ഐ.എസ്.എം കൊളോക്യം ഉയര്‍ത്തിയ നവോത്ഥാനവര്‍ത്തമാനങ്ങള്‍
2019 ജനുവരി 11,12,13 തീയതികളില്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ മുജാഹിദ് യുവജന സംഘടനയായ ഐ.എസ്.എമ്മിന്റെ അക്കാദമിക് വിംഗ് സംഘടിപ്പിച്ച 'ഇന്റര്‍നാഷ്‌നല്‍ കൊളോക്യം ഓണ്‍ റിഫോം', മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി സാധാരണ സംഘടിപ്പിച്ചുപോരാറുള്ള കേരള മുസ്‌ലിം നവോത്ഥാന ചര്‍ച്ചകളില്‍നിന്ന് പല നിലക്കും വേറിട്ടതായി. പുതുതലമുറയിലെ അക്കാദമിക് മുന്നേറ്റത്തെ ഉള്‍ക്കൊള്ളും വിധമാണ് ഇന്റര്‍നാഷ്‌നല്‍ കൊളോക്യം സംവിധാനിച്ചിരുന്നത്. കേരളീയ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നവോത്ഥാന ചര്‍ച്ചയും മുസ്‌ലിം നവോത്ഥാന തുടര്‍ച്ചകളെക്കുറിച്ച് മുജാഹിദ് പ്രസ്ഥാനത്തിനകത്ത് തുടരുന്ന സംവാദ സംഘര്‍ഷങ്ങളുമായിരുന്നു കൊളോക്യത്തിന്റെ മുഖ്യ പശ്ചാത്തലം. ലയനാനന്തര സമ്മേളനത്തിനു ശേഷം ഐക്യപ്പെട്ടെന്ന് കരുതിയ കെ.എന്‍.എമ്മില്‍നിന്ന് ഒരു വിഭാഗം വേറിട്ടുപോയത് അടുത്തിടെയാണ്. സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെ ഇങ്ങനെ പുനഃസംഘടിച്ച മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച മുജാഹിദ് കൂട്ടായ്മയുടെ മുന്നോട്ടുപോക്കിനുള്ള ആശയപരിസരവും പ്രവര്‍ത്തനശൈലിയും ഭാവി അജണ്ടകളും രൂപപ്പെടുത്താനുള്ള ധൈഷണികവേദി കൂടിയായിരുന്നു കൊളോക്യം. നവോത്ഥാനം നിര്‍വഹിച്ച വ്യത്യസ്ത ദൗത്യങ്ങള്‍ ചര്‍ച്ചയായ വേദികളിലെല്ലാം അക്കാദമിക് സംശയങ്ങള്‍ക്കൊപ്പം പ്രതിനിധികളുയര്‍ത്തിയ അന്വേഷണങ്ങളുടെ പൊതു ഉള്ളടക്കം, ഈ ചരിത്ര പൈതൃകം മുന്നില്‍ വെച്ച് സംഘടനയുടെ ഭാവി നവോത്ഥാന അജണ്ടകള്‍ എന്താണ് എന്നതായിരുന്നു.
സംഘടനാതീതമായ പങ്കാളിത്തവും അക്കാദമിക് സഹകരണവും ഉണ്ടാകുന്നുവെന്നതാണ് വ്യത്യസ്ത മുസ്‌ലിം സ്ഥാപനങ്ങളും വേദികളും കഴിഞ്ഞ കാലങ്ങളില്‍ സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സുകളുടെ മുഖ്യസവിശേഷത. ഉന്നത വിദ്യാഭ്യാസം നേടിയ പുതിയ തലമുറയില്‍ കാണുന്ന സംഘടനാതീതമായ സൗഹൃദത്തെയും അക്കാദമിക് സംവാദങ്ങളെയും പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ഇഴുകിച്ചേരലുകളെയും ഇത് ശക്തിപ്പെടുത്തുന്നുണ്ട്. ഐ.എസ്.എം കൊളോക്യത്തിലും ഇതിന്റെ ചെറു പ്രതിഫലനം ഉണ്ടായിരുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് ആര്‍ക്കും പ്രബന്ധമവതരിപ്പിക്കാനുള്ള തുറന്ന അവസരമാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. മുന്‍ അക്കാദമിക് സെമിനാറുകളെയെപേക്ഷിച്ച് അതുപയോഗപ്പെടുത്തിയവര്‍ വിരളമായിരുന്നുവെന്നു മാത്രം. എന്നാല്‍ പാനല്‍ ചര്‍ച്ചകളും ഉദ്ഘാടന-സമാപന സെഷനുകളും വ്യത്യസ്ത സംഘടനാ പ്രതിനിധികള്‍, എഴുത്തുകാര്‍, രാഷ്ട്രീയ -സാംസ്‌കാരിക പ്രമുഖര്‍ എന്നിവരാല്‍ സമ്പന്നമായിരുന്നു. ഇതര മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ക്കൊപ്പം മറ്റു മുജാഹിദ് കൂട്ടായ്മകളുടെ പ്രതിനിധികളെ ക്ഷണിച്ചതും അവരില്‍ ചിലര്‍ പങ്കെടുത്തതും നല്ല ചുവടുവെപ്പായി. ഒരേ ആദര്‍ശമുള്ളവര്‍ ഭിന്നിച്ചുപോകുമ്പോള്‍ മറ്റുള്ളവരേക്കാള്‍ അവര്‍ തമ്മില്‍ ശത്രുതയും അകല്‍ച്ചയും വര്‍ധിക്കുന്ന ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. സ്വന്തവും സ്വതന്ത്രവുമായ അജണ്ടകളുമായി മുന്നോട്ടു പോകുമ്പോള്‍തന്നെ ഇത്തരം അകറ്റിനിര്‍ത്തലുകള്‍ ഒഴിവാക്കണമെന്ന നവോത്ഥാന പാഠം എല്ലാവരും ഉള്‍ക്കൊള്ളേണ്ടതാണ്.
12 സെഷനുകളിലായി അമ്പതോളം പ്രബന്ധങ്ങളാണ് കൊളോക്യത്തില്‍ അക്കാദമിക രംഗത്തെ പ്രമുഖരും ഗവേഷക വിദ്യാര്‍ഥികളും അവതരിപ്പിച്ചത്. ദേശീയ-അന്തര്‍ദേശീയ രംഗത്തടക്കം ശ്രദ്ധേയരായ എഴുത്തുകാരും മത-സാംസ്‌കാരിക -രാഷ്ട്രീയ പ്രമുഖരും സംഘടനാ നേതാക്കളുമടക്കം അമ്പതിലേറെ പേര്‍ പാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കുകയുണ്ടായി.
'കേരള മുസ്‌ലിം നവോത്ഥാനം: പുനര്‍വായനയും ചരിത്രപരതയും' എന്ന സെഷനില്‍ നവോത്ഥാനത്തെക്കുറിച്ച വ്യത്യസ്ത വായനകള്‍ അവതരിപ്പിക്കുകയുണ്ടായി. നവോത്ഥാന നായകന്മാര്‍ക്ക് പുതിയ അവകാശികളുായതും നവോത്ഥാനത്തിന്റെ പ്രതിവായനകളും നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നവരുടെ വര്‍ത്തമാന സ്തംഭനാവസ്ഥകളും ഈ സെഷനില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഏകപക്ഷീയമായ ഒരൊറ്റ വായനയില്‍ ഒതുക്കപ്പെടേണ്ട ഒന്നല്ല കേരള മുസ്‌ലിം നവോത്ഥാനമെന്നും വ്യത്യസ്ത വായനകള്‍ ഇതില്‍ നടക്കട്ടേയെന്നുമുള്ള സംവാദാത്മക സമീപനങ്ങളാണ് ചര്‍ച്ച പൊതുവെ സ്വീകരിച്ചത്. മക്തി തങ്ങള്‍ക്കും വക്കം മൗലവിക്കും മുമ്പുള്ള മഖ്ദൂമുമാരുടെയും മമ്പുറം തങ്ങന്മാരുടെയും ഉമര്‍ ഖാദിയുടെയും സാമൂഹിക ഇടപെടലുകളും കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഉള്ളടക്കത്തിലെ പ്രധാന അധ്യായങ്ങളാണ്. യാഥാസ്ഥിതികര്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ നവോത്ഥാന പിന്മുറക്കാരെ പിന്നിലാക്കി വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറ്റം നടത്തുന്നു എന്നും ചിലര്‍ നിരീക്ഷിച്ചു. മുസ്‌ലിം നവോത്ഥാന നായകരുടെ അജണ്ടകള്‍ സമുദായത്തിന് പുറത്തേക്കും വികസിച്ച ഒന്നായിരുന്നു. മുസ്‌ലിംകളും മറ്റു സമുദായങ്ങളുമടങ്ങിയ പൊതു ഇടത്തോട് അവര്‍ സംവദിക്കുകയും പൊതുവായ മുന്നേറ്റത്തിനുള്ള അജണ്ടകളൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്‌ലാഹീ നവോത്ഥാന തുടര്‍ച്ചകളില്‍ അതിനു വേണ്ടത്ര ഇടം ലഭിച്ചിട്ടില്ല. സമുദായത്തിനകത്തെ മതചര്‍ച്ചകളില്‍ മാത്രം അത് ഒതുങ്ങിപ്പോയതായും വിമര്‍ശനമുയര്‍ന്നു. 'നവോത്ഥാനത്തിലെ സര്‍ഗസാന്നിധ്യം' എന്ന സെഷനില്‍ നടന്ന ചര്‍ച്ചകളേക്കാള്‍ ആ സെഷനില്‍ പുരുഷനും സ്ത്രീയും ചേര്‍ന്ന് നടത്തിയ ഗാനാലാപനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചില മുജാഹിദുകള്‍ക്കിടയിലെ സംസാരവിഷയം. സര്‍ഗ- കലാ മേഖലകളില്‍ ഇസ്‌ലാഹീ ധാരയിലുള്ളവര്‍ എത്തിപ്പെട്ട തീവ്രാഭിപ്രായങ്ങള്‍ ആ ചര്‍ച്ചകളില്‍ കാണാന്‍ കഴിയും. വിഭവവിനിയോഗവും നവോത്ഥാനവും, സാമ്പത്തിക വിഭവവിനിയോഗം എന്നീ രണ്ട് സെഷനുകളും ഉള്ളടക്കം കൊണ്ട് പതിവില്‍നിന്ന് വേറിട്ടുനിന്നു.
അക്കാദമിക രംഗത്തെ മലയാളി മുസ്‌ലിം പെണ്‍കുട്ടികളുടെ മുന്നേറ്റവും അവരുടെ വ്യത്യസ്ത ഇടപെടലുകളുടെ വര്‍ത്തമാനവും വിലയിരുത്തുമ്പോള്‍ ഐ.എസ്.എം കൊളോക്യത്തില്‍ സദസ്സിലും വേദിയിലും പെണ്‍ പ്രാതിനിധ്യം നാമമാത്രമായിരുന്നു. അവര്‍ക്കിടം നല്‍കാമായിരുന്ന വിവിധ സെഷനുകളിലെ അവരുടെ അസാന്നിധ്യം അടയാളപ്പെടുത്തപ്പെടുക തന്നെ ചെയ്യും. 'വനിതാ നവോത്ഥാനം: ഊന്നലുകള്‍, പ്രതിസന്ധികള്‍, പരിഹാരങ്ങള്‍' എന്ന വനിതാ സെഷനില്‍ പങ്കെടുത്തവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും നവോത്ഥാന മുന്നേറ്റത്തില്‍ അര്‍ഹിച്ച ഇടം തങ്ങള്‍ക്ക് നിഷേധിക്കുന്നുവെന്ന അഭിപ്രായം പരസ്യമായി പങ്കുവെക്കുകയും ചെയ്തതിനും കൊളോക്യം സാക്ഷിയായി.
നവോത്ഥാനത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും സത്യസന്ധമായും ആത്മവിമര്‍ശനപരമായും അഭിമുഖീകരിക്കാന്‍ ഐ.എസ്.എം കാണിച്ച ധീരത പ്രശംസാര്‍ഹമാണ്. പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതിലും ഭാവി നവോത്ഥാന അജണ്ടകള്‍ ആസൂത്രണം ചെയ്യുന്നതിലും കൊളോക്യം അനുഭവങ്ങള്‍ പ്രതിഫലിച്ചാല്‍ മാത്രമേ ഐ.എസ്.എം ഉദ്ദേശിച്ച ഫലം അതുകൊണ്ടുണ്ടാവൂ. അതിന് സംഘടനാ ചട്ടക്കൂടുകള്‍ക്കപ്പുറം സമുദായത്തെയും സമൂഹത്തെയും നോക്കിക്കാണുന്ന ഒരു സംഘടനാ സമീപനരീതി വികസിപ്പിക്കേണ്ടതുണ്ട്. അതിന് ദിശ നല്‍കാന്‍ കെല്‍പ്പുള്ളവര്‍ ഈ മുന്നേറ്റ നിരയിലുണ്ട്. അവര്‍ അവരുടെ ദൗത്യം നിര്‍വഹിക്കുമെന്ന് പ്രത്യാശിക്കാം.
Comments