പരിഷ്കരണവും രഞ്ജിപ്പും മുഖ്യ അജണ്ടയാവട്ടെ
തുര്ക്കിയിലെ ഇസ്തംബൂളില് അന്താരാഷ്ട്ര പണ്ഡിത സഭയുടെ അഞ്ചാമത് ജനറല് ബോഡി യോഗവും അതോടനുബന്ധിച്ച് ആറു ദിവസത്തെ വിവിധ സെഷനുകളും സംഘടിപ്പിക്കപ്പെടുകയുണ്ടായി. ആഗോളാടിസ്ഥാനത്തില് മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ ആഴത്തിലേക്കിറങ്ങിച്ചെന്നുകൊണ്ടുള്ള പ്രമേയത്തില് തന്നെയാണ് കോണ്ഫറന്സിന്റെ മുഴുശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത് എന്നത് വളരെ പ്രാധാന്യവും ഗൗരവവും അര്ഹിക്കുന്നു.
മാനവസമുദായത്തിന് മാര്ഗദര്ശനം നല്കാന് അയക്കപ്പെട്ട ഉത്തമ സമുദായമായി മുസ്ലിംകളെ ഖുര്ആന് വിശേഷിപ്പിക്കുമ്പോഴും ആ ദൗത്യം നിര്വഹിക്കാനുള്ള ആഭ്യന്തര സംസ്കരണം സമുദായം ആര്ജിച്ചിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയായി അവശേഷിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് പരിഷ്കരണവും രഞ്ജിപ്പും എന്ന വിഷയം ചര്ച്ചയുടെ കാതലായി മാറിയതെന്നു വേണം കരുതാന്. ഖുര്ആന് ഭരമേല്പിക്കുന്ന ദൗത്യം പൂര്ണാര്ഥത്തില് നിര്വഹിക്കാന് ഇനിയും തടസ്സമായി നില്ക്കുന്നത് പരിഷ്കരണത്തിന്റെയും രഞ്ജിപ്പിന്റെയും അഭാവമാണെന്ന സത്യത്തിലേക്ക് വിരല് ചൂണ്ടുകയും ചെയ്യുന്നു. ഈ തടസ്സം തുടച്ചുനീക്കാനുള്ള പരിശ്രമത്തിന്റെ ആദ്യപടിയായി പണ്ഡിതന്മാരും പ്രബോധകരും മാതൃകാ വ്യക്തിത്വങ്ങളായിത്തീരണമെന്നും യുക്തിപൂര്ണവും സദുപദേശത്തില് അധിഷ്ഠിതമായ പ്രബോധന പ്രവര്ത്തനങ്ങള് നിര്വഹിക്കണമെന്നുമുള്ള കോണ്ഫറന്സിന്റെ ആഹ്വാനം തികച്ചും സന്ദര്ഭോചിതമായി. പ്രവാചകാധ്യാപനങ്ങള്ക്കനുസൃതമായി ഇഹ്സാനോടുകൂടി അബദ്ധ ധാരണകളെ തിരുത്താനുള്ള ശ്രമത്തിനും കോണ്ഫറന്സ് ശ്രദ്ധ ക്ഷണിക്കുന്നതും പ്രസക്തമാണ്. അതോടൊപ്പം തന്നെ ദീനില് ആഴമേറിയ വിജ്ഞാനം കരസ്ഥമാക്കാനും അവധാനത, ധൈര്യം, സ്ഥൈര്യം, കാരുണ്യം തുടങ്ങിയ മൗലിക ഗുണങ്ങള് ആവിഷ്കാരങ്ങളില് പുലര്ത്താനും മുസ്ലിം യുവജനങ്ങളെ സമ്മേളനം ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
'പരിഷ്കരണവും രഞ്ജിപ്പും' എന്ന വിഷയം ഇപ്പോഴും ഒരു ആഗോള പണ്ഡിതസഭ ചര്ച്ചചെയ്യേണ്ടിവരുന്നു എന്നത് അടിസ്ഥാനപരമായ ചില യാഥാര്ഥ്യങ്ങളിലേക്കാണ് മുസ്ലിം മനസ്സുകളെ ക്ഷണിക്കുന്നത്. വീക്ഷണ വ്യത്യാസങ്ങളെ വിയോജിപ്പിന്റെ വഴികളാക്കാനും അതുവഴി അനൈക്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങള് സമുദായത്തിനുള്ളില് നടക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനുമുള്ള ഉത്തരവാദിത്തം നിര്വഹിക്കാന് കഴിയാത്തവിധം ഭിന്നിപ്പിന്റെ മേഖല വ്യാപകമാകാതിരിക്കാനുള്ള പ്രവര്ത്തനമാണിന്നാവശ്യം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിസ്ഥാന പ്രമാണങ്ങള്ക്ക് നിരക്കാത്ത പരമ്പരാഗതമായ ആചാരരീതികളും സമുദായത്തില്നിന്ന് പാടേ വിപാടനം ചെയ്യാന് കഴിഞ്ഞെങ്കിലേ രഞ്ജിപ്പിന്റെയും പരിഷ്കരണത്തിന്റെയും വാതായനങ്ങള് തുറന്നിടാന് സാധിക്കുകയുള്ളൂ. ഇസ്ലാമിക പണ്ഡിതന്മാരുടെയും നേതാക്കളുടെയും മുസ്ലിം സംഘടനകളുടെയും പ്രവര്ത്തന പാതയില് ഈ വിഷയം മുഖ്യ അജണ്ടയായി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വിശ്വാസികള്ക്കും യുക്തിവാദികള്ക്കുമിടയില് വീര്പ്പുമുട്ടുന്ന സി.പി.എം
ആത്യന്തികമായി മാര്ക്സിസം ദൈവവിശ്വാസത്തിനെതിരാണ്. അത് കൊണ്ടാണ് കാള് മാര്ക്സ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞുവെച്ചത്. ആഗോളതലത്തില് പല കമ്യൂണിസ്റ്റ് നേതാക്കളും യുക്തിവാദികളായതും അത്കൊണ്ട് തന്നെ. കേരളത്തിലെ സി.പി.എം നേതൃത്വം നല്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും പഴയകാല സമുന്നത നേതാക്കന്മാര് നിരീശ്വരവാദികള് ആയിരുന്നതിന്റെ കാരണവും അതാണ്. പക്ഷേ മാറിയ കാലത്ത് ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ദൈവവിശ്വാസികളാണ് എന്നത് അടിസ്ഥാനപരമായി കമ്യൂണിസത്തിന്റെ ആശയദൗര്ബല്യത്തിലേക്കാണ് വിരല് ചൂണ്ടുന്നത്.
കേരളത്തിലെ സി.പി.എമ്മിന്റെ വലിയൊരു വിഭാഗം പ്രവര്ത്തകരും ദൈവവിശ്വാസികളാണ് എന്നതിനുപരി ക്ഷേത്ര ഭാരവാഹികളും ഉത്സവ നടത്തിപ്പുകാരുമാണ്. ഇത് തന്നെയാണ് ആ പാര്ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണവും. മാര്ക്സിസത്തിന്റെ അടിസ്ഥാന തത്ത്വം നിരീശ്വരവാദം ആണെങ്കിലും പാര്ട്ടിക്ക് ഭൂരിപക്ഷം വരുന്ന ദൈവവിശ്വാസികളെ തള്ളാന് കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് സൈദ്ധാന്തിക പരാജയമാണ്. ഇത് തന്നെയാണ് ശബരിമല വിഷയത്തില് സി.പി.എം ഇപ്പോള് നേരിടുന്ന പ്രധാന വെല്ലുവിളി.
ഭൂരിപക്ഷ വിശ്വാസം സംരക്ഷിക്കാന് സി.പി.എം ഒന്നും ചെയ്യുന്നില്ല എന്ന പ്രചാരണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കുരിശ് നാട്ടിയ സംഭവത്തില് വിശ്വാസികളുടെ വികാരം വ്രണപ്പെടും എന്ന് പറഞ്ഞു നടപടി എടുക്കാന് വൈമനസ്യം കാണിച്ചതും മുത്തലാഖ് വിഷയത്തില് റിവ്യൂ ഹര്ജി കൊടുക്കുമെന്നു പറഞ്ഞതും ഉയര്ത്തിക്കാട്ടിയാണ് ഇത്തരം ചര്ച്ചകള് പുരോഗമിക്കുന്നത്. സി.പി.എം അണികളില് ചിലര് സംഘ് പരിവാറിലേക്ക് ചായുന്നു എന്നതാണ് ഇതിന്റെ പരിണിത ഫലം. ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നതിനനുസരിച്ചിരിക്കും സി.പി.എമ്മിന്റെ രാഷ്ട്രീയ ഭാവി.
നജീബ് കാഞ്ഞിരോട്, കണ്ണൂര്
Comments