Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

പ്രവാസവും പ്രസ്ഥാനവും

ജമീലാ മുനീര്‍ ജിദ്ദ

പ്രവാസം... ഈ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടെ മനസ്സിലും നീറ്റലനുഭവപ്പെടും. പ്രവാസം എന്ന അധികമാരും ഇഷ്ടപ്പെടാത്ത ഈ മൂന്നക്ഷരത്തെ സ്‌നേഹിക്കുന്ന, വളരെ അധികം ഭാഗ്യം ചെയ്ത ഒരു കൊച്ചു സംഘം ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉള്ളപോലെ തന്നെ ഈ മരുഭൂമിയിലും ഉണ്ട്. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ദാഹിച്ചു വലയുന്നവര്‍ക്ക് തെളിനീരായ്.. അഭയം തേടുന്നവര്‍ക്ക് തണലായ്... നിസ്സഹായര്‍ക്ക് ആശ്വാസമായി... അതേ! മരവിച്ച ഓര്‍മകളുടെയും വിരഹത്തിന്റെയും പരാധീനതകളുടെയും പര്യായമായി പറയുന്ന പ്രവാസത്തിന്റെ മറ്റൊരു വശം.

മാതാപിതാക്കളെയും സഹോദരങ്ങളെയും വേര്‍പിരിഞ്ഞ ഏകാന്തതക്ക് കൂട്ടായി, കുറേയാളുകളെ ഉറ്റവരുടെയും ഉടയവരുടെയും സ്ഥാനത്ത് വെച്ചു തന്ന് ജീവിതം സുന്ദരവും നിറപ്പകിട്ടാര്‍ന്നതുമാക്കിയ പ്രസ്ഥാനം... ഗള്‍ഫ് പ്രതിസന്ധിയില്‍ കുറേ പേര്‍ ജോലി പ്രശ്‌നത്തിലും ലെവി, സുഊദിവല്‍ക്കരണം എന്നിവക്ക് മുമ്പിലും ഇനിയെന്ത് എന്ന ചോദ്യവുമായി പകച്ചുനിന്നപ്പോഴും, ഇവിടെ നിന്ന് തിരിച്ചുപോയാല്‍ ഖുര്‍ആന്‍ പഠനവും പ്രസ്ഥാന പ്രവര്‍ത്തനവും നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അതുമായി പൊരുത്തപ്പെടാന്‍ കഴിയാതെ കുറേ നിഷ്‌കളങ്കരായ സഹോദരിമാര്‍.. ജോലിയില്ലാതെ നാട്ടില്‍ തിരിച്ചെത്തിയാലുളള പ്രതിസന്ധിയോ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ പ്രശ്‌നമോ ഒന്നും ഓര്‍ത്തു ഇവര്‍ അസ്വസ്ഥരാകുന്നില്ല.. എന്റെ പ്രസ്ഥാനം, എന്റെ ഖുര്‍ആന്‍ പഠനം... ഇതു മാത്രമാണ് കുറേ സഹോദരിമാരുടെ ചിന്ത. പ്രവാസവും പ്രസ്ഥാനവും അത്ര മേല്‍ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ.

നാട്ടില്‍നിന്ന് ഗള്‍ഫിലേക്ക് തിരിച്ചുള്ള യാത്രയില്‍ ഫ്‌ളൈറ്റ് ശോകമൂകമായിരിക്കും. അധികപേരും മരിച്ച വീട്ടിലിരിക്കുന്ന മാനസികാവസ്ഥയില്‍. ഉപ്പയെയും ഉമ്മയെയും വിട്ടുപിരിഞ്ഞ ഒരു കുഞ്ഞിന്റെ നോവ്... തന്റെ ഇണയെ കൂട്ടില്‍ തനിച്ചാക്കി വിഹായസ്സിലേക്ക് പറന്ന ഇണക്കുരുവിയുടെ രോദനം... അതിലുപരി കരളിന്റെ കഷ്ണങ്ങളായ പൊന്നോമന മക്കളെ താലോലിച്ചു കൊതിതീരാതെ പാതി വഴിയില്‍ വിട്ടുപിരിഞ്ഞതിന്റെ വേദന... എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് പറക്കുന്ന യന്ത്രപ്പക്ഷി സന്തോഷത്താല്‍ തുടിക്കുന്ന ഒരു പറ്റം ഹൃദയങ്ങളുമായാണ് വാനലോകത്ത് നീന്തി തുടിക്കുന്നത്; ഏതു പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും.

ഈയിടെയായി പലവിധ പ്രശ്‌നങ്ങള്‍ കാരണം കുറേ കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട്. ഇവിടെനിന്ന് പോവുന്നതിനേക്കാള്‍ പലര്‍ക്കും സങ്കടം, പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരെയും വിട്ടുപോവുന്നതിലാണ്. പ്രസ്ഥാനത്തെ വിട്ടുപോവാന്‍ ഇഷ്ടമില്ലാതെ ഹൃദയം നുറുങ്ങുമാറ് വേദന കടിച്ചമര്‍ത്തി നാട്ടിലേക്ക് തിരിച്ചുപോവുന്ന പ്രസ്ഥാന പ്രവര്‍ത്തകരായ പ്രവാസികള്‍ ഉണ്ട് ഇവിടെ. അതില്‍ അധികവും സ്ത്രീകളാണ്. നാട്ടില്‍ പ്രസ്ഥാനം ഇല്ലാത്തതുകൊണ്ടല്ല. അവിടെ അതിനുള്ള സൗകര്യം കിട്ടാത്തവര്‍. അല്ലെങ്കില്‍ വീട്ടുകാര്‍ പ്രസ്ഥാനത്തോട് കഠിന ശത്രുത പുലര്‍ത്തുന്നവര്‍. വീട്ടില്‍ ബാധ്യത കൂടിയവര്‍. ഏതായാലും പ്രസ്ഥാന പ്രവര്‍ത്തകരില്‍ കുറേ പേര്‍ നാട്ടില്‍ പോയാല്‍ ഖുര്‍ആന്‍ പഠിക്കാനും ഇസ്‌ലാമിക പ്രവര്‍ത്തനം നടത്താനും സാഹചര്യം കിട്ടാത്ത വിഷമത്തിലാണ്. (നാട്ടിലും നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല). ഇവിടത്തെ പ്രസ്ഥാനത്തിന്റെ സൗന്ദര്യം അത്രക്കുണ്ട്. ഇവിടെ ആഴ്ചകള്‍ തോറും നടക്കുന്ന ക്ലാസുകള്‍ വളരെ ഗൗരവമേറിയതാണ്. ഒരുപക്ഷേ ഏതെങ്കിലും ഒരു യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികളേക്കാള്‍ ഗൗരവത്തോടെ ഇരിക്കുന്ന സദസ്സ്. ആരും ലീവ് എടുക്കാറില്ല. ആര്‍ക്കും ലീവ് എടുക്കാന്‍ താല്‍പ്പര്യവുമില്ല. തങ്ങള്‍ക്ക് വല്ല അസുഖവും വന്നാല്‍ ഭര്‍ത്താക്കന്മാരുടെ മുന്നില്‍ സുഖമായ പോലെ അഭിനയിക്കും; തങ്ങളോട് ക്ലാസിന് പോകണ്ടാന്ന് പറയും എന്നു ഭയന്ന്! പ്രായമായവരും അസുഖമുള്ളവരും ചെറിയ മക്കളുള്ളവരും ഗര്‍ഭിണികളും ഓരോ ക്ലാസിലും പഠിക്കാന്‍ ഉള്ളത് പഠിച്ചേ വരൂ. പത്താം ക്ലാസ് വരെയോ അതില്‍ താഴെയോ മാത്രം വിദ്യാഭ്യാസവുമായി വന്നവര്‍ ഇവിടെനിന്ന് തിരിച്ചുപോവുമ്പോള്‍ ബിരുദാനന്തര ബിരുദം നേടിയ അനുഭവവും ഉണ്ട്. അതേ, ഖുര്‍ആനും ഹദീസും ഐ.പി.എച്ചുമൊക്കെ നേടിക്കൊടുത്ത മാധുര്യം നിറഞ്ഞ ഡിഗ്രി.

പൊതുവെ പ്രവാസികളെ എല്ലാവരും കളിയാക്കി പറയാറുണ്ടല്ലോ; തിരിച്ചുവരുമ്പോള്‍ സമ്പാദ്യം ഒന്നും കാണില്ല, പകരം പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, കുടവയര്‍ ഒക്കെ ആണ് ഉണ്ടാവുക എന്ന്. എന്നാല്‍ കേട്ടോളൂ, പ്രസ്ഥാന പ്രവര്‍ത്തകര്‍ തിരിച്ചു വരുമ്പോള്‍ നല്ല അന്തസ്സോടെ തന്നെയാണ് വരുന്നത്. അത് നോട്ടുകെട്ടുകള്‍ കൂമ്പാരമാക്കിയതിന്റെ അന്തസ്സല്ല, ഖുര്‍ആന്‍ പഠിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും തലയെടുപ്പ്. കുടുംബത്തെയും നാട്ടുകാരെയും സ്‌നേഹിക്കാനും സേവിക്കാനുമുളള സന്മനസ്സ്. അത് പ്രവാസികളുടെ കൂടപ്പിറപ്പ്. ഇപ്പറഞ്ഞത് വിശ്വാസം വരുന്നില്ലെങ്കില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചുനോക്കൂ. ഓരോ പ്രദേശത്തെയും പ്രസ്ഥാന ഉത്തരവാദിത്തവും കാരുണ്യ പ്രവര്‍ത്തനങ്ങളും വഹിക്കുന്നത് എക്‌സ് ഗള്‍ഫ് ആയിരിക്കും. വനിതകളുടെ പരിപാടികള്‍ നടക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കാണാം; സ്റ്റേജില്‍ അധികവും എക്‌സ് ഗള്‍ഫ്.

വിവിധ സംസ്‌കാരങ്ങളും ഭാഷാ ശൈലികളുമൊക്കെയുള്ള ആളുകളാണ് ഇവിടെ ഒരേ വാരാന്ത്യയോഗങ്ങളില്‍ ഒത്തുകൂടുന്നത്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുളളവര്‍. വനിതാ മുന്‍ സംസ്ഥാന പ്രസിഡന്റ് സഹോദരി സഫിയാ അലി അവരുടെ ക്ലാസുകളില്‍ എന്നും ഓര്‍മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്; 'ഇവിടെ രണ്ടു വിഭാഗം സ്ത്രീകളാണുള്ളത്.. പ്രസ്ഥാന പ്രവര്‍ത്തകരായ ഭാഗ്യവതികളും, പ്രസ്ഥാനത്തിലേക്ക് വരാതെ, നാല് ചുവരുകള്‍ക്കുള്ളില്‍ കൗമാരവും യൗവനവും ഒഴിവുസമയങ്ങളും ബലിയര്‍പ്പിച്ച, അല്ലെങ്കില്‍ പറന്നു തുടങ്ങുമ്പോള്‍ തന്നെ ചിറകരിഞ്ഞിട്ട അങ്ങേയറ്റം നിര്‍ഭാഗ്യവതികളായ സഹോദരിമാരും...' എവിടെ മലയാളികള്‍ ഉണ്ടെന്ന് അറിഞ്ഞാലും അവരെ ക്ഷണിക്കാന്‍ പ്രവര്‍ത്തകര്‍ എത്തും.. ആദ്യം അവര്‍ക്ക് ശല്യമായി തോന്നിയാലും താമസിയാതെ അവര്‍ തന്നെ പറയും, കുറച്ചുകൂടി നേരത്തേ വരാമായിരുന്നു പ്രസ്ഥാനത്തിലേക്കെന്ന്.. അതുകൊണ്ടുതന്നെ ഇവിടെ ഒരു കുടുംബം പോലും, അവര്‍ സഹോദര സമുദായങ്ങളായാലും, 'മലര്‍വാടി' എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല! നാട്ടില്‍നിന്നും കുറേ പേരോട് വെറുതെ അന്വേഷണം നടത്തിയതില്‍ എത്രയോ കുട്ടികള്‍ക്ക് മലര്‍വാടിയോ, അതിന്റെ പ്രോഗ്രാമുകളോ അറിയില്ല.

പൊതുസമൂഹത്തില്‍നിന്നും ദുരനുഭവങ്ങളും ധാരാളം ഉണ്ടാവാറുണ്ട്. ഖുര്‍ആന്‍ ക്ലാസിന് ക്ഷണിക്കുമെന്ന് ഭയന്ന് പ്രവര്‍ത്തകരെ കാണുമ്പോള്‍ മാറിക്കളിക്കുന്നവരുണ്ട്. അഞ്ച് പൈസ മോഹിക്കാതെ, സഹജീവികളുടെ കണ്ണീരൊപ്പാന്‍ പിരിവിനുവേണ്ടി കൈ നീട്ടുമ്പോഴും നോവുന്ന വര്‍ത്തമാനങ്ങള്‍ കേട്ടു വിതുമ്പിയവരുണ്ട്. ചിലര്‍, പ്രസ്ഥാനത്തെ കേട്ടും കണ്ടും അറിയാത്തവരെ ചെന്നു കണ്ട് പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ അതുകൊണ്ടൊന്നും പ്രസ്ഥാനം തളരുകയില്ല. കാരണം, മുഹമ്മദ് നബി (സ) മക്കയില്‍ പരസ്യ പ്രബോധനം തുടങ്ങിയ ശേഷം അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെ എങ്ങനെ തരണം ചെയ്തുവെന്നതിന്റെ വ്യക്തമായ ചിത്രം പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് മുമ്പിലുണ്ടല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍