തുന്നല്‍ക്കാരി
റെജില ഷെറിന്‍
തുന്നല്‍ക്കാരി മൈമൂന
തിരക്കിലാണ്.
അടിവയറുനിറയെ
ആദ്യമായി ചുവന്നപൂക്കള്‍ വിരിഞ്ഞ
പെണ്‍കുഞ്ഞിന്റെ കമ്മീസില്‍
അവള്‍ പലതും തുന്നിപ്പിടിപ്പിക്കുകയാണ്.
ആദ്യമായ്
ചുവന്ന നൂലിനാല്‍
തന്റെ മുപ്പത്തഞ്ച് വര്‍ഷം നീണ്ട
കന്യകാ ജീവിതം.
പിന്നെ കറുത്ത നൂലിനാല്‍
നരച്ച ശരീരത്തില്‍ നരവീണ മനസ്സുള്ളവന്റെ
കൂടെ കഴിഞ്ഞ രണ്ടുദിവസത്തെ
വിവാഹജീവിതം.
ശേഷം വെളുത്ത നൂലിനാല്‍
തന്റെ വിധവാജീവിതം,
പുറത്താക്കപ്പെട്ടവളുടെ
ശൂന്യമായ ജീവിതം.
തുന്നല്‍ക്കാരി മൈമൂന തിരക്കിലാണ്
മൂന്ന് നിറമുള്ള നൂലിനാല്‍
മൂന്ന് ദിശയിലേക്കും
അവള്‍ മൂന്ന് വഴികള്‍ തുന്നുകയാണ്.
അവസാനമായി നാലാമത്തെ ദിശയിലേക്ക്
അദൃശ്യമായ ഒരു വഴി
അവള്‍ക്ക് തെളിഞ്ഞ് വരികയാണ്.
സൂചിയും നൂലുമില്ലാതെ
അവളത് തുന്നുകയാണ്
ആ വഴികള്‍ നിറയെ
അവളുടെ കണ്ണുനീര്‍പൂക്കള്‍ വിതറിയ കമ്മീസ്
ആ പെണ്‍കുഞ്ഞിന് അവളത്
സമ്മാനമായി നല്‍കുകയാണ്.
Comments