Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

കേരള നവോത്ഥാനവും മുസ്‌ലിം നവോത്ഥാനവും

മുജീബ്

നവോത്ഥാനം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷ മേല്‍ക്കോയ്മയിലാണ് നവോത്ഥാനം സാധ്യമായതെന്ന പൊതുബോധം നിലനില്‍ക്കുന്നു. മറുവശത്ത് ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമാണ് നവോത്ഥാനത്തിന് വഴിയൊരുക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍ ഇവിടെ എങ്ങനെയാണ് നവോത്ഥാനം സൃഷ്ടിക്കപ്പെട്ടത്?

നസീര്‍ പള്ളിക്കല്‍

 

നവോത്ഥാനം എന്ന പദപ്രയോഗം പ്രചരിച്ചത് മധ്യകാല യൂറോപ്പില്‍ ക്രൈസ്തവ പുരോഹിതന്മാരും രാജാക്കന്മാരും ചേര്‍ന്ന അവിശുദ്ധ കൂട്ടിനെതിരെ ക്രൈസ്തവരിലെ തന്നെ പരിഷ്‌കരണവാദികള്‍ ആരംഭിച്ച പോരാട്ടത്തോടെയാണ്. മതത്തിന്റെ പേരില്‍ പുരോഹിതന്മാര്‍ അല്‍മായരെ സാമ്പത്തികമായും വിശ്വാസപരമായും ചൂഷണം ചെയ്യുകയും രാജാക്കന്മാര്‍ അവരുടെ താല്‍പര്യത്തിനു വേണ്ടി അതിനു കൂട്ടുനില്‍ക്കുകയും ചെയ്യുകയായിരുന്നു. പാപമോചനത്തിനായി കുമ്പസാരത്തിനുമപ്പുറത്ത് 'ചെക്കുകള്‍' ഇഷ്യു ചെയ്യുന്നേടത്തോളം സ്ഥിതി വഷളായി. പണക്കാരും പ്രമാണിമാരും എന്ത് ചെയ്താലും അത് പൊറുപ്പിക്കപ്പെടുകയും സാധാരണക്കാരായ വിശ്വാസികള്‍ കൊടിയ ചൂഷണത്തിനും പീഡനത്തിനുമിരയാവുകയും ഇതിനൊക്കെയും സഭാ പിതാക്കള്‍ കൂട്ടുനില്‍ക്കുകയും ചെയ്തപ്പോഴാണ് മാര്‍ട്ടിന്‍ ലൂഥറുടെ നേതൃത്വത്തില്‍ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം അതിനെതിരെ ശക്തമായി രംഗത്തു വന്നത്. മറ്റൊരു ഭാഗത്ത് ശാസ്ത്രത്തിന്റെ വളര്‍ച്ച, പല വിശ്വാസാചാരങ്ങളും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന ബോധ്യം ജനങ്ങളില്‍ വ്യാപിക്കാന്‍ അവസരമൊരുക്കി. അതോടെ നവോത്ഥാനം വലിയ അളവില്‍ യാഥാര്‍ഥ്യമായി.

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഹിന്ദുമതത്തില്‍ വിഗ്രഹാരാധനയും വര്‍ണാശ്രമ ധര്‍മവും പുനര്‍ജന്മ വിശ്വാസവും അവതാര സങ്കല്‍പവും സ്വതേ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇത്തരം സങ്കല്‍പങ്ങള്‍ യുക്തിശൂന്യമായ വിശ്വാസാചാരങ്ങള്‍ക്ക് വഴിതുറന്നു. അചേതന വസ്തുക്കള്‍ക്ക് വിശുദ്ധി കല്‍പിക്കാന്‍ തുടങ്ങിയതോടെ അവയുടെ കാവല്‍ക്കാരും പൂജാരികളുമായ മധ്യവര്‍ത്തികള്‍ക്ക് വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള സുവര്‍ണാവസരം കൈവന്നു. ജോത്സ്യന്മാരും സന്യാസ വേഷധാരികളും പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി സാമ്പത്തിക-ലൈംഗിക ചൂഷണത്തിന് കിട്ടിയ അവസരമൊന്നും പാഴാക്കിയില്ല. ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും മുജ്ജന്മപാപകര്‍മങ്ങളുടെ ഫലമാണെന്ന വിശ്വാസം വിമോചന യത്‌നങ്ങളില്‍നിന്ന് വിശ്വാസികളെ തടഞ്ഞു; ചൂഷകര്‍ക്കത് സുവര്‍ണാവസരമൊരുക്കുകയും ചെയ്തു. വര്‍ണാശ്രമ ധര്‍മം മനുഷ്യരെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ നാലായി വിഭജിക്കുകയും ബ്രഹ്മാവിന്റെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടികളെന്ന സ്ഥാനം ബ്രാഹ്മണര്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തതോടെ കൊടിയ ചൂഷണത്തിന്റെ വിശ്വരൂപമായ ബ്രാഹ്മണ്യം ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ടു. അനേകായിരം ജാതികളും ഉപജാതികളുമടങ്ങിയ ഇന്ത്യന്‍ ജനത ഒരിക്കലും അവസാനിക്കാത്ത ജാതിസ്പര്‍ധയുടെയും തജ്ജന്യമായ തിന്മകളുടെയും പിടിയിലമര്‍ന്നു. വൈദേശികാക്രമണത്തിനും അധിനിവേശത്തിനും രാജ്യം ശരവ്യമായി. ഈ ദുരന്തത്തില്‍നിന്ന് ഹൈന്ദവ സമൂഹത്തെ രക്ഷിക്കാനാണ് സ്വാമി വിവേകാനന്ദന്‍, രാജാറാം മോഹന്‍ റോയി, ശ്രീനാരായണ ഗുരു, അയ്യങ്കാളി, സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയ പരിഷ്‌കര്‍ത്താക്കള്‍ രംഗത്തിറങ്ങിയത്. അവരുടെ പരിശ്രമഫലമായി രൂപപ്പെട്ട പരിവര്‍ത്തനത്തെയും നവോത്ഥാനത്തിന്റെ പട്ടികയിലാണ് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നത്.

ഇസ്‌ലാമിന്റെ ചരിത്രം രണ്ടില്‍നിന്നും തീര്‍ത്തും വിഭിന്നമാണ്. നാനാവിധ അന്ധവിശ്വാസാനാചാരങ്ങളില്‍ നാശോന്മുഖമായ ഒരു ജനതയെ വെളിച്ചത്തിലേക്ക് നയിച്ചതാണ് മുഹമ്മദ് നബിയുടെ മാതൃക. അദ്ദേഹത്തിന് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ എല്ലാവിധ കൈയേറ്റങ്ങളില്‍നിന്നും സുരക്ഷിതമായി അന്നും ഇന്നും എന്നും അവശേഷിക്കുന്നു. അതുള്‍ക്കൊള്ളുന്ന നവോത്ഥാന മൂല്യങ്ങള്‍ എക്കാലത്തും അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മനുഷ്യസമൂഹത്തെ രക്ഷിക്കാന്‍ പര്യാപ്തവുമാണ്. പക്ഷേ, ഇസ്‌ലാമിലേക്ക് കടന്നുവന്ന ഇതര മതസ്ഥര്‍ മുന്‍വിശ്വാസാചാരങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തരാവാത്തതും, പിന്‍വാതിലിലൂടെ ഇസ്‌ലാമിലേക്ക് കടത്തപ്പെട്ട പൗരോഹിത്യവും സാഹചര്യങ്ങളുടെ സ്വാധീനവുമെല്ലാം കൂടിച്ചേര്‍ന്ന് സമൂഹത്തിലും ഒരളവോളം മൂഢ വിശ്വാസങ്ങളും അനാചാരങ്ങളും കടന്നുവരാനിടയാക്കി. പക്ഷേ, അവക്കെതിരെ വിശ്വാസികളെ ബോധവല്‍ക്കരിച്ച് നേര്‍വഴിയിലേക്ക് നയിക്കാന്‍ പരിഷ്‌കര്‍ത്താക്കള്‍ വന്നുകൊണ്ടിരുന്നു. പരിഷ്‌കര്‍ത്താക്കള്‍ ഉണ്ടാവുമെന്നത് പ്രവാചകന്റെ  പ്രവചനവുമായിരുന്നു. ബഹുദൈവത്വപരമായ വിശ്വാസ വ്യതിയാനങ്ങള്‍, സിദ്ധന്മാരോടും ത്വരീഖത്തുകളോടുമുള്ള ഭക്തി, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും പള്ളി പ്രവേശവും പാടില്ലെന്ന ഫത്‌വകള്‍, രോഗം വന്നാല്‍ ചികിത്സിക്കുന്നതിനു പകരം ഉറുക്ക്, ജപം, മന്ത്രവാദം പോലുള്ള ആചാരങ്ങളില്‍ അഭയം പ്രാപിക്കല്‍, മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ കാര്യം സാധിക്കുമെന്ന വ്യാമോഹം തുടങ്ങിയ യുക്തിശൂന്യമായ ധാരണകള്‍ക്കെതിരെ കേരളത്തില്‍ ഇസ്‌ലാമിക മൗലിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പോരാടിയവരാണ് വക്കം അബ്ദുല്‍ഖാദിര്‍ മൗലവി, സനാഉല്ലാഹ് മക്തി തങ്ങള്‍ തുടങ്ങിയ മഹാത്മാക്കള്‍. അവരെ തുടര്‍ന്ന് പരിഷ്‌കരണ പ്രസ്ഥാനങ്ങളും കേരളത്തില്‍ സജീവമായി. സ്ത്രീ വിദ്യാഭ്യാസം സാര്‍വത്രികമായി. സമുദായത്തിന്റെ അകത്തളങ്ങളില്‍ വിജ്ഞാനത്തിന്റെ വെളിച്ചം പ്രസരിച്ചു. ഇന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവശേഷിക്കുന്നുവെങ്കിലും അതിനെതിരെ ശക്തമായ ബോധവല്‍ക്കരണ ശ്രമങ്ങളും സജീവമാണ്. ഇസ്‌ലാമിക പ്രസ്ഥാനം അതില്‍ പ്രസ്താവ്യമായ പങ്കു വഹിക്കുന്നു.

ഏറ്റവുമൊടുവില്‍ സി.പി.എം ചില ജാതി സംഘടനകളെ മുന്‍നിര്‍ത്തി വന്‍ പ്രചാരണം നടത്തി സംഘടിപ്പിച്ച വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാനാണെന്ന് അവകാശപ്പെട്ടപ്പോഴും ശബരിമലയിലെ വിവാദപരമായ സ്ത്രീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ നടത്തപ്പെട്ടതാണ് അത്. 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രസന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നീക്കം സംഘ്പരിവാറും തന്ത്രിമാരും പന്തളം കൊട്ടാരവും ചേര്‍ന്നു തടഞ്ഞപ്പോള്‍ അതിനെതിരെ സ്ത്രീകളെ തന്നെ അണിനിരത്തി നേരിടുകയായിരുന്നു സി.പി.എമ്മും സര്‍ക്കാറും. നേരത്തേ ഹിന്ദു സ്ത്രീകളെ റോഡിലിറക്കി ജപയാത്ര നടത്തിയ വലതുപക്ഷ യാഥാസ്ഥിതികത്വത്തിനുള്ള മറുപടിയായിരുന്നു യഥാര്‍ഥത്തില്‍ വനിതാ മതില്‍. നവോത്ഥാനം എന്ന് പേര്‍ വിളിച്ചതല്ലാതെ ഈ മതില്‍ നിര്‍മിതിയില്‍ നവോത്ഥാനപരമെന്നവകാശപ്പെടാന്‍ കാര്യമായൊന്നുമില്ല. ഹൈന്ദവേതര സമുദായങ്ങളെ പങ്കെടുപ്പിക്കാത്തതിനാല്‍ അതിനെ വര്‍ഗീയ മതില്‍ എന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ മറ്റു മതസ്ഥരെയും അവസാനം മതിലില്‍ ചേര്‍ത്തതാണ്. നാസ്തികതയിലും ഭൗതികവാദത്തിലും നിലയുറപ്പിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മതവിശ്വാസാചാരങ്ങളെ മുറുകെ പിടിക്കുന്ന ജനങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുക അത്യന്തം പ്രയാസകരമാണ്. ഏതു സമുദായത്തിലും വിശ്വാസാചാരങ്ങളുടെ ഗുണകരമായ മാറ്റത്തിന് ആ സമുദായത്തിന്റെ മൗലിക വിശ്വാസപ്രമാണങ്ങളെ സ്വാംശീകരിച്ച പരിഷ്‌കര്‍ത്താക്കള്‍ക്കേ സാധ്യമാവൂ. ഏഴു പതിറ്റാണ്ടിലധികം ബലപ്രയോഗത്തിലൂടെ സാമ്പ്രദായിക വിശ്വാസാനുഷ്ഠാനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച സോവിയറ്റ് യൂനിയന്റെ സമ്പൂര്‍ണ പരാജയം ഇതിന് സാക്ഷ്യം വഹിക്കുന്നു.

 

 

 

3000 കോടിയുടെ പ്രതിമ

മൂവായിരം കോടി ചെലവിട്ട് ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ കാരണമെന്താണ്?

എ.ആര്‍ ചെറിയമുണ്ടം

 

സ്വാതന്ത്ര്യസമരനായകരില്‍ പ്രമുഖനായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോണ്‍ഗ്രസുകാരനായിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഹിന്ദുത്വവാദി കൂടിയായിരുന്നു അദ്ദേഹം. പാകിസ്താന്‍ വാദത്തെ അദ്ദേഹം അനുകൂലിച്ചിരുന്നു എന്ന് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകള്‍ പ്രത്യേക രാഷ്ട്രം സ്ഥാപിച്ചു പിരിഞ്ഞുപോയാല്‍ അവശിഷ്ട ഇന്ത്യ ഹിന്ദുരാഷ്ട്രമാവും എന്ന കണക്കുകൂട്ടല്‍ പട്ടേലിനുണ്ടായിരുന്നുവെന്നതാണ് കാരണം. ഗാന്ധിവധത്തിനുശേഷം ജവഹല്‍ലാല്‍ നെഹ്‌റുവിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന്, ആഭ്യന്ത രമന്ത്രിയായിരുന്ന പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചുവെന്നത് ശരിയാണ്. പക്ഷേ, ഏറെ വൈകാതെ അദ്ദേഹം നിരോധം നീക്കി. സ്വതന്ത്ര ഇന്ത്യന്‍ പട്ടാളത്തില്‍ മുസ്‌ലിംകളെ ചേര്‍ക്കരുത് എന്നദ്ദേഹം നിര്‍ദേശിച്ചിരുന്നതായും വെളിപ്പെടുകയുണ്ടായി. ഇതുകൊണ്ടെല്ലാം സംഘ്പരിവാര്‍ അംഗീകരിക്കുന്ന ഒരേയൊരു സ്വാതന്ത്ര്യ സമരനായകന്‍ പട്ടേലാണ്. ഗുജറാത്തുകാരനായ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ 3000 കോടി രൂപ ചെലവിട്ട് സ്ഥാപിക്കാന്‍ നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ട് തീരുമാനിച്ച പശ്ചാത്തലം ഇതാണ്. പൊതുഖജനാവില്‍നിന്ന് ഇത്രയും ഭീമമായ തുകകൊണ്ട് നിര്‍മിതമായ പ്രതിമ ആരുടേതാണെങ്കിലും രാജ്യത്തിന് അതുകൊണ്ടുള്ള നേട്ടമെന്ത് എന്ന് ചോദിച്ചാല്‍ തൃപ്തികരമായ ഉത്തരം ലഭിക്കില്ലെന്നു തീര്‍ച്ച. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍