Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

മഖാസ്വിദ് വിജ്ഞാനശാഖയിലെ പുതുപ്രവണതകള്‍

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇസ്‌ലാമികവിജ്ഞാനീയങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സ്വതന്ത്ര വിജ്ഞാനശാഖയാണ് മഖാസ്വിദുശ്ശരീഅ. ഇതിനെ ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്ന് ലളിതമായി തര്‍ജമ ചെയ്യാം. ദൈവിക നിയമങ്ങള്‍ക്കു പിന്നിലെ അന്തസ്സത്തയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും എന്താണെന്നാണ് ഈ വിജ്ഞാനശാഖ ചര്‍ച്ച ചെയ്യുന്നത്. നിയമങ്ങളും അതേ തുടര്‍ന്നുള്ള കര്‍മങ്ങളും എങ്ങനെ നിര്‍വഹിക്കണമെന്ന് ഫിഖ്ഹ് പഠിപ്പിക്കുമ്പോള്‍, നിയമങ്ങള്‍ എന്തുകൊണ്ട് എന്ന ചോദ്യത്തെയാണ് മഖാസ്വിദുശ്ശരീഅ അഡ്രസ്സ് ചെയ്യുക. ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളിലും മറ്റു ഉന്നത മതപഠന സ്ഥാപനങ്ങളിലും, വിശിഷ്യാ ശരീഅ-ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍  ഇന്ന് നടക്കുന്ന ഗവേഷണ പഠനങ്ങളില്‍ ഏറിയ പങ്കും മഖാസ്വിദുശ്ശരീഅയിലോ അനുബന്ധ വിഷയങ്ങളിലോ ആണ്. സ്വതന്ത്ര പഠനശാഖ എന്ന നിലയില്‍, ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങളും പഠനങ്ങളും ഉണ്ടാവുക മാത്രമല്ല, മറ്റു പല മേഖലകളിലെയും പഠന-ഗവേഷണങ്ങള്‍ക്ക് ഇന്ന് മഖാസ്വിദ് അപ്രോച്ചായും മെത്തഡോളജിയായും ഉപയോഗിക്കപ്പെടുന്നുമു്. സാമ്പത്തിക ശാസ്ത്രം, ഇസ്‌ലാമിക് ബാങ്കിംഗ്, രാഷ്ട്രീയം, പോളിസി മേക്കിംഗ്, മെഡിക്കല്‍ എത്തിക്‌സ് മേഖലകളിലെ പല പുതിയ ഗവേഷണപഠനങ്ങളും മഖാസ്വിദീ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നവയാണ്. 
അക്കാദമിക രംഗത്ത് ഈ വിജ്ഞാനശാഖയുടെ സ്വീകാര്യതയുടെ കാരണം, പുതുതായി ഉടലെടുക്കുന്ന പ്രശ്‌നങ്ങളെ താത്ത്വികമായും പ്രായോഗികമായും അഡ്രസ്സ് ചെയ്യാന്‍ കഴിയുന്ന ഘടനാപരമായ അതിന്റെ ഉള്‍ക്കരുത്താണ്. ശരീഅത്തിനെ കാലികപ്രസക്തമായ ഒരു പ്രോബഌ സോള്‍വിംഗ് മെത്തഡോളജിയായി അവതരിപ്പിക്കുന്നതില്‍ മഖാസ്വിദ് വിജ്ഞാനീയങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇസ്‌ലാമിക ലോകത്ത് കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയും അപരിഹാര്യമായി തുടരുകയും ചെയ്യുന്ന പല മസ്അലകള്‍ക്കും പ്രമാണബദ്ധവും, എന്നാല്‍ യുക്തിസഹവും പ്രായോഗികവുമായ ഉത്തരങ്ങള്‍ നല്‍കാനാകുന്നുവെന്നതാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കും മഖാസ്വിദിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്. 

മഖാസ്വിദ്: ഹ്രസ്വചരിത്രം
മഖാസ്വിദുശ്ശരീഅയുടെ വേരുകള്‍ പ്രവാചകനിലേക്കും സ്വഹാബികളിലേക്കുമാണ് എത്തുന്നതെങ്കിലും, ഒരു സ്വതന്ത്ര വൈജ്ഞാനിക ശാഖയിലേക്കുള്ള അതിന്റെ വികാസം മുസ്‌ലിം സ്‌പെയിനിലെ മാലികീ പണ്ഡിതനായിരുന്ന ഇമാം അബൂ ഇസ്ഹാഖ് ശാത്വിബി(മരണം: 1380)യുടെ അല്‍ മുവാഫഖാത്ത് എന്ന വിഖ്യാത കൃതിയിലൂടെയാണ് ആരംഭിക്കുന്നത്. ഇമാം ശാത്വിബിക്കു മുമ്പ്, ഇമാം ജുവൈനി, ഇമാം അബൂ ഹാമിദുല്‍ ഗസ്സാലി, ഇസ്സു ബ്‌നു അബ്ദിസ്സലാം തുടങ്ങിയ ശാഫിഈ പണ്ഡിതന്മാരും ഇബ്‌നുല്‍ ഖയ്യിം, ഇമാം ഇബ്‌നുതൈമിയ്യ പോലുള്ള ഹമ്പലീ പണ്ഡിതന്മാരും ശിഹാബുദ്ദീന്‍ ഖറാഫിയെപ്പോലുള്ള മാലികീ പണ്ഡിതരും ഈ വിഷയം തങ്ങളുടെ കൃതികളില്‍ പല പേരുകളില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എങ്കിലും, മഖാസ്വിദിനെ ഒരു തിയറിയായും ഒരു അപ്രോച്ചായും ഇസ്‌ലാമിക നിയമനിര്‍ധാരണത്തിന് അടിസ്ഥാനമാകേണ്ട പ്രായോഗികമാര്‍ഗമായും അതരിപ്പിക്കുകയായിരുന്നു ഇമാം ശാത്വിബി.  

മഖാസ്വിദും മാലികീ മദ്ഹബും
എല്ലാ മദ്ഹബുകളിലും പെട്ട പണ്ഡിതന്മാരുടെ ബൗദ്ധികവ്യവഹാരങ്ങളിലൂടെയാണ് ഈ വിജ്ഞാനശാഖ വികാസം പ്രാപിച്ചത് എങ്കിലും, നവീന കാലത്ത് ഈ വിജ്ഞാനശാഖക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിരിക്കുന്നത് മാലികീ പണ്ഡിതന്മാരാണ്. ഇമാം മാലികിന്റെ നിയമസ്രോതസ്സുകളിലൊന്നായ 'മസ്വാലിഹ് മുര്‍സല'യിലേക്ക് ചെന്നെത്തുണ്ട് ആധുനിക മഖാസ്വിദ് വീക്ഷണങ്ങള്‍. ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യം 'ജല്‍ബുല്‍ മസ്വാലിഹു വ ദര്‍ഉല്‍ മഫാസിദ്' ആണ്. അഥവാ നന്മയും പ്രയോജനങ്ങളും കൊണ്ടുവരലും തിന്മകള്‍ നീക്കം ചെയ്യലും. ആ നിലക്ക് എന്താണോ ശരീഅത്തിന്റെ മഖാസ്വിദ് അതുതന്നെയാണ് മസ്വാലിഹും. മാലികീ മദ്ഹബ് പിന്തുടരുന്ന ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലാണ് മഖാസ്വിദ് വിജ്ഞാനീയങ്ങള്‍ക്ക് ഏറെ വേരോട്ടമുള്ളത്. മാലികീ പണ്ഡിതനായ അബ്ദുല്ലാ ദര്‍റാസ് (തുനീഷ്യ) ശാത്വിബിയുടെ അല്‍ മുവാഫഖാത്ത് സംശോധന ചെയ്ത് പ്രസിദ്ധീകരിക്കുന്നതിലൂടെയാണ്, ആധുനിക കാലത്ത് മഖാസ്വിദുശ്ശരീഅ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇസ്‌ലാമിക ലോകത്ത് വിഖ്യാതമായ പല കൃതികള്‍ക്കും സംഭവിച്ചപോലെ, നീണ്ടകാലം വിസ്മൃതിയിലായ ദുര്യോഗമായിരുന്നു അല്‍ മുവാഫഖാത്തിനുമുായത്. 1984-ല്‍ തുനീഷ്യയിലായിരുന്നു അല്‍ മുവാഫഖാത്തിന്റെ പുനഃപ്രസിദ്ധീകരണം. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്കും മഖാസ്വിദുശ്ശരീഅ പണ്ഡിതന്മാര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയും പലരും അല്‍ മുവാഫഖാത്ത് പുനര്‍വായനക്ക് വിധേയമാക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവജാഗരണത്തിന്റെ ശില്‍പ്പികളിലൊരാളായ മുഹമ്മദ് അബ്ദു (1849-1905), പണ്ഡിതന്മാരും വിദ്യാര്‍ഥികളും ഇസ്‌ലാമിലെ നിയമനിര്‍ധാരണ രീതി മനസ്സിലാക്കാന്‍ അല്‍ മുവാഫഖാത്ത് വായിക്കാന്‍ നിര്‍ദേശിച്ചിരുന്നതായി കാണാം. പാകിസ്താന്‍ രൂപീകരിക്കപ്പെട്ട ശേഷം, ഒരു മാതൃകാ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി, മൗലാനാ മൗദൂദി ഇസ്‌ലാമിക ലോകത്തെ പല വിഖ്യാത കൃതികളും ഉര്‍ദുവിലേക്ക് തര്‍ജമ ചെയ്യാന്‍ ആവശ്യപ്പെട്ട കൂട്ടത്തില്‍ അല്‍ മുവാഫഖാത്തുമുണ്ടായിരുന്നു. 
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ മാലികീ പണ്ഡിതനും ദീര്‍ഘകാലം ജാമിഅ സൈത്തൂന ഇമാമുമായിരുന്ന ശൈഖ് മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍ രചിച്ച്, 1945-ല്‍ പുറത്തിറങ്ങിയ മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥമാണ്. കാലങ്ങളായി വലിയ മാറ്റങ്ങള്‍ക്കു വിധേയമാകാത്ത ഇസ്‌ലാമിക നിയമശാഖയുടെ പരിഷ്‌കരണം മുന്നില്‍കണ്ട് മഖാസ്വിദിനെ ഒരു രീതിശാസ്ത്രമായി അവതരിപ്പിക്കുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ. മഖാസ്വിദുശ്ശരീഅയെ അടിസ്ഥാനപ്പെടുത്തി പുതിയ ഇജ്തിഹാദിന്റെ പ്രസക്തിയും അതിനുള്ള മെത്തഡോളജിയും അദ്ദേഹം വിഭാവന ചെയ്തു. പ്രവാചകചര്യകളെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിവിധ ശാഖകളായി അദ്ദേഹം വിഭജിക്കുമ്പോള്‍, ഇസ്‌ലാമിക നിയമമായി കരുതപ്പെടുന്ന പല 'നബിചര്യ'കളും ശരീഅത്തിന്റെ പരിധിക്കു പുറത്താണെന്ന അറിവ്, പാരമ്പര്യ മുസ്‌ലിംധാരണകളെ തെല്ലൊന്നമ്പരപ്പിക്കും. മഖാസ്വിദുശ്ശരീഅയുടെ സാധ്യതകളെ ഉസ്വൂലുല്‍ ഫിഖ്ഹിലും അനുബന്ധ വിഷയങ്ങളിലും മാത്രം ഒതുക്കാതെ, മറ്റു വൈജ്ഞാനികമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ഊര്‍ജം കൂടിയായിരുന്നു ആ കൃതി. ഇന്ന് ഇസ്‌ലാമിക ലോകത്തെ പല സര്‍വകലാശാലകളിലും സിലബസിന്റെ ഭാഗമാണീ കൃതി. ഒരു സ്വതന്ത്ര വിഷയമായി പഠിപ്പിക്കപ്പെടുക മാത്രമല്ല, പല യൂനിവേഴ്‌സിറ്റികളിലും സ്വതന്ത്രമായ ഡിപ്പാര്‍ട്ട്‌മെന്റുകളും ചെയറുകളും സ്ഥാപിക്കപ്പെടാനും ഇബ്‌നു ആശൂര്‍ ഉയര്‍ത്തിവിട്ട മഖാസ്വിദ് ചിന്തകള്‍ക്കായി. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടാണ് മൂലകൃതിയുടെ പ്രസാധകര്‍. തുനീഷ്യന്‍ പണ്ഡിതനായ മുഹമ്മദ് അല്‍ ത്വാഹിര്‍ അല്‍ മീസാവി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഈ പുസ്തകം, കയി Ibn Ashur: Treatise on Maqasid alShariah എന്ന പേരില്‍ 2006-ല്‍, IIIT പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
മൊറോക്കന്‍ മാലികീ പണ്ഡിതനായിരുന്ന അല്ലാല്‍ അല്‍ ഫാസിയുടെ മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ വ മകാരിമുഹാ എന്ന കൃതിയും ഈ വിജ്ഞാനശാഖയെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ വ്യതിരിക്തതകളും അതിന്റെ യുക്തിഭദ്രതയും മറ്റു മതനിയമസംഹിതകളുമായുള്ള താരതമ്യപഠനത്തിലൂടെയാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്.
മഖാസ്വിദുശ്ശരീഅ എന്ന വിജ്ഞാനശാഖയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരിലെ പ്രമുഖ പണ്ഡിതനായ അഹ്മദ് റയ്‌സൂനിയുടെ കൃതിയാണ് നള്‌രിയ്യതുല്‍ മഖാസ്വിദ് ഇന്‍ദല്‍ ഇമാം ശാത്വിബി. 1989-ല്‍ റബാത്വിലെ മുഹമ്മദ് യൂനിവേഴ്‌സിറ്റിയില്‍ അദ്ദേഹം തയാറാക്കിയ മാസ്റ്റര്‍ തീസീസാണ് പിന്നീട് International Institute of Islamic Thought  പുസ്തകമായി പ്രസിദ്ധീകരിച്ചത്. Imam Shatib's Theory of the Higher Objectives and Intents of Islamic Law  എന്ന പേരില്‍ അവര്‍ ഇംഗ്ലീഷിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്ഖലുന്‍ ഇലാ മഖാസ്വിദിശ്ശരീഅ, അല്‍കുല്ലിയ്യാത്തുല്‍ അസാസിയ്യ ലിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ, മുഹാളറാത് ഫീ മഖാസ്വിദിശ്ശരീഅ തുടങ്ങിയ കൃതികള്‍ ഈ മേഖലയിലെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.   
ഈജിപ്ഷ്യന്‍ പണ്ഡിതനായ ജമാല്‍ അത്വിയ്യയുടെ മഖാസ്വിദുശ്ശരീഅ നഹ്‌വ തഫ്ഈലി മഖാസ്വിദി ശ്ശരീഅ എന്ന കൃതി, മഖാസ്വിദിനെ പൗരാണികഗ്രന്ഥകാരന്മാര്‍ അഞ്ചായി വിഭജിച്ചതിനെ 24-ലേക്ക് വികസിപ്പിക്കുന്നു. ഹിഫഌദ്ദീന്‍, ഹിഫഌന്നഫ്‌സ്, ഹിഫഌല്‍ മാല്‍, ഹിഫഌന്നസ്ല്‍, ഹിഫഌല്‍ അഖ്ല്‍ എന്നിങ്ങനെ മഖാസ്വിദുകളുടെ ചിരപരിചിതമായ വിഭജനത്തെ പൊളിച്ചെഴുതി, മഖാസ്വിദിന് പുതിയ ചക്രവാളങ്ങളും ആവിഷ്‌കാരങ്ങളും തേടുകയാണ് ഈ കൃതിയിലൂടെ ജമാല്‍ അല്‍ അത്വിയ്യ. ഈജിപ്ഷ്യന്‍ പണ്ഡിതനായ അബ്ദുല്‍മജീദ് നജ്ജാറിന്റെ മഖാസ്വിദുശ്ശരീഅ ബി അബ്ആദിന്‍ ജദീദ എന്ന കൃതിയും പേരു സൂചിപ്പിക്കുംപോലെ, മഖാസ്വിദിന്റെ പുതിയ സാധ്യതകളും മേഖലകളും തേടുകയാണ്. 

മഖാസ്വിദ് രചനകള്‍ ഇംഗ്ലീഷില്‍
എഴുപതുകളുടെ പകുതിവരെ മഖാസ്വിദുശ്ശരീഅയും ഇമാം ശാത്വിബിയുടെ സംഭാവനകളും ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ ഏറക്കുറെ അപരിചിതമായിരുന്നു. പാകിസ്താന്‍കാരനായ മുഹമ്മദ് ഖാലിദ് മസൂദ് 1973-ല്‍ മക്ഗില്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് Shatibi's Philosophy in Islamic Law എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടുന്നത് വരെ ഇതായിരുന്നു അവസ്ഥ. ശാത്വിബിയുടെ വൈജ്ഞാനിക സംഭാവനകളെയും ജീവിതത്തെയും സമഗ്രമായി പ്രതിപാദിക്കുന്ന ഇംഗ്ലീഷിലെ ആദ്യ അക്കാദമിക ദൗത്യമായിരുന്നു അത്. പിന്നീട് ക്വാലാലമ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബുക് ട്രസ്റ്റ് ഒരു പുസ്തകമായി ഈ പഠനം പ്രസിദ്ധീകരിച്ചു. ഇമാം ശാത്വിബിയുടെ ജീവിതത്തെക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതപ്പെട്ട പ്രബലവും ആധികാരികവുമായ ഒരു റഫറന്‍സ് ഗ്രന്ഥമാണിത്. 
ഈജിപ്ഷ്യന്‍ പണ്ഡിതനായ ജാസിര്‍ ഔദയുടെ Maqasid alShariah as Philosophy of Islamic Law: A Systems Approach  എന്ന കൃതി ഈ രംഗത്തെ ഇംഗ്ലീഷില്‍ ലഭ്യമായ മികച്ച ഒരു പഠനമാണ്. യു.കെ ആസ്ഥാനമായ Maqasid Institute Global- ന്റെ പ്രസിഡന്റാണ് ജാസിര്‍ ഔദ. വിവിധ പടിഞ്ഞാറന്‍ യൂനിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസര്‍ കൂടിയായ ഔദയുടെ ക്ലാസ്സുകളും അഭിമുഖങ്ങളും യൂട്യൂബിലും മറ്റും യഥേഷ്ടം ലഭ്യമാണ്. 
സമൂഹത്തില്‍ പുതുതായി ഉടലെടുക്കുന്ന പ്രശ്‌നങ്ങളെ മഖാസ്വിദീ ദര്‍പ്പണത്തിലൂടെ സമീപിക്കുന്ന രീതി ആധുനിക പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ശരീഅത്തിന്റെ ഉന്നതലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും മുന്‍നിര്‍ത്തി ബഹുസ്വരസമൂഹത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ അപഗ്രഥിക്കുന്ന പഠനങ്ങളും ഈയടുത്ത കാലത്തായി ഉണ്ടാകുന്നുണ്ട്. യൂറോപ്പിലെ ബഹുസ്വര സമൂഹം പശ്ചാത്തലമായ പഠനങ്ങളാണ് ഇതില്‍ മുന്നിട്ടുനില്‍ക്കുന്നത്. പ്രഫസര്‍ താരിഖ് റമദാന്റെ Radical Reform: Islamic Ethics & Liberation  ഇതിനുദാഹരണമാണ്. ഇമാമുമാരുടെ കാലത്ത് അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളും അവരുടെ നിയമനിര്‍ധാരണ-അപഗ്രഥന രീതികളും വിശദീകരിക്കുന്ന ഗ്രന്ഥത്തില്‍ ഗണ്യമായ ഒരിടം മഖാസ്വിദുശ്ശരീഅയുടെ ഉത്ഭവചരിത്രത്തിനും അതിന്റെ വികാസത്തിനുമായി ഗ്രന്ഥകര്‍ത്താവ് മാറ്റിവെക്കുന്നു. ബഹുസ്വര സമൂഹത്തില്‍ താരീഖ് റമദാന്‍ വിഷയവല്‍ക്കരിക്കുന്ന പ്രശ്‌നങ്ങളെ, മഖാസ്വിദുകള്‍ മുന്നില്‍ വെച്ചാണ് അദ്ദേഹം സമീപിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 
Islamic Law and the State: The Constitutional Jurisprudence of Shihab alDin alQarafi എന്ന കൃതി, യു.എസ് പൗരനായ ഷെര്‍മന്‍ ജാക്‌സന്റെ ശ്രദ്ധേയ പഠനമാണ്. ശിഹാബുദ്ദീന്‍ ഖറാഫിയുടെ ജീവിതവും മഖാസ്വിദ് വിജ്ഞാനശാഖക്ക് അദ്ദേഹം നല്‍കിയ സംഭാവനകളും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇവര്‍ക്കു പുറമെ, മഖാസ്വിദ് വിഷയങ്ങളിലും ഇസ്‌ലാമിക നിയമങ്ങളിലും അനേകം അക്കാദമിക പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ച, ഇംഗ്ലീഷില്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്ന പണ്ഡിതന്മാരാണ് വാഇല്‍ ബി. ഹല്ലാഖ്, ഹാശിം കമാലി, മുഹമ്മദ് ത്വാഹിര്‍ അല്‍ മീസാവി തുടങ്ങിയവര്‍. 
ബഹുസ്വരസമൂഹം എന്ന നിലയില്‍ യൂറോപിനും ഇന്ത്യക്കുമിടയില്‍ ഏറെ സമാനതകളുണ്ടെങ്കിലും, ഇന്ത്യന്‍ സമൂഹത്തിന്റെ മത-രാഷ്ട്രീയ- സാമൂഹിക ചുറ്റുപാട് യൂറോപ്പിന്റേതില്‍നിന്ന് ഏറെ വിഭിന്നമാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കും അതിന്റെ മുന്‍ഗണനകള്‍ക്കും വ്യത്യാസമുണ്ട്. എന്നാല്‍ ഈ രംഗത്ത് മഖാസ്വിദിന്റെ വെളിച്ചത്തില്‍ ഗവേഷണ പഠനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഇന്ത്യന്‍ മുസ്‌ലിംകളെ പ്രത്യേകമായി ബാധിക്കുന്ന ഫിഖ്ഹീപ്രശ്‌നങ്ങളോ, ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ-സാമൂഹികാവസ്ഥകളോ മഖാസ്വിദീ പരിപ്രേക്ഷ്യത്തിലൂടെ സമീപിക്കുന്ന പഠനങ്ങളും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇസ്‌ലാമിക പണ്ഡിതന്മാരുടെയും ശരീഅ ഗവേഷക വിദ്യാര്‍ഥികളുടെയും ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണിത്. വൈജ്ഞാനിക രംഗത്തെ ഈ വിടവ്, വരുംകാലങ്ങളില്‍ പുതിയ പഠനങ്ങളിലൂടെ പരിഹരിക്കുമെന്ന് പ്രത്യാശിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌