ഏറ്റുമുട്ടാത്ത കൊലപാതകങ്ങള്‍
1984-ലെ സിഖ് കൂട്ടക്കൊല കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ഹൈക്കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ഇത് അവരുടെ സുപ്രധാന ഭരണനേട്ടമായി ചിത്രീകരിച്ച് രംഗത്തിറങ്ങുകയുണ്ടായി. സിഖ് കലാപ കേസില്‍ മാത്രം പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളിലൊരാള്‍ ശിക്ഷിക്കപ്പെടുകയും, അത് ശേഷിച്ച മറ്റു ന്യൂനപക്ഷ വിരുദ്ധ വംശീയ കലാപങ്ങളിലെ പ്രതികളായ ആര്‍.എസ്.എസും അവരുടെ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിയും ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്യുന്നതിലെ പരിഹാസ്യത അവിടെ നില്‍ക്കട്ടെ. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ഈ കോടതിവിധിയെ പുകഴ്ത്തി രംഗത്തെത്തുമ്പോള്‍ സൂക്ഷ്മവായനയില്‍ അദ്ദേഹം നിയമവാഴ്ചയെ ഉയര്‍ത്തിക്കാട്ടുകയായിരുന്നില്ല. കാരണം എല്ലാ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ക്കും ഒരേ നീതി തന്റെ ഭരണകാലത്ത് ഉണ്ടാവുമെന്ന് പറയാന്‍ അദ്ദേഹം തയാറാവുന്നില്ലല്ലോ. സിഖ് കലാപം പോലെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല മുസ്ലിം വംശഹത്യ എന്നു കൂടിയാണ് പരോക്ഷമായി മോദി അര്‍ഥം വെക്കുന്നുണ്ടായിരുന്നത്. ഗുജറാത്ത് വംശഹത്യയില്‍ തന്റെ പങ്ക് ഉയര്‍ത്തിക്കാട്ടി ഒരു കോണ്‍ഗ്രസ് നേതാവും ഇതിന് മറുപടി പറയില്ലെന്നും 'മറ്റേ' ന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ കൊല്ലുക എന്നതു തന്നെയാണ് വോട്ട്ബാങ്ക് രാഷ്ട്രീയം അംഗീകരിച്ച ശരിയെന്നും ഉറപ്പു വരുത്തുക കൂടിയാണത്. അതല്ലെങ്കില്‍ 2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്ക് മറ്റെവിടെയെങ്കിലും നടന്ന വര്‍ഗീയ കലാപങ്ങളില്‍ രാഷ്ട്രീയ ഇരട്ടത്താപ്പ് സ്വീകരിച്ചവരെ കുറിച്ച് പറയാന്‍ എന്തര്‍ഹത?
കഷ്ടിച്ച് ഒരു മാസം മുമ്പേ നവംബര്‍ 5-ന് വിധി വന്ന സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിനെ കുറിച്ച് പ്രധാനമന്ത്രിക്ക് എന്ത് പറയാനുണ്ട്? സജ്ജന്‍ കുമാറും ജഗദീഷ് ടൈറ്റ്ലറും എച്ച്.കെ.എല്‍ ഭഗത്തുമൊക്കെ കോണ്‍ഗ്രസ് ഭരണകാലത്തെ കേസ് നടത്തിപ്പിന്റെ ഭാഗമായി രക്ഷപ്പെട്ട പ്രതികളാണെങ്കില്‍ ശൈഖിനെയും കൗസര്‍ബിയെയും കൊന്നവരെ ആരാണ് നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തിയത്? യഥാര്‍ഥത്തില്‍ വെറുമൊരു ശൈഖിനെയും കൗസര്‍ബിയെയും കൊന്നവരായിരുന്നുവെങ്കില്‍ ഇതൊരു വിഡ്ഢിച്ചോദ്യമായി എന്നേ അവസാനിച്ചേനെ. ഈ കേസ് ഇത്രയും ഉദ്വേഗഭരിതമായ രീതിയില്‍ രാജ്യം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് കാതോര്‍ക്കുകയും ചെയ്യുമായിരുന്നില്ല. കേസിന്റെ നാള്‍വഴികളായിരുന്നു പ്രധാനം. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് മോദിയുടെ ആഭ്യന്തരമന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡ്യ ഒരു ജനകീയ അന്വേഷണ കമീഷനു മൊഴി നല്‍കുന്നു. മൊഴി നല്‍കിയതിനു പിന്നാലെ പാണ്ഡ്യയെ പ്രഭാതസവാരിക്കിടയില്‍ ആരോ വെടിവെച്ചു കൊല്ലുന്നു. മൂന്നു നാള്‍ക്കകം ഹൈദരാബാദിലെ ഒരു മൗലവിയെയും ഒപ്പം ചില മുസ്ലിം യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. അങ്ങനെ അറസ്റ്റിലായ ഒരുത്തനെ ഉദ്ധരിച്ച് അവനെ പാര്‍പ്പിച്ച ജയിലിന്റെ ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് 2003-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഒരു റിപ്പോര്‍ട്ട് അയക്കുന്നു. ജയിലിലുള്ള അസ്ഗര്‍ അലിയല്ല, പുറത്തുള്ള തുളസീറാം പ്രജാപതിയാണ് പാണ്ഡ്യയെ വധിച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഓഫീസറായ ചുഡാസാമക്ക് അറിയാമെന്നുമായിരുന്നു മൊഴി.
പാണ്ഡ്യയെ കൊല്ലാന്‍ സഹായിക്കാമോ എന്ന് ചുഡാസാമ അസ്ഗര്‍ അലി, സൊഹ്റാബുദ്ദീന്‍ ശൈഖ് മുതലായവരോടെല്ലാം ആദ്യം അന്വേഷിച്ചിരുന്നുവത്രെ. അമിത് ഷാ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും എടുത്തില്ല. എന്നു മാത്രമല്ല ഈ വിവരം അറിയാമെന്ന് അസ്ഗര്‍ അലി എണ്ണിപ്പറഞ്ഞവരൊക്കെ ഒന്നിനു പിറകെ മറ്റൊന്നായി ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനിടെ മൗലവി അടക്കമുള്ളവരെ തെളിവില്ലെന്നു കണ്ട് കോടതി വെറുതെ വിട്ടിരുന്നു. സി.ബി.ഐ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന കേസിലെ യഥാര്‍ഥ പ്രതികള്‍ പക്ഷേ മോദിയുടെ സംസ്ഥാനത്തെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. അവരെയാണ് ഇപ്പോള്‍ ഒന്നൊഴിയാതെ കോടതി വിട്ടയച്ചത്. അതായത് ഈ കേസിന്റെ ഇന്നോളമുള്ള നടത്തിപ്പ് ഒരു സര്‍ക്കാറിന്റെയും ഒത്താശയല്ലെന്നും എന്നാല്‍ സജ്ജന്‍ കുമാര്‍ കേസ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഇടപെട്ട് ഇത്രയും കാലം അട്ടിമറിച്ചതാണെന്നും പൊതുജനം വിശ്വസിച്ചുകൊള്ളണം. വെറുമൊരു ശൈഖിനെ കൊന്നു എന്നതിലപ്പുറം മോദിയുമായോ ഷായുമായോ പാണ്ഡ്യയുമായോ തുളസീറാം പ്രജാപതിയുമായോ ഗുജറാത്ത് കലാപവുമായോ ഒന്നും കേസിന് ഒരു ബന്ധവുമില്ല.....
കേസിനെ ഗൗരവത്തിലെടുത്ത മുംബൈ ഹൈക്കോടതിയിലെ ജസ്റ്റിസും കൊല്ലപ്പെടുകയായിരുന്നുവെന്ന് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്തു വന്നു. ആ കേസ് സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച രീതിയിലുമുണ്ട് അസാധാരണത്വം. ഇനിയൊരു അന്വേഷണം ജസ്റ്റിസിന്റെ മരണത്തില്‍ ആവശ്യമില്ലെന്നു കൂടി വിധിച്ചാണ് കേസ് ഫയല്‍ എന്നന്നേക്കുമായി അടച്ചത്. തീര്‍ന്നില്ല. ഈ മൊഴി രേഖപ്പെടുത്തി അമിത് ഷാക്ക് അയച്ചുകൊടുത്ത സഞ്ജീവ് ഭട്ട് 22 വര്‍ഷം മുമ്പേ ഏതോ അഭിഭാഷകനെതിരെ വ്യാജമായി മയക്കു മരുന്നു കേസ് ചുമത്തിയെന്ന കുറ്റത്തിന് 2018-ല്‍ ജയിലിലായി. ഇപ്പോഴും ജാമ്യം കിട്ടാതെ അകത്തു കിടക്കുന്നു. അപ്പോഴും മഹാരാജ് ഗഞ്ചിലെ സത്യപ്രകാശ് യാദവ് എന്ന സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവെച്ചുകൊല്ലാന്‍ നേരിട്ടു നേതൃത്വം കൊടുത്തതിന് 1999 മുതല്‍ ഉത്തര്‍പ്രദേശില്‍ കേസ് നിലനില്‍ക്കുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ഹെലികോപ്റ്ററുകളില്‍ പറന്നു നടന്ന് ബി.ജെ.പിയുടെ പ്രചാരക രാജാവാകുകയും ചെയ്യുന്നുണ്ടായിരുന്നു. ഗൊരഖ്പൂരില്‍ പള്ളികള്‍ക്കും മുസ്ലിം വീടുകള്‍ക്കും കടകള്‍ക്കുമൊക്കെ തീയിട്ടതിന് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ഏതാനും ദിവസം ആദിത്യനാഥിന് ജയിലില്‍ കിടക്കേണ്ടി വരികയുമൊക്കെ ഉണ്ടായിട്ടുണ്ട്. കോടതികള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിവെച്ച തന്റെ ഗുണ്ടായിസവും നിയമലംഘനവുമൊക്കെ സ്ഥാനമേറ്റയുടന്‍ തന്നെ എഴുതിത്തള്ളി ഒതുക്കുകയാണ് ഈ മുഖ്യമന്ത്രി ചെയ്തത്. പേരിനു മുമ്പില്‍ മതാധ്യക്ഷന്റെ ചിഹ്നം ഭേസുന്നതു കൊണ്ട് രാജ്യത്ത് ഒരുത്തന്റെയും നെറ്റി ചുളിയുന്നില്ല. കൊലപാതകമടക്കമുള്ള ഈ കേസുകളെയാണ് രാഷ്ട്രീയപ്രേരിതമെന്ന് ബി.ജെ.പി പുഛിച്ചു തള്ളുന്നത്. സമ്മര്‍ദം മൂലം പോലീസ് കേസെടുക്കാതെ വിട്ട 20-ലേറെ വര്‍ഗീയ സംഘര്‍ഷങ്ങളിലും ഇദ്ദേഹം കുറ്റാരോപിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഖുകാരുടെ കാര്യത്തില്‍ ആവേശഭരിതരാകുന്നതു പോലെ ഗുജറാത്തിലെയോ ഗൊരഖ്പൂരിലെയോ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മുതലക്കണ്ണീര് പോലും ആവശ്യമില്ലാതാകുന്ന ആ രാഷ്്രടീയത്തിനാണ് ഇവിടെ മോദിയും കൂട്ടരും അടിവരയിടുന്നത്. സിഖുകാരോട് അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്ത കോണ്‍ഗ്രസ് ഒരു സിഖുകാരനെ പ്രധാനമന്ത്രി പദവിയില്‍ വരെ ഇരുത്തി പ്രായശ്ചിത്തം ചെയ്തു. എന്നാല്‍ ബി.ജെ.പിയോ? ഒറ്റ മുസ്ലിമിനെ എം.പിയാക്കാന്‍ പോലും ആ പാര്‍ട്ടി തയാറായിട്ടില്ല.
മുസ്ലിംകളും ദലിതരുമൊക്കെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതോ അവര്‍ക്കെതിരെ അതിനീചമായ സാമൂഹിക കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നതോ ഇന്ത്യന്‍ പൊതുസമൂഹത്തിന് ഒരു വിഷയമേ അല്ലാതായിട്ട് എത്രയോ വര്‍ഷങ്ങളായി. മോദിക്കും ആദിത്യനാഥിനും വാജ്പേയിക്കുമൊക്കെ മുമ്പെ തന്നെ അത് ആരംഭിച്ചിരുന്നു. ബുലന്ദ് ശഹറില്‍ പശുക്കളെ അറുത്തുവെന്ന് പ്രചാരണം നടത്തി മുസ്ലിംകള്‍ക്കെതിരെ വന്‍ കലാപത്തിന് കോപ്പു കൂട്ടിയവര്‍ പരമദയനീയമാംവിധം തുറന്നുകാട്ടപ്പെട്ടതിനു ശേഷവും ഇന്ത്യന്‍ പൊതുബോധത്തിന്റെ മുന്‍ഗണനാക്രമത്തില്‍ ഒരു മാറ്റവും സൃഷ്ടിക്കാന്‍ ഈ സംഭവത്തിന് കഴിയാതെ പോയത് ശ്രദ്ധിക്കുക. കലാപകാരികളുടെ വെടിയുണ്ടയേറ്റ് ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടതിനു ശേഷവും ആദിത്യനാഥിന് അതേ കുറിച്ച് പ്രതികരിക്കേണ്ടി വന്നതേയില്ല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ബോധവുമായി ഒട്ടിനില്‍ക്കുന്ന ചിലര്‍ ചേര്‍ന്ന് മുഹമ്മദ് അഖ്ലാഖ് എന്നൊരു വൃദ്ധനെ അടിച്ചു കൊന്നപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ അവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നല്ലോ. അതുകൊണ്ടുതന്നെ അത്തരം ഓഫീസര്‍മാരുടെ മരണത്തെ കുറിച്ച് സമൂഹത്തിനും നിയമപാലകര്‍ക്കുമൊക്കെ മുഖ്യമന്ത്രി കൊടുക്കേണ്ട സന്ദേശത്തിന്റെ മാതൃകയാണ് യു.പിയില്‍ ആദിത്യനാഥ് കാഴ്ചവെച്ചത്.
പശുഘാതകരുടെ കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് രാജ്യവാസികളെ അറിയിക്കുക എന്ന 'ഭരണഘടനാപരമായ ദൗത്യം' മാത്രമേ ഈ മുഖ്യമന്ത്രിക്ക് നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട സുബോധ് കുമാറിന്റെ വിധവയെയും മക്കളെയും തീണ്ടാപ്പാടകലെ നിര്‍ത്തി മുഖ്യമന്ത്രി ഒരു ഫോട്ടോ ഓപ്പര്‍ച്യൂണിറ്റിക്കു കൂടി അവസരം കൊടുത്തതോടെ തന്നെ ധാരാളമായി. ജനരോഷം തണുപ്പിക്കാന്‍ മുസ്ലിംകള്‍ പശുക്കളെ കൊന്നുവെന്ന് സിദ്ധാന്തം എഴുതിവെച്ചാല്‍ ധാരാളം മതിയായിരുന്ന സംസ്ഥാനത്ത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏത് ഉദ്യോഗസ്ഥനും അത്രയൊക്കെയേ പ്രതീക്ഷിക്കേണ്ടിയിരുന്നുള്ളൂ. കുട്ടികളെയും വികലാംഗനെയും അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരെയുമൊക്കെയാണ് ഒടുവില്‍ ഗോഹത്യ കേസില്‍ പോലീസ് പ്രതി ചേര്‍ത്തത്. എന്നാല്‍ പശുക്കളെ അറുത്തതു പോലും കലാപം ആസൂത്രണം ചെയ്ത അതേ ബജ്റംഗ്ദള്‍ ഗുണ്ടകളാണെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. പൊതുജനത്തെ ഇതില്‍ ഒരു വിവരവും സ്വാധീനിച്ചിട്ടേയില്ല.
ഈ ആദിത്യനാഥിന്റെ ഭരണം വെറും 10 മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 1100 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ വെച്ച കണക്ക്. രാജ്യത്ത് നടന്ന കസ്റ്റഡി മരണങ്ങളില്‍ 365 എണ്ണം, അതായത് നാലിലൊന്ന് വീതം യു.പിയിലാണ്. 4889 കൊലപാതകങ്ങള്‍ ആദിത്യനാഥിന്റെ ഭരണകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇടയിലെപ്പോഴോ വിവേക് തിവാരി എന്ന ഒരു ആപ്പിള്‍ ഫോണ്‍ എഞ്ചിനീയര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴാണ് ഒന്നു പ്രതികരിക്കാനെങ്കിലും ഈ സര്‍ക്കാര്‍ ശ്രമം നടത്തിയത്. ഏറ്റുമുട്ടല്‍ നാടകങ്ങളുടെ ഒരു പരമ്പര തന്നെ ഇതിനകം യു.പിയില്‍ അരങ്ങേറി. കൊല്ലപ്പെടുന്നവര്‍ ഒരു പ്രത്യേക മതസമൂഹത്തില്‍ പെട്ടവര്‍ അല്ലാതാകുമ്പോള്‍ മാത്രമാണ് അവ വാര്‍ത്തയെങ്കിലുമാകുന്നത്. ഇതിന്റെയൊക്കെ ഇടയിലിരുന്നാണ് 1984-നെ കുറിച്ച് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗിരിപ്രഭാഷണങ്ങള്‍.
Comments