Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

സൗന്ദര്യമുള്ള വിദ്യാര്‍ഥി ജീവിതം വരച്ചിട്ട കാമ്പസ് കോണ്‍ഫറന്‍സ്

സി.എസ് ഷാഹിന്‍

പതിവു സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു എസ്.ഐ.ഒ-ജി.ഐ.ഒ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന കാമ്പസ് കോണ്‍ഫറന്‍സ്. 2018 ഡിസംബര്‍ 22,23 തീയതികളില്‍ ശാന്തപുരം അല്‍ ജാമിഅ കാമ്പസില്‍ നടന്ന സമ്മേളനം സമ്മാനിച്ചത് വേറിട്ട കാഴ്ചകള്‍. ആത്മീയതയും വിപ്ലവവും കലയും സാഹിത്യവും നാഗരികതയും ചരിത്രവും സംരംഭകത്വവും സംസ്‌കാരവും രാഷ്ട്രീയവും പാട്ടും പോരാട്ടവും മൂന്ന് വേദികളിലായി ചര്‍ച്ച ചെയ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ കാമ്പസുകളില്‍നിന്ന് മൂവായിരത്തിലധികം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ അല്‍ ജാമിഅ കാമ്പസില്‍ ഒഴുകിയെത്തി. നാല്‍പതോളം പ്രമുഖര്‍ ശാന്തമായ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രമേയത്തിലും അവതരണത്തിലും സംവിധാനത്തിലും കെട്ടിലും മട്ടിലും സമ്മേളനം വേറിട്ടുനിന്നു. രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനം 'സൗന്ദര്യമുള്ള ജീവിതത്തിന് വിശ്വാസത്തിന്റെ കരുത്ത്' എന്ന അതിന്റെ പ്രമേയത്തോട് നീതിപുലര്‍ത്തി.

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ഡോ. ത്വാഹാ മതീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാമ്പസുകളില്‍ ധാര്‍മിക മൂല്യങ്ങള്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സംസാരിച്ചു.

സമ്മേളനത്തില്‍ ആദ്യം ചര്‍ച്ചചെയ്യപ്പെട്ട വിഷയം ലിബറലിസമായിരുന്നു. ലിബറലിസത്തിന്റെ കാപട്യത്തെയും ഇസ്‌ലാംവിരുദ്ധതയെയും യുക്തിശൂന്യതയെയും ചര്‍ച്ച എടുത്തുകാട്ടി. ആരോടും ഒന്നിനോടും കടപ്പാടില്ലാത്ത പ്രത്യയശാസ്ത്രമാണ് ലിബറലിസമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. കാമ്പസുകളിലെ പെണ്‍കുട്ടികളുടെ ഹിജാബ് ആത്മീയ പ്രഖ്യാപനം മാത്രമല്ല, രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. സൗന്ദര്യമുള്ള ജീവിതത്തിനു വേണ്ടിയാണ് അതിര്‍വരമ്പുകളും നിയന്ത്രണങ്ങളും പ്രപഞ്ചനാഥന്‍ നിശ്ചയിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം ടി. മുഹമ്മദ് വേളം പറഞ്ഞു.

സമ്മേളനത്തിന്റെ ആദ്യദിനം രാത്രി ചര്‍ച്ച ചെയ്തത് ഇസ്‌ലാമിക നാഗരികതയെ കുറിച്ചാണ്. മുസ്‌ലിം വിദ്യാര്‍ഥി സമൂഹം തങ്ങളുടെ വേരുകളിലേക്ക് തിരിഞ്ഞു നടന്ന നിമിഷങ്ങള്‍. വിദ്യാര്‍ഥികളോട് സ്വന്തം വേരുകളെ കുറിച്ച ആലോചന ആവശ്യപ്പെട്ടുകൊണ്ടാണ് കുറ്റിപ്പുറം എം.ഇ.എസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബദീഉസ്സമാന്‍ സംസാരം ആരംഭിച്ചത്. നീതിയും നിര്‍ഭയത്വവും ബഹുസ്വരതയും സുഭിക്ഷതയും സമത്വവുമുള്ള അന്തസ്സാര്‍ന്ന ജീവിതമാണ് ഇസ്‌ലാമിക നാഗരികത ലോകത്തിന് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദര്‍ശനമുണ്ട് എന്നതാണ് മറ്റു നാഗരികതകളില്‍നിന്ന് ഇസ്‌ലാമിക നാഗരികതയെ വ്യത്യസ്തമാക്കുന്നതെന്ന് അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ മുസ്‌ലിംകളുടെ സമകാലിക അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്‌റാഹീമിന്റെ സംസാരം.

'ദഅ്‌വത്തും സാമൂഹിക വിമോചനവും' എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ച ദഅ്‌വത്തിന്റെ വിശാല പ്രതലത്തെ പ്രതിഫലിപ്പിച്ചു. ഒരേസമയം ഇഹലോക വിമോചനവും പരലോകമോക്ഷവും സാധ്യമാക്കുന്ന ദര്‍ശനമാണ് ഇസ്‌ലാമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം സി. ദാവൂദ് പറഞ്ഞു. മനഃസ്ഥിതിയിലും വ്യവസ്ഥിതിയിലും മാറ്റം സാധ്യമാകുമ്പോഴാണ് ദഅ്‌വത്ത് പൂര്‍ണമാകുന്നതെന്ന് 'കിം' സെക്രട്ടറി ജി.കെ എടത്തനാട്ടുകര പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് യാസര്‍ ഖുത്വ്ബ് സംസാരിച്ചു.

ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭാവിയെ കുറിച്ച് പുതുതലമുറ ഗവേഷകരും ആക്ടിവിസ്റ്റുകളും അഭിപ്രായങ്ങള്‍ പങ്കുവെച്ച സെഷന്‍ ശ്രദ്ധേയമായി. നീതിയെ കുറിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാത്രമേ മുസ്‌ലിം രാഷ്ട്രീയത്തിന് മുന്നോട്ടു പോകാന്‍ സാധിക്കൂ എന്ന് ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതോടൊപ്പം പ്രശ്‌നങ്ങളുടെ കാരണങ്ങളെ അഭിസംബോധന ചെയ്യുകയും അവ നിരന്തരം ഉന്നയിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നീതിയുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാനാവൂ. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ശാദ്, ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി ആര്‍.എസ് വസീം, എസ്.ഐ.ഒ അഖിലേന്ത്യാ സെക്രട്ടറി പി.പി ജസീം, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം പി.കെ സാദിഖ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍ സംസാരിച്ചു.

സംരംഭകത്വ മേഖലയിലേക്ക് ധീരതയോടെ പ്രവേശിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു 'സംരംഭകത്വം' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ച. പ്രവാചകനെ അനുകരിക്കുന്നവര്‍ക്ക് സംരംഭകത്വ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ഡോ. ത്വാഹാ മതീന്‍ ഉണര്‍ത്തി. 'കലയും സൗന്ദര്യശാസ്ത്രവും' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ഫാറൂഖ് കോളേജ് അസി. പ്രഫസര്‍ ഡോ. വി. ഹിക്മത്തുല്ല, മലപ്പുറം ഗവ: കോളേജ് അസി. പ്രഫസര്‍ ഡോ. ജമീല്‍ അഹ്മദ്, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഷിയാസ് പെരുമാതുറ തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്‌ലാമിക കലയും സൗന്ദര്യശാസ്ത്രവും ശുദ്ധാശുദ്ധങ്ങളെ പൊളിച്ചെഴുതുകയാണെന്ന് അവര്‍ പറഞ്ഞു.

രണ്ടാം ദിനം രാവിലെ നടന്ന ആത്മീയതയെയും സാമൂഹികതയെയും സംബന്ധിച്ച ചര്‍ച്ചയില്‍, ആത്മീയതയുടെ സ്വാഭാവിക പ്രതിഫലനമാണ് സാമൂഹിക വിപ്ലവ പ്രവര്‍ത്തനങ്ങളെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ഖാലിദ് മൂസാ നദ്‌വി അഭിപ്രായപ്പെട്ടു. സുഖാനന്ദങ്ങളും ഇഛകളും നിയന്ത്രിക്കുന്നവര്‍ക്ക് മാത്രമേ മുജാഹിദ് ആകാന്‍ സാധിക്കൂ. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി. ശാക്കിര്‍ വേളം സംസാരിച്ചു.

തന്‍ശിഅ ഇസ്‌ലാമിക് അക്കാദമിയുടെ വിവിധ സെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഗമം സമ്മേളന നഗരിയില്‍ നടന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി കെ.കെ സുഹ്‌റ സംഗമം ഉദ്ഘാടനം ചെയ്തു. തന്‍ശിഅ ഡയറക്ടര്‍ അജ്മല്‍ കാരകുന്ന്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സമിതിയംഗം എസ്. മുജീബുര്‍റഹ്മാന്‍ സംസാരിച്ചു.

ഇസ്‌ലാംപേടി പ്രചരിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച യുക്തിവാദം സമ്മേളനത്തില്‍ ചര്‍ച്ചയായി. പാനല്‍ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.പി മുഹമ്മദ് ശമീം, ഇ.എം അമീന്‍ സംസാരിച്ചു. പ്രപഞ്ച സംവിധാനം ആസൂത്രണരഹിതമാണെന്ന് വാദിക്കലാണ് ഏറ്റവും വലിയ യുക്തിയില്ലായ്മയെന്നും സൃഷ്ടിപ്പിനു പിന്നിലെ സ്രഷ്ടാവിനെ കുറിച്ച് ആലോചന നടത്താതെ ശാസ്ത്ര പഠനം പൂര്‍ണമാകില്ലെന്നും ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. 'പണ്ഡിതന്മാരോട് ചോദിക്കുക' എന്ന തലക്കെട്ടില്‍ നടന്ന സെഷനില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം കെ.എ യൂസുഫ് ഉമരി, അല്‍ ജാമിഅ അസി. റെക്ടര്‍ ഇല്‍യാസ് മൗലവി, അല്‍ ജാമിഅ ശരീഅ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ വാസിഅ് ധര്‍മഗിരി എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

'മുസ്‌ലിം സ്ത്രീ: സ്വത്വവും ഉത്തരവാദിത്തവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം ടി.കെ ജമീല സംസാരിച്ചു. ആത്മീയതയും സദാചാരവും, പരലോകം, നമ്മുടെ മാതാപിതാക്കള്‍, പ്രാര്‍ഥന, നമസ്‌കാരം എന്നീ വിഷയങ്ങളില്‍ യഥാക്രമം സലീം മമ്പാട്, ശബീര്‍ കൊടുവള്ളി, സ്വഫിയ്യ ശറഫിയ്യ, വി.എന്‍ ഹാരിസ്, പി. റുക്‌സാന എന്നിവര്‍ പ്രഭാഷണം നടത്തി.

തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി രണ്ടുദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് ആയിരുന്നു. കരഘോഷത്തോടെ സദസ്സ് അവരെ സ്വാഗതം ചെയ്തു. അവര്‍ സംസാരിക്കാനായി എഴുന്നേറ്റപ്പോള്‍ ഐക്യദാര്‍ഢ്യത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അവരുടെ ഓരോ വാക്കിലും പ്രതിഫലിച്ച ആര്‍ജവവും ആത്മാഭിമാനവും പോരാട്ടവീര്യവും സദസ്യരെ അത്ഭുതപ്പെടുത്തി.

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിംകളോടും ദലിതരോടുമുള്ള വെറുപ്പ് പ്രചരിപ്പിക്കുന്നതില്‍ മതേതര പാര്‍ട്ടികള്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ചു. കര്‍മം കൊണ്ട് നാഗരികതകള്‍ സൃഷ്ടിച്ച ഒരു മതത്തിന്റെ ശേഷിപ്പുകള്‍ നഗരങ്ങളുടെ പേരുകള്‍ മാറ്റിയതുകൊണ്ട് മാത്രം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. എസ്.ഐ.ഒ നിയുക്ത അഖിലേന്ത്യാ പ്രസിഡന്റ് ലബീദ് ശാഫിക്ക് സമാപന സമ്മേളനത്തില്‍ സ്വീകരണം നല്‍കി. 2019-20 കാലയളവിലേക്കുള്ള എസ്.ഐ.ഒ-ജി.ഐ.ഒ ഭാരവാഹികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് റഹ്മത്തുന്നിസ ടീച്ചര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ്, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, എസ്.ഐ.ഒ നിയുക്ത സംസ്ഥാന പ്രസിഡന്റ് സ്വാലിഹ് കോട്ടപ്പള്ളി, ജി.ഐ.ഒ നിയുക്ത പ്രസിഡന്റ് അഫീദ അഹ്മദ്, എസ്.ഐ.ഒ നിയുക്ത ദേശീയ സെക്രട്ടറി ശബീര്‍ കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.

പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും കൂടെ കൂട്ടിയാണ് എഴുന്നേറ്റു നില്‍ക്കാന്‍ ചെറുപ്പത്തിന് കരുത്തു നല്‍കിയ സമ്മേളനത്തിന് തിരശ്ശീല വീണത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം