Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

കേസുകള്‍ കെട്ടിച്ചമക്കപ്പെടും കാലത്ത് മക്കള്‍ക്കായുള്ള നീതിയാത്രകള്‍

സാദിഖ് ഉളിയില്‍

ജീവചരിത്ര-ആത്മകഥാ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ 2004-ലെ പുരസ്‌കാരം ലഭിച്ച കൃതിയാണ് 'ഒരഛന്റെ ഓര്‍മക്കുറിപ്പുകള്‍.' അടിയന്തരാവസ്ഥാ കാലത്ത് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട മകന്‍ രാജന്റെ നീതിക്കു വേണ്ടി ഈച്ചരവാര്യര്‍ എന്ന അഛന്‍ നടത്തിയ പോരാട്ട യാത്രകളെ കുറിച്ചാണ് ആ കൃതി. ഇടതുപക്ഷ സഹയാത്രികനായിരുന്ന ആ അഛന്റെ പോരാട്ടത്തെ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട് അത്. ഈച്ചരവാര്യരെ മുഖ്യധാരാ മാധ്യമങ്ങളും കേരളത്തിന്റെ പൊതുബോധവും വലിയ ആഘോഷമാക്കി കൊണ്ടുനടന്നിരുന്നു. ആഴ്ചപ്പതിപ്പുകള്‍ ആ ആത്മകഥ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു. പിന്നെ പുസ്തകമാക്കിയിറക്കി. പുസ്തക ചര്‍ച്ചകള്‍ നടത്തി. ഇനി ഒരു അഛന്നും ഈ ഗതി വരരുതേ എന്ന് ഓരോ കേരളീയനും പ്രാര്‍ഥിച്ചു. എന്നാല്‍ ഇതുപോലെ നീതിക്കു വേണ്ടി പോരാടുകയും ആ മാര്‍ഗത്തില്‍ മരിക്കേണ്ടിവരികയും ചെയ്ത ധാരാളം അഛന്മാരുടെയും ഉപ്പമാരുടെയും ഉമ്മമാരുടെയും ജീവിതങ്ങളെ കുറിച്ചാണ് ഇന്ന് നാം നിരന്തരം കേള്‍ക്കേണ്ടിവരുന്നത്. എന്നാല്‍ ഇവര്‍ക്ക് നല്‍കപ്പെടുന്ന പരിഗണനയും മാധ്യമശ്രദ്ധയും തുലോം കുറവാണ്, എന്നല്ല തീരെ ഇല്ല. പത്രങ്ങളുടെ ഉള്‍പേജുകളില്‍ പോലുമില്ല ആ വാര്‍ത്തകള്‍. നീതിക്കായി ശ്രമകരമായ പോരാട്ടങ്ങളും ദുര്‍ഘടമായ യാത്രകളും നടത്തുന്നവരെ ചില അജണ്ടകളുടെ അടിസ്ഥാനത്തില്‍ ഓര്‍ക്കപ്പെടേണ്ടവരും മറക്കപ്പെടേണ്ടവരുമാക്കി വേര്‍തിരിച്ചു എന്നതാണ് ഇവിടെ മുഖ്യധാര ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ  ഹിംസ. ഭരണകൂട ഭീകരത, ജാതി അതിക്രമങ്ങള്‍, ആള്‍ക്കൂട്ട വധങ്ങള്‍, ദുരഭിമാനക്കൊല തുടങ്ങി പല ഹിംസകളിലെയും ഇരകള്‍ക്കുവേി പോരാടിയവര്‍ ധാരാളം നമ്മുടെ നാടുകളിലുണ്ട്. എന്നാല്‍ അവര്‍ 'മതേതര മുഖ്യധാര'യില്‍ ഓര്‍മിക്കപ്പെടാനുള്ള യോഗ്യത നേടിയിട്ടില്ലാത്തതിനാല്‍ തിരസ്‌കൃതരായി തിരശ്ശീലക്ക് പിന്നിലവസാനിക്കുന്നു.
ഭരണകൂട അക്രമങ്ങളും, ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലുള്ള നൂറുകണക്കിന് അന്യായ തടവുകളും പെരുകുന്ന കാലത്ത് ഓര്‍ക്കേണ്ട ചില പേരുകളുണ്ട്. ധീരരായ ആ പടയാളികളെ ഓര്‍ക്കലും ഓര്‍മിപ്പിക്കലും ഫാഷിസ്റ്റ്കാലത്ത് വലിയ പ്രതിരോധം തന്നെയാണ്. അവരില്‍ ചിലരെ കുറിച്ചുള്ള ചെറിയ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. അവരിലൊരാള്‍ തീര്‍ച്ചയായും ഗോപിനാഥന്‍ പിള്ള തന്നെയാണ്.
2018 ഏപ്രില്‍ 11-നാണ് ഗോപിനാഥന്‍ പിള്ള ആലപ്പുഴ ജില്ലയിലെ ദേശീയ പാതയില്‍ ഒരു അപകടത്തില്‍ മരണപ്പെടുന്നത്. മരണത്തില്‍ ചില ദുരൂഹതകള്‍ ആരോപിക്കപ്പെടുകയും പൊലീസ് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസിന് പിറകെ നടക്കാനാരുമില്ലാത്തതിനാല്‍ അത് തേഞ്ഞുമാഞ്ഞുപോയി.
2004 ജൂണ്‍ 11-ലെ പത്രങ്ങളില്‍ റോഡില്‍ നിരത്തിക്കിടത്തിയിരിക്കുന്ന നാല് മൃതദേഹങ്ങളുടെ ഫോട്ടോ വന്നിരുന്നു. അതിലൊന്ന് ഗോപിനാഥന്‍ പിള്ളയുടെ മകന്‍ പ്രണേഷ് കുമാര്‍ എന്ന ജാവേദ് ഗുലാം ശൈഖിന്റേതായിരുന്നു. സംഭവത്തിന്റെ ഒരു മാസം മുമ്പ് ജാവേദും ഭാര്യ സാജിദയും മകനും കേരളത്തില്‍ പിള്ളയുടെ വീട്ടില്‍ വന്നിരുന്നു. ഒരു മാസത്തെ ഒന്നിച്ചുള്ള താമസത്തിനു ശേഷം ജൂണ്‍ 5-നാണ് അവര്‍ ആലപ്പുഴയിലെ വീട്ടില്‍നിന്ന് തിരിച്ചത്. പിന്നീട് പിള്ള മകനെ കാണുന്നത് ഭീകരനെന്ന തലക്കെട്ടില്‍ വ്യാജ ഏറ്റുമുട്ടലില്‍ മരിച്ചു കിടക്കുന്നതായാണ്.
പോലീസ് ഭാഷ്യത്തില്‍ വ്യക്തമായ വൈരുധ്യങ്ങളുണ്ടായിരുന്നു. മകനെയും മകന്‍ സ്വീകരിച്ച മതത്തെയുമെല്ലാം സ്‌നേഹിച്ച പിള്ളക്ക് മകന്‍ ഭീകരവാദിയാണെന്ന ആരോപണം അംഗീകരിക്കാനായില്ല. മകന്റെ നിരപരാധിത്വം തെളിയിക്കുന്ന ധാരാളം തെളിവുകള്‍ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അങ്ങനെ ബോംബെയില്‍ ജോലി ചെയ്ത കാലത്ത് പഠിച്ച മുറിഹിന്ദിയും വെച്ച് പിള്ള മകനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അദ്ദേഹത്തെ സഹായിക്കാന്‍ അഡ്വ. മുകുള്‍ സിന്‍ഹയും കൂടെയുണ്ടായിരുന്നു. ചില്ലറക്കാരായിരുന്നില്ല ഏറ്റുമുട്ടല്‍ കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍. അന്ന് ഗുജറാത്തിലും ഇന്ന് കേന്ദ്രത്തിലും ഭരണം അടക്കിവാഴുന്നവരൊക്കെ ആ പ്രതിപ്പട്ടികയില്‍ ഉായിരുന്നു.
ആരോഗ്യപ്രശ്നങ്ങളും വാര്‍ധക്യവും ഭാര്യയുടെ വേര്‍പാടും കുടുംബത്തില്‍നിന്നുള്ള എതിര്‍പ്പുമൊന്നും നീതിക്കായുള്ള പോരാട്ടത്തിനു മുന്നില്‍ ഗോപിനാഥന്‍ പിള്ളക്ക് തടസ്സമായില്ല. ധീരമായ പോരാട്ടം തന്നെ നടത്തി ആ വയോധികന്‍. കെട്ടിച്ചമച്ച കേസുകളെ കുറിച്ച് സംസാരിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് ധൈര്യം പകരാന്‍ അദ്ദേഹത്തിനായി. ഈ പോരാട്ടം ലക്ഷ്യത്തിലെത്തിച്ച്, ആ പ്രതികള്‍ക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുത്തിട്ടേ വിശ്രമമുള്ളൂ എന്ന് കാണുമ്പോഴല്ലാം അദ്ദേഹം പറയുമായിരുന്നു. ആ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കും മുമ്പ് അദ്ദേഹം വിടപറഞ്ഞു. അദ്ദേഹത്തെ ഇല്ലാതാക്കിയതാണെന്ന് ആരോപണമുയരാന്‍ കാരണവും ഈ കേസിന്റെ പോക്കിനെ ആ മരണം അട്ടിമറിച്ചു എന്നതുതന്നെയാണ്.
ഗോപിനാഥന്‍ പിള്ള നീതിക്കായി പോരാടുക  മാത്രമല്ല, മകന്‍ പുതുതായി സ്വീകരിച്ച മതത്തെ ബഹുമാനിക്കുകയും മകന്റെ മുസ്ലിമായ ഭാര്യയെയും മക്കളെയും സംരക്ഷിക്കുകയും ചെയ്തിരുന്നു. ജാവേദിനെ ഹിന്ദുമതാചാരപ്രകാരം സംസ്‌കരിക്കാന്‍ ഗുജറാത്ത് പൊലീസ് നിര്‍ബന്ധിച്ചപ്പോള്‍ അവന്റെ വിശ്വാസപ്രകാരം സംസ്‌കരിക്കണമെന്നും മൃതദേഹത്തിന്റെ യഥാര്‍ഥ അവകാശി ഭാര്യ സാജിദയാണെന്നും അദ്ദേഹം നിലപാടെടുത്തു. ഭീകരവേട്ടയുടെ ഭാഗമായി  ഭാര്യയെയും മക്കളെയും പോലീസ് ബുദ്ധിമുട്ടിച്ചപ്പോള്‍ സ്വന്തം വീട്ടിലേക്ക് അവരെ കൊണ്ടുവരാനും അദ്ദേഹം സന്നദ്ധനായി. തുടര്‍ന്ന് പേരക്കുട്ടിയെ ഇവിടെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍, തീവ്രവാദിയുടെ മകനെ പഠിപ്പിച്ചാല്‍ സ്‌കൂള്‍ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ സംഘ് പരിവാറിനെയും അദ്ദേഹം ധീരമായി നേരിട്ടു.
ഗോപിനാഥന്‍ പിള്ളക്ക് ലഭിച്ച അത്ര പരിഗണന പോലും മുഖ്യധാരാ മാധ്യമങ്ങളില്‍ അബ്ദുര്‍റസാഖിന് ലഭിച്ചില്ല. ഗോപിനാഥന്‍ പിള്ളക്ക് സ്വന്തം പേരും മറ്റും ചില പരിഗണനകള്‍ നേടിക്കൊടുത്തിരുന്നു. എന്നാല്‍ അബ്ദുര്‍റസാഖെന്ന് പേരുള്ള താടിയുള്ളൊരാള്‍ക്ക് ആ പരിഗണന നിഷേധിക്കപ്പെട്ടു.
2019 സെപ്റ്റംബര്‍ 18-നാണ് അബ്ദുര്‍റസാഖ് മരണപ്പെടുന്നത്. കെട്ടിച്ചമച്ച കേസുകളില്‍ അന്യായമായി ജയിലില്‍ കഴിയുന്ന തന്റെ മകന്‍ അന്‍സാര്‍ നദ്വിയെ കാണാന്‍ ഭോപ്പാലിലേക്ക് പോകാന്‍ ഇന്‍ഡോറില്‍ തീവണ്ടി കാത്തുനില്‍ക്കെ റെയില്‍വെ സ്റ്റേഷനിലായിരുന്നു മരണം. ഈ മരണത്തോടെ നീതിക്കായുള്ള മറ്റൊരു പോരാട്ടത്തിനാണ് തിരശ്ശീല വീണത്.
2006 ആഗസ്റ്റ് 15-ന് മകന്‍ അന്‍സാര്‍ പാനായിക്കുളം കേസില്‍ അറസ്റ്റിലായതോടെ തുടങ്ങിയതാണ് അബ്ദുര്‍റസാഖ് സാഹിബിന്റെ നിയമപോരാട്ടം. റിമാന്റിലായ അന്‍സാറിന് പിന്നീട് ജാമ്യം ലഭിച്ചു. സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി ശാദുലിക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ ശിബിലിയെ കാണാനാണ് 2008-ല്‍ അന്‍സാര്‍ ഇന്‍ഡോറിലെത്തിയത്. അവിടെ ജോലിചെയ്യുകയായിരുന്ന ശിബിലിക്കൊപ്പം ശാദുലിയെയും അന്‍സാറിനെയുമടക്കം പലരെയും സിമി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു. ഭോപ്പാല്‍ ജയിലിലടച്ച ഇവര്‍ക്കെതിരെ പല കേസുകളും ചുമത്തി. മധ്യപ്രദേശിനു പുറമെ , മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പല കേസുകളിലും ഇവരെ പ്രതിചേര്‍ത്തു. ഇവര്‍ ജയിലില്‍ കഴിയുമ്പോള്‍ നടന്ന അഹ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട് 35 കേസുകളിലും  ഇവര്‍ പ്രതികളായി.
ഇതിനിടെ വാഗമണ്‍ സിമി ക്യാമ്പ് കേസുമായി ബന്ധപ്പെട്ട് മറ്റൊരു മകന്‍ സത്താറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് വണ്ടിവിളിച്ചുകൊടുത്തു എന്ന ആരോപണത്തിന്റെ പേരില്‍ 7 വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി മറ്റ് കേസുകളില്‍ വിചാരണ തടവുകാരനായി വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ് സത്താര്‍. രണ്ടാമത്തെ മകനു വേണ്ടിയും റസാഖ് നിയമപോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു.
രണ്ടു മക്കളെയും കുടുക്കിയ അധികാരികള്‍ക്കെതിരെ പൊരുതിനിന്നുകൊണ്ട് അതേ മാര്‍ഗത്തിലാണ് അബ്ദുര്‍റസാഖ് ഈ ലോകത്തോട് വിടപറഞ്ഞത്. ഹൃദ്രോഗിയായ അദ്ദേഹം അത് വകവെക്കാതെയാണ് പോരാട്ടത്തിന്റെ വഴിയില്‍ ഇറങ്ങിപുറപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ കേസുകളെ കുറിച്ചും ഇത്തരം കേസുകളോട് ഭരണകൂടം കാണിക്കുന്ന വിവേചനങ്ങളെ കുറിച്ചും ധാരാളം സംസാരിച്ചിരുന്നു  ആഗസ്റ്റ് 31-ന് പുണ്യഹജ്ജ് കര്‍മം നിര്‍വഹിച്ച് തിരിച്ചെത്തിയ അദ്ദേഹം താന്‍ കൊണ്ടുവന്ന സംസം വെള്ളവുമായി മകനെ കാണാനുള്ള യാത്രയിലാണ് അല്ലാഹുവിങ്കലേക്ക്, സര്‍വനീതിയുടെയും തണലിലേക്ക് യാത്രയായത്.
നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മുന്നിലെ വലിയ ചോദ്യചിഹ്നങ്ങളാണ് ലോകത്തോട് വിടപറഞ്ഞ ഈ പിതാക്കളെല്ലാം. അവര്‍ പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകള്‍ മറികടന്ന് നമുക്കെല്ലാവര്‍ക്കും ആവേശമാകുന്ന പോരാട്ടങ്ങള്‍ കാഴ്ചവെച്ചു. ആ പോരാട്ടത്തിന്റെ പാതിവഴിയില്‍ തളര്‍ന്നുപോയ അബ്ദുന്നാസര്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍, പരപ്പനങ്ങാടി സകരിയ്യയുടെ മാതാവ് ബീ ഉമ്മ ഇവരെ ഓര്‍ക്കാന്‍ പോലും നമ്മുടെ മുഖ്യധാരയും മാധ്യമങ്ങളും കൂട്ടാക്കുന്നില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌