Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

സ്വീകാര്യമായിത്തീരുന്ന കര്‍മങ്ങള്‍

കെ.കെ ഫാത്വിമ സുഹ്‌റ

ഇസ്‌ലാമികാദര്‍ശത്തിനും നിയമവ്യവസ്ഥക്കുമനുസൃതമായി ജീവിതത്തെ അടിമുടി ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങള്‍ ഒരേസമയം അല്ലാഹുവിനുളള ഇബാദത്തും ജിഹാദുമാണ്. ഇബാദത്തും ജിഹാദും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നിര്‍വഹിക്കപ്പെടുമ്പോഴേ അത് ലക്ഷ്യപ്രാപ്തിയിലെത്തുകയുള്ളൂ. അവ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിത്തീരുന്നതും അപ്പോള്‍ മാത്രമാണ്. സ്വാര്‍ഥതാല്‍പര്യങ്ങള്‍ കര്‍മങ്ങളെ നിഷ്ഫലവും മനസ്സിനെ മലിനവും അണികളെ ശിഥിലവുമാക്കുന്നു. ഉദ്ദേശ്യശുദ്ധി പ്രവര്‍ത്തനങ്ങളെ ഫലപ്രദവും മനസ്സുകളെ കരുത്തുറ്റതും മാര്‍ഗങ്ങളെ സുഗമവുമാക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാന്‍ മധ്യസ്ഥര്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുമെന്ന ഖുര്‍ആന്‍ സൂക്തം ഒരു ഉദ്യമം സഫലമാവാനും ദൈവസഹായം ലഭിക്കാനും ഉദ്ദേശ്യശുദ്ധി പരമപ്രധാനമാണെന്ന് വ്യക്തമാക്കുന്നു.
ഒരാളുടെ പ്രവര്‍ത്തനത്തില്‍ ദൈവസഹായം ലഭിക്കുന്നതിന് ഉദ്ദേശ്യ ശുദ്ധി അനിവാര്യമാണെന്ന് ഉമറുബ്‌നു അബ്ദില്‍ അസീസിനെ സാലിമുബ്‌നു അബ്ദില്ല ഉപദേശിക്കുകയുായി. 
'കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ്. ഓരോരുത്തനും താന്‍ ഉദ്ദേശിച്ചതെന്തോ അതുണ്ട്. ഒരാള്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണ് പലായനം ചെയ്യുന്നതെങ്കില്‍ അവന്റെ പലായനം  അല്ലാഹുവിലേക്കും തിരുദൂതനിലേക്കുമാണ്. ഒരാള്‍ ഭൗതികനേട്ടം ലക്ഷ്യം വെച്ചോ ഒരു സ്ത്രീയെ വിവാഹം കഴിക്കാനോ ആണ് ഹിജ്‌റ പോകുന്നതെങ്കില്‍ അവന് അതേ ഉണ്ടാവൂ' എന്ന പ്രസിദ്ധമായ ഹദീസുദ്ധരിച്ച് ഇമാം ബുഖാരി അല്‍ ജാമിഉസ്സ്വഹീഹ് ആരംഭിച്ചത് ഉദ്ദേശ്യശുദ്ധിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. താന്‍ പ്രേമിച്ച സ്ത്രീയെ വിവാഹം കഴിക്കാനുദ്ദേശിച്ച് മദീനയിലേക്ക് ഹിജ്‌റ പോയ ഒരാള്‍ ആ സ്ത്രീയിലേക്ക് ചേര്‍ത്ത് മുഹാജിറു ഉമ്മി ഖൈസ് എന്ന പേരിലാണ് അറിയപ്പെട്ടത്. 
ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്‍ താന്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങളും പ്രേരകങ്ങളും സദാ പരിശോധിച്ചുകൊണ്ടിരിക്കണം. ഭൗതികമായ താല്‍പര്യമോ പൈശാചികമായ പ്രേരണയോ തന്റെ ഹൃദയത്തിന്റെ ഏതെങ്കിലും കോണില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് മുളയിലേ നുള്ളിക്കളയണം. അതില്‍നിന്ന് ഹൃദയത്തെ ശുദ്ധമാക്കാന്‍ ജാഗ്രത പുലര്‍ത്തിയേ മതിയാവൂ. ദൈവപ്രീതി മാത്രമായിരിക്കണം പ്രബോധകന്റെ ലക്ഷ്യം. 'എന്റെ നാഥാ! എന്റെ ഉദരത്തിലുള്ള ശിശുവിനെ നിനക്കു മാത്രം സേവനം ചെയ്യാന്‍ ഉഴിഞ്ഞുവെക്കപ്പെട്ട നിലയില്‍ ഞാന്‍ നിനക്ക് നേര്‍ന്നിരിക്കുന്നു. അത് എന്നില്‍നിന്ന് സ്വീകരിക്കേണമേ. നീ കേള്‍ക്കുന്നവനും കാണുന്നവനുമല്ലോ' എന്ന് ഇംറാന്റെ ഭാര്യ പറഞ്ഞതുപോലെ അവന്‍ തന്റെ നാഥന് തന്നെ സര്‍വാത്മനാ സമര്‍പ്പിക്കേണ്ടതുണ്ട്. മര്‍യം ബീവിയുടെ മാതാവ് തന്റെ കുഞ്ഞിനെ ദൈവത്തിന്റെ സേവനത്തിന്ന് ഉഴിഞ്ഞുവെച്ചു എന്നു പറഞ്ഞത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നിര്‍വഹിക്കപ്പെടുന്നതേ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകൂ എന്ന് ധ്വനിപ്പിക്കുന്നു. ഭൗതികതാല്‍പര്യങ്ങള്‍ക്കു വേണ്ടി ആദര്‍ശമൂല്യങ്ങള്‍ ബലികഴിക്കുന്നവരിലൂടെയോ പ്രകടനവാഞ്ഛയോടെ കര്‍മങ്ങള്‍ ചെയ്യുന്നവരിലൂടെയോ സത്യം അധീശത്വം നേടുകയോ നന്മ പ്രചരിക്കുകയോ ഇല്ല. ആദര്‍ശമൂല്യങ്ങള്‍ക്കു വേണ്ടി ഭൗതികതാല്‍പര്യങ്ങള്‍ ത്യജിക്കുന്ന പരക്ഷേമ തല്‍പരരായ നിസ്വാര്‍ഥരിലൂടെ മാത്രമാണ് സത്യം പുലരുന്നതും നന്മയും ധര്‍മവും വിശ്വാസവും തഴച്ചുവളരുന്നതും.

നിസ്വാര്‍ഥരാണ് പ്രബോധന കര്‍മഭടന്മാര്‍
അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് അല്ലാഹുവിന്റെ ദീനിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ഥര്‍ക്കേ വ്യക്തി-സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കതീതമായി ഉയര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരക്കാരാണ് യഥാര്‍ഥ സത്യപ്രബോധകര്‍. സത്യത്തിന്റെ സന്ദേശവാഹകരും പ്രവാചകന്മാരുടെ പിന്മുറക്കാരും അവരാണ്. പ്രബോധനരംഗത്ത് വിജയിക്കാന്‍ അവര്‍ക്കേ കഴിയൂ. പ്രബോധന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നതും അവരിലൂടെയത്രെ. അവര്‍ ദരിദ്രരും സ്ഥാനമാനങ്ങള്‍ കുറഞ്ഞവരുമാണെങ്കിലും ശരി. 'എത്ര മുടി ജട കുത്തിയവരും അരികുവല്‍ക്കരിക്കപ്പെട്ടവരുമുണ്ട്, അവരുടെ വിളി അല്ലാഹു കേള്‍ക്കും എന്ന് ഞാന്‍ സത്യം ചെയ്യുന്നു' എന്ന് നബി (സ) പറഞ്ഞത് അത്തരക്കാരെ സംബന്ധിച്ചാണ്.
നേരത്തേ ഇസ്‌ലാമിലേക്ക് കടന്നുവന്ന റസൂലി (സ)ന്റെ സന്തതസഹചാരി സഅ്ദുബ്‌നു അബീ വഖാസില്‍നിന്ന് നസാഈയും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഈ സമുദായത്തിലെ ദുര്‍ബലരിലൂടെയാണ്, അവരുടെ പ്രാര്‍ഥന കൊണ്ടും നമസ്‌കാരം കൊണ്ടും ആത്മാര്‍ഥത കൊണ്ടുമാണ് ഈ സമുദായത്തെ അല്ലാഹു സഹായിക്കുന്നത്.''
സമൂഹത്തിന്റെ ഉന്നതസ്ഥാനീയരിലേക്ക് ശ്രദ്ധ തിരിക്കരുതെന്നും ദുര്‍ബലരും അപ്രശസ്തരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ ഇത്തരം നിസ്വാര്‍ഥരുമായാണ് പ്രബോധകര്‍ ബന്ധം സ്ഥാപിക്കേണ്ടതെന്നും അല്ലാഹു പ്രത്യേകം കല്‍പിച്ചിട്ടുണ്ട്: ''തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം താങ്കളുടെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തുക. അവരില്‍നിന്ന് ഒരിക്കലും ഐഹികാലങ്കാരങ്ങള്‍ കാംക്ഷിച്ചുകൊണ്ട് ദൃഷ്ടി തെറ്റിച്ചുകളയരുത്. മനസ്സിനെ നമ്മെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധനാക്കുകയും സ്വേഛയെ പിന്‍പറ്റുകയും പരിധി വിടുകയും ചെയ്തവനെ താങ്കള്‍ അനുസരിച്ചുപോകരുത്.''
ആദര്‍ശപോരാളി കാമനകളുടെ പിറകെ നെട്ടോട്ടമോടുന്നവനല്ല. പ്രശസ്തിയുടെ പ്രഭ അവന്റെ കണ്ണഞ്ചിപ്പിക്കുകയോ സ്ഥാനമാനങ്ങള്‍ അവന്റെ ഹൃദയത്തെ മഥിക്കുകയോ ഇല്ല. ഐഹികജീവിതം അവന്റെ മുഖ്യ പരിഗണനയല്ല. ദുന്‍യാവിന് അതിന്റേതായ സ്ഥാനമേ കല്‍പിക്കുകയുള്ളൂ. അല്ലാഹുവിങ്കല്‍ കൊതുക് ചിറകിന്റെ വിലപോലുമില്ലാത്ത ദുന്‍യാവ് അവന്റെ അടുത്തും അത്ര വിലയുള്ളതല്ല. അല്ലാഹു അവനെ തന്റെ സച്ചരിതരും നിസ്വാര്‍ഥരുമായ കര്‍മഭടന്മാരില്‍ ഉള്‍പ്പെടുത്തണമെന്ന ഒരേയൊരു ചിന്ത മാത്രമായിരിക്കും അവന്റെ മനസ്സിലുണ്ടാവുക.
ഈയൊരു ചിന്ത ഇസ്‌ലാമിക പ്രബോധകരില്‍ സദാ സജീവമായി നിലനില്‍ക്കണം. ഇസ്‌ലാമിക രാഷ്ട്രത്തിന്റെയോ നാഗരികതയുടെയോ മുസ്‌ലിം സൊസൈറ്റിയുടെയോ സംസ്ഥാപനം പോലുള്ള ലക്ഷ്യങ്ങള്‍ അവനുണ്ടാകാം. പക്ഷേ അവന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യചോദന ദൈവപ്രീതിയും പരലോകമോക്ഷവുമായിരിക്കണം. അതിനു വേണ്ടി അവന്‍ ഏത് പ്രയാസവും ക്ഷമയോടെ തരണം ചെയ്യും. ഏത് ത്യാഗവും നിസ്സാരമായി അവനനുഭവപ്പെടുകയും ചെയ്യും.


അപകടകാരികളായ ഇത്തിക്കണ്ണികള്‍
അരോഗദൃഢഗാത്രനായ ഒരാളുടെ ശരീരത്തില്‍ രോഗാണുക്കള്‍ കടന്നുകൂടുന്നതുപോലെ സ്വാര്‍ഥമോഹികള്‍ വിശ്വാസിസമൂഹത്തിലേക്ക് നുഴഞ്ഞുകയറുന്നതിനെക്കുറിച്ച് പ്രബോധകര്‍ സദാ ജാഗ്രത പുലര്‍ത്തണം. വീരസ്യം വിളമ്പുകയും പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന അത്തരക്കാരെ ഒട്ടും അവലംബിക്കാന്‍ കഴിയില്ല. ആപദ്ഘട്ടങ്ങളില്‍ പിന്മാറുകയും നേട്ടങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ ആവേശപൂര്‍വം മുന്നേറുകയും ചെയ്യും. അവരുടെ തനിനിറം വെളിവാകുന്നത് പരീക്ഷണഘട്ടങ്ങളിലായിരിക്കും.
അവര്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങളെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള മറയാക്കും. അവരുടെ ഉള്ളുപൊള്ളയായിരിക്കും. അവര്‍ പുറമെ തഖ്‌വ അഭിനയിക്കും. തേനൂറും വാക്കുകളില്‍ ആളുകളെ മയക്കും. ഇത്തരം ആളുകള്‍ ഇസ്‌ലാമികപ്രബോധകര്‍ നേരിടുന്ന വിപത്താണ.് അത്തരക്കാരെക്കുറിച്ചാണ് നബിതിരുമേനി (സ) മുന്നറിയിപ്പു നല്‍കിയത്: ''അവസാന നാളുകളില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തു വരും. അവര്‍ ദുന്‍യാവിനു പകരമായി ദീനിനെ വില്‍ക്കും. ജനങ്ങളുടെ മുമ്പാകെ മിനുസമാര്‍ന്ന ആട്ടിന്‍തോലണിയും. അവരുടെ നാവുകള്‍ തേനിനേക്കാള്‍ മധുരമുള്ളതും എന്നാല്‍ ഹൃദയങ്ങള്‍ ചെന്നായകളുടേതുമായിരിക്കും. അല്ലാഹു പറയും. 'എന്റെ പേരിലാണോ അവര്‍ ഈ വഞ്ചന കാട്ടുന്നത്? ഈ ധൈര്യം പ്രകടിപ്പിക്കുന്നത്! എങ്കില്‍ ഞാനവരെ വിവേകികള്‍ പോലും പരിഭ്രാന്തരാവുന്ന കടുത്ത പരീക്ഷണങ്ങളില്‍ അകപ്പെടുത്തുമെന്ന് ഞാനിതാ സത്യം ചെയ്യുന്നു.''

രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‍
ജനങ്ങള്‍ രണ്ടു തരക്കാരാണ്. ഒരു വിഭാഗം സമ്പത്തിന്റെയും ആര്‍ഭാടത്തിന്റെയും ആഡംബരത്തിന്റെയും അടിമകളായി വ്യക്തിതാല്‍പര്യങ്ങളുടെ പിന്നാലെ ഓടുന്നവരാണ്. അവര്‍ക്ക് ഭൗതികനേട്ടങ്ങള്‍ സമ്പാദിക്കാനായാല്‍ അവര്‍ ആഹ്ലാദിക്കുകയും, ഇല്ലെങ്കില്‍ കുപിതരും ക്ഷുഭിതരും വിമര്‍ശകരുമായി മാറുകയും ചെയ്യും.
ജിഹാദിന് സദാ തയാറായിനില്‍ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. അവര്‍ യാതൊരു പ്രതിഫലേഛയുമില്ലാതെ സത്യത്തിനു വേണ്ടി നിരന്തരം പണിയെടുക്കും. ആരവമോ ബഹളമോ കൂടാതെ അവര്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കും.
നബി(സ) രണ്ടു വിഭാഗക്കാരെയും വളരെ ഗൗരവത്തോടെ വിവരിക്കുന്നുണ്ട്: ''ദിര്‍ഹമിന്റെയും ദീനാറിന്റെയും പട്ടിന്റെയും അടിമ നശിച്ചിരിക്കുന്നു. അവന്‍ കിട്ടിയാല്‍ തൃപ്തിപ്പെടുന്നു. ഇല്ലെങ്കില്‍ അവന്‍ കുപിതനാവും. അവന്‍ നശിക്കട്ടെ. തല കീഴായ് മറിയട്ടെ. മുള്ളു തറച്ചാല്‍ പോലും സഹായിക്കപ്പെടാതിരിക്കട്ടെ. മണ്ണ് പുരണ്ട പാദങ്ങളും ജട കുത്തിയ തലമുടിയുമായി സദാ ജിഹാദിന് തയാറായി തന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു നില്‍ക്കുന്ന കുതിരപ്പടയാളിക്ക് ഭാവുകം! കാവല്‍ ജോലിയിലാണെങ്കില്‍ അവനതില്‍ വ്യാപൃതനാവും. കാലാള്‍പ്പടയിലാണെങ്കില്‍ അവനതിലായിരിക്കും. ആരോടെങ്കിലും അവന്‍ അനുവാദം ചോദിച്ചാല്‍ അവന് അനുമതി ലഭിക്കില്ല. ആരോടെങ്കിലും ശിപാര്‍ശ ചെയ്താല്‍ അവന്റെ ശിപാര്‍ശ ആരും സ്വീകരിക്കുകയുമില്ല.'' 

(അവലംബം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌