പള്ളികള്‍ മുസ്‌ലിംകളുടെ ആരാധനാ സ്ഥലമാണ്
ഇ.എന്‍ ഇബ്‌റാഹീം പ്രബോധനം ലക്കം 3079-ല്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. അമുസ്‌ലിംകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് ഒരു മഹാപാതകമായിട്ടാണ് 'സമസ്ത' പണ്ഡിതന്മാരില്‍ നല്ലൊരു വിഭാഗം കാണുന്നത് എന്നും മുസ്‌ലിംകളില്‍ ഒരു ചെറിയ ന്യൂനപക്ഷം അമുസ്‌ലിംകള്‍ക്ക് പള്ളിപ്രവേശം ആവാമെന്ന അഭിപ്രായക്കാരാണെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഇസ്‌ലാമിലെ വിധിവിലക്കുകളെ ഭൂരിപക്ഷ-ന്യൂനപക്ഷ മാനദണ്ഡം വെച്ചുകൊണ്ട് അളക്കാവുന്നതല്ലെന്ന് ലേഖകനും സമ്മതിക്കുമല്ലോ. ഖുര്‍ആനും മറ്റു പ്രമാണങ്ങളും ഇക്കാര്യത്തില്‍ എന്തു പറയുന്നുവെന്നതാണ് പരിശോധിക്കേണ്ടത്. ലേഖകന്‍ ചെയ്തതും അതുതന്നെയാണ്.
അമുസ്‌ലിംകള്‍ക്ക് പള്ളിപ്രവേശം ആകാമെന്ന വിശാല വീക്ഷണം നേരത്തേ തന്നെ മനസ്സിലുറപ്പിച്ച ലേഖകന്‍, ഖുര്‍ആനെയും സുന്നത്തിനെയും തന്റെ വീക്ഷണത്തിനൊപ്പിച്ച് വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്. അതിന് ഖുര്‍ആനെ അല്‍പം വളച്ചൊടിച്ചാലും തരക്കേടില്ല എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളതെന്നു തോന്നുന്നു. മറ്റു സമുദായക്കാരുടെ മുമ്പില്‍ താന്‍ വിശാലവീക്ഷണമുള്ള മതേതരവാദിയായി അംഗീകരിക്കപ്പെടണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം പ്രശംസനീയമാണെങ്കിലും ഖുര്‍ആനെ അവഗണിച്ചുകൊണ്ടുള്ള കാഴ്ചപ്പാട് ഇസ്‌ലാമികദൃഷ്ട്യാ സ്വീകാര്യമാവുകയില്ലെന്ന് പറയുമ്പോള്‍, ഈ കുറിപ്പുകാരന്‍ 'മതഭ്രാന്തന്‍' എന്ന് മുദ്രകുത്തപ്പെടാന്‍ ഇടയുണ്ടെന്നറിഞ്ഞുകൊണ്ടു തന്നെയാണ് വിയോജനക്കുറിപ്പെഴുതുന്നത്. പക്ഷേ, ഖുര്‍ആന് മുന്‍ഗണന നല്‍കാനല്ലേ മുസ്‌ലിമിന് സാധിക്കുകയുള്ളൂ.
മുസ്‌ലിമല്ലാത്തവര്‍ പള്ളിയില്‍ പ്രവേശിക്കുന്നത് ലേഖകന്‍ ആരോപിച്ച പോലെ ഒരു മഹാപാതകമായി ഒരു മുസ്‌ലിം പണ്ഡിതനും കാണുന്നില്ല. ആവശ്യമില്ലാത്തപ്പോള്‍ അത് പ്രോത്സാഹജനകമല്ലെന്ന അഭിപ്രായമാണുള്ളത്. പള്ളി റിപ്പയറിംഗിനു വേണ്ടിയോ നിര്‍മാണ പ്രവര്‍ത്തനത്തിനു വേണ്ടിയോ ആവശ്യമായ സമയത്ത് ആര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം. മതവും വിശ്വാസവും നിരീശ്വരത്വവും ഒന്നും പ്രശ്‌നമല്ല. നിര്‍മാണ പ്രവര്‍ത്തനവും എഞ്ചിനീയറിംഗും മുസ്‌ലിം തന്നെ നിര്‍വഹിച്ചു കൊള്ളണമെന്നില്ല. അത് 'ഫര്‍ള് കിഫായാ'യാണ്. അത്തരം കാര്യങ്ങള്‍ അമുസ്‌ലിംകള്‍ ചെയ്താലും മുസ്‌ലിംകള്‍ കുറ്റത്തില്‍നിന്ന് മോചിതരാവുമെന്നാണ് മതനിയമം.
പള്ളികള്‍ അഥവാ മസ്ജിദുകള്‍ മുസ്‌ലിംകള്‍ക്ക് ആരാധനക്കുള്ള സ്ഥലമാണ്. അവിടെ ആവശ്യമില്ലെങ്കില്‍ അമുസ്‌ലിംകളെ പ്രവേശിപ്പിക്കാന്‍ പാടില്ല. മതസൗഹാര്‍ദത്തിന് അമുസ്‌ലിമിനെ പള്ളിയില്‍ കയറ്റണമെന്നില്ല. മുസ്‌ലിമിനും അമുസ്‌ലിമിനും സൗഹൃദം പങ്കിടാന്‍ പള്ളിയല്ലാത്ത ധാരാളം സ്ഥലങ്ങള്‍ അല്ലാഹുവിന്റെ ഭൂമിയിലുണ്ട്. ഖുര്‍ആനിലെ 9:28 സൂക്തം ഉദ്ധരിച്ച് മസ്ജിദുല്‍ ഹറാം ഒഴിച്ച് ലോകത്തെ ഏതു പള്ളിയിലും ബഹുദൈവാരാധകര്‍ക്ക് പ്രവേശിക്കാം എന്ന നിഗമനം ശരിയല്ല. ബഹുദൈവാരാധകര്‍ പള്ളിയില്‍ പ്രവേശിക്കരുത് എന്നു തന്നെയാണ് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. ലേഖകന്‍ ഉദ്ധരിച്ച സൂക്തം പറയുന്നത് ഇപ്രകാരമാണ്: ''സത്യവിശ്വാസികളേ, ബഹുദൈവാരാധകര്‍ നജസാണ്, മാലിന്യമാണ്. അതിനാല്‍ ഈ വര്‍ഷത്തിനു ശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനടുത്ത് വരാന്‍ പാടില്ല.'' മസ്ജിദുല്‍ ഹറാമില്‍ നജസ് പാടില്ല; മറ്റു പള്ളികളില്‍ ആവാം എന്നാണോ ലേഖകന്‍ കരുതുന്നത്? അതോ, മുശ്‌രിക്കുകള്‍ നജസാണെന്ന് ഖുര്‍ആന്‍ പറഞ്ഞത് അല്‍പം കടന്നുപോയി എന്ന് ലേഖകന്‍ കരുതുന്നുവോ?
മസ്ജിദുല്‍ ഹറാമിന് മാത്രമാണ് മുസ്‌ലിംകളല്ലാത്തവര്‍ പ്രവേശിച്ചുകൂടാ എന്ന നിയമം ബാധകമെന്ന ലേഖകന്റെ വീക്ഷണവും തെറ്റാണ്.
''സത്യനിഷേധത്തിന് സ്വയം സാക്ഷികളായിരിക്കുന്ന അവസ്ഥയില്‍ അല്ലാഹുവിന്റെ പള്ളികളുടെ പരിചാരകരായിരിക്കാന്‍ ബഹുദൈവ വിശ്വാസികള്‍ക്ക് അവകാശമില്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കു മാത്രമേ അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാന്‍ അര്‍ഹതയുള്ളൂ'' (9:17). ഇവിടെ പള്ളികള്‍ എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. വിധി മസ്ജിദുല്‍ ഹറാമിന് മാത്രമേ ബാധകമാകുന്നുള്ളൂ എന്ന ലേഖകന്റെ നിഗമനം ഖുര്‍ആന്‍ ഇവിടെ ഖണ്ഡിക്കുന്നു. പള്ളി പരിപാലിക്കുക എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പള്ളി പ്രവേശനം തന്നെയാണ്. അല്ലാതെ അടിച്ചുവാരലും വെള്ളം കോരലും മാത്രമല്ല. ശിര്‍ക്ക് ഏറ്റവും വലിയ അക്രമമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്. നജ്‌റാനിലെ ക്രൈസ്തവ ദൗത്യസംഘത്തെ മസ്ജിദുന്നബവിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് തൗബയിലെ ഈ ആയത്തുകള്‍ ഇറങ്ങുന്നതെന്നുകൂടി ഓര്‍ക്കണം.
ഇന്നത്തെ ലോകത്ത് ജൂതന്മാരും മുസ്‌ലിംകളും ഒഴിച്ചാല്‍ മഹാഭൂരിപക്ഷം മതക്കാരും ബഹുദൈവാരാധകരാണ്. ക്രിസ്ത്യാനികള്‍ പോലും ഏകദൈവവിശ്വാസികളാണെന്ന് പറഞ്ഞുകൂടാ. അവര്‍ ത്രിയേകത്വത്തിലാണ് വിശ്വസിക്കുന്നത്. മനുഷ്യന് എന്ത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആരോടും വിവേചനമോ ശത്രുതയോ പുലര്‍ത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നുവെച്ച് വിശ്വാസത്തില്‍ 'കോംപ്രമൈസ്' ഇല്ല. ഒരിക്കല്‍ ഖുറൈശി പ്രമുഖര്‍ നബിയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: 'മുഹമ്മദേ, ഞങ്ങളുടെ ദൈവങ്ങളെ നീ ആരാധിക്കുക, നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം.' ഒരു കോംപ്രമൈസായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, നബി കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനോട് മറ്റൊന്നിനെ പങ്കുചേര്‍ക്കുന്നതില്‍നിന്ന് ഞാന്‍ അവനോട് അഭയം തേടുന്നു.' തുടര്‍ന്ന് നബിക്ക് വഹ്‌യ് വന്നു. അതാണ് സൂറത്തുല്‍ കാഫിറൂന്‍. 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്ന് ഖുറൈശികളോട് തുറന്നു പ്രഖ്യാപിക്കാനാണ് നബിയോട് ഖുര്‍ആന്‍ നിര്‍ദേശിച്ചത്.
മനുഷ്യര്‍ തമ്മില്‍ സൗഹാര്‍ദം വേണം. എന്നാല്‍ ഏകദൈവവിശ്വാസവും ബഹുദൈവാരാധനയും സൗഹൃദത്തില്‍ വാഴുന്ന ആശയങ്ങളല്ല. മനുഷ്യസൗഹാര്‍ദത്തിന് അമുസ്‌ലിംകള്‍ മസ്ജിദില്‍ വരേണ്ട ആവശ്യമോ, മുസ്‌ലിം ക്ഷേത്രത്തിലോ ചര്‍ച്ചിലോ സിനഗോഗിലോ പോകേണ്ട ആവശ്യമോ ഇല്ല. ശബരിമലയില്‍ ഇരുമുടിക്കെട്ടും ചൂടി അയ്യപ്പ ഭക്തിയോടെ ഏതെങ്കിലും മുസ്‌ലിം പോയാല്‍ ആ നിമിഷം അയാള്‍ മുസ്‌ലിമല്ലാതായിത്തീരുമെന്നാണ് ഖുര്‍ആന്റെ വീക്ഷണം.
ഥുമാമയെ മദീനാ പള്ളിയില്‍ തടവിലിട്ടത് അമുസ്‌ലിം പള്ളിപ്രവേശനത്തിന് തെളിവായി ഉദ്ധരിച്ചത് ശരിയല്ല. അന്ന് ഇന്നത്തെപ്പോലെ ജയില്‍ സൗകര്യം കുറവായതുകൊണ്ടായിരിക്കാം അയാളെ പള്ളിയില്‍ കെട്ടിയിട്ടത്. പള്ളി ഇസ്‌ലാമിന്റെ ഭരണകേന്ദ്രം കൂടിയാണെന്ന വസ്തുത വിസ്മരിക്കരുത്. അമുസ്‌ലിംകളില്‍ പലരും മൂത്രമൊഴിച്ചാല്‍ ശുദ്ധീകരിക്കുന്ന പതിവ് വിരളമാണ്. ശുചീകരണം നടത്താത്തത് മുസ്‌ലിമാണെങ്കിലും അയാളും പള്ളിയില്‍ കയറാന്‍ പാടില്ല.
പള്ളി വാതിലുകള്‍ തുറന്നുവെക്കുക
-ഇ.എന്‍ ഇബ്‌റാഹീം, ചെറുവാടി-
'ഖുര്‍ആനെയും സുന്നത്തിനെയും തന്റെ വീക്ഷണത്തില്‍ ഒപ്പിച്ച് വ്യാഖ്യാനിക്കാനാണ് ശ്രമിച്ചതെന്ന' സഹോദരന്‍ ഓമാനൂര്‍ മുഹമ്മദിന്റെ വിമര്‍ശനം സത്യസന്ധമല്ല. ഞാന്‍ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിച്ചിട്ടില്ല. ഞാന്‍ പറഞ്ഞ കാര്യത്തിന് മൂന്ന് തെളിവാണ് ആ ലേഖനത്തില്‍ ഞാനുദ്ധരിച്ചത്. ഒന്ന്; ഖുര്‍ആന്‍ 9:28,17. രണ്ട്; ഹദീസ്: ഥുമാമയെ മസ്ജിദുന്നബവിയില്‍ കെട്ടിയിട്ടതും ബനൂഖുറൈളയിലെയും ബനുന്നളീറിലെയും ബന്ദികളെ മദീനയിലെ പള്ളിയില്‍ താമസിപ്പിച്ചിരുന്നതും (ഥുമാമയുടേത് ബുഖാരി കിതാബുല്‍ മഗാസി അധ്യായം 71 ഹദീസ് നമ്പര്‍ 4372, 462, 469, 2422, 2423, മുസ്‌ലിം കിതാബുല്‍ ജിഹാദ്, ബാബു റബ്തുല്‍ അസീര്‍ വഹബ്‌സുഹു 60/1764, 1765). ബനൂ ഖുറൈള, ബനുന്നളീര്‍ ബന്ദികളുടെ സംഭവം ശറഹുല്‍ മുഹദ്ദബി(21/367)ലും വന്നിരിക്കുന്നു. മേല്‍ പറയപ്പെട്ടവര്‍ മുസ്‌ലിംകളായിരുന്നില്ല. ഥുമാമ ബഹുദൈവാരാധകനും ബനുന്നളീറും ബനൂഖുറൈളയും യഹൂദമതക്കാരുമായിരുന്നു. നജ്‌റാനില്‍നിന്ന് വന്ന സംഘം ക്രൈസ്തവരായിരുന്നു. അവര്‍ മസ്ജിദുന്നബവിയില്‍ വെച്ച് കിഴക്കോട്ട് തിരിഞ്ഞ് നമസ്‌കരിച്ചതും അവരെ വിട്ടേക്കുക എന്ന് നബി(സ) സ്വഹാബിമാരോടു പറഞ്ഞതും ബിദായ വന്നിഹായയില്‍ ഇബ്‌നു കസീര്‍ ഉദ്ധരിച്ചതാണ് മൂന്നാമത്തെ തെളിവായി ഞാനുദ്ധരിച്ചത്. അവിടെയൊന്നും ഞാനൊരു വ്യാഖ്യാനവും നല്‍കിയിട്ടില്ല.
ഥുമാമയെ പള്ളിയില്‍ കെട്ടിയിട്ട സംഭവത്തെ എതിര്‍ക്കുകയായിരുന്നു അദ്ദേഹത്തെ അഴിച്ചുവിടാന്‍ നിര്‍ദേശിക്കുക വഴി നബി(സ) ചെയ്തത് എന്ന ഇബ്‌നുല്‍ മുനീറിന്റെ വാദഗതിയെ അദ്ദേഹം ഹദീസിന്റെ പശ്ചാത്തലം വേണ്ടവിധം ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ ബാരി(1/719)യില്‍ പറഞ്ഞ ഭാഗവും ഞാന്‍ എന്റെ ലേഖനത്തില്‍ ഉദ്ധരിച്ചതാണ്.
ഇത്രയും തെളിവുകള്‍ക്ക് പുറമെ ഓമാനൂര്‍ മുഹമ്മദ് കൂടി പിന്തുടരുന്നു എന്ന് പറയുന്ന ഇമാം ശാഫിഈയുടെ പ്രസ്താവവും ഞാനുദ്ധരിച്ചിരുന്നു. അത് ഇപ്രകാരമാണ്: ''ഇമാം ശാഫിഈ മുഖ്തസറില്‍ പറഞ്ഞു: മസ്ജിദുല്‍ ഹറാമിലൊഴികെ ഏത് പള്ളിയിലും ബഹുദൈവ വിശ്വാസിക്ക് രാത്രി താമസിക്കുന്നത് തെറ്റല്ല.'' ഇമാം നവവി തുടര്‍ന്നെഴുതി: 'നമ്മുടെ ആളുകള്‍ പറഞ്ഞു: മക്കയിലെ ഹറമില്‍ നിഷേധിക്ക് പ്രവേശിക്കാന്‍ പറ്റുകയില്ല. മറ്റു പള്ളികള്‍ മുസ്‌ലിംകളുടെ അനുമതിയോടുകൂടി ഏത് പള്ളിയിലും അവന്‍ പ്രവേശിക്കുകയും അവിടെ രാത്രി താമസിക്കുകയും ചെയ്യാം. അനുമതിയില്ലെങ്കില്‍ അവനെ തടയേണ്ടതാണ്. അമുസ്‌ലിം ജനാബത്തുകാരനെങ്കില്‍ അയാള്‍ക്ക് പള്ളിയില്‍ കഴിയാമോ? അത് സംബന്ധിച്ച് പ്രസിദ്ധമായ രണ്ട് കാഴ്ചപ്പാടുണ്ട്. ഏറ്റവും പ്രബലമായ അഭിപ്രായം അത് സാധ്യമാണെന്ന് തന്നെയാണ്'' (ശറഹുല്‍ മുഹദ്ദബ് 2/200 ഫസ്വ്‌ലുന്‍ ഫില്‍ മസാജിദ്). ഇതും ഞാന്‍ എന്റെ ലേഖനത്തില്‍ ഉദ്ധരിച്ചതാണ്.
ഇതിലൊന്നിലും സ്വന്തം വകയായി ഞാന്‍ ഒന്നും കൂട്ടിയിട്ടില്ല. ഇത് സംബന്ധിച്ചൊന്നും യാതൊന്നും പറയാതെയാണ് ഞാന്‍ ഒരു മതേതരവാദിയാവാന്‍ ശ്രമിച്ചു എന്ന കമന്റിടുകയാണ് അദ്ദേഹം ചെയ്തത്. സുഹൃത്തേ, അങ്ങനെ ഒരു മതേതരവാദി ചമയേണ്ട ഒരു കാര്യവും എനിക്കില്ല. ഞാന്‍ മനസ്സിലാക്കിയ ഇസ്‌ലാം ഏതൊരു അള്‍ട്രാ സെക്യുലറിസത്തേക്കാളും പ്രവിശാലമാണ്. ഞാന്‍ കൊടുത്ത തെളിവുകള്‍ ഖണ്ഡിക്കാമെങ്കില്‍ അതാണ് താങ്കള്‍ ചെയ്യേണ്ടത്.
പള്ളി പണിയാനും അറ്റകുറ്റപ്പണികള്‍ക്കുമൊക്കെ അമുസ്‌ലിമിനെ പ്രവേശിപ്പിക്കാം, അത് ഫര്‍ദ് കിഫായയാണ്, അത് അമുസ്‌ലിം ചെയ്താലും മുസ്‌ലിംകളുടെ ബാധ്യത തീരും എന്ന് കൂടി പറയുന്നുണ്ട് സഹോദരന്‍. എന്നെ സംബന്ധിച്ചേടത്തോളം അതൊരു പുതിയ അറിവാണ്. ഫര്‍ദ് ഐനും ഫര്‍ദ് കിഫായയുമൊക്കെ മുസ്‌ലിംകളുമായി ബന്ധപ്പെട്ടാണുള്ളത്. അതിനാല്‍ തന്നെ ഫര്‍ദ് കിഫായ നിര്‍വഹിക്കേണ്ടതും മുസ്‌ലിംകള്‍ തന്നെയാണ്. അല്ലെങ്കില്‍ അവര്‍ എല്ലാവരും കുറ്റക്കാരാവും എന്നാണ് എന്റെ അറിവ്. മറിച്ചൊരു ഫര്‍ദ് കിഫായയെക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ല.
ഏതായാലും പ്രതികരണം വസ്തുനിഷ്ഠവും സത്യസന്ധവും ആയിരിക്കാന്‍ ശ്രമിക്കണമെന്ന് ഒരപേക്ഷ കൂടിയുണ്ട്, പ്രിയ സഹോദരനോട്.
Comments