Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

ഇസ്‌ലാമോഫോബിയയുടെ പുതിയ പതിപ്പ്

ഇന്ത്യയില്‍ മാത്രമല്ല, പാശ്ചാത്യ നാടുകളിലും പൗരത്വം റദ്ദു ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഇവിടെയെന്ന പോലെ അവിടെയും അതിന്റെ മുഖ്യ ഇരകള്‍ മുസ്‌ലിംകള്‍ തന്നെ. ഇതും 'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ ഭാഗം. 'നാഗരികത'ക്ക് സംരക്ഷണമൊരുക്കാനാണത്രെ ഈ ശിക്ഷാ നടപടി. Denationalisation എന്നാണ് ഇതിന്റെ പേര്. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഈയിടെ ഒരു പ്രസ്താവന നടത്തി. റോഷ് ഡെയ്ല്‍ എന്ന പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പാകിസ്താന്‍ വംശജരായ നാല് ബ്രിട്ടീഷുകാരുടെ പൗരത്വം റദ്ദ് ചെയ്യുമെന്നായിരുന്നു പ്രസ്താവന. എത്ര പേര്‍ സ്ത്രീപീഡനത്തിന് പിടിക്കപ്പെടുന്നുണ്ട്, അവരുടെയൊന്നും പൗരത്വം റദ്ദ് ചെയ്യാത്തതെന്ത് എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നു. റോഷ് ഡെയ്‌ലിലെ മുന്‍ എം.പി കൂടിയായ സിറില്‍ സ്മിത്ത് എട്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 2018-ല്‍ പിടിയിലായിരുന്നു. അയാള്‍ മുസ്‌ലിമോ പാക് വംശജനോ അല്ലാത്തതുകൊണ്ടാവാം, അയാളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പകരം നൈറ്റ് പദവി (Knighthood) നല്‍കി ആദരിച്ചത്!

ഇതിന് ബ്രിട്ടീഷ് ഹോം സെക്രട്ടറി നല്‍കുന്ന വിശദീകരണം, ഈ നാലു പേരെയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് അവരുടെ 'സംസ്‌കാരം' ആണെന്നായിരുന്നു. വ്യക്തികളുടെ വഴിവിട്ട പെരുമാറ്റത്തിന് സംസ്‌കാരത്തെ (ഇസ്‌ലാമിനെ) പഴിചാരുകയാണ് ചെയ്തിരിക്കുന്നത്. വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ഏതു നാട്ടില്‍നിന്നു വന്നവരായാലും അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവരുടെ മതമോ സംസ്‌കാരമോ ഉത്തരവാദിയായിരിക്കുന്നതല്ല, അവരുടെ പൗരത്വത്തിനും യാതൊരു ഭീഷണിയും ഉണ്ടായിരിക്കുന്നതല്ല. ആസ്‌ത്രേലിയയിലും ഇതുപോലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദി ഗ്രൂപ്പായ ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നീല്‍ പ്രകാശ് എന്നൊരാളുടെ പൗരത്വമാണ് റദ്ദാക്കിയത്. ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്മാര്‍ക്ക്, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങളിലും ഈ നിയമം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ആര്‍ക്കെതിരെയും അത് പ്രയോഗിക്കുകയുമാവാം.

അമേരിക്കയില്‍ ഈ ശിക്ഷയില്ലേ എന്ന ചോദ്യം ന്യായമായും ഉയരാം. അവരാണ് അതിന്റെ ആദ്യത്തെ പ്രയോക്താക്കള്‍. പക്ഷേ 1958-ല്‍ തന്നെ പൗരത്വം റദ്ദാക്കുന്ന നടപടിക്കെതിരെ അമേരിക്കന്‍ സുപ്രീം കോടതി രംഗത്തു വന്നു. 'മൂന്നാം മുറയേക്കാള്‍ പ്രാകൃതം' എന്നാണ് അമേരിക്കന്‍ സുപ്രീം കോടതി അതിനെ വിശേഷിപ്പിച്ചത്. അത് ഭരണഘടനക്ക് വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാല്‍ അമേരിക്ക അത് പുറത്തെടുക്കുന്നില്ല എന്നേയുള്ളൂ. ഏതായാലും തീര്‍ത്തും വിവേചനപരമായ ഇത്തരം നടപടികള്‍ ലക്ഷണമൊത്ത ഇസ്‌ലാമോഫോബിയ അല്ലാതെ മറ്റൊന്നുമല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍