അനാഥക്കുഞ്ഞുങ്ങളേ, മാപ്പ്!
നീതി എന്ന രണ്ടക്ഷരത്തിനു ലോകം ഉമര്‍ എന്ന് പര്യായ പദം പറഞ്ഞിരുന്ന കാലം. അന്ന് ഇസ്‌ലാമിക സംസ്‌കൃതിക്കൊപ്പം രാജ്യാതിര്‍ത്തികളും നാലുപാടും വികസിച്ചുകൊണ്ടിരുന്നു. അന്ന് മര്‍ദകരില്‍ ആശങ്കയും മര്‍ദിതരില്‍ ശുഭപ്രതീക്ഷയും ജനിപ്പിച്ച കോടതികള്‍ കണ്ണുകെട്ടി മുഖം നോക്കാതെ നീതി നടപ്പാക്കി. നീതിന്യായ വ്യവസ്ഥ കണ്ണ് ചിമ്മാത്ത നക്ഷത്രക്കൂട്ടങ്ങളെപ്പോലെ പ്രകാശം വിതറി.
ഒരിക്കല്‍ സബര്‍ഖാനുബ്‌നു ബദ്‌റിനെ ആക്ഷേപിച്ചുകൊണ്ട് ഹുതയ്അ കവിത ചൊല്ലി. രോഷാകുലനായ സബര്‍ഖാന്‍ ഉമറുല്‍ ഫാറൂഖിനോട് ആവലാതി പറഞ്ഞു. പ്രത്യക്ഷത്തില്‍ പരിഹാസത്തിന്റെ ധ്വനി കവിതയില്‍ ഇല്ലാതിരുന്നതിനാല്‍ ഉമര്‍ വിചാരണാവേളയില്‍ പ്രസിദ്ധ കവി ഹസ്സാനുബ്‌നു സാബിതിന്റെ സഹായം തേടി. കവിത ആദ്യന്തം ആക്ഷേപഹാസ്യം നിറഞ്ഞതാണെന്ന് ഹസ്സാന്‍ പറഞ്ഞപ്പോള്‍ ഹുതയ്അയെ ജയിലിലടക്കാന്‍ ഉമര്‍ ഉത്തരവിട്ടു. അദ്ദേഹം തന്റെ ചെയ്തിയില്‍ പശ്ചാത്തപിച്ച ശേഷം തന്റെ പിഞ്ചുപൈതങ്ങളുടെ ദയനീയ സ്ഥിതി വിവരിക്കുന്ന കവിത ഉമറിന് അയച്ചുകൊടുത്തു:
ജലഫലശൂന്യമായ ദൂമറഖിലുള്ള വിശ-
പ്പെഴും പൈതങ്ങളോടെന്തരുളും താങ്കള്‍?
അവര്‍ക്കന്നമൊരുക്കുന്നോരനുകമ്പഹൃദയത്തെ
അന്ധകാരത്തില്‍ വലിച്ചെറിഞ്ഞ താങ്കള്‍!
പൊറുക്കുക ഉമറേ, റബ്ബരുളട്ടെ രക്ഷയെന്നും
നബീ, സിദ്ദീഖതിന്‍ ശേഷം നേതാവങ്ങല്ലേ!
അതെന്തിനായ്? - വിഭിന്നനായ് മാറുവാനല്ല!
താങ്കളിലൂടതു മറ്റുള്ളവര്‍ക്കൊക്കെ നേട്ടമാകാന്‍
തന്നെയാണെന്നുള്ളതാണ് തിരിച്ചറിവ്.
ഇതു കേട്ട് അലിവു തോന്നിയ അമീറുല്‍ മുഅ്മിനീന്‍ അദ്ദേഹത്തെ തടവറയില്‍നിന്ന് മോചിപ്പിച്ചു. കുട്ടികള്‍ക്കാവശ്യമായ വാര്‍ഷികവിഹിതം വകയിരുത്തുകയും ചെയ്തു (ഫാറൂഖ് ഉമര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ഐ.പി.എച്ച്).
2014 മെയ്. ചോളവും ഗോതമ്പും പച്ചവിരിച്ച ഉത്തരേന്ത്യന്‍ വയലുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും മൊട്ടക്കുന്നുകള്‍ക്കുമിടയിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടി കേരളം ലക്ഷ്യമാക്കി കൂകിപ്പാഞ്ഞുവന്നു. പലപല ലക്ഷ്യങ്ങളുമായി കയറിവന്ന യാത്രക്കാര്‍ക്കിടയില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തുവന്ന നൂറുകണക്കിനു കുഞ്ഞുമക്കളുണ്ടായിരുന്നു, ആ ട്രെയ്‌നിന്റെ ബോഗികളില്‍. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ കുബേരകുടുംബത്തിലെ തടിച്ചുകൊഴുത്ത കുട്ടികളെപ്പോലെ ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ വിനോദസഞ്ചാരത്തിനു വന്നവരായിരുന്നില്ല അവര്‍. ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും പശ്ചിമ ബംഗാളിലെയും ചേരികളില്‍നിന്ന് ഒരുപിടി ചോറും അറിവിന്റെ അക്ഷരപ്രകാശവും തേടി വന്നവരായിരുന്നു അവര്‍. തങ്ങള്‍ക്കു കിട്ടാതെപോയ സൗഭാഗ്യങ്ങളും സന്തോഷങ്ങളും ഇളംതലമുറകള്‍ക്കെങ്കിലും ലഭ്യമാകട്ടെ എന്നാശിച്ച് പിഞ്ചുപൈതങ്ങളുടെ വിരലറ്റം പിടിച്ചുവന്ന സുമനസ്സുകളായിരുന്നു അവര്‍ക്കൊപ്പമുണ്ടായിരുന്നത്.
ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തിന്റെ തെക്കും വടക്കും, വിശിഷ്യാ മലബാറിന്റെ മുക്കു മൂലകളില്‍ ജീവിച്ചു മരിച്ചുപോയ നന്മയുടെ പൂമരങ്ങള്‍ പടുത്തുയര്‍ത്തിയ യതീംഖാനകള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. തിരൂരങ്ങാടിയും മുക്കവും കൊടിയത്തൂരും വാടാനപ്പള്ളിയും മൂവാറ്റുപുഴയും തായിക്കാട്ടുകരയും ഉമയനല്ലൂരുമെല്ലാം ഒരു നാടിന്റെ പ്രാദേശിക നാമങ്ങള്‍ക്കപ്പുറം പ്രതീക്ഷ നഷ്ടപ്പെട്ട അനേകായിരം അനാഥമക്കളുടെ ആശ്രയകേന്ദ്രങ്ങളായിരുന്നു. സ്വന്തം മണ്ണും മനസ്സും ചോരയും നീരും കൊടുത്ത്, ഹതഭാഗ്യരായ യതീമുകള്‍ക്കു ദിശാബോധം പകരാന്‍ സ്വര്‍ഗമൊന്നു മാത്രം പ്രതീക്ഷിച്ച് പടുത്തുയര്‍ത്തിയ പ്രകാശഗോപുരങ്ങളായിരുന്നു ആ അനാഥശാലകള്‍. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുമായിരുന്ന ഒരു തലമുറയെ നാടിന്റെ നായകരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഭരണസിരാകേന്ദ്രങ്ങളില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുമൊക്കെയായി വാര്‍ത്തെടുത്ത ചരിത്രപാരമ്പര്യമുള്ള യതീംഖാനകളുടെ പൂമുഖവാതിലുകള്‍ തേടിവന്നവരായിരുന്നല്ലോ ആ കുഞ്ഞുങ്ങള്‍.
പ്രതീക്ഷയുടെ പുതുവെളിച്ചം തേടിവന്ന ആ കുരുന്നുകളുടെ ഹൃദയത്തില്‍ പ്രത്യാശയുടെ ഹരിതരശ്മികള്‍ക്കു പകരം അപായത്തിന്റെ ചുവന്ന പ്രകാശബിന്ദുക്കളാണല്ലോ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നും പ്രസരിച്ചത്. ചുവപ്പുനാട അരപ്പട്ട കെട്ടിയാടുന്ന ഉദ്യോഗസ്ഥപ്രഭുക്കള്‍ അത് തെരഞ്ഞെടുപ്പു കൊട്ടിക്കലാശം പോലെ കുട്ടിക്കടത്തായി ആഘോഷിച്ചു. ജില്ലാ ഭരണമേധാവികളും പോലീസ് ഉദ്യോഗസ്ഥരും ശിശുക്കളുടെ ക്ഷേമം ലക്ഷ്യം വെക്കേണ്ട ശിശുക്ഷേമ സമിതിയും കൂട്ടമായി വന്ന് ആ കുട്ടികളെ കസ്റ്റഡിയിലെടുത്തു. ജ്വലിക്കുന്ന ശുഭ്രവസ്ത്രം ധരിച്ച് അമ്മയിലെ 'അ' അക്ഷരവും ഉമ്മയിലെ 'അലിഫ്' അക്ഷരവും പ്രതീക്ഷിച്ചുവന്ന നിഷ്‌കളങ്കരായ മക്കള്‍ കാക്കിയിട്ട പോലീസിന്റെ ചുവന്ന കണ്ണുകളും ചുരുട്ടിയ മീശയും ഉരുളന്‍ മുളവടിയും കണ്ട് ഞെട്ടിക്കരഞ്ഞു. ശുഭപ്രതീക്ഷയുടെ നീലാകാശത്ത് ദൗര്‍ഭാഗ്യത്തിന്റെ ഇടിത്തീ ചൊരിഞ്ഞിട്ട നിമിഷങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. ഒപ്പം കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള യതീംഖാനകളില്‍ ഉത്തരേന്ത്യന്‍ കുട്ടികളെയും തേടി കേരള പോലീസ് രാപ്പകല്‍ഭേദമന്യേ കയറിയിറങ്ങി.
പിഞ്ചുമനസ്സില്‍ ഭാസുരമായ ഭാവി നെയ്തുകൊടുത്ത സുമനസ്സുകള്‍ കുട്ടിക്കടത്തുകാരായി. മരുഭൂമിയില്‍ സ്വപ്‌നം നട്ടുവളര്‍ത്തുന്ന പ്രവാസികളുടെയും നാട്ടില്‍ ചുവടുറപ്പിച്ചു നില്‍ക്കുന്ന ഉദാരമതികളുടെയും മുന്നില്‍ കൈകള്‍ നീട്ടി സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും എത്തിച്ച് നല്‍കുന്ന സ്ഥാപന സാരഥികള്‍ കുട്ടിക്കടത്തിന്റെ പേരില്‍ കുറ്റവാളികളാക്കപ്പെട്ടു. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സവിശേഷ മുദ്രയായി തലയുയര്‍ത്തി നില്‍ക്കുന്ന യതീംഖാനകള്‍ക്കെതിരെയുള്ള നിഗൂഢ പദ്ധതികളായിരുന്നു തിരശ്ശീലക്കു പിന്നില്‍ ഇരുട്ടിന്റെ ദുശ്ശക്തികള്‍ ആവിഷ്‌കരിച്ചത്. ഉറങ്ങിക്കിടക്കുന്ന കേരളത്തിന്റെ ആഭ്യന്തരവകുപ്പിനെ സുഖനിദ്രയില്‍നിന്നുണര്‍ത്താന്‍ ഒരുവേള പെരുമ്പറ മുഴക്കുന്ന സമരങ്ങള്‍ക്കുപോലും സാധിക്കാറില്ല. പക്ഷേ ചില അറബിപ്പേര് കേട്ടാല്‍ ദുഃസ്വപ്‌നം കണ്ടപോലെ അവര്‍ ഞെട്ടിയുണരും. അതിനു പറ്റിയ നാമമായിരുന്നു യതീംഖാന. വിഷയദാരിദ്ര്യം പിടിപെട്ടിരുന്ന ചില ചാനലുകളും മുത്തശ്ശിപ്പത്രങ്ങളും വിഷയം ഏറ്റെടുത്തു. മുഖം വെളുപ്പിച്ചും മുടി കറുപ്പിച്ചും വെളുക്കെ ചിരിക്കുന്ന പല മന്ത്രിമാരും മതേതരത്വം തെളിയിക്കാന്‍ ഹൃദയം പകുത്തു പുറത്തുകാണിച്ച് മുന്നിലുണ്ടായിരുന്നു. കേരളത്തില്‍ മാത്രമല്ല, ഉത്തരേന്ത്യയിലുടനീളം അനുരണനം സൃഷ്ടിച്ച സംഭവമായിരുന്നു യതീംഖാനാ വിവാദം.
ഇന്ത്യ എന്റെ രാജ്യമാണെന്നും ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീസഹോദരന്മാരാണെന്നും പ്രഭാതത്തില്‍ പ്രതിജ്ഞചൊല്ലി പാഠം പഠിച്ചിരുന്ന കുരുന്നുഹൃദയങ്ങള്‍ക്കു മുന്നില്‍ കേരളത്തെ നാം പാസ്‌പോര്‍ട്ടും വിസയുമെടുത്തു വരേണ്ട ഏതോ സ്വതന്ത്രരാഷ്ട്രമാക്കി മാറ്റിക്കളഞ്ഞു! അക്ഷരപ്രകാശവും ഭക്ഷണപരിപോഷണവും സാന്ത്വനസ്പര്‍ശവും തേടിവന്ന ആ കുരുന്നുകള്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരേന്ത്യയിലേക്കു തന്നെ മടങ്ങിപ്പോയി, അഥവാ കയറിക്കിടക്കുന്ന കൂരയും കാലികള്‍ ചാണകമിടുന്ന തൊഴുത്തും ഏതെന്നു തിരിച്ചറിയാന്‍ കഴിയാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക്! ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ തെരുവുനായ്ക്കളും കന്നുകാലികളും മനുഷ്യക്കുട്ടികളും കൂടിക്കലര്‍ന്ന് അഴുക്കുചാലുകള്‍ പരന്നൊഴുകുന്ന ചേരികളിലേക്ക്!! അതാണല്ലോ ഭരണകൂടം വര്‍ഷങ്ങളായി അവര്‍ക്കു നിശ്ചയിച്ച ക്ഷേമത്തിന്റെ പറുദീസ! റിക്ഷ ചവിട്ടി കുഴിഞ്ഞുപോയ കണ്‍കുഴികളില്‍ സര്‍വപ്രതീക്ഷകളും ആണ്ടുപോയ ഒരു പറ്റം രക്ഷാകര്‍ത്താക്കളുടെ ശൂന്യമായ കരങ്ങളിലേക്കാണല്ലോ ആ അനാഥക്കുഞ്ഞുങ്ങള്‍ തിരിച്ചുപോയത്. കയറിക്കിടക്കാന്‍ കൂരയോ അറിവു നുകരാന്‍ വിദ്യാലയങ്ങളോ തിരിനീട്ടിവെച്ച വിളക്കുകളില്‍ എണ്ണ പോലുമോ ഇല്ലാത്ത ആ അനാഥകളുടെ കവിളിണയില്‍ അടര്‍ന്നുവീണ രക്തവര്‍ണമുള്ള കണ്ണീര്‍ത്തുള്ളികള്‍ മായ്ക്കാന്‍ ഇനി ഏതു പശ്ചാത്താപത്തിനാണ് സാധിക്കുക!
കേരളത്തിലെ യതീംഖാനകളിലേക്കു ഉത്തരേന്ത്യന്‍ ദരിദ്രഗ്രാമങ്ങളില്‍നിന്ന് കുട്ടികള്‍ സൗജന്യ വിദ്യാഭ്യാസത്തിനു വന്നത് കുട്ടിക്കടത്തായി ചിത്രീകരിക്കുകയും അതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ മുക്കം മുസ്‌ലിം ഓര്‍ഫനേജ് നല്‍കിയ ഹരജിയില്‍ ബിഹാര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുട്ടിക്കടത്തല്ലെന്ന് ബോധിപ്പിച്ചിരിക്കുന്നു. സൗജന്യ വിദ്യാഭ്യാസത്തിനു രക്ഷിതാക്കള്‍ അയച്ച കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. കേരള ശിശുക്ഷേമ സമിതിയുടെയും പോലീസിന്റെയും വാദം അത് തള്ളിക്കളഞ്ഞിരിക്കുന്നു. ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍നിന്നു വരുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും യഥേഷ്ടം ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
യതീംഖാനകള്‍ക്കെതിരെ നിഗൂഢ നീക്കം നടത്തി ഈ പൈശാചികശക്തികള്‍ തകര്‍ത്തുകളഞ്ഞത് നൂറുകണക്കിനു കുഞ്ഞുമക്കളുടെ ഭാസുരമായ ഭാവിയായിരുന്നില്ലേ? വിദ്യാലയങ്ങളുടെ പടിവാതിലുകള്‍ കാണാന്‍ മൈലുകള്‍ താണ്ടി കേരളത്തിലെത്തി നിസ്സഹായരായി മടങ്ങിപ്പോയ കുരുന്നുകളോട് നാം എന്താണ് പറയുക? ഉണക്കറൊട്ടിയോടൊപ്പം കൂട്ടിക്കഴിക്കാന്‍ കറിച്ചട്ടിക്കടിയില്‍ അല്‍പം പരിപ്പുപോലും കിട്ടാതെ വിശപ്പടക്കാന്‍ കേരളത്തിലെ യതീംഖാനകളിലേക്കു വന്ന കുഞ്ഞുങ്ങളുടെ അന്നത്തിലല്ലേ നിങ്ങള്‍ വര്‍ഗീയതയുടെ വിഷം വാരിയിട്ടത്?
അധികാര സിംഹാസനത്തിലിരിക്കുന്നവര്‍ക്കു ചാനലുകളുടെയും പാപ്പരാസിക്കൂട്ടങ്ങളുടെയും ചോദ്യങ്ങള്‍ക്ക് നിറംപിടിപ്പിച്ച നുണകള്‍ പറഞ്ഞും ആടിനെ പട്ടിയാക്കിയും ഭരണധാര്‍ഷ്ട്യം കൊണ്ടും ഒരുപക്ഷേ രക്ഷപ്പെടാം, അറിവ് അന്വേഷിച്ചു വന്ന അനാഥമക്കളുടെ വിശുദ്ധ തീര്‍ഥാടനത്തെ കുട്ടിക്കടത്തായി അവമതിക്കാം! പക്ഷേ, നാക്കുകള്‍ നിശ്ചലമാവുകയും വാക്കുകള്‍ വറ്റിപ്പോവുകയും ചുണ്ടുകള്‍ മുദ്രവെക്കപ്പെടുകയും കൈകള്‍ വാചാലമാവുകയും പാദങ്ങള്‍ പാപമേറ്റ് സാക്ഷിപറയുകയും ചെയ്യുന്ന ദൈവവിചാരണയുടെ പുനരുത്ഥാനനാളില്‍ നിങ്ങള്‍ക്ക് എന്തുത്തരമാണ് സമര്‍പ്പിക്കാന്‍ സാധിക്കുക? ഈ പുനര്‍ വിചിന്തനമാണ് ഉമറുബ്‌നുല്‍ ഖത്ത്വാബിനെ അമീറുല്‍ മുഅ്മിനീന്‍ ഉമറുല്‍ ഫാറൂഖായി പരിവര്‍ത്തിപ്പിച്ചത്, അപരാധിയായ ഹുതയ്അയെ ജയിലിലടച്ചിട്ടും പറക്കമുറ്റാത്ത കുഞ്ഞുപൈതങ്ങളുടെ നിസ്സഹായത ഓര്‍ത്ത് അദ്ദേഹത്തെ തടവറയില്‍നിന്നു തുറന്നുവിട്ടത്. മാത്രമല്ല, ഉമര്‍ കുട്ടികള്‍ക്കാവശ്യമായ വാര്‍ഷികവിഹിതം വകയിരുത്തുകയും ചെയ്തു. നൂറുകണക്കിനു അനാഥമക്കളെ അജ്ഞാനാന്ധകാരത്തിന്റെ തടവറക്കുള്ളില്‍ അടച്ചിട്ട പൈശാചികശക്തികള്‍ക്കു നടുവില്‍ കാലത്തോട് ചോദിക്കാന്‍ അല്ലാമാ ഇഖ്ബാലിന്റെ പ്രത്യാശ നിറഞ്ഞ ചോദ്യം മാത്രം:
ഈന്തമരങ്ങള്‍ ഇടതിങ്ങിയ
ശീതള ശാദ്വലങ്ങളില്‍
സുഖിക്കും ഹേ മക്കാ നഗരമേ!
എന്തുകൊണ്ട് നീയൊരു ഉമര്‍
ഫാറൂഖിനെ ഉയര്‍ത്തുന്നില്ല വീണ്ടും.
Comments