വിശക്കുന്ന വയറുകള്‍ക്ക് ഒരു വിശുദ്ധ ഗീതം
ഒരാള്‍ വന്ന് സ്‌നേഹിതന്റെ വാതിലില്‍ മുട്ടി. സ്‌നേഹിതന്‍ ചോദിച്ചു: 'താങ്കള്‍ ആരാണ്?' 'ഞാന്‍.' 'പോകൂ. ഇപ്പോള്‍ അകത്ത് വരാന്‍ പറ്റില്ല. താങ്കള്‍ക്കുകൂടി ഇവിടെ സ്ഥലമില്ല.' ഒരു വര്‍ഷത്തെ യാത്രക്കുശേഷം മടങ്ങിവന്ന് സുഹൃത്തിന്റെ വാതിലില്‍ മുട്ടി. 'ആരാണ് വാതില്‍ക്കല്‍?' 'താങ്കള്‍തന്നെ.' 'അകത്തുവരാം. ഇപ്പോള്‍ നാമൊന്നാണ്. രണ്ടായിരിക്കുന്ന സ്വത്വങ്ങള്‍ക്ക് ഈ വീട്ടില്‍ മുറിയില്ല' (റൂമി).
മനുഷ്യജീവിതത്തിന്റെ, സാഹോദര്യത്തിന്റെ കഥ കൂടിയാണ് മധുരമായി റൂമി പറഞ്ഞുവെച്ചത്. ഞാന്‍ എന്നും നീ എന്നുമുള്ള വിവേചനവും അകല്‍ച്ചയുമാണ് കുഴപ്പങ്ങള്‍ക്കു കാരണം. ഞാന്‍ മാത്രമാകുമ്പോള്‍ പ്രശ്‌നങ്ങള്‍ തീരുന്നു. എന്റെ വിശപ്പ് സഹോദരന്റെ വിശപ്പും സഹോദരന്റെ വിശപ്പ് എന്റെ വിശപ്പുമാകുമ്പോഴാണ് സാഹോദര്യം പുലരുന്നത്. ഈ സാഹോദര്യ ബന്ധമാണ് ജീവിതത്തെ ചലിപ്പിക്കുന്നത്. ഇത്തരമൊരു സാഹോദര്യബന്ധം കെട്ടിപ്പടുക്കുകയാണ് ഇസ്‌ലാം. സത്യവിശ്വാസികള്‍ സഹോദരന്മാരാണ് എന്ന നബിവചനം സാഹോദര്യത്തിന്റെ തങ്കക്കുടത്തിനുമേല്‍ ദൈവികമുദ്ര ചാര്‍ത്തുന്നു. മുഴുവന്‍ മനുഷ്യരും സാഹോദര്യത്തിന്റെ മധു നുകരണം എന്നാണ് വേദഗ്രന്ഥം ആഗ്രഹിക്കുന്നത്.
സുപരിചിതമായ ഒരു പ്രയോഗമുണ്ട് ഖുര്‍ആനില്‍; 'നമസ്‌കരിക്കുക, സകാത്ത് കൊടുക്കുക.' വ്യക്തിയെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന സവിശേഷമായ പ്രയോഗമാണത്. നമസ്‌കരിക്കുക എന്നത് വ്യക്തിസംസ്‌കരണത്തിന്റെ ഭാഗമാണ്. സകാത്ത് സമൂഹത്തിലെ അവശ വിഭാഗത്തെ സംരക്ഷിക്കുന്നതും. അങ്ങനെ വ്യക്തിയും സമൂഹവും ഒരേസമയം സംസ്‌കരിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.
ഇത് സംശയരഹിതമായ വേദഗ്രന്ഥം എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഖുര്‍ആന്‍ പറഞ്ഞുതുടങ്ങുന്നത്, 'നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരുമാണ് വിശ്വാസികള്‍' എന്നാണ് (2:3). തുടര്‍ന്നുവരുന്ന അധ്യായങ്ങളിലും നമസ്‌കാരവും സകാത്തും ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു.
നമസ്‌കരിച്ച് വ്യക്തികള്‍ മാത്രം പുണ്യം നേടിയാല്‍ പോരാ, സമ്പത്തുള്ളവര്‍ സകാത്ത് നല്‍കി ദരിദ്രവിഭാഗത്തെയും ഉയര്‍ത്തിക്കൊണ്ടുവരണം എന്ന് ആവശ്യപ്പെടുന്നു. അവശവിഭാഗങ്ങളെ അല്ലാഹു ചേര്‍ത്തു പിടിക്കുന്നു. അവരെ അവഗണിച്ചുകൊണ്ട് പുണ്യം നേടാമെന്ന് വ്യാമോഹിക്കേണ്ടതില്ല എന്ന് താക്കീതു ചെയ്യുന്നു: ''സത്യനിഷേധിയെ കണ്ടുവോ? അനാഥയെ ആട്ടിയോടിക്കുന്നവനാണവന്‍; ദരിദ്രന് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനും'' (107:1-3).
മാനുഷികമൂല്യങ്ങളുമായി ബന്ധപ്പെട്ട ജീവിതപദ്ധതിയാണ് ഇസ്‌ലാം. വിശ്വാസത്തിന്റെ ഒന്നാമത്തെ അടയാളമാണ് നമസ്‌കാരം. താന്‍ നല്ല മനുഷ്യനായി ജീവിക്കാമെന്ന പ്രതിജ്ഞയാണ് നമസ്‌കാരം. നമസ്‌കാരത്തിന്റെ തൊട്ടുടനെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് സകാത്താണ്. ദൈവത്തില്‍ വിശ്വസിച്ചാല്‍ മാത്രം പോരാ, സമ്പത്ത് സമൂഹത്തിലെ അവശവിഭാഗത്തിന് നല്‍കുകയും വേണം. നബി (സ) പറഞ്ഞു: 'ഓരോ മുസ്‌ലിമും ദാനം ചെയ്യണം.' ഒന്നും കൊടുക്കാനില്ലാത്തവന്‍ തെറ്റു ചെയ്യാതിരിക്കണമെന്നും അതാണ് അവന്റെ ദാനമെന്നും നബി തുടര്‍ന്നു പറയുന്നു. സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ പുണ്യങ്ങളും നിരന്തരം ചെയ്തുകൊണ്ടിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ ആഹ്വാനം.
നമസ്‌കാരം നിര്‍വഹിക്കുകയും അത്രതന്നെ പ്രാധാന്യമുള്ള സകാത്തിന്റെ കാര്യം മറക്കുകയോ വ്യവസ്ഥയില്ലാതെ നല്‍കുകയോ ചെയ്യുന്നു എന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ അധഃപതന കാരണങ്ങളിലൊന്ന്. അല്ലാഹു നിശ്ചയിച്ച ക്രമം തെറ്റിക്കുകയും സമ്പന്നര്‍ തോന്നിയപോലെ അല്‍പം ധനം വിതരണം നടത്തുകയും ചെയ്തപ്പോള്‍ അല്ലാഹു ഉദ്ദേശിച്ച ഫലം നഷ്ടമായി. അതുകൊണ്ട്, ജനങ്ങള്‍ നമസ്‌കരിക്കുന്നുണ്ടെങ്കിലും സമൂഹം സാമ്പത്തികമായി മെച്ചപ്പെടാതെ കിടന്നു. അവശവിഭാഗങ്ങള്‍ ദാരിദ്ര്യത്തിലും ഇല്ലായ്മയിലും തുടര്‍ന്നു.
പാവങ്ങള്‍ക്ക് സകാത്ത് നല്‍കാനെന്ന പേരില്‍ റമദാന്‍ ഇരുപത്തിയേഴിന് ആഘോഷം സംഘടിപ്പിക്കുന്ന പണക്കാരുണ്ട്. തുഛമായ തുക ആയിരക്കണക്കിന് പാവങ്ങള്‍ക്ക് നല്‍കി സകാത്തിന്റെ പുണ്യം നേടിയെന്ന് സായൂജ്യമടയുകയാണ് ചില സമ്പന്നര്‍. സകാത്തിന് അര്‍ഹരായ എട്ടു പേരില്‍ ഒരു വിഭാഗമാണ് സകാത്ത് ശേഖരിച്ചു വിതരണം ചെയ്യുന്ന ജോലിക്കാര്‍. എന്നിട്ടാണ് സമ്പന്നര്‍ക്ക് തോന്നിയപോലെയുള്ള തുട്ടുവിതരണം.
ഗാന്ധിജി പറയുകയുണ്ടായി: 'നിങ്ങള്‍ പരിചയപ്പെട്ട പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായ ഒരാളുടെ രൂപം സങ്കല്‍പിക്കുക. എന്നിട്ട് സ്വയം ചോദിക്കുക. ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം അവന് എത്രത്തോളം ഉപകാരപ്പെടും? അവനെ സഹായിക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനമായിട്ടുള്ളത്. അല്ലാതെ ഏതു വികസനമുണ്ടായിട്ടും കാര്യമില്ല. മനുഷ്യമുഖമില്ലാത്ത ഒരു സാമ്പത്തിക പ്രക്രിയയും നല്ലതെന്ന് പറയാന്‍ പറ്റില്ല.'
പരിശീലനം കിട്ടിയ പ്രവര്‍ത്തകര്‍ സമ്പന്നരില്‍നിന്ന് ശേഖരിച്ച് സമൂഹത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന മഹത്തായ സാമ്പത്തിക പ്രക്രിയയാണ് സകാത്ത്. ഇങ്ങനെ വിതരണം ചെയ്യുന്ന സകാത്തിലൂടെ അയാള്‍ സ്വയംപര്യാപ്തനാവുകയും ക്രമേണ അയാള്‍ സകാത്ത് കൊടുക്കാന്‍ പ്രാപ്തനാവുകയും ചെയ്യണം. ഈ മഹത്തായ ദൈവിക പദ്ധതിയാണ് സമ്പന്നരും പുരോഹിതന്മാരും ഇടപെട്ട് ഭിക്ഷാടനത്തിനുള്ള മാര്‍ഗമായി തകര്‍ത്തുകളഞ്ഞത്. സകാത്ത് ശേഖരിക്കാനെന്ന പേരില്‍ റമദാനില്‍ ആയിരക്കണക്കിന് പാവങ്ങള്‍ വീടുകള്‍തോറും തെണ്ടി നടക്കുന്നത് ഇസ്‌ലാം രൂപം നല്‍കിയ സകാത്ത് സംവിധാനമല്ല.
''നിങ്ങള്‍ ബന്ധുക്കള്‍ക്കും ആവശ്യക്കാര്‍ക്കും പാവങ്ങള്‍ക്കും യാത്രക്കാര്‍ക്കും സകാത്ത് നല്‍കു. പക്ഷേ, ധൂര്‍ത്തടിക്കരുത്. ധൂര്‍ത്തന്മാര്‍ പിശാചിന്റെ കൂട്ടാളികളാണ്'' (17:26-29). ഇന്ന് സമ്പന്നര്‍ ധൂര്‍ത്തിന്റെ മേച്ചില്‍പുറങ്ങളില്‍ കൂത്താടുകയും സകാത്തിന്റെ പുല്‍പരപ്പുകള്‍ വരണ്ടുണങ്ങുകയും ചെയ്തിരിക്കുന്നു. മൗലാനാ മൗദൂദി എഴുതി: 'സത്യവിശ്വാസി എന്ന് ഒരാളെക്കുറിച്ച് പറയണമെങ്കില്‍ അയാള്‍ സല്‍ക്കര്‍മി കൂടിയായിരിക്കണം. സല്‍ക്കര്‍മമില്ലാത്ത ഈമാന്‍ വെറും അവകാശവാദം മാത്രം. വിത്തും വൃക്ഷവും പോലെയുള്ള ബന്ധമാണ് ഈമാനും സല്‍ക്കര്‍മവും തമ്മിലുള്ളത്' (അസ്വ്ര്‍ വ്യാഖ്യാനക്കുറിപ്പ്).
വിശക്കാത്ത വയറുകളുള്ള സമൂഹത്തിനേ വിജയഗീതം പാടാനാകൂ. സകാത്ത് കൊടുക്കുകയില്ലെന്ന് പറഞ്ഞ വിഭാഗത്തിനെതിരെ ഖലീഫാ അബൂബക്ര്‍ യുദ്ധം പ്രഖ്യാപിച്ചത് പട്ടിണിപ്പാവങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഖലീഫക്ക് സാധ്യമല്ലാത്തതുകൊണ്ടാണ്. രണ്ടാം ഖലീഫ ഉമര്‍ പട്ടിണികിടക്കുന്ന വയറുകളെ തേടിനടക്കുകയും ഭക്ഷ്യ വിഭവങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയായിരുന്നിട്ടും നബിക്ക് കൊട്ടാരമുണ്ടായിരുന്നില്ല. കിടക്കാന്‍ പുല്‍പ്പായ മാത്രം. ഇരിക്കാന്‍ സിംഹാസനമുണ്ടായിരുന്നില്ല. സാധാരണ ഇരിപ്പിടം മാത്രം. തന്റെ ദാരിദ്ര്യത്തെക്കുറിച്ച് നബിക്ക് വേവലാതിയുണ്ടായിരുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഏതാണെന്ന് ചോദിച്ചപ്പോള്‍ നബിയുടെ മറുപടി, 'പതിവായി ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍, അത് എത്ര ചെറുതാണെങ്കിലും' എന്നായിരുന്നു.
എല്ലാം തോന്നിയതുപോലെ ചെയ്ത് രക്ഷപ്പെടാമെന്ന് വിചാരിക്കുന്നത് വെറുതെയാണ്. ഉള്‍ക്കിടിലമുണ്ടാക്കുന്ന ഈ ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കൂ: ''എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ അവനെ കണ്ണുകാണാത്തവനായി എഴുന്നേല്‍പിക്കും. അപ്പോള്‍ അവന്‍ പറയും: 'നാഥാ, എന്തിനെന്നെ കുരുടനായി എഴുന്നേല്‍പിച്ചു? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ?' അല്ലാഹു പറയും: ശരിയാണ്. നമ്മുടെ പ്രമാണങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ മറന്നു. അതുപോലെ ഇന്ന് നിന്നെ നാമും മറക്കുന്നു'' (20:124-126).
Comments