Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ഖുര്‍ശിദ് അഹ്മദിന്റെ ആ മറുപടി എപ്പോഴും പ്രസക്തമാണ്

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-8 )

ഓര്‍മയില്‍ തങ്ങുന്നതാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ ഖത്തര്‍ സന്ദര്‍ശനം. അദ്ദേഹവും മന്ത്രി ബേബി ജോണും ദോഹയിലെ വിവിധ പരിപാടികളില്‍ സംബന്ധിച്ച കൂട്ടത്തില്‍ ഞങ്ങളുമായി സംവദിക്കാനും സമയം കണ്ടെത്തി. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ തന്റെ അനുഭവം വിവരിക്കെ അദ്ദേഹം പറഞ്ഞു: 'വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കമായ മുസ്‌ലിം സമുദായത്തിന് എവിടെ വേണമെങ്കിലും സ്‌കൂള്‍ അനുവദിക്കാന്‍ ഞാന്‍ തയാറാണെങ്കിലും ഒരു സംഘടനയും മുന്നോട്ടുവരുന്നില്ലെന്നതാണ് ഖേദകരം. അധ്യാപകരുടെ സ്ഥലംമാറ്റം പോലുള്ള നിസ്സാര കാര്യങ്ങള്‍ക്കാണ് പാര്‍ട്ടിക്കാരും അല്ലാത്തവരും നിരന്തരം സമീപിക്കുന്നത്.' അക്കാലത്ത് അദ്ദേഹം ഒരു പൊതുയോഗത്തില്‍ പെങ്കടുത്തശേഷം രാത്രിഭക്ഷണത്തിന് ക്ഷണിച്ച വീട്ടുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ എയ്ഡഡ് ഹൈസ്‌കൂള്‍ അനുവദിച്ച സംഭവം എനിക്കോര്‍മയുണ്ട്. പക്ഷേ, സി.എച്ച് പാവപ്പെട്ട മാപ്പിളമാരുടെ തുടര്‍ പഠനത്തിനനുവദിച്ച എയ്ഡഡ് സ്‌കൂളുകളിലധികവും പില്‍ക്കാലത്ത് വന്‍ കോഴ വാങ്ങുന്ന കച്ചവട സ്ഥാപനങ്ങളായി മാറുകയാണുണ്ടായത്. 'മാധ്യമം' അതേപ്പറ്റി ഒരു അന്വേഷണാത്മക പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും മാനേജ്‌മെന്റുകളുടെ കടുത്ത എതിര്‍പ്പാണ് നേരിടേണ്ടിവന്നത്.

ഖത്തറിലെ ഹ്രസ്വകാല പ്രവാസ ജീവിതത്തില്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളില്‍ പലരുമായും പരിചയപ്പെടാനും സംവദിക്കാനും അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നു. അല്‍ മഅ്ഹദുദ്ദീനിയുടെ ഡയറക്ടറായിരുന്ന ഡോ. യൂസുഫുല്‍ ഖറദാവി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മതവിദ്യാഭ്യാസ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്ന ശൈഖ് അബ്ദുല്‍മുഇസ്സ് അബ്ദുസ്സത്താര്‍ എന്നിവര്‍ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ (മുസ്‌ലിം ബ്രദര്‍ഹുഡ്) സമുന്നത നേതാക്കളും സ്വദേശത്ത് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനാല്‍ ഖത്തറിലേക്ക് ചേക്കേറിയവരുമായിരുന്നു. അവരോടുള്ള നിരന്തര സമ്പര്‍ക്കം കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രയോജനകരമായി. ഖറദാവി രണ്ടു തവണയും അബ്ദുല്‍ മുഇസ്സ് നാലു തവണയും കേരളം സന്ദര്‍ശിക്കുകയുണ്ടായി. ഖത്തറിലെ പ്രവാസ ജീവിതം അവസാനിക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് ശൈഖ് അന്‍സാരി ഹിജ്‌റ 15-ാം നൂറ്റാണ്ടിന്റെ  പ്രാരംഭത്തില്‍ ഒരു അന്താരാഷ്ട്ര സീറാ-സുന്നഃ സമ്മേളനം സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം രാഷ്ട്രങ്ങളിലെ മതകാര്യ മന്ത്രിമാരും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതന്മാരുമായിരുന്നു കോണ്‍ഫറന്‍സിലെ ക്ഷണിതാക്കള്‍. ലഖ്‌നോ നദ്‌വത്തുല്‍ ഉലമായിലെ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, ഡോ. അബ്ദുല്ല അബ്ബാസ് നദ്‌വി, മുഫ്തി അതീഖുര്‍റഹ്മാന്‍ ഉസ്മാനി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. പാകിസ്താനെ പ്രതിനിധീകരിച്ചവരില്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ്, പ്രഫ. ഖുര്‍ശിദ് അഹ്മദ് എന്നിവരും ഉള്‍പ്പെടുന്നു. കോണ്‍ഫറന്‍സിനു ശേഷം ഇന്ത്യ-പാക് പ്രതിനിധികള്‍ക്കായി ഐ.ഐ.എ സ്വീകരണം സംഘടിപ്പിച്ചിരുന്നു. പ്രഫ. ഖുര്‍ശിദ് അഹ്മദുമായി സംവദിക്കാന്‍ പ്രത്യേക പരിപാടിയുമൊരുക്കി. ജനറല്‍ സിയാഉല്‍ ഹഖിന്റെ മന്ത്രിസഭയില്‍ മൂന്നു മാസക്കാലം ആസൂത്രണ മന്ത്രിയായി പ്രവര്‍ത്തിച്ച ശേഷം, പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന വാഗ്ദാനം പട്ടാള ഭരണാധികാരി ലംഘിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച ഉടനെയായിരുന്നു അദ്ദേഹം ദോഹയിലെത്തിയത്.

കാബിനറ്റില്‍ സുപ്രധാന വകുപ്പ് മന്ത്രിയായി മൂന്നു മാസക്കാലം പ്രവര്‍ത്തിച്ചതുകൊണ്ട് താങ്കള്‍ക്കും പ്രസ്ഥാനത്തിനുമുണ്ടായ നേട്ടമെന്ത്, പഠിച്ച പാഠമെന്ത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പ്രഫ. ഖുര്‍ശിദ് അഹ്മദിന്റെ ശ്രദ്ധേയമായ മറുപടി ഇന്നും ഓര്‍മയിലുണ്ട്: 'ഭരണം എന്ന ജോലി നമുക്ക് പറ്റില്ല. അതിനു വേറെത്തന്നെ പരിശീലനവും പരിചയവും വേണം എന്നാണെനിക്ക് ബോധ്യപ്പെട്ട വസ്തുത. അതിനാല്‍ ഉടനെത്തന്നെ ഞാന്‍ ചെയ്തത് ഇസ്‌ലാമാബാദില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി സ്റ്റഡീസ് സ്ഥാപിച്ച് നമ്മുടെ യുവാക്കളെ ഭരണനിര്‍വഹണത്തിന് യോഗ്യരാക്കാനുള്ള പരിശീലനം നല്‍കുകയാണ്.' തത്ത്വങ്ങള്‍ പറയാനും വിമര്‍ശിക്കാനും എളുപ്പമാണ്, പ്രായോഗികമായി ചുമതലകള്‍ നിറവേറ്റുക എളുപ്പമല്ല എന്ന പാഠം എവിടെയും എപ്പോഴും പ്രസക്തമാണ്. പില്‍ക്കാലത്ത് ഖുര്‍ശിദ് സാഹിബിന്റെ ഇളയ സഹോദരനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അനീസ് അഹ്മദ് മലേഷ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ വകുപ്പ് തലവനായിരിക്കെ ഒരിക്കല്‍ മദ്രാസിലെത്തിയതായി വിവരം കിട്ടിയപ്പോള്‍ പി.സി. ഹംസ സാഹിബിനോടൊപ്പമാണെന്നാണോര്‍മ, അദ്ദേഹത്തെ ചെന്നു കണ്ടപ്പോഴുണ്ടായ ഒരനുഭവം കൂടി ഇവിടെ സ്മരണീയമാണ്. ഇന്ത്യയില്‍ പല രംഗങ്ങളിലും യോഗ്യരായ പ്രവര്‍ത്തകരുടെ അഭാവവും ക്ഷാമവും ഞങ്ങളദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം, സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി വിവിധ വിഷയങ്ങളില്‍ യോഗ്യരായ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക അത്യന്തം ശ്രമകരമായതിനാല്‍ നമ്മുടെ കുട്ടികളെ നിലവിലെ നിലവാരമുള്ള സ്ഥാപനങ്ങളിലയച്ച് അവരിലൂടെ കമ്മിയും ക്ഷാമവും പരിഹരിക്കുകയാണ് ഏറ്റവും കരണീയം എന്നതായിരുന്നു. ഏറെ വൈകിയാണെങ്കിലും ആ ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നത് ആശ്വാസത്തിന് വകനല്‍കുന്നു.

ശൈഖ് അന്‍സാരിയുടെ മതകാര്യ വകുപ്പില്‍ ജോലിചെയ്യവെ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ കെ.സി. അബ്ദുല്ല മൗലവി സ്ഥാപനങ്ങളുടെ വികസനാവശ്യാര്‍ഥം ദോഹയില്‍ വന്നു. അേദ്ദഹവുമായി ജ്യേഷ്ഠന്‍ അബ്ദുല്ലയും ഞാനും പലരെയും ചെന്നു കണ്ട കൂട്ടത്തില്‍ ഖത്തര്‍ അമീറിന്റെ ഓഫീസിലുമെത്തി. അവിടെ ഇസ്‌ലാമിക് റിലേഷന്‍സ് ഡയറക്ടറായി ഫലസ്ത്വീന്‍ വംശജനായ ശൈഖ് കാമില്‍ സഗ്മൂത് എന്ന വയോധികനുണ്ട്. അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇസ്‌ലാഹിയയെ പരിചയപ്പെടുത്തിയതിനുശേഷം അമീറിനുള്ള കെ.സിയുടെ ഒരപേക്ഷയും സമര്‍പ്പിച്ചാണ് പിരിഞ്ഞുപോന്നത്. മതകാര്യവകുപ്പില്‍ ജോലി ചെയ്യുന്ന എന്റെ സേവനം ഡെപ്യൂട്ടേഷനില്‍ ഇസ്‌ലാഹിയ കോളേജിന് ലഭ്യമാക്കണമെന്നതായിരുന്നു അപേക്ഷയുടെ ഉള്ളടക്കം. അന്നത്തെ സാഹചര്യത്തില്‍ അത് സ്വീകരിക്കപ്പെടുമെന്ന ഒരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല. ഖത്തര്‍ പൊലീസില്‍ ജോലി ചെയ്തിരുന്ന സി.ടി. അബ്ദുര്‍റഹീം, പബ്ലിക് ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇ.വി. അബ്ദു എന്നിവരെ ശൈഖ് അന്‍സാരിയുടെ ശിപാര്‍ശപ്രകാരം കുറ്റിയാടി ഇസ്‌ലാമിയ കോളേജിലേക്ക് ഡെപ്യൂേട്ടഷനില്‍ അയച്ചിരുന്നു. എങ്കിലും എന്നെ ഇസ്‌ലാഹിയ കോളേജിലേക്ക് അയക്കണമെന്ന കെ.സിയുടെ ആവശ്യം അംഗീകരിക്കാന്‍ ശൈഖ് അന്‍സാരി തയാറായില്ല. 'അവനെ എനിക്കു തന്നെ വേണം. പറഞ്ഞയക്കാന്‍ പറ്റില്ല' എന്നായിരുന്നു അന്‍സാരിയുടെ പ്രതികരണം. അങ്ങനെയാണ് വെറുമൊരു പരീക്ഷണമെന്ന നിലയില്‍ അമീറിന് ഇസ്‌ലാമിക് റിലേഷന്‍സ് ഡയറക്ടര്‍ മുഖേന കെ.സി അപേക്ഷ സമര്‍പ്പിച്ചത്.

മാസങ്ങളോ വര്‍ഷമോ പിന്നിട്ടപ്പോള്‍ അമീറിന്റെ ഓഫീസില്‍നിന്ന് ഒരു ക്വറി ശൈഖ് അന്‍സാരിയുടെ ഓഫീസിലെത്തി. ഓഫീസ് സെക്രട്ടറി ഈജിപ്തുകാരനായ ഫൗസി സലാമയാണ് അത് കണ്ടത്. കെ.സി. അബ്ദുല്ല മൗലവിയുടെ അപേക്ഷയിന്മേല്‍ അഭിപ്രായമറിയിക്കാനായിരുന്നു അതില്‍ ആവശ്യപ്പെട്ടത്. ഫൗസി എന്നോട് വിവരം പറഞ്ഞപ്പോള്‍ അക്കാര്യത്തില്‍ എന്നെ സഹായിക്കണമെന്ന് ഞാനദ്ദേഹത്തോട് അപേക്ഷിച്ചു. മാനുഷികമായ പരിഗണനയില്‍ ഏറെ തല്‍പരനായിരുന്ന ഫൗസി ഉടനെ ശൈഖിനെ സമീപിച്ച് എനിക്കനുകൂലമായി ശിപാര്‍ശ ചെയ്യാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പക്ഷേ, ഞാന്‍ വിട്ടുപോവുന്നതില്‍ ഒട്ടും തല്‍പരനായിരുന്നില്ല അദ്ദേഹം. ഒരിക്കല്‍ അടച്ചിട്ട മുറിയില്‍ എന്നെ വിളിച്ചുവരുത്തി അദ്ദേഹം കാരണം വ്യക്തമാക്കി: ''നിനക്കറിയാമല്ലോ, ഈ ഓഫീസിലെ ഒരുത്തനെയും പൂര്‍ണമായും വിശ്വസിക്കാനാവില്ല. 'കുല്ലഹും ഹറാമിയ്യ' (എല്ലാവരും കള്ളന്മാരാണ്). അതിനാലാണ് നിന്നെത്തന്നെ ഞാന്‍ പരമരഹസ്യ കാര്യങ്ങള്‍ ഏല്‍പിക്കുന്നത്. നീ കൂടി പോയാല്‍...?' എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാന്‍ വിഷമസന്ധിയിലായി. ഒടുവില്‍ ഞാന്‍ പറഞ്ഞു: 'പോകാനെനിക്ക് നിര്‍ബന്ധമുണ്ടായിട്ടല്ല, അങ്ങയുടെ കൂടെ എത്രകാലവും എവിടെയും ജോലി ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ്. പക്ഷേ, ശൈഖ് അബ്ദുല്ല (കെ.സി)യുടെ നിര്‍ബന്ധമാണ് പ്രശ്‌നം. അദ്ദേഹത്തിന് സംഘടനാ നേതൃത്വഭാരം തന്നെ വേണ്ടതിലധികമുണ്ട്. പുറമെയാണ് അങ്ങേക്കറിയാവുന്നപോലെ ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ മേല്‍നോട്ട ബാധ്യതയും. അതുകൊണ്ടാണ് ഒരു സഹായി വേണമെന്ന് അദ്ദേഹം നിര്‍ബന്ധിക്കുന്നത്.' 'ഹും'. ശൈഖ് സമ്മതം മൂളി. അദ്ദേഹം എന്റെ ഡെപ്യൂട്ടേഷന് ശിപാര്‍ശ ചെയ്തു അമീറിന്റെ ഓഫീസിലേക്കയച്ചു. ഞാന്‍ ദിവസങ്ങളെണ്ണി കാത്തിരിപ്പായി. ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ ഫൗസി പറഞ്ഞതനുസരിച്ച് ഫൈനാന്‍സ് മന്ത്രാലയത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവിയെ ചെന്നു കണ്ടു വിവരങ്ങള്‍ പറഞ്ഞു. സംഗതി സാമ്പത്തിക ബാധ്യതയുള്ളതായതിനാല്‍ ധനകാര്യ വകുപ്പില്‍ അഭിപ്രായത്തിനയക്കുക സ്വാഭാവിക നടപടിക്രമമാണ്. ഞാന്‍ കൊടുത്ത റഫറന്‍സ് നമ്പര്‍ നോക്കി അദ്ദേഹം സാധനം കണ്ടുപിടിച്ചു. ഹുസൈന്‍ ബുഹുദുദ് എന്നൊരു നല്ല മനുഷ്യനായിരുന്നു പ്രസ്തുത ഉദ്യോഗസ്ഥന്‍. അദ്ദേഹം ഡെപ്യൂട്ടേഷന് അനുകൂലമായി എഴുതാമെന്നേറ്റു. സന്തുഷ്ടനായി ഞാന്‍ തിരിച്ചുപോന്നു.

പിന്നെയും മാസങ്ങള്‍ക്കുശേഷം ഒരുനാള്‍ പത്രം നിവര്‍ത്തിയപ്പോള്‍ മന്ത്രിസഭാ യോഗതീരുമാനങ്ങളുടെ വാര്‍ത്തയുണ്ടതില്‍. വായിച്ചു നോക്കിയപ്പോള്‍ വിദേശത്തുള്ള ചില സ്ഥാപനങ്ങളെ സഹായിക്കാമെന്ന് കാബിനറ്റ്  തീരുമാനിച്ചതായ ഒരു പരാമര്‍ശം കണ്ടു. എനിക്ക് പ്രതീക്ഷയേറി. ഞാനതുമായി വിദ്യാഭ്യാസ വകുപ്പിലെ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ചെന്നു. അക്കാലത്തെ വകുപ്പ് മേധാവികളില്‍ പലരുമായും ഞാന്‍ ബന്ധം സ്ഥാപിച്ചിരുന്നു. ഓഫീസ് ഡയറക്ടര്‍ പരിശോധിക്കാമെന്നേറ്റു. പിറ്റേന്ന് ചെന്നപ്പോള്‍ മന്ത്രിസഭാ തീരുമാനങ്ങളുടെ കോപ്പി അദ്ദേഹത്തിന്റെ ഓഫീസിലെത്തിയിരിക്കുന്നു. അതില്‍ എന്റെ ഡെപ്യൂട്ടേഷന്‍ അംഗീകരിച്ചതും ഉണ്ട്! സമാധാനമായി. ഞാന്‍ എല്ലാ സുഹൃത്തുക്കളോടും വിവരം പറഞ്ഞു. എല്ലാവരും അഭിനന്ദിച്ചുവെങ്കിലും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനില്‍ സംഭവിച്ചേക്കാവുന്ന വിടവിനെക്കുറിച്ച് ചിലര്‍ ആശങ്ക പ്രകടിപ്പിക്കാതിരുന്നില്ല. 'ഞാന്‍ വിടപറഞ്ഞാല്‍ പൂര്‍വാധികം ഊര്‍ജസ്വലമാവും അസോസിയേഷന്‍. ഇപ്പോള്‍ ഞാനുള്ളതുകൊണ്ട് സജീവമല്ലാത്തവരും അപ്പോള്‍ രംഗത്തുവരും' - കേവലം ആശ്വാസ വാക്കുകളായിരുന്നില്ല എന്റെ മറുപടി. പില്‍ക്കാലത്ത് കൂടുതല്‍ വികസിതവും ഊര്‍ജിതവുമായി പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍.

അപ്രകാരം എട്ടു വര്‍ഷങ്ങള്‍ നീണ്ട പ്രവാസി ജീവിതത്തിന് വിരാമമിട്ട ഞാന്‍ 1980 അവസാനത്തോടെ ദോഹയോട് വിടപറഞ്ഞു. അല്ലലും അലട്ടുമില്ലാത്ത ഒരു ജീവിതത്തിന് വഴിതുറന്നതും അന്ത്യംവരെ മറക്കാനാവാത്ത ചില മഹദ് വ്യക്തികളുമായി എന്നെ ബന്ധപ്പെടുത്തിയ വിലയേറിയ ജീവിതാനുഭവങ്ങള്‍ സമ്മാനിച്ചതുമായ ദോഹയെ മറക്കില്ലൊരിക്കലും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടേഷനിലായിരുന്നു നാട്ടിലെ ജോലി എന്നതിനാല്‍ പിന്നീടും ഇടവേളകളില്‍ ഖത്തറിലെത്തുകയും ബന്ധങ്ങള്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്. എന്നെന്നും കടപ്പെട്ട ശൈഖ് അബ്ദുല്ല അന്‍സാരി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ഉസ്താദ് ഹസന്‍ അബ്ബാനി, സതീര്‍ഥ്യരായിരുന്ന ഇ.വി. അബ്ദു, ടി.പി. അബ്ദുല്ല, സുഹൃത്തുക്കളായിരുന്ന അഡ്വ. എ. മുശാബ്, സ്വിസ് വാച്ച് ഹൗസ് ഉടമ അബ്ദുല്‍ മജീദ് സാഹിബ്, അദ്ദേഹത്തിന്റെ അനുജന്‍ ശാഹുല്‍ ഹമീദ്, അനേകം സംവത്സരങ്ങള്‍ ഖത്തറില്‍ ജീവിച്ചു മരിക്കാന്‍ വീണ്ടും അവിടെയെത്തിയ കേളോത്ത് അബ്ദുല്ല ഹാജി, പി.കെ. മുഹമ്മദലി സാഹിബ് കൂളിമുട്ടം, കാരക്കാടന്‍ മുഹമ്മദുണ്ണി ഹാജി, എം.കെ. മുഹമ്മദ് മൗലവി, ഈസക്കുട്ടി ഹാജി പാവറട്ടി, പി. അബ്ദുല്ലക്കുട്ടി മൗലവി എടപ്പാള്‍, ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ആലി ഹാജി മമ്പാട്, റൂംമേറ്റുകളായിരുന്ന മുന്നിയൂരിലെ കുഞ്ഞു, ചാവക്കാട്ടെ പി.പി. മാമു, പുറങ്ങിലെ പീര്‍ മുഹമ്മദ്ക്ക, ഒരുമനയൂരിലെ മുഹമ്മദലിക്ക, അനുജന്‍ ഹസന്‍കുട്ടി തുടങ്ങി എത്രയെത്രയാളുകള്‍ യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞിരിക്കുന്നു. പരേതര്‍ക്ക് അല്ലാഹു സ്വര്‍ഗീയ ജീവിതം പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ ഈയുള്ളവനിപ്പോള്‍ കഴിയൂ. ഇന്നും ഇസ്‌ലാമിക ലോകത്തിന് വെളിച്ചം പകര്‍ന്ന് ജ്ഞാനോപാസകനായി വിരാജിക്കുന്ന അല്ലാമാ യൂസുഫുല്‍ ഖറദാവിക്ക് അല്ലാഹു ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ. നടേ സൂചിപ്പിച്ചപോലെ ഖത്തര്‍ ടി.വി ഡയറക്ടര്‍ക്ക് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് നാല് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അദ്ദേഹമെഴുതിയ വരികള്‍ ആയുഷ്‌കാലത്ത് ഞാനേറ്റുവാങ്ങിയ അതിവിശിഷ്ട പുരസ്‌കാരമായി കരുതുന്നു, അതിന്റെ കോപ്പി നഷ്ടപ്പെട്ടുപോയെങ്കിലും.

എണ്‍പതുകളുടെ ഒടുവില്‍ ഖത്തറിനോട് വിടചൊല്ലിയെങ്കിലും വിദ്യാഭ്യാസ വകുപ്പുമായുള്ള ബന്ധം തുടര്‍ന്നതിനാലും കുടുംബക്കാരും നാട്ടുകാരും ധാരാളമായി ആ രാജ്യത്തേക്ക് ചേക്കേറിയതു കൊണ്ടും ഇടക്കിടെ ഖത്തര്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഗള്‍ഫ് മാധ്യമം ഖത്തറില്‍ എഡിഷന്‍ തുടങ്ങിയതില്‍ പിന്നെ പത്രസംബന്ധമായ കാര്യങ്ങള്‍ക്കും യാത്ര ചെയ്യേണ്ടിവന്നു. ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാന്‍ ഇതവസരം നല്‍കി. ഒരിക്കല്‍ ദോഹയിലെത്തിയപ്പോള്‍ മതകാര്യവകുപ്പിലെ പഴയ സഹപ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ മൗലവിയുമായി സൗഹൃദം പുതുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ചെന്നപ്പോഴുണ്ടായ അനുഭവം മറക്കാനാവില്ല. നാട്ടുകാരനായ കെ.ടി അബ്ദുല്ലയുമുണ്ടായിരുന്നു കൂടെ. ഉച്ചനേരത്താണ് അല്‍ മൗലവിയുടെ ഓഫീസ് മുറിയിലെത്തിയത്. അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഓഫീസ് സമയം കഴിഞ്ഞു സ്റ്റാഫെല്ലാം സ്ഥലം വിട്ടിരുന്നു. ഞങ്ങള്‍ താഴേക്കിറങ്ങാന്‍ ലിഫ്റ്റില്‍ കയറി. വിശാലമായ ലിഫ്റ്റ് പക്ഷേ, വഴിയില്‍ സ്തംഭിച്ചുപോയി. അല്‍ മൗലവി പലരെയും വിളിച്ചു നോക്കിയെങ്കിലും പ്രതികരണമില്ല. ഇസ്‌ലാമിക ചരിത്രത്തിലെ ഗുഹയില്‍ കുടുങ്ങിയ മൂവര്‍ സംഘത്തിന്റെ ഗതിയായി ഞങ്ങളുടേതും. ഏറെ സമയത്തിനുശേഷം യാദൃഛികമായി പഴയ മതകാര്യവകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഈജിപ്

തുകാരന്‍ മുഹമ്മദ് ശാഫിയെ ഫോണില്‍ കിട്ടി. അദ്ദേഹം ഉടനെ സിവില്‍ ഡിഫന്‍സിനെ (നമ്മുടെ ഫയര്‍ ആന്റ് റെസ്‌ക്യു) വിളിച്ചു വിവരം പറഞ്ഞു. അവര്‍ മെക്കാനിക്കുകളെ കൊണ്ടുവന്നു ഏറെ പണിപ്പെട്ട് ലിഫ്റ്റ് തുറക്കുന്നതില്‍ വിജയിച്ചു. ഞങ്ങള്‍ അല്ലാഹുവിന് സ്തുതി പറഞ്ഞു പുറത്തിറങ്ങിയപ്പോള്‍ കോമ്പൗണ്ടാകെ സുരക്ഷാ സേനയുടെ വലയത്തില്‍. സ്റ്റെയ്റ്റ്‌മെന്റ് ഒപ്പിട്ടുകൊടുത്തു ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോയി.

വീണ്ടുമൊരിക്കല്‍ ഖത്തറിലെത്തിയപ്പോള്‍ ഞാന്‍ ജോലിചെയ്തിരുന്ന മതകാര്യവകുപ്പ് തന്നെ പിരിച്ചുവിട്ട വിവരമാണറിഞ്ഞത്. പ്രായാധിക്യവും അസുഖവും മൂലം ശൈഖ് അന്‍സാരിക്ക് ഓഫീസിന്റെ നിയന്ത്രണം ഫലപ്രദമായി കൈയാളാന്‍ സാധിച്ചിരുന്നില്ല. അവസരം മുതലെടുത്ത ഈജിപ്തുകാരും ഫലസ്ത്വീന്‍കാരുമായ സ്റ്റാഫ് സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും പൊടിപൊടിച്ചു. പരാതികള്‍ ശ്രദ്ധയില്‍പെട്ട സര്‍ക്കാര്‍ അന്വേഷണ കമീഷനെ നിയോഗിച്ചു. കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ അധികപ്പറ്റാണെന്നാണ് ചൂണ്ടിക്കാട്ടിയത്. ഉടനെ ശൈഖ് അന്‍സാരി സ്ഥാനം രാജിവെച്ചു. സര്‍ക്കാര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിവൈവല്‍ ഓഫ് ഇസ്‌ലാമിക് ഹെറിറ്റേജ് എന്ന് നേരത്തേ പുനര്‍നാമകരണം ചെയ്യപ്പെട്ട വകുപ്പ് തന്നെ പിരിച്ചുവിട്ടു. വന്ദ്യവയോധികനായ ശൈഖ് അന്‍സാരിയാകട്ടെ ലണ്ടനില്‍ ഹൃദ്രോഗ ചികിത്സക്കും പോയി. അവിടെ ശസ്ത്രക്രിയക്ക് വിധേയനായ ആ വിശാല ഹൃദയന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. ഉന്നത വിദ്യാഭ്യാസം നേടിയ ആണ്‍മക്കളും പെണ്‍മക്കളും സര്‍ക്കാറിനകത്തും പുറത്തുമായി ജോലി ചെയ്ത് നല്ല നിലയില്‍ കഴിയുന്നു എന്നാണ് വിവരം.

എന്റെ രണ്ടാമത്തെ മകള്‍ ഹുദ എഞ്ചിനീയറായ അവളുടെ ഭര്‍ത്താവ് ബിലാലിനോടൊപ്പം ദോഹയില്‍ കഴിയവെ അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ വീണ്ടും അവിടെ എത്തുമ്പോള്‍ രാജ്യം തീര്‍ത്തും മാറിപ്പോയിരുന്നു. പ്രകൃതിവാതകം കൊണ്ട് ദൈവം അനുഗ്രഹിച്ച ഖത്തര്‍ വന്‍ പുരോഗതിയാണ് കൈവരിച്ചത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സര്‍വര്‍ക്കും അവരാഗ്രഹിക്കുന്ന വിദ്യാഭ്യാസം, തൊഴില്‍, ഉള്‍ക്കടല്‍ മണ്ണിട്ട് നികത്തി ഭീമാകാരമായ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ എന്നിങ്ങനെ കൊച്ചു ഖത്തര്‍ വികസനത്തിന്റെ മികച്ച മാതൃകയായി മാറിയിരുന്നു. 2018 ഡിസംബറില്‍ ചെന്നപ്പോഴാകട്ടെ അവിശ്വസനീയമായ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു കൊച്ചു ഖത്തര്‍. 2022-ലെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാനുള്ള തകൃതിയായ ഒരുക്കങ്ങളിലാണ് ആ രാഷ്ട്രം. അതിഗംഭീരമായ വിമാനത്താവളം, അത്യാധുനിക സ്‌റ്റേഡിയങ്ങള്‍, മെട്രോ റെയില്‍വെ, മെഗാ മാളുകള്‍, ആകാശം മുട്ടി നില്‍ക്കുന്ന ഹോട്ടലുകള്‍ എല്ലാം സുസജ്ജമായി വരുന്നു. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ മകന്‍ തമീമിനെ സിംഹാസനത്തിലിരുത്തി സ്ഥാനമൊഴിഞ്ഞ അമീര്‍ ഹമദ് ബിന്‍ ഖലീഫയുടെ ദീര്‍ഘദൃഷ്ടിയും യുവ ഭരണാധികാരിയുടെ വിവേകപൂര്‍വമായ നീക്കങ്ങളും നയതന്ത്രജ്ഞതയും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുമെല്ലാമാണ് പ്രതിസന്ധികളെ മറികടക്കാന്‍ ഖത്തറിനെ പ്രാപ്തമാക്കുന്നത്. ഒടുവിലത്തെ റിയാദ് ജി.സി.സി ഉച്ചകോടിയില്‍ മഞ്ഞുരുക്കമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അജണ്ടയില്‍ ഖത്തറിന്റെ ഉപരോധം ഉള്‍പ്പെടുത്താത്തതിനാല്‍ സ്തംഭനാവസ്ഥ തുടരുകയാണ്. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം