Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 04

3120

1441 സഫര്‍ 04

നെതന്യാഹുവിന്റെ രണ്ടാം തോല്‍വി

ഇക്കഴിഞ്ഞ ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അന്നാട്ടിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് ഫ്രന്റ് ഫോര്‍ പീസ് ആന്റ് ഇക്വാലിറ്റി, ദി അറബ് മൂവ്‌മെന്റ് ഫോര്‍ റെന്യൂവല്‍, ബലദ്, അറബ് ലിസ്റ്റ് എന്നീ നാല് കക്ഷികള്‍ ജോയിന്റ് അറബ് ലിസ്റ്റ് എന്ന പേരില്‍ മുന്നണിയായാണ് മത്സരിച്ചത്. അതിന് ഫലമുണ്ടാവുകയും ചെയ്തു. 120 അംഗ ഇസ്രയേലീ നെസ്സറ്റില്‍ അവര്‍ക്ക് പതിമൂന്ന് അംഗങ്ങളെ ലഭിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് ഇസ്രയേലില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു തവണയും നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാനായില്ല. ഇത്തവണ ഏറ്റവും വലിയ ഒറ്റക്കക്ഷി മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സ് നേതൃത്വം നല്‍കുന്ന ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയാണ്-33 സീറ്റുകള്‍. നെതന്യാഹുവിന്റെ ലിക്വിഡ്് പാര്‍ട്ടിക്ക് 31 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. രണ്ട് തെരഞ്ഞെടുപ്പുകളിലും ജനവിധി നെതന്യാഹുവിന് എതിരാണെന്ന് പകല്‍ പോലെ വ്യക്തം. എന്നിട്ടും ഒരു മുന്നണി ഭരണം തട്ടിപ്പടച്ചുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോഴും നെതന്യാഹു. ഷാസ്, യുനൈറ്റഡ് തോറ ജൂതായിസം, യമീന പോലുള്ള തീവ്ര യാഥാസ്ഥിതിക മതകക്ഷികളെ കൂട്ടുപിടിക്കുകയേ നെതന്യാഹുവിന് രക്ഷയുള്ളൂ. അപ്പോഴും 55 സീറ്റുകളേ ഒപ്പിക്കാനാവുകയുള്ളൂ. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. ഇത് മുന്നില്‍ കണ്ടുകൊണ്ടാവണം, ഐക്യ ഗവണ്‍മെന്റുണ്ടാക്കാം എന്ന ഓഫര്‍ നെതന്യാഹു ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബ്ലൂ ആന്റ് വൈറ്റിന് മുന്നില്‍ സമര്‍പ്പിച്ചത്. 
ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി മുന്‍കൈയെടുത്ത് ഗവണ്‍മെന്റ് ഉണ്ടാക്കാമെന്നു വെച്ചാലും കടമ്പകളേറെയാണ്. 13 അംഗങ്ങളുള്ള ജോയിന്റ് അറബ് ലിസ്റ്റ്, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ നേതാവ് ബെന്നി ഗാന്റ്‌സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടു്. എങ്ങനെയും നെതന്യാഹുവിനെ പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഇത് അറബ് മുന്നണിക്കകത്തു തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആയിരത്തിലധികം ഫലസ്ത്വീനികള്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട 2014-ലെ ഗസ്സ ആക്രമണത്തിന് നേതൃത്വം കൊടുത്ത സൈനിക മേധാവിയാണ് ബെന്നി ഗാന്റ്‌സ്. അതിലൊന്നും ഒരു മനസ്താപവും ഇപ്പോഴും ഗാന്റ്‌സിന് ഇല്ല. ഫലസ്ത്വീന്‍വിരുദ്ധ നിലപാടുകളുടെ കാര്യത്തില്‍ നെതന്യാഹുവും ഗാന്റ്‌സും ഒപ്പത്തിനൊപ്പം തന്നെയാണ്. തങ്ങളുടെ പിന്തുണയോടെ ഭരിക്കുന്ന ഒരു ഭരണകൂടത്തില്‍നിന്ന് ചില ഇളവുകളൊക്കെ ജോയിന്റ് അറബ് ലിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ടാകണം. അറബ് പാര്‍ട്ടികള്‍ പിന്തുണക്കുന്ന മുന്നണിയിലേക്ക് തങ്ങളില്ല എന്ന ലിബര്‍മാന്റെ തീവ്ര വലതു കക്ഷിയുടെ  (അവര്‍ക്ക് എട്ട് സീറ്റുകള്‍ ഉണ്ട്) ഭീഷണി ഗാന്റ്‌സിന് തലവേദനയാണ്. ആറ് സീറ്റുള്ള ലേബര്‍ പാര്‍ട്ടിയും അഞ്ച് സീറ്റുള്ള ഇടതുപക്ഷവും ആരെ പിന്തുണക്കുമെന്ന് വ്യക്തമല്ല.
ഇതിനിടെ ഒരു അറബ് മുന്നണി ഇസ്രയേല്‍ രാഷ്ട്രീയത്തിലെ 'കിംഗ് മേക്കര്‍' ആവുന്നതിനെതിരെ വംശീയവാദികളും രംഗത്തിറങ്ങിയിട്ടുണ്ട്. രണ്ടാം തരം പൗരന്മാരാക്കപ്പെടുന്ന അവരുടെ ജനായത്ത അവകാശങ്ങള്‍ക്കെതിരെയും പുതിയ നിയമനിര്‍മാണങ്ങളുണ്ടായേക്കാം. ഏതായാലും ഒരു കാര്യം വ്യക്തമാണ്: നെതന്യാഹു പിന്തുടര്‍ന്ന തീവ്ര വംശീയ നിലപാടുകള്‍ക്കെതിരെയുള്ള വ്യക്തമായ വിധിയെഴുത്താണ് ഇസ്രയേലില്‍ നടന്നിരിക്കുന്നത്. പുതിയ ഗവണ്‍മെന്റിന്റെ നയനിലപാടുകളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (25-26)
ടി.കെ ഉബൈദ്‌