കുറുക്കോട്ടം
ഉസ്മാന്‍ പാടലടുക്ക
സൂര്യവെട്ടം
കണ്ണില്‍കുത്തി
എഴുന്നേറ്റപ്പോഴാണ്
പൂവനെ
കുറുക്കന്‍ കൊണ്ടുപോയതറിഞ്ഞത്
പല്ലുതേച്ചു
വാകുപ്ലിക്കവെയാണ്
ഇനി വോട്ടവകാശം
ഭരണപക്ഷത്തിന്
മാത്രമെന്ന
ഫഌഷ് ന്യൂസ് കേട്ടത്
സമരമറിയിച്ച്
സഭ വിട്ടിറങ്ങിയ
പ്രതിപക്ഷം
എന്നേക്കുമായി
തുടച്ചുനീക്കപ്പെട്ടു
വെന്നറിയുന്നത്
ഉച്ചയൂണിനിടയില്‍
ഇനി
മതവെറിയില്ല
രാഷ്ട്രീയപ്പോരില്ല
തുല്യതാപ്രശ്‌നങ്ങളില്ല
പക്ഷം
ഒന്നുമാത്രമായ
നാട്ടില്‍
മുദ്രാവാക്യങ്ങളും
വടംവലിയും
ഇനി വേണ്ട
ചായ കുടിക്കവെ
കടക്കാരന്റെ കമന്റ്
നേരം ഇരുട്ടിയപ്പോള്‍,
രാത്രി മാത്രമിറങ്ങുന്ന
എന്റെ പൂവനെപ്പിടിച്ച
ആ കുറുക്കനെത്തേടി
ഞാനിറങ്ങി
അവ
പലേടങ്ങളിലായിരുന്ന്
ഓരിയിട്ടു
ഇടയില്‍
പൂവന്മാരുടെ
ഞെരക്കവും കേട്ടു.
Comments