പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഏകത്വദര്‍ശനം
നേരത്തേ വിവരിച്ച ക്രൈസ്തവ വിശ്വാസ ദര്‍ശനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നമുക്കൊരു വിധിതീര്‍പ്പിലെത്തിച്ചേരാനേ നിവൃത്തിയുള്ളൂ; ആ വിശ്വാസക്രമങ്ങള്‍ യുക്തിക്ക് നിരക്കുന്നില്ല എന്നതോടൊപ്പം തന്നെ അവ യേശുവിന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധവുമാണ് എന്നതാണത്. യേശുവിന്റെ ആകാശാരോഹണത്തിനു ശേഷം വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ അനുയായികളില്‍ ഓരോരുത്തരും ഒരു ദൈവപ്രവാചകന്‍ മാത്രമായിട്ടാണ് അദ്ദേഹത്തെ കണ്ടിരുന്നത്. നാം വിവരിച്ച വിശ്വാസാചാരങ്ങളൊക്കെ പിന്നീടുണ്ടായതാണ്. അതിനര്‍ഥം ചര്‍ച്ച് എന്ന സ്ഥാപനം നിലകൊള്ളുന്നത് യേശുവിന്റെയും അദ്ദേഹത്തിനു മുമ്പുള്ള മറ്റു പ്രവാചകന്മാരുടെയും യഥാര്‍ഥ സന്ദേശത്തില്‍നിന്നും വളരെ വിദൂരത്താണെന്നാണ്.
ഒരു ദൈവത്തില്‍ വിശ്വസിക്കുകയും അവനു മാത്രം കീഴ്‌വണങ്ങുകയും ആരാധനകളര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ സന്ദേശം. മറ്റൊരു ശക്തിക്കും അതില്‍ പങ്കാളിത്തമനുവദിക്കരുത്. ദൈവത്തിനൊപ്പം പങ്കാളികളെ ചേര്‍ക്കാന്‍ തുടങ്ങിയത് പില്‍ക്കാലത്താണ്. ആദമിനുശേഷം പത്ത് നൂറ്റാണ്ടുകാലം മനുഷ്യര്‍ ഏകദൈവത്തെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ എന്നാണ് പറയപ്പെടുന്നത്. പ്രവാചകന്‍ നോഹയുടെ കാലത്തിനു തൊട്ടുമുമ്പാണ് വിഗ്രഹാരാധന വേരുപിടിച്ചു തുടങ്ങിയത്. മരണമടഞ്ഞ വിശുദ്ധാത്മാക്കളോടുള്ള അതിരുകവിഞ്ഞ ആദരവും ബഹുമാനവുമാണ് പില്‍ക്കാലക്കാര്‍ അവരുടെ വിഗ്രഹങ്ങളുണ്ടാക്കി പൂജിക്കാന്‍ നിമിത്തമായത്. അങ്ങനെ നോഹയുടെ നിയോഗമുണ്ടായി, തന്റെ ജനതയെ ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍. ഇതേ സന്ദേശവും ദൗത്യവുമായി ദൈവം പിന്നെയും പ്രവാചകന്മാരെ വിവിധ ദേശങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്നു.
പ്രവാചകന്മാര്‍ ദൈവാസ്തിക്യത്തിലേക്കോ സ്രഷ്ടാവ്, അന്നദാതാവ്, പരിപാലകന്‍ തുടങ്ങിയ നിലകളിലുള്ള അവന്റെ ഗുണവിശേഷങ്ങളിലേക്കോ ആയിരുന്നില്ല മുഖ്യമായും ജനങ്ങളെ ക്ഷണിച്ചത്. കാരണം, ബഹുദൈവാരാധകരാണെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തിലോ മേല്‍പറഞ്ഞ ഗുണവിശേഷങ്ങളിലോ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല.1 വളരെക്കുറഞ്ഞ ആളുകള്‍ മാത്രമാണ് ദൈവനിഷേധികളായി ചമഞ്ഞത്. സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ദൈവത്തെ ആരാധിച്ചിരുന്നവരുണ്ടായിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ വിളിച്ചുകേഴുക ഏകദൈവത്തെ മാത്രവുമായിരിക്കും. പക്ഷേ, സ്വസ്ഥതയുടെ സന്ദര്‍ഭങ്ങളില്‍ ഈ ആളുകള്‍ ദൈവത്തിന് മധ്യവര്‍ത്തികളെയും ഇടനിലക്കാരെയും സങ്കല്‍പിച്ചുകളയും. എല്ലാ കാലത്തെയും പ്രവാചകന്മാര്‍ വന്ന് ജനങ്ങളോട് പറഞ്ഞത്, ഇത്തരം മധ്യവര്‍ത്തികളെ ഉപേക്ഷിക്കാനും ആരാധനയും കീഴ്‌വണക്കവും ഏകദൈവത്തിനു മാത്രമാക്കാനുമാണ്. കാരണം ഏകദൈവത്വം എന്ന വിശ്വാസമാണ് സര്‍വപ്രധാനമായിട്ടുള്ളത്. ആ വിശ്വാസത്തില്‍നിന്ന് ഉത്ഭൂതമാവുന്ന കര്‍മങ്ങളേ ദൈവം സ്വീകരിക്കുകയുള്ളൂ. എല്ലാ പ്രവാചകന്മാരുടെയും പ്രബോധനം ഈ വശത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു. ''ആദ് സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?'' (ഖുര്‍ആന്‍ 7:65). വീണ്ടും (16:36): ''നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: 'നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.' അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാ ല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.'' 21:25-ല്‍ ഇങ്ങനെ കാണാം: ''ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.'' അതിനാല്‍ ഏകദൈവത്തിനു മാത്രമുള്ള കീഴ്‌വണക്കം (ഇസ്‌ലാം) ആയിരുന്നു ആദം മുതല്‍ മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത്. നോഹയുടെയും അബ്രഹാമിന്റെയും മോസസിന്റെയും യേശുവിന്റെയും മതം ഇസ്‌ലാമായിരുന്നു. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍, എല്ലാ പ്രവാചകന്മാരും സഹോദരന്മാരാണ്. അവര്‍ക്കിടയില്‍ ഒരു വിധത്തിലുള്ള വിവേചനവും കല്‍പിക്കാവതല്ല. അതത് കാലത്തെ പ്രവാചകന്മാരെ പിന്‍പറ്റുകയും ഏകദൈവത്തെ മാത്രം ആരാധിക്കുകയും അവനു മാത്രം കീഴ്‌വണങ്ങുകയും ചെയ്തവരൊക്കെയും മുസ്‌ലിംകളാണ്. സ്വര്‍ഗം അവര്‍ക്കുള്ളതാകുന്നു.
ദൈവം എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയ ശാശ്വത സന്ദേശത്തിന്റെ യഥാര്‍ഥ നില പുനഃസ്ഥാപിക്കുകയാണ് ഇസ്‌ലാം ചെയ്തത്. സത്തയില്‍ ഏകമായ ആ സന്ദേശത്തിന്റെ തുടര്‍ച്ചയാണ് ഇസ്‌ലാം. സാധാരണഗതിയില്‍ ഒരു പ്രവാചകന്‍ തന്റെ കാലത്തെ, തന്റെ ദേശത്തെ ജനങ്ങള്‍ക്കാണ് ഈ സന്ദേശം പകര്‍ന്നുനല്‍കുക. കാലം പിന്നിടുമ്പോള്‍ പല ദുര്‍വ്യാഖ്യാനങ്ങളും തെറ്റായ വിശ്വാസങ്ങളും അനാചാരങ്ങളും അതിലേക്ക് കടത്തിക്കൂട്ടും. ഇതാണ് യഥാര്‍ഥ മതത്തിന്റെ ജീര്‍ണതക്കും അന്ധവിശ്വാസങ്ങള്‍ക്കും അര്‍ഥരഹിതമായ ആചാരങ്ങള്‍ക്കും കാരണം. പറഞ്ഞുവരുന്നത്, പ്രവാചകന്‍ മുഹമ്മദിന് ദിവ്യവെളിപാടായി ലഭിച്ച ഇസ്‌ലാം, യേശുവും അദ്ദേഹത്തിനു മുമ്പുള്ള പ്രവാചകന്മാരും പ്രബോധനം ചെയ്ത ഏകദൈവ ദര്‍ശനത്തിന്റെ വീണ്ടെടുപ്പാണ് നടത്തിയിട്ടുള്ളത് എന്നാണ്. മുന്‍കാല പ്രവാചകന്മാരുടെ സന്ദേശം ഒരു പ്രത്യേക കാലത്തേക്ക്, ഒരു പ്രത്യേക ജനസമൂഹത്തിലേക്ക് വേണ്ടിയുള്ളതായിരുന്നെങ്കില്‍ ഇസ്‌ലാം അങ്ങനെയല്ല. അത് ലോകാവസാനം വരേക്കുമുള്ള മനുഷ്യരുടെ വഴികാട്ടിയാണ്.
ദൈവനിന്ദാപരമായ ബഹുത്വസങ്കല്‍പങ്ങള്‍ ഇസ്‌ലാം തള്ളിക്കളയുന്നു. ഇസ്‌ലാം പുനഃസ്ഥാപിക്കുന്നത് ശുദ്ധ ഏകദൈവത്വ ആശയമാണ്. സ്രഷ്ടാവും പരിപാലകനും അന്നദാതാവുമെല്ലാം ഒരേയൊരു ദൈവമാണ്. പ്രപഞ്ചത്തിന്റെ നിയന്ത്രണം അവനു മാത്രം. പരിപൂര്‍ണത അവനു മാത്രമേ അവകാശപ്പെടാനാവൂ. എങ്കില്‍ ആ ശക്തിയെ മാത്രമല്ലേ കീഴ്‌വണങ്ങാനും ആരാധിക്കാനും പാടുള്ളൂ? ആരാധിക്കേണ്ടതും അവന്‍ പഠിപ്പിച്ച വിധം തന്നെയാവണം. അതിനു വേണ്ടി ആചാരങ്ങള്‍ സ്വയം ചമച്ചുണ്ടാക്കാന്‍ പാടുള്ളതല്ല. പ്രാര്‍ഥനകള്‍ അവനിലേക്കു മാത്രമേ ചെല്ലാവൂ. യഥാര്‍ഥത്തില്‍, ദൈവത്തിന്റെ ഏകത്വത്തില്‍ ദൃഢബോധ്യമുണ്ടാവുക എന്നതു തന്നെയാണ് ഏറ്റവും മികച്ച നന്മ എന്ന് പറയുന്നത്. അപ്പോള്‍, അവന് പങ്കാളികളുണ്ട് എന്ന് കരുതുന്നത് ഏറ്റവും കൊടിയ പാപവും ആയിത്തീരും. ആ കൊടും പാപം മാത്രമേ ദൈവം പൊറുക്കാത്തതായി ഉള്ളൂ; മരണമെത്തും മുമ്പ് ആ വിശ്വാസം പുലര്‍ത്തുന്നവന്‍ പശ്ചാത്തപിച്ചില്ലെങ്കില്‍. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച'' (4:48). ഈ തിന്മ മനുഷ്യനെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കുകയും ശാശ്വത നരകത്തിന്റെ അടിത്തട്ടിലേക്ക് തള്ളിവിടുകയും ചെയ്യും. ''മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: ഇസ്രായേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല'' (5:72). ഏകദൈവത്തിനല്ല ആരാധനകള്‍ സമര്‍പ്പിക്കുന്നതെങ്കില്‍, മനുഷ്യന്റെ സകല പ്രവൃത്തികളും നിഷ്ഫലമാകാന്‍ അത് മതി. ''അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു''(6:88).
മനുഷ്യന്‍ ചോദിക്കേണ്ടത്, അര്‍ഥിക്കേണ്ടത് ആ ഏകദൈവത്തോടു മാത്രം. അവന് മധ്യവര്‍ത്തികളോ ഇടയാളന്മാരോ ഇല്ല. സകല സൃഷ്ടിജാലങ്ങളും അവനെ മാത്രം ആശ്രയിച്ചു നിലകൊള്ളുന്നു. മുഴുപ്രപഞ്ചത്തിന്റെയും സ്രഷ്ടാവ്, പരിപാലകന്‍, തെറ്റുകളും വീഴ്ചകളും മാപ്പാക്കുന്നവന്‍, കരുണാവാരിധി, സര്‍വശക്തന്‍, സര്‍വവ്യാപി...
ഇറ്റാലിയന്‍ ഓറിയന്റലിസ്റ്റ്് ഡോ. ലോറ വെക്‌സിയ വഗ്‌ലീരി(Laura Veccia Vaglieri)യുടെ വാക്കുകള്‍ ഇവിടെ എടുത്തെഴുതട്ടെ:2 ''ഇസ്‌ലാമിന് നന്ദി പറയുന്നു. ഇസ്‌ലാമാണ് ബഹുദൈവത്വത്തിന്റെ ബഹുവിധ രൂപങ്ങള്‍ പരാജയപ്പെടാന്‍ നിമിത്തമായത്. പ്രപഞ്ചവീക്ഷണം, മതാനുഷ്ഠാനങ്ങളുടെ ആചരണം, സാമൂഹിക സമ്പ്രദായങ്ങള്‍ ഇവയെയെല്ലാം വലയം ചെയ്തിരുന്ന ദുഷ്ടതകളെ തള്ളിമാറ്റി ഇസ്‌ലാമാണ് മനുഷ്യമനസ്സുകളെ വികല ധാരണകളില്‍നിന്ന് മോചിപ്പിച്ചത്. ഒടുവില്‍ മനുഷ്യകുലം അതിന്റെ അന്തസ്സ് വീണ്ടെടുത്തു, സ്രഷ്ടാവും രക്ഷിതാവുമായ ദൈവത്തിനു മുന്നില്‍ വിനയാന്വിതനാവാന്‍ പഠിച്ചു.'' ഗ്രന്ഥകാരി തുടരുന്നു: ''മനുഷ്യാത്മാവ് സകല മുന്‍വിധികളില്‍നിന്നും മോചിതമായി. മറ്റു മനുഷ്യരിലേക്കോ നിഗൂഢ ശക്തികളെന്ന് പറയപ്പെടുന്നവയിലേക്കോ മനുഷ്യനെ ചേര്‍ത്തു കെട്ടിയിരുന്ന സകല ബന്ധനങ്ങളും തകര്‍ക്കപ്പെട്ടു. പുരോഹിതന്മാര്‍, നിഗൂഢതകളുടെ വ്യാജ തമ്പുരാക്കന്മാര്‍, മോക്ഷത്തിന്റെ ഇടനിലക്കാര്‍, ദൈവത്തിനും മനുഷ്യനുമിടയില്‍ ഇടയാളന്മാരായി ചമഞ്ഞ് മറ്റു മനുഷ്യര്‍ക്ക് മേല്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് നടിച്ചവര്‍- ഇവ്വിധക്കാരെല്ലാം അവരുടെ അധികാര സ്ഥാനങ്ങളില്‍നിന്ന് താഴെ വീണു. മനുഷ്യന്‍ സര്‍വലോക രക്ഷിതാവായ ദൈവത്തിന്റെ മാത്രം ദാസന്‍. മറ്റേതൊരാളുമായും ഏതൊരു മനുഷ്യനുമുള്ളത് സ്വതന്ത്ര വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളും കടപ്പാടുകളും മാത്രം. സാമൂഹിക ഭിന്നതകളുടെ പേരില്‍ കഷ്ടതകള്‍ അനുഭവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇസ്‌ലാം നല്‍കിയത്, എല്ലാവരും തുല്യരാണെന്ന സന്ദേശം. ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമില്‍നിന്ന് തന്റെ ജനനം കൊണ്ടോ വ്യക്തിത്വവുമായി ബന്ധമില്ലാത്ത മറ്റേതെങ്കിലും ഘടകങ്ങള്‍ കൊണ്ടോ വ്യത്യസ്തനാവുകയില്ല. ദൈവഭയം, സല്‍പ്രവൃത്തികള്‍, ധാര്‍മിക നിലപാടുകള്‍, ബൗദ്ധിക കഴിവുകള്‍ ഇതൊക്കെ മാത്രമേ ഒരാളുടെ മേന്മക്ക് നിദാനമായി കണക്കാക്കപ്പെടുകയുള്ളൂ.'' ഗ്രന്ഥത്തിന്റെ മറ്റൊരു ഭാഗത്ത് അവര്‍ ഇങ്ങനെ കുറിക്കുന്നു: ''ആയതിനാല്‍ ആയുധങ്ങളുടെ ഹിംസ കൊണ്ടോ മതപ്രചാരകരുടെ സമ്മര്‍ദങ്ങള്‍ കൊണ്ടോ ആണ് ഇസ്‌ലാം വളരെ വേഗം വ്യാപകമായി പ്രചാരം നേടിയത് എന്ന് ആരും ധരിക്കേണ്ടതില്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് മുസ്‌ലിംകള്‍ സമ്മാനിച്ച ഈ ഗ്രന്ഥമുണ്ടല്ലോ അതാണ് എല്ലാറ്റിനും പിന്നില്‍. അത് ദൈവത്തിന്റെ വചനമാണ്, സത്യത്തിന്റെ വചനമാണ്. ആ ഗ്രന്ഥം സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. സംശയാലുക്കള്‍ക്കും ഒന്നും മാറ്റാതെ ഉറച്ചുനില്‍ക്കുന്നവര്‍ക്കും മുന്നില്‍ മുഹമ്മദ് അവതരിപ്പിച്ച ഏറ്റവും വലിയ അത്ഭുതമാണ് ഈ ഗ്രന്ഥം... ഈ സന്ദേശത്തിന്റെ ഏറ്റവും വലിയ സവിശേഷത സ്ഫടികം പോലുള്ള അതിന്റെ തെളിമയും സുതാര്യതയും ലാളിത്യവും അത്ഭുതകരമായ അനായാസതയുമാണ്. ദീര്‍ഘദീര്‍ഘങ്ങളായ വിശദീകരണങ്ങളോ ഉപദേശപ്രസംഗങ്ങളോ ഒന്നും ഇല്ലാതെ തന്നെ ഇസ്‌ലാം മനുഷ്യഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും.''
മുന്‍നിര ചരിത്രകാരന്‍ ആര്‍ണോള്‍ഡ് ടി. ടോയന്‍ബിയുടെ നിരീക്ഷണം കാണുക: ''ഇസ്‌ലാമിന്റെ സമത്വ, സാഹോദര്യ ആശയങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ ലോകത്തെ ക്ഷണിക്കുകയാണ്. ഇസ്‌ലാം കൊണ്ടുവന്ന ദൈവത്തിന്റെ ഏകത്വം എന്ന ദര്‍ശനം, എങ്ങനെ ലോകത്തെ ഏകീകരിക്കാമെന്നതിന്റെ ഏറ്റവും വിസ്മയകരമായ ഉദാഹരണമാണ്. ഇസ്‌ലാമിന്റെ നൈരന്തര്യം മുഴുലോകത്തിനും പ്രതീക്ഷ നല്‍കുന്നു.''3
(തുടരും)
കുറിപ്പുകള്‍
1. നിരീശ്വരവാദം യൂറോപ്പില്‍ വലിയ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയത് പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലാണ്. 'ദൈവത്തിന്റെ പേരില്‍' ചര്‍ച്ച് ജനങ്ങളെ അടിമകളാക്കാനും നിന്ദിക്കാനും പീഡിപ്പിക്കാനും തുടങ്ങിയതിന്റെ ഫലമായിട്ടായിരുന്നു ഇത്. എന്നു മാത്രമല്ല മനുഷ്യന്റെ യുക്തിചിന്തയോടും അവന്റെ ആവശ്യങ്ങളോടും ക്രിസ്ത്യാനിറ്റി പുറംതിരിഞ്ഞു നിന്നു. ശാസ്ത്രത്തിനെതിരെയും അത് കലാപത്തിനിറങ്ങി. ശാസ്ത്രജ്ഞരെ പീഡിപ്പിച്ചു. അങ്ങനെ മനുഷ്യര്‍ വിശ്വാസത്തില്‍നിന്ന് അകറ്റപ്പെട്ടു. സ്വാഭാവികമായും ഭൗതികലോകത്തോടായി അവര്‍ക്ക് പ്രതിപത്തി. യുക്തിബോധവും ആശയപ്പൊരുത്തവും നഷ്ടമായതോടെ വിശ്വാസത്തിന്റെ സൗധം തകര്‍ന്നു തുടങ്ങി. മതത്തിന് ജീവിതത്തില്‍ പങ്കൊന്നുമില്ലെന്ന നിലവന്നു.
2. Apologia dell' Islamismo എന്ന പ്രസ്തുത കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് Dr. Caselli, Interpretation of Islam എന്ന പേരില്‍. പേജ് 33,34.
3. Civilization on Trial , Oxford University Press, 1948
Comments