Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

ഭരണഘടനയുടെ അന്തസ്സത്ത മറക്കുന്ന ജഡ്ജിമാര്‍

ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്

ഈ കുറിപ്പിന് ആധാരം പ്രബോധനം 75/50-ലെ മുഖവാക്കാണ്. മേഘാലയ ഹൈക്കോടതി ജഡ്ജി സുദീപ് രഞ്ജന്‍ സെന്‍ മറ്റൊരു കേസില്‍ വിധിപറയവെ കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. ഭരണഘടനയുടെ അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതും ചുമതലയേല്‍ക്കുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനവുമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ 'പാകിസ്താന്‍ സ്വയം തന്നെ ഒരു ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചു. മതത്തിന്റെ പേരിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടത് എന്നതിനാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ അത് സെക്യുലര്‍ രാജ്യമാവുകയാണുണ്ടായത്.'

പാകിസ്താനു വേണ്ടി വാദിച്ചവരാരും ഇസ്‌ലാമിക രാജ്യത്തിനു വേണ്ടി വാദിച്ചിട്ടില്ല. ഇത് ജഡ്ജിയുടെ വിവരക്കേടാണ്. ചില അധികാരമോഹികളാണ് പാകിസ്താനു വേണ്ടി വാദിച്ചത് (കോണ്‍ഗ്രസിലെ തന്നെ പല ഉന്നത മുസ്‌ലിം നേതാക്കളും ജംഇയ്യത്തുല്‍ ഉലമായും ജമാഅത്തെ ഇസ്‌ലാമിയും ഇതിനെതിരായിരുന്നു). ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്ന സെന്‍ അത് സെക്യുലര്‍ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതില്‍ വേപഥുകൊള്ളുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അടരാടിയവരിലും ജീവാര്‍പ്പണം നടത്തിയവരിലും ഹിന്ദുക്കളും മുസ്‌ലിംകളുമു്. അവരാണ് ഇന്ത്യ എന്താകണമെന്ന് തീരുമാനിക്കേതും തീരുമാനിച്ചതും. സ്വാതന്ത്ര്യ സമര പോരാളികളാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിച്ചതും ഭരണഘടനക്ക് രൂപം നല്‍കിയതും. ബ്രിട്ടീഷുകാരോട് ഒട്ടിനിന്നവരുടെ പിന്‍ഗാമികള്‍ക്ക് ഭരണഘടന സഹിക്കില്ല. അവര്‍ക്ക് ഇന്ത്യയുടെ കാര്യത്തില്‍ ഒരവകാശവുമില്ല.

 

 

 

നാമൊരുപാട് ജാഗരൂകരാകേണ്ടിയിരിക്കുന്നു

കേരള പോലീസ് സംഘ്‌വല്‍ക്കരിക്കപ്പെടുന്നു എന്നത് മുഖ്യമന്ത്രി പോലും സമ്മതിച്ച ഒരു ദുഃഖ സത്യമാണ്. 

മത ജാതി സംഘടനകള്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ബലാബലത്തില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വസ്തുനിഷ്ഠമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. 

കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി, ഫഹദ് തുടങ്ങിയവരുടെ അതിനിഷ്ഠുരമായ കൊലപാതകങ്ങള്‍, തൃപ്പൂണിത്തുറ യോഗ സെന്റര്‍ കേസ് തുടങ്ങി സമീപകാലത്തു നടന്ന പല സംഭവവികാസങ്ങളിലും പോലീസ് സ്വീകരിച്ച പക്ഷപാതപരമായ നിലപാടുകള്‍, സെന്‍കുമാര്‍ എന്ന മുന്‍ പോലീസ് മേധാവി സര്‍വീസില്‍നിന്നും പിരിഞ്ഞതിനു ശേഷം നടത്തിക്കൊിരിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍, അദ്ദേഹം പോലീസിനെ നയിച്ചിരുന്ന കാലത്ത് പോലീസിനെ ആക്രമിച്ചതടക്കമുള്ള സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ എഴുതിത്തള്ളിയത് തുടങ്ങി പലതും പറഞ്ഞുവെക്കുന്ന സത്യം മതേതര ഭരണകൂടങ്ങളെ പോലും പ്രഛന്ന ഫാഷിസം ബന്ദിയാക്കുന്നു എന്നതാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ പൊതു സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. 

ഇസ്മാഈല്‍ പതിയാരക്കര

 

 

 

അളമുട്ടിയവന്റെ അരക്ഷിത ബോധം

രാമചന്ദ്ര ഗുഹയുമായുള്ള യാസിര്‍ ഖുത്വ്ബിന്റെ അഭിമുഖം വായിച്ചു (ലക്കം 3082). നാലര വര്‍ഷം മുമ്പ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍പിന്നെ ആര്‍.എസ്.എസ്, വി.എച്ച്.പി, ബജറംഗ്ദള്‍ തുടങ്ങിയ സംഘ് പരിവാര്‍ സംഘങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചു. മതേതരത്വവും ജനാധിപത്യവും കനത്ത വെല്ലുവിളി നേരിട്ടു. ഇന്ത്യയിലെ 85 ശതമാനം വരുന്ന ദലിത്, ആദിവാസി, അവര്‍ണ ഹിന്ദുക്കള്‍, മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ തുടങ്ങിയവരുടെ ജീവനും സ്വത്തിനും നിലനില്‍പിനു തന്നെയും ഭീഷണി നേരിട്ടു. പീഡനങ്ങളും അടിച്ചമര്‍ത്തലുകളും സഹിക്കാതെവരുമ്പോള്‍ തീര്‍ച്ചയായും അതിനെതിരെ പ്രതികരിക്കാന്‍ ഇന്ത്യയിലെ പിന്നാക്ക ജനകോടികള്‍ നിര്‍ബന്ധിതരാവും. അത് രാജ്യത്തെ വലിയ പൊട്ടിത്തെറിയില്‍ എത്തിക്കും. ഈവക കാര്യങ്ങള്‍ രാമചന്ദ്ര ഗുഹ തിരിച്ചറിയുന്നു. മതേതരത്വത്തിലും ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ നമുക്ക് ചെറിയ ആശ്വാസം പകരുന്നു.

ആര്‍. ദിലീപ്, പുതിയറ

 

 

 

പുതിയ പ്രതിഷേധങ്ങളായിക്കൂടേ?

അങ്ങനെ വര്‍ഷത്തില്‍ നടക്കുന്ന ആചാരവും കഴിഞ്ഞു. ദേശീയ പണിമുടക്കെന്ന ആചാരം. പ്രതിപക്ഷത്തിരിക്കുന്നവര്‍ ആണ് സാധാരണയായി ഭരണപക്ഷക്കാരുടെ സാമ്പത്തിക-ഭരണനയങ്ങളില്‍ പ്രതിഷേധിച്ച് എല്ലാ വര്‍ഷവും മാമൂല്‍ പോലെ ഈ സമരമുറ സംഘടിപ്പിക്കാറ്. സംയുക്ത തൊഴിലാളി  സംഘടനകളും ഇത്തരം പണിമുടക്ക് സമരങ്ങളില്‍ പിന്തുണ  പ്രഖ്യാപിക്കുന്നതും പതിവ് കാഴ്ചയാണ്. ഓട്ടോ ടാക്സി തൊഴിലാളികള്‍, ബാങ്ക്, റെയില്‍വെ, അധ്യാപകര്‍, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങി  സംഘടിത മേഖലകളിലെ തൊഴിലാളികള്‍ നിര്‍ബന്ധിതരായോ അല്ലാതെയോ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു.  എന്നാല്‍ ഇത്തരത്തിലുള്ള പണിമുടക്കുകള്‍ കാരണം ഏതെങ്കിലും സര്‍ക്കാറുകള്‍, അത് ഏതു പക്ഷമായാലും  തങ്ങള്‍ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്ന കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിലൂന്നിയ സാമ്പത്തിക നയങ്ങള്‍ മാറ്റിയതായി ചരിത്രം ഇന്നേവരെ കേട്ടിട്ടുമില്ല. പണിമുടക്കുന്ന സംഘടിത വിഭാഗങ്ങളിലെ സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചേടത്തോളം ഇത്തരം പണിമുടക്കുകള്‍ അവരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ഒരു തരത്തിലും ബാധിക്കാറുമില്ല. അവരെ സംബന്ധിച്ചേടത്തോളം തങ്ങള്‍ക്കര്‍ഹതപ്പെട്ട അവധികള്‍ ക്രമീകരിച്ച് അന്നേ ദിവസങ്ങളിലെ ശമ്പളവും മറ്റും ഉറപ്പുവരുത്തുകയും ചെയ്യുന്നു. സൂപ്പര്‍ ആനുവേഷന്‍ പിരീഡിലുള്ള നേതാക്കള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാകട്ടെ, പണിമുടക്കാതെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയേക്കാവുന്ന സാമ്പത്തികാനുകൂല്യങ്ങള്‍ സമര്‍ഥമായി ഉറപ്പുവരുത്തുകയും ചെയ്യുന്നു.

യഥാര്‍ഥത്തില്‍ ഇത്തരം പണിമുടക്കുമൂലം പ്രതീക്ഷിച്ച ഫലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, സാധാരണക്കാരെ സംബന്ധിച്ചേടത്തോളം നരകയാതനകളാണ് ഇതുമൂലം ഉണ്ടാകുന്നത്. അന്നന്ന്  ജോലി ചെയ്ത് വരുമാനം ഉറപ്പുവരുത്തുന്നവര്‍ കടം വാങ്ങിയും മറ്റും അരവയര്‍ നിറക്കേണ്ടിവരികയോ പട്ടിണി കിടക്കേിവരികയോ ചെയ്യുന്നു. അന്നം തേടി പുറത്തിറങ്ങുന്നവരെ ആക്രമിക്കുന്നതും വാഹനങ്ങളും മറ്റു പൊതു സ്വത്തുക്കളും നശിപ്പിക്കുന്നതും ഹര്‍ത്താല്‍/പണിമുടക്ക് പോലെയുള്ള പ്രതിഷേധ സമരമുറകളില്‍ നാം സാധാരണയായി കാണാറുള്ളതാണ്. ഇത്തരം ഹര്‍ത്താലുകളും പണിമുടക്കുകളും അനുബന്ധ നശീകരണ പ്രവര്‍ത്തനങ്ങളും  രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിറകോട്ട് വലിക്കുകയും യുവതയുടെ ഊര്‍ജശേഷിയെ മരവിപ്പിക്കുകയുമാണ് ചെയ്യുക. രാജ്യത്തിന്റെ മാനവവിഭവശേഷിയെ കാര്‍ന്ന് തിന്നുന്ന  പണിമുടക്ക് എന്ന പരമ്പരാഗതമായ ഈ വാര്‍ഷികാചാരത്തെ റദ്ദ് ചെയ്ത് പുതുമയാര്‍ന്നതും സര്‍ഗാതമകതയിലൂന്നുന്നതുമായ നവംനവങ്ങളായ പ്രതിഷേധ പരിപാടികള്‍ പകരം സ്ഥാനം പിടിക്കേണ്ടതുണ്ട്.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍