (അല്‍ഇസ്രാഅ് 27).
ചില ഘട്ടങ്ങളില്‍ ഹറാം ആഹരിക്കുന്ന കുറ്റത്തിലേക്ക് മനുഷ്യനെ തള്ളിവിടുന്നത് കടങ്ങളാവാം. പകലില്‍ അപമാനത്തിനും രാത്രിയില്‍ ദുഃഖത്തിനും ദുഷ്ചിന്തകള്‍ക്കും കടം ഇടയാക്കും. കടം വീട്ടാന്‍ ഏതു മാര്‍ഗവും അവലംബിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാവും. കടക്കെണിയില്‍ കുടുങ്ങിയവരെ എന്തു വിലനല്‍കിയും മോചിപ്പിക്കാനാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. ''ഇനി കടം വാങ്ങിയവരില്‍ വല്ല ഞെരുക്കക്കാരും ഉണ്ടെങ്കില്‍ അവന് ആശ്വാസം ഉണ്ടാകുന്നതുവരെ അവധി കൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി വിട്ടുകൊടുക്കുന്നതാണ് നിങ്ങള്‍ക്ക് ഏറെ ഉത്തമം. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍'' (അല്‍ബഖറ 280).
ജീവിക്കുന്ന ചുറ്റുപാടും പരിസരവും ഹറാം ഭോജനത്തിലേക്ക് മനുഷ്യനെ പിടിച്ചുതള്ളും. മനുഷ്യന്‍ വളരുന്ന വീട്, കുടുംബം, സമൂഹം തുടങ്ങിയ സ്ഥാപനങ്ങള്‍  ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഹറാമിനെ കുറിച്ച് ഗൗരവബുദ്ധ്യാ ചിന്തിക്കാത്ത സാഹചര്യങ്ങളില്‍ വളരുന്ന വ്യക്തികള്‍ക്ക് നിഷിദ്ധാഹാരം വര്‍ജിക്കേണ്ടതായി തോന്നുകയില്ല.
ഹറാം തിന്നുന്നതില്‍ ആനന്ദം അനുഭവിക്കുന്നവരുമായുണ്ട് ഒരു കൂട്ടര്‍. ദാരിദ്ര്യവും പ്രാരാബ്ധങ്ങളും പട്ടിണിയും ചില സന്ദര്‍ഭങ്ങളില്‍ ഹറാം ആഹരിക്കാന്‍ മനുഷ്യനെ നിര്‍ബന്ധിതനാക്കി എന്നു വരാം. മക്കളുടെയും കുടുംബത്തിന്റെയും ഭാവിയെക്കുറിച്ച ആശങ്കയും ഹറാമിലേക്ക് പിടിച്ചുതള്ളാം. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ ഗൗനിക്കാതെയും തന്റെ ഭാവി അല്ലാഹുവിന്റെ കൈയില്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കാതെ തന്റെ ഭാഗധേയം തീരുമാനിക്കേണ്ടത് താന്‍ തന്നെയാണെന്ന് ധരിച്ചും കഴിയുന്നവര്‍ ഹറാമിന്റെ വഴികള്‍ തേടുകയും അപകടത്തില്‍ പതിക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ നിര്‍ദേശം എന്താണ്? ''തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ അവരുടെ ഗതിയെന്താകുമെന്ന് ഭയപ്പെടുന്നവര്‍ അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തിലും ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.'' (അന്നിസാഅ് 9).
പലിശ, കൈക്കൂലി, കോഴ, ചതി, വഞ്ചന, മോഷണം, പൊതുമുതല്‍ അപഹരണം ഇങ്ങനെ ഹറാം ആഹരിക്കുന്നതിന് നിരവധി മാര്‍ഗങ്ങളാണ് മുന്നില്‍ തുറന്നു കിടക്കുന്നത്. ഹലാല്‍ ആഹാരം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ സുഗമമല്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുര്യോഗം. സമ്പന്നരും ധനാഢ്യരും പ്രമാണിമാരുമായി മറ്റുള്ളവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള മോഹമായിരിക്കും ചിലരെ ഹറാമിന്റെ വഴികളിലേക്ക് തള്ളിവിടുന്നത്. പൊങ്ങച്ചത്തിന്റെയും അഹംഭാവത്തിന്റെയും മനസ്സ് പേറുന്നവര്‍ നാശഗര്‍ത്തത്തില്‍ ആപതിക്കും, തീര്‍ച്ച.
ഹറാം സമ്പാദ്യം ഈ കാലഘട്ടത്തില്‍ ആര്‍ജിച്ചിരിക്കേ ജീവിത നൈപുണിയുടെ ഭാഗമാണെന്ന് ധരിച്ചുവശായവരാണ് വേറൊരു വിഭാഗം. മറ്റുള്ളവരുടെ പ്രശംസയും പ്രേരണയും തങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും കീര്‍ത്തിയും കൂടിയാവുമ്പോള്‍ ഒരു മറയുമില്ലാതെ ഹറാം ഭോജനത്തിലും സമ്പാദനത്തിലും രമിക്കും അക്കൂട്ടര്‍.
'നിനക്ക് ഇതെങ്ങനെ കിട്ടി?' എന്ന ചോദ്യം ഭരണകര്‍ത്താക്കളില്‍നിന്നോ സമൂഹത്തില്‍നിന്നോ ഉയരാത്തതും വലിയ ഒരളവോളം ഇത്തരക്കാര്‍ക്ക് വളമാവാറുണ്ട്. നബി (സ) തന്റെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും കൃത്യമായ അന്വേഷണത്തിലൂടെ വരുമാനസ്രോതസ്സ് കണ്ടെത്തി തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമായിരുന്നു. ഇബ്‌നുല്‍ ഉതബിയ്യ എന്ന അനുചരനെ സ്വദഖ സ്വീകരിക്കാന്‍ നബി നിയോഗിച്ചു. ചുമതല നിറവേറ്റി തിരിച്ചുവന്ന അദ്ദേഹം: 'ഇത് നിങ്ങള്‍ക്കുള്ളത്, ഇത് എനിക്ക് ഉപഹാരമായി കിട്ടിയത്' എന്ന് പറഞ്ഞു. ഇതു കേട്ട നബി (സ): 'അയാള്‍ക്ക് അയാളുടെ പിതാവിന്റെയോ മാതാവിന്റെയോ വീട്ടില്‍ ഇരുന്ന് നോക്കിക്കൂടായിരുന്നോ, തനിക്ക് ഇങ്ങനെ സമ്മാനങ്ങളും ഉപഹാരങ്ങളും കിട്ടുമായിരുന്നോ എന്ന്. അല്ലാഹുവാണ, ഇങ്ങനെ സമ്പാദിക്കുന്നവര്‍ ഖിയാമത്ത് നാളില്‍ തങ്ങളുടെ സമ്പാദ്യവും ചുമലില്‍ ചുമന്ന് കൊണ്ടുവരും.' ആകാശത്തിലേക്ക് കൈ ഉയര്‍ത്തി റസൂല്‍ മൂന്ന് വട്ടം: 'അല്ലാഹുവേ ഞാന്‍ ഈ സന്ദേശം വേണ്ടവിധം കൈമാറിയില്ലേ?' (ബുഖാരി).
മനുഷ്യന്‍ ജീര്‍ണതക്ക് അടിപ്പെടുകയും ഭൗതിക സുഖാഡംബര പ്രമത്തതയാല്‍ ഹൃദയത്തിന് ആന്ധ്യം ബാധിക്കുകയും ചെയ്താല്‍ ആഹരിക്കുന്ന വിഭവങ്ങളുടെ ഹലാല്‍-ഹറാം മാനദണ്ഡത്തെക്കുറിച്ച് ഒരു ബോധവും ഉണ്ടാവില്ല. എങ്ങനെയും സുഖാസ്വാദനം മാത്രമായിരിക്കും അയാളുടെ മുന്നിലുള്ള ഏക ലക്ഷ്യം. അതാണ് റസൂല്‍ (സ) സൂചിപ്പിച്ചത്: ''ജനങ്ങള്‍ക്ക് ഒരു കാലം വരും. താന്‍ സമ്പാദിച്ചത് ഹലാലില്‍നിന്നോ ഹറാമില്‍നിന്നോ എന്നറിയാന്‍ തീരെ താല്‍പര്യം കാണിക്കാത്ത അവസ്ഥയിലായിരിക്കും അന്ന് മനുഷ്യന്‍'' (നസാഈ).

സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌