Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

കര്‍മശാസ്ത്രത്തിന്റെ ഹൃദയ സ്പന്ദനം തിരിച്ചറിയണം

സ്വാലിഹ് പുതുപൊന്നാനി

സാഹചര്യങ്ങള്‍ നിരന്തരം മാറിക്കൊിരുന്നപ്പോള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തെ പ്രസക്തമാക്കി നിലനിര്‍ത്തിയത്, അതതു കാലത്തെ ഖാദിമാരുടെ പ്രശ്‌നാധിഷ്ഠിത വിധിതീര്‍പ്പുകളും ജ്ഞാനികളുടെ അവസരോചിത ഫത്‌വകളുമാണ്. കര്‍മശാസ്ത്രം ഉള്‍വഹിക്കുന്ന അടിസ്ഥാന വികാരങ്ങളെ തിരിച്ചറിയുന്നവരായിരുന്നു ഇസ്ലാമിക സമൂഹത്തിന് അതതു കാലങ്ങളില്‍ ജ്ഞാനനേതൃത്വം നല്‍കിയ ഖാദി- മുഫ്തിമാരില്‍ ഒട്ടുമിക്കപേരും. അവരുടെ വിധിതീര്‍പ്പുകളെല്ലാം കാലാതിവര്‍ത്തനശേഷി ഉള്ളവയായിരിക്കണമെന്നില്ല. പക്ഷേ, അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനില്‍നിന്നും അതിന്റെ ജീവിതവ്യാഖ്യാനമായ തിരുസുന്നത്തില്‍നിന്നും അവര്‍ നിര്‍ധാരണം ചെയ്‌തെടുത്ത മനുഷ്യസൗഹൃദ അടിത്തറയുള്ള കര്‍മശാസ്ത്രതത്ത്വങ്ങള്‍ സാര്‍വകാലികവും സാര്‍വജനീനവും ആണെന്ന് നിസ്സംശയം പറയാം. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അക്ഷരവായന നടത്തിയാല്‍ പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. അവ പിറന്ന സ്ഥലകാലത്തേക്ക് ഇറങ്ങിനിന്നും   അവയില്‍ ജ്വലിച്ചുനില്‍ക്കുന്ന മാനുഷിക വികാരങ്ങളുടെ നേരെ കണ്ണുകള്‍ തുറന്നുവെച്ചും വായിച്ചാല്‍ അസ്വീകാര്യങ്ങളായ നിലപാടുകള്‍ ഉണ്ടാവുക പ്രയാസമായിരിക്കും. അങ്ങനെ വായിച്ചുപോയ, ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഉണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല. കര്‍മശാസ്ത്ര വിധികള്‍ പഴങ്കഥയായെന്ന് വിലപിക്കുന്നവരും, അവ അക്ഷരംപ്രതി വിഴുങ്ങണം എന്ന് വാശിപിടിക്കുന്നവരും കര്‍മശാസ്ത്രത്തെ നയിക്കുന്ന അടിസ്ഥാന വികാരങ്ങളും തത്ത്വങ്ങളും അറിഞ്ഞില്ലെന്നു നടിക്കുകയാണ്, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. അധികപേര്‍ക്കും ഇതു സംബന്ധമായ അവബോധം തുലോം കുറവാണെന്നും വ്യക്തം.
കര്‍മശാസ്ത്ര തത്ത്വങ്ങള്‍ വിശകലനം ചെയ്യുന്നവരില്‍ അഗ്രേസരനായ ഇമാം ഖറാഫി വിശ്രുതമായ തന്റെ 'അല്‍ഫുറൂഖി'ല്‍ രേഖപ്പെടുത്തുന്നു: ''മഹത്തായ മുഹമ്മദീയ ശരീഅത്ത് മൂലതത്ത്വങ്ങളും അനുബന്ധ തത്ത്വങ്ങളും അടങ്ങിയതാണ്. മൂലതത്ത്വങ്ങള്‍ രണ്ടിനമുണ്ട്: ഒന്ന്, കര്‍മശാസ്ത്ര തത്ത്വങ്ങള്‍ അഥവാ ഉസ്വൂലുല്‍ ഫിഖ്ഹ്. ഇതില്‍ മിക്കപ്പോഴും ഖുര്‍ആന്‍, സുന്നത്ത് എന്നീ മൂലപ്രമാണങ്ങളിലെ അറബി ഭാഷാപ്രയോഗങ്ങളില്‍നിന്നും സംഗതികളുടെ നിയമകാര്‍ക്കശ്യത്തിന്റെ തോതും ഘനവും തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളാണ് ചര്‍ച്ച ചെയ്യുക. കല്‍പന ക്രിയ വാജിബിനെ കാണിക്കാന്‍, നിരോധന ക്രിയ ഹറാമിനെ ദ്യോതിപ്പിക്കാന്‍ തുടങ്ങിയവ ഉദാഹരണം. അതുപോലെ, നസ്ഖ് (പ്രവാചകന്റെ ജീവിത കാലത്തു തന്നെ ഉണ്ടായ നിയമഭേദഗതി) വിധിയോ വിലക്കോ, പൊതുവായതോ സവിശേഷമായതോ, ഖിയാസ് ഒരു പ്രമാണമോ അല്ലേ, ഖബറുല്‍ വാഹിദ്, മുജ്തഹിദിന്റെ യോഗ്യത എന്നിത്യാദി കാര്യങ്ങള്‍ ഉസ്വൂലുല്‍ ഫിഖ്ഹ് കൈകാര്യം ചെയ്യുന്നു. 
രണ്ട്, കര്‍മശാസ്ത്രത്തെ ആസകലം നിയന്ത്രിക്കുന്ന അടിസ്ഥാന സിദ്ധാന്തങ്ങള്‍ അഥവാ ഖവാഇദഃ കുല്ലിയ്യ. ഇവ വളരെ പ്രധാനമാണ്. നിയമനിര്‍ധാരണത്തില്‍ ഇവയുടേത് വലിയ സഹായമാണ്. മതനിയമങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന പൊരുളുകള്‍ ഉള്‍ക്കൊള്ളുന്നത് ഈ സിദ്ധാന്തങ്ങളാണ്. ശരീഅത്തിലെ അസംഖ്യം നിയമങ്ങളെല്ലാം അടങ്ങിയിട്ടുള്ള ഈ സിദ്ധാന്തങ്ങളെ കുറിച്ച്, പക്ഷേ ഉസ്വൂലുല്‍ ഫിഖ്ഹ് കാര്യമായൊന്നും പറയാറില്ല. യാദൃഛികമായി പൊതുവായ ചില പരാമര്‍ശങ്ങള്‍ കാണാമെന്നല്ലാതെ വിശദമായ അപഗ്രഥനം ഉണ്ടാകാറില്ല. കര്‍മശാസ്ത്രത്തില്‍ ഈ 'ഖാഇദ' കള്‍ വളരെ സുപ്രധാനവും അതേക്കുറിച്ചുള്ള അറിവ് വളരെ ഫലപ്രദവുമാണ്. അവയെക്കുറിച്ചുള്ള സമഗ്രമായ ജ്ഞാനത്തിന്റെ തോതു കണ്ട് ഫഖീഹിന്റെ വലുപ്പവും സ്ഥാനവും മഹത്വവും വര്‍ധിക്കുന്നു. കര്‍മശാസ്ത്രത്തിന്റെ ചന്തം അതുവഴിയാണ് വെളിപ്പെടുന്നതും അറിയപ്പെടുന്നതും. മതവിധി പ്രഖ്യാപിക്കുന്നതിന്റെ രീതിശാസ്ത്രം വ്യക്തമാകുന്നതും അപ്പോഴാണ്. ഈ ജ്ഞാനത്തിന്റെ കാര്യത്തിലത്രെ ജ്ഞാനികളുടെ മഹത്വം ഏറിയും കുറഞ്ഞുമിരിക്കുന്നത്. മൂപ്പായിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന കാര്യവും ഇതുതന്നെ...''   
ഫിഖ്ഹിന്റെ ഹൃദയരക്തം സര്‍വത്ര മനുഷ്യക്ഷേമ താല്‍പ്പര്യമാണ്. കാരുണ്യവാനായ സ്രഷ്ടാവ്, രോഷത്തെ വെല്ലുന്ന സ്‌നേഹവും അലിവും തന്റെ മേല്‍വിലാസമായി സ്വീകരിച്ചിട്ടുള്ള റഹ്മാനും റഹീമുമായവന്‍, തന്റെ സവിശേഷ ആവിഷ്‌കാരമായ മനുഷ്യരാശിയെ സ്‌നേഹപൂര്‍ണമായി ഗുണദോഷിക്കുകയാണല്ലോ ശരീഅത്തിലൂടെ. ഉദ്ദേശ്യരഹിതമായ ഒരു നിയമവും ഇസ്‌ലാമില്‍ ഇല്ല. ''മനുഷ്യര്‍ പരസ്പരം ഇല്ലായ്മ ചെയ്യാനും  ദ്രോഹിക്കാനും ഇടവരാത്തവിധം മനുഷ്യ വ്യവഹാരങ്ങള്‍ /ആദാനപ്രദാനങ്ങള്‍ നിയന്ത്രിക്കുകയും മനുഷ്യര്‍ ജീവിക്കുന്ന ലോകത്തിന്റെ ഘടനയും വ്യവസ്ഥയും സംരക്ഷിക്കുകയുമാണ് ശരീഅത്ത് ലക്ഷ്യമാക്കുന്നത്'' 

(حفظ نظام العالم وضبط تصرف الناس فيه على وجه يعصم من التفاسد).

സമഗ്രമായ ഈ ലക്ഷ്യം സാര്‍ഥകമാകാന്‍ ആവശ്യമായ സമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-പെരുമാറ്റ -കുടുംബ നിയമങ്ങളാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. 'അനിവാര്യതകള്‍'  (ളറൂറിയ്യാത്ത്) എന്നു പേരിട്ട് ഇസ്‌ലാമിക ശരീഅത്ത് മുന്നില്‍ നിര്‍ത്തിയിരിക്കുന്ന അതിന്റെ ആറു തത്ത്വങ്ങള്‍ ഉണ്ട്. അവയില്‍ ഊന്നിയാണ് ഇസ്‌ലാമിക നിയമങ്ങള്‍ വടവൃക്ഷമായി വളര്‍ന്ന് തണല്‍ സമ്മാനിക്കുന്നത്. ഇവയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഇവ സംരക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ശാഖാ വിധിവിലക്കുകളില്‍ ഒരുപാട് ഇളവുകള്‍ പ്രഖ്യാപിക്കുന്നു്, ആരാധനകളില്‍ പോലും. വിശ്വാസ സംരക്ഷണം, ശരീര സംരക്ഷണം, ധന സംരക്ഷണം, ബോധ /ബുദ്ധി സംരക്ഷണം, ചാരിത്ര്യ / കുടുംബസംരക്ഷണം, അഭിമാന സംരക്ഷണം എന്നിവയത്രെ കര്‍മശാസ്ത്ര നിയമങ്ങളുടെ ആ ആറു മൂലങ്ങള്‍.
ശരീഅത്ത് അനുശാസിക്കുന്ന കാര്യങ്ങളെ  മൂന്നായി കാണാം: ഒന്ന്, ളറൂറിയ്യാത്ത്. അത്യാവശ്യം അഥവാ മനുഷ്യരുടെ ഭൗതിക നിലനില്‍പിനും ഇസ്ലാമിക ജീവിതത്തിനും അനിവാര്യമായത്. ഇവ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഇഹപരക്ഷേമം സാധ്യമല്ലെന്ന് മാത്രമല്ല, ഇഹലോകത്ത് നാശവും പരസ്പര അക്രമവും കൊലപാതകവും ജീവനാശവും ഉണ്ടാകാനും, പരലോകത്ത് രക്ഷയും അനുഗ്രഹങ്ങളും നഷ്ടപ്പെട്ട് ശാശ്വത പരാജയം സംഭവിക്കാനും അത് ഇടയാക്കും. രണ്ട്: ഹാജിയ്യാത്ത്. ആവശ്യം അഥവാ നിലനില്‍പിന് അനിവാര്യമായതല്ലെങ്കിലും സുഖകരവും വിശാലവുമായ ജീവിതത്തിന് ആവശ്യമുള്ളത്. ഒരുവേള ജീവിതപ്രയാസത്തിലേക്ക് നയിക്കുന്ന ബുദ്ധിമുട്ടുകളെ (നിലനില്‍പിനും അസ്തിത്വത്തിനും ശാശ്വത വിജയത്തിനും ഭീഷണിയാകുന്ന ബുദ്ധിമുട്ടുകള്‍ അല്ല) തടയാന്‍ ഇവ ആവശ്യമാണ്. മൂന്ന്, തഹ്‌സീനിയ്യാത്ത്. അലങ്കാരങ്ങള്‍. ആരാധനകളും ആചാരങ്ങളും സാമൂഹിക ഇടപാടുകളും ബന്ധങ്ങളും ഭംഗിയായി കൊണ്ടുനടക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍.  
ഇസ്‌ലാം സംരക്ഷണമേറ്റ ദീനും ജീവനും സമ്പത്തും ചാരിത്ര്യവും ഒരുവേള അഭിമാനവും തകര്‍ക്കുന്ന ഒരു സന്ദര്‍ഭമാണ് യുദ്ധം. ശത്രുക്കള്‍ ആക്രമണം നടത്തുമ്പോള്‍, അല്ലെങ്കില്‍ യുദ്ധസജ്ജരായി നിലകൊള്ളുമ്പോള്‍ ശരീഅത്ത് ജിഹാദ് ആഹ്വാനം ചെയ്യുന്നത് 'അനിവാര്യതകളുടെ' സംരക്ഷണം ഉറപ്പുവരുത്താനാണ്. സത്യനിഷേധത്തോടുള്ള കേവല വിരോധം കൊണ്ടല്ല ജിഹാദ് ചെയ്യാന്‍ ശരീഅത്ത് കല്‍പിച്ചിരിക്കുന്നത്. അതു മാത്രമാണ് ജിഹാദിന്റെ പ്രേരകമെങ്കില്‍  ശത്രുപക്ഷത്തെ അവിശ്വാസികളായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് നിര്‍ദേശിക്കില്ലായിരുന്നില്ലല്ലോ. അമുസ്‌ലിംകളായ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാനും അവരോട് സ്‌നേഹബഹുമാനത്തോടെ സഹവസിക്കാനും കല്‍പിക്കുകയില്ലല്ലോ. മുസ്‌ലിംകള്‍ക്കെതിരെയോ മുസ്ലിം രാജ്യത്ത് താമസിക്കുന്ന മുസ്‌ലിം നാടുകളിലെ അമുസ്‌ലിംകളായ സംരക്ഷിത പ്രജകള്‍ക്കെതിരെയോ അഭയാര്‍ഥികള്‍ക്കെതിരെയോ ശത്രുതാ മനോഭാവത്തോടെ ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരെ കൂടിയാണ് ജിഹാദ്. 'അനിവാര്യതകളുടെ' സംരക്ഷണമാണ് ജിഹാദിന്റെ താല്‍പര്യം.      
ആധുനിക മനുഷ്യര്‍  രൂപംകൊടുത്ത മനുഷ്യാവകാശ നിയമങ്ങള്‍ക്കു പോലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ഇസ്‌ലാമിക നിയമങ്ങള്‍ പ്രസരിപ്പിക്കുന്ന മാനുഷികത.  അയല്‍ക്കാരന് കാറ്റും വെളിച്ചവും തടയുന്ന വിധം അരികില്‍ വീടു വെക്കുന്നവനെ ശരീഅത്ത് താക്കീത് ചെയ്യുന്നു. അയല്‍വാസിയെ ദ്രോഹിക്കുന്ന വിധം പുകയോ ദുര്‍ഗന്ധമോ പുറത്തുവിടുന്നത് തടയുന്നു. കര്‍മശാസ്ത്രത്തിലെ നഗരാസൂത്രണ മാനുഷികത, നമ്മുടെ നാട്ടിലെ കെട്ടിടനിര്‍മാണ നിയമങ്ങളില്‍ പോലും കാണില്ല. നാട്ടുകാര്‍ക്ക് സഞ്ചരിക്കാനുള്ള വഴി വീതി ചുരുക്കിയും സ്ഥല- സാമ്പത്തിക സൗകര്യമുണ്ടായിരിക്കെ, പാര്‍ക്കുന്ന വീട് കുടുസ്സാക്കി ജീവിക്കുന്ന ഒരു ശിഷ്യന്‍ നബി(സ)ക്കൊപ്പം വിശുദ്ധ സമരത്തിന് തയാറായി വന്നു. അദ്ദേഹത്തിന്റെ ഇടുങ്ങിയ ചിന്താഗതി മനസ്സിലാക്കിയ തിരുദൂതര്‍ അയാളെ അയോഗ്യനാക്കി തിരിച്ചയക്കുന്നതിനു മുമ്പ് ഒരു പൊതു പ്രഖ്യാപനം നടത്തുകയുണ്ടായി: ''തന്റെ വീട് കുടുസ്സാക്കിയവരാരോ, വീതി ചുരുക്കി പൊതുവഴി സഞ്ചാര യോഗ്യമല്ലാതാക്കിയവരാരോ അവര്‍ക്ക് ഇപ്പോള്‍ ജിഹാദിന് അവസരം തരുന്നില്ല'' (അബൂദാവൂദ്/ കിതാബുല്‍ ജിഹാദ്).
ഹൃദയവിശാലതയാണ് സമരപോരാളിയുടെ, പട്ടാളക്കാരന്റെ അടിസ്ഥാനയോഗ്യത എന്ന അദ്വിതീയമായ പാഠം കര്‍മശാസ്ത്രത്തിനു പകര്‍ന്നുതരികയായിരുന്നു കാരുണ്യത്തിന്റെ ദൂതന്‍. ഇസ്‌ലാമിക പ്രസ്ഥാനം ശക്തമായ ഭീഷണി നേരിടുന്ന മദീനയിലെ ആദ്യഘട്ടം. വിശുദ്ധ സമരത്തിന് പോരാളികള്‍ ധാരാളം ആവശ്യമുള്ള സന്ദര്‍ഭം. സമരസന്നദ്ധനായി എത്തിയ യുവാവിനോട് നബി (സ) ചോദിച്ചു: ''വൃദ്ധരായ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?'' ഉണ്ടെന്ന് പ്രതിവചിച്ച പട്ടാളക്കാരനോട് അവിടുന്ന് ഉപദേശിച്ചു: ''മാതാപിതാക്കളുടെ അരികത്തേക്ക് തിരിച്ചുപോകൂ, അവരുമായി വളരെ നല്ല നിലയില്‍ സഹവസിച്ചു കഴിയുക.'' തന്റെ കൂടെ സഹവസിക്കുകയും ജിഹാദ് ചെയ്യുകയും ചെയ്യുന്നതിലുമേറെ പുണ്യം, ആ സന്ദര്‍ഭത്തില്‍ ആ മനുഷ്യന് തന്റെ  മാതാപിതാക്കളോടൊപ്പം കഴിയുന്നതുവഴി ലഭിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ ആ മനുഷ്യന്‍ പോരാട്ടത്തിനു പോകുന്നതില്‍ അസംതൃപ്തി കാണിക്കുകയോ അതില്‍നിന്ന് തടയുകയോ  ചെയ്തിരുന്നില്ല. എന്നിട്ടുപോലും നബി (സ) അയാളെ അവരുടെ ശുശ്രൂഷക്കു വേണ്ടി തിരിച്ചയച്ചത്, കര്‍മശാസ്ത്രം ഏതുകാലത്തും അതിന്റെ ജീവരക്തമായി കൊണ്ടുനടക്കേണ്ട മനുഷ്യക്ഷേമവും മാനവസംരക്ഷണവും എങ്ങനെയായിരിക്കണമെന്ന് പ്രായോഗികമായി കാണിച്ചുതരാനായിരുന്നു. സംരക്ഷിക്കാനും പരിചരിക്കാനും ആളില്ലാതെ മാതാപിതാക്കളുടെ ജീവനു ഭീഷണി നിലനില്‍ക്കെ ഇയാള്‍ എന്തിന് ഇത്ര തിരക്കിട്ട് ജിഹാദ് ചെയ്യണം! 
മഹാനായ ബിശ്‌റുനില്‍ഹാഫിയെ സമീപിച്ച് ഒരാള്‍ പറഞ്ഞു: ''ഞാന്‍ ഹജ്ജിനു പോവുകയാണ്; വല്ല നിര്‍ദേശവും നല്‍കാനുണ്ടോ?''
''എത്ര സംഖ്യ ചെലവിന് കരുതിയിട്ടുണ്ട്?'' ബിശ്‌റ് ചോദിച്ചു.
'രണ്ടായിരം ദിര്‍ഹം' എന്ന് പ്രതിവചിച്ചപ്പോള്‍ ബിശ്‌റ് ചോദിച്ചു:
''ഹജ്ജ്‌കൊണ്ട് എന്താണ് താങ്കളുടെ ഉദ്ദേശ്യം? നാടിനോടുള്ള വിരക്തിയും പുണ്യഗേഹം കാണാനുള്ള ആഗ്രഹവുമാണോ? അല്ലെങ്കില്‍ അല്ലാഹുവിന്റെ പൊരുത്തം കാക്ഷിച്ചുകൊണ്ടാണോ ഈ യാത്ര?''
അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ടാണ് തന്റെ തീര്‍ഥാടനം എന്നായിരുന്നു മറുപടി. 
''വീട്ടിലിരുന്നു കൊണ്ടു തന്നെ ഈ രണ്ടായിരം ദിര്‍ഹം ചെലവഴിച്ചുകൊണ്ട് ഉറപ്പായും അല്ലാഹുവിന്റെ പൊരുത്തം സാധിക്കുമെങ്കില്‍ താങ്കള്‍ അതിന് തയാറാണോ?'' ബിശ്‌റ് ചോദിച്ചു.
അതേ എന്ന് ആഗതന്‍ പറഞ്ഞപ്പോള്‍ ബിശ്‌റ് വിശദീകരിച്ചു:
''താങ്കള്‍ പോയി ഈ സംഖ്യ പത്തു പേര്‍ക്ക് ദാനം ചെയ്യുക. കടം വീട്ടാനായി ഒരു കടക്കാരന്നും, ജട നന്നാക്കാനായി ഒരു ദരിദ്രന്നും, കുടുംബത്തിന്റെ പട്ടിണി തീര്‍ക്കാനായി ഒരു കുടുംബനാഥന്നും, അനാഥയെ സന്തോഷിപ്പിക്കാനായി അവന്റെ പരിപാലകന്നും എന്ന ക്രമത്തില്‍ കൊടുക്കുക. സംഖ്യ മുഴുവനും ഒരാള്‍ക്കു തന്നെ കൊടുക്കാന്‍ നിന്റെ മനസ്സ് ധൈര്യം കാണിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യുക.''
ഹജ്ജ് കരുതി വന്ന ആ ഭക്തനോട് മഹാഗുരു ബിശ്‌റ് ഇങ്ങനെ ഉപദേശിക്കാനുണ്ടായ കാര്യം വ്യക്തമാക്കിക്കൊടുത്തു: ''മുസ്‌ലിംകളുടെ ഹൃദയത്തില്‍ സന്തോഷം ഉണ്ടാക്കുന്നതും നിരാലംബരെ സഹായിക്കുന്നതും അവരുടെ പ്രയാസം നീക്കുന്നതും ദുര്‍ബലരെ സഹായിക്കുന്നതും, നിര്‍ബന്ധ ഹജ്ജിനു ശേഷം ചെയ്യുന്ന നൂറ് ഹജ്ജിനേക്കാള്‍ മഹത്തരമാണ്. അതിനാല്‍, പോയി ഞാന്‍ പറഞ്ഞപോലെ ചെയ്യൂ. നിന്റെ മനസ്സ് എന്തു പറയുന്നു?''
''ഹജ്ജിനു യാത്ര ചെയ്യാനാണ് എനിക്ക് കൂടുതല്‍ താല്‍പര്യം'' - അയാള്‍ പറഞ്ഞു.
മന്ദഹാസത്തോടെ സ്വൂഫിവര്യന്‍  ഉണര്‍ത്തി: ''കച്ചവടത്തിലെ അഴുക്കും ഹറാം മിശ്രിതവും അടങ്ങിയ അശുദ്ധ സമ്പാദ്യം ആകുമ്പോള്‍ മനസ്സ് ഇതുപോലെയാണ് പ്രേരിപ്പിക്കുക. പക്ഷേ അല്ലാഹു ഭക്തന്മാരില്‍നിന്നേ സ്വീകരിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക.''
തനിക്ക് ചുറ്റും ദാരിദ്ര്യം കൊണ്ട് വലയുന്ന മനുഷ്യര്‍ ഉണ്ടായിരിക്കെ, ദൈവത്തിന്റെ പ്രീതി നേടാന്‍ കഅ്ബാലയം വരെ യാത്രചെയ്യേണ്ട ആവശ്യമില്ല എന്നാണ് ഇവര്‍ പഠിപ്പിക്കുന്നത്. മനുഷ്യരെ മറന്ന് ഇബാദത്തുകളില്‍ വ്യാപൃതരാകുന്ന ആത്മവഞ്ചകരെ, ഈ സംഭവം പശ്ചാത്തലമാക്കി ഇമാം ഗസ്സാലി വിശകലനം ചെയ്യുന്നുണ്ട്, തന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍. സമ്പത്ത് നേരാംവിധം ചെലവഴിക്കാന്‍ അറിയാത്ത ധനികരെ കുറിച്ച് വിവരിക്കുന്നതാണ് രംഗം. ധനികരില്‍ ചിലരുടെ അവസ്ഥ പറയുകയാണ് അദ്ദേഹം : ''ചിലപ്പോള്‍ അവര്‍ ഹജ്ജിനു വേണ്ടി ധനം ചെലവഴിക്കാന്‍ ഉത്സുകരാണ്; വീണ്ടും വീണ്ടും അവര്‍ ഹജ്ജ് ചെയ്യുന്നു. എന്നാല്‍ മിക്കപ്പോഴും അയല്‍വാസികള്‍ വിശന്നിരിക്കുന്ന അവസ്ഥയിലാകും ഇവര്‍ ഹജ്ജിനു 
പോവുക. ഇക്കാരണത്താലത്രെ ഇബ്‌നു മസ്ഊദ് (റ) ഇപ്രകാരം പ്രസ്താവിച്ചത്: അന്ത്യകാലം അടുക്കുമ്പോള്‍ കാരണം കൂടാതെ ഹജ്ജ് വര്‍ധിക്കും. അന്ന് അവര്‍ക്ക് യാത്ര നിസ്സാരമായിരിക്കും. അവരുടെ അന്നപാനീയങ്ങള്‍ സുഭിക്ഷമായിരിക്കും. എന്നാല്‍ ഹജ്ജ് കഴിഞ്ഞ് അവര്‍ തിരിച്ചുവരുന്നത് പ്രതിഫലം നിഷേധിക്കപ്പെട്ടവരായാണ്. അവരുടെ വാഹനം വിജനമായ മരുഭൂമികള്‍ കടന്നുവരുന്നു. അവന്റെ അയല്‍വാസി തന്റെ ചാരത്ത് ബന്ധിതനാണ്, പക്ഷേ, അവരുടെ ക്ഷേമകാര്യത്തെ കുറിച്ച് ഇയാള്‍ അന്വേഷിക്കുന്നു പോലുമില്ല.''
സമയമഖിലം വിനിയോഗിക്കാന്‍ ഏറ്റവും ഉത്തമമായ കര്‍മമാണ് ജ്ഞാനസമ്പാദനവും വിനിമയവും. സഹായവും സംരക്ഷണവും ആഗ്രഹിക്കുന്ന മനുഷ്യര്‍ ചുറ്റുമുള്ളപ്പോള്‍ ജ്ഞാനതപസ്യയേക്കാള്‍ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിക്കണമെന്ന് പഠിപ്പിച്ച മഹാ ജ്ഞാനിയാണ് ഇമാം ജലാലുദ്ദീനുല്‍ മഹല്ലി(റ). ദര്‍സിനേക്കാള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രാധാന്യം കൊടുത്തിരുന്ന മാതൃകാ ജ്ഞാനിയായിരുന്നു അദ്ദേഹം. നാട്ടിലെ സ്ത്രീകളും പുരുഷന്മാരുമായ വൃദ്ധജനങ്ങളെ  സേവിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അവര്‍ക്കു വേണ്ട വസ്തുക്കള്‍ അങ്ങാടിയില്‍ പോയി വാങ്ങിച്ചുകൊടുക്കുമായിരുന്നു. ആരെന്തു ആവശ്യവുമായി വന്നാലും, അത് പരിഹരിക്കാന്‍ ദര്‍സ് നിര്‍ത്തി ഇറങ്ങുമായിരുന്നു.
ഒരിക്കല്‍ ഒരു വൃദ്ധ വന്ന്, അങ്ങാടിയില്‍നിന്ന് കുറച്ച് എണ്ണ വാങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇമാം മഹല്ലി ദര്‍സ് നിര്‍ത്തിവെച്ച് എണ്ണ വാങ്ങാന്‍ ഇറങ്ങി. ചിലര്‍ ചോദിച്ചു: ''ഒരു വൃദ്ധക്ക് എണ്ണ വാങ്ങാന്‍ ജ്ഞാനസദസ്സ് ഉപേക്ഷിച്ചുപോവുകയാണോ അങ്ങ്?!''
അദ്ദേഹം പ്രതിവചിച്ചു: ''അതേ, അവരുടെ ആവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതാണ് ഇപ്പോള്‍ മുഖ്യം.''
ഈ മഹാ പണ്ഡിതന്‍ അധികനേരത്തും, ഇങ്ങനെ വൃദ്ധസേവനത്തിന് പുറത്തുപോവുക നഗ്നപാദനായിട്ടായിരിക്കും. കോരിച്ചൊരിയുന്ന മഴയുള്ള രാത്രികളില്‍ പോലും അദ്ദേഹം പുറത്തിറങ്ങും. 'ആര്‍ക്കെങ്കിലും (തണുപ്പ് അകറ്റാനുള്ള) തീക്കട്ടയോ വെളിച്ചമോ വേണമെങ്കില്‍ ഞാന്‍ എത്തിച്ചുതരാം', അതായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. ഓരോ വൃദ്ധ കുടിലിലും അദ്ദേഹം എത്തും: 'വല്ല സഹായവും ആവശ്യമുണ്ടോ?'
ഒരുവേള ശൈഖ് മഖ്‌സി, ശൈഖ് ജൗജരി എന്നിവര്‍ ഇമാം മഹല്ലിയോട് 'പണ്ഡിതോചിതമായി' ചോദിച്ചു: 'ചൂടുള്ള എണ്ണ വാങ്ങിക്കൊടുക്കുക, തീക്കട്ട കൊണ്ടുപോയി കൊടുക്കുക ഇതെല്ലാം ഞങ്ങള്‍ക്ക് അറിവ് പകര്‍ന്നു തരുന്നതിനേക്കാള്‍ താങ്കള്‍ക്ക് പ്രധാനം ആയതിന്റെ കാര്യം എന്താണ്?'
അദ്ദേഹം കാര്യം വ്യക്തമാക്കി: 'മനസ്സുകളില്‍ സന്തോഷം നിറയ്ക്കുക എന്നതാണ് ഇതിന്റെയെല്ലാം മര്‍മം. ആവശ്യക്കാരന് തന്റെ ആവശ്യം നിര്‍വഹിച്ചുകിട്ടുമ്പോള്‍ പെരുത്ത് സന്തോഷം ഉണ്ടാകും, നിങ്ങള്‍ക്ക് അറിവ് പകര്‍ന്നുതരുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍.'
അദ്ദേഹം തന്റെ ഗുരു ജലാലുദ്ദീന്‍ ജിവാലിയുടെ അനുഭവം അനുസ്മരിച്ചു. ജിവാലി ഒരു വൃദ്ധക്ക് പത്തിരി ഉണ്ടാക്കി കൊണ്ടുകൊടുക്കുന്നത് കണ്ടപ്പോള്‍, നിങ്ങള്‍ എന്നോട് ചോദിച്ച പോലെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചതാണ്. അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു: ''നാം നമ്മുടെ ആയുസ്സ് അറിവു വ്യാപനവേദിയില്‍ കത്തിച്ചുതീര്‍ത്തു. അറിയാമല്ലോ, അറിവിന്റെ അപകടം ധാരാളമാണ്. അതില്‍നിന്ന് രക്ഷപ്പെട്ടവര്‍ നന്നേ ചുരുക്കം. മരണപ്പെട്ട ഒറ്റ പണ്ഡിതനെയും കിനാവില്‍ കണ്ടതായി ചരിത്രമില്ല, അദ്ദേഹം ഇങ്ങനെ പറയാതെ; 'അറിവ് നിമിത്തം എനിക്ക് കാര്യമായി ഗുണം ലഭിച്ചില്ല. അപകടം കൂടുതല്‍ ആണല്ലോ അറിവിന്. എന്നാല്‍ നിസ്സഹായരായ ആളുകളെ സഹായിക്കുന്നതുകൊണ്ട് ഗുണമുണ്ടായി. എനിക്ക് അല്ലാഹു മാപ്പു നല്‍കിയത് അതുകൊണ്ടൊക്കെ ആയിരിക്കാം.''
ഇമാം മഹല്ലിയെപ്പോലെ കേരള മുസ്‌ലിംകള്‍ക്ക് സുപരിചിതനാണ്  ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. ശാഫിഈ നിര്‍ധാരണ രീതിയനുസരിച്ചുള്ള കര്‍മശാസ്ത്രം പഠിപ്പിക്കാന്‍ അദ്ദേഹം രചിച്ച ഫത്ഹുല്‍ മുഈന്‍ സുപ്രസിദ്ധമാണ്. കര്‍മശാസ്ത്രം ഉള്‍വഹിക്കുന്ന മനുഷ്യസ്‌നേഹത്തിന് ഉദാഹരണമായി എടുത്തുകാണിക്കാവുന്ന അതിലെ ഏതാനും വരികള്‍ പരിചയപ്പെടാം:
''നമസ്‌കാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ അങ്ങേപ്പുറത്ത് തീപടരുന്നതായി കണ്ടാല്‍ (അല്ലെങ്കില്‍ അതുപോലുള്ള അത്യാഹിതങ്ങള്‍) അത് തടയാന്‍ മാത്രം സമയം കിട്ടുമെങ്കില്‍ നമസ്‌കാരം ലഘൂകരിക്കണം, ദീര്‍ഘിപ്പിക്കരുത്. അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണോ അല്ലയോ?  ഇവിടെ സന്ദര്‍ഭം രണ്ടു വിധത്തില്‍ സംഭവിക്കാം: ഒന്ന്, ബഹുമാനം അര്‍ഹിക്കുന്ന ജീവന്‍ അപകടത്തിലായ ഘട്ടം. അതിനെ രക്ഷിക്കാന്‍ നിര്‍ബന്ധമായും നമസ്‌കാരം എളുപ്പത്തില്‍ അവസാനിപ്പിക്കണം. രണ്ട്, സ്വത്ത് പോലുള്ളത് അപകടത്തില്‍ പെടുക. ഈ സന്ദര്‍ഭത്തില്‍, നമസ്‌കാരം അവസാനിപ്പിച്ച ശേഷം രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ മതി എന്ന് തിരിച്ചറിയുന്ന സമയത്ത് നമസ്‌കാരം ലഘൂകരിക്കുകമാത്രമേ വേണ്ടൂ. എന്നാല്‍, വിലമതിക്കുന്ന ജീവനെ വല്ലതും ആക്രമിക്കാന്‍ വരുന്നതു കണ്ടാല്‍, അല്ലെങ്കില്‍ ആ ജീവന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടാല്‍ എത്രയും വേഗം ആ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണം. നമസ്‌കാരത്തില്‍ പ്രവേശിക്കുന്നേയുള്ളൂവെങ്കില്‍ പിന്നെ നമസ്‌കരിക്കാം എന്നു വെക്കുക. ഇതിനിടയില്‍ നമസ്‌കാരത്തിനു നിശ്ചയിച്ച സമയം കടന്നുപോയാലും ശരി. നമസ്‌കാരത്തില്‍ പ്രവേശിച്ച സമയമാണെങ്കില്‍  നമസ്‌കാരം അവസാനിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നോക്കണം. വീട്, വാഹനം തുടങ്ങിയ സ്വത്തുക്കള്‍ നഷ്ടമാകുന്നതാണ് കാണുന്നതെങ്കില്‍ പോലും നമസ്‌കാരം പിന്നീടാകാം, കൈ അഴിക്കാം. എന്നാല്‍ നിര്‍ബന്ധമില്ല. സമ്പത്ത് നഷ്ടമാകുന്നത് കണ്ടില്ലെന്നു വെക്കുന്നത് അനുചിതമായ നടപടിയാണ്'' (പേജ് 176).
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വിവരിക്കുന്ന ഈ 'മസ്അല'യില്‍നിന്ന് ഗ്രഹിക്കാവുന്ന ചില കാര്യങ്ങള്‍:  
ഇവിടെ ജീവനും സ്വത്തും സ്വന്തക്കാരുടെ ആകണം എന്നില്ല. മുസ്‌ലിം, അമുസ്‌ലിം വ്യത്യാസവുമില്ല. മനുഷ്യന്‍, മൃഗം എന്ന വ്യത്യാസവും ഇല്ല. ആദരിക്കപ്പെടുന്നതായിരിക്കണം എന്നേയുള്ളൂ.
സാധാരണ പ്രയാസമുള്ള സമയങ്ങളില്‍ അടുത്തടുത്ത നമസ്‌കാരങ്ങള്‍ ഒരു സമയത്ത് ചുരുക്കി ചെയ്യാം. ളുഹ്‌റും അസ്വ്‌റും ഒന്നിച്ച്, അല്ലെങ്കില്‍ മഗ്‌രിബും ഇശാഉം ഒന്നിച്ച്. എന്നാല്‍ ജീവനും സ്വത്തും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നമസ്‌കാരം അതിന്റെ സമയപരിധിയും വിട്ട് വൈകിക്കാവുന്നതാണ്. അത് ആക്ഷേപാര്‍ഹമല്ല.
മനുഷ്യസേവനമാണ് അടിയന്തരമായി അല്ലാഹു ആവശ്യപ്പെടുന്നത്. നമസ്‌കാരവേളയില്‍ മാത്രമല്ല, നോമ്പും ഹജ്ജും ഇഅ്തികാഫും മറ്റു ഇബാദത്തുകളും ഇപ്രകാരം തന്നെ. ഉള്ളിലേക്ക് വെള്ളം കടക്കാന്‍ ഇടയുണ്ടെങ്കിലും, വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ജീവനെ രക്ഷിക്കാന്‍ നോമ്പുകാരന്‍ വെള്ളത്തിലേക്ക് എടുത്തു ചാടണം. നോമ്പ് മുറിയുമല്ലോ എന്ന ആശങ്ക വേണ്ട. ആദരവര്‍ഹിക്കുന്ന ജീവികളുടെ ദാഹമകറ്റാന്‍ മറ്റു വഴികള്‍ ഇല്ലെങ്കില്‍ അംഗസ്‌നാനത്തിനുള്ള വെള്ളം ആ ജീവിക്ക് നല്‍കി, തയമ്മും ചെയ്യാനാണല്ലോ കര്‍മശാസ്ത്രം ഉപദേശിക്കുന്നത്. ഐഛിക നമസ്‌കാരം, വ്രതം, ഇഅ്തികാഫ്, ത്വവാഫ് തുടങ്ങിയ ആരാധനകള്‍ മനുഷ്യസേവനത്തിന് തടസ്സമാകുന്ന ഘട്ടത്തില്‍ മുറിക്കാവുന്നതാണ്. രോഗിയെ ശുശ്രൂഷിക്കാന്‍ ആരുമില്ലാത്ത ഘട്ടത്തില്‍, തന്റെ സാന്നിധ്യം ഇല്ലാതായാല്‍ രോഗി മരിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍, രോഗി ബന്ധുവോ അന്യനോ ആകട്ടെ, വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം പോലും ഒഴിവാക്കാവുന്നതാണ്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) തന്റെ ബന്ധു സഈദുബ്‌നു സൈദ് (റ) മരണാസന്നനായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ജുമുഅ നമസ്‌കാരം ഒഴിവാക്കിയ വാര്‍ത്ത സ്വഹീഹുല്‍ ബുഖാരിയില്‍ വന്നിട്ടുണ്ട്. 'രോഗിക്ക് സംരക്ഷണം നല്‍കലാണ് ജമാഅത്തിനേക്കാള്‍ പ്രധാനം' എന്ന് കര്‍മശാസ്ത്രം ഉദ്‌ഘോഷിക്കുന്നു. 
സ്വത്ത് ചെറുതോ വലുതോ ആകട്ടെ, അത് ആരാധന ചെയ്തു തീരും വരെ വൈകിപ്പിച്ച് നശിക്കാന്‍ വിട്ടുകൊടുക്കരുത്. എന്നാല്‍ ജീവനു  നല്‍കുന്നത്ര പ്രാധാന്യം അതിനില്ല. ജീവനാകുമ്പോള്‍ അടിയന്തരവും അനിവാര്യവുമായ നടപടികള്‍ എടുത്തേ പറ്റൂ. 
തിരുനബി (സ) അരുളി: ''തന്റെ സഹോദരന്റെ ഒരാവശ്യം നിര്‍വഹിക്കാന്‍ ഒരാള്‍ ഇറങ്ങിയാല്‍ പത്തുവര്‍ഷം മസ്ജിദില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്'' (ഹാകിം).
അല്ലാഹു നമ്മില്‍നിന്നും ആവശ്യപ്പെടുന്നത് സമര്‍പ്പണമാണ്. അവന്റെ അടിയാറുകളെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ വലിയ സമര്‍പ്പണമാര്‍ഗം വേറെയില്ല.
നബി (സ) വീണ്ടും ഉണര്‍ത്തി: ''സത്യവിശ്വാസികള്‍ക്ക് സന്തോഷം ഉണ്ടാക്കുന്ന പ്രവൃത്തികളത്രെ ഉത്തമ കര്‍മങ്ങള്‍. അവര്‍ക്ക് നഗ്നത മറയ്ക്കാനുള്ള വസ്ത്രം നല്‍കിയും വിശപ്പു മാറ്റാന്‍ ഭക്ഷണം നല്‍കിയും മറ്റു ആവശ്യങ്ങള്‍ പരിഹരിച്ചുകൊടുത്തുമാണ് അത് നിര്‍വഹിക്കേത്'' (ത്വബറാനി).
എട്ടാം നൂറ്റാണ്ടിലെ പ്രമുഖ ജ്ഞാനിയായിരുന്ന ഇബ്‌നുല്‍ ഖയ്യിം പറഞ്ഞപോലെ, ശരീഅത്ത് വിധിവിലക്കുകള്‍ ആപാദചൂഢം മനുഷ്യസ്‌നേഹമാണ്. 'അത് നീതിയാണ് മുഴുക്കെ, കാരുണ്യമാണ് മുഴുക്കെ, ജനക്ഷേമമാണ് മുഴുക്കെ.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌