Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

തുനീഷ്യ: ഏറ്റുമുട്ടുന്നത് രാഷ്ട്രീയത്തിലെ പുതുമുഖങ്ങള്‍

ഡോ. എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

തുനീഷ്യയില്‍ നടന്ന  ആദ്യഘട്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഖൈസ് സഈദ് 18.4 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. കള്ളപ്പണം കേസില്‍ ജയിലിലായ മീഡിയ മേധാവി നബീല്‍ ഖറവിയാണ് 15.6 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തിയത്. പ്രസിഡന്റ് മുഹമ്മദ് ബാജി ഖാഇദ് അസ്സബ്സിയുടെ മരണശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 48.98 ശതമാനം പേര്‍ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. 26 സ്ഥാര്‍ഥികളാണ് പ്രസിഡന്‍ഷ്യല്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. പ്രധാന മന്ത്രി യൂസുഫ് ശാഹിദ്, പ്രതിരോധമന്ത്രി അബ്ദുല്‍കരീം സുബൈദി, അന്നഹ്ദ പാര്‍ട്ടി സ്ഥാനാര്‍ഥിയും പ്രമുഖ പണ്ഡിതനുമായ അബ്ദുല്‍ ഫത്താഹ് മോറോ തുടങ്ങിയ പ്രമുഖരും മത്സരരംഗത്തുണ്ടായിരുന്നു. അബ്ദുല്‍ ഫത്താഹ് മോറോ  13.1 ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ്. എങ്കിലും 2011 മുതല്‍ അന്നഹ്ദക്ക് ഏകദേശം ഒരു മില്യന്‍ വോട്ടുകള്‍ നഷ്ടമായിട്ടുെന്നാണ് റിപ്പോര്‍ട്ട്. ഭരണരംഗത്ത് തുടരുന്ന   അഴിമതിയും കെടുകാര്യസ്ഥതയും തെരഞ്ഞെടുപ്പു സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. സബ്സിയുടെ നിദാ തൂനിസിന്റെയും റാശിദ് ഗന്നൂശിയുടെ അന്നഹ്ദയുടെയും സഖ്യകക്ഷി ഭരണകൂടം തുനീഷ്യന്‍ ജനതയുടെ പ്രതീക്ഷക്കൊത്ത് വളര്‍ന്നില്ല എന്നത് അവരുടെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പ്രധാന ഹേതുവാണ്. ആദ്യ ര് സ്ഥാനങ്ങള്‍ നേടിയ ഖൈസ് സഈദും നബീല്‍ ഖറവിയും ഈ രാഷ്ട്രീയ സാഹചര്യം പ്രചാരണവിഷയമാക്കിയിരുന്നു.
ഒക്‌ടോബര്‍ രണ്ടിനാണ് ഖൈസ് സഈദും നബീല്‍ ഖറവിയും മാറ്റുരക്കുന്ന രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അഴിമതിരഹിതനും മുല്ലപ്പൂ വിപ്ലവത്തെ നെഞ്ചേറ്റിയവനുമെന്ന നിലയില്‍ ഖൈസ് സഈദിനെ പിന്തുണക്കുമെന്ന അന്നഹ്ദയുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.  സാമ്പത്തികാവസ്ഥ പരിതാപകരമാകുന്നതും  ഭരണകൂടത്തില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതും രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് സൃഷ്ടിക്കുക. തുനീഷ്യന്‍ സമൂഹത്തിന്റെ 37 ശതമാനം വരുന്ന യുവ തലമുറയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഈ ഇലക്ഷനില്‍ പ്രതിഫലിക്കുമെന്നാണ് തുനീഷ്യന്‍ തെരഞ്ഞെടുപ്പു വിദഗ്ധന്‍ ഹസന്‍ സര്‍ഗുനി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഒക്‌ടോബര്‍ ആറിന് നടക്കുന്ന തുനീഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെയും ഈ തെരഞ്ഞെടുപ്പിന്റെ ഫലം സ്വാധീനിക്കും. 
ഖൈസ് സഈദ് 1990-'95 കാലയളവില്‍ 'തുനീഷ്യന്‍ അസോസിയേഷന്‍ ഓഫ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ'യുടെ  ജനറല്‍ സെക്രട്ടറിയായും 1995 മുതല്‍ അതിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുനീഷ്യയിലെ  സൂസ യൂനിവേഴ്‌സിറ്റിയിലെ ലോ ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ ആയിരുന്ന അദ്ദേഹം അറബ് ലീഗ്, അറബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, തു
നീഷ്യന്‍ ഭരണഘടനാ കമ്മിറ്റി എന്നിവയിലും തന്റെ നിയമവൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുമെന്നാണ് ഖൈസ് സഈദിന്റെ പ്രഖ്യാപനം.
ഭരണകക്ഷിയായ നിദാ തൂനിസില്‍നിന്ന് വേര്‍പിരിഞ്ഞ നബീല്‍ ഖറവി ഖല്‍ബു തൂനിസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് മത്സരത്തിനിറങ്ങിയത്. നബീല്‍ ഖറവിയെ ജയില്‍മോചിതനാക്കാനായി  അദ്ദേഹത്തിന്റെ അനുയായികള്‍ സമര്‍പ്പിച്ച അപ്പീല്‍  യൂസുഫ് ശാഹിദ് നിരസിച്ചത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണെന്ന് അവര്‍ ആരോപിക്കുന്നു.
തുനീഷ്യയില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും   തമ്മിലുള്ള ഭിന്നതകള്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് കാരണമായിട്ടുണ്ട്. നിലവിലെ പാര്‍ലമെന്ററി ഭരണസംവിധാനം സാമ്പത്തിക മുന്നേറ്റത്തിന് തടസ്സമാണെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അബ്ദുല്‍കരീം സുബൈദി അഭിപ്രായപ്പെട്ടിരുന്നു. പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥക്കാണ് അദ്ദേഹം പ്രാമുഖ്യം  നല്‍കുന്നത്. ഭരണനിര്‍വഹണത്തെ വിഘടിപ്പിക്കുന്നത് സ്വതന്ത്രമായ ഭരണനിര്‍വഹണത്തിന് തടസ്സമാണെന്ന് അബ്ദുല്‍ ഫത്താഹ് മോറോയും നിരീക്ഷിക്കുന്നു.  തുനീഷ്യന്‍ ജനതക്കും പ്രസിഡന്‍ഷ്യല്‍ ഭരണവ്യവസ്ഥയോടാണ് അനുഭാവമെന്ന് പ്രമുഖ  രാഷ്ട്രീയ നിരീക്ഷന്‍ നസീം ബിന്‍ ഗര്‍ബിയ പറയുന്നു.
ഭരണരംഗത്തെ അഴിമതിയാണ് തുനീഷ്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തുകളഞ്ഞത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും കുടുംബവും പൊതുഖജനാവിനെ കുടുംബസ്വത്തെന്ന പോലെ കൈകാര്യം ചെയ്തതും ആ പതിതാവസ്ഥയില്‍നിന്ന് ഇതുവരെ തുനീഷ്യക്ക് കരകയറാന്‍ കഴിയാതിരുന്നതും രാഷ്ട്രം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. താരതമ്യേന സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിച്ച നിദാ തൂനിസ്- അന്നഹ്ദ ഭരണകൂടത്തിനും സാമ്പത്തികരംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്താന്‍ സാധിച്ചില്ല. അറബ് വസന്തത്തിന് തുടക്കമിട്ട തുനീഷ്യയില്‍ രാഷ്ട്രീയഭദ്രത നിലനില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തികരംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്താന്‍ സാധിക്കുന്നവര്‍ക്കേ സ്വസ്ഥമായി ഭരണം നടത്താനാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌