Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

ഇസ്‌ലാമിയാ കോളേജുകള്‍ക്കെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം

എസ്.എം സൈനുദ്ദീന്‍

കഴിഞ്ഞ ലക്കം പ്രബോധനം (3119) പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിയാ കോളേജുകള്‍ അടച്ചുപൂട്ടാന്‍ സമയമായോ?' എന്ന സുബൈര്‍ കുന്ദമംഗലത്തിന്റെ കത്തിലെ ഉള്ളടക്കം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വ്യക്തിപരമായ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും പ്രാദേശികമായ പ്രശ്‌നങ്ങളെയും പൊതു പ്രശ്‌നമായി സാമാന്യവത്കരിക്കുകയായിരുന്നു കുറിപ്പുകാരന്‍ എന്ന് ഒറ്റനോട്ടത്തില്‍തന്നെ ബോധ്യമാകും.
ഇസ്‌ലാമിയാ കോളേജുകള്‍ തുടക്കകാലത്ത് സമുദായത്തിനും പ്രസ്ഥാനത്തിനും നല്‍കിയ സംഭാവനകള്‍ ഇന്ന് നല്‍കുന്നില്ല, ഭൗതിക വിദ്യാഭ്യാസത്തിനു പിന്നാലെ പോകുന്ന സമുദായം ദീനീവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നില്ല, മതപഠനരംഗം നിര്‍ജീവമാവുകയും പണ്ഡിതന്മാരുടെ മക്കള്‍ വരെ ദീനീവിദ്യാഭ്യാസത്തോട് മുഖം തിരിക്കുകയും ചെയ്യുന്നു... ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. ഇവ എത്രമാത്രം വസ്തുതാപരമാണ്? ഒരുതരം നെഗറ്റീവ് ഐഡിയലിസത്തിന്റെ ഉപോല്‍പന്നമാണ് ഇത്തരം വിമര്‍ശനങ്ങള്‍. ഭൂതകാലം നല്ലതായിരുന്നു, വര്‍ത്തമാനം ഒന്നിനും കൊള്ളാത്ത കാലമാണ്; പഴയ തലമുറ പ്രതിഭാധനര്‍, പുതു തലമുറ ചിന്ത മുരടിച്ചവര്‍ എന്നിങ്ങനെ പോകുന്നു ഈ സിദ്ധാന്തക്കാരുടെ പ്രചാരണം. ഇതില്‍ എത്ര മാത്രം ശരിയുണ്ട്? ഇസ്‌ലാമിയാ കോളേജുകളുടെ മാത്രം ചരിത്രവും വര്‍ത്തമാനവും മുന്നില്‍ വെച്ച് പരിശോധിച്ചാല്‍ ഇതിന്റെ അന്തസ്സാരശൂന്യത ബോധ്യമാകും. അന്ന് പഠിച്ചവരെല്ലാം മഹാ ജീനിയസുകളായിരുന്നോ? ജീനിയസുകളെ നാമെല്ലാം അറിയുന്നു. സാധാരണക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാത്തവരെയും നാമാരും അറിയുന്നില്ല. ഇതിനര്‍ഥം അവരെല്ലാം ഒന്നിനും കൊള്ളാത്തവരായിരുന്നു എന്നാണോ? സാമൂഹിക ജീവിതത്തില്‍ വ്യത്യസ്ത ദൗത്യങ്ങള്‍ക്കു വേണ്ടി അവരും അവരുടേതായ സംഭാവനകള്‍ നല്‍കുന്നു്/ നല്‍കിയിട്ടു്. അതും കൂടി ചേര്‍ന്നതാണ് ചരിത്രവും ഭൂതകാലവും. ജീനിയസുകളെക്കൊണ്ട് മാത്രം ചരിത്രം ഉണ്ടാകുന്നില്ല എന്ന സാമാന്യ ബോധം കത്തുകാരന്‍ മറന്നുപോയി.
ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് സമൂഹം ഇന്ന് പ്രാധാന്യം നല്‍കുന്നില്ല എന്ന പരാമര്‍ശം വാദത്തിനു പോലും സമ്മതിച്ചുകൊടുക്കാനാവില്ല. അത്രയധികം മൂലധനം മോറല്‍ എജുക്കേഷന് സമുദായം പ്രതിവര്‍ഷം ഇന്‍വെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പണ്ഡിതന്മാരുടെ മക്കളെല്ലാം പണ്ഡിതന്മാരാകണമെന്ന നിര്‍ബന്ധവും കടുംപിടിത്തവും എന്തിനാണ്? വ്യക്തികളുടെ സ്വയംനിര്‍ണയാവകാശത്തില്‍പെട്ടതാണല്ലോ താനാരാകണമെന്നത്. പണ്ഡിതന്റെ മകന് ഭൗതിക വിദ്യാഭ്യാസത്തിലാണ് താല്‍പര്യമെങ്കില്‍ അതിന് അനുവാദം കൊടുക്കുന്നത് അപരാധമാകുന്നത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം ലഭിക്കാത്തവരാണ് ഇസ്‌ലാമിയാ കോളേജുകളില്‍ എത്തിപ്പെടുന്നവരില്‍ ഭൂരിഭാഗവും എന്ന വാദം എത്ര ബാലിശമാണ്! മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിട്ടും അല്‍ജാമിഅയില്‍ പ്രവേശനം ലഭിക്കാതെപോയ പെണ്‍കുട്ടി ഇത് വായിക്കാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. കത്തുകാരന്‍ മനസ്സില്‍ കരുതിയ ഇസ്‌ലാമിയാ കോളേജ് വാര്‍ത്തെടുത്ത പണ്ഡിതപ്രതിഭകളുടെ എസ്.എസ്.എല്‍.സി മാര്‍ക്ക് എത്രയായിരുന്നു എന്ന് അന്വേഷിക്കുന്നതും നല്ലതാണെന്ന് കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ.
മതപഠനരംഗത്ത് ശൂന്യതയാണെന്നും ഇപ്പോഴതിന്റെ വ്യാപ്തി വര്‍ധിച്ചുവരികയാണെന്നും കുറിപ്പുകാരന്‍ വാദിക്കുന്നുണ്ട്. ചില കലാലയങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനറിയില്ല, അറബി ഭാഷ അറിയില്ല, ഫിഖ്ഹില്‍ പ്രാവീണ്യമില്ല എന്നൊക്കെയാണ് കുറിപ്പുകാരന്റെ ജല്‍പനങ്ങള്‍. അദ്ദേഹം ഉദ്ദേശിക്കുന്ന കലാലയത്തിന്റെ കാര്യത്തില്‍ അത് ശരിയായിരിക്കാം. എന്നുവെച്ച് അത് ഒരു പൊതു പ്രതിഭാസമായി സാമാന്യവത്കരിക്കുന്നത് നീതിയാണോ? 
അതേസമയം ഇസ്‌ലാമിക വിദ്യാഭ്യാസത്തെ കുറിച്ച്, വിശേഷിച്ച് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പുനരാലോചനകള്‍ വേണമെന്ന കാര്യത്തില്‍ രണ്ടു പക്ഷമുണ്ടെന്ന് തോന്നുന്നില്ല. കോളേജുകള്‍ക്കാവശ്യമായ ഹയര്‍ എജുക്കേഷന്‍ ബോര്‍ഡ്, സിലബസ്, കരിക്കുലം, ടെക്സ്റ്റ് ബുക് നിര്‍മാണത്തിനു വേണ്ട സംവിധാനം ഇതൊന്നും വേണ്ട അളവില്‍ വികസിപ്പിച്ചെടുക്കാന്‍ കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഇനിയും സാധിച്ചിട്ടില്ല. ഇത് പരിഹരിക്കാനാകുന്ന വിധം പുതിയ പോളിസിയില്‍ കാര്യമായ മാറ്റങ്ങള്‍ ദൃശ്യമാണ്. ഇത് ശുഭകരവും പ്രതീക്ഷാദായകവുമാണ്.
ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയക്ക് സാധിച്ചിട്ടുണ്ട്. പ്രതിഭാധനരായ എത്രയോ പണ്ഡിതന്മാരെ കൈരളിക്ക് സംഭാവന ചെയ്ത ആലുവ അസ്ഹറുല്‍ ഉലൂം കോളേജും ഈ രംഗത്ത് ഒട്ടും പിന്നിലല്ല. ഇതൊന്നും കുറിപ്പുകാരന്‍ തന്റെ കത്തില്‍ തീരെ പരാമര്‍ശിക്കുന്നുമില്ല.
ജമാഅത്തെ ഇസ്‌ലാമി ഒരു ഹയര്‍ എജുക്കേഷന്‍ ബോര്‍ഡ് രൂപീകരിക്കുകയും പ്രസ്ഥാനത്തിനു കീഴിലുള്ള കേരളത്തിലെ കോളേജുകള്‍ക്ക് കൃത്യമായ അക്കാദമിക മേല്‍നോട്ടം നല്‍കുകയും വേണം. ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സിനും ഇസ്‌ലാമിക് ഡിപ്ലോമാ കോഴ്‌സിനും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്, ആര്‍ട്‌സ് വിഷയങ്ങളില്‍ മികച്ച അധ്യയനം സാധ്യമാക്കാന്‍ കഴിയുന്ന അക്കാദമികാന്തരീക്ഷമുള്ളതുപോലെ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കാനും സഹായകമായ അക്കാദമികാന്തരീക്ഷം ഉണ്ടാക്കണം. കരിക്കുലം ഫ്രെയിംവര്‍ക്, സിലബസ്,  പാഠപുസ്തകങ്ങള്‍ എന്നിവ തയാറാക്കല്‍ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാതെ ഈ ബോര്‍ഡ് നേരിട്ട് നടത്തണം. അല്‍  ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ഈ രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയും സ്ഥിരം നിരീക്ഷണം നടത്തുകയും ചെയ്താല്‍ ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് ഇതിലും മെച്ചപ്പെട്ട സംഭാവനകള്‍ കൈരളിക്ക് സമ്മാനിക്കാനാകും.


നിലവാരത്തകര്‍ച്ചക്ക് ഖത്വീബ് മാത്രമാണോ ഉത്തരവാദി?

രണ്ടു ലക്കങ്ങളിലായി പ്രബോധനം പ്രസിദ്ധീകരിച്ച എം.വി മുഹമ്മദ് സലീം മൗലവിയുടെ ഖുത്വ്ബ, ഖത്വീബ്, ശ്രോതാക്കള്‍, മഹല്ല് കമ്മിറ്റി തുടങ്ങി വിവിധ തലങ്ങളില്‍നിന്നുകൊണ്ടുള്ള ലേഖനം (ലക്കം 15,16) ഇസ്‌ലാമികസമൂഹത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്. മസ്ജിദുകളും മാതൃഭാഷാ ഖുത്വ്ബകളുള്ള മിമ്പറുകളും അനുസ്യൂതം വര്‍ധിക്കുമ്പോഴും അതിലൂടെ സാധിച്ചെടുക്കേണ്ട ശുഭകരമായ മാറ്റങ്ങള്‍ ദൃശ്യമാകാതെ പോകുന്നു.
ഖുത്വ്ബ ഇസ്‌ലാമിക ജീവിതത്തെ രൂപപ്പെടുത്തലാണ്, ആയിരുന്നു. എന്നാല്‍ വ്യക്തി-കുടുംബ-സാമൂഹിക ജീവിതത്തെ നേര്‍ക്കുനേര്‍ തൊടാനാകാത്തേടത്തോളം അതങ്ങനെയാകില്ല. പ്രവാചകന്റെ ഖുത്വ്ബയെക്കുറിച്ച് ആഇശ(റ)യോട് ചോദിച്ചപ്പോള്‍ അതൊരു ഉപദേശമായിരുന്നു എന്നാണ് അവര്‍ പ്രതിവചിച്ചത്. വഴിമാറി സഞ്ചരിക്കുമ്പോള്‍ ദിശപകരാനും സംഭവിക്കുന്ന വീഴ്ചകളില്‍ തിരുത്തു നല്‍കാനും സംഭവിക്കാനിടയുള്ള അപഥസഞ്ചാരത്തെക്കുറിച്ച് താക്കീതു നല്‍കാനും മിമ്പര്‍ ഉപയുക്തമാകുമ്പോഴാണ് അതൊരു യഥാര്‍ഥ ഉപദേശയിടമാകുന്നത്. വിശ്വാസികള്‍ ഭിന്നിക്കുകയും തര്‍ക്കിക്കുകയും സ്വരച്ചേര്‍ച്ചയില്ലാത്ത സമൂഹമായി മാറുകയും ചെയ്യുമ്പോള്‍ ആ ഭിന്നതകള്‍ ലഘൂകരിക്കാന്‍, മുറിവുകളില്‍ മരുന്നു പുരട്ടാന്‍ മിമ്പറുകള്‍ക്ക് സാധിക്കണം.
ഗുണമൊത്ത ഖത്വീബുമാരുടെ അഭാവം ലേഖകന്‍ സൂചിപ്പിക്കുന്നുണ്ട്. പരിഹാരമായി റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ കീഴില്‍ ഖുത്വ്ബ പരിശീലനാലയം സ്ഥാപിച്ചതുപോലെ നമുക്കൊരു ഖുത്വ്ബ കോളേജ് വേണമെന്ന നിര്‍ദേശവും മുന്നോട്ടു വെക്കുന്നുണ്ട്. ഇത് ശ്ലാഘനീയം തന്നെ. എന്നാല്‍ കഴിവും യോഗ്യതയുമുള്ളവരുടെ അഭാവം മാത്രമാണോ, ലഭ്യമായ കഴിവുള്ളവരെ വേവിധം ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകുന്നതാണോ യഥാര്‍ഥ കാരണമെന്ന അന്വേഷണവും ഒപ്പം നടക്കണം.
ഖത്വീബുമാര്‍ കേള്‍വിക്കാരുടെ ആവശ്യം/ സാഹചര്യം മനസ്സിലാക്കി കാര്യങ്ങള്‍ പറയുക എന്നത് വളരെ പ്രധാനമാണ്. ഗ്രാമം, പട്ടണം, സ്‌കൂള്‍, വ്യത്യസ്ത ചിന്താഗതിക്കാരുടെ സാന്നിധ്യം, തൊഴിലിടങ്ങള്‍ തുടങ്ങി സദസ്സിനൊത്ത് ഖുത്വ്ബകള്‍ സംഭവിക്കുമ്പോഴാണ് അത് യുക്തവും ശക്തവും ഫലദായകവും പരിവര്‍ത്തനക്ഷമവുമാകുന്നത്. വിദ്യാര്‍ഥികള്‍ മാത്രമുള്ള ഒരു കാമ്പസ് മസ്ജിദില്‍ രക്ഷിതാക്കളുടെ കടമകളെക്കുറിച്ച ഒരു ഖുത്വ്ബ കേള്‍ക്കാനിടയായത് ഓര്‍ക്കുന്നു. വിദ്യാലയ/കലാലയ കാമ്പസുകളില്‍ കൃത്യമായ സിലബസ് തയാറാക്കി ഖുത്വ്ബ നിര്‍വഹിച്ചാല്‍ അത് ഏറെ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. സ്ഥലകാല സാഹചര്യ വ്യത്യാസം മനസ്സിലാക്കി, സമകാലിക സംഭവവികാസങ്ങള്‍ ഉള്‍ച്ചേര്‍ത്ത്, തൗഹീദ്-രിസാലത്ത്-ആഖിറത്ത് ആധാരശിലകള്‍ കോര്‍ത്തിണക്കി വിശ്വാസികളില്‍ ഈമാനും തഖ്‌വയും ഇഹ്‌സാനും ഇത്വാഅത്തും സാമൂഹിക അവബോധവും നിര്‍മിച്ചെടുക്കുക എന്നതാകണം ഖുത്വ്ബകളുടെ അടിസ്ഥാന ലക്ഷ്യം.
മിമ്പറില്‍ കയറാന്‍ കൂട്ടാക്കാതെ മാറിനില്‍ക്കുന്ന കഴിവുള്ള വ്യക്തിത്വങ്ങളുണ്ട്. നിര്‍ബന്ധിത സാഹചര്യം കൊണ്ട് മിമ്പറില്‍ കയറുന്നവരുണ്ട്. അനിഷ്ടത്തോടെ ഖുത്വ്ബ നിര്‍വഹിക്കുന്നവരുമുണ്ട്. ഇങ്ങനെ പലവിധ കാരണങ്ങള്‍ ചികയുമ്പോള്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാവും. മസ്ജിദിലെ മൈക്ക്-ശബ്ദ സംവിധാനം ഒരു പ്രധാന വില്ലനാണ്. പണ്ടെങ്ങോ ഫിറ്റ് ചെയ്ത ആംപ്ലിഫയറും ഗുണമേന്മ കുറഞ്ഞ ശബ്ദക്രമീകരണങ്ങളും ഖത്വീബിനെയും ശ്രോതാക്കളെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്നു. ശബ്ദവിന്യാസവും ഭാവവ്യത്യാസങ്ങളും ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളും പ്രഭാഷണ വിജയത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. 
മിമ്പറിന്റെ രൂപവും അത് സ്ഥാപിച്ചിരിക്കുന്ന സ്ഥലവുമെല്ലാം പരിശോധിക്കപ്പെടേണ്ടവ തന്നെ. പ്രഭാഷകന് സുഗമമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത, കൈകള്‍ അമര്‍ത്തി വെക്കാനാകാത്ത മിമ്പറുകള്‍ അനവധിയാണ്. ഖത്വീബുമാര്‍ പലകുറി സൂചിപ്പിച്ചിട്ടും അത്രമതി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പല മഹല്ല് കമ്മിറ്റികളും. പല ഖത്വീബുമാര്‍ക്കും കിട്ടുന്ന വേതനവും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ജോലിത്തിരക്കിനിടയില്‍ എല്ലാം മാറ്റിവെച്ച്, ഒരുപക്ഷേ അന്നേ ദിവസം ലീവ് വരെ എടുത്ത് വന്ന് ഖുത്വ്ബ പറയുന്ന ഖത്വീബിനെ വേണ്ടവിധം നാം പരിഗണിക്കാറുണ്ടോ? മസ്ജിദ് പരിപാലനത്തിന്റെ അടിസ്ഥാന ഘടകമായി മനസ്സിലാക്കേണ്ട ജുമുഅ ഖുത്വ്ബയുടെ മികവും തികവും ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ട സാമ്പത്തിക മുടക്ക് കൂടി ഗൗരവത്തിലെടുത്തേ മതിയാകൂ. 

ഉസ്മാന്‍ പാടലടുക്ക

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌