Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

കനല്‍ നിറച്ച കലാരൂപങ്ങള്‍

എ.പി ശംസീര്‍

കഴിഞ്ഞ തവണ കൊച്ചിയില്‍ നടന്ന മുസ്‌രിസ് ബിനാലെയില്‍ ശ്രദ്ധേയമായ ഒരു ഇന്‍സ്റ്റലേഷനുണ്ടായിരുന്നു. പ്രമുഖ ചിലിയന്‍ കവി റൗള്‍ സുരീറ്റ രൂപകല്‍പന ചെയ്ത 'ദി സീ ഓഫ് പെയിന്‍' എന്ന ആ ദൃശ്യവിസ്മയം ഉള്ളു പൊള്ളിക്കുന്ന അനുഭവമായിരുന്നു. ലോകത്തിന്റെ മുഴുവന്‍ നൊമ്പരമായി മാറിയ ഐലന്‍ കുര്‍ദിയെക്കുറിച്ച ദീപ്ത സ്മരണകളിലേക്ക് വിഷാദം മുറ്റിനില്‍ക്കുന്ന മൗനത്തിന്റെ അകമ്പടിയോടെ ആ ദൃശ്യം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അഭയാര്‍ഥികളുടെ വ്യഥകളാല്‍ നിലീനമായ കടലിന്റെ ഒരു പരിഛേദം കൂടിയായിരുന്നു ആ ഇന്‍സ്റ്റലേഷന്‍.

ബിനാലെകള്‍ കലയുടെ ഏറ്റവും പുതിയ ഭാവുകത്വങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. നമ്മുടെ മാറിയ സംവേദനശീലങ്ങളോടാണ് അത് ചേര്‍ന്നുനില്‍ക്കുന്നത്. കലയിലെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതുന്ന ഒരു ആള്‍ട്ടര്‍നേറ്റീവ് തിങ്കിംഗ് അതിലുണ്ട്. വിഷ്വല്‍ ട്രീറ്റ്‌മെന്റുകള്‍ക്കപ്പുറം കുറച്ചുകൂടി കിനസ്തറ്റിക്കായ അനുഭവ പരിസരങ്ങളിലേക്കവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. നാം ഒരു കലാരൂപത്തിന്റെ അകത്തു കയറി നില്‍ക്കുന്ന അനുഭവം. വെള്ളത്താല്‍ ചുറ്റപ്പെട്ട വലിയ ഒരു ഹാള്‍. അതിലെ നേര്‍ത്ത ഓളപ്പരപ്പുകളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ പാദങ്ങളിലൂടെ അരിച്ചെത്തുന്ന തണുപ്പ് ശരീരമാസകലം ആവരണം ചെയ്യുമ്പോള്‍ ഐലന്‍ കുര്‍ദിയോടൊപ്പം ലോകത്തെ മുഴുവന്‍ അഭയാര്‍ഥികളുടെയും നോവുകളും നൊമ്പരങ്ങളും നമ്മെ തൊടുകയും ആ അനുഭവം നമ്മില്‍ കനല്‍ കോരി നിറക്കുകയും ചെയ്യുന്നു. 

കഴിഞ്ഞ ഡിസംബര്‍ 22,23 തീയതികളില്‍ നടന്ന എസ്.ഐ.ഒ-ജി.ഐ.ഒ സ്റ്റേറ്റ് കാമ്പസ് കോണ്‍ഫറന്‍സിന്റെ  ഭാഗമായി പ്രത്യേകം സജ്ജമാക്കിയ എക്‌സിബിഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതുകാലത്തെ മുസ്‌ലിം -കീഴാള രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെ അതിന്റെ എല്ലാതരം വൈകാരിക തീക്ഷ്ണതയോടെയും അവതരിപ്പിച്ചതിലൂടെയായിരുന്നു. എക്‌സിബിഷന്റെ മുഖ്യ കവാടത്തിനു മുന്നിലെത്തുന്നതിനു മുമ്പായി അവിടവിടങ്ങളിലായി സ്ഥാപിച്ച ബോര്‍ഡുകളിലൊന്നില്‍ ഫലസ്ത്വീന്‍ വിമോചന പോരാട്ടങ്ങളുടെ ഊര്‍ജസ്രോതസ്സും രക്തസാക്ഷിയുമായ ശൈഖ് അഹ്മദ് യാസീന്റെ ഒരു വാചകമുണ്ട്: 'നാം തെരഞ്ഞെടുത്ത പോരാട്ടത്തിന്റെ ഈ പാതയുടെ അന്ത്യം ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷ്യം.' മറ്റൊരിടത്ത് മാല്‍കം എക്‌സിന്റെ ഈ വാക്കുകള്‍: 'സ്വാതന്ത്ര്യം, സമത്വം, നീതി തുടങ്ങിയവ ഒരാളും നിങ്ങള്‍ക്ക് നല്‍കില്ല. നിങ്ങളൊരു മനുഷ്യനാണെങ്കില്‍ അവ നേടിയെടുക്കുക.'

ഈ വാക്കുകളെ അന്വര്‍ഥമാക്കുന്ന ദൃശ്യങ്ങളിലേക്കും അനുഭവങ്ങളിലേക്കുമാണ് എക്‌സിബിഷന്‍ മിഴി തുറക്കുന്നത്. കാലെടുത്തു വെക്കുമ്പോള്‍ നമ്മെ ആദ്യം എതിരേല്‍ക്കുന്നത് നജീബാണ്. അവന്റെ  വസ്ത്രങ്ങളും പുസ്തകങ്ങളും സ്വപ്‌നങ്ങള്‍ സ്വകാര്യമോതിയ കട്ടിലുമെല്ലാം ഇപ്പോഴുമവിടെയുണ്ട്. സമാപന സമ്മേളനത്തില്‍ സംസാരിച്ച നജീബിന്റെ ഉമ്മ അതേക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു: 'സീല്‍ ചെയ്ത് അടച്ചിട്ട നജീബിന്റെ റൂമിലെ അവന്റെ വസ്തുവകകള്‍ എടുത്തു കൊണ്ടുപോകാന്‍ അധികാരികള്‍ എന്നോട് നിരന്തരം ആവശ്യപ്പെടുന്നു. അത് നജീബ് തന്നെ എടുത്തു കൊണ്ടു പോകട്ടേയെന്ന് ഞാന്‍ അവരോട് പറഞ്ഞു.' സദസ്സ് നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായ ആ പോരാളി ഉമ്മയുടെ വാക്കുകള്‍ ഹര്‍ഷാരവങ്ങളോടെയാണ് ഏറ്റുവാങ്ങിയത്. നജീബിന്റെ മുറിയില്‍ പിന്തിരിഞ്ഞു നില്‍ക്കുമ്പോള്‍ നാം എത്തിപ്പെടുന്നത് നക്ഷത്രങ്ങളെ കിനാവു കണ്ട രോഹിത് വെമുലയുടെ മുറിയിലേക്കാണ്. അവന്റെ കിടക്കപ്പായയില്‍ ഇപ്പോഴും ദലിത് വിമോചനത്തെക്കുറിച്ച അംബേദ്കറുടെ എഴുത്തുകളുടെയും പ്രഭാഷണങ്ങളുടെയും അക്ഷരജ്വാലയുണ്ട്. ദലിതനായിപ്പോയതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ നിഷേധിക്കപ്പെട്ട ജെ. മുത്തു കൃഷ്ണനുള്‍െപ്പടെ മരണത്തിലേക്ക് സ്വയം എടുത്തെറിഞ്ഞ രക്തസാക്ഷികളായ ദലിത് വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ അവിടെ എഴുതിവെച്ചിട്ടുണ്ട്. 

ഇന്ത്യയിലെ മുസ്‌ലിം-കീഴാള രാഷ്ട്രീയത്തിന്റെ രണ്ടു പ്രതീകങ്ങളുടെ ലളിതവും എന്നാല്‍ തീവ്രവുമായ ആ  ഇന്‍സ്റ്റലേഷനുകളില്‍നിന്ന് നാം പിന്നെ എത്തിപ്പെടുന്നത് മറ്റൊരു കനല്‍ പ്രതലത്തിലേക്കാണ്. നിലാവെളിച്ചമുള്ള അര്‍ധരാത്രിയില്‍ രക്തസാക്ഷികള്‍ അല്ലാഹുവിന്റെയടുക്കല്‍ അനശ്വരരാണ് എന്നര്‍ഥമുള്ള മനോഹരമായ ഖുര്‍ആന്‍ പാരായണത്താല്‍ മുഖരിതമായ ഒരു ഖബ്‌റിടം. സൂക്ഷിച്ചു നോക്കിയാല്‍ മീസാന്‍ കല്ലുകളില്‍ ഒരുള്‍ക്കിടിലത്തോടെ ആ പേരുകള്‍ വായിക്കാം. അഖ്‌ലാഖ്, ജുനൈദ്, പെഹ്‌ലു ഖാന്‍. കൂടെ റിയാസ് മൗലവിയും ഫൈസല്‍ കൊടിഞ്ഞിയുമുണ്ട്. ഒരരികിലായി പുതുപ്പള്ളിത്തെരുവിലെ വീട്ടുമുറ്റത്ത് വെടിയേറ്റു  പിടഞ്ഞു വീണ സിറാജുന്നിസയുടെ ഖബ്‌റുണ്ട്. ഇനിയും മൂടിയിട്ടില്ലാത്ത ഒരു ഖബ്ര്‍ കൂടിയുണ്ട് അവിടെ. ഭരണകൂടത്തോടും പൊതു സമൂഹത്തോടും നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച വിപ്ലവകാരി നജ്മല്‍ ബാബുവിന്റെ ആ ഖബ്ര്‍ മറ്റൊരു വലിയ ചോദ്യചിഹ്നം പോലെ ബാക്കിയാകുന്നു. വലതുഭാഗത്തേക്ക് തിരിയുമ്പോള്‍ ഒരു ഞെട്ടലോടെ നാം കാണുന്നത് കശ്മീരില്‍ കൊല്ലപ്പെട്ട പതിനായിരങ്ങളെക്കുറിച്ച ചോദ്യങ്ങളുയര്‍ത്തുന്ന ഖബ്‌റുകളാണ്. അവിടെ മീസാന്‍ കല്ലുകളില്‍ പേരുകളില്ല. അനന്തമായി നീണ്ടുപോകുന്ന അക്കങ്ങളേയുള്ളൂ. ദാദ്രിയും കശ്മീരും കൊടിഞ്ഞിയും പുതുപ്പള്ളിത്തെരുവുമെല്ലാം ഒരിടത്ത് സംഗമിക്കുന്ന അനുഭവതീവ്രത പകര്‍ന്ന ഒരു ഇന്‍സ്റ്റലേഷന്‍. ആള്‍ക്കൂട്ട ഫാഷിസവും ഭരണകൂടവും കൊന്നുതള്ളിയവരുടെ പിന്‍ഗാമികളുടെ  ഉയിര്‍പ്പിനെക്കുറിച്ച ഒരു വരി അവിടെയുണ്ട്: 'അവര്‍ ഞങ്ങളെ എന്നന്നേക്കുമായി  കുഴിച്ചുമൂടാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ വിത്തുകളായിരുന്നുവെന്ന് അവര്‍ക്കറിയുമായിരുന്നില്ല.' രക്തസാക്ഷികളുടെ ഖബ്‌റിടങ്ങളില്‍നിന്ന് നാം നേരെ കാലെടുത്തു വെക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ മഖ്ബറകളിലേക്കാണ്. അവിടെ തടവറക്കകത്ത് ശരീരം അടക്കം ചെയ്യപ്പെട്ട മഅ്ദനിയും സകരിയ്യയുമുണ്ട്. പക്ഷേ ഇനിയും മരിച്ചിട്ടില്ലാത്ത അവരുടെ നിശ്ചയദാര്‍ഢ്യവും  ഉള്‍ക്കരുത്തും മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെട്ട് തടവറകളില്‍ കഴിയുന്ന ആയിരക്കണക്കിന് നിരപരാധികള്‍ക്ക് പ്രത്യാശയാണ്. 

ആധുനികതക്കകത്തും ശേഷം ഉത്തരാധുനികതയിലും ഏറ്റവും സജീവമായി നിര്‍ത്തപ്പെട്ട ഒന്നായിരുന്നു മുസ്‌ലിം പെണ്ണിനെക്കുറിച്ച വ്യവഹാരങ്ങള്‍. മുസ്‌ലിം പെണ്ണിന്റെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട്  പൊതുമണ്ഡലത്തിലും ലിബറലിടങ്ങളിലും  രൂപപ്പെടുന്ന ചര്‍ച്ചകളിലെ കൃത്യമായ പക്ഷം ചേരലുകളെ പൊളിച്ചെഴുതുന്ന ഒരു ഇന്‍സ്റ്റലേഷനുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിലാപങ്ങള്‍ക്കരികിലൂടെ കടന്നുപോയി ഒടുക്കം നാം ചെന്നെത്തുന്നത് കടല്‍തീരത്ത് കമിഴ്ന്നു കിടക്കുന്ന ചേതനയറ്റ ഐലന്‍ കുര്‍ദിയുടെ ചാരത്താണ്. കരയാനും ചിരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള മനുഷ്യന്റെ ശേഷികളെല്ലാം ഇമോജികള്‍ ഏറ്റെടുത്ത ഒരു കാലത്ത് അവനിലെ ഉണ്മ ആത്മഹത്യ ചെയ്യുന്നുണ്ട് മറ്റൊരു ഇന്‍സ്റ്റലേഷനില്‍.  ചരിത്രത്തെ കുഴിച്ചുമൂടാനുള്ള ഫാഷിസത്തിന്റെ ആസൂത്രിത ശ്രമങ്ങളെ വരച്ചുകാണിക്കുന്നുണ്ട് വാഗണ്‍ ട്രാജഡി.

പുതിയ കാലത്തെ മൂര്‍ച്ചയേറിയ പൊളിറ്റിക്കല്‍ സറ്റയറിന്റെ പോപ്പുലര്‍ വേര്‍ഷനായ ട്രോളുകളിലൂടെയാണ് ഈ എക്‌സിബിഷന്‍ അവസാനിക്കുന്നത്. ലോകം വകതിരിവില്ലാത്ത ഭരണാധികാരികള്‍ നിമിത്തം  അത്രമേല്‍ ദുഷിച്ച ഒരിടമായിത്തീരുമ്പോഴും രാഷ്ട്രീയ ഉള്ളടക്കമുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചാര്‍ളി ചാപ്ലിനെ അനുസ്മരിപ്പിക്കുന്നുണ്ട് ഓരോ ട്രോളും. പുറത്തേക്കുള്ള കവാടത്തിനരികിലായി നമ്മില്‍ രാഷ്ട്രീയ ഉണര്‍വുകള്‍ നിറക്കുന്ന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നു. സന്ദര്‍ശകര്‍ അഭിപ്രായങ്ങള്‍ എഴുതിയ സ്ലിപ്പുകളിലൊന്നില്‍ ഇങ്ങനെ കാണാം; 'അകത്തേക്ക് കയറിയത് പോലെയല്ല പുറത്തേക്കിറങ്ങിയത്.'

ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കിയ ഈ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ തിരുവനന്തപുരം പെരുമാതുറ സ്വദേശിയും എസ്.ഐ.ഒ സംസ്ഥാന സമിതിയംഗവും കുറ്റിയാടി ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കോഴ്‌സ് കോഡിനേറ്ററുമായ ഷിയാസ് പെരുമാതുറയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം