Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ഇസ്‌ലാമിന്റേത് അനുഭാവപൂര്‍ണമായ നിലപാട്

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-82]

യേശുവിന്റെ മരണവും ഖുര്‍ആന്‍ പ്രാധാന്യമുള്ള ഒന്നായി കാണുന്നില്ല. മനുഷ്യ വംശത്തിന്റെ മുക്തിക്കു വേണ്ടി ദൈവപുത്രന്‍ മരിക്കുക എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പിന്നെ പറയാനുമില്ലല്ലോ. ഓരോ മനുഷ്യനും താന്‍ ഭൂമിയില്‍ എന്ത് ചെയ്തുവോ അതിന് ദൈവത്തിനു മുമ്പില്‍ ഉത്തരം പറയേണ്ടിവരും എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. കര്‍മത്തിന്റെ സ്വഭാവമനുസരിച്ച് അവന് പ്രതിഫലം നല്‍കപ്പെടാം, അല്ലെങ്കില്‍ ശിക്ഷിക്കപ്പെടാം. അതുമല്ലെങ്കില്‍ ദൈവിക നീതിയുടെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ അവന്റെ തെറ്റുകളും വീഴ്ചകളും പൊറുക്കപ്പെട്ടേക്കാം. ക്രിസ്തു കുരിശില്‍ കിടന്നു മരിച്ചു എന്നത് ചരിത്ര വസ്തുതയായി ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. യേശുവെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തോട് സാദൃശ്യമുള്ള ഒരാളെ അവര്‍ പിടികൂടുകയായിരുന്നു.1 ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് പറയുന്നത് ഖുര്‍ആന്‍ മാത്രമാണെന്ന് ധരിക്കരുത്. ങീറമഹശേെ,െ ഏിീേെശര െതുടങ്ങിയ ക്രിസ്ത്യന്‍ സെക്ടുകളും ഇതേ അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ്.

ഇത്തരം ചില അഭിപ്രായ ഭിന്നതകള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് ക്രിസ്ത്യന്‍ സമൂഹത്തോട് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത് എന്നു കാണാന്‍ കഴിയും. സാദാ അവിശ്വാസികളായി ഖുര്‍ആന്‍ അവരെ കാണുന്നില്ല. ദിവ്യവേദം നല്‍കപ്പെട്ടവര്‍ എന്ന പദവി അവര്‍ക്ക് എപ്പോഴും നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ, ഒരു മുസ്‌ലിം പുരുഷന്‍ ക്രിസ്ത്യന്‍ വനിതയെ വിവാഹം കഴിച്ചാല്‍- ബിംബാരാധകയോ നിരീശ്വരവാദിയോ ആയ സ്ത്രീയെ വിവാഹം കഴിക്കാന്‍ മുസ്‌ലിം പുരുഷന് അനുവാദമില്ല- അവള്‍ക്ക് സ്വന്തം മതവിശ്വാസങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ വിരോധമില്ല; അവള്‍ അതാണ് ആഗ്രഹിക്കുന്നതെങ്കില്‍.2 അവളുടെ മതത്തില്‍ വീഞ്ഞ് നിഷിദ്ധമല്ല എന്നതിനാല്‍ വിവാഹശേഷം അവളത് കുടിക്കുന്നതിന് വിരോധമില്ല എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ വരെയുണ്ട്. ഇക്കാര്യത്തിലൊന്നും, ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലുള്ള വ്യത്യാസങ്ങളുടെ കാര്യത്തിലും വിവാഹിതയായ ക്രിസ്ത്യന്‍ വനിതയുടെ ഒരവകാശവും ഹനിക്കപ്പെടുന്നതല്ല.

കൗതുകമുണര്‍ത്തുന്ന ചില പരാമര്‍ശങ്ങള്‍ ഈ വിഷയകമായി ഖുര്‍ആനില്‍ നമുക്ക് കാണാം: ''.....ഞങ്ങള്‍ നസേറിയക്കാരാണ് (നസ്വാറാ) എന്ന് പറയുന്നവരാണ് വിശ്വാസികളോട് കൂടുതല്‍ സ്‌നേഹബന്ധമുള്ളവരെന്ന് നിനക്കു കാണാം. അവരില്‍ പണ്ഡിതന്മാരും പുണ്യാളന്മാരുമുണ്ടെന്നതും അവര്‍ ധിക്കാരത്തോടെ പെരുമാറുന്നില്ലെന്നതുമാണ് അതിന് കാരണം.''3 ഇസ്‌ലാം എല്ലാ വിഭാഗങ്ങളെയും അതിന്റെ സത്യസരണിയിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുമെങ്കിലും അവരൊക്കെയും അത് സ്വീകരിക്കണമെന്നില്ലല്ലോ. സ്വീകരിക്കാത്തവര്‍, അവര്‍ ദൈവിക മതങ്ങളായി അറിയപ്പെടുന്ന ഏതെങ്കിലുമൊന്നില്‍പെട്ടവരാണെങ്കില്‍, അവര്‍ അതത് മതശാസനകള്‍ ലംഘിക്കരുതെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അവര്‍ അതനുസരിച്ച് മുന്നോട്ടു പോകണം. യേശുവിന് നല്‍കിയ ഇഞ്ചീലിനെക്കുറിച്ച്, 'അതില്‍ പ്രകാശവും നേര്‍വഴിയും ഉണ്ട്4 എന്നും ജനത്തിന് മാര്‍ഗദര്‍ശനമാണ്5 എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനാല്‍ ക്രിസ്ത്യാനികള്‍ അവരുടെ മതത്തില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം വളരെ സത്യസന്ധമായി ഇഞ്ചീല്‍ അനുസരിച്ചു തന്നെയാണ് ജീവിക്കേണ്ടത്. ''ഇഞ്ചീലിന്റെ അനുയായികള്‍ അല്ലാഹു അതിലവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തട്ടെ.''6 പിന്നെയും ഖുര്‍ആന്‍: ''പറയുക: വേദവാഹകരേ, തൗറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് അവതരിച്ചുകിട്ടിയ സന്ദേശങ്ങളും യഥാവിധി നിലനിര്‍ത്തും വരെ നിങ്ങളുടെ നിലപാ

ടുകള്‍ക്ക് ഒരടിസ്ഥാനവും ഉണ്ടാവുകയില്ല''7 (ഇത്തരം പരാമര്‍ശങ്ങള്‍ മുമ്പില്‍ വെച്ചാണ് ഭരണകൂടങ്ങള്‍ മുസ്‌ലിംകളല്ലാത്ത തങ്ങളുടെ പ്രജകള്‍ക്ക് നിയമസംബന്ധിയായ സ്വയംഭരണാവകാശം നല്‍കിയത്).

ജൂതന്മാരെക്കുറിച്ച അധ്യായത്തില്‍ പരാമര്‍ശിച്ച പോലെ, മുഹമ്മദ് എന്നൊരു പ്രവാചകന്‍ വരാനുണ്ടെന്ന് കഴിഞ്ഞുപോയ പ്രവാചകന്മാര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുള്ളതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതിനാല്‍ ക്രിസ്തുമത വിശ്വാസികള്‍ അവരുടെ സുവിശേഷം സൂക്ഷ്മമായും പൂര്‍ണമായും മനസ്സിലാക്കാന്‍ തുനിഞ്ഞാല്‍ ഈയൊരു യാഥാര്‍ഥ്യത്തിലേക്ക് അവര്‍ എത്തിച്ചേരാതിരിക്കില്ല. വാഗ്ദത്തം ചെയ്യപ്പെട്ട പ്രവാചകന്‍ മുഹമ്മദ് ആണെന്ന് അവര്‍ക്ക് വ്യക്തമാവുകയും ചെയ്യും. ഖുര്‍ആനിലെ ഒരു സൂക്തം ഇങ്ങനെ:8 ''തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്.'' ഇഞ്ചീല്‍ ഉദ്ധരിച്ചുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു പ്രവാചകന്‍ വരാനുണ്ടെന്ന കാര്യം ഖുര്‍ആന്‍ അടിവരയിടുന്നത്. ''മര്‍യമിന്റെ മകന്‍ യേശു പറഞ്ഞത് ഓര്‍ക്കുക: 'ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്കു ശേഷം ആഗതനാവുന്ന അഹ്മദ്9 ('ഏറ്റവുമേറെ പ്രകീര്‍ത്തിക്കപ്പെടുന്നവന്‍' എന്നര്‍ഥം. മുഹമ്മദ് നബിയുടെ മറ്റൊരു പേര്) എന്ന ദൈവദൂതനെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും.''

മുസ്‌ലിം പണ്ഡിതന്മാര്‍ വളരെ മുമ്പു തന്നെ ഈ ഖുര്‍ആനിക പരാമര്‍ശത്തെ ബൈബിളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇബ്‌നു ഇസ്ഹാഖ് (മരണം ഹി. 151/ക്രി. 768)10 ഈ ഖുര്‍ആനിക പരാമര്‍ശം യോഹന്നാന്റെ സുവിശേഷത്തിലുള്ള (14:16) ഒരു പ്രവചനവുമായി ബന്ധിപ്പിക്കുന്നു. അതിങ്ങനെ: ''ഞാന്‍ പിതാവിനോട് പ്രാര്‍ഥിക്കും; നിങ്ങളോടു കൂടി എന്നെന്നും ഉണ്ടായിരിക്കുന്നതിന് പിതാവ് മറ്റൊരു സഹായകനെ നിങ്ങള്‍ക്കു തരും.''11 യോഹന്നാന്റെ സുവിശേഷത്തില്‍ തന്നെ (16:5-15) വീണ്ടും: ''ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്ക് പോകുകയാണ്. എങ്കിലും 'നീ എങ്ങോട്ട് പോകുന്നു' എന്ന് നിങ്ങളിലാരും എന്നോട് ചോദിക്കുന്നില്ല. ഇക്കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞതു കൊണ്ട് നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു. എങ്കിലും സത്യം ഞാന്‍ നിങ്ങളോട് പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍, അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ കുറ്റപ്പെടുത്തും... ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍, അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ അവന്‍ ഒന്നും പറയുകയില്ല. എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും. എനിക്കുള്ളത് എടുത്ത് അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവിന് ഉള്ളതെല്ലാം എന്റേതായതുകൊണ്ടാണ് എനിക്കുള്ളതെടുത്ത് അവന്‍  നിങ്ങളോട് പ്രഖ്യാപിക്കുമെന്ന് ഞാന്‍ പറഞ്ഞത്.''

ഈ ഉദ്ധരണിയുടെ ഗ്രീക്കിലുള്ള മൂലഭാഷ്യത്തില്‍- യേശു പ്രയോഗിച്ചത് തന്റെ ഭാഷയായ അരാമിക്കിലെ ഒരു വാക്കായിരിക്കും. പക്ഷേ അത് നമുക്ക് അറിയുകയില്ല- ജമൃമസഹലീേ െഎന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അതിന്റെ അര്‍ഥം ആശ്വാസദായകന്‍, വഴി പറഞ്ഞുകൊടുക്കുന്നവന്‍ എന്നൊക്കെയാണ്. ആ ഗ്രീക്ക് പദം ജലൃശസഹ്യീേ െആണെന്നും അഭിപ്രായമുണ്ട്. എങ്കിലത് ഖുര്‍ആന്‍ പ്രയോഗിച്ച അതേ അര്‍ഥത്തില്‍ തന്നെയാണ് വന്നിരിക്കുന്നത്. അപ്പോള്‍ അതിന്റെ അര്‍ഥം ആശ്വാസദായകന്‍ എന്നതിനു പകരം പ്രകീര്‍ത്തിക്കപ്പെടുന്നവന്‍ എന്ന അര്‍ഥം അതിന് വന്നുചേരും. അതൊന്നും ഇവിടെ അത്ര പ്രധാനമല്ല. കാരണം ഒരാള്‍ക്ക് ആയിരക്കണക്കിന് വിശേഷണങ്ങള്‍ ഉണ്ടാകാമല്ലോ. ക്രിസ്തു പ്രവചിച്ച സത്യത്തിന്റെ പരിശുദ്ധാത്മാവ് (Holy Spirit of Truth)  പെസഹ നാളില്‍ പ്രത്യക്ഷനായി എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നുണ്ടെന്നതും ഇവിടെ ഓര്‍ക്കണം. പക്ഷേ, യേശു പ്രവചിച്ചതൊക്കെയും സംഭവിച്ചോ എന്ന് എവിടെയും വിശദീകരിക്കുന്നില്ല. പരിശുദ്ധാത്മാവ് യേശുവിന്റെ കൂടെത്തന്നെയാണല്ലോ ഉണ്ടായിരുന്നത്. 'ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല' എന്ന് പറയുകയും ചെയ്യുന്നു. അതിരിക്കട്ടെ. പരിശുദ്ധാത്മാവിനെ കുറിച്ച് ചിലതുകൂടി പറയാം.

'യേശുവിനെ പരിശുദ്ധാത്മാവിനാല്‍ നാം പ്രബലനാക്കി' എന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും എടുത്തു പറയുന്നുണ്ട്.12 പക്ഷേ, ഇതേ സഹായം മറ്റു പ്രവാചകന്മാര്‍ക്കും ലഭിച്ചിരുന്നുവെന്ന് അതേ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുമുണ്ട്. മുഹമ്മദ് നബിയെപ്പറ്റിയും13 മറ്റു തെരഞ്ഞെടുക്കപ്പെട്ട ആളുകളെപ്പറ്റിയും അങ്ങനെ പറഞ്ഞിട്ടുണ്ട്.14 ഇനി ദൈവാത്മാവിനാലാണ് യേശു സൃഷ്ടിക്കപ്പെട്ടതെങ്കില്‍15, ആദമും അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയേണ്ടി വരും.16 മറ്റൊരു ഖുര്‍ആന്‍ സൂക്തപ്രകാരം, ആത്മാവ് എന്നാല്‍ 'ദൈവാജ്ഞ' (അഥവാ ദൈവേഛ) ആണ് എന്നും മനസ്സിലാകും.17 'വചനം' എന്ന വാക്കു പ്രയോഗിക്കുമ്പോഴും അതില്‍ ഏകദൈവത്വത്തിന് ചേരാത്ത ദിവ്യത്വപരമായ കലര്‍പ്പുകള്‍ വന്നുപോകാതിരിക്കാന്‍ ഖുര്‍ആന്‍ ശ്രദ്ധിക്കുന്നുണ്ട്. അപ്പോള്‍ ബൈബിളില്‍ വന്ന ഈ പ്രയോഗങ്ങള്‍ക്കൊക്കെ ഖുര്‍ആന്‍ പു

തിയ അര്‍ഥതലങ്ങളാണ് നല്‍കുന്നത് എന്ന് കാണാന്‍ കഴിയും. ഖുര്‍ആനിലെ18 യേശുക്രിസ്തു ദൈവത്തിന്റെ ദാസനാണ്, ദൈവത്തിന് വിധേയപ്പെടുന്നതില്‍ യാതൊരു വൈമനസ്യവും അദ്ദേഹം കാണിച്ചിട്ടില്ല. ഏക ദൈവത്തിനു മാത്രമേ വഴിപ്പെടാവൂ എന്നു മാത്രമാണ് അദ്ദേഹം തന്റെ അനുചരന്മാരെ ഉപദേശിച്ചതും. യേശുവും അദ്ദേഹത്തിന്റെ മാതാവും മറ്റേതൊരു ഭൂവാസിയെയും പോലെ മരണത്തിന് കീഴടങ്ങുന്നവര്‍ തന്നെയാണ്.19 മരണവും ദിവ്യത്വവും ഒന്നിക്കുകയില്ലല്ലോ.

മേല്‍കൊടുത്ത വിവരണത്തില്‍നിന്ന്, ഇസ്‌ലാമും ക്രിസ്റ്റ്യാനിറ്റിയും തമ്മില്‍ രണ്ടു കാര്യങ്ങളിലാണ് പ്രധാന വ്യത്യാസം എന്ന് വ്യക്തമാവും. ഒന്ന് 'ദൈവപുത്രന്‍' എന്ന സങ്കല്‍പം, രണ്ട് 'ത്രിയേകത്വം' എന്ന ആശയം. യേശുവിന്റെ കുരിശുമരണം പാപികളുടെ മുക്തിക്കു വേണ്ടിയാണ് എന്ന ക്രൈസ്തവ വിശ്വാസത്തെ ഖുര്‍ആന്‍ ഒരിടത്തും വിശകലനം ചെയ്യുന്നില്ല. അതിനാല്‍ ഇവിടെയും അതിന് മുതിരുന്നില്ല. കുരിശിലേറി യേശു മരിച്ചു എന്നതു ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല എന്നത് തന്നെ കാരണം. 'ദൈവപുത്രന്‍' എന്ന് മോസസും പ്രയോഗിച്ചിട്ടുണ്ട്. ദൈവത്തിന് വഴിപ്പെടുന്നവന്‍, വിശ്വസിക്കുന്നത് പ്രവര്‍ത്തിക്കുന്നവന്‍ എന്നീ അര്‍ഥങ്ങളിലാണെന്നു മാത്രം. 'നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പുത്രന്മാരാകുന്നു നിങ്ങള്‍' (ആവര്‍ത്തനം 14:1). സങ്കീര്‍ത്തനങ്ങളില്‍ (2:7) ദൈവം ദാവീദിനോട് ഇങ്ങനെ പറഞ്ഞതായി വന്നിട്ടുണ്ട്: 'നീ എന്റെ പുത്രന്‍, ഇന്ന് ഞാന്‍ നിന്റെ പിതാവായിരിക്കുന്നു.' സുവിശേഷങ്ങളില്‍ പലപ്പോഴും യേശു സ്വയം വിശേഷിപ്പിക്കുന്നത് 'മനുഷ്യപുത്രന്‍' എന്നാണ്, ചിലപ്പോഴൊക്കെ 'ദൈവപുത്രന്‍' എന്നും വന്നിട്ടുണ്ട്. ആ പ്രയോഗത്തിന്റെ അര്‍ഥമെന്താണെന്ന് ഇനി വരുന്ന രണ്ട് ഉദ്ധരണികളില്‍ യേശു വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്: ''സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍; അവര്‍ ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടും'' (മത്തായി: 9). ''ഞാന്‍ നിങ്ങളോട് പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക. നല്ലത് ചെയ്യുക. പകരമൊന്നും പ്രതീക്ഷിക്കാതെ കൊടുക്കുക. നിങ്ങളുടെ പാരിതോഷികം വലുതായിരിക്കും. അങ്ങനെയാണ് നിങ്ങള്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരുക.'' (മത്തായി 5:44-45). ഖുര്‍ആന്‍ ഈ അര്‍ഥത്തില്‍ 'ദൈവപുത്രന്‍' എന്നു പ്രയോഗിക്കാതിരുന്നത്, അവ്യക്തതയും ആശയക്കുഴപ്പവും ഒഴിവാക്കാന്‍ വേണ്ടിയാണ്. അതേസമയം ഇന്ന് നിലവിലുള്ള സുവിശേഷങ്ങളിലെ യേശു തന്നെ ആ പ്രയോഗത്തിന്റെ അര്‍ഥമെന്തെന്ന് സംശയങ്ങള്‍ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്: ''പക്ഷേ ആ ദിവസവും (യുഗസമാപ്തിയുടെ) മണിക്കൂറും പിതാവിന് അല്ലാതെ ആര്‍ക്കും, സ്വര്‍ഗത്തിലെ മാലാഖമാര്‍ക്കോ പുത്രന്നോ പോലും അറിഞ്ഞുകൂടാ'' (മത്തായി 24:36, മാര്‍ക്കോസ് 13:32).

ത്രിയേകത്വം (Trinity)  എന്ന ആശയമാകട്ടെ, യേശുവിനു ശേഷം നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് അംഗീകരിക്കപ്പെട്ടത്. അതും ഏരിയസി(Arius)ന്റെയും അദ്ദേഹത്തിന്റെ യൂനിറ്റേറിയന്‍ അനുയായികളുടെയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടും (അത്തരം വിഭാഗങ്ങള്‍ ഇന്നുമുണ്ട്). ത്രിയേകത്വവാദികള്‍ ആദ്യം പറയുക മത്തായി സുവിശേഷത്തിലെ ഈ വരികള്‍ (28:19-20) ആയിരിക്കും: ''അതുകൊണ്ട് നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് സ്‌നാപനം നല്‍കുക. ഞാന്‍ നിങ്ങളോട് കല്‍പിച്ചവയെല്ലാം പാലിക്കാന്‍ അവരെ പഠിപ്പിക്കുക.'' മുസ്‌ലിമായ ഒരാള്‍ ഈ വരികള്‍ വായിക്കുമ്പോള്‍, അയാളെ സംബന്ധിച്ചേടത്തോളം 'പിതാവ്' എന്നാല്‍ രക്ഷിതാവ്, 'പുത്രന്‍' എന്നാല്‍ ദൈവവചനങ്ങള്‍ സ്വീകരിക്കുന്ന പ്രവാചകന്‍, 'പരിശുദ്ധാത്മാവ്' എന്നാല്‍ ഈ സന്ദേശം എത്തിച്ചുകൊടുക്കുന്ന മധ്യവര്‍ത്തി (മാലാഖ). മൂന്നും കൂട്ടിക്കലര്‍ത്തി ഒന്നാക്കേണ്ട കാര്യമില്ല. യേശു പ്രവാചകനാണെന്നത് ബൈബിള്‍ തന്നെ അംഗീകരിച്ച കാര്യമാണ് (മത്തായി 21:11, ലൂക്കോസ് 7:16, 26). തന്നെ 'ദൈവദാസന്‍' എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു യേശുവിന് ഏറെയിഷ്ടം.20 യെശയ്യാ പ്രവാചകന്റെ പ്രവചനം തന്നിലേക്ക് ചേര്‍ത്തുവെക്കുകയും ചെയ്യുന്നു: ''ഇതാ ഞാന്‍ തെരഞ്ഞെടുത്ത എന്റെ ദാസന്‍, എനിക്ക് പ്രിയപ്പെട്ടവന്‍, ഇവനില്‍ എന്റെ ആത്മാവ് പ്രസാദിച്ചിരിക്കുന്നു. ഞാന്‍ എന്റെ ചൈതന്യം അവന്റെ മേല്‍ ആവാഹിപ്പിക്കും. അവന്‍ വിജാതീയരോട് ന്യായവിധി പ്രഖ്യാപിക്കും.'' ത്രിയേകത്വവാദികള്‍ തന്നെ ദൈവവും യേശുവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നുണ്ട്. 'യേശു ആകാശത്തേക്കുയര്‍ന്ന് ദൈവത്തിന്റെ വലത് വശത്ത് ഇരുന്നു' എന്നാണ് പറയുന്നത്. യേശു തന്നെ ദൈവമാണെങ്കില്‍ എങ്ങനെയാണ് സ്വന്തം വലതു വശത്ത് ഇരിക്കാനാവുക? യേശു ഭൂമിയില്‍നിന്ന് ആകാശത്തേക്കുയര്‍ന്ന് ദിവ്യസിംഹാസനത്തിനോട് അടുത്തെത്തിയാലും ദൈവം എന്നത് മറ്റൊരു സത്ത തന്നെയെന്നര്‍ഥം.

നമുക്കുറപ്പിച്ചു പറയാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്; യേശുവിന്റെ കാലത്തെ ക്രിസ്റ്റ്യാനിറ്റി ഒരിക്കലും ഇസ്‌ലാമിന് എതിരായിരുന്നില്ല. പില്‍ക്കാല ക്രിസ്റ്റ്യാനിറ്റികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് മറ്റൊരു കാര്യമാണ്.

(തുടരും)

 

കുറിപ്പുകള്‍

1. ഖുര്‍ആന്‍ 4: 157

2. ഖുര്‍ആന്‍ 5: 8, 47

3. ഖുര്‍ആന്‍ 5: 82

4. ഖുര്‍ആന്‍ 5: 46

5. ഖുര്‍ആന്‍ 3: 3-4

6. ഖുര്‍ആന്‍ 5: 47

7. ഖുര്‍ആന്‍ 5: 68,

8. ഖുര്‍ആന്‍ 7: 157

9. ഖുര്‍ആന്‍ 61: 6

10. ഇബ്‌നു ഹിശാം പേ: 150

11. അതിനര്‍ഥം ആ പ്രവാചകനു ശേഷം വേറൊരു പ്രവാചകനോ പുതിയൊരു വേദഗ്രന്ഥമോ ഇല്ല എന്നാണ്.

12. ഖുര്‍ആന്‍ 2: 87, 2: 253, 5: 110

13. ഖുര്‍ആന്‍ 16: 102, 26: 193, 42: 52

14. ഖുര്‍ആന്‍ 16: 2, 40: 15, 58: 22

15. ഖുര്‍ആന്‍ 4: 171, 19: 17, 66: 12

16. ഖുര്‍ആന്‍ 15: 29, 32: 9, 38: 72

17. ഖുര്‍ആന്‍ 17: 85

18. ഖുര്‍ആന്‍ 4: 172, 5: 75

19. ഖുര്‍ആന്‍ 5: 17

20. മത്തായി 12: 17-18

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം