Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ത്തവര്‍

ഡോ. കെ.എ നവാസ്

ഫാഷിസം ലോകത്ത് ആവിര്‍ഭവിച്ചതോടൊപ്പം തന്നെ അതിനെതിരില്‍ പ്രതിരോധ സന്നാഹങ്ങളുമുണ്ടായിട്ടുണ്ട്. സ്വാതന്ത്രേ്യഛുവായ മനുഷ്യന്റെ പാരതന്ത്ര്യത്തിനെതിരെയുള്ള എതിര്‍ത്തുനില്‍പ്പാണ് സമൂഹത്തിന്റെ നിലനില്‍പിന് ആധാരം. തന്റെ വിശ്വാസങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റത്തെ മനുഷ്യന്‍ എന്നും പ്രതിരോധിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. എന്തിനും വഴങ്ങുന്നവര്‍ മാത്രമേ മനുഷ്യരിലുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്നും ഇംഗ്ലണ്ട് ഇന്ത്യ ഭരിച്ചു കൊണ്ടേയിരിക്കുമായിരുന്നു, ലോകം ജര്‍മനിയുടെ ആധിപത്യത്തിലാകുമായിരുന്നു, കംബോഡിയയില്‍ മനുഷ്യവാസമവസാനിക്കുമായിരുന്നു. ആധുനിക ഫാഷിസത്തിന്റെ ഉപജ്ഞാതാക്കളെന്നു വിളിക്കപ്പെടുന്ന ഇറ്റാലിയന്‍ ഫാഷിസ്റ്റ് പാര്‍ട്ടിയുടെ ജന്മനാടായ ഇറ്റലിയിലാണ് ആന്റി ഫാഷിസത്തിന്റെയും ജനനം. മുസ്സോളിനി പ്രതിപക്ഷമുക്തമായ ഭരണമെന്ന നയം സ്വീകരിച്ച് അധികാരാരോഹണം ചെയ്തപ്പോള്‍ തന്നെ ആന്റി ഫാഷിസത്തിനും അവിടെ വിത്തു പാകപ്പെട്ടു. ആന്റി ഫാഷിസം അതിവേഗം യൂറോപ്പിലും പിന്നീട് ലോകമാകെയും വ്യാപിക്കുകയാണുണ്ടായത്. അതിന്റെ ആദ്യഘട്ടത്തില്‍ കമ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍, അരാജകവാദികള്‍, തൊഴിലാളികള്‍, ബുദ്ധിജീവികള്‍ എന്നിവരുള്‍പ്പെട്ടിരുന്നു. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ തുടക്കം വരെ കമ്യൂണിസ്റ്റുകളും കമ്യൂണിസ്റ്റിതരരും ആന്റി ഫാഷിസ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിച്ചു.

1928-ല്‍ രൂപപ്പെട്ട മുന്‍നിര രാജ്യങ്ങളുടെ ഏകീകൃത മുന്നണിയിലുണ്ടായിരുന്ന റഷ്യയും ഫാഷിസത്തിന്റെ തലതൊട്ടപ്പനായ ബെനിറ്റോ മുസ്സോളിനിയെ ഗുരുവെന്ന് സംബോധന ചെയ്ത ഹിറ്റ്‌ലറുടെ ജര്‍മനിയും കൈകോര്‍ക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. റിബന്‍ട്രോപ്-മൊളോട്ടോവ് ഉടമ്പടിയെന്നറിയപ്പെടുന്ന പരസ്പര അനാക്രമണ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ 1939 ആഗസ്റ്റ് 23-ല്‍ ഒപ്പുവെച്ചതോടെ ഫാഷിസം കമ്യൂണിസവുമായി തല്‍ക്കാലത്തേക്കെങ്കിലും ബാന്ധവത്തിലായി. ആ ഒപ്പുവെക്കലിന്റെ എട്ടാം നാള്‍ രണ്ടാം ലോക യുദ്ധം ആരംഭിക്കുകയും ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ വിനാശകാരിയായ ഹിറ്റ്‌ലര്‍ അതിസമര്‍ഥമായി സ്റ്റാലിനെ വലയില്‍ വീഴ്ത്തുകയായിരുന്നു. രണ്ടു വര്‍ഷത്തിനകം ജര്‍മനി റഷ്യയെ അപ്രതീക്ഷിതമായി ആക്രമിച്ചപ്പോള്‍ മാത്രമാണ് താന്‍ വഞ്ചിതനായ കാര്യം സ്റ്റാലിന്‍ മനസ്സിലാക്കിയത്.

മുസ്സോളിനിയുടെ ഭരണസംവിധാനം തന്നെയാണ് അവരുടെ എതിരാളികളെ ആന്റി ഫാഷിസ്റ്റുകളെന്നു വിളിച്ചു തുടങ്ങിയത്. മുസ്സോളിനിയുടെ ചാരപ്പോലീസിന്റെ ഔദ്യോഗിക നാമം പോലും 'ആന്റി ഫാഷിസത്തിനെതിരില്‍ ജാഗ്രത പാലിക്കാനും അവരെ അടിച്ചമര്‍ത്താനുമുള്ള സംവിധാന'മെന്നായിരുന്നു.

ഭയപ്പെടുത്തുക എന്ന ഫാഷിസ്റ്റ് തന്ത്രത്തെ ഭയക്കാന്‍ തയാറാകാത്ത എത്രയോ ധീരന്മാര്‍ ഒറ്റക്കും കൂട്ടായും ഫാഷിസ്റ്റുകളെ ചെറുത്തുതോല്‍പിച്ച ഉജ്ജ്വലസംഭവങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സമാധാനപരമായ നിലപാടുകള്‍ മുതല്‍ അതിതീവ്ര നിലപാടുകള്‍ വരെയുള്ള അനവധി ആന്റി-ഫാഷിസ്റ്റ് സംഘടനകള്‍ ഇന്നും ലോകത്തുണ്ട്. സ്വേഛാധിപതികള്‍ പണ്ടുമുതലേ ഉണ്ടായിട്ടുണ്ടെങ്കിലും, ഗവണ്‍മെന്റ് തന്നെ ഫാഷിസത്തിലധിഷ്ഠിതമാകുന്നത് ഒന്നാംലോക യുദ്ധത്തിനു ശേഷമാണ്. ഫാഷിസ്റ്റ്‌രാഷ്ട്രങ്ങള്‍ സ്വജനതയോടാണ് ഏറിയകൂറും അക്രമങ്ങള്‍ നടത്തിയിട്ടുള്ളത്. പീഡന ക്യാമ്പുകളിലെ ഭേദ്യങ്ങള്‍, യന്ത്രത്തോക്കുകളും ടാങ്കുകളും ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍, പൊതു ഖജനാവുകളില്‍നിന്ന് ചെല്ലും ചെലവും കൊടുത്ത് ഫാഷിസ്റ്റ് ശിബിരങ്ങളില്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടകളെ ഉപയോഗിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ദേവാലയങ്ങള്‍ തകര്‍ക്കല്‍, ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കല്‍, ജലസ്രോതസ്സുകളില്‍ വിഷം ചേര്‍ക്കല്‍, വയലുകള്‍ നശിപ്പിക്കല്‍, രാസായുധ പ്രയോഗങ്ങള്‍, ബോംബ് വര്‍ഷങ്ങള്‍, മാധ്യമധ്വംസനങ്ങള്‍, വിചാരണാ പ്രഹസനങ്ങള്‍, സാംസ്‌കാരിക നായകന്മാരെ നിശ്ശബ്ദരാക്കല്‍ എന്നിങ്ങനെയുള്ള ഭീകരതകള്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഇന്നും തുടരുന്നു.

 

ഫാഷിസത്തിന്റെ പലമുഖങ്ങള്‍

ദേശീയത, മതം, കൊളോണിയലിസം, വംശീയത, കമ്യൂണിസം, സോഷ്യലിസം എന്നിങ്ങനെ പല പ്രത്യയശാസ്ത്രങ്ങളും ഫാഷിസത്തിലെത്തിപ്പെട്ടിട്ടുണ്ട്. ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ഏതു പേരുകളില്‍ അറിയപ്പെട്ടാലും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിച്ചും പ്രതിപക്ഷത്തിന്റെ വായടപ്പിച്ചും സ്വന്തം നയങ്ങള്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന ഏതു സംവിധാനവും ഫാഷിസത്തെയാണ് പ്രതിനിധീകരിക്കുന്നത്.

അതിന്റെ അവശേഷിപ്പുകളായി ഇന്ന് മ്യൂസിയങ്ങളായി മാറിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍, കൂട്ടമായി കുഴിച്ചുമൂടപ്പെട്ടവരുടെ അസ്ഥികൂടങ്ങള്‍, ഡയറിക്കുറിപ്പുകള്‍ തുടങ്ങിയവ മനുഷ്യന്റെ തിരിച്ചറിവിലേക്കായി കാലം ബാക്കിവെച്ചിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം ബലികഴിക്കാന്‍ തയാറാവാത്ത മനുഷ്യര്‍ അവരാല്‍ കഴിയുംവിധം ഫാഷിസത്തെ പ്രതിരോധിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. അവരില്‍ സായുധമായും സമാധാനപരമായും ചെറുത്തുനിന്നവരുണ്ട്, തെരുവീഥികളില്‍ പ്രകടനം നടത്തിയവരും ഗറില്ലാ ആക്രമണങ്ങള്‍ നടത്തിയവരുമുണ്ട്. അതില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. 'വിജയം അല്ലെങ്കില്‍ മരണം' എന്ന് പ്രഖ്യാപിച്ച ഉമര്‍ മുഖ്താറെന്ന 'മരുഭൂമിയിലെ സിംഹം' വിചാരണാ വേളയില്‍ പറഞ്ഞ വാചകങ്ങള്‍ ഫാഷിസ്റ്റുകള്‍ക്കൊരു താക്കീതായി ഇന്നും നിലനില്‍ക്കുന്നു; 'ഞങ്ങള്‍ കീഴടങ്ങില്ല. ഞങ്ങള്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാം. തലമുറകള്‍ ഒന്നിനു പിറകേ മറ്റൊന്നു വരും. അപ്പോഴും ഫാഷിസത്തിനെതിരില്‍ ഞങ്ങള്‍ പൊരുതിക്കൊണ്ടേയിരിക്കും.'

സംസ്‌കാരസമ്പന്നരെന്നും ഉദ്ബുദ്ധരെന്നും മേനി നടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആധുനിക കാലത്തും ഫാഷിസ്റ്റ് ഭീകരത താണ്ഡവമാടിയിട്ടുണ്ട്. അന്നാടുകളില്‍ രൂപപ്പെട്ട അനേകം ആന്റി-ഫാഷിസ്റ്റ് സംരംഭങ്ങളില്‍ ഏതാനും ചിലതിനെ മാത്രം അവലോകനം ചെയ്യുകയാണിവിടെ.

 

ഇറ്റലിയില്‍

ഫാഷിസത്തിന്റെ ഈറ്റില്ലമായ ഇറ്റലിയില്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇറ്റാലിയന്‍ തൊഴിലാളി സംഘടന എന്നിവ മുസ്സോളിനിയെ സംഘടിതമായി ചെറുത്തുനിന്നു. അവരില്‍ ചിലര്‍ സായുധമായും മറ്റു ചിലര്‍ അല്ലാതെയും മുസ്സോളിനിയുടെ കറുത്ത കുപ്പായക്കാരെന്ന മര്‍ദക സംഘത്തെ നേരിട്ടു.

വിപ്രവാസത്തിലിരുന്നുകൊണ്ട് ചില നേതാക്കള്‍ ഇറ്റലിയിലെ ആന്റി ഫാഷിസ്റ്റ് പ്രതിരോധങ്ങള്‍ സംഘടിപ്പിച്ചു. ക്രോട്ട്, സ്ലൊവീന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സായുധരായി മുസ്സോളിനിയുടെ സൈനികരെ നേരിട്ടിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്തും ഇറ്റലിക്കകത്തുനിന്നു പ്രവര്‍ത്തിച്ച ആന്റി ഫാഷിസ്റ്റുകളായ ഒളിപ്പോര്‍ സംഘങ്ങള്‍ ഇറ്റലിയിലെ പല പ്രധാന നഗരങ്ങളും മോചിപ്പിച്ചു.

ഇറ്റലിയുടെ ലിബിയന്‍ അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച, 'മരുഭൂമിയിലെ സിംഹം' ഉമര്‍ മുഖ്താര്‍ ഇരുപതു വര്‍ഷമാണ് ഇറ്റലിക്കെതിരില്‍ ഗറില്ലാ യുദ്ധം നടത്തിയത്. ആയിരത്തോളം ആക്രമണങ്ങള്‍ അദ്ദേഹം ഫാഷിസ്റ്റ് ഭരണത്തിനെതിരില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുസ്സോളിനിയുടെ കണ്ണിലെ കരടായി മാറിയ ആ ധീരദേശാഭിമാനിയെ പിടികൂടി വിചാരണാ പ്രഹസനം നടത്തി തുക്കിലേറ്റുകയായിരുന്നു.

 

സ്‌പെയിനില്‍

1939 മുതല്‍ 1975-ല്‍ മരിക്കുന്നതുവരെ സ്‌പെയിന്‍ ഭരിച്ച ഏകാധിപതിയായിരുന്നു ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ. ഫാഷിസ്റ്റ് ഇറ്റലിയുടെയും നാസി ജര്‍മനിയുടെയും ഒത്താശയോടെ സ്‌പെയിന്‍ അടക്കിഭരിച്ച ആ സ്വേഛാധിപതി എതിരാളികളെ നിഷ്‌കരുണം പീഡിപ്പിച്ചു. തടവറകളിലും പീഡനക്യാമ്പുകളിലുമായി നാലു ലക്ഷത്തോളം പേരാണ് കുരുതി കഴിക്കപ്പെട്ടത്. രാജ്യത്തിനകത്തും പുറത്തുംനിന്ന് ഫ്രാങ്കോ ഭരണത്തിനെതിരില്‍ പോരാടിയ ഗറില്ലാ സംഘങ്ങള്‍ അനവധിയായിരുന്നു.

ഒട്ടേറെ രാഷ്ട്രീയ സംഘടനകള്‍ സ്‌പെയിനില്‍ ഫാഷിസത്തിനെതിരെ ശക്തമായി പോരാടി. മറ്റു പല രാജ്യങ്ങളില്‍നിന്നും ആയിരക്കണക്കിനു ജനങ്ങള്‍ ആന്റി ഫാഷിസ്റ്റ് മുന്നേറ്റങ്ങളെ സഹായിക്കാന്‍ സ്‌പെയിനിലെത്തിയിരുന്നു. എബ്രഹാം ലിങ്കണ്‍ ബ്രിഗേഡ്, ബ്രിട്ടീഷ് ബ്രിഗേഡ്, ദാബ്രോസ്‌കി ബറ്റാലിയന്‍ തുടങ്ങിയ സംഘങ്ങള്‍ അവയില്‍ ചിലതാണ്.

 

ഫ്രാന്‍സില്‍

രണ്ടാം ലോക യുദ്ധം തുടങ്ങി അധികം വൈകാതെ ജര്‍മനി ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ അവിടെയും ജര്‍മന്‍ നാസികളുടെ തേരോട്ടമായിരുന്നു. ജര്‍മനിയുടെ പാവയായി വര്‍ത്തിച്ച വിച്ചി സര്‍ക്കാരിനെ പല സംഘങ്ങളും ഒളിപ്പോരുമായി നേരിട്ടു. ശക്തരായ ജര്‍മന്‍ സേനക്കെതിരെ അവര്‍ സാധ്യമാവുംവിധം ചെറുത്തുനിന്നു. അവരിലധികവും ചെറു സംഘങ്ങളായിരുന്നു. ഗറില്ലാ ആക്രമണങ്ങള്‍, രഹസ്യമായി പ്രസിദ്ധീകരിച്ച പത്രങ്ങള്‍, ലഘുലേഖകള്‍, മാസികകള്‍ എന്നിവയായിരുന്നു അവരുടെ പ്രതിരോധായുധങ്ങള്‍. ഫാഷിസത്തിനും അധിനിവേശത്തിനുമെതിരില്‍ പ്രതിരോധം തീര്‍ക്കുന്നവര്‍ക്ക് പൊതുവെ റെസിസ്റ്റന്‍സ് എന്ന പേരു വന്നതും ഫ്രാന്‍സില്‍ നാസി അധിനിവേശത്തിനെതിരെ പൊരുതിയവരില്‍നിന്നാണ്.

 

ഇംഗ്ലണ്ടില്‍

1932-ല്‍ ഓസ്വാള്‍ഡ് മോസ്ലെയെന്ന ഒരാളുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ രൂപീകരിക്കപ്പെട്ട ഫാഷിസ്റ്റ് സംഘടനയാണ് ബ്രിട്ടീഷ് യൂണിയന്‍ ഫാഷിസ്റ്റ് പാര്‍ട്ടി. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി, ഐറിഷ് കത്തോലിക്കന്‍ തുടങ്ങി അനവധി സംഘടനകള്‍ ഫാഷിസ്റ്റുകളുമായി ഏറ്റുമുട്ടി. ഫാഷിസ്റ്റുകളുടെ പ്രകടനങ്ങള്‍ തടയുക, ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുക തുടങ്ങി വിവിധ സമരപരിപാടികള്‍ അവര്‍ ആവിഷ്‌കരിച്ചു. സര്‍ ഏണസ്റ്റ് ആര്‍ക്കര്‍ അക്കൂട്ടത്തിലെ പ്രസിദ്ധനായ ഒരു ഫാഷിസ്റ്റ്‌വിരുദ്ധ നേതാവായിരുന്നു.

 

അമേരിക്കയില്‍

പുതുജര്‍മനിയുടെ സുഹൃത്തുക്കള്‍, കുക്ലസ് ക്ലാന്‍, ജര്‍മന്‍-അമേരിക്കന്‍ ഫെഡറേഷന്‍ തുടങ്ങി പല ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളും അമേരിക്കയിലുണ്ടായിട്ടുണ്ട്. കഫഌന്‍ എന്ന ഒരു വികാരി ഫാഷിസ്റ്റ് ചിന്തകള്‍ റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും സ്ഥിരമായി പ്രക്ഷേപണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നതിന്റെ പേരില്‍ നടപടികള്‍ക്കു വിധേയനായിട്ടുണ്ട്.

അമേരിക്കയില്‍ ആന്റിഫ എന്ന പേരില്‍ ഇടതുപക്ഷ തീവ്രസംഘടനകളുടെ ഒരു കൂട്ടായ്മയുണ്ട്. ഫാഷിസ്റ്റുകളെന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു നേരെ വിമര്‍ശനവും കൈയേറ്റവും നടത്തുകയാണ് അവരുടെ രീതി. 2016-ല്‍ അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതില്‍ ആന്റിഫ സംഘങ്ങള്‍ പ്രതിഷേധ റാലി നടത്തിയിരുന്നു.

 

സര്‍ഗശക്തികൊണ്ട് പൊരുതിയവര്‍

ആയുധത്തേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളും കലാരൂപങ്ങളും ഫാഷിസത്തിനെതിരെ ഉപയോഗിച്ച അനവധി പേരുണ്ട്. കവിതകള്‍, സിനിമകള്‍, ജീവചരിത്രക്കുറിപ്പുകള്‍, സഞ്ചാരക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിങ്ങനെ പലതും അവര്‍ ഉപയോഗപ്പെടുത്തി. ഫാഷിസ്റ്റ്ഭീകരതയെ അനാവരണം ചെയ്യുകയും അതിനെതിരെ കരുതിയിരിക്കാന്‍ ഉദ്‌ബോധിപ്പിക്കുകയും ചെയ്തുകൊണ്ട് അവ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു.

ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പരിഹസിച്ചുകൊണ്ട് 'ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍' എന്ന സിനിമ നിര്‍മിക്കുകയും തന്റെ അഭിനയപാടവം കൊണ്ട് അത് അവിസ്മരണീയമാക്കുകയും ചെയ്ത ചാര്‍ളി ചാപ്ലിന്‍ ഉദാഹരണം. കറുത്ത വര്‍ഗക്കാരനായ ജെസ്സി ഓവന്‍സ് 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത് സഹിക്കാനാവാതെ സ്റ്റേഡിയത്തില്‍നിന്ന് എഴുന്നേറ്റുപോയ വര്‍ണവെറിയന്‍ ഹിറ്റ്‌ലര്‍, ചാര്‍ളി ചാപ്ലിനെതിരെയും കയര്‍ത്തു. മിക്ലോസ് രാദ്‌നോത്തി, യെഹൂദ അമിച്ചായ്, പോള്‍ ചെലാന്‍, എറിക് ഫ്രൈഡ്, അനിത ഡോണ്‍ തുടങ്ങിയവര്‍ ഹോളോകാസ്റ്റിനെതിരെ കവിതകളിലൂടെ പ്രതികരിച്ചവരാണ്.

1968-ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഒളിമ്പിക്‌സിന്റെ വേദി പ്രതിഷേധ വേദിയാക്കിയ അമേരിക്കന്‍ അത്‌ലറ്റുകളുടെ ബ്ലാക് പവര്‍ സല്യൂട്ട് ചരിത്രസംഭവമായി. ഇരുനൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ടോമി സ്മിത്തും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജോണ്‍ കാര്‍ലോസും വിക്ടറി സ്റ്റാന്റില്‍ കയറിയത് കറുത്ത ഗ്ലൗസുകള്‍ കൈയില്‍ ധരിച്ചായിരുന്നു. ദേശീയ ഗാനം വേദിയില്‍ ഉയര്‍ന്നപ്പോള്‍ അവര്‍ ഗ്ലൗസുകള്‍ ധരിച്ച മുഷ്ടികള്‍ ഉയര്‍ത്തിക്കാണിച്ചു. നീഗ്രോ വംശജരോടുള്ള അമേരിക്കയിലെ വര്‍ണവെറിയന്മാരുടെ അധിക്ഷേപങ്ങള്‍ക്കെതിരില്‍ പ്രതിഷേധിച്ച അവരെ കാനികള്‍ കൂക്കി വിളിക്കുകയാണുണ്ടായത്.

ഫാഷിസ്റ്റുകള്‍ക്കെതിരില്‍ തന്റെ പ്രതിഭ ഉപയോഗപ്പെടുത്തിയ പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞനായിരുന്നു വുഡി ഗൂത്രി. അദ്ദേഹം സംഗീത പ്രദര്‍ശനങ്ങളില്‍ തന്റെ ഗിത്താറിനു മുകളില്‍ 'ഫാഷിസ്റ്റുകളെ കൊല്ലുന്ന ഉപകരണം' എന്ന് സ്റ്റിക്കര്‍ പതിക്കാറുണ്ടായിരുന്നു.

 

മരിക്കാത്ത പ്രതിഷേധചിത്രങ്ങള്‍

ഫാഷിസ്റ്റ് പട്ടാളക്കാര്‍ക്കു മുമ്പില്‍ കൈകള്‍ പൊക്കി ഭയന്നു നില്‍ക്കുന്ന എട്ടുവയസ്സുകാരന്റെ ചിത്രവും ശവക്കുഴിക്കരികില്‍ തന്റെ ശിരസ്സിലേക്കുള്ള വെടിയുണ്ടയും കാത്തിരിക്കുന്ന അവസാനത്തെ ജൂതന്റെ ചിത്രവും ഇന്നും പിന്‍തലമുറക്കാര്‍ ഭീതിയോടെ കണ്ടുകൊണ്ടിരിക്കുന്നു. നാസി ഭ്രാന്തന്മാര്‍ക്കിടയില്‍ നാസി സല്യൂട്ട#് ചെയ്യാന്‍ തയാറാവാതെ കൈകെട്ടി നില്‍ക്കുന്ന ഒരാളുടെ ചിത്രവും ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നരഹത്യ നടത്തിയ ടാങ്കുകള്‍ക്കു മുമ്പില്‍ പ്രതിഷേധിച്ച് കൈവിടര്‍ത്തി നില്‍ക്കുന്നയാളുടെ ചിത്രവും ലോകം എന്നും ആദരവോടെ കാണുന്നു. ആദ്യത്തേത് രണ്ടു ഇരകളുടെ നിസ്സഹായതയാണ് വിളിച്ചോതുന്നതെങ്കില്‍ കൈകെട്ടിയും കൈ വിടര്‍ത്തിയും നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ പ്രതിഷേധത്തിന്റെ പ്രതീകങ്ങളായി മാറുന്നു. ആ ഇരകളും പ്രതിഷേധക്കാരും ഇന്നും അജ്ഞാതരായി തുടരുന്നുവെങ്കിലും അവരിന്നും ഫാഷിസത്തിനെതിരെ ഉണര്‍ന്നിരിക്കേണ്ടതിന്റെ അനിവാര്യതയാണ് വിളംബരം ചെയ്യുന്നത്.

ഫാഷിസത്തെ ചെറുക്കാന്‍ ഇന്ന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ആയുധങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയ. മേല്‍പ്പറഞ്ഞ പ്രതിരോധങ്ങളില്‍ പലതും ഫലം കാണാതെ പോയത്, ഏകോപനത്തിന്റെയും അഭിപ്രായ സമന്വയത്തിന്റെയും അഭാവം കൊണ്ടാണെന്നു കാണാം. നാസികളെ എതിര്‍ത്തതിനാല്‍ കാരാഗൃഹത്തിലടക്കപ്പെട്ട മാര്‍ട്ടിന്‍ നിമോള്ളറുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രശസ്തമായ ആ വാക്കുകള്‍ ഇന്ന് കൂടുതല്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടേയിരിക്കുന്നു:

അവരാദ്യം കമ്യൂണിസ്റ്റുകളെ തേടിവന്നു,

അപ്പോള്‍ ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു.

പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു.

അപ്പോഴും ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാനൊരു ജൂതനല്ലായിരുന്നു.

വീണ്ടുമവര്‍ കത്തോലിക്കരെ തേടിവന്നു.

അപ്പോഴും ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാനൊരു കത്തോലിക്കനല്ലായിരുന്നു.

പിന്നീടവര്‍ എന്നെ തേടി വന്നു,

അവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അപ്പോള്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍