Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ഈ താരം വീക്ഷണമാറ്റങ്ങള്‍ക്ക് വഴിയൊരുക്കും

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ലിവര്‍പൂള്‍ എഫ്. സി അന്താരാഷ്ട്ര അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ടു റിലീസ് ചെയ്ത വീഡിയോ കൗതുകമായി. അറബി ഭാഷയെയും ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സ്വലാഹിനെയും പുകഴ്ത്തുന്ന അറബി കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാം ഭീതിയും വംശവെറിയും കുടിയേറ്റവിരുദ്ധതയും  ശക്തിയാര്‍ജിക്കുന്ന യൂറോപ്പില്‍ മുഹമ്മദ് സലാഹിന്റെ സാന്നിധ്യം പ്രകടമായ  ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയെന്നത് വാസ്തവമാണ്. ആകര്‍ഷണീയമായ വ്യക്തിത്വവും കളിമികവും ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഇസ്‌ലാമിക ചിഹ്നങ്ങളുടെ പ്രകടനവും സ്വലാഹിനെ കൂടുതല്‍ ശ്രദ്ധേയനാക്കി. നാലാം പിരമിഡ്, ഈജിപ്ഷ്യന്‍ രാജാവ്  എന്നൊക്കെ അദ്ദേഹത്തെ  വിശേഷിപ്പിക്കുന്ന ലിവര്‍പൂള്‍ ആരാധകര്‍ സ്വലാഹിന്റെ മുസ്ലിം സ്വത്വത്തെ പുകഴ്ത്തി  പാട്ടുകള്‍ പോലുമെഴുതി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് ഔട്ട്‌ലെറ്റായ മിഡിലീസ്റ്റ് ഐ, മുഹമ്മദ് സ്വലാഹ് ഇംഗ്ലണ്ടില്‍ മുസ്ലിംകളെക്കുറിച്ചുള്ള വീക്ഷണമാറ്റത്തിനു  കാരണമാകുന്നുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് ഒരു ഫീച്ചര്‍ തയാറാക്കിയിരുന്നു. ഈ ഈജിപ്ഷ്യന്‍ താരത്തിന്റെ സ്വീകാര്യത അനുകൂലഫലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അതിലെ കണ്ടെത്തല്‍. ഇംഗ്ലീഷ് മുസ്ലിം കമ്യുണിറ്റിക്കു ലഭിച്ച മാതൃകാ വ്യക്തിത്വമായാണ് സലാഹിനെ അവര്‍ കാണുന്നത്. 

 

 

 

കൈകൊടുത്തില്ലെങ്കില്‍ പൗരത്വമില്ല

ഡെന്മാര്‍ക്കില്‍ പൗരത്വം ലഭിക്കണമെങ്കില്‍ പൊതുപരിപാടിയില്‍ വെച്ച് കൈകൊടുക്കണമെന്ന നിയമം വരുന്നു. വിശ്വാസപരമായ കാരണത്താല്‍ കൈകൊടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഈ നിയമം. ഡെന്മാര്‍ക്കിനെ കൂടാതെ സ്വിറ്റ്‌സര്‍ലാന്റും ഫ്രാന്‍സും കൈകൊടുക്കാന്‍ വിസമ്മതിക്കുന്ന വിദേശികള്‍ക്ക് 'ഉദ്ഗ്രഥനത്തിനു തയാറാവുന്നില്ല' എന്ന കാരണം പറഞ്ഞ് പൗരത്വം നിഷേധിച്ചിട്ടുണ്ട്. വലതു പക്ഷ പാര്‍ട്ടിയായ ഡാനിഷ് പീപ്പ്ള്‍സ് പാര്‍ട്ടിയുടെ വക്താവ് മാര്‍ട്ടിന്‍ ഹെന്റിക്‌സണ്‍ പറഞ്ഞത്, ഡെന്മാര്‍ക്കിലെ സമ്പ്രദായങ്ങള്‍ അംഗീകരിക്കാന്‍ തയാറില്ലെങ്കില്‍ ഡാനിഷ് പൗരനാവാന്‍ കഴിയില്ല എന്നാണ്. വര്‍ധിച്ച മുസ്ലിം കുടിയേറ്റമാണ് ഇതിനു കാരണമെന്നാണ് ഹെന്റിക്‌സണ്‍ പറയുന്നത്. ജനുവരി ഒന്നോടെ ഈ നിയമം നിലവില്‍വരും. പൗരത്വ ചടങ്ങില്‍ മുസ്ലിം സ്ത്രീകളുടെ മുഖപടത്തിന് നിരോധനമേര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡാനിഷ് ഗവണ്‍മെന്റിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ നിയമവും. മുമ്പ് ഇമിഗ്രേഷന്‍ മന്ത്രി ഇന്‍ഗെര്‍ സ്റ്റോജ്‌ബെര്‍ഗ് വ്രതം അനുഷ്ഠിക്കുന്ന മുസ്ലിംകള്‍ വീട്ടില്‍തന്നെ കഴിയണമെന്നും, ഈ മതരീതി  ഡാനിഷ് സമൂഹത്തിന് അപകടമാണെന്നും പ്രസ്താവിച്ചിരുന്നു. ജൂതരില്‍ നല്ലൊരു ശതമാനവും എതിര്‍ലിംഗത്തില്‍പെട്ടവര്‍ക്ക് കൈകൊടുക്കാന്‍ വിശ്വാസപരമായ കാരണങ്ങളാല്‍ തയാറാകാത്തവരാണ്. എന്നാല്‍ ഈ നിയമം മുസ്ലിംകളെ മാത്രം ഉദ്ദേശിച്ചു രൂപപ്പെടുത്തിയതാണെന്ന് പ്രമുഖ ആക്ടിവിസ്റ്റ്് ജോനാഥാന്‍ ഓഫിര്‍ പറയുന്നു. 

 

 

 

 

സ്വസ്ഥ ജീവിതം തിരിച്ചുപിടിക്കാന്‍ ബുക്ക് ഫോറം 

യുദ്ധവും സാമൂഹിക അരാജകത്വവും താറുമാറാക്കിയ സ്വസ്ഥജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇറാഖി ജനത. മൂസ്വില്‍ യൂനിവേഴ്‌സിറ്റിക്കടുത്തു സ്ഥാപിച്ച ബുക്ക് ഫോറവും  (മുല്‍തഖി അല്‍ കിതാബ്) അതിനോട് ചേര്‍ന്ന കഫേയും ഇറാഖി ജനതയുടെ പുതിയ ആവിഷ്‌കാരങ്ങളിലൊന്നാണ്. ഇറാഖി ഗവണ്‍മെന്റ് ഐഎസിന്റെ തിരോധാനം പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ജനുവരി ഒന്നിനാണ്  ഇത് നിലവില്‍വന്നത്. വായനക്കും ചര്‍ച്ചകള്‍ക്കും ഹൃദ്യമായ അന്തരീക്ഷമൊരുക്കുന്ന ഈ ബുക്ക് ഫോറം നിരവധി മൂസ്വില്‍ നിവാസികളെ ആകര്‍ഷിക്കുന്നുണ്ട്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍ ഭാഷകളിലുള്ള  നിരവധി പുസ്തകങ്ങള്‍ ഫോറം തയാറാക്കിയിട്ടുണ്ടെന്ന് മാര്‍ത്ത ബെല്ലിങ്കേരി 'അല്‍ മോണിറ്ററി'ല്‍ എഴുതുന്നു. സിവില്‍ എഞ്ചിനീയര്‍മാരായ ഹാരിസ് ഹുസൈന്‍, ഫഹ്ദ് സ്വലാഹ് എന്നിവരാണ് ഇതിന്റെ സ്ഥാപകര്‍. വിദേശ പത്രപ്രവര്‍ത്തകരും എഴുത്തുകാരുമടക്കം 11000-ലധികം പേര്‍ ബുക്ക് ഫോറത്തിന്റെ ഫേസ്ബുക് പേജ് ഇതുവരെ സന്ദര്‍ശിച്ചിട്ടുണ്ട്. 4000-ത്തോളം പുസ്തകങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ചില അന്താരാഷ്ട്ര സംഘടനകളില്‍നിന്നടക്കം ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പുസ്തകം സംഭാവനയായി ലഭിക്കാറുണ്ടെന്ന് ഹാരിസ് ഹുസൈന്‍ പറയുന്നു.  കവി സംഗമം, സംഗീത പരിപാടികള്‍ തുടങ്ങിയവയും ബുക്ക് ഫോറം സംഘടിപ്പിക്കാറുണ്ട്. 

 

 

 

സൈനിക പിന്മാറ്റം തിരിച്ചടിച്ചെന്ന് ഇസ്രയേല്‍

സിറിയയില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചത് പശ്ചിമേഷ്യന്‍ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും. സിറിയയിലേക്ക് കുര്‍ദ് മിലീഷ്യക്കെതിരെ തുര്‍ക്കി സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആവശ്യപ്രകാരമാണ് ട്രംപ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിനെ പരാജയപ്പെടുത്തുന്നതോടെ സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും കുര്‍ദിഷ് മിലീഷ്യ പി.കെ.കെയുടെ സഖ്യകക്ഷിയായ വൈ.പി.ജിക്കുള്ള ആയുധസഹായം നിര്‍ത്തണമെന്നും അമേരിക്കയുമായി തുര്‍ക്കി കരാറിലേര്‍പ്പെട്ടിരുന്നു. അമേരിക്ക കരാര്‍ പാലനത്തില്‍ വീഴ്ച വരുത്തിയതിനാലാണ് തുര്‍ക്കി സിറിയയിലേക്ക് സൈന്യത്തെ അയച്ചത്. അമേരിക്കന്‍ സൈനിക പിന്മാറ്റം  ഉര്‍ദുഗാന്റെ നയതന്ത്ര വിജയമായി തുര്‍ക്കി കണക്കാക്കുമ്പോള്‍, ഇസ്രയേലിനുള്ള ആഘാതമായാണ് ഇസ്രയേല്‍ നയതന്ത്രവിദഗ്ധര്‍ അതിനെ കാണുന്നത്.

യു.എന്നിലെ ഇസ്രയേല്‍ പ്രതിനിധി ഡാനി ഡാനന്‍ സിറിയയിലെ ഇറാനിയന്‍ സൈനിക സാന്നിധ്യം രാജ്യത്തിന്  ഭീഷണിയാണെന്നാണ് പ്രതികരിച്ചത്. ഇസ്രയേലിന്റെ ചാനല്‍ 10, രാഷ്ട്രീയ നേട്ടമുാക്കിയത് ഇറാനാണെന്ന് പറഞ്ഞു. മിക്ക ഇസ്രയേല്‍ മീഡിയയും ഇതേ അഭിപ്രായമാണ് പങ്കു വെക്കുന്നത്. യു.എന്നിന്റെ നേതൃത്വത്തില്‍ തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സിറിയക്കായി പുതിയ ഭരണഘടന നിര്‍മിക്കാന്‍ ധാരണയിലെത്തിയിട്ടു്. മേഖലയിലെ ഈ  സുപ്രധാന വിഷയത്തില്‍ യു.എസിന്റെ അഭാവം ശ്രദ്ധേയമാണ്. ഇതിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു സിറിയയിലെ തുര്‍ക്കി സൈനിക സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉര്‍ദുഗാനെതിരെ നടത്തിയ പരാമര്‍ശവും വിവാദമായി. ഉര്‍ദുഗാനും വിദേശകാര്യമന്ത്രി മെവ്‌ലുത് ചാവുശോഗ്‌ലുവും ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. ഫലസ്ത്വീനികളെ കൊന്നൊടുക്കുന്ന കഠിനഹൃദയനായ കൊലപാതകിയെന്നാണ് ഇവര്‍ നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ വിമര്‍ശനത്തെ സെമിറ്റിക്‌വിരുദ്ധ നിലപാടായാണ് നെതന്യാഹു കാണുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം