Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

കെ.എ.എസ് അഥവാ ഉദ്യോഗങ്ങളുടെ വരേണ്യവത്കരണം

ശംസീര്‍ ഇബ്‌റാഹീം

സര്‍ക്കാറിന്റെ നയപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാനാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്  (കെ.എ.എസ്) എന്ന സര്‍വീസ് കേഡര്‍ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. 1992-ലെ ഭരണപരിഷ്‌കാര കമീഷനാണ് കെ.എ.എസ് രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്തത്. 

കെ.എ.എസില്‍ എത്തുന്നവര്‍ക്ക് എട്ടുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ യു.പി.എസ്.സി മാനദണ്ഡപ്രകാരം ഐ.എ.എസ് ലഭിക്കുമെന്നതിനാല്‍ ഐ.എ.എസിന്റെ ഫീഡര്‍ തസ്തികയാണിത്. സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം ഉള്‍പ്പെടെ 29 വകുപ്പുകളും മറ്റു വകുപ്പുകളിലെ സമാന തസ്തികകളും കെ.എ.എസില്‍ ഉള്‍പ്പെടുത്തി ഇതിന്റെ വിശേഷാല്‍ ചട്ടം (സ്‌പെഷ്യല്‍ റൂള്‍) പുറത്തുവിട്ടു. അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവയും കോമണ്‍ വിഭാഗത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ് ഓഫീസര്‍, സൂപ്രണ്ട് എന്നീ തസ്തികകളും കെ.എ.എസില്‍ ഉള്‍പ്പെടുത്തിയ പ്രധാന തസ്തികകളാണ്. ഏതാണ്ട് എല്ലാ വകുപ്പുകളില്‍നിന്നുമായി 120 തസ്തികകളാണ് പ്രാഥമിക ഘട്ടത്തില്‍ കെ.എ.എസിലാവുന്നത്. ഭാവിയില്‍ ഇത് വര്‍ധിക്കും.

ഭരണ - ഉദ്യോഗ രംഗത്തെ സുപ്രധാന സര്‍വീസ് കേഡറായ കെ.എ.എസില്‍ ആകെയുള്ള മൂന്ന് സ്ട്രീമുകളിലെ നിയമനങ്ങളില്‍ രണ്ടു സ്ട്രീമുകളിലും സംവരണം വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ സ്ട്രീമിലും 50 നിയമനങ്ങളാണുള്ളത്. മൂന്ന് സ്ട്രീമുകളിലേക്കും പി.എസ്.സി വഴിയാണ് നിയമനം. സ്ട്രീം ഒന്നില്‍ 21-നും 32-നും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മത്സരപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഡയറക്റ്റ് നിയമനമാണിതില്‍. സംവരണം പാലിച്ചായിരിക്കും നിയമനം. സ്ട്രീം രണ്ടിലും മൂന്നിലും ബൈ ട്രാന്‍സ്ഫര്‍ വഴിയാണ് നിയമനം എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഒരു തസ്തികയിലിരിക്കുന്ന ഒരാള്‍ക്ക് തൊട്ടു മുകളിലുള്ള തസ്തികയിലേക്കു പ്രവേശനം കിട്ടുന്നതാണ് ബൈ ട്രാന്‍സ്ഫര്‍ നിയമനം അഥവാ പ്രൊമോഷന്‍ നിയമനം. സര്‍ക്കാര്‍ സര്‍വീസിലുള്ള 21-നും 40-നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കുള്ളതാണ് സ്ട്രീം രണ്ട് എങ്കില്‍ ഗസറ്റഡ് റാങ്കിലുള്ളവര്‍ക്കാണ് സ്ട്രീം മൂന്ന്. ഇതില്‍ ഒന്നാമത്തെ സ്ട്രീമില്‍ മാത്രം സംവരണം അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. അഥവാ 150-ല്‍ 75 സംവരണ നിയമനങ്ങള്‍ നടക്കേണ്ടിടത്ത് 25 സംവരണ നിയമനങ്ങള്‍ മാത്രമാണ് നടക്കുക. ഭീമമായ പ്രാതിനിധ്യക്കുറവാണ് ഉന്നത അധികാര ഉദ്യോഗസ്ഥ മേഖലകളില്‍ ഇതുവഴി സംഭവിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ തുടക്കമിട്ടതും നിരന്തരമായ സംവരണ അട്ടിമറികളിലൂടെ തുടര്‍ന്നു വന്നതുമായ ഈ ഉദ്യോഗവരേണ്യവത്കരണം കൂടുതല്‍ ശക്തി പ്രാപിക്കുകയും കെ.എ.എസ് ഫലത്തില്‍ ഒരു സവര്‍ണ സര്‍വീസായി പിറന്നുവീഴുകയുമാണ്  ഈ സംവരണ അട്ടിമറിയിലൂടെ സംഭവിക്കുക.

കെ.എ.എസിലെ സംവരണ അട്ടിമറിക്ക് തുടക്കമിട്ടത് പബ്ലിക് സര്‍വീസ് കമീഷനാണ്. കെ.എ.എസിന്റെ കരട് അംഗീകാരത്തിനായി വന്നപ്പോള്‍ രണ്ട്, മൂന്ന് ധാരകളിലുള്ളവര്‍ നിലവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നും അവര്‍ക്ക് സംവരണം നല്‍കുേമ്പാള്‍ ഒരു തവണ കിട്ടിയവര്‍ക്ക് വീണ്ടും നല്‍കുന്നത് പരിശോധിക്കണമെന്നും പി.എസ്.സി സര്‍ക്കാറിന് കുറിപ്പ് നല്‍കുകയായിരുന്നു. 

ഇതിന്റെ ചുവടുപിടിച്ച് ഒരിക്കല്‍ സംവരണത്തിലൂടെ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും സംവരണം നല്‍കേണ്ടെന്ന ബാലിശമായ ന്യായം സര്‍ക്കാര്‍ ഒരു നയം എന്ന നിലയില്‍ പറയാന്‍ തുടങ്ങി. നേരിട്ടുള്ള  നിയമനത്തില്‍ മാത്രമേ സംവരണം നല്‍കാന്‍ വ്യവസ്ഥയുള്ളൂ എന്നും സര്‍ക്കാര്‍ സര്‍വീസില്‍നിന്നും കെ.എ.എസില്‍ എത്തുന്നവര്‍  ബൈ ട്രാന്‍സ്ഫര്‍ വഴി എത്തുന്നതിനാല്‍ അത്തരം നിയമനങ്ങളില്‍ സംവരണം അനുവദിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ വസ്തുതകളെയും നടപ്പുരീതികളെയും മുന്നില്‍ വെച്ച് നോക്കുമ്പോള്‍ ഈ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് എളുപ്പം ബോധ്യപ്പെടും. സാമൂഹിക നീതിയും ഭരണഘടന മുന്നോട്ടു വെക്കുന്ന സംവരണ താല്‍പര്യങ്ങളും അട്ടിമറിച്ചും വസ്തുനിഷ്ഠമോ സത്യസന്ധമോ അല്ലാത്ത ന്യായങ്ങള്‍ പടച്ചെടുത്തും പിന്നാക്ക ന്യൂനപക്ഷ ദലിത് ആദിവാസി വിഭാഗങ്ങളെ ഉന്നത അധികാര മണ്ഡലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് അധികാരത്തിന്റെ അരമനകളില്‍ നടക്കുന്നത്. 

യഥാര്‍ഥത്തില്‍ കെ.എ.എസ് തസ്തികകള്‍ പുതുതായി സൃഷ്ടിച്ചതല്ല. നിലവിലെ തസ്തികകള്‍ മാറ്റിയെടുത്തതാണ്. നിലവിലെ ഉന്നത തസ്തികകളുടെ പത്തു ശതമാനം കെ.എ.എസിലേക്ക് മാറ്റുമ്പാള്‍ ഇപ്പോഴുള്ള പിന്നാക്ക - പട്ടിക വിഭാഗ പ്രാതിനിധ്യത്തില്‍ വന്‍ കുറവാണ് കെ.എ.എസ് സംവരണ അട്ടിമറിയിലൂടെ സംഭവിക്കുക. സ്ഥാനക്കയറ്റം വഴി 100 തസ്തിക നികത്തുമ്പോള്‍ 50 തസ്തികകളില്‍ സ്വാഭാവികമായും സംവരണ നിയമനങ്ങള്‍ വരും. എന്നാല്‍ കെ.എ.എസില്‍ സംവരണം ബാധകമാകുന്നത് 33 ശതമാനം തസ്തികകളില്‍ മാത്രമാണ്. അതായത് 100 തസ്തികകളില്‍ 50 എണ്ണത്തില്‍ സംവരണ വിഭാഗപ്രാതിനിധ്യമുണ്ടായിരുന്നത് 16.5 എണ്ണമായി കുറയും.

ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിന് മത്സരപരീക്ഷക്കു പകരം യോഗ്യതാ പരീക്ഷ(ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ്)യാണുള്ളത്. അത് കഷ്ടിച്ചു പാസ്സായാല്‍ മാത്രം മതി. സീനിയോറിറ്റിയുടെയും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും. എന്നാല്‍ കെ.എ.എസില്‍ ബൈ ട്രാന്‍സ്ഫര്‍ എന്ന പേരു നല്‍കി രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നിഷേധിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇവിടെ രണ്ടും മൂന്നും സ്ട്രീമുകളില്‍ നേരിട്ടുള്ള നിയമനത്തിന്റെ നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്; ബൈ ട്രാന്‍സ്ഫര്‍ നടപടിക്രമമല്ല. കെ.എ.എസില്‍ പി.എസ്.സി നടത്തുന്നത് യോഗ്യതാ പരീക്ഷയല്ല, മത്സര പരീക്ഷ തന്നെയാണ്. ഇത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള തെരഞ്ഞെടുപ്പായി പരിമിതപ്പെടുത്തി എന്നേയുള്ളൂ. വകുപ്പുതല സ്ഥാനക്കയറ്റത്തിന് പി.എസ്.സി സംവരണം നടപ്പാക്കിയ തെളിവുകള്‍ ധാരാളമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളിലെ അധ്യാപകര്‍, അസിസ്റ്റന്റ് എജുക്കേഷനല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് വകുപ്പുതല ക്വാട്ട വെച്ച് വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയമനത്തില്‍ പി.എസ്.സി സംവരണം നടപ്പാക്കുകയും അതുപ്രകാരം സര്‍ക്കാര്‍ നിയമനം നല്‍കുകയും ചെയ്തിട്ടുള്ളത്.

ഒരു കേഡറിലെ മൂന്നില്‍ രണ്ട് തസ്തികകളും (67 ശതമാനം) ബൈ ട്രാന്‍സ്ഫറാക്കി മാറ്റുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യവും പ്രസക്തമാണ്. ഇത്രയും തസ്തികകള്‍ ബൈ ട്രാന്‍സ്ഫറാക്കിയതിന് ശേഷം അതിന് സംവരണം ബാധകമല്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുന്നത് ദുരുദ്ദേശ്യപരമാണ്. ചട്ടവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഈ തീരുമാനങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ സാമുദായിക സംവരണവിരുദ്ധ നിലപാടിന് തെളിവും ജാതിമേല്‍ക്കോയ്മാ ശക്തികളുടെ താല്‍പര്യത്തിനനുസരിച്ച് എഴുതുന്ന തിരക്കഥയുമല്ലാതെ മറ്റൊന്നുമല്ല.

വ്യത്യസ്ത സമുദായ സംഘടനകളില്‍നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുമുള്ള എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും പ്രതിചോദ്യങ്ങളെയും മാത്രമല്ല, വിവിധ അധികാര കേന്ദ്രങ്ങളുടെ വിയോജിപ്പുകളെ പോലും ഗൗനിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. മൂന്ന് ധാരകളിലും സംവരണം വേണമെന്ന് നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കാര്യമായ ചര്‍ച്ചകള്‍ കൂടാതെ സര്‍ക്കാര്‍ തള്ളുകയായിരുന്നു. ചട്ടത്തിന്റെ തലക്കെട്ട് എന്തു തന്നെയായാലും നിയമനരീതി നേരിട്ടുള്ള മത്സരപ്പരീക്ഷ അടിസ്ഥാനത്തിലാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മത്സരം പരിമിതപ്പെടുത്തി എന്നേയുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംവരണം ബാധകമാക്കാന്‍ ഇപ്പോള്‍ അവര്‍ക്കുള്ള ജോലി രാജിവെച്ച് മത്സര പരീക്ഷ എഴുതുകയേ മാര്‍ഗമുള്ളൂവെന്നും ഈ വ്യവസ്ഥ കോടതിയില്‍ അര നാഴിക പോലും പിടിച്ചുനില്‍ക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു. 28 (ബി) വകുപ്പില്‍ പെടുന്ന ബൈ ട്രാന്‍സ്ഫര്‍ നിയമനം മത്സരപ്പരീക്ഷ വഴിയല്ല നടത്തേണ്ടത്. മെറിറ്റ് കം എബിലിറ്റി അടിസ്ഥാനത്തില്‍ അര്‍ഹര്‍ക്ക് സീനിയോറിറ്റി അനുസരിച്ചു നല്‍കുന്ന പ്രമോഷനാണത്. ഇവിടെ പുതിയ മത്സരപ്പരീക്ഷ വഴി പുതിയ റാങ്ക് ലിസ്റ്റ് രൂപം കൊള്ളുകയാണ്. വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി രൂപവത്കരിക്കുന്ന സെലക്ട് ലിസ്റ്റല്ല കെ.എ.എസില്‍. ഈ വ്യത്യാസം പരിഗണിക്കണമെന്നും നിയമ സെക്രട്ടറി പറയുന്നുണ്ട്. എല്ലാ സ്ട്രീമിലും സംവരണം നടപ്പിലാക്കണമെന്ന പട്ടികവിഭാഗ കമീഷന്‍ ചെയര്‍മാന്‍ മാവോജിയുടെയും ന്യൂനപക്ഷ കമീഷന്റെയും ഉത്തരവുകളും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. മാത്രമല്ല, കെ.എ.എസ് സംവരണ വിഷയത്തില്‍ പട്ടികവിഭാഗ കമീഷന്‍ ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ച ശില്‍പശാല സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞുവെക്കുകയും ചെയ്തു. ഇതൊരു സവര്‍ണാധിപത്യ തീരുമാനമാണെന്നാണ് മാവോജി പറയുന്നത്. ഐ.എ.എസിലേക്ക് പട്ടികവിഭാഗത്തെ കടത്തിവിടാതിരിക്കാനുള്ള ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ട്. സംവരണനഷ്ടത്തെ കുറിച്ച പത്രവാര്‍ത്തകളെ തുടര്‍ന്ന് ഇടതുപക്ഷ സംഘടനയായ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) നല്‍കിയ നിവേദനങ്ങള്‍ക്കും കാര്യമായ പരിഗണന കിട്ടിയില്ല.

സ്ഥാനക്കയറ്റത്തില്‍ സംവരണം വേണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം മാത്രമാണ് സര്‍ക്കാര്‍ തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന കച്ചിത്തുരുമ്പ്. ബൈ ട്രാന്‍സ്ഫര്‍ എന്ന ശീര്‍ഷകത്തിലെ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാണോ എന്നാണ് അഡ്വക്കറ്റ് ജനറല്‍ പരിശോധിച്ചത്. ബൈ ഡയറക്റ്റ് നിയമനം എന്താണെന്നോ ബൈ ട്രാന്‍സ്ഫര്‍ നിയമനം എന്താണെന്നോ റിപ്പോര്‍ട്ട് നിര്‍വചിച്ചിട്ടില്ല. സംവരണത്തിന് നിയമതടസ്സമുണ്ടെന്നും പറയുന്നില്ല. ഒരു കേഡറിലെ മൂന്നില്‍ രണ്ടും സ്ഥാനക്കയറ്റത്തിനായി മാറ്റിവെക്കുന്ന രീതിയെ കുറിച്ചും ബോധപൂര്‍വമായ മൗനം പാലിച്ചു. 

പട്ടികവിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2018 ജൂണ്‍ 15-ന് ഇറക്കിയ പേഴ്‌സനല്‍ മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അത് കെ.എ.എസില്‍ ബാധകമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ജര്‍ണയില്‍ സിംഗ് ആന്റ് അദേഴ്‌സ് vs നരേന്‍ ആന്റ് അദേഴ്‌സ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍, കേന്ദ്ര ഗവണ്‍മെന്റിലെ ഉദ്യോഗക്കയറ്റങ്ങള്‍ക്ക് പ്രസ്തുത സിവില്‍ അപ്പീലിന്മേലുള്ള വ്യവഹാരങ്ങള്‍ തടസ്സമല്ലെന്നും നിയമപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കാമെന്നുമാണ് കോടതി ഉത്തരവെന്നും നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പേഴ്സനല്‍ മന്ത്രാലയത്തിന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ദുര്‍വ്യാഖാനിക്കുന്നത്. അതുകൊണ്ടുതന്നെ കെ.എ.എസില്‍ സംവരണം വേണ്ടെന്ന വാദവും ഉയര്‍ത്തുന്നു.

പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ നേതൃത്വത്തില്‍ വിവിധ തലത്തില്‍ ചര്‍ച്ചചെയ്താണ് ഉദ്യോഗസ്ഥതല സമിതി സ്‌പെഷ്യല്‍ റൂള്‍സിന്റെ കരട് തയാറാക്കിയത്. സെക്രട്ടറിതല സമിതിയുടെ കരടില്‍ സ്ട്രീം ഒന്നിലും രണ്ടിലും സംവരണം പാലിക്കുന്ന തരത്തിലായിരുന്നു. അവ രണ്ടിനെയും ഡയറക്റ്റ് റിക്രൂട്ട്‌മെന്റ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവയില്‍ പിന്നാക്ക വിഭാഗത്തിനും പട്ടികവിഭാഗത്തിനും അപേക്ഷിക്കുന്നതില്‍ വയസ്സിളവുമുണ്ടായിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാമത്തെ സ്ട്രീമില്‍ സംവരണം നിര്‍ദേശിച്ചിരുന്നില്ല. അതിലും സംവരണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. 2017 ഡിസംബര്‍ 13-ന് കെ.എ.എസിന്റെ കരട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗത്തിലേക്ക് നല്‍കിയ കരടിലാണ് ആദ്യമായി സംവരണം അട്ടിമറിക്കാന്‍ തന്ത്രപരമായ ശ്രമം വരുന്നത്. അത് സര്‍ക്കാര്‍ തീരുമാനപ്രകാരവുമായിരുന്നു. കരടില്‍ ഉണ്ടായിരുന്ന രണ്ടാം സ്ട്രീമിലെസംവരണം എടുത്തുകളഞ്ഞു. അത് സ്ഥാനക്കയറ്റ തസ്തിക മാത്രമാണെന്ന് എഴുതിവെച്ചു. എന്നാല്‍, തിടുക്കപ്പെട്ട് ചെയ്തതിനാല്‍ പിന്നാക്ക വിഭാഗക്കാരുടെ വയസ്സിളവ് വെട്ടിമാറ്റാന്‍ വിട്ടുപോയത് സര്‍ക്കാര്‍ വാദങ്ങളെ തിരിഞ്ഞുകുത്തുന്ന രേഖയായി നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് സാധാരണഗതിയില്‍ സര്‍ക്കാര്‍ ഒരു സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിക്കുന്നതും സ്‌പെഷ്യല്‍ റൂളുകളില്‍ നേരിയ മാറ്റം വരുത്തുന്നതുപോലും നിയമസഭാ സബ്ജക്ട്് കമ്മിറ്റി അംഗീകാരത്തിനു ശേഷമാണ്. സബ്ജക്ട് കമ്മിറ്റി അംഗീകാരം കിട്ടാത്തതിനാല്‍ പല സ്‌പെഷ്യല്‍ റൂളുകളും (നേരിയ മാറ്റം വരുത്തുന്നതു പോലും) മാസങ്ങളോ വര്‍ഷങ്ങളോ വൈകാറുമുണ്ട്. നിര്‍ബന്ധിതസാഹചര്യത്തില്‍ മാത്രമേ മുമ്പ് സബ്ജക്ട് കമ്മിറ്റി കാണാതെ സ്‌പെഷ്യല്‍ റൂള്‍ അംഗീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുള്ളൂ. എന്നാല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ സ്‌പെഷ്യല്‍ റൂള്‍സ് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത് നിയമസഭാ സബ്ജക്ട്കമ്മിറ്റി അംഗീകാരമില്ലാതെയായിരുന്നു. പുതിയ കേഡര്‍ എന്ന നിലയില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന വിജ്ഞാപനത്തിന് മുമ്പ് ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, സമിതിയുടെ അംഗീകാരം പിന്നീട് നേടിയാല്‍ മതിയെന്ന ന്യായം പറഞ്ഞാണ് ഉത്തരവിറക്കിയത്. ഇത്തരം അസാധാരണ നടപടിയിലൂടെ പോലും സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാറും വരേണ്യ ഉദ്യോഗസ്ഥവര്‍ഗവും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗങ്ങളിലെ പിന്നാക്ക പ്രാതിനിധ്യക്കുറവിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ കെ.എ.എസില്‍ പ്രാതിനിധ്യക്കുറവുണ്ടെങ്കില്‍ ഭാവിയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ കുറവ് നികത്താമല്ലോ എന്ന ന്യായമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ നിലപാടും മറ്റൊരു വഞ്ചനയാണ്. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പട്ടിക വിഭാഗങ്ങള്‍ക്ക് മാത്രമാണ്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്താന്‍ അതില്‍ വ്യവസ്ഥയില്ല. നിലവിലെ ഉന്നത ഉദ്യോഗ മേഖലകളില്‍ എസ്.സി-എസ്.ടി, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് വിവിധ പഠനങ്ങളും കമീഷനുകളും ഇടവേളകളില്‍ ഇവിടെ പുറത്തു വിട്ടിട്ടുണ്ട് എന്നിരിക്കെ പ്രാതിനിധ്യക്കുറവ് ഭാവിയില്‍ വന്നാല്‍ പരിഹരിക്കാം എന്ന ഒരു സാധ്യതാ പ്രസ്താവന കബളിപ്പിക്കലാണ്. 

ചരിത്രത്തില്‍ പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിട്ട അവകാശ - അധികാര നിഷേധങ്ങള്‍ക്കുള്ള പരിഹാരവും വൈവിധ്യങ്ങളെ പ്രത്യക്ഷപ്പെടുത്തി ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള സംവിധാനവുമൊക്കെയാണ് സംവരണം. അതിനുപരി ഇന്ത്യന്‍ റിപ്പബ്ലിക്കിനെ തന്നെ സാധ്യമാക്കിയ സാമൂഹിക ആശയവുമാണത്. എന്നാല്‍ സംവരണവുമായും അതിന്റെ ഉദേശ്യലക്ഷ്യങ്ങളുമായും ബന്ധപ്പെട്ട ഇത്തരം ബാലപാഠങ്ങള്‍ പോലും സവര്‍ണ സമുദായ സംഘടനകളുടെ താല്‍പര്യങ്ങള്‍ക്കു മുമ്പില്‍ അടിയറ വെക്കുന്ന ഭരണ - രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാടുകള്‍  തിരുത്തണം, പുനഃപരിശോധിക്കണം. 1957-ലെ ഇ.എം.എസ് അധ്യക്ഷനായുള്ള ഭരണ പരിഷ്‌കാര കമീഷന്‍ തൊട്ട് ഇടതുപക്ഷം സംവരണവിരുദ്ധ നിലപാടുകള്‍ രഹസ്യമായും പരസ്യമായും ഇവിടെ നടപ്പിലാക്കുകയും വിളിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനു തൊട്ടു പിറകെയാണ് കെ.എ.എസില്‍ സംവരണം അട്ടിമറിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സാമ്പത്തിക സംവരണ വിഷയത്തിലാകട്ടെ ബി.ജെ.പിയും കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ തൂവല്‍പക്ഷികളാണ്. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും നിവര്‍ത്തന പ്രക്ഷോഭങ്ങളുമടക്കം പ്രാതിനിധ്യ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരമായ പ്രക്ഷോഭസമരങ്ങള്‍ നടന്ന ഒരു നാട്ടില്‍ പകല്‍വെട്ടത്തില്‍ നടക്കുന്ന ഇത്തരം സംവരണ അട്ടിമറികള്‍ക്കെതിരില്‍ സമുദായ സംഘടനകളും സാമൂഹിക നീതിക്കു വേണ്ടി നിലയുറപ്പിക്കുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടി നിലയുറപ്പിക്കുന്നവരും ഒരുമിച്ചുനിന്ന് പ്രതിരോധമുന്നണി തീര്‍ക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍