Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

പുതിയ കര്‍മപദ്ധതികള്‍ ഏറ്റെടുത്ത് ജമാഅത്ത് അംഗങ്ങളുടെ ത്രിദിന സമ്മേളനം

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പ്രവര്‍ത്തന നൈരന്തര്യം കാത്തുസൂക്ഷിക്കുമെന്നും, പൊതുജന ക്ഷേമത്തിനും മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ്, 2019 ജനുവരി 12,13,14 തീയതികളില്‍ ശാന്തപുരത്ത് ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേരള -അന്തമാന്‍ ഘടകങ്ങളിലെ അംഗങ്ങളുടെ സമ്മേളനത്തിന് തിരശ്ശീല വീണത്. വി.കെ അലിയുടെ ഖുര്‍ആന്‍ ക്ലാസ്സോടെയായിരുന്നു തുടക്കം. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഓരോ പൗരന്നും ഭരണഘടനാദത്തമായ അവകാശങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏതു മതവും ദര്‍ശനവും സ്വീകരിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അസമത്വവും അനീതിയും അതിക്രമവും അഴിഞ്ഞാടുന്നു. രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അമീറിന്റെ പ്രഭാഷണം കെ.എ യൂസുഫ് ഉമരി പരിഭാഷപ്പെടുത്തി.

ഉദ്ഘാടന സെഷനില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വിശ്വാസി സമൂഹത്തിന് എക്കാലവും കടുത്ത പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പരീക്ഷണങ്ങള്‍ പലതരത്തിലുണ്ട്. സാമ്പത്തികവും മറ്റുമായ പ്രലോഭനങ്ങളും പരീക്ഷണങ്ങളായി വരാം. ഈ സന്ദര്‍ഭങ്ങളിലൊക്കെ സത്യപാതയില്‍നിന്ന് വ്യതിചലിക്കാതെ കര്‍മഭൂമിയില്‍ അടിയുറച്ചു നില്‍ക്കാനാകണം. പ്രസ്ഥാന പ്രവര്‍ത്തകര്‍ സല്‍സ്വഭാവങ്ങളാര്‍ജിച്ച് ജനമധ്യത്തിലേക്കിറങ്ങുമ്പോഴേ ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് അനുഭവിക്കാനാവുകയുള്ളൂ- അദ്ദേഹം ഉണര്‍ത്തി. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ വിവിധ മേഖലകളില്‍ പ്രസ്ഥാനം നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി ഹ്രസ്വമായി അവതരിപ്പിച്ചു.

സമ്മേളനത്തിന്റെ ശ്രദ്ധേയമായ ഒരിനം ഗ്രൂപ്പ് ചര്‍ച്ചയായിരുന്നു. ദഅ്‌വത്ത്, ഇസ്‌ലാമിക സമൂഹം, തര്‍ബിയത്ത്, സംഘടന, രാഷ്ട്രീയം, മീഡിയ, പോഷക സംഘടനകള്‍, വിദ്യാഭ്യാസം, വനിത, ജനസേവനം, കലാ-സാഹിത്യം എന്നിങ്ങനെ പതിനൊന്ന് ഗ്രൂപ്പുകളാക്കിയായിരുന്നു ചര്‍ച്ച. ഓരോ ജമാഅത്ത് അംഗവും ഏതേത് ഗ്രൂപ്പിലാണെന്ന് അവരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. തന്റെ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ കൂടുതല്‍ ഗൃഹപാഠം ചെയ്യാന്‍ ഇത് അവസരമൊരുക്കി. വെവ്വേറെ സ്ഥലങ്ങളില്‍ ഒരുമിച്ചു ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നേരമാണ് ഗ്രൂപ്പ് അംഗങ്ങള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട വിഷയം ചര്‍ച്ച ചെയ്തത്. ഓരോ മേഖലയിലെയും കുറവുകള്‍ പരിഹരിക്കാനും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള ധാരാളം നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ആ നിര്‍ദേശങ്ങളുടെ സംക്ഷിപ്തം ഗ്രൂപ്പ് ലീഡര്‍മാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആദ്യ ദിവസം മൂന്നാം സെഷനില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍ കേരള ഘടകത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനം ചെയ്തു. സംശയനിവാരണത്തിന് അവസരമുണ്ടായിരുന്നു. കേന്ദ്ര -സംസ്ഥാന നേതാക്കളാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

രണ്ടാം ദിവസത്തെ ആദ്യ സെഷന് എച്ച്. ശഹീര്‍ മൗലവിയുടെ ഖുര്‍ആന്‍ ദര്‍സോടെ സമാരംഭം. അധ്യക്ഷന്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. നമ്മുടെ കാലത്ത് ഏറെ ചര്‍ച്ചയായ സദാചാരവും ധാര്‍മികതയുമായിരുന്നു ഈ സെഷനിലെ വിഷയം. ഇബ്‌നു ഖല്‍ദൂന്റെയും മാലിക് ബിന്നബിയുടെയുമൊക്കെ പഠനങ്ങള്‍ മുന്നില്‍ വെച്ച്, നാഗരികതയുടെ ഉത്ഥാനപതനങ്ങള്‍ക്ക് കാരണമന്വേഷിക്കുകയായിരുന്നു ആദ്യ പ്രബന്ധാവതാരകന്‍ ടി. മുഹമ്മദ് വേളം. കച്ചവടത്തിലെ സത്യസന്ധത ഒരു സംസ്‌കാരത്തെ എങ്ങനെ വളര്‍ത്തുന്നുവെന്നും സുഖലോലുപത ഒരു നാഗരികതയെ എങ്ങനെ തകര്‍ക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സദാചാര ലംഘനങ്ങള്‍ കുടുംബത്തിനകത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടിയായിരുന്നു രണ്ടാം പ്രബന്ധാവതാരകന്‍ വി.ടി അബ്ദുല്ലക്കോയ സംസാരിച്ചത്.

മറ്റൊരു സുപ്രധാന പഠന സെഷന്‍ രണ്ടാം ദിവസം മഗ്‌രിബിനു ശേഷമുള്ളതായിരുന്നു. അധ്യക്ഷത വഹിച്ചത് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന  ഉപാധ്യക്ഷന്‍ പി. മുജീബുര്‍റഹ്മാന്‍. അറബ് വസന്തത്തിനു ശേഷമുള്ള ഇസ്‌ലാമിക ലോകത്തെക്കുറിച്ചുള്ള തുറന്ന സംസാരമായിരുന്നു ഡോ. അബ്ദുസ്സലാം അഹ്മദിന്റേത്. പശ്ചിമേഷ്യയിലുടനീളം ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അവയുടെ പ്രവര്‍ത്തകരും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെങ്കിലും, വീഴ്ചകള്‍ തിരുത്തി യുക്തിദീക്ഷയോടെ പ്രവര്‍ത്തിച്ചാല്‍ ആ പ്രസ്ഥാനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. പ്രായത്തിന്റെ പ്രയാസങ്ങള്‍ വകവെക്കാതെ വേദിയിലെത്തി 'ഇസ്‌ലാമിക പ്രസ്ഥാനവും മുസ്‌ലിം സമുദായവും' എന്ന വിഷയത്തില്‍ അഭിവന്ദ്യനായ ടി.കെ അബ്ദുല്ല സാഹിബ് നടത്തിയ പ്രഭാഷണം, ആവേശം നിറക്കുന്ന അദ്ദേഹത്തിന്റെ പഴയകാല പ്രഭാഷണങ്ങളെ ഓര്‍മിപ്പിക്കുന്നതായി. ഖുര്‍ആനും ഹദീസും ഇഖ്ബാല്‍ കവിതയും നര്‍മവുമൊക്കെ അതില്‍ സമാസമം ചേര്‍ന്നു

അവസാന ദിവസത്തെ ആദ്യ സെഷന്‍ തുടങ്ങിയത് പി.വി റഹ്മാബിയുടെ ഖുര്‍ആന്‍ ദര്‍സോടെ. ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനവും ഭാവിയുമാണ് അതില്‍ ചര്‍ച്ചയായത്. ആ സെഷന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ദയനീയ സ്ഥിതി ദിനേന നേരില്‍ കാണുന്ന കെ.കെ മമ്മുണ്ണി മൗലവി. ആ വിഷയത്തെക്കുറിച്ച് മനസ്സില്‍ തട്ടുംവിധം സംസാരിച്ചത് മമ്മുണ്ണി മൗലവിയോടൊപ്പം വിഷന്‍ 2026-ന് ഫീല്‍ഡില്‍ നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കൂടിയായ ടി. ആരിഫലി. അവസാന ദിവസം രണ്ട് പ്രഭാഷണങ്ങള്‍ കൂടിയുണ്ടായിരുന്നു. 'സംഘടന, തര്‍ബിയത്ത്' എന്ന വിഷയത്തില്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍, 'സാമ്പത്തിക ഇടപാടുകള്‍' എന്ന വിഷയത്തില്‍ എം.വി മുഹമ്മദ് സലീം എന്നിവരുടേത്.

കേരളത്തില്‍നിന്നുള്ള രണ്ടായിരത്തില്‍ പരം ജമാഅത്ത് അംഗങ്ങളില്‍ ഒരു നിലക്കും എത്തിച്ചേരാന്‍ കഴിയാത്തവരൊഴികെ ബാക്കിയെല്ലാവരെയും സമ്മേളന നഗരിയില്‍ ആദ്യന്തം കാണാമായിരുന്നു. രോഗവും വാര്‍ധക്യവും തളര്‍ത്തിയിട്ടുെങ്കിലും, ഒരുവിധം എഴുന്നേറ്റു നില്‍ക്കാനും ഇരിക്കാനും കഴിയുന്ന അംഗങ്ങളെല്ലാം അവിടെയെത്തി. അവരില്‍ പലരുടെയും കൂടെ സഹായികളുണ്ടായിരുന്നു. അവശതകള്‍ വകവെക്കാതെ ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബും വേദിയില്‍ എത്തിയിരുന്നു. അല്‍പനേരം അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളില്‍നിന്നെത്തിയ പലരും സമ്മേളനത്തിന് മാത്രമായി ലീവെടുത്തവര്‍. ലീവ് കിട്ടാത്തവര്‍ സമ്മേളന വിശേഷങ്ങളറിയാന്‍ സഹപ്രവര്‍ത്തകരെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു.

ഈ ഒത്തുചേരല്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ച ഊര്‍ജവും കരുത്തും ചില്ലറയല്ല. ഒരേ മനസ്സുമായി ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍ മൂന്ന് ദിവസമാണ് ഒന്നിച്ചു കഴിഞ്ഞത്; നേതാക്കളെന്നോ അനുയായികളെന്നോ വ്യത്യാസമില്ലാതെ. അഖിലേന്ത്യാ അധ്യക്ഷന്‍ പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചതുപോലെ, ഈ സംഘബലം ആര്‍ജിക്കുന്നത് ഈമാനികമായ കരുത്തില്‍നിന്നാണ്. വ്യക്തികള്‍ ഇസ്‌ലാമികമായി മാറാന്‍ തയാറാവണം; അത് ഏറെ ദുഷ്‌കരമാണെങ്കിലും. അതാണ് യഥാര്‍ഥ തസ്‌കിയ. വ്യക്തികള്‍ ഈ മനഃപരിവര്‍ത്തനത്തിന് തയാറില്ലെങ്കില്‍ അവരുടെയും പ്രസ്ഥാനത്തിന്റെയും യത്‌നങ്ങള്‍ പാഴാകും. തെറ്റുകള്‍ തിരുത്തി നന്മയുടെ മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കണമെന്ന ഹല്‍ഖാ അമീറിന്റെ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍മഭൂമികളിലേക്ക് തിരിച്ചുപോയത്. 

 

 

പ്രമേയങ്ങള്‍

 

പൗരത്വ ഭേദഗതി ബില്‍ മതവംശീയത ആളിക്കത്തിക്കാന്‍

അസമിലെ പൗരത്വ പ്രശ്‌നത്തിന്റെ പേരില്‍ പലതവണ കലാപകലുഷിതമായ അസമും സമീപ സംസ്ഥാനങ്ങളും വീണ്ടും അസ്വസ്ഥമാവുകയാണ്. അസമിലെ അവസാന പൗരത്വ പട്ടികയനുസരിച്ച് 40 ലക്ഷത്തിലധികം പേരെ അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കിയിരിക്കുന്നത്. ദീര്‍ഘകാലം പൗരത്വം ചോദ്യം ചെയ്യപ്പെട്ട് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന് ആശ്വാസകരമാണ് ഒരര്‍ഥത്തില്‍ പൗരത്വ പട്ടിക. എന്നാല്‍ മറുവശത്ത് അസമിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രവുമായി ഇഴചേര്‍ന്ന് ചരിത്രത്തില്‍ ഇടം പിടിച്ചവരുടെ പിന്‍ഗാമികള്‍ പോലും സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി മാറുന്ന ദാരുണ ചിത്രമാണ് സംജാതമായിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ വനിതാ മുസ്‌ലിം മുഖ്യമന്ത്രി സൈദാ അന്‍വാറാ തൈമൂറിന്റെ മുതല്‍ മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹ്മദിന്റെയും വിഭജനാനന്തരം അസമിനെ ഇന്ത്യയുടെ ഭാഗമാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അസം ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ പ്രഥമ ഡെപ്യൂട്ടി സ്പീക്കറായിരുന്ന മൗലാനാ മുഹമ്മദ് അമീറുദ്ദീന്റെയും പിന്‍ഗാമികള്‍ വരെയുള്ളവര്‍ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിലാണ് വരുന്നതെന്നു മാത്രം മതി പ്രശ്‌നത്തിന്റെ ഗൗരവമറിയാന്‍. ജനങ്ങളുടെ നിരക്ഷരതയോ സാമൂഹിക അവസ്ഥകളോ പരിഗണിക്കാതെയുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളും ഉദ്യോഗസ്ഥ മുന്‍വിധികളും പക്ഷപാതിത്വങ്ങളുമെല്ലാം പ്രശ്‌നത്തെ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

പൗരത്വ പ്രശ്‌നത്തെ ഒട്ടും യാഥാര്‍ഥ്യബോധത്തോടെയല്ല ദേശീയ രാഷ്ട്രീയ പാര്‍ട്ടികളൊന്നും സമീപിച്ചത്. പകരം സങ്കുചിത രാഷ്ട്രീയ മുതലെടുപ്പുകളിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍. ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളുമാവട്ടെ, കുടിയേറ്റവിരുദ്ധ വികാരത്തെ ബംഗാളി മുസ്‌ലിംകള്‍ക്കെതിരെയുള്ള മതവംശീയതയാക്കി മാറ്റി മുതലെടുക്കാനുള്ള കുത്സിത ശ്രമമാണ് തുടക്കം മുതലേ നടത്തിവന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിച്ചും കലാപങ്ങളഴിച്ചുവിട്ടും അധികാരത്തിലെത്തുകയെന്ന പതിവു ശൈലിയുടെ ഉപകരണമായി പൗരത്വ പ്രശ്‌നത്തെ പ്രയോജനപ്പെടുത്താന്‍ സംഘ്പരിവാര്‍ കച്ചമുറുക്കിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് അസമിലെ സഖ്യ കക്ഷികളുടെ ശക്തമായ എതിര്‍പ്പു പോലും അവഗണിച്ച് ഇപ്പോള്‍ ലോക്‌സഭ പാസാക്കിയിരിക്കുന്ന സിറ്റിസണ്‍ഷിപ് അമെന്റ്‌മെന്റ് ബില്‍. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയവരില്‍ മുസ്‌ലിം ഇതര മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഒരു രേഖയുടെയും പിന്‍ബലമില്ലാതെ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ടവര്‍ക്കെതിരെയുള്ള വംശീയ വികാരത്തെ ലഘൂകരിക്കുന്നതിനു പകരം അതിനു മതവംശീയ മുഖം നല്‍കി ആളിക്കത്തിക്കുകയാണ് ഇതിലൂടെ കേന്ദ്ര ഭരണകൂടം ചെയ്യുന്നത്. അതിനുമപ്പുറം പൗരത്വത്തിന് മത മാനദണ്ഡം നല്‍കുന്നതിലൂടെ, സംഘ്പരിവാറിന്റെ ഹൈന്ദവ ദേശീയതാവാദത്തിലേക്കുളള വളരെ പ്രകടമായ ഒരു കാല്‍വെപ്പുകൂടിയാണിതെന്നത് ഏറെ ആശങ്കാജനകമാണ്.

ജനതയെ ഒന്നിപ്പിച്ചു കൊണ്ടുപോവാന്‍ ബാധ്യസ്ഥമായ ഭരണകൂടങ്ങള്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുകയും ഒരു വലിയ വിഭാഗം ആഭ്യന്തര അഭയാര്‍ഥികളെ സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനങ്ങളില്‍നിന്നും പിന്മാറണമെന്ന് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നു. അതോടൊപ്പം ഇന്ത്യയിലെ പൗരത്വത്തെ തന്നെ മതപരമായി പുനര്‍നിര്‍വചിക്കാനും ഇന്ത്യന്‍ മുസ്‌ലിംകളെ കൂടുതല്‍ അരക്ഷിതമായ അവസ്ഥകളിലേക്ക് തള്ളിവിടാനുമുള്ള സംഘ്പരിവാര്‍ അജണ്ട തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ശക്തമായ പ്രതിരോധം രൂപപ്പെടുത്തിയെടുക്കാന്‍ മുന്നിട്ടിറങ്ങണമെന്നും രാജ്യത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള മത-രാഷ്ട്രീയ നേതൃത്വങ്ങളോടും പൊതുസമൂഹത്തോടും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.

 

മുന്നാക്ക സംവരണം സാമൂഹിക നീതിയെ അട്ടിമറിക്കും

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിപക്ഷ കക്ഷികളുടെയും നീക്കം സാമൂഹിക നീതിയെ അട്ടിമറിക്കുന്നതാണ്. രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന സംവരണ കാഴ്ചപ്പാടിനെ ലംഘിക്കുന്ന തീരുമാനമാണ് ഇതിലൂടെ രൂപപ്പെടുന്നത്. 80 ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണം നിഷേധിക്കുകയും 20 ശതമാനത്തില്‍ താഴെ വരുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. സാമൂഹികമായി പുറന്തള്ളപ്പെട്ടവരെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള നടപടിയാണ് സംവരണം. സാമ്പത്തികമായി വ്യക്തിയെയോ സമുദായങ്ങളെയോ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയല്ല ഭരണഘടനാ സങ്കല്‍പത്തിലെ സംവരണം. എന്നാല്‍ സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഏറെക്കാലങ്ങളായി ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സാമൂഹികമായി അധീശത്വമുള്ള വിഭാഗങ്ങളുടെ സംവരണവിരുദ്ധ മനോഭാവത്തെ വോട്ട് രാഷ്ട്രീയത്തിനുവേണ്ടിയും മുന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേിയും പിന്തുണക്കാന്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ എക്കാലത്തും മുന്‍പന്തിയിലായിരുന്നു. സംഘ്പരിവാറിന്റെ കൂടെ കോണ്‍ഗ്രസും സി.പി.എമ്മും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നത് ഇതേ കാരണങ്ങളാല്‍ തന്നെയാണ്. ഏഴു പതിറ്റാണ്ടിലേറെയായി ഇന്ത്യ ഭരിച്ചവരില്‍ ഏറിയ പങ്കും മുസ്‌ലിം സമൂഹത്തിന്റെ പ്രാതിനിധ്യത്തെ അവഗണിച്ചവരായിരുന്നു. സച്ചാര്‍, മിശ്ര, കുണ്ടു കമീഷനുകള്‍ കണ്ടെത്തിയത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗം മുസ്‌ലിംകളാണ് എന്നായിരുന്നു. അതിനാല്‍ മുസ്‌ലിം സമൂഹത്തെ പ്രത്യേക സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും ആ കമീഷനുകള്‍ നിര്‍ദേശിച്ചു. വ്യക്തമായ നീതിനിഷേധം നടക്കുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ വരെ മൗനം പാലിക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. സാമ്പത്തിക സംവരണമെന്ന ആശയത്തെ ചെറുക്കണമെന്നും ഇതിനെതിരില്‍ സമൂഹിക നീതിയില്‍ വിശ്വസിക്കുന്ന മുഴുവനാളുകളുടെയും ഐക്യനിര രൂപപ്പെടുത്തണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.

 

കേരളത്തെ സംഘ്‌വത്കരിക്കാനുള്ള നീക്കങ്ങളെ ഒരുമിച്ചു നേരിടണം

സാമൂഹികവും സാമുദായികവുമായ സൗഹൃദം കേരളത്തിന്റെ പാരമ്പര്യവും വ്യതിരിക്തതയുമാണ്. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ പരീക്ഷണ നാളുകളില്‍ ഈ പാരമ്പര്യത്തെ ഒരു ജനതയെന്ന നിലയില്‍ നാം മലയാളികള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിപ്പിടിച്ചിരുന്നു. പക്ഷേ, പ്രളയാനന്തരം കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള തീവ്രമായ ശ്രമങ്ങള്‍ സംഘ്പരിവാര്‍ പൂര്‍വാധികം ശക്തിയോടെ നടത്തിക്കൊണ്ടിരിക്കുകയാണ്. മതത്തിന്റെ മറവില്‍ വലിയ ആക്രമണമാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള പോലീസില്‍ സംഘ്പരിവാറിന്റെ സ്വാധീനം പ്രകടമാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാട് സംഘ്പരിവാറിന്റെ നീക്കങ്ങള്‍ക്ക് എണ്ണ ഒഴിക്കുന്നവ കൂടിയാണ്. കേരള രാഷ്ട്രീയത്തെ സംഘ്പരിവാറും ഇടതുപക്ഷവും തമ്മിലുള്ള മത്സരക്കളരിയാക്കി മാറ്റാനുള്ള ശ്രമമാണോ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാറിന് സഹായകമാവുന്നതും കേരളത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതുമായ എല്ലാ നടപടികളില്‍നിന്നും മുഴുവന്‍ പാര്‍ട്ടികളും മാറിനില്‍ക്കണമെന്നും കേരളത്തെ സംഘ്പരിവാര്‍വല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള നീക്കങ്ങളെ എല്ലാ മതേതര ശക്തികളും ഒരുമിച്ചു നിന്ന് നേരിടണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍