കാലചക്രം
ജാസ്മിന്‍ വാസിര്‍, കൊടുങ്ങല്ലൂര്‍
ആരു പറഞ്ഞു
ഏകാന്ത തടവുകാരന്‍
ഋതുഭേദങ്ങള്‍ അറിയുന്നില്ലെന്ന്.
കാലം
ഏറെ ആഴത്തില്‍
സ്പര്‍ശിക്കുന്നത് അവരെയാണ്.
നെടുവീര്‍പ്പുകള്‍ ഘനീഭവിച്ച
വേദനകളുടെ
പെരുമഴക്കാലങ്ങളാണ്
അവന്റെ ഓരോ ഋതുവും.
അസ്ഥി നുറുങ്ങുന്ന
മര്‍ദനങ്ങളിലൂടെ
പ്രാണന്‍ കൊഴിക്കുന്ന
യാത്രകളാണ്
മരണം അരിച്ചുകയറുന്ന
ഓരോ മഞ്ഞുരാത്രിയും
പുതയ്ക്കാന്‍ ഒരോര്‍മച്ചൂടു
പോലുമില്ലാത്ത
കൊടുംശൈത്യത്തിലും
രക്തമൊഴുക്കു നിലക്കാത്ത
നാസാരന്ധ്രങ്ങളാണവന്റേത്.
വേനല്‍ തീയായ്
ഉരുകിയിറങ്ങുമ്പോള്‍,
വേദനയുടെ
ഓരോ തുള്ളി വിയര്‍പ്പുമവന്
ഉയിര്‍പ്പിന്റെ അവശേഷിക്കുന്ന
പ്രതീക്ഷയാണ്.
Comments