Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ഇസ്‌ലാമിലെയും ക്രിസ്തുമതത്തിലെയും തത്ത്വങ്ങള്‍

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

(യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 10)

പല ക്രൈസ്തവ വിഭാഗങ്ങളും താഴെപ്പറയുന്ന തത്ത്വങ്ങളില്‍ വിശ്വസിക്കുന്നുണ്ട്:

1) ത്രിയേകത്വം

2) യേശുവിന്റെ ദിവ്യത്വം

3) യേശുവിന്റെ ദിവ്യമായ പുത്രപദവി

4) ആദിപാപം

5) പ്രായശ്ചിത്തം

ദൈവം ഏകനാണ് എന്നതും അവനു മാത്രമേ വിധേയപ്പെടാവൂ എന്നതും അവനോട് മാത്രമേ സഹായാര്‍ഥനകള്‍ നടത്താവൂ എന്നതും ഓരോ മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസപ്രമാണമാണ്. ഇതിനു വിരുദ്ധമായി പല ക്രിസ്ത്യന്‍ വിഭാഗങ്ങളും ദൈവത്തിന്റെ ത്രിത്വത്തില്‍ (Triune)  ആണ് വിശ്വസിക്കുന്നത്. പ്രാകൃത മതവിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്കായേ ഇസ്‌ലാമതിനെ കാണുന്നുള്ളൂ.1 ഖുര്‍ആന്‍ വിശദീകരിച്ച പോലെ, ദൈവത്തിന്റെ അവതാരമല്ല യേശു; മറിച്ച്, ദൈവദൂതനും പ്രവാചകനുമാണ്. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ എല്ലാ അര്‍ഥത്തിലും അദ്ദേഹം ഒരു മനുഷ്യനാണ്. യേശുവിന്റെ ദിവ്യമായ പുത്രപദവിയോ ആദിപാപമോ അതിന് ബദലായുള്ള ബലിയര്‍പ്പണമോ പ്രായശ്ചിത്തമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ ആറാണ്: ഏകദൈവത്തിലുള്ള വിശ്വാസം, മാലാഖമാരിലുള്ള വിശ്വാസം, വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ദൈവപ്രവാചകന്മാരിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, നന്മയായാലും തിന്മയായാലും വിധിയി(ഖദ്ര്‍)ലുള്ള വിശ്വാസം.

 

ത്രിയേകത്വം

ലോകം മുഴുക്കെ പല ക്രൈസ്തവ വിഭാഗങ്ങളും ഈ വിശ്വാസമാണ് വെച്ചുപുലര്‍ത്തുന്നത്. അതായത് ദൈവത്തില്‍ തന്നെ മൂന്ന് വ്യതിരിക്ത ദിവ്യാസ്തിത്വങ്ങളാണ്. പിതാവ് എന്ന ദൈവം, പുത്രന്‍ എന്ന ദൈവം, പരിശുദ്ധാത്മാവ് എന്ന ദൈവം. പക്ഷേ, അത്ഭുതപ്പെടുത്തുന്ന കാര്യം, യേശു ത്രിയേകത്വത്തെക്കുറിച്ച് ഒരിക്കല്‍ പോലും ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്. 'ദിവ്യ വ്യക്തികളെ'(ഉശ്ശില ജലൃീെി)െക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ജലൃീെി എന്ന വാക്കുതന്നെ ബൈബിളില്‍ ഒരിടത്തും കാണാന്‍ കഴിയില്ല. അല്ലാഹുവിനെക്കുറിച്ച് യേശു യഥാര്‍ഥത്തില്‍ എന്താണോ പറഞ്ഞത് അത് എല്ലാ പ്രവാചകന്മാരും പറഞ്ഞതു തന്നെയാണ്. അതായത് ദൈവം ഏകനാണ്, അവന് മാത്രമേ വഴിപ്പെടാവൂ. ത്രിയേകത്വത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല.2

തനിക്ക് മുന്‍കഴിഞ്ഞുപോയ പ്രവാചകന്മാരുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് യേശു ചെയ്തത്. ''ഒരു വേദജ്ഞന്‍ അടുത്തു വന്ന് അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് ശ്രദ്ധിച്ചു. അവന്‍ അവരോട് ഭംഗിയായി ഉത്തരം പറയുന്നതു കണ്ടിട്ട് അയാള്‍ അവനോട് ചോദിച്ചു: 'കല്‍പ്പനകളില്‍ പരമപ്രധാനമായത് ഏതാണ്?' യേശു പറഞ്ഞു: 'അല്ലയോ ഇസ്രായേലേ കേള്‍ക്കൂ, നമ്മുടെ ദൈവമായ കര്‍ത്താവാകുന്നു ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടി സ്‌നേഹിക്കുക.' ഇതാണ് ഒന്നാമത്തെ കല്‍പ്പന'' (മാര്‍ക്കോസ് 12: 28-30).

യേശു മൂന്ന് ദിവ്യ വ്യക്തികളില്‍ വിശ്വസിച്ചിരുന്നില്ലെന്നതിനും വിശ്വസിച്ചത് ഏക ദൈവത്തില്‍ മാത്രമാണെന്നതിനും ബൈബിളില്‍ തന്നെ തെളിവുകള്‍ കാണാം: ''നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം. അവനെ മാത്രമേ സേവിക്കാവൂ'' (മത്തായി 4:10).

ത്രിയേകത്വം ക്രിസ്തുവിന്റെ അധ്യാപനങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത് അദ്ദേഹം വിടവാങ്ങി മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ്. ആധികാരികമായ നാല് സുവിശേഷങ്ങളിലും ത്രിയേകത്വത്തെക്കുറിച്ച് സൂചനയില്ല. യേശുവോ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ അത് പഠിപ്പിച്ചിട്ടില്ല. ആദ്യകാല ക്രിസ്റ്റ്യാനിറ്റിയിലെ മഹാപണ്ഡിതന്മാരൊന്നും അത് പ്രബോധനം ചെയ്തിട്ടുമില്ല. ഈ ആശയം കൂട്ടിച്ചേര്‍ക്കപ്പെടുന്നത് നിഖ്യാ കൗണ്‍സിലി(Nicean Council)നു ശേഷമാണ്; അതും വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍. യഥാര്‍ഥത്തില്‍, ഏകദൈവത്വത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷത്തെ മറികടന്ന് ന്യൂനപക്ഷത്തിന്റെ അഭിപ്രായം അംഗീകരിക്കുകയാണ് ഈ കൗണ്‍സില്‍ ചെയ്തത്.3

ത്രിയേകത്വം എന്ന ആശയം യുക്തിപരമായും നിലനില്‍പ്പുള്ള ഒന്നല്ല. ദിവ്യത്വമുള്ള മൂന്ന് വ്യക്തികളില്‍ വിശ്വസിക്കലാണല്ലോ അത്. ഈ വ്യക്തികളുടെ സ്വഭാവം ഒന്നുകില്‍ പരിമിതം (Finite) ആണ്, അല്ലെങ്കില്‍ അനന്തം (Infinite) ആണ്. അനന്തമാണ് എന്ന് കണക്കിലെടുത്താല്‍ മൂന്ന് വ്യത്യസ്ത, സര്‍വവ്യാപിയായ അസ്തിത്വങ്ങളായി. അഥവാ മൂന്ന് വ്യത്യസ്ത ദൈവങ്ങള്‍. ഇനി ആ അസ്തിത്വങ്ങള്‍ക്ക് പരിമിതത്വം എന്ന സ്വഭാവമാണ് ഉള്ളതെങ്കില്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ദൈവമാകാനുള്ള യോഗ്യതയും നഷ്ടപ്പെടുന്നു. യഥാര്‍ഥത്തില്‍, സൃഷ്ടികളായ രണ്ട് അസ്തിത്വങ്ങള്‍ക്ക് (യേശുവിനും പരിശുദ്ധാത്മാവി-ഗബ്രിയേല്‍ മാലാഖ-നും) അനര്‍ഹമായി ദിവ്യത്വപദവി നല്‍കുന്നതിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് ത്രിയേകത്വം. ഈ ആശയം മനസ്സിലാക്കുക യുക്തിപരമായി ദുഷ്‌കരമായതിനാല്‍, പുരോഹിതന്മാര്‍ പറയുക അത് മനുഷ്യധിഷണക്കും അപ്പുറമുള്ള നിഗൂഢതയാണെന്നും മനസ്സിലാക്കേണ്ട ആവശ്യമില്ലെന്നും വിശ്വാസകാര്യമായി അതിനെ സ്വീകരിച്ചാല്‍ മതിയെന്നുമാണ്.

ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് വളരെ ലളിതവും സുതാര്യവുമായ ഒരു വിശ്വാസ പ്രമാണമാണ്. അല്ലാഹു ഏകനാണ്, അവനെപ്പോലെ മറ്റാരുമില്ല. അവന് ഒരു തരത്തിലുള്ള പങ്കാളികളുമില്ല. അവന്‍ നിരാശ്രയനാണ്. എന്നാല്‍ എല്ലാ സൃഷ്ടികള്‍ക്കും അവനെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയുമില്ല. അവന്‍ ജനിച്ചവനല്ല; ആര്‍ക്കും ജന്മം കൊടുക്കുകയുമില്ല. പങ്കാളിയായോ തത്തുല്യനായോ അവനില്‍നിന്ന് യാതൊന്നും ഉണ്ടായിവരികയില്ല.

ഏകദൈവത്വമാണ് യേശു പ്രബോധനം ചെയ്തിരുന്നതെന്ന് ബൈബിളില്‍നിന്ന് സുതരാം വ്യക്തമാണ്. ഈ സംഭാഷണം ശ്രദ്ധിക്കുക. 'എന്റെ പിതാവിന്റെ അടുക്കല്‍ കണ്ടതിനെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്ന് കേട്ടത് നിങ്ങള്‍ ചെയ്യുന്നു.' അവര്‍ മറുപടി പറഞ്ഞു: 'അബ്രഹാമാണ് ഞങ്ങളുടെ പിതാവ്.' യേശു അവരോട് പറഞ്ഞു: 'നിങ്ങള്‍ അബ്രഹാമിന്റെ സന്തതികളായിരുന്നെങ്കില്‍, അബ്രഹാം ചെയ്തത് നിങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍ ദൈവത്തില്‍നിന്ന് കേട്ട സത്യം നിങ്ങളോട് പറഞ്ഞ മനുഷ്യനെ4 നിങ്ങള്‍ കൊല്ലാന്‍ ശ്രമിക്കുന്നു' (യോഹന്നാന്‍ 8:38-40).

വീണ്ടും: ''ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍. ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വവല്‍ക്കരിച്ചു; നീ എന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി'' (യോഹന്നാന്‍ 17:3-4).

ഖുര്‍ആന്‍ 112-ാം അധ്യായത്തില്‍ ദൈവത്തിന്റെ ഏകത്വമാണ് ഊന്നിപ്പറയുന്നത്: ''പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ പിതാവോ പുത്രനോ അല്ല. അവനു തുല്യനായി ആരുമില്ല.''

മറ്റൊരിടത്ത് ഖുര്‍ആന്‍ (4:171): ''വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. 'ത്രിത്വം' പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി.''

വീണ്ടും (5:73-74): ''ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ.''

ത്രിയേകത്വത്തെ 'പിന്തുണക്കുന്ന' ബൈബിളിലെ ഏക തെളിവ് യോഹന്നാന്റെ ഒന്നാം ലേഖനത്തിലുള്ള ഈ വരികളാണ് (5:7): ''പിതാവ്, വചനം, പരിശുദ്ധാത്മാവ് എന്നീ മൂന്ന് സാക്ഷികളുണ്ട് ആകാശ ലോകത്ത്. ഈ മൂന്നും ഒന്നാണ്.'' പക്ഷേ, ഈ വരികള്‍ ആര്‍.എസ്.വി (Revised Standard Version) യില്‍നിന്നും മറ്റു പല ബൈബിള്‍ പതിപ്പുകളില്‍5നിന്നും ഒഴിവാക്കിയിരിക്കുന്നു. കിംഗ് ജെയിംസ് ഭാഷ്യത്തിലും മറ്റും ആ ഭാഗം കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്ന് ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

(തുടരും)

 

കുറിപ്പുകള്‍

1) Story of Civilization (Vol. II, p. 276)  എന്ന തന്റെ ഗ്രന്ഥത്തില്‍ വില്‍ ഡ്യുറന്റ് എഴുതുന്നത് ഇങ്ങനെ: വിഗ്രഹാരാധന (ജമഴമിശാെ)യെ ഇല്ലാതാക്കുകയല്ല അതിനെ കൈയേല്‍ക്കുകയാണ് ക്രിസ്റ്റിയാനിറ്റി ചെയ്തത്. പക്ഷേ, ഏകദൈവത്തിനു മാത്രമേ വഴിപ്പെടാവൂ എന്ന് ഉദ്‌ബോധിപ്പിച്ച ക്രിസ്തുവിന്റെ ക്രിസ്തുമതത്തിനല്ല, പൗലോസിന്റെ ക്രിസ്തുമതത്തിനാണ് ഇത് ബാധകം എന്ന് മാത്രം.

2) യെശയ്യ (44:24)യില്‍ യഹോവ ഇങ്ങനെ പറയുന്നു: ''ഞാനാണ് എല്ലാം സൃഷ്ടിച്ച കര്‍ത്താവ്.'' യെശയ്യയില്‍ തന്നെ മറ്റൊരിടത്ത് (45:5): ''ഞാനാണ് കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല.'' ഇനിയും കാണുക (യെശയ്യ 45:18): ''ആകാശത്തെ സൃഷ്ടിച്ചവന്‍ അവനാണ്, അവനാണ് ദൈവം, ഭൂമിയെ രൂപപ്പെടുത്തിയതും അവനത്രെ, അവന്‍ അത് സ്ഥാപിച്ചു, രൂപരഹിതമായ പാഴായിട്ടല്ല അവന്‍ അത് സൃഷ്ടിച്ചത്, ആവാസയോഗ്യമായി അവന്‍ അത് രൂപപ്പെടുത്തി- ആ കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ''ഞാനാണ് കര്‍ത്താവ്; മറ്റൊരു കര്‍ത്താവില്ല.'' തിമൊത്തെയോസ് ഒന്നിലും (6:16) ദൈവത്തെക്കുറിച്ച് പറയുന്നു: ''അവന്‍ മാത്രമാണ് അമര്‍ത്യന്‍.'' യെശയ്യ(46:9)യില്‍ അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു: ''ഞാനാണ് ദൈവം; മറ്റൊരു ദൈവം ഇല്ല. ഞാനാണ് ദൈവം, എന്നെപ്പോലെ ആരുമില്ല.''

ഖുര്‍ആന്‍ പറയുന്നതു കാണൂ: ''അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും'' (39:62), ''അവനാണ് അല്ലാഹു; നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവനുമാത്രം വഴിപ്പെടുക. അവന്‍ എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍ത്താവാണ്'' (6:102), ''എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. ഒരിക്കലും മരിക്കാത്തവനും. അവനില്‍ ഭരമേല്‍പിക്കുക. അവന്റെ വിശുദ്ധി വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനായി അവന്‍ തന്നെ മതി'' (25:58), ''ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും.'' (42:11). ആരാധിക്കപ്പെടേണ്ടത് ഇങ്ങനെയൊരു അസ്തിത്വമാവണം എന്നതാണല്ലോ ന്യായം.

3) സഭാധികാരികളുടെയും ദൈവശാസ്ത്ര വിദഗ്ധരുടെയും കൗണ്‍സിലുകള്‍ (Ecumenical Councils)  അവയുടെ അധികാര പരിധിക്കു പുറത്തുള്ള അവകാശങ്ങള്‍ സ്വയം കൈയേല്‍ക്കുകയായിരുന്നു. പ്രഥമ നിഖ്യാ കൗണ്‍സിലില്‍ വെച്ച് യേശുവിന് ദിവ്യത്വം കല്‍പ്പിക്കപ്പെട്ടു, രണ്ടാം കൗണ്‍സിലില്‍ പരിശുദ്ധാത്മാവിന് ദിവ്യത്വം നല്‍കപ്പെട്ടു. മൂന്നാം കൗണ്‍സിലില്‍ വെച്ചാണ് മര്‍യമിന് ദിവ്യത്വം നല്‍കപ്പെട്ടത്. പാപങ്ങള്‍ പൊറുക്കാനുള്ള അവകാശം ചര്‍ച്ചിന് ലഭിക്കുന്നത് പന്ത്രണ്ടാം കൗണ്‍സിലില്‍ വെച്ച്. ഇരുപതാം കൗണ്‍സിലില്‍ വെച്ച് പോപ്പിന് അപ്രമാദിത്വം (Infallibility) കല്‍പ്പിക്കപ്പെട്ടു.

Encyclopedia Americana  പറയുന്നത്, ചരിത്രത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്നത് ഏകദൈവത്വ പ്രസ്ഥാനമായിരുന്നു എന്നാണ്. ത്രിയേകത്വത്തിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് അത് നിലനിന്നിരുന്നു. ക്രൈസ്തവത എന്നത് ജൂതമതത്തിന്റെ ഉല്‍പ്പന്നമാണ് എന്ന് പറയാറുണ്ട്. ജൂതമതമാവട്ടെ ഏകദൈവത്വത്തില്‍ കണിശത പുലര്‍ത്തുന്ന മതവുമാണ്. ത്രിയേകത്വ വിശ്വാസം ചേര്‍ക്കപ്പെടുന്നത് ക്രി. നാലാം നൂറ്റാണ്ടില്‍ മാത്രമാണ്. യഥാര്‍ഥ ക്രൈസ്തവതയുടെ ദൈവസങ്കല്‍പ്പമല്ല അത് പ്രതിഫലിപ്പിക്കുന്നത്. മറിച്ച്, ത്രിയേകത്വം എന്നത് ആ യഥാര്‍ഥ വിശ്വാസത്തില്‍നിന്നുള്ള വ്യതിചലനമാണ് (വാ: 27, പേ: 294).

The New Catholic Encylopaedia-യില്‍ ഇങ്ങനെ കാണാം: ''മൂന്ന് വ്യക്തികളില്‍ ഒരു ദൈവം (One God in Three Persons) എന്ന സങ്കല്‍പം നാലാം നൂറ്റാണ്ടിന്റെ ഏതാണ്ട് അവസാനം വരെ ക്രൈസ്തവ മതജീവിതത്തിന്റെ ഭാഗമായിരുന്നില്ല. ത്രിയേകത്വ സിദ്ധാന്തം (Trinitarian Principle) എന്ന പേരിലാണ് ഈ ആശയം കടന്നുവരുന്നത്. ഇതിനോട് സാദൃശ്യമുള്ള യാതൊന്നും (യേശുവിന്റെ) ശിഷ്യന്മാരില്‍ കാണുന്നില്ല.''

4) 'ഞാന്‍ മനുഷ്യനാണ്, ദൈവമല്ല' (ഹോശേയ 11:9) എന്ന് പറയുമ്പോള്‍, യേശു തന്റെ മനുഷ്യപ്രകൃതത്തിന് അടിവരയിടുകയാണ്. 'ദൈവം മനുഷ്യനല്ല.... മനുഷ്യപുത്രനുമല്ല' എന്നും വന്നിട്ടുണ്ട് (സംഖ്യ 23:19). 'എന്റെ ചൈതന്യം എക്കാലവും മനുഷ്യനില്‍ വസിക്കുകയില്ല. കാരണം അയാള്‍ ജഢമാണ്' (ഉല്‍പ്പത്തി 6:3 പുതിയ KJV എഡിഷന്‍).

5) ഈ ഭാഗം നീക്കം ചെയ്ത ചില ബൈബിള്‍ എഡിഷനുകള്‍: The Bible in Basic English, The Darby Translation, Weymouth's New Testament, Holy Bible: Easy-to-Read Version, Contemporary English Version, The American Standard Version, God's Word Translation, The New Living Translation, The New American Standard Bible, The Revised Standard Version, World English Bible, International Standard Version, Hebrew Names Version of World English Bible.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം