Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ഉമ്മമാര്‍ മിണ്ടാതിരിക്കരുത്

ഫാത്വിമ നഫീസ്

കേരളത്തിലെ എസ്.ഐ.ഒ-ജി.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് എന്റെ സലാം. ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇന്ന് അത് അനുഭവിക്കാന്‍ കഴിഞ്ഞു.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതു പോലെ എന്റെ പോരാട്ടം ആരംഭിച്ചിട്ട് രണ്ടു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു. ഇന്നും അത് തുടരുകയാണ്. ഈ സമരത്തില്‍ ഒരിക്കലും ഞാന്‍ ഒറ്റക്കായിരുന്നില്ല. ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ എനിക്കൊപ്പമുണ്ടായിരുന്നു.  ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളാണ് എനിക്ക് ഏറ്റവും അധികം ധൈര്യം പകര്‍ന്നത്. അതിനു ശേഷം പരാമര്‍ശിക്കേണ്ടത് എസ്.ഐ.ഒവിനെയാണ്. അവര്‍ എനിക്ക് പൂര്‍ണ പിന്തുണ നല്‍കി. ഒപ്പം AMU, DU, JMI  തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നുവെങ്കിലും എസ്.ഐ.ഒ നിര്‍വഹിച്ച പങ്ക് അതിനേക്കാളെല്ലാം വലുതാണ്.

ഒറ്റക്കുള്ള പോരാട്ടം എളുപ്പമല്ല. നിങ്ങള്‍ എന്റെയൊപ്പം ഇല്ലായിരുന്നുവെങ്കില്‍ ആദ്യദിവസം തന്നെ ഞാന്‍ ഇതില്‍നിന്ന് പിന്തിരിഞ്ഞേനെ. എന്നെ 'ഉമ്മ' എന്ന് വിളിച്ചത് വെറുതെയല്ല എന്ന് നിങ്ങള്‍ തെളിയിച്ചു. നജീബിനെ നഷ്ടമായതിനു ശേഷം ഇത്രയും നാള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയതല്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും നിങ്ങളുടെയെല്ലാം സ്‌നേഹവും കാരണമാണ് ഇന്നും ഈ പോരാട്ടം എനിക്ക് നയിക്കാന്‍ സാധിക്കുന്നത്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും. കാരണം ശത്രുക്കള്‍ ഭയന്നുതുടങ്ങിയിരിക്കുന്നു. നജീബിനുവേണ്ടി രാജ്യവ്യാപകമായി സമരം ആരംഭിക്കുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചതല്ല. ആ സമരത്തിന് ഇന്നും ജീവന്‍ നല്‍കുന്നത് എസ്.ഐ.ഒ ആണ്. . രണ്ടു വര്‍ഷവും മൂന്ന് മാസവും കടന്നുപോയിട്ടും ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ എനിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് മുന്നോട്ടു വരുന്നു. ഞാന്‍ ഒറ്റക്കല്ല എന്ന് അവര്‍ എന്നെ ഓര്‍മപ്പെടുത്തുന്നു.

ഞാന്‍ വളരെ മുമ്പ് തന്നെ ഇവിടേക്ക് വരാന്‍ ആഗ്രഹിച്ചതാണ്. പക്ഷേ ചില സാഹചര്യങ്ങള്‍ കാരണം സാധിച്ചില്ല. മുമ്പ് നിങ്ങള്‍ എന്നെ കരഞ്ഞുകൊണ്ട് തെരുവില്‍ അലയുന്നതായാണ് കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഇന്ന് ഞാന്‍ ധൈര്യപൂര്‍വം പോരാടുകയാണ്. അല്ലാഹു എന്റെ മനസ്സിനു ഉറപ്പു നല്‍കിയിരിക്കുന്നു. ഇന്‍ശാ അല്ലാഹ്, നജീബ് എവിടെയാണെങ്കിലും അവന് രക്ഷക്ക് അല്ലാഹു ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദിവസം അവന്‍ മടങ്ങിവരിക തന്നെ ചെയ്യും. 

ഗവണ്‍മെന്റ് എന്റെ സമരത്തെ പരാജയപ്പെടുത്താനാണ് തുടക്കം മുതലേ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ മാതാവിന്റെ വീട്ടില്‍ പോലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. പോലീസുകാര്‍ എന്റെ മക്കളെ ശല്യപ്പെടുത്തുന്നു. ഈ പോരാട്ടം അവസാനിപ്പിക്കാന്‍ അവര്‍ പലതും ചെയ്തുനോക്കി. കോടതിയെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എന്റെ ഫയല്‍ കാണാതായി എന്നാണ്. എങ്ങനെയാണ് കോടതിയില്‍നിന്ന് ഒരു കേസ് ഫയല്‍ കാണാതാവുന്നത്? ഞാന്‍ നിരന്തരം കയറിയിറങ്ങിയതിന്റെ ഫലമായി ആ ഫയല്‍ കോടതിയില്‍ തിരിച്ചെത്തിയിരിക്കുന്നു. 

എന്റെ നാട്ടിലേക്ക് ദല്‍ഹിയില്‍നിന്ന് എട്ട് മണിക്കൂര്‍ യാത്ര ചെയ്യണം. അവര്‍ കരുതിയത് കുറച്ചു കഴിയുമ്പോള്‍ ഞാന്‍ തളര്‍ന്നുപോകുമെന്നും അങ്ങനെ സമരം അവസാനിപ്പിക്കുമെന്നുമാണ്. പക്ഷേ ഒരു ഉമ്മക്ക് തളരാന്‍ സാധിക്കില്ലല്ലോ. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മൂന്ന് കേസുകളാണ് ഇന്ന് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മീഡിയക്കെതിരിലും കുറ്റവാളികള്‍ക്കെതിരിലും ഫയല്‍ ചെയ്ത കേസുകളുടെയെല്ലാം വിചാരണ നടക്കുമ്പോള്‍ ഞാന്‍ മുന്‍നിരയില്‍ തന്നെയുണ്ടാകും. എന്നെ ഒഴിവാക്കാനായി ജഡ്ജിമാര്‍ അവധിയില്‍ പ്രവേശിക്കുമായിരുന്നു. എന്തുതന്നെ സംഭവിച്ചാലും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞാന്‍ മുന്നേറും, ഇന്‍ശാ അല്ലാഹ്.

സി.ബി.ഐ കേസ് അന്വേഷിക്കുന്ന സമയത്ത് എസ്.ഐ.ഒവിന്റെ ഓഫീസില്‍ വെച്ച് അഞ്ച് മണിക്കൂറാണ് എന്നെ ചോദ്യം ചെയ്തത്. കുറ്റവാളികളെ പിടിക്കുന്നതിനു പകരം അവര്‍ എന്നെയാണ് ഉപദ്രവിക്കുന്നത്. വര്‍ഷങ്ങളെടുത്തും കേസന്വേഷിക്കുമെന്ന് അവര്‍ എനിക്കു വാക്ക് നല്‍കിയിരുന്നു. എന്നിട്ട് 18 മാസം കൊണ്ട് അവര്‍ അന്വേഷണം അവസാനിപ്പിച്ചു. നജീബിന് ജെ.എന്‍.യുവില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യം മുഴുവന്‍ സത്യം അറിഞ്ഞിരിക്കെ ഇത്ര വലിയ കളവു പറയാന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല. ഇവരുടെ ഈ നിലപാട് കാരണം നജീബിനെ കാണാതാക്കിയവര്‍ ഇന്നും സ്വതന്ത്രരായി നടക്കുന്നു. അവര്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുന്നു. എന്നിട്ടും ഈ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. പക്ഷേ കുറ്റവാളികള്‍ രക്ഷപ്പെടുകയില്ല. ഒരു ദിവസം അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. 2019-ല്‍ ഈ ഗവണ്‍മെന്റ് താഴെ വീഴും.

കേരളത്തിലെ മനുഷ്യര്‍ക്കിടയില്‍ പരസ്പര സ്‌നേഹവും ഐക്യവുമുണ്ട്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ഇസ്‌ലാമിന്റെ വെളിച്ചം രാജ്യത്ത് വ്യാപിപ്പിച്ച മണ്ണിലാണ് ഞാന്‍ നില്‍ക്കുന്നത്. മതപരമായി മാത്രമല്ല, ഭൗതിക തലത്തിലും വിജയം കൈവരിക്കുന്ന ആളുകളായി നിങ്ങള്‍ മാറണം. ഈ ഭരണകൂടം മുസ്‌ലിംകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.  IAS, IPS തുടങ്ങിയ മേഖലകളിലും നാം ഉയര്‍ന്നു വരണം. എങ്കില്‍ മാത്രമേ സമുദായത്തിനുവേണ്ടി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ജഡ്ജിയും എം.എല്‍.എയും വക്കീലും ഒക്കെയായി ഈ സമൂഹത്തിന് സേവനം ചെയ്യണം. 

നജീബിന് സംഭവിച്ചതുകണ്ട് ഭയപ്പെട്ട മാതാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്; ഒരിക്കലും നിങ്ങള്‍ പരിഭ്രമിക്കരുത്. ഇന്ത്യയിലെ എല്ലാ യൂനിവേഴ്‌സിറ്റികളും നമ്മുടേതു കൂടിയാണ്. JNU, AMU, DU,  ജാമിഅ, ബനാറസ് തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകള്‍ നിങ്ങള്‍ കരുതുന്നതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളല്ല. രോഹിത്തിനെ ഇല്ലാതാക്കുകയും നജീബിനെ കാണാതാക്കുകയും ചെയ്തുകൊണ്ട് അവര്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. പക്ഷേ ഇതൊന്നും കണ്ട് നമ്മള്‍ പേടിക്കരുത്. ഒരു നജീബിനെ കാണാതാക്കിയാല്‍ ആയിരം നജീബുമാര്‍ ജെ.എന്‍.യുവിലെത്തും. ഇനിയും മക്കള്‍ എനിക്കുണ്ടായിരുന്നെങ്കില്‍ അവരെയും ഞാന്‍ ജെ.എന്‍.യുവില്‍ അയച്ചേനെ. നിങ്ങള്‍ വരണം ദല്‍ഹിയിലേക്ക്. ഞാനുണ്ടാകും അവിടെ, നിങ്ങളുടെ ഉമ്മയായി. നജീബ് അല്ലാഹുവിന്റെ സംരക്ഷണത്തിലാണെന്ന് എനിക്കുറപ്പുണ്ട്. എന്റെ സമരം നജീബിന് സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കാതിരിക്കാനാണ്. ജെ.എന്‍.യുവില്‍ പോകുമ്പോഴെല്ലാം ഞാന്‍ ധൈര്യത്തോടെയാണ് പോകാറുള്ളത്; ഞാന്‍ ഭയപ്പെട്ടിട്ടില്ല എന്ന് അവരെ ബോധ്യപ്പെടുത്താന്‍.

നജീബ് താമസിച്ചിരുന്ന മുറി ഇന്നും അവിടെ സീല്‍ ചെയ്തിട്ടാണുള്ളത്. അവന്റെ സാധനങ്ങള്‍ അവിടെനിന്നും മാറ്റാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ അതിന് തയാറല്ല. നജീബ് കൊണ്ടുവന്ന സാധനങ്ങള്‍ അവന്‍ തന്നെ എടുത്തുകൊണ്ടുപോകട്ടെ. 

അനീതിക്കിരയായ എല്ലാ മക്കളുടെയും മാതാക്കളോട് എനിക്ക് പറയാനുള്ളത്, രോഹിത് വെമുലയുടെ മാതാവ് തെരുവിലിറങ്ങി പ്രതിഷേധിച്ചതുപോലെ നിങ്ങളും പ്രതിഷേധിക്കണം എന്നാണ്. ജുനൈദിന്റെയും പെഹ്‌ലു ഖാന്റെയും കൊലയാളികള്‍ ഇന്ന് സ്വതന്ത്രരായി നടക്കുകയാണ്. അഖ്‌ലാഖിനെ കൊലപ്പെടുത്തിയവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. എന്നെപ്പോലെ വേദന അനുഭവിക്കുന്ന ഉമ്മമാര്‍ മിണ്ടാതിരിക്കരുത്. നീതിക്കുവേണ്ടി അവര്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ എന്നും ഞാനുണ്ടാകും. ഇന്ത്യയുടെ ഏതു കോണില്‍നിന്നുമുള്ള സമരമാണെങ്കിലും ഞാന്‍ അതില്‍ പങ്കുചേരും. 

 

(ശാന്തപുരത്ത് ചേര്‍ന്ന എസ്.ഐ.ഒ-ജി.ഐ.ഒ സംഗമത്തില്‍ ജെ.എന്‍.യുവില്‍ കാണാതാക്കപ്പെട്ട നജീബിന്റെ ഉമ്മ ചെയ്ത പ്രസംഗം)

തയാറാക്കിയത്:സമര്‍ അലി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം