Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

അതുകൊണ്ട് വായിക്കുന്നവന്‍ തനിച്ചാവുന്നില്ല

മെഹദ് മഖ്ബൂല്‍

ചിരിക്കുന്ന, നടക്കുന്ന, തിന്നുന്ന മനുഷ്യനെ കാണാന്‍ മാത്രമുള്ള കഴിവേ നമ്മുടെ കണ്ണിനുള്ളൂ. വായന കൊണ്ടും അനുഭവപരിചയങ്ങള്‍ കൊണ്ടും അകംലോകം നിറച്ചവരെ കണ്ടെത്താന്‍ ഈ രണ്ട് കണ്ണുകള്‍ ഒട്ടും പോരാ. കാഴ്ചയില്‍ മനുഷ്യര്‍ തമ്മില്‍ വലിയ അന്തരങ്ങളൊന്നും കണ്ടെന്നു വരില്ല. പക്ഷേ ഓരോരുത്തരും ഓരോന്നാണ്. ഒറ്റ കാഴ്ചകൊണ്ട് ആരെയും നമുക്ക് സംഗ്രഹിക്കാന്‍ കഴിയില്ല. ചില മനുഷ്യര്‍ എന്തു വലിയ പ്രപഞ്ചങ്ങളാണെന്നറിയുക അവരെ അനുഭവിക്കുമ്പോള്‍ മാത്രമാണ്. ആരെയും നിസ്സാരരാക്കരുതെന്ന് പറയുന്നത് അതുകൊണ്ടൊക്കെ കൂടിയാകും. 

ഓരോ മനുഷ്യനും വലുപ്പം നല്‍കുന്നതില്‍ വായനയുടെ പങ്ക് ഏറെയാണ്. ഒരു മൂലയിലിരിക്കുന്നവനെ ഭൂഖണ്ഡങ്ങളേഴും നടത്തുന്നു വായന. വായിക്കുന്നവന് മാത്രം സാധ്യമാകുന്ന യാത്രയാണത്. ഇനിയും  ഒട്ടേറെ അറിയാനുണ്ടല്ലോ, ചെയ്യാനുണ്ടല്ലോ എന്നതാണ് വായിക്കുമ്പോള്‍ കിട്ടുന്ന മഹത്തായ അറിവ്. അങ്ങനെയാണ് താനെത്ര ചെറിയവനാണ് എന്ന വിനയം വരുന്നത്. ഏറെ അറിയുകയോ വായിക്കുകയോ ചെയ്യാത്തവര്‍ക്ക് സ്വയം വലുപ്പം തോന്നും. സ്വന്തം അഞ്ചു സെന്റ് അവര്‍ക്കൊരു പ്രപഞ്ചമായി മാറും.

പെന്‍ഡുലം ബുക്‌സ് പുറത്തിറക്കിയ ടി.പി മുഹമ്മദ് ശമീമിന്റെ എട്ടാമിന്ദ്രിയം എന്ന പുസ്തകം  അക്ഷരങ്ങളിലൂടെ യാത്രപോയ കഥയാണ്. വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളുമെല്ലാം എങ്ങനെ ഒരു മനുഷ്യന് ആകൃതി നല്‍കുന്നു എന്ന് വിശദമാക്കുന്നുണ്ടിതില്‍. വായിച്ച പുസ്തകങ്ങളെ പറ്റിയുള്ള എഴുത്തുകള്‍ ഒരു ആത്മകഥയായി രൂപം മാറുന്നു.

പല ഭാഷകളിലും  രാജ്യങ്ങളിലും എഴുതപ്പെട്ട പുസ്തകങ്ങള്‍  നമ്മുടെ മുന്നോട്ടുള്ള വഴികള്‍ക്ക് വെള്ളവും വെളിച്ചവും തരുന്നു എന്നത് വിസ്മയം തന്നെയല്ലേ. പല കാലത്ത് ജനിച്ചവര്‍, മരിച്ചവര്‍, ജനിച്ചിരുന്നോ എന്നു തന്നെ സംശയമുള്ള ഐതിഹ്യങ്ങളില്‍ വസിക്കുന്നവരെല്ലാം നമുക്കുള്ള ഇന്ധനങ്ങളായി മാറുന്ന ആശ്ചര്യത്തിന്റെ കഥകളാണ്  ടി.പി മുഹമ്മദ് ശമീം പങ്കുവെക്കുന്നത്.

 സാഹിത്യവാരഫലത്തില്‍ എം.കൃഷ്ണന്‍ നായര്‍ എഴുതിയത് പുസ്തകം ഓര്‍ത്തെടുക്കുന്നുണ്ട്:

''നിങ്ങള്‍ ഒരാളെ കാണാന്‍ ചെല്ലുന്നു. അവിടെ നിങ്ങള്‍ക്ക് ചായ കിട്ടുന്നു. ചിലര്‍ വര്‍ത്തമാനത്തില്‍ മുഴുകിയോ മര്യാദ ഓര്‍ത്തോ അല്ലെങ്കില്‍ ചായയിലൊന്നും തനിക്ക് വലിയ താല്‍പ്പര്യമില്ല എന്ന ജാഡയിലോ അത് തീരെ അവഗണിക്കുന്നു. ചായ തണുക്കും എന്ന് വീട്ടുകാരന്‍ ഇടക്ക് ഓര്‍മപ്പെടുത്തുന്നുണ്ട്. ചിലര്‍ ചായ തണുത്ത ശേഷം ഒറ്റ വലിക്ക് കുടിക്കുന്നു. ചിലര്‍ കിട്ടിയ ഉടനെ കുടിച്ച് അണ്ണാക്കു പൊള്ളുന്നു. മൂന്നാമതൊരു കൂട്ടര്‍ സംസാരിച്ച് ആസ്വദിച്ചു കുടിക്കുന്നു. ഇതു പോലെയാണ് വായനയും.''

ഒരു വായനക്കാരന്‍ അയാള്‍ മരിക്കുന്നതിനു മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുമ്പോള്‍ വായിക്കാത്ത ആള്‍ക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം മാത്രമാണെന്നെഴുതിയത് ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിനാണ്. 

ഇങ്ങനെ പല ജീവിതങ്ങള്‍ ജീവിക്കാന്‍ അവസരം ലഭിച്ചതിന്റെ കൃതാര്‍ഥതയിലാണ് ഈ പുസ്തകമെഴുത്തെന്ന് മുഹമ്മദ് ശമീം പറയുന്നുണ്ട്.

''ചെറിയ പദങ്ങളില്‍ വലിയ പ്രപഞ്ചങ്ങളെ ഒളിപ്പിക്കുന്ന ഹൈക്കുകളുടെ മായാജാലങ്ങള്‍ മുതല്‍ ജീവിതതത്ത്വങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ വരെയായി വൈവിധ്യമുള്ള അനുഭവങ്ങളിലൂടെയാണ് അക്ഷരങ്ങള്‍ വായനക്കാരനെ കൊണ്ടുപോകുന്നത്. നന്നായി ചെവിയോര്‍ക്കുന്നവനെ ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍പ്പിക്കുന്ന (സി. രാധാകൃഷ്ണന്‍) ഇന്ദ്രജാലമാണ് ഓരോ അക്ഷരവും കരുതി വെക്കുന്നത്''.

പുസ്തകം കൈയിലുണ്ടെങ്കില്‍ ഒരിക്കലും നമ്മള്‍ തനിച്ചാവുകയില്ലെന്ന് മുഹമ്മദ് ശമീം എഴുതുന്നു. 

വലിയ ശരിയല്ലേ അത്..?

പുസ്തകം കൈയിലുള്ളവന്‍ എന്നെങ്കിലും തനിച്ചായിട്ടുണ്ടോ? അന്നേരം  ആരെങ്കിലും നമുക്ക് കൂട്ടുവന്നിട്ടില്ലേ? അലാവുദ്ദീനോ മോണ്ടി ക്രിസ്‌റ്റോ പ്രഭുവോ കടല്‍ക്കാറ്റേറ്റിരിക്കുന്ന കിഴവനോ രവിയോ ഉമ്മാച്ചുവോ ദാസനോ ഹക്കിള്‍ബെറി ഫിന്നോ കരമസോവ് സഹോദരന്‍മാരോ ഷെര്‍ലക് ഹോംസോ അലിജാ ഇസ്സത്ത് ബെഗോവിച്ചോ അലി ശരീഅത്തിയോ ആരെങ്കിലും. നമ്മെ തനിച്ചാക്കാന്‍ മനസ്സില്ലാത്ത ലക്ഷോപലക്ഷം പുസ്തകങ്ങളുണ്ടല്ലോ ലോകത്ത് എന്ന അറിവ് നല്‍കുന്ന സമാധാനം ചെറുതല്ല. 

ഏറെ പുസ്തകങ്ങളെ പറ്റിയും എഴുത്തുകാരെ പറ്റിയും ചിന്തകരെക്കുറിച്ചും വാചാലമാകുന്ന ഈ പുസ്തകത്തെ ആത്മകഥയെന്ന് വിളിക്കാനാണ് മുഹമ്മദ് ശമീമിന് ഇഷ്ടം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍