Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

ആണ്‍മക്കളോ പെണ്‍മക്കളോ ഉപകാരപ്പെടുക?

ഡോ. ജാസിമുല്‍ മുത്വവ്വ

മാതാപിതാക്കള്‍ക്ക് ഏറെ നന്മ ചെയ്യുന്നത് ആണ്‍ മക്കളോ പെണ്‍മക്കളോ? ഇങ്ങനെ ഒരു ചോദ്യമുന്നയിച്ചാല്‍ കിട്ടുന്ന മറുപടി മൂന്നായിരിക്കും: ഒന്ന്, പെണ്‍കുട്ടികള്‍ തന്നെ. കാരണം അവര്‍ക്കാണ് കൂടുതല്‍ അനുഭാവവും സ്‌നേഹവും വാത്സല്യവും. ആണ്‍കുട്ടികള്‍ക്ക് അവരുടേതായ വേലകളും തിരക്കുകളുമുണ്ടാവും. രണ്ട്, ആണ്‍കുട്ടികള്‍. മാതാപിതാക്കളുടെ സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറാന്‍ അവര്‍ക്ക് സാധിക്കും. അവരുടേതാണല്ലോ തീരുമാനങ്ങള്‍. പെണ്‍കുട്ടികള്‍ വിവാഹമൊക്കെ കഴിഞ്ഞ് അവരുടെ മക്കളുമായി കെട്ടിമറിയുകയാവും. മൂന്ന്, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്നത് ഒരു സ്വഭാവവും സംസ്‌കാരവുമാകുന്നു. സംസ്‌കാരം ആര്‍ജിച്ചു നേടേണ്ടതാണ്. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. ആരിലാണോ കൂടുതല്‍ നന്മ- അതാണ് മുഖ്യം. 'ആണ്‍കുട്ടികള്‍ക്ക് ഉമ്മയോടാണ് കൂടുതല്‍ അടുപ്പം, പെണ്‍കുട്ടികള്‍ക്ക് ഉപ്പയോടും' എന്നൊരു ചൊല്ലുണ്ട്. നാടന്‍ പഴമൊഴി ഇങ്ങനെ: 'പെണ്‍കുട്ടി ഉപ്പയുടെ പുന്നാരമോളാണ്. ആണ്‍കുട്ടി ഉമ്മയുടെ അതൃപ്പക്കനിയാണ്.' ഈ സമവാക്യം എപ്പോഴും ശരിയാവണമെന്നില്ല. മൂന്നാമത്തെ മറുപടിയാണ് ശരിയായി എനിക്ക് തോന്നുന്നത്. 
മാതാപിതാക്കളോട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും നന്നായി വര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട കുറേ കഥകളുണ്ട്. രസകരമായ ഒരു കഥ ഞാനോര്‍ക്കുന്നു. ഒരാള്‍, അയാളുടെ കൈയില്‍ എപ്പോഴും ഒരു കൊച്ചു വിശറി കാണും. വലിയ ഉദ്യോഗസ്ഥനാണ്. ഉന്നതസ്ഥാനീയനാണ്.
'നിങ്ങളെന്താണ് എപ്പോഴും ഒരു കുഞ്ഞു വിശറിയും ചുമന്ന് നടക്കുന്നത്?'
'നിങ്ങള്‍ക്കെന്ത് തോന്നുന്നു?'
'ചൂട് അതികഠിനമായതിനാല്‍ വീശിക്കൊണ്ടിരിക്കാനാവും.'
അയാള്‍: 'അതല്ല. എന്റെ പിതാവിന്റെ കഥ കേട്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാവും.'
'പിതാവും വിശറിയുമായി എന്തു ബന്ധം?'
'വിശറി എന്റെ പിതാവിനു വേണ്ടിയാണ്. എന്റെ പിതാവ് ഒരു മുന്‍ശുണ്ഠിക്കാരനാണ്. ഭയങ്കര ദേഷ്യമാണ്. ചൂടുള്ള ചായ കൊണ്ടു ചെല്ലുമ്പോള്‍ ആ ചൂട് ഒന്ന് ആറുന്നത് വരെ ക്ഷമിച്ചിരിക്കാന്‍ അദ്ദേഹത്തിനാവില്ല. അദ്ദേഹത്തിന് അത് വേഗം കുടിക്കണം. ചായ തണുപ്പിക്കാന്‍ പാത്രത്തില്‍ ഊതാന്‍ ഞാന്‍ തയാറാവില്ല. കാരണം അത് അല്ലാഹുവിന്റെ കല്‍പനക്ക് എതിരാവുമല്ലോ. 'നീ അവര്‍ രണ്ട് പേരോടും ഛെ എന്ന വാക്ക് പോലും പറയരുത്.' വെറുപ്പ് സ്ഫുരിക്കുന്ന വാക്ക് മൊഴിയരുത്. അപ്പോള്‍ ചായ തണുപ്പിക്കാന്‍ ഞാന്‍ വിശറി ഉപയോഗിച്ചു വീശും.' അത്ര പോലും മാതാപിതാക്കള്‍ക്ക് അലോസരമുണ്ടാക്കരുത് എന്ന ചിന്തയാവാം ഈ വിചിത്ര സൂത്രത്തിന് അയാളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
മാതാപിതാക്കളെ വെറുപ്പിക്കുകയെന്നാല്‍ അവരെ ഉപദ്രവിക്കുകയാണ്. കൂടിയ തോതിലോ കുറഞ്ഞ തോതിലോ ഉള്ള ഏത് ഉപദ്രവവും അവരില്‍ അവ ഉളവാക്കുന്ന നീരസമാണ് വെറുപ്പിക്കല്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ ആജ്ഞകളോ നിരോധങ്ങളോ ലംഘിക്കുന്നതും ഈ ഗണത്തില്‍പെടും; അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിരാവാത്തേടത്തോളം. എതിരായാല്‍ പ്രമാണം മാറി. 'സ്രഷ്ടാവിനോട് അനുസരണക്കേട് കാണിച്ച് സൃഷ്ടികളെ അനുസരിക്കുന്ന പ്രശ്‌നമില്ല.'
വെറുപ്പിക്കുകയെന്നാല്‍ ശാരീരികമായ കൈയേറ്റമാവാം, അടി, ഇടി, തള്ള്- അങ്ങനെ. നാവ് കൊണ്ടാവാം ഈ വെറുപ്പിക്കല്‍. ശകാരം, ഭീഷണി, താക്കീത്, ഒച്ചയിടല്‍, ശബ്ദമുയര്‍ത്തി സംസാരിക്കല്‍, അട്ടഹാസം, അവഹേളനം, പരിഹാസം, കൊച്ചാക്കല്‍ ഇങ്ങനെ പല രീതിയിലുമുണ്ട് നാവു കൊണ്ടുള്ള ദ്രോഹം.
മാതാപിതാക്കളുടെ സംരക്ഷണ ഉത്തരവാദിത്തത്തില്‍നിന്ന് മക്കള്‍ ഒഴിഞ്ഞുമാറുന്നതും ഈ ഗണത്തില്‍പെടുന്നു. അവരോട് പിണങ്ങിക്കഴിയുക, അവരെ സന്ദര്‍ശിക്കാതിരിക്കുക, അവരെ ഉപേക്ഷിക്കുക, പണം ചോദിച്ച് അവരെ നിരന്തരം ശല്യപ്പെടുത്തുക, ധനികരായ മക്കള്‍ ദരിദ്രരായ മാതാപിതാക്കള്‍ക്ക് ഒന്നും നല്‍കാതിരിക്കുക, അല്ലെങ്കില്‍ ഭാരമെല്ലാം അവരെക്കൊണ്ട് ചുമപ്പിക്കുക ഇങ്ങനെ ദ്രോഹങ്ങള്‍ നിരവധിയാണ്. ബഹുദൈവാരാധകനായ പിതാവിനെ പുത്രന്‍ ഇബ്‌റാഹീം (അ) സംബോധന ചെയ്യുന്നത് എത്ര മധുരമനോഹരമാണ്: 'എന്റെ പ്രിയപ്പെട്ട ബാപ്പ' (യാ അബത്തി). അതില്‍ ആദരവുണ്ട്, സ്‌നേഹമുണ്ട്, അടുപ്പമുണ്ട്, ഊഷ്മളതയുണ്ട്. ഇതെല്ലാം 'ബിര്‍റ്' എന്ന പദത്തിന്റെ അര്‍ഥവ്യാപ്തിയില്‍പെടുന്നു.
മാതാപിതാക്കളുടെ സ്ഥാനം വലുതാണ്. നമസ്‌കാരത്തിലെ നിഷ്ഠക്കു ശേഷമുള്ള സ്ഥാനം അതിനാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദ് പോലും അതിനു ശേഷമേയുള്ളൂ. അബ്ദുല്ലാഹിബ്‌നു മസ്ഊദ് നബി(സ)യോട് ചോദിച്ചു: ''അല്ലാഹുവിന് ഏറെ പ്രിയങ്കരമായ കര്‍മം ഏതാണ്?''
നബി (സ): ''നമസ്‌കാരം അതിന്റെ യഥാസമയം അനുഷ്ഠിക്കുന്നത്.''
''പിന്നെയോ?''
നബി (സ): ''മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നത്.''
''പിന്നെയോ, റസൂലേ?''
''പിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ്.''
മക്കള്‍ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിര്‍വഹിക്കണം. മാതാപിതാക്കളുടെ സമപ്രായക്കാരുടെ ആവശ്യങ്ങള്‍ എന്തൊക്കെയെന്നറിയണം ആദ്യം. മാതാപിതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റെന്തെങ്കിലും പ്രവൃത്തിയില്‍ മുഴുകുന്നത്, അത് മൊബൈലില്‍ സ്പര്‍ശിക്കുന്നതായാല്‍ പോലും അഭികാമ്യമല്ല. അവരെ അനാദരിക്കുന്നതിന്റെയും അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കുന്നതിന്റെയും അടയാളമായിട്ടാണ് അവര്‍ അത് കണക്കാക്കുക. സംസാരിക്കുമ്പോഴുള്ള മിഴിയനക്കം പോലും മാതാപിതാക്കളോടുള്ള നന്മ നിറഞ്ഞ പെരുമാറ്റത്തിന്റെ ഗണത്തില്‍ പെടുമെന്നോര്‍ക്കുക.
രസകരമായ ഒരു കഥ ഓര്‍മവരുന്നു. പിതാവിന്റെ മരണശേഷം ഒരു പെണ്‍കുട്ടി പിതാവിന്റെ പേരില്‍ ഒരു കത്തെഴുതി. ആ കത്ത് തന്റെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമെല്ലാം അവള്‍ അയച്ചുകൊടുത്തു. പിതാവ് എഴുതിയതാണെന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു അതിലെ വാചകങ്ങള്‍. തനിക്കു വേണ്ടി പ്രാര്‍ഥിക്കണം, ദാനധര്‍മം ചെയ്യണം എന്നൊക്കെയായിരുന്നു ഉള്ളടക്കം. അത് മനസ്സില്‍ തറച്ച മക്കള്‍ ആ പിതാവിന്റെ പേരില്‍ ഒരു ചാരിറ്റി പ്രോജക്ട് ആവിഷ്‌കരിച്ചു നടപ്പാക്കി. ബുദ്ധിമതിയായ ആ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കുള്ള നന്മയില്‍ നിസ്തുല ചരിത്രം രചിച്ചു. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌