പുറ്റങ്കി മൊയ്തു
പാലേരി പാറക്കടവിലെ പുറ്റങ്കി മൊയ്തു സാഹിബ് ദുന്‍യാവിലെ സുഖഭോഗങ്ങളില്‍ ആകൃഷ്ടനാവാതെ, അല്ലാഹുവിന്റെ ആജ്ഞകള്‍ക്കനുസരിച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു. വൈജ്ഞാനിക മത്സരങ്ങളില്‍, പ്രത്യേകിച്ച് റമദാനിലെ ഖുര്‍ആന്‍ ക്വിസില്‍ സമ്മാനം നേടുമായിരുന്ന അദ്ദേഹം ഖുര്‍ആനിലൂടെയാണ് ജീവിച്ചത്.
മലപ്പുറം ദഅ്വത്ത് നഗറിലും കൂരിയാട് ഹിറായിലും തുടങ്ങി പ്രസ്ഥാനത്തിന്റെ മിക്ക സമ്മേളനങ്ങള്‍ക്കും ആരോഗ്യസ്ഥിതി പരിഗണിക്കാതെ പങ്കെടുത്തിരുന്നു. ജാതിമതഭേദമന്യേ സര്‍വരുമായും അഗാധ ബന്ധം പുലര്‍ത്തി. കൃത്യനിഷ്ഠയായിരുന്നു മറ്റൊരു പ്രത്യേകത. കച്ചവടത്തില്‍ കാണിച്ച കണിശതയും സൂക്ഷ്മതയും എടുത്തുപറയേണ്ടതാണ്. ചെറിയ സാധനത്തിന്റെ വിലപോലും പിന്നേക്ക് വെക്കാതെ അപ്പപ്പോള്‍ തന്നെ കൊടുക്കും.
ദേഷ്യം പിടിക്കാത്ത പ്രകൃതം എല്ലാവരെയും അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. ഭാര്യയും മക്കളുമില്ലാത്ത അദ്ദേഹം സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളായി ക് സ്നേഹിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രവിചാരം മാസികയുടെ കോപ്പികള്‍ വില്‍പ്പനക്കായി മൊയ്തു സാഹിബിന്റെ കടയില്‍ തൂക്കിയിട്ടത് ഓര്‍മ വരുന്നു.
പള്ളി ശ്മശാനം വിപുലീകരിക്കാനായി മഹല്ല് കമ്മിറ്റിക്കാര്‍ വന്ന് പറഞ്ഞപ്പോള്‍ തന്റെ വീട്ടുപറമ്പിന്റെ കുറച്ച് ഭാഗം വിട്ടുകൊടുത്തു. ജമാഅത്തെ ഇസ്‌ലാമിക്ക് പാറക്കടവില്‍ ആസ്ഥാനമന്ദിരം പണിയാന്‍ തന്റെ ഏതാനും സെന്റ് സ്ഥലം വിറ്റ് മൊയ്തു സാഹിബ് ധനസഹായം ചെയ്യുകയുണ്ടായി.
ഉദാരമതിയും പരോപകാരിയുമായിരുന്നു. രോഗശയ്യയിലാവുന്നതുവരെ അഞ്ചു നേരവും ജമാഅത്തിന് പള്ളിയിലെത്തുമായിരുന്നു. ബാങ്ക് വിളിയും ഇഖാമത്തും മാത്രമല്ല ഇമാമിന്റെ അസാന്നിധ്യത്തില്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്തിരുന്നു.
നല്ലൊരു പുസ്തകപ്രേമിയും വായനക്കാരനുമായിരുന്നു അദ്ദേഹം. വെറും വായനയല്ല, പഠനമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
ഒറ്റയില്‍ അഹമ്മദ്
പെരുമ്പിലാവ് അല്‍ അമന്‍ മന്‍സിലിലെ ഒറ്റയില്‍ അഹമ്മദ് ഹാജി, പെരുമ്പിലാവ് പൊറവൂര്‍ പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകനായിരുന്നു. ബൈത്തുസ്സകാത്ത് കേരള പെരുമ്പിലാവ് ഘടകത്തിലെ അംഗം, കാരുണ്യ വെല്‍ഫെയര്‍ ട്രസ്റ്റ് മെമ്പര്‍ എന്നീ നിലകളില്‍ വലിയ സേവനമാണ് അഹമ്മദ് സാഹിബ് നിര്‍വഹിച്ചു പോന്നത്. ഖുര്‍ആന്‍ പഠനത്തില്‍ അതീവ താല്‍പ്പര്യം കാണിച്ചു. തിരുന്നാവായ കൊടയ്ക്കല്‍ മലബാര്‍ ഹെല്‍ത്ത് കെയര്‍ ആയുര്‍വേദ ആതുരാലയത്തിന്റെ മാനേജിംഗ് ഡയറക്ടറും മലബാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ചെയര്‍മാനുമായിരുന്നു. ഗള്‍ഫിലായിരിക്കെ വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനമാണ് നിര്‍വഹിച്ചത്. ഖത്തറിലും പെരുമ്പിലാവിലും പ്രസ്ഥാന രംഗത്തും ദഅ്‌വ രംഗത്തും ദാനധര്‍മങ്ങള്‍ ചെയ്യുന്നതിലും സജീവമായിരുന്നു. അക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് കേരളത്തിനു പുറത്തും അദ്ദേഹത്തിനു വേണ്ടി ജനാസ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു. ഭാര്യ: സുബൈദ. മക്കള്‍: ഡോ: ഷജീം, റിസാന്‍, സറീന, റുബീന. മരുമക്കള്‍: ഡോ: സമീറ, സന, ഷജിന്‍.
അബൂ അന്‍ശദ് അലി, പെരുമ്പിലാവ്
Comments