ഒന്നാംലോകയുദ്ധ വിരാമക്കരാറിന് ഒരു നൂറ്റാണ്ട് അറബ്-മുസ്‌ലിം ലോകത്തെ സംഘര്‍ഷത്തിന്റെ വേരുകള്‍
ഒന്നാം ലോകയുദ്ധം അവസാനിക്കുന്നത് തുര്‍ക്കിയിലും പശ്ചിമേഷ്യയിലും വന്‍മാറ്റത്തിന് തുടക്കമിട്ടായിരുന്നു. അതേ ഒന്നാം ലോകയുദ്ധത്തിന്റെ അടയാളങ്ങളാണിപ്പോള്‍ വീണ്ടും പശ്ചിമേഷ്യയുടെ മാനത്ത് തെളിഞ്ഞുകാണുന്നത്. ഒന്നിനുപിറകെ ഒന്നായി സംഘട്ടനങ്ങളും യുദ്ധങ്ങളും മേഖലയെ വേട്ടയാടുന്നത് അന്ന് യൂറോപ്പില്‍ അവസാനിച്ച യുദ്ധത്തിന്റെ അനുരണനങ്ങളായി കാണാം. പതിറ്റാണ്ടുകളായി സംഘര്‍ഷമയയാതെ പുതിയ രാഷ്ട്രീയ പ്രതിസന്ധികള്‍ ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങളുടെ വേര് ചെന്നുനില്‍ക്കുന്നത് ഒന്നാം ലോകകയുദ്ധത്തിനു തൊട്ടുപിറകെയുണ്ടായ രാഷ്ട്രീയ തീരുമാനങ്ങളിലാണ്. യുദ്ധത്തിന്റെ അതിസങ്കീര്‍ണ നയങ്ങളാണ് പിന്നിലെന്ന് സ്പഷ്ടമാവണമെന്നില്ലെങ്കിലും, പിന്നാമ്പുറത്ത് അവ പ്രസക്തമായി നിലയുറപ്പിക്കുന്നുന്നെത് വസ്തുതയാണ്. തലമുറകള്‍ മാറിവന്നിട്ടും 1989 വരെ യൂറോപ്പിനെ വിടാതെ വേട്ടയാടിയ സംഘര്‍ഷങ്ങള്‍ രണ്ടാം ലോകയുദ്ധത്തിന്റെ ബാക്കിപത്രങ്ങളായിരുന്നുവെന്നതുപോലെ.
പശ്ചിമേഷ്യയിലെ യുദ്ധഭൂമികളില്‍ ഈജിപ്ത്, ഫലസ്ത്വീന്‍, ലബനാന്‍, സിറിയ, ആധുനിക ഇറാഖ്, തുര്‍ക്കി എന്നിവിടങ്ങളിലെ പോരാട്ടങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത് 1918 ഒക്‌ടോബര്‍ 30-ന് ഈജിയന്‍ കടലിലെ യുദ്ധക്കപ്പലില്‍ ബ്രിട്ടീഷ്-ഉസ്മാനി ഉദ്യോഗസ്ഥര്‍ തമ്മിലെ മുഡ്രോസ് വെടിനിര്‍ത്തല്‍ കരാറിനൊടുവിലാണ്. അന്ന് യുദ്ധമൊടുങ്ങുന്നുവെന്ന സൂചനകള്‍ വരുേമ്പാള്‍ അവസാന മണിക്കൂറുകളില്‍ എത്ര തിരക്കിട്ടാണ് ടൈഗ്രീസ് തീരത്ത് പരമാവധി വെട്ടിപ്പിടിക്കാനും കണക്കുതീര്‍ക്കാനും താന്‍ തിടുക്കംകൂട്ടിയതെന്ന് ബഗ്ദാദിലെ ബ്രിട്ടീഷ് ആക്ടിംഗ് സിവില്‍ കമീഷണറായിരുന്ന ആര്‍ണള്‍ഡ് വില്‍സണ്‍ തന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്.
അങ്ങനെയാണ്, മെസപ്പൊട്ടോമിയയിലെ ഏറ്റവും സമ്പന്നമായ എണ്ണപ്പാടങ്ങളുടെ ഹൃദയഭൂമിയെന്നു വിളിക്കപ്പെട്ട മൂസ്വില്‍ നഗരം 1918 നവംബര്‍ 10-ന് അധിനിവേശം ചെയ്യപ്പെടുന്നത്. യൂറോപ്പില്‍ യുദ്ധം അവസാനിച്ചത് പിന്നെയും ഒരു ദിവസം കഴിഞ്ഞാണെങ്കിലും 'മുഡ്രോസ് വെടിനിര്‍ത്തലി'ല്‍ ഒപ്പുവെച്ചിട്ട് അന്നേക്ക് 11 ദിവസം കഴിഞ്ഞിരുന്നു. യുദ്ധകാല നേട്ടങ്ങളെ സമാധാനകാലത്ത് വലിയ മുതല്‍ക്കൂട്ടാ
ക്കി പരിവര്‍ത്തിപ്പിക്കാമെന്ന വിവിധ ശക്തികളുടെ കാഴ്ചപ്പാടുകള്‍ സ്വാഭാവികമായും തുറന്നുവിട്ടത് സംഘര്‍ഷങ്ങളുടെ ഭൂതങ്ങളെയായിരുന്നു.
പരാജയം സമ്മതിച്ച ജര്‍മനിയുമായി 1919 ജൂണ്‍ 28-ന് ഒപ്പുവെച്ച വാഴ്‌സ ഉടമ്പടി(1914-ല്‍ മഹായുദ്ധത്തിന് തുടക്കമിട്ട സരയാവോ ആര്‍ച്ഡ്യൂക് ഫ്രാന്‍സ് ഫെര്‍ഡിനന്‍ഡിന്റെ കൊലപാതകത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍)യാണ് യുദ്ധാനന്തര സമാധാന കരാറുകളില്‍ ഏവര്‍ക്കും സുപരിചിതമെങ്കിലും സമാനമായി, പ്രാദേശിക തലങ്ങളിലെ സംഘര്‍ഷം അവസാനിപ്പിച്ച് വേറെയും നാല് ഉടമ്പടികള്‍ നിലവില്‍ വന്നിരുന്നു.
1919 സെപ്റ്റംബര്‍ 10-ല്‍ ആസ്ത്രിയയുമായി നിലവില്‍വന്ന സെന്റ് ജര്‍മന്‍ കരാര്‍ (Treaty of Saint Germain), 1919 നവംബര്‍ 27-ന് ബള്‍ഗേറിയുമായി ഒപ്പുവെച്ച ന്യൂയിലി കരാര്‍ (Treaty of Neuilly), ഹംഗറി പങ്കാളിയായ 1920 ജൂണ്‍ നാലിലെ ട്രിയാനന്‍ കരാര്‍ (Treaty of Trianon), ഉസ്മാനി സാമ്രാജ്യവുമായുണ്ടാക്കിയ സെവേ കരാര്‍ (Treaty of Sevres- ഇത് പിന്നീട് പുതിയ തുര്‍ക്കി റിപ്പബ്ലിക്കുമായി 1923 ജൂണ്‍ 24-ലെ ലോസേന്‍ ഉടമ്പടി വന്നതോടെ അപ്രസക്തമായി) എന്നിവയാണിവ.
ഉസ്മാനി സാമ്രാജ്യത്തെ മുറിച്ചു കഷ്ണങ്ങളാക്കുകയും പുതുതായി വന്നവയുടെ രാഷ്ട്രീയ അസ്തിത്വം നിര്‍ണയിക്കുകയും ചെയ്യുന്നതായിരുന്നു സെവേ കരാര്‍. കുര്‍ദ്, അര്‍മീനിയന്‍ വംശജര്‍ക്ക് സ്വയംഭരണത്തിന്റെ ചില സാധ്യതകള്‍ തുറന്നിട്ടുനല്‍കിയതിനൊപ്പം ഇസ്തംബൂളിനു മേല്‍ താങ്ങാനാവാത്ത രാഷ്ട്രീയ-സാമ്പത്തിക ഭാരങ്ങള്‍ അത് അടിച്ചേല്‍പിക്കുക കൂടി ചെയ്തു.
ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് അനത്തോളി മേഖലയുടെ ദക്ഷിണ, പശ്ചിമ, മധ്യ മേഖലകള്‍ പതിച്ചുനല്‍കിയവര്‍ ത്രേസ്(ഠവൃമരല) പ്രവിശ്യയിലേറെയും ഗ്രീസിനും നല്‍കി. ഇതോടെ, യൂറോപ്യന്‍ മണ്ണില്‍ ഉസ്മാനി സാമ്രാജ്യം തന്നെ ഇല്ലാതായെന്നു ചുരുക്കം. ഇസ്തംബൂള്‍ പോലും 1918 നവംബര്‍ 12 മുതല്‍ നേരിട്ട് ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ അധിനിവേശത്തിലായിരുന്നു.
16 മാസം നീണ്ട കഠിന ചര്‍ച്ചകള്‍ക്കൊടുവിലാണ് സെവേ കരാര്‍ നിലവില്‍വരുന്നത്. 1919-ല്‍ ഒന്നിലേറെ തവണ പാരീസിലും തൊട്ടടുത്ത വര്‍ഷം ലണ്ടന്‍ സമ്മേളനത്തിലും (ഫെബ്രുവരി 12-24) അതുകഴിഞ്ഞ് സാന്‍ റിമോ സമ്മേളനത്തിലും (ഏപ്രില്‍ 19-26) ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. ഭൂമിയും പ്രതാപവും എല്ലാം നഷ്ടമായ ഉസ്മാനി ഭരണാധികാരികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നതിനൊപ്പം യുദ്ധത്തിനിറങ്ങിയവരുടെ എണ്ണമറ്റ മോഹങ്ങളും അതിനായി ഒരുക്കിയ കരാറുകളും ഒരുവിധം സമരസപ്പെടുത്തിയും കരാര്‍ രൂപപ്പെടുത്തിയെടുക്കലായിരുന്നു ശ്രമകരമായ ദൗത്യം.
രേഖയില്ലാത്ത 1915-1917 കാലത്തെ യുദ്ധകാല വാഗ്ദാനങ്ങള്‍, 1915-16-ലെ ഹുസൈന്‍-മക്‌മോഹന്‍ കത്തുകള്‍, സൈക്‌സ്-പികോട്ട് കരാര്‍, 1917-ലെ ബാല്‍ഫര്‍ പ്രഖ്യാപനം എന്നിവ അവയില്‍ ചിലത്. തുടക്കത്തിലേ ഇവക്കിടയിലെ പരസ്പര വൈരുധ്യം തലപൊക്കിയതാണെങ്കിലും പൂര്‍ണാര്‍ഥത്തില്‍ പ്രകടമാകുന്നത് 1918-ഓടെ.
പശ്ചിമേഷ്യയിലുടനീളം പുതുതായി മുളയെടുക്കുന്ന ദേശീയ പ്രസ്ഥാനങ്ങളുടെയും തുര്‍ക്കി സൈനിക ശേഷിയുടെയും, ഒപ്പം ഉസ്മാനി ഭരണത്തിന്റെ അവസാന കോട്ടകളെയും പിടിച്ചുലക്കുന്ന ദേശീയ സഖ്യത്തിന്റെയും പശ്ചാത്തലത്തില്‍ അധികാരത്തിന്റെ കാണാച്ചരട് തങ്ങളുടെ കരങ്ങളില്‍ തന്നെ നിലനിര്‍ത്തുന്നതിലും അതിനായി പ്രത്യേക ഭരണസംവിധാനത്തിന് രൂപംനല്‍കി നടപ്പാക്കുന്നതിലും യുദ്ധകാല സഖ്യം ഒറ്റക്കെട്ടായിരുന്നു.
അങ്ങനെയാണ് ആധുനിക പശ്ചിമേഷ്യയുടെ അതിരുകള്‍ പിറക്കുന്നത്. അതാകെട്ട, പ്രാദേശിക ജനത സംഘടിതമായും അല്ലാതെയും ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകള്‍ക്ക് പുല്ലുവില നല്‍കിയും. എന്നിട്ടും, ഒപ്പുവെച്ച് മഷിയുണങ്ങും മുമ്പെ സാഹചര്യങ്ങള്‍ മാറിമറിയുകയും സെവേ കരാര്‍ അപ്രസക്തമാവുകയും ചെയ്തു.
ഈജിപ്തില്‍ പൊട്ടിപ്പുറപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ കലാപത്തോടെ 1919-ല്‍ തന്നെ പശ്ചിമേഷ്യയില്‍ ബ്രിട്ടന്റെ നിലനില്‍പ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. 1920-ല്‍ ഇറാഖിലും സമാനമായ രീതിയില്‍ ബ്രിട്ടനെതിരെ നാട്ടുകാര്‍ സമരമുഖത്തിറങ്ങി. യുദ്ധാനന്തര കരാറിലെ പ്രാദേശിക-രാജ്യാന്തര താല്‍പര്യങ്ങള്‍ കൂടുതല്‍ വീറോടെ പോരിനിറങ്ങിയ സിറിയയിലും ലബനാനിലും ഫ്രാന്‍സും ബ്രിട്ടനും തമ്മിലായിരുന്നു അങ്കം കൊഴുത്തത്. സിറിയന്‍ അധിനിവേശത്തിനെത്തിയ ഫ്രഞ്ച് സേനയുമായി ഇവിടെ വലിയ തോതില്‍ യുദ്ധം നടന്നു. സിറിയന്‍ മനസ്സില്‍ ദേശീയതയും അറബ് ദേശീയതയും രൂഢമാകുന്നതിലേക്കും സിറിയക്കു പകരം ഇറാഖിലും ജോര്‍ദാനിലും ഹാശിമി ഭരണത്തിന്റെ സ്ഥാപനത്തിലും ഇത് കലാശിച്ചു.
ഉസ്മാനി സാമ്രാജ്യത്തിന്റെ ചാരത്തില്‍നിന്ന് ഗലിപൊലി (Gallipoli) യുദ്ധ ജേതാവ് മുസ്തഫ കമാല്‍ അത്താതുര്‍ക് രൂപം നല്‍കിയ തുര്‍ക്കി ദേശീയ പ്രസ്ഥാനം (Turkish National Movement) നാട്ടില്‍ തിളച്ചുനിന്ന കടുത്ത അരിശവും അപമാന ബോധവും ഊര്‍ജമായി സ്വീകരിച്ച് കൂടുതല്‍ കരുത്താര്‍ജിച്ചതും രാഷ്ട്രീയ, സൈനിക അധിനിവേശത്തിനെതിരെ നാട്ടുകാരെ അണിനിരത്തി സമരം നയിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു.
1919-ന്റെ രണ്ടാം പകുതിയില്‍ ഒരു രാഷ്ട്രീയ അജണ്ട രൂപവത്കരണമെന്ന ലക്ഷ്യത്തോടെ തുര്‍ക്കിയുടെ വിവിധ മേഖലകളില്‍നിന്നുള്ളവരെ അണിനിരത്തി നിരവധി സമ്മേളനങ്ങളാണ് നടന്നത്. 1920-ല്‍ സെവേ കരാര്‍ അവസാനവട്ട ചര്‍ച്ചകളുടെ ഭാഗമായി തുര്‍ക്കി ദേശീയ പ്രസ്ഥാനം ഉസ്മാനി ഭരണത്തില്‍നിന്ന് സ്വയം വിട്ടുമാറി സ്വന്തമായി ഗ്രാന്റ് നാഷ്‌നല്‍ അസംബ്ലി എന്ന പേരില്‍ പാര്‍ലമെന്റ് രൂപവത്കരിച്ചു. പശ്ചിമേഷ്യക്ക് പുതിയ ഭരണസങ്കല്‍പം രൂപം നല്‍കാനായി സാന്‍ റിമോയില്‍ സമ്മേളിച്ച അതേ ഏപ്രില്‍ 23-ന് തന്നെ പാര്‍ലമെന്റും സമ്മേളിച്ചു.
ഏറെ വൈകാതെ 1920 ഒക്‌ടോബറില്‍ ഉസ്മാനി ഭരണകൂടവും തുര്‍ക്കി ദേശീയ പ്രസ്ഥാനവും പരസ്പരം സന്ധിയില്ലാത്തവിധം വഴിപിരിഞ്ഞു. ഈ സമയം, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഫ്രഞ്ച്, ഗ്രീക്ക്, അര്‍മീനിയന്‍ സൈന്യങ്ങളുമായി കമാലിന്റെ ഗ്രാന്റ്് നാഷ്‌നല്‍ അസംബ്ലിക്കു കീഴില്‍ സേനകള്‍ പോരാട്ടം തുടരുകയായിരുന്നു.
ആദ്യ വിജയം 1920 നവംബറില്‍ അര്‍മീനിയന്‍ സേനക്കെതിരെയായിരുന്നു. 1921 മാര്‍ച്ചില്‍ സോവിയറ്റ് യൂനിയനുമായി തുര്‍ക്കി മോസ്‌കോ ഉടമ്പടി ഒപ്പുവെച്ചു. ഇതുപ്രകാരം അര്‍മീനിയ റഷ്യയോടു ചേര്‍ക്കപ്പെട്ടപ്പോള്‍ പകരം, റഷ്യ പിടിച്ചുവെച്ച തുര്‍ക്കി പ്രവിശ്യകളായ കാര്‍സും അര്‍ദഹാനും തിരികെ നല്‍കുകയും ചെയ്തു. തുര്‍ക്കിയുടെ നേട്ടങ്ങള്‍ക്കിടെ കുര്‍ദ് സ്വതന്ത്ര ദേശത്തിനായുള്ള മുറവിളികള്‍ എവിടെയും സ്വീകരിക്കപ്പെടാതെ നിശ്ശബ്ദമായി.
തുര്‍ക്കി ദേശീയവാദികളും ഫ്രഞ്ച് സേനയും തമ്മില്‍ നടന്ന ഉഗ്രയുദ്ധത്തിനൊടുവില്‍ തുര്‍ക്കി പ്രവിശ്യയായ സിലീസ്യയില്‍നിന്ന് 1921-ല്‍ ഫ്രഞ്ച് സേന പിന്‍വാങ്ങി. കനത്ത ആള്‍നാശമാണ് ഈ നീക്കത്തില്‍ ഫ്രഞ്ച് സേന നേരിട്ടത്. എലഫ്തറിയോസ് വെനിസലോയുടെ 'മഹാ പദ്ധതി' സാക്ഷാത്കരിക്കാനായി പടപൊരുതിയ ഗ്രീക്കുകാര്‍ തുടക്കത്തില്‍ അനത്തോളി വഴി ഏറെ മുന്നേറി 1921-ല്‍ അങ്കാറ വരെ എത്തിയെങ്കിലും 1922-ല്‍ കമാലിന്റെ പ്രത്യാക്രമണത്തില്‍ എല്ലാം തിരിച്ചുപിടിച്ചു. അങ്കാറ വരെ എത്തിയവരെ ഇസ്മീര്‍ വരെ തിരിച്ചോടിച്ചു. അതും ഏറെ വൈകാതെ സെപ്റ്റംബറില്‍ തിരികെപിടിച്ചു.
തുര്‍ക്കിയുടെയും ഗ്രീസിന്റെയും ആധുനിക അതിരുകള്‍ നിര്‍ണയിക്കപ്പെട്ടുവെന്ന് മാത്രമല്ല (ഗ്രീക്ക്, തുര്‍ക്കി വംശജരായ ലക്ഷങ്ങളുടെ പലായനവും അനുബന്ധമായി നടന്നതും ചേര്‍ത്തുവായിക്കണം), ഗ്രീസുമായി നടന്ന ഈ യുദ്ധം ബ്രിട്ടന്റെ യുദ്ധകാല നേതാവ് ഡേവിഡ് ലോയ്ഡ് ജോര്‍ജിന്റെ രാഷ്ട്രീയ പതനത്തിനും വഴിവെച്ചുവെന്നത് ശ്രദ്ധേയമാണ്.
ഇത് സംഭവിക്കുന്നത് 1922-ലെ 'ചനക്' പ്രതിസന്ധിയോടെയാണ്. അനത്തോളിയയില്‍ ഗ്രീക്ക് സേനയെ തകര്‍ത്തുവിട്ട കമാല്‍ ഇസ്തംബുളിലേക്ക് സൈനിക മാര്‍ച്ചിന് തീരുമാനമെടുക്കുന്നതോടെയാണ് തുടക്കം. കമാല്‍ സേനയെ തടയാന്‍ ലോയ്ഡ് ജോര്‍ജ് സര്‍ക്കാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലെ മൊത്തം സൈനിക യൂനിറ്റുകളുടെയും സഹായം തേടുന്നു. കമാലിനെ ചനക് അതിര്‍ത്തിയില്‍ വന്‍സേനാ സന്നാഹത്തോടെ ചെറുക്കാനായിരുന്നു ശ്രമം.
എന്നാല്‍, വലിയ സാമ്രാജ്യത്തിന് നാണക്കേടുണ്ടാക്കി ന്യൂസിലന്റ് ഒഴികെ ഒരു രാജ്യവും ലോയ്ഡിന്റെ ആവശ്യം ചെവിക്കൊണ്ടില്ല. ഈ സംഭവത്തില്‍ വിമര്‍ശമേറെയേറ്റുവാങ്ങിയ അദ്ദേഹം, താന്‍ പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടി ഭരണമുന്നണിയുമായുമുള്ള യുഗത്തിനാണ് അന്ത്യം കുറിച്ചത്.
അപ്രതീക്ഷിതമായി ലോയ്ഡ് ജോര്‍ജ് പടിയിറങ്ങേണ്ടിവന്നതോടെ സെവേ കരാര്‍ നടപ്പാക്കാനാവാതെ വരികയയും 1923-ല്‍ ലോസേന്‍ ഉടമ്പടി പകരം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ഉസ്മാനി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, എന്നാല്‍ തുര്‍ക്കി ഭൂപരിധിയില്‍ വരാത്ത എല്ലാ ഭാഗങ്ങളുടെയും മേലുള്ള അവകാശവാദം ഉപേക്ഷിക്കുക എന്ന നിബന്ധനയോടെ തുര്‍ക്കിയുടെ പരമാധികാരത്തിന് അങ്ങനെ അംഗീകാരമായി. ഇസ്തംബുളിനു മേല്‍ സൈനിക അധിനിവേശം എന്ന പദ്ധതി സഖ്യസേനയും ഉപേക്ഷിച്ചു (1923 സെപ്റ്റംബര്‍). ഒക്‌ടോബര്‍ 29-ന് അങ്കാറ തുര്‍ക്കി തലസ്ഥാനമായി അംഗീകരിക്കപ്പെടുകയും ചെയ്തു. ആ ദിനമാണ് ഇപ്പോഴും തുര്‍ക്കി ദേശീയ ദിനമായി ആചരിക്കപ്പെടുന്നത്.
അത്താതുര്‍ക്ക് നേതൃത്വം നല്‍കിയ തുര്‍ക്കി സര്‍ക്കാര്‍ 1924 മാര്‍ച്ചില്‍ ഔദ്യോഗികമായി ഖിലാഫത്ത് യുഗം അവസാനിച്ചതായി പ്രഖ്യാപിച്ചു. പകരം, മതേതര ആധുനിക യൂറോപ്യന്‍ രാജ്യമായി അതിനെ വളര്‍ത്തിയെടുക്കാന്‍ നടപടികള്‍ തുടങ്ങി.
സത്യത്തില്‍, ഒന്നാം ലോക യുദ്ധമാണ് ആധുനിക പശ്ചിമേഷ്യക്ക് രൂപരേഖ നല്‍കിയത്. ഉസ്മാനി സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം നിലവിലുള്ള സ്റ്റേറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ സജീവമായതോടെ അധിനിവേശ ശക്തികള്‍ക്ക് പിന്നെയും പൊരുതിനില്‍ക്കാവുന്ന ശേഷി നഷ്ടപ്പെട്ടത് മേഖലയുടെ മൊത്തം രാഷ്ട്രീയ ചിത്രം തന്നെ പുതിയ തലങ്ങളിലെത്തിച്ചു. ബാല്‍ഫര്‍ പ്രഖ്യാപനവും സൈക്‌സ്- പികോട്ട് ഉടമ്പടിയും ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങിനില്‍ക്കുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളുടെയും നാരായവേരാണിതെന്നാണ് ആരോപണം. അടുത്തിടെ, 'ഐസ്' സിറിയ- ഇറാഖ് അതിര്‍ത്തി ചെറിയ കാലത്തേക്കെങ്കിലും മായ്ച്ചുകളഞ്ഞപ്പോള്‍ കാരണമായി പറഞ്ഞത് ഇത് പടിഞ്ഞാറന്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന അതിരുകളാണെന്നായിരുന്നു.
'മുഡ്രോസ് വെടിനിര്‍ത്തലി'നും യുദ്ധവിരാമത്തിനും ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ യൂറോപ്പിലല്ല, തുര്‍ക്കിയിലാണ് അതിന് ഓര്‍മ പുതുക്കലുകള്‍ക്ക് പ്രസക്തി കൂടുതല്‍. ഗലിപൊലിയിലെ വിജയിയായ അത്താതുര്‍ക്ക് ക്രമേണ ദേശീയ വ്യക്തിത്വമാകുന്നതും പിന്നീട് ആധുനിക തുര്‍ക്കിയുടെ ശില്‍പിയാകുന്നതും നാം കണ്ടു. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കാലദൈര്‍ഘ്യത്തില്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ റെക്കോഡ് ഭേദിക്കുകയാണ്.
തുര്‍ക്കിയുടെ യൂറോപ്പുമായുള്ള ബന്ധം രൂഢമാകുന്നത് രണ്ടാം ലോകയുദ്ധകാലത്ത് ലക്ഷക്കണക്കിന് തുര്‍ക്കികള്‍ നാടുവിട്ട് യൂറോപ്പിലെ ജര്‍മനിയിലും മറ്റും അഭയം തേടുന്നതോടെയും തുര്‍ക്കിയുടെ നാറ്റോ അംഗത്വത്തോടെയുമാണെങ്കിലും അതിനും മുമ്പ് നടന്ന ഒന്നാം ലോകയുദ്ധമാണ് ആ രാജ്യത്തിന് ഇന്നത്തെപ്പോലെയുള്ള മിശ്ര സ്വത്വം നല്‍കിയത്.
വിവ: മന്‍സൂര്‍ മാവൂര്‍
(ബേക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പശ്ചിമേഷ്യാ വിഷയത്തില്‍ പഠനം നടത്തുന്ന ലേഖകന്‍ The First World war in the Middle East പോലുള്ള നിരവധി കൃതികളുടെ കര്‍ത്താവാണ്).
Comments