വികസിക്കുന്ന സുഹൃദ്‌വലയം
![](https://www.archive.prabodhanam.net/storage/uploads/volno76_issueno18/prvsm.jpg)
(പ്രവാസ സ്മരണകള്‍-10)
യു.എ.ഇയിലെ മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പേരുടെ ഒരു വന്‍ സുഹൃദ്‌വലയം എനിക്ക് ലഭിക്കുകയുണ്ടായി. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നീളുന്നതാണ് ആ സുഹൃദ്‌വൃന്ദം. പള്ളികളിലെ പൊതുക്ലാസ്സുകളിലും ജുമുആനന്തര പ്രഭാഷണങ്ങളിലും പങ്കെടുക്കുന്നവരും പ്രവാസി കൂട്ടായ്മകളുടെ സദസ്സുകളില്‍ സംബന്ധിക്കുന്നവരും ഹജ്ജ്കാലത്തെ ബോധവല്‍ക്കരണ ക്യാമ്പുകളില്‍ വെച്ച് കണ്ടുമുട്ടിയവരും അക്കൂട്ടത്തിലുണ്ട്. ഇടക്കിടെയുള്ള അവരുടെ ഫോണ്‍ വിളികളും സന്ദര്‍ശനങ്ങളും ഭൂതകാല സ്മരണകള്‍ തട്ടിയുണര്‍ത്തും. ഈയിടെ ഒരു ദിവസം ഞാന്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ കോളിംഗ് ബെല്ലടിച്ചു. ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ രണ്ടു പേര്‍ നില്‍ക്കുന്നു. ഒരാളെ എവിടെയോ കണ്ട ഓര്‍മയുണ്ടെങ്കിലും മറ്റേ ആളുടെ രൂപം തീരെ എന്റെ ഓര്‍മയിലില്ല. പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു: ''ഞങ്ങള്‍ രണ്ടു പേരും കണ്ണൂരില്‍നിന്നാണ് വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഉസ്താദിന്റെ സര്‍ഊനീ മസ്ജിദിലെ ക്ലാസ്സുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. എപ്പോഴും നിങ്ങളെ ഓര്‍ക്കാറുണ്ടെങ്കിലും, ഇപ്പോള്‍ ഞങ്ങളിവിടെ വരാനുള്ള കാരണം നിങ്ങള്‍ പ്രബോധനത്തിലെഴുതിയ ലേഖനമാണ്. അതിലൂടെയാണ് ഞങ്ങള്‍ ഉസ്താദിന് അപകടം പറ്റിയ വിവരമറിയുന്നത്. ലേഖനം വായിച്ചപ്പോള്‍ തോന്നി ഉസ്താദിനെ നേരിട്ട് വന്നു കാണണമെന്ന്. അങ്ങനെയാണ് ഇവിടെയെത്തിയത്.'' ഇരുവരും പ്രബോധനം വായനക്കാരാണെങ്കിലും പ്രസ്ഥാനപ്രവര്‍ത്തകരോ പ്രസ്ഥാനത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരോ അല്ല. 'ഒരു ബൈക്കപകടത്തിന്റെ ബാക്കിപത്രം' എന്ന അനുഭവക്കുറിപ്പിന് ധാരാളം പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. നേരിട്ടു വന്ന് സംസാരിച്ചവരും ഫോണിലൂടെ പ്രതികരണം അറിയിച്ചവരും അവരിലുണ്ട്. പല തര്‍ബിയത്തീപരമായ പാഠങ്ങളും ഉള്‍ക്കൊള്ളുന്നതാകയാല്‍ ഞങ്ങളാ ലേഖനം വാരാന്തയോഗത്തില്‍ വായിച്ച് ചര്‍ച്ച ചെയ്‌തെന്ന് ചിലര്‍ പറഞ്ഞപ്പോള്‍, മറ്റു ചിലര്‍ പറഞ്ഞത് ഇതുപോലുള്ള ഒരു വിഷയത്തില്‍ ഇതുപോലൊരു ലേഖനം വായിക്കുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു.
കുറച്ചു മുമ്പ് ഒരു ബന്ധുവിന്റെ വീട്ടില്‍ വിവാഹച്ചടങ്ങി
ല്‍ പങ്കെടുക്കാനായി പോയതായിരുന്നു. ഒരാള്‍ വന്ന് സലാം പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ശേഷം ഹജ്ജ്കാലത്തെ ഒരനുഭവം വിവരിച്ചു: ''നിങ്ങളുടെ ഒരു മറുപടിയാണ് ഞങ്ങളെ അബദ്ധത്തില്‍നിന്ന് രക്ഷിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഹജ്ജിന് മക്കയിലെത്തിയതായിരുന്നു. ഉംറ നിര്‍വഹിച്ച ശേഷം ഹജ്ജ് നിര്‍വഹിക്കുന്ന തമത്തുഅ് രീതിയിലാണ് ഞങ്ങള്‍ ഹജ്ജിന് പുറപ്പെട്ടിരുന്നത്. അതനുസരിച്ച് ഞങ്ങള്‍ ഒരാടിനെ ബലിയറുക്കുകയോ പത്തു ദിവസം നോമ്പനുഷ്ഠിക്കുകയോ വേണം. ഞങ്ങളുടെ കൈയില്‍ ബലിയറുക്കാന്‍ ആവശ്യമായ സംഖ്യയുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ തീരുമാനിച്ചു, കൈയിലുള്ള പൈസകൊണ്ട് തിരിച്ചുപോരുമ്പോള്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ വാങ്ങാമെന്നും ബലിയറുക്കുന്നതിനു പകരം നോമ്പനുഷ്ഠിക്കാമെന്നും. അതിനിടയിലാണ് മസ്ജിദുല്‍ ഹറാമിനടുത്തുള്ള ഒരു തമ്പിനുള്ളില്‍ ഇരുന്നുകൊണ്ട് താങ്കള്‍ മലയാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കണ്ടത്. അപ്പോള്‍ ഞങ്ങളുടെ പ്രശ്‌നവും ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെച്ചു. നിങ്ങള്‍ പറഞ്ഞു, കൈവശമുള്ള കാശുപയോഗിച്ച് ബലിമൃഗത്തെ വാങ്ങി അറുക്കുന്നതിനുപകരം ഹജ്ജില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങി പകരം നോമ്പനുഷ്ഠിച്ചാല്‍ അത് ശരിയാവുകയില്ല എന്ന്. ഈ മറുപടി കൊണ്ട് ഞങ്ങള്‍ വലിയൊരബദ്ധത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇപ്പോള്‍ നിങ്ങളെ ഇവിടെ വെച്ച് കണ്ടപ്പോള്‍ ആ സംഭവം ഒന്നുകൂടി ഓര്‍ത്തെടുത്തെന്നു മാത്രം.''
ദുബൈയിലെ ക്ലാസുകളിലൂടെ മാത്രം ബന്ധം സ്ഥാപിച്ച ഒരു കുടുംബം തങ്ങളുടെ മകളുടെ വിവാഹത്തിന് ഞാന്‍ കാര്‍മികത്വം വഹിക്കണമെന്ന് അഭ്യര്‍ഥിച്ചതനുസരിച്ച് ഞാനത് നിര്‍വഹിച്ചുകൊടുത്തതും, ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടക്കുന്ന മകന്റെ വിവാഹത്തിന് ഞാന്‍ തന്നെ കാര്‍മികത്വം വഹിക്കണമെന്ന് നിര്‍ബന്ധിക്കുകയും യാത്രക്കാവശ്യമായ വിസയും ടിക്കറ്റും അയച്ചുതരികയും ചെയ്തതും ഓര്‍ക്കുന്നു. സുദൃഢമായ സ്‌നേഹസൗഹൃദങ്ങളുടെ കഥപറയുന്ന ധാരാളം അനുഭവങ്ങള്‍ ഈ കുടുംബവുമായി ബന്ധപ്പെട്ട് ഉണ്ട്. അവരുടെ എല്ലാ കാര്യങ്ങളിലും അവര്‍ എന്നോട് ഉപദേശം തേടാറുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന പ്രഫ. അബ്ദുല്‍ഖാദിര്‍ സാഹിബു(പൊന്നാനി)മായും അദ്ദേഹത്തിന്റെ കുടുംബവുമായുമുള്ള ബന്ധം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അദ്ദേഹം അല്‍കറാമ മസ്ജിദിലെ എന്റെ ഖുര്‍ആന്‍ ക്ലാസ്സില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സുല്‍ഫിയയുടെ ഫഌറ്റില്‍ വെച്ചായിരുന്നു വനിതാ ക്ലാസുകള്‍ നടന്നിരുന്നത്. അതില്‍ അദ്ദേഹത്തിന്റെ ഭാര്യ സുഹ്‌റയും പങ്കെടുക്കാറുണ്ടായിരുന്നു. അവരുടെ മകന്‍ മുസ്സമ്മില്‍ ഏതാനും വര്‍ഷങ്ങള്‍ ശാന്തപുരം അല്‍ജാമിഅയില്‍ പഠിച്ചിരുന്നു. ആ കുടുംബവുമായി നാട്ടില്‍ വന്ന ശേഷവും നിരന്തരം ബന്ധം പുലര്‍ത്തുന്നു. മുസ്സമ്മിലിന്റെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് ഞാനാണ്.
ഞാനുമായും എന്റെ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരു കുടുംബമാണ് അബ്ദുസ്സത്താര്‍-ഹാജറ ദമ്പതികളും അവരുടെ മക്കളായ ശഹ്‌സാദ്, മുഹ്‌സിന്‍, ബിലാല്‍, മുഹമ്മദ് എന്നിവരുമടങ്ങിയ കുടുംബം.
മേല്‍പറഞ്ഞ കുടുംബങ്ങളേക്കാളെല്ലാം ശക്തവും അനുസ്യൂതവുമായ ബന്ധമുള്ള ഒരു കുടുംബമാണ് ചാവക്കാട് മണത്തല സ്വദേശി ടി.വി അബ്ദുര്‍റസാഖിന്റേത്. ഞാന്‍ ദുബൈയില്‍ എത്തുന്നതിനു മുമ്പേ അവിടെ ജോലി ചെയ്തിരുന്ന അബ്ദുര്‍റസാഖ് പള്ളികളിലെയും ഐ.സി.സിയിലെയും എന്റെ ക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കുകയും ഇടക്കിടെ എന്റെ റൂമില്‍ വരികയും അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നസീമ, മക്കള്‍ നബീല, ശഹീര്‍, നാദിര്‍ എന്നിവര്‍ക്കും ഞാനൊരു ഉസ്താദിനെപ്പോലെയായിരുന്നു. എന്നോട് വലിയ ആദരവും ബഹുമാനവും വെച്ചുപുലര്‍ത്തുന്ന അബ്ദുര്‍റസാഖും കുടുംബവും കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളിലും എന്നോട് ഉപദേശം തേടുന്നു. ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ബന്ധം തുടര്‍ന്നുവരുന്നു. ടെലിഫോണിലൂടെ വിവരമന്വേഷിക്കുന്നതുകൊണ്ട് മതിയാക്കാതെ നേരില്‍ വന്ന് കണ്ടാലേ അവര്‍ക്ക് തൃപ്തിയാവൂ. ഈ ഓര്‍മക്കുറിപ്പുകളെഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം വിവരമന്വേഷിച്ച് വിളിച്ചിരുന്നു. എല്ലാ വിവരങ്ങളും പറഞ്ഞുവെങ്കിലും പിറ്റേ ദിവസമതാ അദ്ദേഹം സ്വന്തം ജ്യേഷ്ഠന്‍ അലിയെയും സഹോദരപുത്രന്‍ അജ്മലിനെയും ദുബൈ സഹപ്രവര്‍ത്തകനായിരുന്ന തലശ്ശേരി സ്വദേശി അബൂബക്കറിനെയും കൂട്ടി ഒരു കാറില്‍ വന്ന് വീട്ടുമുറ്റത്തിറങ്ങുന്നു. എന്നെക്കുറിച്ച് ഉസ്താദ് എന്നേ അദ്ദേഹം പറയൂ. ഗുരുശിഷ്യബന്ധത്തിന്റെ ഒരാള്‍രൂപമായി ഞാനദ്ദേഹത്തെ കാണുന്നു.
പ്രസ്ഥാന പ്രവര്‍ത്തകരില്‍ അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്ന ധാരാളം പേരുണ്ടെങ്കിലും അവരില്‍ രണ്ടു പേരെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. പുത്തനത്താണിയിലെ അബ്ദുസ്സമദും ചങ്ങരംകുളത്തെ വി.വി അബൂബക്കറുമാണവര്‍. ഇരുപേര്‍ക്കും വിവരമന്വേഷിച്ച് വിളിക്കുകയോ നേരില്‍ വന്ന് കാണുകയോ ചെയ്താലേ സമാധാനമാവൂ. ഇങ്ങനെയുള്ള നിഷ്‌കളങ്കമായ സ്‌നേഹബന്ധത്തിന്റെ ധാരാളം ഉദാഹരണങ്ങളുണ്ട് പ്രവാസ ജീവിതത്തില്‍. സ്വദേശത്ത് അപൂര്‍വമായി മാത്രമേ അത് കാണപ്പെടുന്നുള്ളൂ.
ബിസിനസ്സുകാര്‍, സംരംഭകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ മേഖലകളിലും ശ്രേണികളിലും പെട്ടവരും സൗഹൃദവൃന്ദത്തിലുണ്ട്. അതില്‍ ചില പേരുകള്‍ മാത്രം ഇവിടെ കുറിക്കുന്നു. ഡോ. ആസാദ് മൂപ്പന്‍, പി.വി അബ്ദുല്‍വഹാബ്, അല്‍ മദീന ഗ്രൂപ്പ് ഉടമ മുഹമ്മദ്, തലാല്‍ മഹ്മൂദ് ഹാജി, എം. സ്വലാഹുദ്ദീന്‍, ഡോ. ടി. അഹ്മദ് തുടങ്ങിയവര്‍. ഇതില്‍ എം. സ്വലാഹുദ്ദീന്‍ സാഹിബുമായുള്ള ബന്ധം കൂടുതല്‍ ശക്തമാണ്. അദ്ദേഹത്തിന്റെ ഭാര്യ സാറാബി, മക്കള്‍ സമീര്‍, സഫീറ, ഡോ. സല്‍മാന്‍, സഫ്‌വാന്‍ എന്നിവര്‍ക്കും എന്റെ കുടുംബവുമായുള്ള നല്ല ബന്ധം ഇപ്പോഴും തുടരുന്നു.
ഞാനിതുവരെ എഴുതിയത് പ്രവാസകാല ജീവിതത്തെക്കുറിച്ചാണ്. ജനനം മുതല്‍ പ്രവാസ ജീവിതമാരംഭിക്കുന്നതുവരെയുള്ള പ്രവാസ പൂര്‍വകാല ജീവിതം എഴുതാന്‍ ബാക്കിയുണ്ട്. ശാന്തപുരം മഹല്ലിന്റെ ചരിത്രവും ശാന്തപുരം കോളേജിലെ അനുഭവങ്ങളുമടങ്ങുന്നതാണ് ഇരുപത്തിരണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആ ജീവിതകാലം. 2006 മാര്‍ച്ച് 13-ന് നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷമുള്ള പതിമൂന്ന് വര്‍ഷത്തെ പ്രവാസാനന്തര കാലവും എഴുതാന്‍ ബാക്കിയുണ്ട്. ശാന്തപുരം ഇസ്‌ലാമിയാ കോളേജ് അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയായി പ്രഖ്യാപിക്കപ്പെട്ടതു മുതലുള്ള പ്രധാന സംഭവങ്ങളും പ്രസ്ഥാന രംഗത്തെ അനുഭവങ്ങളും വരേണ്ടതു്. ആയുസ്സും ആരോഗ്യവും നല്‍കി അല്ലാഹു അനുഗ്രഹിക്കുകയാണെങ്കില്‍ അതു കൂടി എഴുതണമെന്നുണ്ട്. അതിന് അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ ഈ ഓര്‍മക്കുറിപ്പുകള്‍ക്ക് അര്‍ധവിരാമമിടുന്നു.
(അവസാനിച്ചു)
Comments