Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ഖുര്‍ആനിക ചിന്തയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയാടിത്തറ

കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി

മൗലാനാ സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയുടെ അസാസെ ദീന്‍ കി തഅ്മീര്‍ (ദീനീ അടിത്തറയുടെ നിര്‍മാണം) എന്ന പുസ്തകത്തില്‍ പ്രവാചക ദൗത്യവുമായി ബന്ധപ്പെട്ടതും ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറഞ്ഞതുമായ പ്രവാചകന്റെ മൂന്ന് ചുമതലകളില്‍ ഒന്നാമത്തേതായ 'തിലാവതുല്‍ ആയാത്ത്' താഴെ പറയും പ്രകാരം വിശദീകരിക്കുന്നുണ്ട്. ആയാത്ത് എന്നാല്‍ ഖുര്‍ആനിക സൂക്തങ്ങള്‍ എന്നല്ല ഇവിടെ ഉദ്ദേശ്യം. അതിനാല്‍ തിലാവതുല്‍ ആയാത്ത് എന്നാല്‍ സൂക്തങ്ങള്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയെന്നല്ല അര്‍ഥം. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍, ശരീരശാസ്ത്രപരമായ സാക്ഷ്യങ്ങള്‍ എന്ന് അര്‍ഥം പറയേണ്ടതാണ്. അപ്പോള്‍ തിലാവതുല്‍ ആയാത്ത് എന്നാല്‍ ഖുര്‍ആന്റെ അടിസ്ഥാന വിശ്വാസങ്ങളായ തൗഹീദ്, നുബുവ്വത്ത്, ആഖിറത്ത് മുതലായവക്ക് തെളിവായി ഖുര്‍ആന്‍ പഠിപ്പിക്കുന്ന പ്രാപഞ്ചികവും ജീവശാസ്ത്രപരവുമായ പ്രകൃത്യാ മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന തെളിവുകള്‍ എന്നാകും അര്‍ഥം. അത് പഠിക്കലും പഠിപ്പിക്കലുമാണ് തിലാവതുല്‍ ഖുര്‍ആന്‍. അത്തരം വിഷയങ്ങള്‍ വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അഭിസംബോധന ചെയ്യുന്നത് ബഹുദൈവാരാധകരെയോ അവിശ്വാസികളെയോ കപടവിശ്വാസികളെയോ ആണെന്നും മുസ്‌ലിംകള്‍ക്ക് അത് ആവശ്യമില്ലെന്നും അത് പുണ്യത്തിനു വേണ്ടി അവര്‍ പാരായണം ചെയ്താല്‍ മതിയെന്നുമുള്ള മുസ്‌ലിംകള്‍ക്കിടയില്‍ മൂടുറച്ചുപോയ കടുത്ത തെറ്റിദ്ധാരണയെയും അത് സൃഷ്ടിച്ച വിപത്തിനെയും അദ്ദേഹം പിന്നീട് വിശകലനം ചെയ്യുന്നുണ്ട്. അത്തരം സൂക്തങ്ങള്‍ അവിശ്വാസികളെയെന്ന പോലെ വിശ്വാസികളെയും കൂടിയാണ് അഭിസംബോധന ചെയ്യുന്നതെന്നും പ്രവാചകനും മുസ്‌ലിംകളും ആ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് സദാ പഠിക്കണമെന്നും അത് പ്രവാചകനെന്ന നിലക്ക് അദ്ദേഹത്തിന്റെ ഒന്നാമത്തെ ബാധ്യതയാണെന്നും സദ്‌റുദ്ദീന്‍ ഇസ്‌ലാഹി എഴുതുന്നു്. അസാസെ ദീന്‍ കി തഅ്മീര്‍ എന്ന പുസ്തകത്തിന്റെ പ്രമേയം തന്നെ ഇതാണ്. അതിലദ്ദേഹം എഴുതുന്നു:

''ദീനിന്റെ അടിസ്ഥാന വിശ്വാസങ്ങളായ തൗഹീദ്, നുബുവ്വത്ത്, ആഖിറത്ത് എന്നിവ ഖുര്‍ആന്‍ ആവശ്യപ്പെടുന്നപോലെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെയും ശരീരശാസ്ത്രങ്ങളെയും തെളിവുകളായി സ്വീകരിച്ച് മുസ്‌ലിംകള്‍ പഠിക്കാത്തതിനാല്‍ അവര്‍ രൂപം കൊടുക്കുന്ന പരിപാടിക്ക് ദിശാബോധമോ ലക്ഷ്യമോ സമഗ്രതയോ ഇല്ലാതെ പോകുന്നു. അതുതന്നെ അവക്ക് എത്താവുന്ന പരിമിത ലക്ഷ്യത്തില്‍ പോലും എത്തുന്നതില്‍ വിജയിക്കുന്നില്ലെന്നു മാത്രമല്ല, മഹാപണ്ഡിതന്മാര്‍ വരെ കൊച്ചുകൊച്ചു പരിപാടികളെയും ലക്ഷ്യങ്ങളെയും അതു തന്നെയാണ് ആകെ ഇസ്‌ലാം എന്ന് ധരിക്കുകയും ചെയ്യുന്നു.''

 

ഹമീദുദ്ദീന്‍ ഫറാഹി, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി

ഇമാം ഹമീദുദ്ദീന്‍ ഫറാഹിയെക്കുറിച്ചും അല്‍പം പറയേണ്ടതുണ്ട്. അവിഭക്ത ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച ഏതൊരു ആലോചനയും, ഇമാം ഹമീദുദ്ദീന്‍ ഫറാഹിയെയും അദ്ദേഹത്തിന്റെ 'മദ്‌റസത്തുല്‍ ഇസ്വ്‌ലാഹ്' എന്ന സ്ഥാപനത്തെയും നമ്മെ ഓര്‍മിപ്പിക്കാതിരിക്കില്ല. അലീഗഢ്, ദയൂബന്ദ്, നദ്‌വ എന്നീ സ്ഥാപനങ്ങളെപ്പോലെ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹും ആയിരക്കണക്കില്‍ പണ്ഡിതന്മാരെയും ചിന്തകന്മാരെയും സംഭാവന ചെയ്തിട്ടുണ്ട്. ആ മഹദ് സേവനം ഇപ്പോഴും തുടരുന്നു. അതിന്റെ എല്ലാമെല്ലാമായിരുന്നു മൗലാനാ ഫറാഹി. അദ്ദേഹത്തിന്റെ വിയോഗാനന്തരം  ആ സ്ഥാപനത്തിന്റെ ഭാരവാഹികളോ, അവിടെനിന്ന് പുറത്തിറങ്ങിയ പണ്ഡിതന്മാരോ മറ്റ് മൂന്ന് സ്ഥാപനങ്ങളുടെ വക്താക്കളെ പോലെ സ്വന്തം സ്ഥാപനത്തെ 'തഹ്‌രീക്' (പ്രസ്ഥാനം) എന്ന് വിശേഷിപ്പിക്കുകയുണ്ടായിട്ടില്ല; തഹ്‌രീകെ അലീഗഢ്, തഹ്‌രീകെ ദയൂബന്ദ്, തഹ്‌രീകെ നദ്‌വ എന്നൊക്കെ ധാരാളമായി പ്രയോഗിക്കപ്പെടാറുണ്ട്.

'ഇസ്വ്‌ലാഹികള്‍' അവരുടെ സ്ഥാപനത്തെ പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കാത്തതുകൊണ്ടാവാം, ഇന്ത്യന്‍ മുസ്‌ലിം ചരിത്രം പറയുന്നവരും ഈ ഇന്‍സ്റ്റിറ്റിയൂഷനെ പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കാതിരുന്നത്. മുകളില്‍ പറഞ്ഞ തഹ്‌രീക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളോട് ഏറക്കുറെ കിടപിടിക്കാവുന്ന ഒരു ഇടം ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തില്‍ ഫറാഹിയുടെ സ്ഥാപനത്തിനുമുണ്ടെന്നതാണ് വസ്തുത.

ഖുര്‍ആന്‍ വ്യാഖ്യാനത്തിന് പുതുമയുള്ള നിദാന തത്ത്വങ്ങള്‍ ആവിഷ്‌കരിച്ച പ്രതിഭാശാലിയായ പണ്ഡിതനാണ് ഇമാം ഫറാഹി. ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കല്‍, ഖുര്‍ആന്‍ അവതരണകാലത്തും അതിനു മുമ്പുമുള്ള അറബി സാഹിത്യ നസ്സ്വുകള്‍ (Text) അവലംബിച്ച് ഖുര്‍ആനിലെ വാക്കുകളുടെയും വാക്യങ്ങളുടെയും അര്‍ഥനിര്‍ണയം, ഖുര്‍ആനിക അധ്യായങ്ങള്‍ തമ്മിലും സൂക്തങ്ങള്‍ തമ്മിലുമുള്ള ക്രമഭദ്രത മുതലായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ മൗലികമാണ്. കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ ചിന്തകളും പഠനങ്ങളും ലോകാടിസ്ഥാനത്തില്‍തന്നെ സ്വീകാര്യത നേടിവരുന്നു.

ഖുര്‍ആന്‍ വ്യാഖ്യാനത്തിനാധാരമായ നിദാന തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, താന്‍ ആവിഷ്‌കരിച്ച തത്ത്വങ്ങള്‍ ആധാരമാക്കി ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ സര്‍വഥാ യോഗ്യരായ പ്രതിഭാശാലികളായ ഒരു കൂട്ടം പണ്ഡിതന്മാരെ അദ്ദേഹം വാര്‍ത്തെടുക്കുകയും ചെയ്തു. ഗുരുവിന്റെ ദൗത്യം മദ്‌റസത്തുല്‍ ഇസ്വ്‌ലാഹ് കേന്ദ്രീകരിച്ച് ശിഷ്യന്മാര്‍ തുടര്‍ന്നും നിര്‍വഹിച്ചുപോരുന്നുണ്ട്. ആ ശിഷ്യരില്‍ പ്രമുഖരായിരുന്നു മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി എന്നിവര്‍. പ്രമുഖ പണ്ഡിതന്മാരും പ്രസ്ഥാന നായകരുമായ മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി, മൗലാനാ സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി എന്നിവര്‍ അദ്ദേഹത്തിന്റെ ആ ശിഷ്യന്മാരുടെ ശിഷ്യന്മാരത്രെ.

ഇമാം ഫറാഹി തന്റെ ക്ലാസുകളില്‍ ഖുര്‍ആന്റെ ആശയ, ഘടനാ പൊരുത്തങ്ങളെക്കുറിച്ചും ദിവ്യവേദത്തിന്റെ ആശയ സമഗ്രതയെക്കുറിച്ചുമാണ് കൂടുതലായി സംസാരിക്കാറുണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം, ഖുര്‍ആന്റെ ആശയലോകത്ത് യാതൊരു അവ്യക്തതയും നിലനില്‍ക്കുന്നില്ല. ഒരിക്കല്‍ ശിഷ്യനായ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി ഫറാഹിയോട് ചോദിച്ചു: ''അങ്ങ് ഖുര്‍ആനികാശയങ്ങളുടെ ഘടനാഭദ്രതയെക്കുറിച്ചാണ് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഒരു 'പ്രസ്ഥാനം' ഉണ്ടായാല്‍ മാത്രമേ അതൊക്കെ പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങ് എന്തുകൊണ്ടാണ് അത് ചെയ്യാത്തത്?''

അല്‍പം ആലോചിച്ച ശേഷം ഫറാഹി പറഞ്ഞു: ''അത് എന്റെ കഴിവിന് അതീതമാണ്. പ്രാപ്തിയുള്ളവര്‍ വരുമ്പോള്‍ അവരത് ചെയ്തുകൊള്ളും.''

ഹമീദുദ്ദീന്‍ ഫറാഹി 1931-ല്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഈജിപ്തില്‍ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന പ്രസ്ഥാനം അതിന് മൂന്ന് വര്‍ഷം മുമ്പ് ഇമാം ഹസനുല്‍ ബന്നായുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടിരുന്നു. കൃത്യം പത്തു വര്‍ഷത്തിനു ശേഷം അവിഭക്ത ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനം ഇമാം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തിലും രൂപീകരിക്കപ്പെട്ടു. ഇമാം ഫറാഹിയുടെ ഒന്നാംകിട ശിഷ്യന്മാരായ മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി, അവരുടെ ശിഷ്യന്മാരും പണ്ഡിതന്മാരുമായ മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വി, മൗലാനാ സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി മുതല്‍ ധാരാളം ഇസ്വ്‌ലാഹി പണ്ഡിതന്മാര്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നത് അതിനാല്‍തന്നെ ഒട്ടും യാദൃഛികമായിരുന്നില്ല.

 

തദബ്ബുറെ ഖുര്‍ആന്‍

ഇമാം ഫറാഹിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഖുര്‍ആനായിരുന്നു. അദ്ദേഹം വായിച്ചതും ചിന്തിച്ചതുമെല്ലാം അതിനു വേണ്ടിയായിരുന്നു. അതിനു വേണ്ടി ഹീബ്രു ഭാഷ വരെ അദ്ദേഹം പഠിച്ചു. ഉസ്വൂലുത്തഫ്‌സീര്‍ എന്ന് വിശേഷിപ്പിക്കാവുന്ന കനപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കുറേ ഖുര്‍ആനികാധ്യായങ്ങള്‍ക്ക് തഫ്‌സീറും എഴുതി. എന്നാല്‍ മുഴുവന്‍ ഖുര്‍ആനികാധ്യായങ്ങള്‍ക്കും തഫ്‌സീര്‍ എഴുതാന്‍ അദ്ദേഹത്തിന് വിധി സാവകാശം നല്‍കിയില്ല. ശിഷ്യന്‍ മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി ആ കുറവ് നികത്താന്‍ ആഗ്രഹിക്കുകയും ജീവിതം തന്നെ അതിനായി സമര്‍പ്പിക്കുകയും ചെയ്തു. ഗുരുനാഥന്‍ ആവിഷ്‌കരിച്ച നിദാനതത്ത്വപ്രകാരം, അദ്ദേഹം ഖുര്‍ആന്‍ ഗവേഷണ പഠനങ്ങളില്‍ മുഴുകി. തദബ്ബുറെ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം തന്റെ നാല്‍പതു വര്‍ഷത്തെയും ഗുരുനാഥന്റെ ഏതാണ്ട് മുപ്പത്തഞ്ച് വര്‍ഷത്തെയും അന്വേഷണ ഫലമാണെന്ന് അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. തഫ്‌സീര്‍ ഉള്‍പ്പെടെ താന്‍ എഴുതിയതെല്ലാം നേര്‍ക്കു നേരെയോ അല്ലാതെയോ ഖുര്‍ആനെക്കുറിച്ച് മാത്രമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആനിലെ ഓരോ ആയത്തിന്റെയും കൂടെ താന്‍ തമ്പ് കെട്ടി പാര്‍ത്തതായും അദ്ദേഹം എഴുതുന്നു.

ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ഫീല്‍ഡില്‍ ഇസ്‌ലാമിക പ്രവര്‍ത്തനാനുഭവം അനിവാര്യമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതുപോലെ വലിയ പണ്ഡിതന്മാരുടെ മാര്‍ഗദര്‍ശനവും അത്യാവശ്യമാണ്. അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി ഇക്കാര്യത്തിലെല്ലാം ഭാഗ്യവാനായിരുന്നു. ഇമാം ഹമീദുദ്ദീന്‍ ഫറാഹിയെപ്പോലുള്ള ഒരു മഹാപണ്ഡിതന്റെ അക്കാദമിക പരിലാളനം, അദ്ദേഹം വിട്ടുപോയ ഈടുറ്റ അനേകം ഗ്രന്ഥങ്ങളുടെ പിന്‍ബലം, ഫറാഹിയുടെ തന്നെ മറ്റൊരു പ്രമുഖ ശിഷ്യന്‍ മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയുടെ നിരന്തര പ്രചോദനം. ഇതെല്ലാം ഒത്തുവന്നു. ജമാഅത്തെ ഇസ്‌ലാമിയിലെ നേതൃപരമായ പങ്ക് അതിന് പുറമെയാണ്. അവിഭക്ത ജമാഅത്തെ ഇസ്‌ലാമിയുടെയും പാക് ജമാഅത്തെ ഇസ്‌ലാമിയുടെയും അസിസ്റ്റന്റ് അമീറായിരുന്നിട്ടുണ്ട് അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി. ഇമാം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയോടൊപ്പമുള്ള ജയില്‍വാസവും തഫ്‌സീര്‍ രചനയില്‍ അദ്ദേഹത്തിന് പ്രചോദനമായിട്ടുണ്ടാവണം. തദബ്ബുറെ ഖുര്‍ആനൊഴികെ ഏതാണ്ട് എല്ലാ രചനകളും അദ്ദേഹം നിര്‍വഹിച്ചത് അക്കാലത്താണ്.

 

ഫറാഹിയുടെ ദര്‍ശനം

വ്യവസ്ഥാപിത ഇസ്‌ലാമിക വിദ്യാഭ്യാസവും അതിനു പുറമെ സ്വതന്ത്ര അറബി സാഹിത്യ പഠനവും പൂര്‍ത്തിയാക്കിയതിനു ശേഷം അലീഗഢില്‍ ചേര്‍ന്ന് ഫിലോസഫിയില്‍ ബിരുദമെടുത്ത പണ്ഡിതനാണ് ഫറാഹി. കാലവും ലോകവും മാറിയത് നന്നായി തിരിച്ചറിഞ്ഞ മഹാപണ്ഡിതന്‍. സമകാലീന മത, രാഷ്ട്രീയ സംഘടനകളോടൊന്നും അദ്ദേഹത്തിന് ആഭിമുഖ്യമുണ്ടായിരുന്നില്ല. സാമ്രാജ്യത്വ വിപത്തിനെക്കുറിച്ച് ഗഹനമായ അവബോധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ രണ്ട് വലിയ ദൗത്യങ്ങളുണ്ടായിരുന്നു: ഒന്ന്, പാരമ്പര്യ ഇസ്‌ലാമിക ജ്ഞാനപദ്ധതികളെ ഖുര്‍ആന്റെ മൂശയില്‍ നവീകരിച്ച് പുനഃക്രോഡീകരിക്കുക. രണ്ട്, മാനവിക വിജ്ഞാനീയങ്ങളെ പൗരാണികം, ആധുനികം എന്ന വേര്‍തിരിവില്ലാതെ ഖുര്‍ആന്‍ അച്ചുതണ്ടാക്കി പുനഃസംവിധാനിക്കുക.

ഇതില്‍ രണ്ടാമത്തേത്, ഒന്നാമത്തേതിന്റെ തുടര്‍ച്ചയായി മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഒരു ആയുഷ്‌കാലം നല്‍കി ഒന്നാമത്തേതിന് അടിത്തറ പാകി. യോഗ്യരായ ശിഷ്യന്മാരെ വളര്‍ത്തിയെടുക്കുകയും ചെയ്തു. ഈ രണ്ട് ദൗത്യങ്ങളും ഒറ്റക്കു ചെയ്യാവുന്ന ദൗത്യങ്ങളല്ല; ഒരു ജീവല്‍ സമൂഹം നിര്‍വഹിക്കേണ്ട, നിരന്തരം തുടരേണ്ട മഹാ യജ്ഞമാണ്. അത് മനസ്സിലാക്കിക്കൊണ്ടാകണം അദ്ദേഹം രചനകള്‍ അറബിയില്‍ നിര്‍വഹിച്ചത്. അദ്ദേഹം അഭിസംബോധന ചെയ്തത് ലോക ഇസ്‌ലാമിക പണ്ഡിതന്മാരെയാണ്. അദ്ദേഹത്തിന്റെ മാതൃഭാഷ ഉര്‍ദുവായിരുന്നു, ഇംഗ്ലീഷില്‍ രചനാപാടവവും ഉണ്ടായിരുന്നു. എന്നിട്ടും അറബിയില്‍ മാത്രം എഴുതി.

ഈയൊരു ദൗത്യമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഏറ്റെടുക്കാനുള്ളത്. സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി സൂചിപ്പിച്ചതുപോലെ, നാം തിലാവതുല്‍ ആയാത്ത് നടത്തണം; അഥവാ പ്രാപഞ്ചികവും ജീവശാസ്ത്രപരവുമായ, മനുഷ്യപ്രകൃതിക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ദൃഷ്ടാന്തങ്ങളും സാക്ഷ്യങ്ങളും നാം പാരായണം ചെയ്യണം. ആ പഠനം ഖുര്‍ആന്‍ കേന്ദ്രീകരിച്ചും ഖുര്‍ആനെ അച്ചുതണ്ടാക്കിയും നിര്‍വഹിക്കണം. അങ്ങനെ ചെയ്താല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ തൗഹീദ്, നുബുവ്വത്ത്, ആഖിറത്ത് എന്നിവ ലോകത്തിന് എളുപ്പത്തില്‍ ബോധ്യമാവും. അതിലാണ് മാനവികതയുടെ യഥാര്‍ഥ വിജയം നിലകൊള്ളുന്നതെന്ന് ലോകം അംഗീകരിക്കും. പ്രസ്തുത വിപ്ലവത്തിന് നേതൃത്വം നല്‍കുന്നതിന്റെ പേരാണ് ഇസ്‌ലാമിക പ്രസ്ഥാനം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം