Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

ചാനല്‍ ലോകത്തേക്ക്

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-11 )

ദൂരദര്‍ശനും ഏഷ്യാനെറ്റുമല്ലാതെ മലയാളത്തില്‍ മറ്റ് ചാനലുകളൊന്നും ഇല്ലാത്ത കാലം മൂന്ന് പതിറ്റാണ്ടുകള്‍ക്കെങ്കിലും മുമ്പാണ്. ആ ലോകത്തേക്ക് കടന്നുചെല്ലണമെന്ന് ഞാന്‍ ആഗ്രഹിക്കുകയോ തീരുമാനിക്കുകയോ ചെയ്തിരുന്നില്ല. അപ്പോഴാണ് തിരുവനന്തപുരം കൊടപ്പനക്കുന്നില്‍നിന്ന് ദൂരദര്‍ശന്‍ മലയാളം ന്യൂസ് ചാനലിലേക്ക് മതേതരത്വത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണം വരുന്നത്. ഞാന്‍ പോയി. എന്‍.പി. മുഹമ്മദ്, പി. ഗോവിന്ദപ്പിള്ള എന്നീ പ്രഗത്ഭരാണ് ചര്‍ച്ചയില്‍ പങ്കാളികളായ മറ്റു രണ്ടു പേര്‍. വലിയ പരാജയമോ വിജയമോ ആയിരുന്നില്ല ആദ്യാനുഭവം. പിന്നീട് ചാനലുകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇന്ത്യാ വിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, കൈരളി (പീപ്പ്ള്‍), മനോരമ ന്യൂസ് എന്നിവകൂടി പട്ടികയില്‍ വന്നു. വിവിധ വിഷയങ്ങളെക്കുറിച്ച ഒമ്പതു മണി ചര്‍ച്ചകളിലേക്ക് സ്ഥിരമായി ക്ഷണം വന്നു തുടങ്ങി. പ്രത്യേകിച്ച് പശ്ചിമേഷ്യ, പാകിസ്താന്‍, ന്യൂനപക്ഷ രാഷ്ട്രീയം, ശരീഅത്ത്, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിലാണ് ഏറെയും സംവദിക്കേണ്ടിവന്നത്. ചര്‍ച്ചകള്‍ കൂടാതെ മുഖാമുഖം പരിപാടികളിലും സംബന്ധിച്ചു. പ്രേക്ഷകരില്‍നിന്ന് ലഭിക്കുന്ന പ്രതികരണം പൊതുവെ ആത്മവിശ്വാസം പകരുന്നതായിരുന്നു. പലപ്പോഴും സി.പി.എം, കോണ്‍ഗ്രസ്, സംഘ്പരിവാര്‍ വക്താക്കളുമായും മുസ്‌ലിം സെക്യുലറിസ്റ്റുകളുമായും സംവാദങ്ങളില്‍ ഏറ്റുമുട്ടേണ്ടിവന്നത്  സ്വാഭാവികമായിരുന്നു.

എന്നാല്‍, മാധ്യമത്തിന്റെ ഭൂമികയില്‍നിന്ന് എപ്പോഴെങ്കിലും ഒരു ന്യൂസ് ചാനല്‍ പിറവിയെടുക്കുമെന്നോ അതിന്റെ എഡിറ്റോറിയല്‍ തലപ്പത്ത് ഞാന്‍ അവരോധിതനാവുമെന്നോ നിനച്ചിരുന്നേയില്ല. 1998 മാര്‍ച്ചില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് ഹിറാ നഗറില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങളിലൊന്ന് മലയാളത്തില്‍ ഒരു ചാനല്‍ തുടങ്ങണമെന്നതായിരുന്നുവെങ്കിലും സാധ്യതാ പഠനം വലിയ ശുഭപ്രതീക്ഷക്ക് വക നല്‍കിയില്ലെന്നതിനു പുറമെ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ ആരംഭിക്കാന്‍ പോകുന്ന ഇന്ത്യാ വിഷന്‍ ചാനലിനോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും സ്വന്തം ചാനലിനെക്കുറിച്ച ചിന്ത സാവകാശം മതിയെന്നു വെക്കാന്‍ കാരണമായി. മുനീറിന്റെ ഇന്ത്യാ വിഷനോട് കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃത്വം പക്ഷേ, സഹകരിക്കുകയുണ്ടായില്ല. ഗള്‍ഫ് നാടുകളിലെ കെ.എം.സി.സിക്കാരില്‍ കുറേ പേരുടെ സഹകരണമാണ് ചാനല്‍ യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് ധൈര്യം നല്‍കിയത്. ഒരു സ്വതന്ത്ര ചാനലായി അത് പെട്ടെന്ന് പ്രേക്ഷകരുടെ അംഗീകാരം നേടുകയും ചെയ്തു. എന്നാല്‍, മുസ്‌ലിം ലീഗ് നേതൃത്വത്തെ അലോസരപ്പെടുത്തുന്ന വാര്‍ത്തകളും ചര്‍ച്ചകളും ഇന്ത്യാ വിഷനില്‍ ഇടക്കിടെ സംപ്രേഷണം ചെയ്തത് മുനീറിന് പ്രയാസങ്ങള്‍ സൃഷ്ടിച്ചു. അതോടൊപ്പം സാമ്പത്തിക പ്രയാസങ്ങള്‍ മൂലം യോഗ്യരായ ജീവനക്കാരില്‍ പലരും ചാനല്‍ വിട്ടുപോകുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ ഒരുനാള്‍ ഇന്ത്യാ വിഷന്‍ സംപ്രേഷണം നിലച്ചുപോയി. കൂട്ടത്തില്‍ പറയട്ടെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ഒഴികെ മറ്റ് മലയാളത്തിലെ വാര്‍ത്താ ചാനലുകളിലൊന്നും സാമ്പത്തികമായി വിജയമല്ലെന്നാണറിവ്.

അച്ചടിമാധ്യമങ്ങളില്‍ 'മാധ്യമം' വേറിട്ട ഒരു ന്യൂസ് പേപ്പറായി ജനശ്രദ്ധ നേടിയെടുത്തപോലെ അതേ ഭൂമികയില്‍ ഒരു ചാനലിനും ഇടമുണ്ടെന്ന പ്രതീക്ഷയിലാണ് മീഡിയവണ്‍ ചാനലിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ അതീവ താല്‍പര്യവും കഠിനയത്‌നവും തന്നെയാണതിനെ യാഥാര്‍ഥ്യമാക്കിയത്. ട്രസ്റ്റിനോ ചാരിറ്റബ്ള്‍ സൊസൈറ്റിക്കോ ടെലിവിഷന്‍ ചാനല്‍ നടത്താന്‍ ഇന്ത്യയില്‍ അനുമതിയില്ലാത്തതിനാല്‍ ഷെയര്‍ ഹോള്‍ഡിംഗ് കമ്പനി സ്ഥാപിച്ചാണ് നടപടികള്‍ തുടങ്ങിയത്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് കോര്‍പേറഷന്‍ (എം.ബി.എല്‍) എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കേരളത്തിലും ജി.സി.സി രാജ്യങ്ങളിലുമായി ഷെയര്‍ സമാഹരണം ഊര്‍ജിതമാക്കി. ഡോ. അബ്ദുസ്സലാം അഹ്മദായിരുന്നു ചാനല്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി സംഭാവനകളും ചാനലിനു വേണ്ട ഷെയറുകളും പിരിക്കാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ വ്യാപകമായി രംഗത്തിറങ്ങി. ഗള്‍ഫിലെ ചില രാജ്യങ്ങളില്‍ ഡോ. അബ്ദുസ്സലാം അഹ്മദിനോടൊപ്പം ഞാനുമുണ്ടായിരുന്നു. കക്ഷിഭേദമന്യേ പരമാവധി ജനങ്ങളെ വിളിച്ചുവരുത്തി ചാനലിന്റെ പ്രസക്തിയും പ്രാധാന്യവും വിവരിച്ചുകൊടുത്തപ്പോള്‍ ഒരാള്‍പോലും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചില്ല എന്നതാണ് ഏറ്റവും ആഹ്ലാദകരമായ കാര്യം. നാട്ടുകാരും പ്രവാസികളുമടങ്ങുന്ന വലിയൊരു വിഭാഗം അഭ്യുദയകാംക്ഷികളും പ്രസ്ഥാന ബന്ധുക്കളും ധനസമാഹരണത്തോട് ആത്മാര്‍ഥമായി സഹകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത വെള്ളിപറമ്പില്‍ അത്യാധുനിക സ്റ്റുഡിയോ റെക്കോര്‍ഡ് വേഗതയില്‍ പണി പുരോഗമിച്ചു. പക്ഷേ, ലൈസന്‍സ്? യു.പി.എ സര്‍ക്കാറാണ് ചാനലിന് ലൈസന്‍സ് അനുവദിക്കേണ്ടിയിരുന്നത്. കടമ്പ കടക്കാന്‍ പലതവണ മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദിനോടൊപ്പം ദല്‍ഹിക്ക് പറന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ എം.ഐ ഷാനവാസ്, എം.കെ. രാഘവന്‍, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ തുടങ്ങിയവരുടെയെല്ലാം ശക്തമായ ഇടപെടലുണ്ടായിട്ടും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നില്ല. ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് എന്‍.ഒ.സി കിട്ടാത്തതാണ് കാരണം. മലയാളികളായ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്രട്ടറി, രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ സമീപിച്ചപ്പോഴും വഞ്ചി തിരുനക്കരെ തന്നെ. കേരളത്തില്‍നിന്ന് പോയ പാരയാണ് വിളംബത്തിന്റെ പിന്നിലെന്ന് പിന്നീട് മനസ്സിലായി. രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിനൊടുവില്‍ ലൈസന്‍സ് കിട്ടുക തന്നെ ചെയ്തു. 

2013 ജനുവരിയില്‍ ഒരു പരിപാടിക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായി അടുത്ത നീക്കം. രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ നേരില്‍ കാണുക എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ഒരു മാന്യന്‍ മുഖേനയായി ശ്രമം. രാഷ്ട്രപതി കൊല്‍ക്കത്തയിലെത്തുന്ന ദിവസം സാജിദിന്റെ നിര്‍ദേശപ്രകാരം ദമ്മാമില്‍നിന്ന് സുഊദി സന്ദര്‍ശനം റദ്ദാക്കി ഞാന്‍ കൊല്‍ക്കത്തയിലെത്തി; സാജിദ് നേരത്തേ അവിടെയെത്തിയിരുന്നു. പക്ഷേ, രാഷ്ട്രപതി കൊല്‍ക്കത്തയിലെത്തിയ ഉടനെ ഒരു വി.വി.ഐ.പിയുടെ ചരമവാര്‍ത്തയറിഞ്ഞ് അേദ്ദഹം സ്വദേശയാത്ര റദ്ദാക്കി ദല്‍ഹിയിലേക്ക് തിരിച്ചു പറന്നു. ഞങ്ങളും ദല്‍ഹിയിലേക്ക് പോവുകയല്ലാതെ നിര്‍വാഹമുണ്ടായില്ല. അവിടെ രണ്ടുമൂന്നു ദിവസം കാത്തുകെട്ടിക്കിടന്ന് ഒടുവില്‍ രാഷ്ട്രപതി ഭവനില്‍ പ്രണബ് ദാദയെ നേരില്‍ കാണാന്‍ സന്ദര്‍ഭം ലഭിച്ചു. മീഡിയവണ്ണിനെ ചുരുക്കത്തില്‍ പരിചയപ്പെടുത്തിയശേഷം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ 'നോക്കട്ടെ' എന്നായിരുന്നു പ്രതികരണം. കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴാണ്, ചാനല്‍ ആസ്ഥാനത്തിന്റെ ജോലി മുഴുമിച്ചിട്ടില്ലെന്നും ജനുവരിയിലേക്കത് സുസജ്ജമാകില്ലെന്നും ബോധ്യപ്പെട്ടത്. രാഷ്ട്രപതി ഭവനുമായി പിന്നെ ബന്ധപ്പെട്ടേയില്ല. പകരം 2013 ഫെബ്രുവരി 10ന് കോഴിക്കോട് സ്വപ്‌നനഗരിയില്‍ ഉദ്ഘാടന ചടങ്ങ് ഗംഭീരമായി നടത്താനും ഉദ്ഘാടകനായി പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ക്ഷണിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രഗത്ഭരുടെ ഒരു വന്‍നിര തന്നെ സംബന്ധിച്ച ഉദ്ഘാടന ചടങ്ങ് വന്‍ ജനാവലിയുടെ സാന്നിധ്യം കൊണ്ട് ചാനലുകളുടെ ചരിത്രത്തില്‍ ഒരവിസ്മരണീയ അധ്യായമായി. രാത്രി ഒമ്പത് മണിയിലെ സ്‌പെഷല്‍ എഡിഷനോടെയായിരുന്നു തുടക്കം. വാര്‍ത്തകളും വിനോദ പരിപാടികളും സമാസമം കോര്‍ത്തിണക്കിയ ഇന്‍ഫോ ടൈന്‍മന്റ് ചാനല്‍ എന്ന പുതിയ പരീക്ഷണം പ്രേക്ഷകരില്‍ സ്വീകാര്യത നേടാന്‍ പ്രയാസമുണ്ടായില്ല. പതിനാലാം രാവ് എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, ഖയാല്‍, പച്ചമുളക്, കുട്ടികള്‍ക്കു വേണ്ടിയുള്ള തുള്ളി, എം 80 മൂസ തുടങ്ങിയ പരിപാടികള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ ഒന്നുകില്‍ വാര്‍ത്താ ചാനല്‍, അല്ലെങ്കില്‍ എന്റര്‍ടൈന്‍മെന്റ് ചാനല്‍ എന്നല്ലാതെ രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം മുന്നോട്ടു കൊണ്ടുപോവാന്‍ പലതരം പ്രയാസങ്ങള്‍ നേരിട്ടു. വിശിഷ്യാ, ശ്രദ്ധേയമായ സംഭവങ്ങളുണ്ടാവുേമ്പാള്‍ ന്യൂസ് ചാനലുകളുെട കാമറ വിടാതെ പിന്തുടരുന്നു. അന്നേരം മീഡിയവണ്ണിലേക്ക് തിരിച്ചാല്‍ പച്ചമുളകോ എം 80 മൂസയോ ആയിരിക്കും! മുന്‍കൂട്ടി ബുക്ക് ചെയ്ത പരസ്യങ്ങള്‍ കിറുകൃത്യമായി യഥാസമയം സംപ്രേഷണം ചെയ്യുകയും വേണം. ഈയവസ്ഥ ഏറെക്കാലം തുടരാനാവില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് മീഡിയവണ്‍ ലൈഫ് എന്ന പേരില്‍ പുതിയൊരു ചാനലിന് അപേക്ഷ സമര്‍പ്പിച്ചത്. അതിന്റെ നടത്തിപ്പ് അപ്രായോഗികവും നഷ്ടക്കച്ചവടവുമാണെന്ന് ബോധ്യപ്പെടാന്‍ അധികനാള്‍ വേണ്ടിവന്നില്ല. മറുവശത്ത്, മീഡിയവണ്ണിന്റെ പരസ്യവരുമാനം കൂടിക്കൊണ്ടേ വന്നുവെങ്കിലും അതിനെ കടത്തിവെട്ടുന്നതായിരുന്നു ചെലവുകള്‍. പ്രതിസന്ധി തരണം ചെയ്യാന്‍ 50:50 ഫോര്‍മുല അവസാനിപ്പിച്ചു. പ്രോഗ്രാം ഭാഗം പൂര്‍ണമായി നിര്‍ത്തലാക്കാനും മുഴുസമയം വാര്‍ത്താ ചാനലാക്കി മാറ്റാനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. 2017 മുതല്‍ തീരുമാനം നടപ്പിലായി.

ഏഷ്യാനെറ്റ് വാര്‍ത്താ ചാനലില്‍ ദീര്‍ഘമായ പ്രവൃത്തിപരിചയമുള്ള സി.എല്‍. തോമസ് ചീഫ് എഡിറ്ററായ ഒരു എഡിറ്റോറിയല്‍ സമിതിയാണ് മീഡിയവണ്ണിന്റെ വാര്‍ത്താ വിഭാഗം കൈയാളുന്നത്. സി. ദാവൂദാണ് മാനേജിംഗ് എഡിറ്റര്‍. മീഡിയവണ്‍-മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ എന്ന തസ്തികയിലാണ് തുടക്കം മുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഒരേ സ്വഭാവമുള്ള രണ്ടു സ്ഥാപനങ്ങളുടെയും ഏകോപനവും സഹകരണവും ഉറപ്പുവരുത്തുകയാണ് മുഖ്യമായും എന്റെ ചുമതല. ദിനേന രാവിലെ 12 മണിക്ക് ചേരുന്ന എഡിറ്റോറിയല്‍ മീറ്റിംഗില്‍ പരിപാടികളുടെ പൊതുവായ അവലോകനം നടക്കുന്നതോടൊപ്പം രാത്രിയില്‍ വാര്‍ത്താധിഷ്ഠിത സ്‌പെഷല്‍ എഡിഷന്റെ വിഷയനിര്‍ണയവും സംവാദത്തില്‍ പങ്കെടുപ്പിക്കേണ്ടവരെ കുറിച്ച ധാരണയും രൂപപ്പെടുത്തുന്നു. 2017-ലും 2018-ലും വയനാട് വൈത്തിരി വില്ലേജില്‍ ചേര്‍ന്ന ഡെസ്‌ക്-ബ്യൂറോ ചുമതലക്കാരുടെയും മാനേജ്‌മെന്റിന്റെയും വര്‍ക്ക്‌ഷോപ്പ് പരിപാടികളുടെ വിശദമായ പുനഃപരിശോധനയും മാറ്റങ്ങളെക്കുറിച്ച ആസൂത്രണവും നടന്നു. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ആക്ഷന്‍ പ്ലാനും തയാറാക്കി. തദ്ഫലമായി വേറിട്ടുനില്‍ക്കുന്ന ഒരു വാര്‍ത്താചാനലായി മീഡിയവണ്‍ സ്വീകാര്യത നേടി. 

ഏതാണ്ടെല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും വക്താക്കളും നേതാക്കളും ആനുകാലിക സംഭവങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ പെങ്കടുക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികള്‍ പരിപാടികള്‍ താല്‍പര്യപൂര്‍വം ശ്രദ്ധിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യുന്ന ചാനലുകളുടെ മുന്‍നിരയില്‍ മീഡിയവണ്‍ ഉണ്ട്. സ്വതന്ത്രവും ചടുലവുമായ ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗ്, പക്ഷപാതരഹിതമായ വാര്‍ത്താ സംപ്രേഷണം, നിപ വൈറസ് പോലുള്ള മാരക വ്യാധികള്‍ ജനങ്ങളെ വിഹ്വലരാക്കിയപ്പോള്‍ അവരെ ബോധവല്‍ക്കരിക്കാനും ജാഗരൂകമാക്കാനും, എന്നാല്‍ സംയമനം പാലിപ്പിക്കാനും നടത്തിയ ഇടപെടലുകള്‍ എന്നിവയിലൂടെ സമൂഹശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി, ഒപ്പം ഫാഷിസ്റ്റ് അതിക്രമങ്ങള്‍ നിര്‍ഭയം തുറന്നുകാട്ടുന്ന വാര്‍ത്തകളും അവലോകനങ്ങളും. ഇതൊന്നും മറ്റൊരു ചാനലിനും അവകാശപ്പെടാനാവില്ല. ട്രൂത്ത് ഇന്‍സൈഡ്, വേള്‍ഡ് വിത്ത് അസ്, വീക്കെന്റ് അറേബ്യ, മീഡിയ സ്‌കാന്‍, പോളിട്രിക്‌സ്, ന്യൂസ് തിയേറ്റര്‍ മുതലായ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ പ്രബുദ്ധ സമൂഹം താല്‍പര്യപൂര്‍വം ശ്രദ്ധിക്കുന്നുവെന്ന് ബാര്‍ക് റേറ്റിംഗ് വെളിപ്പെടുത്തുന്നു. ഇതിന്റെയൊക്കെ ഫലമായി ഗള്‍ഫ് തിരിച്ചടിയും ഡിമോണിറ്റൈസേഷനും ജി.എസ്.ടിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മീഡിയവണ്ണിന്റെ അതിജീവനശേഷി പ്രതീക്ഷയുളവാക്കുന്നതാണ്. മലയാളികളുടെ '0' വട്ടത്തില്‍ വാര്‍ത്താചനലുകളുെട ആധിക്യം ചോദ്യംചെയ്യപ്പെടാവുന്ന സാഹചര്യത്തിലും മീഡിയവണ്ണിന്റെ പ്രസക്തി അംഗീകരിക്കപ്പെടുന്നുണ്ട്. വ്യക്തിപരമായി, മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ചാരിതാര്‍ഥ്യത്തിനും സംതൃപ്തിക്കും വക നല്‍കുന്നതാണ്.

എന്നാല്‍, ഈ രണ്ടു മാധ്യമങ്ങളെയും എവ്വിധവും ഒറ്റപ്പെടുത്തണമെന്നും തകര്‍ക്കണമെന്നും പ്രതിജ്ഞയെടുത്ത ചിലരും സമൂഹത്തിലുണ്ടെന്ന സത്യം അവഗണിക്കാവുന്നതോ മറച്ചുവെക്കാവതോ അല്ല. അവരില്‍ ഒരു വിഭാഗം അള്‍ട്രാ സെക്യുലറിസ്റ്റുകളാണെങ്കില്‍ മറ്റേ വിഭാഗം തീവ്ര വലതുപക്ഷക്കാരാണ്. ഇരു വിഭാഗത്തിന്റെയും എതിര്‍പ്പ് മാധ്യമത്തോടോ മീഡിയ വണ്ണിനോടോ എന്നതിലുപരി രണ്ടിന്റെയും പശ്ചാത്തല പ്രസ്ഥാനത്തോടാണ്. പൊതുസമൂഹത്തെ അഡ്രസ് ചെയ്യുകയും തദ്വാര സ്വീകാര്യത നേടുകയും ചെയ്യുന്നതുവഴി പ്രസ്ഥാനമാണ് ശക്തിപ്രാപിക്കുന്നത് എന്നവര്‍ കണക്കുകൂട്ടുന്നു. മതമൗലിക തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമം എന്നാണവര്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി ആവര്‍ത്തിക്കുന്നത്. ഇന്നേവരെ മാധ്യമം അതിനു മറുപടി പറയാന്‍ സമയം കളഞ്ഞിട്ടില്ല. പി.കെ. ബാലകൃഷ്ണന്‍, സി. രാധാകൃഷ്ണന്‍, കെ.പി. രാമനുണ്ണി തുടങ്ങിയ എണ്ണപ്പെട്ട സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ പത്രത്തിന്റെ തലപ്പത്തു വരുന്നതും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരിലും മാധ്യമ പ്രവര്‍ത്തകരിലും രാഷ്ട്രീയ നേതാക്കളിലും ഒരുമാതിരി അറിയപ്പെടുന്നവരൊക്കെ മാധ്യമത്തിലെഴുതുന്നതും കോളങ്ങള്‍ ചെയ്യുന്നതും പ്രതിയോഗികളെ തെല്ലൊന്നുമല്ല രോഷാകുലരാക്കുന്നത്. ജന്മഭൂമിയിലും കേസരിയിലും എഴുതാത്ത നിങ്ങള്‍ എന്തുകൊണ്ട് മാധ്യമത്തിലെഴുതുന്നു എന്ന സെക്യുലര്‍ ചാവേറുകളുടെ ചോദ്യം സാംസ്‌കാരിക നായകര്‍ എന്നും അവഗണിക്കുകയേ ചെയ്തിട്ടുള്ളൂ. ജനം ടി.വിയെയും മീഡിയവണ്ണിനെയും സമീകരിക്കാനുള്ള അവരുടെ ശ്രമവും തീര്‍ത്തും വിഫലമായാണ് കലാശിക്കുന്നത്. എന്നെത്തേടി എത്തിയ ഡോ. അംബേദ്കര്‍ എസ്.ടി/എസ്.സി കോണ്‍ഫെഡറേഷന്റെ 2014-ലെ നാഷനല്‍ എക്‌സലന്‍സി അവാര്‍ഡ്, 2015-ലെ മേരി വിജയം തൃശൂര്‍ അവാര്‍ഡ്, മികച്ച മുഖപ്രസംഗത്തിനുള്ള സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് എന്നിവയൊന്നും മുസ്‌ലിം പശ്ചാത്തലമുള്ളവയല്ലെന്നത് മാധ്യമത്തിന് സാമുദായിക ഛായ നല്‍കുന്നവരുടെ നാവടപ്പിക്കേണ്ടതാണ്.

വാര്‍ത്ത മാധ്യമ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള സാേങ്കതിക മാറ്റങ്ങളും സോഷ്യല്‍ മീഡിയയുടെ പ്രചുരപ്രചാരവും കഴുത്തറപ്പന്‍ മത്സരവും ചേര്‍ന്ന് അച്ചടി മാധ്യമങ്ങള്‍ക്കു നേരെ ഉയര്‍ത്തുന്ന ഭീഷണിയും വെല്ലുവിളിയും ഈയവസരത്തില്‍ പരാമര്‍ശിക്കാതെ വയ്യ. ജി.സി.സി രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ നേരിടുന്ന തിരിച്ചടികൂടി ഇതോടു ചേര്‍ത്തുവായിക്കണം. ദൈവാനുഗ്രഹവും നെഞ്ചോടു ചേര്‍ത്ത വായനക്കാരുടെയും പ്രേക്ഷകരുടെയും  സഹകരണവും നല്‍കുന്ന ശക്തിയാണ് അതിജീവനത്തെക്കുറിച്ച പ്രതീക്ഷ നല്‍കുന്നത്. അതേസമയം, യോഗ്യതയും പ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതിലുണ്ടായ ബലഹീനത ഭാവിയെക്കുറിച്ച് ആശങ്കകള്‍ക്കിട നല്‍കുന്നുണ്ട് എന്നതും മറച്ചുവെക്കേണ്ടതില്ലാത്ത യാഥാര്‍ഥ്യമാണ്. ആദ്യം തുടങ്ങിയ മാധ്യമം ജേണലിസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടും പിന്നെയാരംഭിച്ച എം.ബി.എല്‍ സ്‌കൂളും ഏകീകരിച്ച് അച്ചടി- വിഷ്വല്‍ മീഡിയാ പരിശീലന പരിപാടിയിലൂടെ കുറേ യുവതീ യുവാക്കളെ മീഡിയാ രംഗത്തിറക്കാന്‍ സാധിച്ചത് പ്രത്യാശാജനകമാണ്. അതേസമയം, സമര്‍ഥരായ പത്രപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കുമുള്ള പിടിവലി ചാനല്‍രംഗത്ത് പ്രതിസന്ധിയുളവാക്കുന്നുണ്ട് എന്ന സത്യം മറച്ചുവെക്കാനാവില്ല. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍