Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

മലേഷ്യയില്‍ ഇസ്രയേല്‍ പടിക്കു പുറത്ത്

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

2019 ലോക പാരാ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രയേല്‍ കായിക താരങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് മലേഷ്യ. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതാ മത്സരം ജൂലൈ 29 മുതല്‍ ആഗസ്റ്റ് 4 വരെ മലേഷ്യയില്‍ നടക്കാനിരിക്കെയാണ് ഈ തീരുമാനം. ഇസ്രയേല്‍ ടീമിനെ രാജ്യത്ത് പ്രവേശിക്കാനനുവദിച്ചാല്‍ അത് ഫലസ്ത്വീനികളോടുള്ള അപരാധമാകുമെന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറഞ്ഞത്. ഫലസ്ത്വീന്‍ സ്വാതന്ത്ര്യപോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കുന്ന  മലേഷ്യ ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിക്കുകയോ അവരുമായി നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുകയോ ചെയ്യാത്തതിനാല്‍ ഇസ്രയേല്‍ താരങ്ങള്‍ക്ക് വിസ നല്‍കുന്നത് നിയമലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്റര്‍നാഷ്‌നല്‍ പാരാ ഒളിമ്പിക് കമ്മിറ്റിയുടെയും ഇസ്രയേല്‍ ഒളിമ്പിക് കമ്മിറ്റിയുടെയും ശക്തമായ സമ്മര്‍ദം മലേഷ്യ വകവെക്കുന്നില്ല. 'മലേഷ്യയെ ആതിഥേയ പദവിയില്‍നിന്ന് മാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെയാവാം. എന്നാലും തീരുമാനം മാറ്റുകയില്ലെ'ന്ന് മഹാതീര്‍ ഉറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹമാസ് പ്രവര്‍ത്തകനും അക്കാദമീഷ്യനുമായ ഫാദി മുഹമ്മദ് അല്‍ ബത്വ്ശിനെ മൊസാദ് മലേഷ്യയില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഈയൊരു പശ്ചാത്തലവും ഈ തീരുമാനത്തിന്റെ പിറകിലുണ്ടെന്നാണ് മലേഷ്യയിലെ ഫലസ്ത്വീനിയന്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് മുസ്ലിം ഇംറാന്റെ അഭിപ്രായം. ഈ ക്രൂരതയിലൂടെ ഇസ്രയേല്‍ മലേഷ്യയുടെ ദേശീയ സുരക്ഷയെ വിലകുറച്ചു കാണുകയാണുണ്ടായത്.  ഇസ്രയേല്‍ അധിനിവേശത്തെ മലേഷ്യ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇസ്രയേല്‍ വര്‍ണവെറിയന്‍ നയങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതുപോലുള്ള സമ്മര്‍ദങ്ങള്‍ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം അറബ് ന്യൂസിനോട് പറഞ്ഞു.  

 

 

 

ഇസ്രയേലിന് നഷ്ടപരിഹാരം വേണമെന്ന്

പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് ഇസ്രയേല്‍ 350 ബില്യന്‍  ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.  ഇസ്രയേല്‍ ഉണ്ടായതിനു ശേഷം അള്‍ജീരിയ, ലബനാന്‍, ലിബിയ, തുനീഷ്യ, മൊറോക്കോ, ഇറാഖ്, സിറിയ, ഈജിപ്ത്, യമന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്ന് ഇസ്രയേലിലേക്ക് പോയ ജൂതപൗരന്മാരുടെ വസ്തുവകകളുടെ നഷ്ടപരിഹാരമാണത്രെ ഈ തുക! ആദ്യപടി എന്ന നിലയില്‍ തുനീഷ്യയില്‍നിന്ന് 35 ബില്യന്‍ ഡോളറും ലിബിയയില്‍നിന്ന് 15 ബില്യന്‍ ഡോളറും ആവശ്യപ്പെടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്രയേല്‍  വാര്‍ത്താ ചാനല്‍ ഹദാഷോത് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂതര്‍ക്കെതിരെയുള്ള അനീതി തിരുത്താനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള ശ്രമമാണിതെന്നാണ്  ഇസ്രയേല്‍ മന്ത്രി ഗില ഗാംലിയേല്‍ പറയുന്നത്. ജൂത സംഘടനകളുടെ അന്താരാഷ്ട്ര വേദികളിലൊന്നായ 'ജസ്റ്റിസ് ഫോര്‍ ജ്യുസ് ഫ്രം അറബ് കണ്‍ട്രീസ്' (ജെ.ജെ.എ.സി) എന്ന ഗ്രൂപ്പാണ് ഈ രാഷ്ട്രീയ നീക്കത്തിനു പിന്നില്‍.

ഇസ്രയേല്‍ അധിനിവേശത്തോടെ എല്ലാം നഷ്ടപ്പെട്ട ഫലസ്ത്വീന്‍ ജനതയുടെ അവകാശപോരാട്ടങ്ങള്‍ക്ക് തുരങ്കം വെക്കാനുള്ള നീക്കമാണിതെന്ന് ഫലസ്ത്വീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന  'ദ ഫലസ്ത്വീനിയന്‍ റിട്ടേണ്‍ സെന്ററി'ന്റെ ജനറല്‍ ഡയറക്ടര്‍ താരിഖ് ഹമൂദ് പറയുന്നു. ചരിത്രപരമായും ശുദ്ധ വ്യാജമാണ് ഈ അവകാശവാദം. ഇസ്രയേല്‍ സ്ഥാപനത്തിനു മുമ്പേ തന്നെ ശ്ലിഷിം എന്നറിയപ്പെട്ട സയണിസ്റ്റ് ദൂതന്മാര്‍ ലിബിയയിലെത്തി പ്രാദേശിക ജൂതരെ ഫലസ്ത്വീനിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. 1875-ലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് ലബനാനില്‍നിന്ന് ജൂതര്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയത്. അതിനു മുമ്പു വരെയും സമാധാനാന്തരീക്ഷം അവിടെ നിലനിന്നിരുന്നു. യഥാര്‍ഥത്തില്‍ ഇസ്രയേലാണ് വംശീയ ഉന്മൂലനം നടത്തുന്നത്. അത് അംഗീകരിക്കാന്‍ അവര്‍ തയാറാവണമെന്ന് താരിഖ് ഹമൂദ് ആവശ്യപ്പെടുന്നു. 

 

 

 

മുല്ലപ്പൂ വിപ്ലവത്തിന് എട്ടാണ്ട്

അറബ് വസന്തത്തിന് എട്ടു വയസ്സ്. 2011 ജനുവരി 14-ന്  തുനീഷ്യന്‍ ജനതയുടെ ശക്തമായ പ്രക്ഷോഭത്തിനു മുന്നില്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്ക് അധികാരം വിട്ടൊഴിയേണ്ടിവന്നു. മറ്റു പശ്ചിമേഷ്യന്‍ നാടുകളിലും പ്രക്ഷോഭങ്ങള്‍ അരങ്ങേറി. മുല്ലപ്പൂ വിപ്ലവം എന്നാണ് തുനീഷ്യന്‍ വിപ്ലവത്തെ ദേശവാസികള്‍ വിളിക്കുന്നത്. 2010 ഡിസംബര്‍ 17-ന് വഴിയോരകച്ചവടക്കാരനായ മുഹമ്മദ് ബൂ അസീസി   പോലീസില്‍നിന്നേറ്റ അപമാനവും അവഗണനയും കാരണം തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് തുനീഷ്യന്‍ വിപ്ലവത്തിന് നിമിത്തമായത്. ഭരണരംഗത്തെ അഴിമതി, സാമൂഹിക അസമത്വങ്ങള്‍, തൊഴിലില്ലായ്മ, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ തുടങ്ങിയവക്കെതിരെയുള്ള തുനീഷ്യന്‍ ജനതയുടെ പ്രതിഷേധം 23 വര്‍ഷം ഉരുക്കുമുഷ്ടികൊ് അധികാരം കൈയാളിയ സൈനുല്‍ ആബിദീന്റെ പതനത്തില്‍ അവസാനിച്ചു. സമീപ ചരിത്രത്തിലാദ്യമായാണ് ഒരു അറബ് ഏകാധിപതിക്ക് ജനതയുടെ സമ്മര്‍ദം മൂലം സ്ഥാനം ഒഴിയേണ്ടിവന്നത്. തുനീഷ്യന്‍ പ്രക്ഷോഭത്തില്‍ 300 പേര്‍ മരിക്കുകയും നിരവധിയാളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. 

മുല്ലപ്പൂ വിപ്ലവം തുനീഷ്യയില്‍ ബഹുകക്ഷി ജനാധിപത്യക്രമത്തിന് വഴിയൊരുക്കി. രാഷ്ട്രീയതടവുകാര്‍ മോചിപ്പിക്കപ്പെടുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയുള്ള നിരോധം നീക്കുകയും ചെയ്തു. 22 വര്‍ഷം ബ്രിട്ടനില്‍ അഭയാര്‍ഥിയായി കഴിഞ്ഞ അന്നഹ്ദ പാര്‍ട്ടിയുടെ സ്ഥാപകന്‍ റാശിദുല്‍ ഗന്നൂശി തനീഷ്യയിലേക്ക് തിരിച്ചുവന്നത് ഈ സാഹചര്യത്തിലാണ്. ബിന്‍ അലിയുടെ പതനത്തിനു ശേഷം മൂന്നു ഇടക്കാല ഗവണ്‍മെന്റുകള്‍ ഉണ്ടായി. 2011-ല്‍ തെരഞ്ഞെടുപ്പില്‍ അന്നഹ്ദ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ഹമാദി ജബാലി പ്രധാനമന്ത്രിയായി. സഖ്യകക്ഷി നേതാക്കളിലൊരാളായ മുന്‍സിഫ് മര്‍സൂഖി പ്രസിഡന്റായും നിയോഗിക്കപ്പെട്ടു. 2014-ല്‍ തുനീഷ്യയില്‍ പുതിയ ഭരണഘടന നിലവില്‍വന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 2012-ല്‍ സ്ഥാപിതമായ സെക്യൂലരിസ്റ്റ് പാര്‍ട്ടി നിദാ തൂനിസ് 30 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. നവംബറില്‍ നടന്ന  പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നിദാഅ് തൂനിസിന്റെ നേതാവ്  മുഹമ്മദ് ബാജി സബ്‌സി വിജയിക്കുകയും ചെയ്തു. തുനീഷ്യയില്‍ ഇപ്പോള്‍ താരതമ്യേന രാഷ്ട്രീയ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ട്. തൊഴിലില്ലായ്മയും മറ്റു സാമൂഹികാസമത്വങ്ങളും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മുഹമ്മദ് ബാജി സബ്‌സിയുടെ നയങ്ങളും സൈനുല്‍ ആബിദീനിന്റെ കാലത്തെ പല ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ വേന്നെുവെച്ചതും പുതിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിട്ടുണ്ട്. 

 

 

 

കുര്‍ദ് പ്രശ്‌നത്തില്‍ ഉടക്കി യു.എസ്-തുര്‍ക്കി ബന്ധം

അമേരിക്ക സിറിയയില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും തുര്‍ക്കിയുമായി ഇടയുന്നതാണ് പുതിയ വാര്‍ത്ത. ദേശീയ-പ്രാദേശിക സുരക്ഷക്കു വിഘാതമെന്ന് തുര്‍ക്കി കരുതുന്ന പി.കെ.കെയുടെ സിറിയന്‍ ബ്രാഞ്ചായ വൈ.പി.ജി എന്ന കുര്‍ദ് സംഘടനയോടുള്ള യു.എസിന്റെ അനുഭാവ നിലപാട് രംഗം കൂടുതല്‍ വഷളാക്കും. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലും തുര്‍ക്കിയുടെ കുര്‍ദുകളോടുള്ള നിലപാട് വ്യക്തമാക്കിയിട്ടു്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടന്റെയും  സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെയും തദ്‌വിഷയകമായ പ്രസ്താവനകളാണ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്. ഇതിനിടയില്‍ ട്രംപ്, സിറിയയിലെ കുര്‍ദുകള്‍ക്കെതിരെ തിരിഞ്ഞാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഒപ്പംതന്നെ കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സി(SDF)നോട് തുര്‍ക്കിയെ  പ്രകോപിപ്പിക്കരുതെന്നും ഉപദേശിച്ചു. 

എന്നാല്‍ ഉര്‍ദുഗാന്‍ ട്രംപുമായി സംസാരിക്കുകയും തുര്‍ക്കിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തത് നയതന്ത്രരംഗം തണുക്കാന്‍ കാരണമായി. ട്രംപിന്റെ ഭീഷണിയെ അതേ ഭാഷയില്‍ നേരിട്ട തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുദ് ചാവുസോഗ്ലു തുര്‍ക്കിയെ സാമ്പത്തികമായി തളര്‍ത്തിക്കളയുമെന്ന ഭീഷണി വിലപ്പോവില്ലെന്നു പറഞ്ഞു. സിറിയയില്‍ ഇറാന്റെ സൈനിക സാന്നിധ്യം ഭീഷണിയായി കാണുന്ന ഇസ്രയേലും ഈ രാഷ്ട്രീയ വടംവലിയില്‍ താല്‍പര്യം കാണിക്കുന്നതും ഗൗരവത്തോടെ കാണണം. ഇറാന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ആക്രമിക്കും എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്സ് സിറിയന്‍ വിമതര്‍ക്ക് ആയുധവിതരണം നടത്തുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷം മുതലെടുത്തുകൊണ്ട് ലാഭം കൊയ്യാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. സിറിയന്‍ ജനതക്കനുകൂലമായി ഈ രാഷ്ട്രങ്ങള്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നില്ലെങ്കില്‍ അറബ് വസന്തത്തിന്റെ എട്ടാം വാര്‍ഷികത്തിലും രാഷ്ട്രീയ അസ്ഥിരത  നിലനില്‍ക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍