'സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയല്ല'
സാമൂഹികനീതി സംസ്ഥാപിക്കാനാവശ്യമായ ചരിത്രപ്രാധാന്യമുള്ള അനേകം നിയമങ്ങള്‍ പ്രയോഗവത്കരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടു് മുന്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിയായ പി.എസ് കൃഷ്ണന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേല്‍ജാതിക്കാരായ ഇന്ത്യക്കാര്‍ക്ക് ജോലി, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ബില്ല് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നും അത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനങ്ങളുമായി ചേര്‍ന്നുനില്‍ക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെയല്ല എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് ഭരണഘടന സംവരണം ഏര്‍പ്പെടുത്തിയതെന്ന് 'ദി വയറി'നു വേി ഹൃദയേഷ് ജോഷി നടത്തിയ അഭിമുഖത്തില്‍ പി.എസ് കൃഷ്ണന്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേല്‍ജാതിക്കാര്‍ക്ക് സംവരണമല്ല, മറിച്ച് അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ വായ്പകളും കഴിവുകള്‍ വികസിപ്പിക്കാനുള്ള സഹായങ്ങളും (Skill Development Assistance) മറ്റു ക്ഷേമ പദ്ധതികളുമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേല്‍ജാതിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ 10 ശതമാനം ക്വാട്ട ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്റെ തീരുമാനത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?
മേല്‍ജാതിക്കാരായ ആളുകളില്‍ ദരിദ്ര ജനങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇത് ഇല്ലാതാവുകയും ഭരണഘടനാപരമായിത്തന്നെ അവര്‍ക്ക് അതിജീവനം ഉറപ്പുനല്‍കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ചരിത്രപരമായിത്തന്നെ വിദ്യാഭ്യാസ മേഖലയില്‍നിന്നും സ്റ്റേറ്റിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍നിന്നും മികച്ച അവസരങ്ങളില്‍നിന്നുമെല്ലാം ജാതിയുടെ പേരില്‍ വ്യവസ്ഥാപിതമായി പുറന്തള്ളപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് നമ്മുടെ ഭരണഘടന സംവരണവും മറ്റു സാമൂഹികനീതി സംവിധാനങ്ങളും മുന്നോട്ടു വെച്ചിട്ടുള്ളത്. ഇവിടെ പുറന്തള്ളല്‍ എന്നത് ജാതിവ്യവസ്ഥയില്‍ അന്തര്‍ലീനമായി കിടക്കുന്ന ഒന്നാണ്.
ജാതിവ്യവസ്ഥയും അതുണ്ടാക്കിയ ദുരന്തങ്ങളും ഇന്ത്യന്‍ ഭരണഘടനാശില്‍പ്പികള്‍ ഗൗരവമായി പരിഗണിച്ച വിഷയമാണ്. അതിനാല്‍തന്നെ ജാതീയത തുടച്ചുനീക്കപ്പെടണമെന്നും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സാമൂഹികനീതി ലഭിക്കാന്‍ ഭരണഘടനയുടെ സഹായം ആവശ്യമാണെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ - ഇവരാണ് തൊട്ടുകൂടായ്മയുടെ ഇരകള്‍. അവര്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലായിരുന്നു. ഇതായിരുന്നു അടിസ്ഥാനപരമായ ഘടന. അത് ഒരിക്കലും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി ആയിരുന്നില്ല. ജാതിവ്യവസ്ഥ നിര്‍മിച്ചെടുത്ത അസമത്വങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ദേശീയ ഉദ്യമമായാണ് നാം സംവരണത്തെ മനസ്സിലാക്കേണ്ടത്.
ഇന്ന് എല്ലാ ജാതിയിലും ദരിദ്രരുണ്ട്. ഇവിടെ ദരിദ്ര ബ്രാഹ്മണരും ദരിദ്ര താക്കൂറുമാരും ദരിദ്ര സയ്യിദുമാരും ദരിദ്ര ബനിയകളും ഉണ്ട്. അവര്‍ക്ക് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സഹായങ്ങളും ആവശ്യമുണ്ട്. അതിനാല്‍ അവര്‍ക്ക് സമ്പൂര്‍ണ സ്‌കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ വായ്പകളും കഴിവുകള്‍ വികസിപ്പിക്കാനുള്ള മറ്റു സഹായങ്ങളും നല്‍കേണ്ടതുണ്ട്. അവര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്, എന്നാല്‍ സാമൂഹികമായി അവര്‍ പിന്നാക്കമല്ല. അതിനാല്‍തന്നെ അവര്‍ക്ക് സാമ്പത്തിക പിന്തുണയാണ് ആവശ്യം, സംവരണമല്ല.
അപ്പോള്‍ ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നീക്കത്തെപ്പറ്റി എന്താണ് അഭിപ്രായം?
അത് ഉചിതമായ രൂപത്തില്‍ നടപ്പില്‍ വരുമെന്ന് തോന്നുന്നില്ല. സൂപ്രീംകോടതിയില്‍ അത് ചോദ്യംചെയ്യപ്പെട്ടേക്കാം. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുമായി അത് ചേര്‍ന്നുനില്‍ക്കുന്നുണ്ടോ എന്നതാണ് ഇവിടത്തെ വിഷയം. അത് ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ക്ക് എതിരാണ് എന്നതിനാല്‍ തന്നെ നിരാകരിക്കപ്പെട്ടേക്കാം.
ജാട്ടുകളെയും മറാത്തകളെയും പട്ടീദാറുകളെയും പോലെ സാമൂഹികമായി ശക്തരായ പല വിഭാഗക്കാരും സംവരണം എന്ന വിഷയം ഉന്നയിച്ച് മുന്നോട്ടു വരുന്നുണ്ട്. അത്തരം ചുവടുവെപ്പുകളെ താങ്കള്‍ എങ്ങനെ കാണുന്നു?
അവരെല്ലാവരും സാമൂഹികമായി ഉയര്‍ന്ന പദവിയിലുള്ളവരാണ്. അവരെ പിന്നാക്ക വിഭാഗക്കാര്‍ എന്നു വിളിക്കാന്‍ കഴിയില്ല. ബില്ലില്‍ അവരെ പിന്നാക്കക്കാര്‍ എന്ന് വിളിക്കുന്നുമില്ല. അവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നാണ് വിളിക്കുന്നത്. ഭരണഘടന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നില്ല.
പി.വി നരസിംഹറാവുവിന്റെ സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ സുപ്രീംകോടതി അതിനെ തള്ളിക്കളയുകയാണുണ്ടായത്. എങ്ങനെയാണ് ഇപ്പോഴത്തെ വിഷയം അതില്‍നിന്ന് വ്യത്യസ്തമാവുന്നത്?
നരസിംഹറാവുവിന്റെ സര്‍ക്കാര്‍ ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ മാത്രമാണ് പുറത്തിറക്കിയത്. ഇപ്പോള്‍ പാര്‍ലമെന്റ് ഭരണഘടനാ ഭേദഗതിയെ പറ്റിയാണ് ചര്‍ച്ചചെയ്യുന്നത്. അതിനാല്‍ പുതിയ ബില്ല് നീതിന്യായ വിചാരണയെ അതിജീവിക്കും എന്ന് ഗവണ്‍മെന്റ് പ്രത്യാശിക്കുന്നു. എന്നാല്‍ ഇത്തരം ബില്ലുകളും നിയമങ്ങളും ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാവുന്നില്ലെങ്കില്‍ മാത്രമാണ് നിയമപരമായി സാധൂകരിക്കപ്പെടുന്നത്.
അതിനാല്‍, ഭരണഘടനയില്‍ പുതിയൊരു നിയമം ചേര്‍ക്കുന്നതിലൂടെയോ ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍ അത് ഉള്‍പ്പെടുത്തുന്നതിലൂടെയോ നീതിന്യായ വ്യവസ്ഥയുടെ വിചാരണയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും കോടതി ഈ വിഷയത്തില്‍ ഇടപെടുകതന്നെ ചെയ്യും.
എന്നാല്‍ 50 ശതമാനം ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണമാണ് നടപ്പില്‍ വരുത്താന്‍ പോകുന്നതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. ഇവിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. താങ്കള്‍ ഇതുമായി യോജിക്കുന്നുണ്ടോ?
ഇതൊന്നുമല്ല യഥാര്‍ഥ പ്രശ്നം. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഹിംസിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതാണ് ഇവിടെ ചോദ്യം. ജാതിവ്യവസ്ഥയുടെ ഇരകളായ ആളുകള്‍ക്കായി ഭരണഘടനയില്‍ പ്രത്യേക വകുപ്പുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഒരിക്കലും ജാതീയതയുടെ ഇരകളല്ല.
ജാതിവ്യവസ്ഥയുടെ ഇരകളല്ലാത്ത ആളുകള്‍ക്ക് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ആത്യന്തികമായി എന്തു തീരുമാനമാണ് എടുക്കുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം.
വിവ: അസ്ഹര്‍ അലി
Comments