ഇടതുപക്ഷം ഇസ്‌ലാമിനെ വായിക്കുന്നത് എത്രമേല്‍ മുന്‍വിധികളോടെയാണ്
ഇസ്‌ലാമിസത്തെയും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയും മതവര്‍ഗീയതയുമായും സംഘ്പരിവാര്‍ ഫാഷിസവുമായും സമീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളും നിരീക്ഷണങ്ങളും കേരളത്തിലെ പല ഇടത്, ലിബറല്‍, മതേതര ബുദ്ധിജീവികളും രാഷ്ട്രീയ പ്രവര്‍ത്തകരും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതു കാണാം. വിഷയങ്ങളെ സത്യസന്ധമായി സമീപിക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന ആളുകള്‍ പോലും ഇതില്‍നിന്ന് ഒഴിവല്ല എന്നതിന് തെളിവാണ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റേതായി ഈയിടെ പുറത്തു വന്ന ഒരു പ്രസ്താവന. ദേശാഭിമാനിയുമായുള്ള ഒരു അഭിമുഖത്തില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെക്കുറിച്ച് അദ്ദേഹം നടത്തിയ ഒരു പരാമര്‍ശത്തിന്റെ വിശദീകരണമെന്നോണം പിന്നീട് പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: 'മതവര്‍ഗീയവാദം എന്ന നിലയില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാം ഏതെങ്കിലും നിലയില്‍ ഹൈന്ദവ വര്‍ഗീയതയില്‍നിന്ന് ഭിന്നമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനെ പിന്‍പറ്റുന്ന പ്രസ്ഥാനങ്ങള്‍ വര്‍ഗീയ ഫാഷിസത്തെയാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കേരളത്തില്‍ അവയില്‍ പലതും മതഭീകരപ്രസ്ഥാനങ്ങളാണ് എന്നതിലും സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ ഹൈന്ദവ വര്‍ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കപ്പെടേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമും.'
അതേസമയം ഇത്തരം പ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന അപരവല്‍ക്കരണം അതില്‍പെട്ടതാണ് എന്നും സുനില്‍ പറയുന്നുണ്ട്.
സംഘ് പരിവാറിന്റെ ഫാഷിസ്റ്റ് ഐഡിയോളജിയെയും വര്‍ഗീയ അജണ്ടകളെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തുറന്നുകാണിക്കുന്ന, ഏറ്റവും ശ്രദ്ധേയനായ ഒരു ഇടതുപക്ഷ ബുദ്ധിജീവിയാണ് സുനില്‍. അതേ അളവിലും ശൈലിയിലും മുസ്‌ലിം വര്‍ഗീയതയെ അദ്ദേഹം എതിര്‍ക്കുന്നില്ല എന്ന ആക്ഷേപത്തിനുള്ള മറുപടി ആയിട്ടുകൂടിയാണ് പുതിയ പ്രസ്താവന പുറത്തുവന്നത്.
പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ സംഘ്പരിവാര്‍ ഫാഷിസവുമായി സമീകരിക്കുന്ന സുനില്‍, എന്തുകൊണ്ടാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം എതിര്‍ക്കപ്പെടേണ്ടതെന്നോ, എങ്ങനെയാണ് അത് 'ഹൈന്ദവവര്‍ഗീയത'ക്ക് സമമാവുന്നതെന്നോ വിശദീകരിക്കാന്‍ തയാറാവുന്നില്ല. 9/11-നു ശേഷം പടിഞ്ഞാറന്‍ വ്യവഹാരങ്ങളിലൂടെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു പല സെക്യുലര്‍ ബുദ്ധിജീവികളെയും പോലെ അദ്ദേഹവും സംസാരിക്കുന്നതെന്നു തോന്നും. പടിഞ്ഞാറന്‍ ലോകത്ത് ഇസ്‌ലാമിനെക്കുറിച്ചും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെക്കുറിച്ചും നടക്കുന്ന ഗൗരവപ്പെട്ട ചര്‍ച്ചകള്‍ പോലും ശ്രദ്ധിച്ചതായി അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. സംഘ്പരിവാറിനെ വിമര്‍ശിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ സഹജമായ പരിമിതികളില്‍നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന സുനില്‍, ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളെ വിമര്‍ശിക്കുമ്പോള്‍ ആ പരിമിതിയില്‍ സ്വയം തളച്ചിടുന്നതാണ് കാണുന്നത്.
ഇസ്‌ലാമിസം, പൊളിറ്റിക്കല്‍ ഇസ്‌ലാം
അക്കാദമിക, പൊതുവ്യവഹാരങ്ങളില്‍ ഏറെക്കുറെ പര്യായ പദങ്ങളായിട്ടാണ് ഈ രണ്ട് സംവര്‍ഗങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. 'രാഷ്ട്രീയ ഇസ്‌ലാം' എന്ന് പരിഭാഷപ്പെടുത്താറുള്ള 'പൊളിറ്റിക്കല്‍ ഇസ്‌ലാം' എന്ന വാക്കിന്റെ പിന്നില്‍ ചില പാശ്ചാത്യ മതേതര മുന്‍വിധികള്‍ കൂടി ഒളിഞ്ഞിരിപ്പുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍, ഇസ്‌ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ട് ഒരു പുതിയതരം ഇസ്‌ലാമിനെയാണ് മുന്നോട്ടുവെക്കുന്നത് എന്ന ധ്വനി അതിലുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ പ്രതിരോധിക്കാന്‍ വേണ്ടി പരമ്പരാഗത (Traditional) ഇസ്‌ലാം, സൂഫി ഇസ്‌ലാം തുടങ്ങിയ കൗണ്ടര്‍ ഇസ്‌ലാമുകളെ പടിഞ്ഞാറന്‍ വ്യവഹാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും കാണാം. മതവും രാഷ്ട്രീയവും പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത ദ്വന്ദ്വമാണ് എന്ന മതേതര ആധുനിക യുക്തിയില്‍നിന്നാണ് യഥാര്‍ഥത്തില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന പ്രയോഗത്തിന്റെ ഉത്ഭവം. അമേരിക്കന്‍-ഇസ്രയേലീ എഴുത്തുകാരനും കടുത്ത ജൂതപക്ഷപാതിയുമായ മാര്‍ട്ടിന്‍ ക്രയ്മര്‍ (Martin Kramer) ഈ പ്രയോഗത്തില്‍ അടങ്ങിയ വൈരുധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്: 'പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന വാക്ക് അതിനകത്തു തന്നെ ഒരു വൈരുധ്യം ഉള്‍ക്കൊള്ളുന്നുണ്ട്. മുസ്‌ലിം ലോകത്ത് എവിടെയും രാഷ്ട്രീയം മതത്തില്‍നിന്ന് വേര്‍പെട്ടു നില്‍ക്കുന്നില്ല' (Middle East Quarterly - Spring 2003).
കുറേക്കൂടി സത്യസന്ധമാണ് പടിഞ്ഞാറ് തന്നെ കണ്ടെത്തിയ 'ഇസ്‌ലാമിസം' എന്ന വാക്ക്. 'മുഹമ്മദനിസം' എന്ന വാക്കിന് പകരമായി ഇസ്‌ലാമിനെ കുറിക്കാന്‍ വോള്‍ട്ടയര്‍ ഉള്‍പ്പെടെയുള്ള ഫ്രഞ്ച് ചിന്തകരാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് ക്രെയ്മര്‍ പറയുന്നു. പിന്നീട് ഇസ്‌ലാമിസം എന്ന വാക്കിന്റെ സ്ഥാനത്ത് ഇസ്‌ലാം പ്രചാരത്തില്‍ വരികയും ആദ്യത്തേത് ഏറെക്കുറെ വിസ്മരിക്കപ്പെടുകയും ചെയ്തു. 1970-കളില്‍, ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സൂചിപ്പിക്കാന്‍ ഫ്രഞ്ചുകാര്‍ തന്നെയാണ് വീണ്ടും ആ വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ഫ്രഞ്ചില്‍നിന്ന് പിന്നീട് അത് ഇംഗ്ലീഷിലേക്ക് വന്നുവെന്നും ക്രെയ്മര്‍ നിരീക്ഷിക്കുന്നു.
ഇസ്‌ലാമിസം എന്ന വാക്ക് തുടക്കത്തില്‍ ഉപയോഗിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രംഗത്തുവന്ന ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ വേണ്ടിയാണ്. പില്‍ക്കാലത്ത് അത് പൊതുവ്യവഹാരത്തിന്റെ ഭാഗമായി മാറുകയും പല 'ഇസ്‌ലാമിസ്റ്റ്' സംഘടനകളും ആ വാക്ക് സ്വാംശീകരിക്കുകയും ചെയ്തു. 1979-ല്‍ രിസാഷാ പഹ്‌ലവിയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചുകൊണ്ട് ആയത്തുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ ഇറാനില്‍ ജനകീയ വിപ്ലവം നടക്കുകയും ഇറാന്‍ 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വരികയും ചെയ്തതില്‍ പിന്നെയാണ് 'പൊളിറ്റിക്കല്‍ ഇസ്‌ലാം' എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. 2001 സെപ്റ്റംബര്‍ 9-ന് (9/11) ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട സംഭവത്തിനു ശേഷം അല്‍ ഖാഇദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകളിലേക്കു കൂടി ഇസ്‌ലാമിസം, പൊളിറ്റിക്കല്‍ ഇസ്‌ലാം എന്നീ വാക്കുകള്‍ ചേര്‍ത്തു പറയപ്പെടുകയും അമേരിക്ക ആരംഭിച്ച ഭീകരവിരുദ്ധ യുദ്ധത്തിന്റെ അപരമായും അതിന് സമാന്തരമായി നടന്ന മീഡിയാ യുദ്ധത്തിലൂടെ തീവ്രവാദം, ഭീകരവാദം തുടങ്ങിയ പ്രതിലോമകരമായ ആശയങ്ങളുടെ പര്യായമായും അവ മാറ്റപ്പെടുകയും ചെയ്തു.
ഈ ഭീകരവാദ പരിവേഷത്തില്‍നിന്ന് ഇസ്‌ലാമിസത്തിന് ചെറിയൊരു മോചനം ലഭിക്കുന്നത് 2010-ല്‍ തുനീഷ്യയില്‍നിന്ന് തുടക്കം കുറിച്ച അറബ് വസന്തത്തെ തുടര്‍ന്നാണ്. വിപ്ലവം നടന്ന അറബ് രാജ്യങ്ങൡ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ നിര്‍ണായക ശക്തിയായി മാറുകയും പലേടത്തും അധികാരം പങ്കിടുകയും ചെയ്തു. തുര്‍ക്കിയില്‍ 2002 മുതല്‍ക്ക് തന്നെ ഇസ്‌ലാമിസ്റ്റ് പശ്ചാത്തലമുള്ള ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) തുടര്‍ച്ചയായ തെരഞ്ഞെടുപ്പു വിജയങ്ങളിലൂടെ തരംഗം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. 2014 ആദ്യത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ(ഐ.എസ്.ഐ.എസ്)യുടെ രംഗപ്രവേശത്തോടെ 'ഇസ്‌ലാമിസ'ത്തിന് മുമ്പൊന്നുമില്ലാത്തത്ര പ്രചണ്ഡമായ രീതിയില്‍ ഭീകരമുദ്ര ചാര്‍ത്തപ്പെട്ടു. ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കുന്ന എല്ലാതരം രാഷ്ട്രീയ പ്രതിനിധാനങ്ങളെയും വിളിക്കാനുള്ള ചീത്തവാക്കായി ഇസ്‌ലാമിസവും പൊളിറ്റിക്കല്‍ ഇസ്‌ലാമും മാറി. ആ ചീത്തവിളിയാണ് സുനില്‍ ഉള്‍പ്പെടെയുള്ള മതേതര ബുദ്ധിജീവികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആക്ടിവിസത്തിന്റെയും പുനരുത്ഥാന വാദത്തിന്റെയും തലത്തില്‍നിന്നു മാറി, ഒരു പ്രായോഗിക രാഷ്ട്രീയ ശക്തിയായി ഇസ്‌ലാമിസം മാറിക്കഴിഞ്ഞുവെന്ന യാഥാര്‍ഥ്യം മറുവശത്ത് അവശേഷിക്കുന്നു. ഇസ്‌ലാമിസം എന്ന വാക്ക് ഉള്‍ക്കൊള്ളുന്ന വൈവിധ്യവും വൈരുധ്യവും നിറഞ്ഞ ആശയധാരകളിലേക്കു കൂടി അതിന്റെ വികാസപരിണാമങ്ങള്‍ വിരല്‍ചൂണ്ടുന്നുണ്ട്. ഈ വിഷയത്തില്‍ അതിനോട് കിടപിടിക്കാന്‍ കഴിയുന്ന ഒരു ഐഡിയോളജി മാര്‍ക്‌സിസം മാത്രമായിരിക്കും.
പടിഞ്ഞാറന്‍ വായനകള്‍
ഇസ്‌ലാമിസം/ പൊളിറ്റിക്കല്‍ ഇസ്‌ലാം പടിഞ്ഞാറന്‍ ലോകത്ത് പലരീതിയില്‍ നിര്‍വചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ഇടതു, മതേതര ബുദ്ധിജീവികളുടെ ഒരു മുഖ്യ അവലംബമായ സമീര്‍ അമീനെ പോലുള്ളവര്‍ (Samir Amin) 'അധികാരം പിടിച്ചടക്കുക എന്ന ഒരേയൊരു ലക്ഷ്യം മുന്നില്‍ വെക്കുന്ന രാഷ്ട്രീയ സംഘടനകള്‍' എന്ന് പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ വിശേഷിപ്പിച്ചതു കാണാം. അത്തരം സംഘടനകളെ ഇസ്‌ലാമിന്റെ കൊടിയില്‍ പൊതിയുന്നത് തികഞ്ഞ അവസരവാദമാണെന്നും പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ വിഖ്യാത ഇടതുപക്ഷ ചിന്തകനായ അമീന്‍ പറയുന്നുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ മതരാഷ്ട്രവാദത്തിലേക്ക് ന്യൂനീകരിക്കുന്ന ഈ തിയറിയുടെ അനുരണനമാണ്, അഭിമന്യു വധത്തെ തുടര്‍ന്ന് 'ഇസ്‌ലാമിസ്റ്റ് തീവ്രവാദ'ത്തിനെതിരെ സി.പി.എം നടത്തിയ കാമ്പയിനില്‍ ഉടനീളം മുഴങ്ങിക്കേട്ടത് (അമീന്റെ കാഴ്ചപ്പാടുകള്‍ വിശദമായ വിശകലനം ആവശ്യമുള്ളതാണ്. ഈ ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങാത്തതുകൊണ്ട് അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല).
അമീനെ പോലുള്ളവരുടെ മുന്‍വിധി നിറഞ്ഞ സമീപനം ഈ പഠന മേഖലയിലെ പൊതുപ്രവണതയാണെന്ന് പറയാന്‍ കഴിയില്ല. കുറേക്കൂടി സമഗ്രമായും വസ്തുനിഷ്ഠമായും ഇസ്‌ലാമിസത്തെ പഠിച്ച നിരവധി എഴുത്തുകാരും ചിന്തകന്മാരും ഉണ്ട്. ഉദാഹരണത്തിന് ഗ്രഹാം ഇ. ഫുള്ളര്‍ (Graham E. Fuller)‑, 'പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഭാവി' (Future of Political Islam) എന്ന പുസ്തകത്തില്‍ ഇസ്‌ലാമിസത്തെ/പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: 'സമകാലിക മുസ്‌ലിം ലോകത്ത്, രാഷ്ട്രവും സമൂഹവും എങ്ങനെ സംവിധാനിക്കണം എന്ന വിഷയത്തില്‍ ഒരു വിശ്വാസ സംഹിത എന്ന നിലയില്‍ ഇസ്‌ലാമിന് സുപ്രധാനമായ ചിലത് പറയാനുണ്ട് എന്ന് വിശ്വസിക്കുന്ന ആളെയാണ് ഞാന്‍ ഇസ്‌ലാമിസ്റ്റ് എന്ന് വിളിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന വാക്ക് നിഷ്പക്ഷമായിട്ടു വേണം ഉപയോഗിക്കാന്‍. അത് സ്വയം വിധികല്‍പിക്കുന്നതോ അവജ്ഞാപൂര്‍വം ഉപയോഗിക്കുന്നതോ ആവരുത്. ഏത് ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രത്യേകമായ കാഴ്ചപ്പാടുകളും ലക്ഷ്യവും ശൈലിയും വിലയിരുത്തിക്കൊണ്ടു മാത്രമേ അതിനെ വിമര്‍ശനവിധേയമാക്കാവൂ. ഇസ്‌ലാമിസത്തിന്റെ വിവിധതരം ആവിഷ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായതുകൊണ്ടാണ് ഞാന്‍ ഈ നിര്‍വചനം തെരഞ്ഞെടുക്കുന്നത്.' ബ്രദര്‍ഹുഡ് മുതല്‍ ഐ.എസ് വരെയുള്ള ഗ്രൂപ്പുകളെ ഇസ്‌ലാമിസം എന്ന കുപ്പിയിലിട്ട് തീവ്രവാദം, ഭീകരവാദം തുടങ്ങിയ സ്റ്റിക്കറുകള്‍ പുറത്തൊട്ടിച്ചുവെക്കുന്ന സമീപനത്തെ തള്ളിക്കളയുകയാണ് ഈ നിര്‍വചനത്തിലൂടെ ഫുള്ളര്‍ ചെയ്യുന്നത്.
ഫുള്ളറോട് ചേര്‍ന്നുനിന്നുകൊണ്ട് 'പൊതു, രാഷ്ട്രീയ ജീവിതം ഇസ്‌ലാമിക തത്ത്വങ്ങളാല്‍ നയിക്കപ്പെടണം എന്ന് വാദിക്കുന്ന സാമൂഹിക, രാഷ്ട്രീയ ആക്ടിവിസത്തിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍' എന്ന് വിക്കിപീഡിയ ഇസ്‌ലാമിസത്തെ നിര്‍വചിക്കുന്നു.
'വരണ്ടതും നിശ്ചേതനവുമായ എന്തോ ഒന്നായി പുറമെനിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കുന്നവര്‍, അവരുടെ സമീപനത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രവണതകളെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്ക്' എന്നാണ് മാര്‍ട്ടിന്‍ ക്രെയ്മര്‍ മറ്റൊരു തലത്തില്‍ നിന്നുകൊണ്ട് ഇസ്‌ലാമിസത്തെ വിശേഷിപ്പിക്കുന്നത്.
9/11-നു ശേഷം ഇസ്‌ലാമിസം/പൊളിറ്റിക്കല്‍ ഇസ്‌ലാമിനെക്കുറിച്ച് ലേഖനങ്ങളുടെയും പഠനങ്ങളുടെയും ഒരു പ്രളയം തന്നെ പടിഞ്ഞാറന്‍ ലോകത്ത് സംഭവിച്ചിട്ടുണ്ട്. ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള മുഖാമുഖത്തെ പുതിയ ചാലുകളിലേക്ക് വഴിതിരിച്ചുവിട്ട നിര്‍ണായകമായ സംഭവമായിരുന്നല്ലോ ഇസ്‌ലാമിന് പ്രത്യേകിച്ച് ഒരു പങ്കും ഇല്ലാത്ത ആ ഭീകരാക്രമണം. ആധുനിക, ഉത്തരാധുനിക കാഴ്ചപ്പാടുകളില്‍ ഇസ്‌ലാമിസം അക്കാദമിക തലത്തില്‍ വായിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും പുതിയ പുതിയ നിരവധി വായനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആശയപരമായി ഇസ്‌ലാമിസത്തോട് ശക്തമായി വിയോജിക്കുമ്പോള്‍ തന്നെ അതിനകത്ത് ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈവിധ്യമാര്‍ന്ന ചിന്താധാരകളെയും പ്രവണതകളെയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ് വിമര്‍ശകരില്‍ പലരും. ഏകശിലാരൂപമായ ഒരു പ്രതിഭാസമായിട്ടല്ല ഇസ്‌ലാമിസത്തെ അവര്‍ കാണുന്നത്. ഏത് ഭൂമിശാസ്ത്ര, സാമൂഹിക പരിസരത്താണോ അത് പ്രവര്‍ത്തിക്കുന്നത്, അതിന്റെ സവിശേഷമായ സാഹചര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി, സ്വയം മാറാനും വികസിക്കാനും കെല്‍പുള്ള ഒരു ക്രിയാത്മക ശക്തിയായി ഇസ്‌ലാമിസത്തെ വിലയിരുത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പോസ്റ്റ് ഇസ്‌ലാമിസം തുടങ്ങിയ പദപ്രയോഗങ്ങള്‍ അക്കാദമിക രംഗത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്, ഇസ്‌ലാമിസത്തിനകത്തെ പുതിയ പ്രവണതകളെ വായിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ്.
ഇസ്‌ലാമിസം/പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന പദദ്വയം ആരെക്കുറിച്ചൊക്കെ ഉപയോഗിക്കാം എന്നതിന് നിയതമായ ഒരു മാനദണ്ഡവും ഇല്ല. 'ഇഷ്ടമില്ലാത്ത മുസ്‌ലിംകളെ ചീത്തവിളിക്കാനുള്ള വാക്കാ'യി അത് മാറിയിരിക്കുന്നുവെന്ന് 2013-ല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്ക- ഇസ്‌ലാമിക് റിലേഷന്‍സ് പരാതിപ്പെടുകയുണ്ടായി. സര്‍വാംഗീകൃതമായ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദ, ഐ.എസ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങള്‍ പോലും 'ഇസ്‌ലാമിസ്റ്റ്' എന്ന് വിളിക്കപ്പെടുന്നത് ഭീകരവാദത്തെ ഇസ്‌ലാമിലേക്ക് ചേര്‍ത്തു പറയാനുള്ള ഒരു കൊളോണിയല്‍ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ പ്രസ്ഥാനങ്ങളുടെ മറപിടിച്ച് ഇസ്‌ലാമിന്റെ തന്നെ മുഖം വികൃതമാക്കാന്‍ ആഗോള വ്യാപകമായി നടത്തപ്പെടുന്ന വിദ്വേഷാധിഷ്ഠിത പ്രചാരവേലകള്‍ നിരീക്ഷിക്കുമ്പോള്‍ മറ്റൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ പ്രയാസമാണ്. ഇസ്‌ലാമിനെ തെറ്റായി പ്രതിനിധാനം ചെയ്യുന്ന ഒരു കൂട്ടം മുസ്‌ലിംകള്‍ അതിന് വളം നല്‍കുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. നിഗൂഢമായി ഉദിക്കുകയും ഉദിച്ചപോലെ അസ്തമിക്കുകയും ചെയ്യുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിസ്റ്റ് മുഖ്യധാരയുടെ അപവാദങ്ങളാണ് എന്നതാണ് യാഥാര്‍ഥ്യം. ഇസ്‌ലാമിസം എന്ന വാക്ക് അതിന്റെ ദുരുപയോഗം മൂലം അര്‍ഥശൂന്യമായി മാറിയിരിക്കുന്നു എന്ന് തുനീഷ്യയിലെ റാശിദ് ഗന്നൂശി ഉള്‍പ്പെടെയുള്ള പല ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇടതുപക്ഷ സമീപനത്തിന്റെ പരിമിതികള്‍
ഇസ്‌ലാമിസത്തെ/പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതില്‍ പല പടിഞ്ഞാറന്‍ ചിന്തകര്‍ക്കുമുള്ള സഹജമായ ഒരു പരിമിതി കേരളത്തിലെ ഇടതു, മതേതര ബുദ്ധിജീവികളിലും തെളിഞ്ഞു കാണാം. മുമ്പ് സൂചിപ്പിച്ചപോലെ, സമ്പൂര്‍ണമായ മതരാഷ്ട്ര വിഛേദനത്തില്‍ വിശ്വസിക്കുന്ന സെക്യുലര്‍ മോഡേണിറ്റിയുടെ കണ്ണട വെക്കുന്നതുകൊണ്ട് ഉണ്ടാവുന്ന പ്രശ്‌നമാണത്. ഇസ്‌ലാമിസത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജോണ്‍ എല്‍. എസ്‌പൊസിറ്റോ (John L. Esposito) ഇത് സുന്ദരമായി തുറന്നുകാട്ടിയിട്ടുണ്ട്. ക്ലെയ്മിംഗ് ദ സെന്റര്‍: പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ട്രാന്‍സിഷന്‍ എന്ന പഠനത്തില്‍ എസ്‌പൊസിറ്റോ എഴുതുന്നു: ''പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പല വിമര്‍ശകരിലും ഒളിഞ്ഞിരിക്കുന്നത് ഒരു 'സെക്യുലര്‍ ഫണ്ടമെന്റലിസ'മാണ്. അഥവാ, മതത്തെയും രാഷട്രത്തെയും കൂട്ടിക്കലര്‍ത്തുന്നത് അനിവാര്യമായും അസ്വീകാര്യവും അയുക്തികവും അപകടകരവും തീവ്രവാദപരവുമാണെന്ന ആധുനിക മതേതര കാഴ്ചപ്പാട്. അങ്ങനെ ചെയ്യുന്നവര്‍ ഫണ്ടമെന്റലിസ്റ്റുകളും മതഭ്രാന്തന്മാരും ആയി മുദ്രയടിക്കപ്പെടുന്നു. ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയെന്ന് ഇസ്‌ലാമിനെക്കുറിച്ച് പറയുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പാശ്ചാത്യര്‍ (ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ നിരീക്ഷകര്‍, പത്രപ്രവര്‍ത്തകര്‍, പൊതുജനം) തല്‍ക്ഷണം അവരെ മതമൗലികവാദികള്‍ എന്നും മാറ്റത്തിന് എതിരു നില്‍ക്കുന്ന പ്രതിലോമ ശക്തികള്‍ എന്നും മുദ്രയടിക്കുന്നു.''
''എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തീവ്രവാദികളാണെന്നും ഇസ്‌ലാമും ജനാധിപത്യവും ഒരിക്കലും ഒത്തുപോവുകയില്ലെന്നുമുള്ള നിഗമനത്തില്‍ ഈ ആളുകളെ എത്തിക്കുന്നത്, മതരാഷ്ട്ര സമന്വയം അനിവാര്യമായും തീവ്രവാദപരവും മതഭ്രാന്തും ആണെന്ന ധാരണയാണ്.''
ആധുനിക മതേതര ജനാധിപത്യത്തിന്റെ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് ഇസ്‌ലാമിസം ജനാധിപത്യവിരുദ്ധമാണെന്ന് സുനില്‍ ഉള്‍പ്പെടെയുള്ള ഇടതുബുദ്ധിജീവികള്‍ വാദിക്കുന്നത്.
'ഇസ്‌ലാമിക രാഷ്ട്രീയം അതിന്റെ ഉള്ളടക്കത്തില്‍ ജനാധിപത്യപരമല്ല. ജനാധിപത്യത്തെ അതിന്റെ കോര്‍ വാല്യുവില്‍ അംഗീകരിക്കുക എന്നത് പ്രധാനമാണ്. എങ്കില്‍ മാത്രമേ നമുക്ക് ഭിന്നതകളെ നിലനിര്‍ത്താന്‍ കഴിയൂ. സ്ട്രാറ്റജിക്കലി ജനാധിപത്യത്തെ അംഗീകരിച്ചതുകൊണ്ട് കാര്യമില്ല' - ദേശാഭിമാനിയുമായുള്ള അഭിമുഖത്തില്‍ സുനില്‍ പറയുന്നു.
മാര്‍ക്‌സിസത്തിന്റെ പ്ലാറ്റ്‌ഫോമിലും നിലപാടു തറയിലും നിന്നുകൊണ്ടാണ് അദ്ദേഹം ഇത് പറയുന്നത് എന്നോര്‍ക്കണം. സി.പി.എമ്മിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ The Marxist ല്‍ 1984-ല്‍ പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള പാര്‍ട്ടിയുടെ സമീപനം വിശദീകരിച്ചുകൊണ്ടുള്ള ഒരു ലേഖനം പാര്‍ട്ടി വെബ്‌സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്. എന്തുകൊണ്ട് ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പാര്‍ട്ടി പിന്തുണക്കുന്നുവെന്ന് വിശദമാക്കുന്ന ലേഖനം പറയുന്നത്, 'പാര്‍ലമെന്ററി ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതിന്റെ തന്നെ വ്യാമോഹജനകമായ സ്ഥാപനങ്ങള്‍ക്കെതിരെ പൊരുതാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ ബാധ്യസ്ഥരാണ്' എന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാഠമാണ് പാര്‍ട്ടി പിന്തുടരുന്നത് എന്നാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ 'സ്ട്രാറ്റജിക്കലി' ആയിട്ടാണ് പാര്‍ട്ടി അംഗീകരിക്കുന്നത് എന്നര്‍ഥം. ഇതൊക്കെ പഴയ കാര്യങ്ങളാണെന്ന് പറഞ്ഞ് അവഗണിക്കാം. ഭിന്നതകളെ നിലനിര്‍ത്തിക്കൊണ്ടും അംഗീകരിച്ചുകൊണ്ടുമുള്ള വിശാലമായ ജനാധിപത്യ സമീപനമാണോ പാര്‍ട്ടി പിന്തുടരുന്നത് എന്ന് റഷ്യയിലേക്കും ചൈനയിലേക്കും ചൂണ്ടാതെ, കേരളീയ അനുഭവങ്ങള്‍ വെച്ചുകൊണ്ട് തന്നെ ഒരാള്‍ക്ക് ചോദിക്കാവുന്നതാണ്. പക്ഷേ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ അതേപടി അംഗീകരിക്കുന്ന ആളല്ല സുനില്‍. അദ്ദേഹം ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ വക്താവുമല്ല. മാര്‍ക്‌സിസത്തില്‍ ജനാധിപത്യത്തിന് ന്യായമായ ഒരിടം ഉണ്ടെന്നും അത്തരം വായനകള്‍ അതിനകത്ത് സാധ്യമാണ് എന്നും വിശ്വസിക്കുന്നയാളാണ്. പക്ഷേ, അത്തരം ഒരു സാധ്യതയും ഇസ്‌ലാമിലോ ഇസ്‌ലാമിസത്തിലോ അനുവദിച്ചുകൊടുക്കാന്‍ അദ്ദേഹത്തെപ്പോലുള്ള ബുദ്ധിജീവികള്‍ തയാറാവുകയില്ല എന്നതാണ് പ്രശ്‌നം.
ജനാധിപത്യം ഒരു സിദ്ധാന്തം മാത്രമല്ല ഭരണ രൂപീകരണത്തിന്റെയും നടത്തിപ്പിന്റെയും ഒരു രീതിശാസ്ത്രം കൂടിയാണ്. പടിഞ്ഞാറന്‍ മതേതര ജനാധിപത്യത്തിന്റെ മതവിരുദ്ധതയെ സൈദ്ധാന്തികമായി വിമര്‍ശിച്ച, ഇസ്‌ലാമിസത്തിന്റെ ധൈഷണികാചാര്യന്മാരില്‍ മുമ്പന്‍ എന്ന് വിളിക്കപ്പെടുന്ന മൗദൂദി പോലും, ഒരു രീതിശാസ്ത്രം എന്ന നിലയില്‍ ജനാധിപത്യത്തെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിലും ഭരണം നടത്തുന്നത് ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ തന്നെയായിരിക്കും. ജനങ്ങളുടെ പരമാധികാരം എന്നത് ജനാധിപത്യത്തിലെ കേള്‍ക്കാന്‍ സുഖമുള്ള ആശയമാണ്. പക്ഷേ, ഒരു ജനാധിപത്യക്രമത്തില്‍ നിയമനിര്‍മാണത്തില്‍ ജനനന്മയും ജനങ്ങളുടെ അഭിലാഷങ്ങളും പ്രതിഫലിക്കുന്നുണ്ടോ എന്നത് നിയമം നിര്‍മിക്കുന്ന ആളുകളുടെ സ്വഭാവവും താല്‍പര്യങ്ങളും ധാര്‍മിക നിലവാരവും അനുസരിച്ചിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും ജനാധിപത്യത്തെത്തന്നെ ജനാധിപത്യത്തിലൂടെ സമര്‍ഥരായ ഭരണാധികാരികള്‍ക്ക് അട്ടിമറിക്കാന്‍ കഴിയും. ഈ യാഥാര്‍ഥ്യം കൂടി മുന്നില്‍ വെച്ചുകൊണ്ടാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ധാര്‍മികബോധമുള്ള മനുഷ്യര്‍, ദൈവിക നിയമങ്ങള്‍ക്ക് വിധേയരായി നിയമം നിര്‍മിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയെ ഇസ്‌ലാമിന്റെ മത, രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മൗദൂദി മുന്നോട്ടു വെച്ചത്. ഇസ്‌ലാമിസത്തെക്കുറിച്ച നിഷ്പക്ഷമായ പഠനങ്ങളില്‍ മൗദൂദി വിലയിരുത്തപ്പെടുന്നത് ജനാധിപത്യവിരുദ്ധനായിട്ടല്ല, സെക്യുലര്‍ ജനാധിപത്യത്തിനു പകരമായി ഒരു ഇസ്‌ലാമിക ജനാധിപത്യം ദാര്‍ശനികമായി അവതരിപ്പിച്ച ചിന്തകനായിട്ടാണ്.
ഗന്നൂശിയെപ്പോലുള്ള സമകാലിക ഇസ്‌ലാമിസ്റ്റ് ചിന്തകര്‍, ഇസ്‌ലാമിക ജനാധിപത്യത്തെക്കുറിച്ച ചര്‍ച്ചകളെ വ്യത്യസ്ത തലങ്ങളില്‍ വികസിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിസത്തിനകത്ത് ജനാധിപത്യത്തെക്കുറിച്ച സംവാദങ്ങള്‍ കുറേകാലമായി സജീവമാണ്. സ്ത്രീസ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും നിരവധി പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെടുന്നു. ഇതൊരു സൈദ്ധാന്തിക സംവാദം മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയ രാജ്യങ്ങളില്‍ പ്രായോഗിക മാതൃകകളായി വികസിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്. ഇസ്‌ലാമിസം ജനാധിപത്യവിരുദ്ധമാണ് എന്ന പഴയ പല്ലവി വീണ്ടും പാടുന്നതിനു പകരം മാര്‍ക്‌സിസത്തിലാണോ, ഇസ്‌ലാമിസത്തിലാണോ കൂടുതല്‍ ജനാധിപത്യമുള്ളത് എന്നേടത്തേക്ക് സംവാദത്തെ വികസിപ്പിക്കേണ്ട ഒരു ചരിത്ര പരിസരത്താണ് നാം ഇപ്പോഴുള്ളത്. പക്ഷേ, ഇതൊക്കെ മനസ്സിലാവണമെങ്കില്‍ സമീര്‍ അമീനും അപ്പുറം ഇസ്‌ലാമിസത്തെ വായിക്കുകയും നന്നായി ഹോംവര്‍ക്ക് ചെയ്യുകയും ചെയ്യേണ്ടിവരും, നമ്മുടെ ഇടതുബുദ്ധിജീവികള്‍.
ഇവരുടെ ഏറ്റവും വലിയ പ്രശ്‌നം, വിമര്‍ശകരുടെ രചനകളിലൂടെ മാത്രമേ ഇസ്‌ലാമിനെയും ഇസ്‌ലാമിസത്തെയും വായിക്കൂ എന്ന വാശിയാണ്. ഏതു ആശയത്തെയും അതിന്റെ ആധികാരിക സ്രോതസ്സുകളിലൂടെ പഠിച്ചുകൊണ്ട് വിമര്‍ശിക്കുക എന്നത് ബൗദ്ധിക സംവാദത്തിന്റെ മിനിമം മര്യാദയാണ്. കേരളത്തില്‍ നടത്തപ്പെടുന്ന ഇസ്‌ലാം-ഇസ്‌ലാമിസ്റ്റ് വിമര്‍ശനങ്ങളുടെ മുഴുവന്‍ ഉറവിടം തേടിച്ചെന്നാല്‍, വിരലിലെണ്ണാവുന്ന ഏതാനും പാശ്ചാത്യ എഴുത്തുകാരുടെ ഇസ്‌ലാമോഫോബിക് രചനകളിലാണ് എത്തിച്ചേരുക.
ഇസ്‌ലാമിസം, ഹിന്ദുത്വം
സംഘ്പരിവാര്‍ ഫാഷിസത്തിന് ഒരു മുസ്‌ലിം അപരത്തെ പ്രതിഷ്ഠിക്കുന്നതുകൊണ്ട് സെക്യുലര്‍ ബുദ്ധിജീവികള്‍ക്ക് പല സൗകര്യങ്ങളുണ്ട്. ഈ അപരം പൊളിറ്റിക്കല്‍ ഇസ്‌ലാം തന്നെ ആവണം എന്നില്ല. അപരവല്‍ക്കരിക്കപ്പെട്ട മുസ്‌ലിം സ്വത്വത്തിന്റെ ഏതുതരം ആവിഷ്‌കാരവും മുസ്‌ലിം വര്‍ഗീയത എന്ന് വിളിക്കപ്പെടാം. അല്ലെങ്കില്‍ അത്തരം ഏതു ആവിഷ്‌കാരത്തെയും ചീത്തവിളിക്കാന്‍ ഇസ്‌ലാമിസം, പൊളിറ്റിക്കല്‍ ഇസ്‌ലാം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കപ്പെടാം. ഫഌഷ് മോബ്, കിത്താബ് തുടങ്ങിയ കൊച്ചുകൊച്ചു സംഭവങ്ങളിലെ സ്വാഭാവികമായ മുസ്‌ലിം പ്രതികരണങ്ങള്‍ പോലും സി.പി.എമ്മിന്റെ സത്വരശ്രദ്ധ പതിയേണ്ട 'മുസ്‌ലിം വര്‍ഗീയ ഭീഷണി'യായി മാറുന്നതിന്റെ രാഷ്ട്രീയം അതാണ്.
ഈ അപരകല്‍പനകൊണ്ട് വിമര്‍ശകര്‍ക്ക് പല പ്രയോജനങ്ങളുമുണ്ട്. ചിലര്‍ക്കത് സ്വന്തം ഉപബോധമനസ്സില്‍ അടിഞ്ഞുകൂടിയ മുസ്‌ലിം വിരുദ്ധതയെ ഇടക്കിടെ പുറത്തേക്കു വിടാനുള്ള ഉപായമാണ്. മറ്റു ചിലര്‍ക്ക്, സംഘ്പരിവാര്‍ ഫാഷിസത്തെ വിമര്‍ശിക്കുന്നതില്‍നിന്ന് സ്വയം ഒഴിഞ്ഞുമാറാനുള്ള ന്യായീകരണമാണ്. മുസ്‌ലിം വര്‍ഗീയതയാണ് സംഘ്പരിവാറിനെ വളര്‍ത്തുന്നതെന്ന് അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും സംഘ്പരിവാര്‍ വര്‍ഗീയതയെക്കുറിച്ച് ഒന്നും പറയാതിരിക്കുകയും ചെയ്യും. സുനിലിനെപ്പോലെ ചുരുക്കം ചില സംഘ്പരിവാര്‍ വിമര്‍ശകര്‍ക്ക്, അവരുടെ നിലപാടിന് പൊതുസമൂഹത്തില്‍ സ്വീകാര്യത നേടാനുള്ള ഉപാധിയാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ സംഘ്പരിവാര്‍ ഫാഷിസവുമായി സമീകരിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങള്‍. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആളുകള്‍ ഉന്നയിക്കുന്ന മുസ്‌ലിം അപരവല്‍ക്കരണം എന്ന ന്യായമായ പ്രശ്‌നത്തെ ജനാധിപത്യവാദികള്‍ അഡ്രസ് ചെയ്യണം എന്ന് സുനില്‍ പറയുമ്പോള്‍ അദ്ദേഹം അര്‍ഥമാക്കുന്നത്, മുസ്‌ലിം സംഘടനകള്‍ സ്വയം അത് ഉന്നയിക്കുന്നതും അതിന്റെ പേരില്‍ സംഘടിക്കുന്നതും വര്‍ഗീയത വളര്‍ത്തുകയും ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും ചെയ്യും എന്ന് കൂടിയാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാം അല്ല, മുസ്‌ലിംകളുടെ രാഷ്ട്രീയ കര്‍തൃത്വം തന്നെയാണ് ഇത്തരം ഇടതുപക്ഷ വിമര്‍ശനങ്ങളില്‍ അടങ്ങിയ ആകുലത. ഇതിനെയാണ് അവര്‍ 'രാഷ്ട്രീയ ഇസ്‌ലാം' എന്ന് വ്യവഹരിക്കുന്നത്. മുസ്‌ലിം സാമൂഹിക, രാഷ്ട്രീയ പ്രതിനിധാനങ്ങളോടുള്ള ഇടതുപക്ഷ മുഖ്യധാരയുടെ തൊട്ടുകൂടായ്മ, നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പ് കൊണ്ടൊന്നും തുടച്ചുമാറ്റാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്.
സംഘ്പരിവാറിനെയും ഇസ്‌ലാമിസത്തെയും ഈ വിമര്‍ശകര്‍ സമീകരിക്കുന്നത് ഹിന്ദുരാഷ്ട്രം സമം ഇസ്‌ലാമിക രാഷ്ട്രം എന്ന ലളിത യുക്തി ഉപയോഗിച്ചാണ്. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ഐഡിയോളജിയുടെ മുസ്‌ലിം വേര്‍ഷന്‍ ആയിട്ടാണ് ഇസ്‌ലാമിസത്തെ അവര്‍ അവതരിപ്പിക്കുന്നത്. ഇത് രണ്ടും ഒരുപോലെയാണെന്ന് ഒരാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ക്ക് രണ്ടിനെയും അറിയില്ല എന്നതാണ് സത്യം. ഇസ്‌ലാമിസവും ഹിന്ദുത്വവും തമ്മിലുള്ള മൗലികമായ അന്തരം, ഹിന്ദുത്വം വംശീയ ദേശീയതയില്‍ അധിഷ്ഠിതമാണ്, ഇസ്‌ലാമിസം അങ്ങനെയല്ല എന്നതാണ്. ഹിന്ദുത്വത്തിന്റെ അടിസ്ഥാനം വംശീയതയും ദേശീയതയുമാണ് എന്നത് ഒരാരോപണമല്ല, അതിന്റെ വക്താക്കള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. സംഘ്പരിവാര്‍ ഐഡിയോളജിയുടെ ആധാരമായ ഹിന്ദുത്വം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് 1923-ല്‍ സവര്‍ക്കര്‍ ആണ്; അദ്ദേഹത്തിന്റെ പ്രശസ്തമായ ഋലൈിശേമഹ െീള ഒശിറൗ്േമ എന്ന പുസ്തകത്തിലൂടെ. സവര്‍ക്കര്‍ 'ഹിന്ദു'വിനെ നിര്‍വചിച്ചത്, 'ഹിന്ദുസ്ഥാനത്തെ പിതൃഭൂമിയായും പുണ്യഭൂമിയായും സ്വീകരിച്ചവര്‍' എന്നാണ്. ഇന്ത്യ മാതൃഭൂമിയായ എല്ലാവരും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുകയില്ല എന്നര്‍ഥം. ഹിന്ദുസ്ഥാനത്തെ പുണ്യഭൂമിയായി സ്വീകരിക്കുക എന്നതിന്റെ അര്‍ഥം, 'ഹിന്ദുവംശ'ത്തിന്റെ സ്ഥാപകര്‍ എന്ന് സവര്‍ക്കര്‍ വിശേഷിപ്പിക്കുന്ന ആര്യന്മാരുടെ കാലം തൊട്ട് രൂപപ്പെട്ടുവന്ന 'ഹിന്ദു' സംസ്‌കാരത്തെ സ്വാംശീകരിച്ചവര്‍ എന്നാണ്. 'ഹിന്ദു' എന്ന വംശവും 'ഹിന്ദുസ്ഥാന്‍' അഥവാ ഭാരതം എന്ന ദേശവും സംസ്‌കൃതം, ഹിന്ദി എന്നീ ഭാഷകളും 'ഹിന്ദു സംസ്‌കാര'വുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനങ്ങളായി സവര്‍ക്കര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം ഭരണത്തെ അപരസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് സവര്‍ക്കര്‍ തന്റെ വംശീയ ഐഡിയോളജി വികസിപ്പിച്ചെടുത്തത്. അതിന്റെ സംഘടിത രൂപമാണ് ഇന്ത്യന്‍ മുസ്‌ലിംകളെ മുഖ്യ ശത്രുവായി അപരസ്ഥാനത്ത് നിര്‍ത്തുന്ന സംഘ്പരിവാര്‍. ബാബരി മസ്ജിദിന്റെ ധ്വംസനത്തില്‍ കലാശിച്ച രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ സംഘ്പരിവാര്‍ അതിന്റെ മുസ്‌ലിം വിരുദ്ധ ഐഡിയോളജിയെ കൃത്യമായ രാഷ്ട്രീയ പരിപാടിയായി പരിവര്‍ത്തിപ്പിച്ചു. 1989-ല്‍ പാലംപൂര്‍ പ്രമേയത്തിലൂടെ ബി.ജെ.പി ഹിന്ദുത്വത്തെ അതിന്റെ ഐഡിയോളജിയായി ഔദ്യോഗികമായി അംഗീകരിച്ചു എന്ന് രേഖകളില്‍ കാണാം. അധികാരത്തിലേറിയ സംഘ്പരിവാര്‍ ഇപ്പോള്‍ പലരീതിയില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധതയും ഹിംസാത്മക വംശീയതയും അതിന്റെ ഐഡിയോളജിയില്‍ ഊട്ടപ്പെട്ടതാണെന്ന് കാണാന്‍ പ്രയാസമില്ല.
തീര്‍ത്തും ഭിന്നമാണ് ഇസ്‌ലാമിസത്തിന്റെ ഐഡിയോളജിയും ചരിത്രവും ഉത്ഭവ പശ്ചാത്തലവും. ഇസ്‌ലാമിക മതദര്‍ശനമാണ് അതിന്റെ ആശയപരമായ അടിത്തറ. മുമ്പ് വിശദീകരിച്ച പോലെ മതവും സമൂഹവും രാഷ്ട്രവും ഉള്‍പ്പെട്ട ഒരു സാകല്യമായി ഇസ്‌ലാമിനെ അത് മനസ്സിലാക്കുകയും അതിന്റെ പ്രയോഗവല്‍ക്കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഏത് രാജ്യത്താണോ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നത്, ആ രാജ്യത്തെ അവരുടെ ജന്മഭൂമിയും മാതൃഭൂമിയുമായി അംഗീകരിക്കുന്നവരാണ് മറ്റ് മുസ്‌ലിംകളെപ്പോലെ ഇസ്‌ലാമിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവരും. യൂറോപ്പില്‍ മതേതര ആധുനികതയുടെ അരങ്ങേറ്റത്തോടെ മതത്തെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തണം എന്ന ആശയം ശക്തിപ്പെടുകയും കൊളോണിയല്‍ അനന്തര മുസ്‌ലിം രാജ്യങ്ങളില്‍ അധികാരത്തില്‍ വന്ന ഭരണകൂടങ്ങള്‍ ഈ പാശ്ചാത്യ ആശയം ജനാധിപത്യവിരുദ്ധ രീതികളിലൂടെ അടിച്ചേല്‍പിക്കാന്‍ തുനിയുകയും ചെയ്ത ഒരു ചരിത്ര സന്ധിയിലാണ്, ഇസ്‌ലാമിന്റെ സമഗ്രതയെ ദാര്‍ശനികമായി വീണ്ടെടുത്തുകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. ഈ പ്രസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ വേണ്ടിയാണ് ഇസ്‌ലാമിസം എന്ന വാക്ക് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് എന്ന് മുമ്പ് നാം കാണുകയുണ്ടായി. മറ്റേതെങ്കിലും ജനവിഭാഗത്തെ അപരസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാമിസത്തിന്റെ ഐഡിയോളജി വികസിച്ചുവന്നത്. വംശം, ഭാഷ, ദേശം, വര്‍ണം, വര്‍ഗം, ഗോത്രം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വംശീയതയെയും അടിയോടെ നിരാകരിക്കുന്ന ഇസ്‌ലാം ആണ് ഇസ്‌ലാമിസത്തിന്റെ ആശയാടിത്തറ. വംശവെറിയില്‍ അധിഷ്ഠിതമായ സംഘ് പരിവാറിന്റെ ഫാഷിസ്റ്റ് ഐഡിയോളജിയുമായി അതിനെ സമീപകരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. പാശ്ചാത്യ വിരുദ്ധത പല ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും മുഖമുദ്രയാണെങ്കിലും മതവിരുദ്ധമായ പാശ്ചാത്യ ആശയങ്ങളോടുള്ള വിരോധവും അതിലുപരി മുസ്‌ലിം ലോകം ഉള്‍പ്പെടുന്ന മൂന്നാം ലോകത്തെ അപരവത്കരിച്ച പാശ്ചാത്യ കൊളോണിയലിസത്തോടുള്ള പ്രതിഷേധവുമാണ് അതിലൂടെ പ്രതിഫലിക്കുന്നത്.
ഇസ്‌ലാമിസം, പൊളിറ്റിക്കല്‍ ഇസ്‌ലാം തുടങ്ങിയ സംവര്‍ഗങ്ങള്‍കൊണ്ട് ഇന്ത്യയിലെ മുസ്‌ലിം പ്രതിനിധാനങ്ങളെ ബ്രാന്‍ഡ് ചെയ്യുമ്പോള്‍, കൃത്യമായും ആരെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വിമര്‍ശകര്‍ പലപ്പോഴും തെളിച്ചു പറയാറില്ല. സന്ദര്‍ഭം പോലെ ആര്‍ക്കു വേണ്ടിയും ഈ വാക്കുകള്‍ ഉപയോഗിക്കാം എന്നതാണ് ഈ നിഗൂഢതയുടെ ഒരു സൗകര്യം. മുസ്‌ലിംകള്‍ അസ്തിത്വ ഭീഷണി നേരിടുന്ന ഇന്ത്യയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചുകളയാം എന്ന വ്യാമോഹം ഏതെങ്കിലും ഇസ്‌ലാമിക സംഘടനക്ക് ഉണ്ടാവാന്‍ വഴിയില്ല. മുസ്‌ലിംകളെ അവരുടെ സ്വത്വവും പൗരാവകാശങ്ങളും സംരക്ഷിക്കാന്‍ വേണ്ടി രാഷ്ട്രീയമായും സാമൂഹികമായും സംഘടിപ്പിക്കുക, ആദര്‍ശപരമായി സമുദ്ധരിക്കുകയും ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനമായി മാറാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക, മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം പ്രബോധനം ചെയ്യുക, സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കാന്‍ ബുദ്ധിപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും മുസ്‌ലിംകളെ സജ്ജമാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നിരവധി മുസ്‌ലിം സംഘടനകള്‍ ഇന്ത്യയിലുണ്ട്. ചുരുക്കം ചില അപവാദങ്ങളൊഴിച്ചാല്‍ ഇവയൊക്കെയും ജനാധിപത്യപരമായും സമാധാനപരമായും പ്രവര്‍ത്തിക്കുന്നവയാണ്. മുസ്‌ലിംകള്‍ക്കിടയിലെ തീവ്രവാദ പ്രവണതകളെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നതും മുസ്‌ലിം സംഘടനകള്‍ തന്നെയാണ്. അധീശവര്‍ഗ ഫാഷിസത്തെയും അതിനോടുള്ള ഇരകളുടെ പ്രതികരണങ്ങളെയും -അവ ചിലപ്പോഴൊക്കെ ഹിംസാത്മകമാണെങ്കില്‍ തന്നെയും- ഒരേ കണ്ണ് കൊണ്ട് കാണുന്നത് ആത്യന്തികമായി ഗുണം ചെയ്യുക വേട്ടക്കാര്‍ക്കാണെന്ന് തിരിച്ചറിയാന്‍ കഴിവുള്ളവരാണ് സുനിലിനെപ്പോലുള്ള ബുദ്ധിജീവികള്‍. ഇന്ത്യന്‍ മുസ്്‌ലിംകള്‍ നേരിടുന്ന അപരവത്കരണത്തെ അഡ്രസ്സ് ചെയ്യണമെങ്കില്‍ പോലും, സംഘ് പരിവാറിന് ഒരു മുസ്്‌ലിം അപരത്തെ സങ്കല്‍പിച്ചേ മതിയാവൂ എന്ന സെക്യുലര്‍ ബോധ്യമല്ലേ ഈ സമീകരണത്തിലും തെളിഞ്ഞുകാണുന്നത്?
Comments