Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

വി.കെ മൊയ്തു ഹാജി

റസാഖ് പള്ളിക്കര

ഒരു ദേശത്തിന്റെ മുഴുവന്‍ സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റിയ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു തിക്കോടിയില്‍ അന്തരിച്ച കെ.ആര്‍.എസ് ഉടമ വി.കെ മൊയ്തു ഹാജി. മദ്രാസില്‍ മെയ് ഫഌവര്‍ പ്ലാസ്റ്റിക് കമ്പനിയില്‍ സൂപ്പര്‍ വൈസറായിട്ടായിരുന്നു തുടക്കം. തുണി വ്യാപാ രിയായിരുന്ന ബാപ്പയുടെ കൂടെ ആ മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചില്ല. മറിച്ച് പാര്‍സല്‍ മേഖലയിലായിരുന്നു നോട്ടം. കേവലം രണ്ട് ലോറിയില്‍ തുടങ്ങിയ ആ വ്യാപാരം പിന്നീട് കഠിന പ്രയത്‌നത്തിലൂടെ നാള്‍ക്കുനാള്‍ വളരുകയായിരുന്നു. അക്കാലത്ത് കമ്പനി മാനേജ്‌മെന്റും ചുമട്ട് തൊഴിലുമൊക്കെ അദ്ദേഹം തനിച്ച് ചെയ്തിരുന്നുവത്രെ.

ആ ത്യാഗത്തിന്റെയൊക്കെ വിജയമാണ് പിന്നീട് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന സ്ഥാപനമായി മറിയ കെ.ആര്‍.എസ്. മൂവായിരത്തോളം തൊഴിലാളികള്‍ ആ സ്ഥാപനത്തില്‍ ഇന്ന് ജോലിചെയ്യുന്നു. ഓരോ തൊഴിലാളിയെയും സ്വന്തം കുടുംബാഗത്തെ പോലെയാണ് അദ്ദേഹം കണ്ടിരുന്നത്.

ഉയര്‍ച്ചയുടെ ഓരോ പടവുകള്‍ താണ്ടുമ്പോഴും കടന്നുവന്ന വഴികളെ അദ്ദേഹം വിസ്മരിച്ചില്ല. സമ്പന്നതയുടെ ഉത്തുംഗതയിലും സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പരിരക്ഷയൊരുക്കാന്‍ അദ്ദേഹം എന്നും മുമ്പിലുണ്ടായിരുന്നു. പെന്‍ഷന്‍ തുടങ്ങി നാനാവിധത്തിലുള്ള സഹായങ്ങളാണ് അവര്‍ക്കുവേണ്ടി അദ്ദേഹം ചെയ്തിരുന്നത്. ഭിന്നശേഷിക്കാര്‍, രോഗികള്‍, വിധവകള്‍, അനാഥര്‍ ഇവരൊക്കെയും ആശ്രയിക്കാറുള്ള അത്താണി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചിലപ്പോഴൊക്കെ വളരെ രഹസ്യമായിട്ടായിരിക്കും. നിര്‍ണായക ഘട്ടങ്ങളില്‍ നിനച്ചിരിക്കാതെ വന്നുചേരുന്ന സഹായങ്ങളില്‍ പലരും ഞെട്ടുകയും ആശ്വാസം കൊള്ളുകയും ചെയ്തിരുന്നു. ആ കടപ്പാടും നന്ദിയും അവര്‍ക്ക് പറഞ്ഞറിയിക്കാനാകുമായിരുന്നില്ല.

സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മതരംഗങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആത്മീയ വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രാമുഖ്യം നല്‍കിയിരുന്നു. തിക്കോടി പഞ്ചായത്ത് ബസാറില്‍ പ്രവര്‍ത്തിക്കുന്ന ശരീഅഃ അറബിക് കോളേജിന് അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. ചുരുക്കം വിദ്യാര്‍ഥികളുമായി തുടങ്ങിയ ആ കോളേജ് ഇന്ന് മികച്ചൊരു പഠന കേന്ദ്രമാണ്. മത യാഥാസ്ഥിതിക ആചാരങ്ങളില്‍നിന്നൊക്കെ ആകാവുന്നത്ര അകലം പാലിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വീട്ടിനടുത്ത് തന്നെ സലഫി മസ്ജിദും നിര്‍മിച്ചിട്ടുണ്ട്.

റമദാന്‍ കാലമായാല്‍ പരിസരവാസികള്‍ക്ക് അദ്ദേഹം വിതരണം ചെയ്യുന്ന 'അലിസ'യാണ് ഓര്‍മവരിക. പരിസര വാസികളുടെ നോമ്പുതുറകളില്‍ ഇന്നത് മുഖ്യവിഭവമാണ്. സമൂഹത്തിലെ ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള വന്‍ ജനാവലിയാണ് അദ്ദേഹത്തിന്റെ ജനാസയില്‍ സന്നിഹിതരായിരുന്നത്. തിക്കോടി ഒരു കാലവും കണ്ടിട്ടില്ലാത്ത ആ വന്‍ ജനാവലി അദ്ദേഹം ചെയ്തിട്ടുള്ള സുകൃതങ്ങളുടെ സാക്ഷ്യമാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിലപിടിപ്പുള്ള 'ലെക്‌സസ്' കാറുകള്‍ക്കിടയില്‍ ഭിന്നശേഷിക്കാരുടെ മൂന്ന്ചക്ര സൈക്കിള്‍ വണ്ടികളും കാണാമായിരുന്നു.

മൂരാട് വലിയ കുറ്റിയില്‍ അബ്ദുല്ലയുടെയും കുഞ്ഞലിമയുടെയും മകനാണ്. ഭാര്യ നബീസ. മക്കള്‍: എം.എം സിറാജ്, സാഹിറ, സറീന, സമീറ.

ഒരുപാട് പേരുടെ നല്ല ഓര്‍മകളിലും പ്രാര്‍ഥനകളിലും അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാവട്ടെ.

 

 

 

എങ്ങാട്ടില്‍ സി.പി അബ്ദുല്‍അസീസ്

അറുപതുകളുടെ രണ്ടാം പകുതി. രാജ്യത്ത് പഞ്ചവത്സര പദ്ധതികളിലൂടെ അടിസ്ഥാന വികസനങ്ങള്‍ നടക്കുന്ന കാലഘട്ടം. ഉരുക്കു ശാലകളും അണക്കെട്ടുകളും സിമന്റ് - പഞ്ചസാര മില്ലുകളുമൊക്കെയായി ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. മാപ്പിള ഖലാസികളുടെ ഈറ്റില്ലമായ കോഴിക്കോട് ചാലിയത്തുനിന്നും പരിസര പ്രദേശങ്ങളില്‍നിന്നുമായി ഒട്ടേറെ പേര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി 'രാജ്യം വിട്ടു പണിക്ക്' പോയിക്കൊണ്ടിരുന്നു. 1964-ല്‍ പത്താംതരം കഴിഞ്ഞ സി.പി അബ്ദുല്‍ അസീസ് ഉത്തരേന്ത്യയിലെ  നിര്‍മാണ സ്ഥലങ്ങളില്‍ എത്തിപ്പെട്ടത് അങ്ങനെയാണ്. പെരുമയുമുള്ള എങ്ങാട്ടില്‍ കുടുംബത്തിലെ ചെറുപ്പക്കാരന്  ഖലാസികള്‍ക്കിടയില്‍ മതിപ്പ് നേടാന്‍ വളരെ വേഗം കഴിഞ്ഞു. ഫറോക്ക് പാലം പണിയടക്കം ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ വല്യുപ്പയുടെ സല്‍പേരു കൊണ്ട് മാത്രമല്ല സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഒക്കെ എളുപ്പത്തില്‍ വഴങ്ങുന്ന വൈഭവവും അദ്ദേഹത്തിന് ഈ മേഖലയില്‍ തുണയായി. വലിയ പ്രാരാബ്ധങ്ങളൊന്നുമില്ലാത്തതിനാല്‍ ഹിന്ദി ഹിറ്റ് സിനിമകള്‍ കണ്ടും പാട്ടുകള്‍ മനഃപാഠമാക്കിയുമൊക്കെ മുന്നോട്ടുപോയ ജീവിതം മാറ്റിമറിച്ചത് തൊഴിലാളി സംഘത്തിലുണ്ടായിരുന്ന ഫറോക്ക് സ്വദേശി എം.എസ് മുഹമ്മദ് കുട്ടി സാഹിബിനെ പരിചയപ്പെട്ടതാണ്. പില്‍ക്കാലത്ത് ജമാഅത്ത് അംഗമായ അദ്ദേഹം അസീസ് സാഹിബിനെ സ്വാധീനിച്ചു. കിട്ടിയ സാഹിത്യങ്ങള്‍ മനസ്സിരുത്തി വായിച്ചതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ വഴി തെരഞ്ഞെടുത്താണ് നാട്ടിലെത്തിയത്. മണ്ണൂരില്‍ കൊണ്ടോട്ടി ബാവ സാഹിബിന്റെയും സി.സി സഹോദരന്മാരായി അറിയപ്പെടുന്ന സി.സി അബ്ദുല്‍ ഖാദിര്‍, സി.സി നൂറുദ്ദീന്‍ അസ്ഹരി എന്നിവരുടെയും നേതൃത്വത്തില്‍ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്ള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. നാട്ടിലെത്തി അവരോടൊപ്പം ചേര്‍ന്നു, പ്രസ്ഥാനത്തെ നന്നായി പഠിച്ചു. കടലുണ്ടി ടി. മൊയ്തീന്‍കോയ സാഹിബ്, ഇ.വി അബ്ദുല്‍ വാഹിദ് മാസ്റ്റര്‍ തുടങ്ങിയവരും സഹപ്രവര്‍ത്തകരായെത്തിയപ്പോള്‍ വീടിനടുത്ത കുന്നത്ത്പടിയില്‍ മദ്‌റസയും നമസ്‌കാരപ്പള്ളിയും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയും പള്ളിയും കേന്ദ്രീകരിച്ച് ബാവ സാഹിബ്, സി.സി അബ്ദുല്‍ ഖാദിര്‍ മൗലവി എന്നിവരോടൊത്തുള്ള പ്രവര്‍ത്തനം പ്രദേശവാസികളായ പ്രമുഖരില്‍ വലിയ മാറ്റമുണ്ടാക്കി. അതൊരു മഹല്ല് പോലെ പ്രവര്‍ത്തിക്കുകയും ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ പ്രദേശത്തിന് കൈവരുത്തുകയും ചെയ്തു. ഈദ്ഗാഹ്, സംഘടിത ഉദ്ഹിയ്യത്ത്, സംഘടിത ഫിത്വ്ര്‍ സകാത്ത് തുടങ്ങിയവ ഈ മേഖലയില്‍ തുടക്കം കുറിച്ചത് ഇവിടെയാണ്.

 അടിയന്തരാവസ്ഥയോട് തൊട്ടടുത്ത നാളുകളിലാണ് സ്റ്റഡി സര്‍ക്ക്ള്‍ മുത്തഫിഖ് ഹല്‍ഖയായി മാറിയത്. ആസ്ഥാനം ചാലിയം അങ്ങാടിയിലേക്ക് മാറ്റി. കടലുണ്ടിയില്‍ മറ്റൊരു ഹല്‍ഖയും രൂപം കൊണ്ടു.

 പ്രസ്ഥാനം അന്യായമായി നിരോധിക്കപ്പെട്ടതിനാല്‍ അക്കാലത്ത് ശക്തമായ രീതിയില്‍ ഇതിനെതിരെ പ്രതികരിച്ച അസീസ് സാഹിബ് അറസ്റ്റ് ചെയ്യപ്പെടുമെന്ന അഭ്യൂഹം നാട്ടില്‍ പരന്നിരുന്നു. പലരും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ മയപ്പെടുത്തണമെന്ന് സ്‌നേഹബുദ്ധ്യാ ഉപദേശിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ മുക്കിയ അടിയന്തരാവസ്ഥയിലെ ക്രൂരകൃത്യങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ വാദങ്ങള്‍ക്ക് ബലമേകാന്‍ ബി.ബി.സിയുടെയും മറ്റും വാര്‍ത്തകള്‍ നാട്ടുകാരെ കേള്‍പ്പിക്കാന്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോയും കൊണ്ടായിരുന്നു നടപ്പ്. അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ പരാജയം നാട്ടുകാരെ അറിയിക്കാനും ബി.ബി.സി വാര്‍ത്തയെ ഉപയോഗിച്ചു. ആകാശവാണി ഈ വാര്‍ത്ത പുറത്ത് വിടാതെ ലക്ഷദ്വീപില്‍ പി.എം സെയ്ത് വിജയിച്ചത് ആവര്‍ത്തിച്ച് പറഞ്ഞ് പരിഹാസ്യമാകുന്നത് തെളിയിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

ഇക്കാലത്താണ് പരേതരായ എന്‍.സി ഹാജി (ചെന്നൈ), എം.വി സിയാലിക്കോയ ഹാജി, എം. അബ്ബാസ് ഹാജി, എന്‍. അബ്ദുല്‍ അലി എന്നിവരൊക്കെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. ഹൈദരാബാദില്‍ നടന്ന വാദിഹുദ അഖിലേന്ത്യാ സമ്മേളനം, മലപ്പുറം ദഅ്‌വത്ത് നഗര്‍ സമ്മേളനം, ഫറോക്കില്‍ നടന്ന എസ്.ഐ.ഒ പ്രഥമ സംസ്ഥാന സമ്മേളനം എന്നിവയില്‍ സ്റ്റാള്‍ രൂപകല്‍പ്പനയിലും മറ്റും പങ്കു വഹിച്ചു. ഇക്കാലത്ത് ജമാഅത്തിന്റെ നേതൃത്വവും അദ്ദേഹത്തിനായിരുന്നു. ചെറിയ ഇടവേളകളൊഴിച്ചാല്‍ 2005 വരെ ഇത് തുടര്‍ന്നു.

 ഈ ഘട്ടത്തില്‍ പ്രാദേശികമായി ജമാഅത്തിനു നല്ല സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു. പ്രവര്‍ത്തകര്‍ കുറവായിരുന്നെങ്കിലും നല്ലൊരു സഹായവൃത്തമുണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍, ജനസേവന സംരംഭങ്ങള്‍, പ്രശ്‌ന പരിഹാര വേദികള്‍ തുടങ്ങിയവയില്‍ അസീസ് സാഹിബിന്റെ നേതൃത്വം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. മാധ്യമം ആദ്യം അച്ചടിച്ചിരുന്ന രോഷ്‌നി ഓഫ്‌സെറ്റ് പ്രസ്സിന്റെ കെട്ടിടം, കൊണ്ടോട്ടി മര്‍കസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന്റെ മേല്‍നോട്ടവും അദ്ദേഹത്തിനായിരുന്നു. ജനസേവന രംഗത്ത് ഏത് കമ്മിറ്റിയിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന അസീസ് സാഹിബിന്റെയും സി.സി. നൂറുദ്ദീന്‍ അസ്ഹരിയുടെയും നേതൃത്വത്തിലാണ് പ്രദേശത്ത് വ്യവസ്ഥാപിത റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഒട്ടേറെ അഗതികള്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കാന്‍ എ. ഇസ്മാഈല്‍ ഹാജി, പരേതരായ ഐ. കുഞ്ഞഹമ്മദ്, കെ.എസ്.എ. പൂക്കോയ തങ്ങള്‍ തുടങ്ങി പ്രസ്ഥാനവുമായി സ്‌നേഹബന്ധം പുലര്‍ത്തിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളായി അദ്ദേഹം തുടങ്ങിയ കുടിവെള്ള വിതരണം ഇപ്പോഴും തുടരുന്നു. ഇക്കാര്യം പരസ്യമാക്കാന്‍ ജീവിതകാലത്ത് അദ്ദേഹം സമ്മതിച്ചിരുന്നില്ല. ഏഴ് വര്‍ഷം മുമ്പ് ഭാര്യാസമേതം കേരള ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് യാത്രക്ക് പുറപ്പെടാനിരിക്കെ ഗ്രൂപ്പിന്റെ അനുമതി റദ്ദായത് നിമിത്തം യാത്ര മുടങ്ങി. തുക തിരിച്ചു കിട്ടിയപ്പോള്‍ അയല്‍പക്കത്തെ സഹോദര സമുദായാംഗമായ നിര്‍ധന യുവതിയുടെ വിവാഹത്തിന് സഹായമായി നല്‍കുകയാണ് ചെയ്തത്. 

 ചാലിയത്ത് ജമാഅത്തിനു കീഴില്‍ പള്ളി സ്ഥാപിക്കാനും മുന്‍കൈ എടുത്തു. തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ എന്ത് നഷ്ടം സഹിച്ചും അദ്ദേഹം  ഉറച്ചു നിന്നു. മക്കളും മരുമക്കളുമൊക്കെ പ്രസ്ഥാന പ്രവര്‍ത്തകരോ സഹയാത്രികരോ ആണ്. 

സത്താര്‍ കൊട്ടലത്ത്, ചാലിയം

 

 

 

പടപ്പേതില്‍ മുഹമ്മദ് പൊന്നാനി

പൊന്നാനിയിലെ മാതൃകാ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു പടപ്പേതില്‍ മുഹമ്മദ് സാഹിബ്. തൃത്താലയില്‍ ജനിച്ച്, കു്കടവ്, പുളിക്കക്കടവ്, കറുകത്തിരുത്തി, ബോംബെ, മസ്‌കത്ത് എന്നിവിടങ്ങളില്‍ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി കര്‍മനിരതനായി അദ്ദേഹം. ആലൂര്‍ ബീഡിക്കമ്പനിയിലും മൈസൂര്‍ തേയില ഫാക്ടറിയിലും ജോലിചെയ്തും തൃത്താലയില്‍ പലചരക്ക് കച്ചവടം നടത്തിയും ജീവിച്ച മുഹമ്മദ് സാഹിബ് ബോംബെയില്‍ വെച്ചാണ് പ്രസ്ഥാനത്തെ അറിയുന്നതും സജീവ പ്രവര്‍ത്തകനായി മാറുന്നതും. അടിയന്തരാവസ്ഥയില്‍ ബോംബെയില്‍ വെച്ച് 3 മാസം ജയില്‍വാസം അനുഭവിച്ചു. കല്യാണമടക്കം ഏത് സദസ്സില്‍ കയറിവരുമ്പോഴും ചുരുട്ടിപ്പിടിച്ച പ്രബോധനത്തിന്റെ കോപ്പി അദ്ദേഹത്തിന്റെ കൈയിലുണ്ടായിരിക്കും. അവസരങ്ങള്‍ പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഭാര്യ മൂച്ചിക്കൂട്ടത്തില്‍ ആമിന അഞ്ച് വര്‍ഷം മുമ്പ് മരണപ്പെട്ടു. മക്കള്‍: റശീദ കറുകത്തിരുത്തി, ബശീര്‍(ദുബൈ), റസാഖ്, റഫീഖ്(ഷാര്‍ജ), ഷിമിജ പള്ളിക്കല്‍ ബസാര്‍.

അബൂശമീം പൊന്നാനി


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം